Categories
Uncategorized

എന്റെ തലയിലെ നരച്ചു കാണപ്പെടുന്ന മുടിയിഴകളെയാണ് അവനു ഇഷ്ടമെന്നു പറഞ്ഞപ്പോൾ എനിക്കെന്തോ അവനോടൊരു ഇഷ്ടം തോന്നി അതോടൊപ്പം നീ എങ്ങിനെയായിരുന്നാലും അങ്ങിനെ തന്നെ നിന്നെ കാണാനാണ് എനിക്കിഷ്ടം എന്നു കൂടി അവനെന്നോടു പറഞ്ഞപ്പോൾ എനിക്കവനോടു കൂടുതൽ കൗതുകമായി,

രചന : – പ്രതീഷ്

എന്റെ തലയിലെ നരച്ചു കാണപ്പെടുന്ന മുടിയിഴകളെയാണ് അവനു ഇഷ്ടമെന്നു പറഞ്ഞപ്പോൾ എനിക്കെന്തോ അവനോടൊരു ഇഷ്ടം തോന്നി അതോടൊപ്പം നീ എങ്ങിനെയായിരുന്നാലും അങ്ങിനെ തന്നെ നിന്നെ കാണാനാണ് എനിക്കിഷ്ടം എന്നു കൂടി അവനെന്നോടു പറഞ്ഞപ്പോൾ എനിക്കവനോടു കൂടുതൽ കൗതുകമായി,

വയസു നാൽപ്പതായെങ്കിലും എന്റെ അധികം മുടികളൊന്നും അങ്ങിനെ നരച്ചിട്ടെന്നുമില്ലായിരുന്നു ഏറിയാൽ നാലോ അഞ്ചോ എണ്ണം എന്നാലും കാണുന്നവർക്കു അതു മതിയായിരുന്നു പ്രായം അതിക്രമിച്ചിരിക്കുന്നു എനിക്കെന്നു കണ്ടെത്താൻ,

ഭർത്താവു പോലും നര തുടങ്ങി ഡൈ ചെയ്യാൻ നോക്ക് എന്നു ഉപദേശിച്ചപ്പോൾ അവന്റെ വാക്കുകൾ എനിക്കെന്തോ ഔഷധപ്രതീതിയാണു നൽകിയത്,

അവനാണേൽ എന്നെക്കാൾ പത്തു വയസ്സോള്ളം കുറവായിരുന്നു എന്നാലും ഞങ്ങൾ തമ്മിൽ ഒരു വല്ലാത്ത അടുപ്പം കുറച്ചു നാളുകൾ കൊണ്ടു തന്നെ കൈവന്നിരുന്നു,

എന്താണ് ആ അടുപ്പം എന്നു ചോദിച്ചാൽ കൃത്യമായൊരുത്തരം നിർവചിക്കുക കുറച്ചു പ്രയാസമായിരിക്കും എന്നാലും എന്റെ ആവശ്യങ്ങൾക്ക് ഉതകും വിധം അവനെനിക്ക് വേണ്ടപ്പെട്ടവനായി തന്നെ അനുഭവപ്പെട്ടു,

എനിക്കും അവനും ഒരു പോലെ ഇഷ്ടപ്പെടാനും, ആസ്വദിക്കാനും, ആനന്ദിക്കാനും സാധിക്കുന്ന പൊതുവായ ചില ഇഷ്ടങ്ങൾ ഞങ്ങൾക്കിടയിലുണ്ടായിരുന്നു, അതു ഞങ്ങളെ നാൾക്കുനാൾ കൂടുതൽ അടുപ്പിക്കുകയാണു ചെയ്തത് !

