രചന : Sanal Ambili
ഞാൻ ആറിൽ പഠിക്കുമ്പോഴാ ചേട്ടൻ കല്യാണം കഴിച്ചത്.. പത്താം ക്ലാസ്സ് എട്ടു നിലയിൽ പൊട്ടിയ ചേട്ടന് ഡിഗ്രി കാരിയെ കിട്ടിയതിന്റെ സന്തോഷം കുടുംബത്തിൽ എല്ലാർക്കും ഉണ്ടെങ്കിലും എനിക്ക് പേടിയാരുന്നു… കയ്യിലിരുപ്പ് അടിപൊളി ആയതുകൊണ്ട് അച്ഛന്റേം അമ്മേടേം കയ്യീന്ന് വാങ്ങിക്കൂട്ടുന്ന തല്ലിന് കണക്കില്ലായിരുന്നേ… ഇനീപ്പോ ആ പെണ്ണുമ്പിള്ളേടേം കയ്യീന്ന് വാങ്ങണമല്ലോ… ഉറപ്പിക്കലിന് ചെന്നപ്പോഴൊക്കെ എന്നോട് ഒടുക്കത്തെ സ്നേഹമാ കാണിച്ചത്…
എന്നാലും എന്തോ ഒരു പേടി… എന്റെ ചങ്ക് ചങ്ങാതി പറഞ്ഞു അവനെ അവന്റെ ചേട്ടന്റെ ഭാര്യ തല്ലി തല്ലി പഠിപ്പിച്ചിട്ടാ അവനു ഫസ്റ്റ് റാങ്ക് കിട്ടുന്നതെന്ന്… എന്നോട് സൂക്ഷിച്ചോളാൻ ഒരു താക്കീതും… അതുപോരെ നെഞ്ചിടിക്കാൻ… വന്നു കേറിയതിന്റെ രണ്ടാം ദിവസം പുള്ളിക്കാരി പണിയും തുടങ്ങി… ചൂലും കെട്ടിന് അമ്മ വന്നു എണീക്കടാ ന്നും പറഞ്ഞു തല്ലിയതിന്റെ പിറകെ ചിരിച്ചുകൊണ്ട് ഏടത്തി വന്നു… വെറും കയ്യോടെ അല്ലാട്ടോ…
ഒരു കപ്പിൽ നിറയെ വെള്ളവും ആയിട്ട് എന്നിട്ടൊരു ഡയലോഗ് ഉം… ഇത് ഞാൻ തലവഴി ഒഴിക്കണോ മോൻ എണീക്കണോ ന്ന് പെട്ടെന്ന് പറയാൻ… പേടിയൊന്നും ഇല്ലെങ്കിലും ഞാൻ ചാടി എണീച്ചു… ഉമ്മിക്കരി എടുത്തു പല്ല് തേച്ചു… അപ്പോഴേക്കും കട്ടൻ ചായ കൊണ്ടുതന്നു ഏടത്തി പറഞ്ഞു വേഗം കുളിച് സ്കൂളിൽ പോകാൻ നോക്കാൻ..
ഹും… ഭരണം തുടങ്ങി…. ഞാൻ പിന്നൊന്നും നോക്കിയില്ല… അനുസരണയോടെ നിന്നാൽ പുള്ളിക്കാരീടെ കയ്യീന്നും വാങ്ങണ്ടല്ലോ ന്ന് കരുതീട്ടൊന്നും അല്ലെങ്കിലും അനുസരിച്ചുപോയി… അന്നുമുതൽ പേടിച്ച പോലെ തന്നെ പുള്ളിക്കാരീടെ ഭരണം തന്നെ ആയിരുന്നു… സ്കൂൾ വിട്ടു വന്നാൽ കയ്യും കാലും മുഖവും കഴുകണം… കളിക്കാൻ പോയിട്ട് ഏഴു മണിക്ക് മുന്നേ വരണം… വന്നപാടെ കുളിക്കണം… എന്റെ പൊന്നോ… പക്ഷെ… അതിലും ഒരു കാര്യമുണ്ട് ട്ടാ…
പോയി കയ്യും കാലും കഴുകെടാ ന്ന് ചീത്തവിളി ഒന്നുമല്ല… വേഗം പോയി മോൻ കയ്യും കാലും കഴുകീട്ടു വാ… ഏടത്തി ചായേം പഴം പൊരിച്ചതും എടുത്തു വയ്ക്കാം ന്ന്… ഓഹോ.. അപ്പൊ പ്രലോഭിപ്പിച്ചു എന്നെ ഒരു വഴിക്കാക്കാൻ ആണ് തീരുമാനം എന്ന് മനസ്സിൽ വിചാരിച്ചെങ്കിലും പഴംപൊരിയിൽ ഞാൻ വീണു…
കളിക്കാൻ പോകാൻ ഇറങ്ങിയപ്പോ അടുത്ത ഡയലോഗ് ചേട്ടൻ വരാൻ ഒരുപാടാകും മോൻ സന്ധ്യക്കും മുന്നേ വേഗം വരണോട്ടോ ഏടത്തിക്ക് കമ്പനിയ്ക്കു ആരുമില്ലാന്ന്… വാട്ട് എ സൈക്കിൾ ഓടിക്കൽ മൂവ്… വന്നപ്പോഴേ തലയിൽ വെളിച്ചെണ്ണ എന്റെ തലയിൽ തടവി തന്നു തോർത്ത് എടുത്തു കയ്യിൽ തന്നിട്ട് കുളിക്കാൻ പറഞ്ഞുവിട്ടു…
എന്താ പുള്ളിക്കാരി ഉദ്ദേശിക്കണേ ന്നൊക്കെ മനസ്സിൽ തോന്നിയെങ്കിലും അറിയാതെ പുള്ളിക്കാരിയോട് ചേർന്ന് നിന്നുപോയി… അത് കഴിഞ്ഞപ്പോ അടുത്ത പ്രശ്നം തുടങ്ങി… ബുക്ക് എടുത്തോ പഠിച്ചോ… സംശയം വലതുമുണ്ടേൽ ചോദിക്ക് പറഞ്ഞു തരാമെന്ന്… എനിക്കെന്റെ ചങ്കിനെ പോലെ ഫസ്റ്റ് റാങ്ക് വേണ്ടാത്തതുകൊണ്ടും തല്ലുകൊള്ളാൻ ഒട്ടും താല്പര്യമില്ലാത്തതുകൊണ്ടും പഠിക്കുന്ന പോലെ അഭിനയിക്കാം ന്നും സംശയം തീരെ ഇല്ലാന്ന് പറയാനും കരുതി പുസ്തകമെടുത്തു…
പുള്ളിക്കാരി പോയില്ല… അടുത്ത് തന്നെ ഇരുന്നു… ഓരോ ബുക്കും എടുത്ത് എന്തൊക്കെയാണ് എഴുതിയതെന്നും പഠിക്കേണ്ടത് എന്താണെന്നും മനസ്സിലാക്കി ഓരോന്ന് പറഞ്ഞു തന്നുകൊണ്ടിരുന്നു… പക്ഷെ പേടിച്ചതുപോലെ ദേഷ്യപ്പെടുകയോ തല്ലുവോ ന്നും ചെയ്തില്ല… എന്തോ സ്നേഹം കൊണ്ട് പൊതിയുന്ന പോലെ… എനിക്ക് ചോറ് വിളമ്പി തന്നു… മീൻ