അതിനിടയിലും അവന്റെയും എന്റെയും പ്രായം ഈ ബന്ധത്തിനു തടസം സൃഷ്ടിക്കുമോ എന്നു ഞാൻ ഭയപ്പെട്ടു, ചുറ്റുമുള്ളവർക്ക് ഇതൊരു അനാവശ്യബന്ധമായി തോന്നാം ഇത്തരത്തിലുള്ളവർ പരസ്പരം ബന്ധം സ്ഥാപിക്കുന്നത് നേരായ ഒരു കാര്യമല്ലെന്ന് സമൂഹത്തിൽ അലിഖിതമായ ഒരു കാഴ്ച്ചപ്പാടുണ്ട്,

എന്നാൽ ഇത്തരം ബന്ധത്തിൽ ഒരു വലിയ ശരിയുമുണ്ട്, കാര്യങ്ങളെ പരസ്പരം അറിഞ്ഞു കൊണ്ടുള്ള ഒരു ബന്ധമാണ് ഇത്തരത്തിലുള്ളവർ തമ്മിൽ സൂക്ഷിക്കുന്നത് ! അതും കൂടാതെ പരസ്പരം ഒന്നായൊരു കുടുംബജീവിതം അല് മിക്കവരും ഇത്തരം ബന്ധത്തിൽ പ്രതീക്ഷിക്കുന്നുതും !

സ്നേഹത്തിന്റെ പൊതുവേവേയുള്ള അടിസ്ഥാനതത്വത്തിനപ്പുറത്ത് കാര്യപ്രാപ്തിയുടെ മൂല്യങ്ങൾക്കാണ് ഇവിടെ പ്രസക്തിയും പ്രാധാന്യവും അതു വെച്ചു നോക്കുമ്പോൾ ഇതും സാമൂഹികാഴ്ച്ചപാടുകൾക്കപ്പുറത്ത് ഒരു സ്വകാര്യ സന്തോഷം കൂടിയാണ് !

അതു കൊണ്ട് തന്നെ ആലോചനകൾക്കപ്പുറത്ത് ഞാനത് തുടരാൻ തന്നെ തീരുമാനിച്ചു, ഒറ്റക്കിരുന്ന് ദു:ഖങ്ങളേയും, സങ്കടങ്ങളേയും, നഷ്ടങ്ങളേയും ചേർത്തു പിടിച്ച് കവിത എഴുതുന്നതിനേക്കാളും മന:സുഖം എന്നെ ഞാനായി കേൾക്കാൻ തയ്യാറുള്ളൊരാളോടു സംസാരിക്കുന്നതാണെന്നു ഞാനവനിലൂടെ തിരിച്ചറിഞ്ഞു,

അതോടെ എന്റെ ഉള്ളിലുണ്ടായിരുന്ന ഭർത്താവിനോടൊ മക്കളോടൊ പോലും പറയാൻ സാധിക്കാത്ത വിവാഹത്തിനു മുന്നേ എനിക്കിഷ്ടമുണ്ടായിരുന്ന പഴയ ഇഷ്ടക്കാരൻ സമീറിനെക്കുറിച്ചും, വേദനയോടെ ഒാർക്കുന്ന പഴയ കൂട്ടുകാരി കാർമേഘയേക്കുറിച്ചും, ജോലി സ്ഥലത്തും, വീട്ടിലും, ചുറ്റുപാടുകളിലും ഞാനനുഭവിക്കുന്ന എന്റെ ഉൾമനസിന്റെ ചില സങ്കടങ്ങളേയും നഷ്ടങ്ങളെയും കുറിച്ചുമൊക്കെ ഞാനവനോടു തുറന്നു പറഞ്ഞു,

അതു കേട്ട അവൻ അതിനേ കുറിച്ചെല്ലാം കൂടുതലായി വളരെ താല്പര്യപൂർവം അന്വേഷിക്കുകയും പലതരം ആശ്വാസവാക്കുകൾ കൊണ്ടും ചില ഉപദേശങ്ങൾ കൊണ്ടും അതിനൊരറുതി വരുത്താൻ ശ്രമിക്കുകയും ഒപ്പം അതിനുള്ള ചില നല്ല പരിഹാര മാർഗ്ഗങ്ങളും അവൻ നിർദേശിക്കുകയും അതിൽ പലതും ഞാൻ പരീക്ഷിച്ചു വിജയിക്കുകയും ചെയ്തതോടെ എനിക്കവനെ വലിയ വിശ്വാസമായി !

വാക്കുകളിലൂടെയും സംസാരത്തിലൂടെയും എന്നെ കൂടുതലായി അറിഞ്ഞ അവൻ അങ്ങിനെയിരിക്കേ പെട്ടന്നൊരു ദിവസം എന്നോടു ചോദിച്ചു നമുക്കൊരു യാത്ര പോയാലോന്ന് ?

അതിൽ അസ്വാഭാവികമായി എനിക്കൊന്നും തോന്നിയതുമില്ല എവിടെയും താമസിക്കേണ്ടതില്ലെന്നും രാവിലേ പോയി ഇരുട്ടും മുന്നേ തിരിച്ചു വരാമെന്നും പറഞ്ഞപ്പോൾ, എന്റെയുള്ളിലും ഒരു യാത്രയുടെ തിരയിളക്കം തുടങ്ങി,

പക്ഷേ വീട്ടിൽ നിന്നു എന്തു പറഞ്ഞ് ഇറങ്ങും എന്നതൊരു പ്രശ്നമായിരുന്നു എന്നാലും പോകണമെന്നു മനസെന്നോടു ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു, അതിന്റെ മറ്റൊരു കാരണം നമ്മളെ നിയന്ത്രിക്കുന്നവരാരും ഇല്ലാതൊരു യാത്ര ഞാൻ കൊതിക്കാൻ തുടങ്ങിയിട്ടും കാലം കുറച്ചായി എന്നതാണ് അതവനും അറിയാം അങ്ങിനെ അവസാനം എങ്ങിനെയെങ്കിലും പോകാമെന്നു തന്നെ ഞാനും തീരുമാനിച്ചു,

എവിടെ പോകും എന്നു ചോദിച്ചപ്പോൾ അവനും ഉത്തരമില്ലായിരുന്നു തുടർന്നവൻ പറഞ്ഞു വൈകും മുന്നേ തിരിച്ചെത്താൻ എത്ര സമയം വേണമെന്നു കണക്കാക്കി എങ്ങോട്ടെന്നില്ലാതെ മുന്നോട്ടു പോകുക കൃത്യമായ ലക്ഷ്യസ്ഥാനം ഇല്ലാത്തതു കൊണ്ട് തിരിച്ചു വരാനുള്ള സമയത്തെ മാത്രം കണക്കിലേടുത്താൽ മതിയെന്നും അങ്ങനെ വരുമ്പോൾ ഒരു നഷ്ടബോധത്തിന്റെ പ്രശ്നവും അതുവഴി ഉണ്ടാവില്ലാന്നു പറഞ്ഞതും അതു കുഴപ്പമില്ലാന്നു എനിക്കും തോന്നി,

എല്ലാം മനസിലുറച്ചതോടെ വീട്ടിലുള്ളവരോടു എന്നു പറയുമെന്നത് ഒരു പ്രശനം തന്നെയായിരുന്നു എങ്കിലും ഉള്ളിലെ ആവശ്യം ശക്തമാണെന്നു കണ്ടതോടെ കുറെ ആലോചനക്കു ശേഷം നാട്ടിൽ നിന്നും കുറച്ചകലേയുള്ള ഒരു പള്ളിയിൽ ഒരു നേർച്ചയുണ്ടെന്നും അവിടെ പോണമെന്നും ഭർത്താവിനോടു പറഞ്ഞപ്പോൾ ഭർത്താവും കൂടെ വരാമെന്നായി !

അവിടെ ഒരു പതർച്ച നേരിട്ടെങ്കിലും ഉള്ളിലെ ആവശ്യം ശക്തമായി പ്രവർത്തിച്ച് അപ്പോൾ തന്നെ അതിനൊരു മറുപടി കണ്ടെത്തി കൊണ്ടു പറഞ്ഞു,

” ഒറ്റക്കു ചെല്ലാമെന്നാണു എന്റെ നേർച്ചയെന്ന് ” ! അങ്ങിനെ ഒരു തോന്നൽ അപ്പോഴുണ്ടായത് നന്നായി അതു കേട്ടതോടെ അങ്ങേരും പിൻവലിഞ്ഞു അങ്ങിനെ ഭർത്താവിനെ യുക്തിപ്പൂർവ്വം അതിൽ നിന്നും പിന്തിരിപ്പിച്ചു,

യാത്ര പോകാനുള്ള കാർ എന്റെ കൈയ്യിലുണ്ടായിരുന്നു എന്നാൽ അവിടെയും വണ്ടിയെങ്ങാനും വഴിയിൽ പണിമുടക്കുമോ എന്നൊരു ഭയം അതിനോടൊപ്പം എന്റെ ഉള്ളിലും കടന്നു വന്നു എന്നാൽ അവിടെയും ഒരനുഗ്രഹം പോലെ ഞാൻ ഒറ്റക്കു പോകുന്നതല്ലെ എന്നു കരുതി ഭർത്താവ് കാറ് സർവീസിനു കൊടുത്തു ഫുൾ ചെക്കപ്പ് കഴിച്ച് നല്ല ബെസ്റ്റ് റണ്ണിങ്ങ് കണ്ടീഷനാക്കി കൈയ്യിൽ തന്നു,

അങ്ങിനെ അവനോടൊപ്പം ഞാൻ യാത്ര ആരംഭിച്ചു വഴികളൊന്നും എനിക്കു പരിചയം ഇല്ലാത്തതു കൊണ്ട് അവൻ പറഞ്ഞ വഴികളിലൂടെയായിരുന്നു ഞാൻ വണ്ടിയോടിച്ചത് പുതിയ പുതിയ പല കാഴ്ച്ചകളും വഴികളും കണ്ട് ഞങ്ങൾ യാത്ര തുടർന്നു പോകുന്ന വഴി ഒന്നു രണ്ടു സ്ഥലങ്ങളിൽ നിർത്തി ഞങ്ങൾ ഭഷണം കഴിച്ചു അതെല്ലാം പണ്ടെപ്പഴോ ഞാനവനോടു പറഞ്ഞ എന്റെ ഇഷ്ടങ്ങളിൽപ്പെട്ട ഭക്ഷണം ലഭിക്കുന്ന സ്ഥങ്ങളായിരുന്നെന്നും അതെല്ലാം അവൻ എങ്ങിനെയൊക്കയോ മൊബൈൽ വഴി കണ്ടു പിടിച്ചതാണെന്നുമുള്ള അറിവ് എന്റെ യാത്രയുടെ സന്തോഷം ഇരട്ടിയാക്കി, അവനോടെനിക്ക് ഇഷ്ടം കൂടി കൂടി വന്നു,

ഏകദേശം നാലു മണിക്കൂർ യാത്രക്കു ശേഷം ഏതോ ഒരു സ്ഥലത്തെത്തിയതും എനിക്കൊട്ടും പരിചയമില്ലാത്ത ഒരു സ്ഥലത്ത് അവനെന്നോടു വണ്ടി ഒന്നു നിർത്താൻ ആവശ്യപ്പെട്ടു വണ്ടി നിർത്തിയതും അവനറങ്ങി പോയി ആരോടൊ എന്തൊക്കയോ ചോദിക്കുന്നതു കണ്ടു വഴിയായിരിക്കുമെന്നു ഞാനും കരുതി തുടർന്ന് അവൻ വന്നു കയറി നേരേ തന്നെ പോകാം എന്നു പറഞ്ഞതും അവനെന്തെങ്കിലും ലക്ഷ്യം വെക്കുന്നുണ്ടോ എന്നൊരു തോന്നൽ എന്നെ വലയം ചെയ്യാൻ തുടങ്ങി എങ്കിലും വീണ്ടും യാത്ര തുടർന്നു,

കുറച്ചു പോയതും ഒന്നു നിർത്താൻ പറഞ്ഞ് അടുത്തു കണ്ട ഒരു വീടിനു മുന്നിലേക്ക് വണ്ടി എടുക്കാൻ അവൻ എന്നോടാവശ്യപ്പെട്ടു അതു കേട്ടതും എനിക്കെന്തോ ഭയം തോന്നി, അങ്ങിനെ ഒരു കാര്യം ഞങ്ങളുടെ പ്ലാനിലില്ലായിരുന്നു, എവിടെയും താമസിക്കണ്ട എന്നു മുന്നേ തീരുമാനിച്ചതാണല്ലെ ? എന്നിട്ടും അവൻ ആ വീട്ടിലേക്കു വണ്ടിയെടുൻ പറഞ്ഞപ്പോൾ ഒരസ്വസ്ഥത ഞെരമ്പിൽ ഒാടാൻ തുടങ്ങി,

ഇതെന്താ ഇങ്ങോട്ടെന്നു ചോദിച്ചതും അവനെന്നോടു ചോദിച്ചു, നിനക്കെന്നെ വിശ്വാസം ഇല്ലെന്ന് ? ആ ചോദ്യത്തിൽ എന്തോ പന്തികേടുള്ള പോലെ എനിക്കു തോന്നിയതും എനിക്കു കൂടുതൽ സംശയമായി, ഈ വരവിൽ മറ്റെന്തെങ്കിലും പ്ലാൻ അവന് ഉണ്ടായിരുന്നോ എന്നു ആ സമയം ഞാൻ ചിന്തിച്ചു, വരുന്നില്ലാന്നു തീർത്തു പറഞ്ഞാൽ അവനതു വീണ്ടും സംശയമാകുമോ എന്നു ഭയന്ന് ആ വീട്ടിനകത്തേക്ക് ഞാൻ കയറില്ലാന്ന് അവനോടു തീർത്തു പറഞ്ഞു !

വേണ്ടാ ഒന്നവിടെ വരെ വന്നാൽ മതിയെന്നവൻ പറഞ്ഞതും മനസില്ലാമനസ്സോടെ ആ വീട്ടുമുറ്റത്തേക്ക് ഞാൻ വണ്ടി എടുത്തു,

എന്തോ അരുതാത്തത് സംഭവിക്കാൻ പോകുകയാണോ എന്നൊരു ഉൾഭയം എന്നിൽ കടന്നു വന്നു അതു കൊണ്ടു തന്നെ എന്തു സംഭവിച്ചാലും വണ്ടി വിട്ടിറങ്ങില്ലാന്ന് ഞാനും തീരുമാനിച്ചു,

വണ്ടി വീടിനു മുന്നിലെത്തിയതും അവനിറങ്ങി പോയി അതിനിടയിൽ രണ്ടു ബൈക്കിലായി മൂന്നു ചെക്കന്മാരും പെട്ടന്നങ്ങോട്ടു വന്നു അവനോടു സൗഹൃദം പ്രകടിപ്പിക്കാൻ തുടങ്ങി !

അതും കൂടി കണ്ടതോടെ എന്റെ നല്ല ജീവൻ പോയി, വണ്ടിയുടെ ഗ്ലാസ്സുകൾ പെട്ടന്നു ഞാൻ ലോക്കാക്കി, അവൻ കയറിച്ചെന്ന് ആ വീട്ടിലെ ബെല്ലടിച്ചു, എന്താണു സംഭവിക്കാൻ പോകുന്നതെന്ന വേവലാതിയോടെ ഞാൻ അവരെ വീക്ഷിക്കവേ ബെല്ലടി കേട്ട് ഏതോ ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു,

ഞാനാസ്ത്രീയേ നോക്കിയതും എവിടയോ കണ്ടു മറന്ന ഒരു മുഖം പോലെ തോന്നി എന്നാൽ പെട്ടന്ന് എന്റെ മറവിയുടെ ചിന്താമണ്ഡലങ്ങളെല്ലാം ഒന്നായി തുറന്നു കൊണ്ട് എന്റെ മനസ്സു മന്ത്രിച്ചു,

കാർമേഘ…..! എന്റെ പഴയ കൂട്ടുകാരി !

ആ നിമിഷം പഴയ കാര്യങ്ങളെല്ലാം ഒരു സ്ക്രീനിനു മുന്നിലെ കാഴ്ച്ചകൾ പോലെ എന്നിൽ തെളിഞ്ഞു, ഒപ്പം ഇത്രയും കാലം അവളെ നേരിൽ കാണുന്നതിൽ നിന്നു എന്റെ മനസ്സെന്നെ വിലക്കിയ സംഭവങ്ങളും !

പഠിക്കുന്ന കാലത്ത് കാർമേഘക്ക് ഞങ്ങളോടൊപ്പം പഠിച്ചിരുന്ന വിനയിനോടു വലിയ ഇഷ്ടമായിരുന്നു എന്നാൽ എന്റെ മറ്റൊരു സുഹൃത്തായ നിർമ്മലക്കും അതെ ഇഷ്ടം വിനയിനോടുണ്ടായിരുന്നു,

വിനയിക്ക് പക്ഷേ കാർമേഘയേയായിരുന്നു ഇഷ്ടം, അവന് അവളെ ഇഷ്ടമാണെന്നും ആ ഇഷ്ടം അവളോടു പറയണം എന്നും എന്നോടവൻ വന്നു പറഞ്ഞപ്പോൾ നിർമ്മലക്കു വേണ്ടി ഞാൻ വിനയിനോടൊരു കള്ളം പറഞ്ഞു കാർമേഘക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നെന്ന് !

അച്ഛന് ട്രാൻസ്ഫറായി സ്ഥലം മാറി പോകേണ്ടി വന്ന സമയത്താണ് വിനയ് അതു വന്നു പറഞ്ഞതെന്ന് ഞാനറിഞ്ഞില്ല, ഞാനവനോടു പറഞ്ഞ ആ കള്ളം കൊണ്ട് വിനയ് അവളെ വിട്ടു പോയി ! അതോടെ ആ ബന്ധം അറ്റു !

അതിനു ശേഷം ഒരിക്കലും തിരുത്താൻ പറ്റാത്തവിധം അതൊരു വല്ലാത്ത ചതിയും വേദനയുമായി എന്റെ മനസിൽ അതങ്ങിനെ ആഴത്തിൽ പതിഞ്ഞു കിടന്നു, അതിലും വേദനിച്ചത് വേറെ ഒരുത്തനെ കണ്ടപ്പോൾ നിർമ്മല പിന്നെ അവന്റെ പിന്നാലെയായി എന്നതാണ് !

അതോടെ കാർമേഘയേ നേരിൽ കാണുന്നതേ എനിക്കു വിഷമമായി അതു കൊണ്ടു തന്നെ ഒന്നും അവളറിയാതിരിക്കാനും അവളെ അഭിമുഖീകരിക്കാനും മടിച്ച് പതിയെ പതിയെ ഞാനവളിൽ നിന്നകന്നു പോരുകയും ചെയ്തു, ഇക്കാലമത്രയും അതിന്റെ വേദനയും പേറിയാണ് ഞാൻ ജീവിച്ചതും പിന്നീട് ഈ കാലത്തിനിടക്ക് ഇന്നാണവളെ നേരിൽ കാണുന്നത് !

ഞാൻ വേഗം കാറിൽ നിന്നിറങ്ങി അവളുടെ അടുത്തേക്ക് ചെന്നു എന്നെ കണ്ടതും അവൾക്കും അത്ഭുതം അവൾ ഒാടി വന്നെന്നെ കെട്ടിപ്പിടിച്ചു ഞാനവളെയും അത്രയും ഗാഢമായ ഒരാലിംഗനം ഞാൻ നടത്തിയിട്ടു പോലും കാലം എത്രയേ ആയിരിക്കുന്നു എന്നു ആ പരസ്പര പിടിമുറുക്കത്തിൽ നിന്നെനിക്കു മനസിലായി !

ആ നിമിഷം ആനന്ദകണ്ണീരു കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു,

ആ നിമിഷം തന്നെ ആ മുറ്റത്തു വെച്ച് ഞാനവളോട് എല്ലാം തുറന്നു പറഞ്ഞു മാപ്പപേക്ഷിച്ചതും ചിരിച്ചു കൊണ്ട് അവളെന്നോടു പറഞ്ഞു, ” നീ പേടിക്കണ്ട ഞാനിപ്പോൾ ഹാപ്പിയാണ് എന്ന് ” !!!

തുടർന്നവളെന്നെ അകത്തേക്കു ക്ഷണിച്ചു, അകത്തേക്കു കയറുമ്പോഴും ഞാനവനെ നോക്കുകയായിരുന്നു ഞങ്ങൾ തമ്മിലുള്ള സംസാരങ്ങൾക്കിടയിൽ എപ്പോഴോ എന്റെ ഉള്ളിലെ ഏറ്റവും വലിയ തീരാസങ്കടമായി കാർമേഘയുടെ കാര്യം ഞാനവനോടു പറഞ്ഞിരുന്നു എന്നാലതിന് അവനിത്രയും പ്രാധാന്യം കൊടുത്ത് അതിനിങ്ങനെയൊരു അവസാനം സൃഷ്ടിക്കുമെന്ന് ഞാനൊരിക്കലും ചിന്തിച്ചതു പോലുമില്ലായിരുന്നു !

എങ്കിലും അവളെ അവനെങ്ങനെ കണ്ടെത്തിയെന്ന സംശയം അപ്പോഴും എന്നിൽ അവശേഷിച്ചു,

ആ സമയം എല്ലാം കണ്ട് പുഞ്ചിരിയോടെ അവനും എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു,

തുടർന്ന് കുറെയധികം സമയം അവിടെ ചിലവഴിച്ച ശേഷം അവളുടെ വീട്ടിൽ നിന്നു ഏറ്റവും വലിയ സന്തോഷത്തോടെയാണ് ഞാൻ തിരിച്ചിറങ്ങിയത് !

മുറ്റത്തേക്കിറങ്ങിയതും അവിടെ വന്ന മൂന്നു പിള്ളേരെ കാണിച്ച് അവൻ എന്നോടു പറഞ്ഞു ഇവരാണ് നമ്മൾക്ക് ഇവിടെ എത്തിപ്പെടാനുള്ള വഴി കണ്ടു പിടിച്ചു തന്നത്, ഒരു പേരും സ്ഥലപേരും മാത്രമേ എനിക്കറിയായിരുന്നുള്ളൂ അതു വെച്ച് ഫേയ്സ്ബുക്കിൽ ഈ സ്ഥലം അറിയുന്ന ആരെങ്കിലും ഉണ്ടോന്നു ഒരു പോസ്റ്റിട്ടു ഇവർ അതിനു റിപ്ലേയിട്ടു നമുക്ക് കണ്ടു പിടിക്കാം ബ്രോ എന്നും പറഞ്ഞ് ഒരോ കാര്യങ്ങളും തേടി പിടിച്ച് ഇവരത് കൃത്യമായി ചെയ്യുകയും ചെയ്തു അവനതു പറഞ്ഞപ്പോൾ ആ മൂന്നു പേരോടും ഞാനതിനുള്ള നന്ദി പറഞ്ഞു !

തിരിച്ചു വരവിൽ ഞാനവനോടു ചോദിച്ചു അവളാണ് എന്റെ ഏറ്റവും വലിയ വേദനയെന്ന് നിനക്കെങ്ങിനെ മനസിലായി എന്ന് ?

അതിനവൻ പറഞ്ഞു,

നീ എന്തെല്ലാം സംസാരിച്ചാലും കാർമേഘയുടെ കാര്യം പറയുമ്പോൾ മാത്രം വാക്കുകൾ കിട്ടാതെ പരതുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് !

അവളോടുള്ള കടം അതെന്നും ഒരു തീരാനൊമ്പരമായി തന്നെ നിന്നിൽ അവശേഷിക്കുന്നുണ്ടെന്നും എനിക്കു മനസിലായി നീ കൂടുതൽ സന്തോഷവതി ആവണമെങ്കിൽ നിന്റെ മനസിനേറ്റ ആ കളങ്കം ആണു ആദ്യം മായ്ക്കേണ്ടതെന്ന് എനിക്കു മനസിലായി !

എന്നാലവിടെ ചെല്ലും വരെ ഒന്നിനും ഉറപ്പില്ലാതിരുന്നതു കൊണ്ടാണ് ഒന്നും പറയാതിരുന്നതെന്നും കൂടി അവൻ പറഞ്ഞപ്പോൾ അവനോടുള്ള എന്റെ പതിൻ മടങ്ങ് ബഹുമാനം കൂടി !

ഞാൻ ഒാർത്തു സത്യത്തിൽ അവനൊരാൾ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ എന്റെയുള്ളിലെ ആ വേദന അതൊരു മായാനൊമ്പരമായി ജീവതകാലം മുഴുവൻ കൊണ്ടു നടക്കേണ്ടി വന്നേനെയെന്ന് !

അതോടെ ആ തിരിച്ചു വരവിൽ എന്റെ ഹൃദയത്തിലെ ആഴത്തിലുള്ള എല്ലാ സ്നേഹത്തോടു കൂടി ഞാനവനെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു,

കുറച്ചു ദൂരം ചെന്നതും വണ്ടി നർത്തി വീണ്ടും ഞാനവനോടു ചോദിച്ചു,

” ഞാൻ നിനക്കൊരു ഉമ്മ തന്നോട്ടെയെന്ന് ” ?

അവനതിന് ഒന്നു പുഞ്ചിരിച്ചതും അവന്റെ മുഖം പിടിച്ചു താഴ്ത്തി ഞാനവന്റെ നെറുകയിൽ ഉമ്മവെച്ചു !

സത്യത്തിൽ അവനോടുള്ള എന്റെ ഇഷ്ടത്തെ എന്താണു വിളിക്കേണ്ടതെന്ന് എനിക്കറിയില്ല, അവനുമായുള്ള ബന്ധത്തിന്റെ പേരും എനിക്കറിയില്ല !

എന്നാൽ ഒന്നെനിക്കറിയാം ആരോക്കെ എന്തോക്കെ പറഞ്ഞാലും എന്നെയും അവനെയും അവർ എങ്ങിനെ കാണുന്നുവോ ഞങ്ങളുടെ സ്ഥാനത്ത് അവരായാൽ എന്തു സംഭവിക്കുമോ എന്നതാണു അവർ ചിന്തിക്കുന്നതെന്നു ഞാൻ പറയും കാരണം അവർക്കൊന്നും മനസിലാവാത്ത വിധം ഞാൻ അവനിലും അവൻ എന്നിലും ആഴത്തിൽ പതിഞ്ഞു കിടക്കുന്നുണ്ടെന്നും,

പ്രണയമോ, കാമമോ ഇല്ലാതെ തന്നെ സൗഹൃദങ്ങൾക്കുമപ്പുറം സ്നേഹത്തിന്റെ വെൺപ്പട്ടു നൂലിഴകളിൽ കോർത്ത് ഞാനവനെ എന്റെ രക്തത്തിന്റെ അതേ വിശുദ്ധിയോടെ സ്നേഹിക്കുന്നുണ്ട് എന്നും !!!

രചന : – പ്രതീഷ്

Leave a Reply

Your email address will not be published. Required fields are marked *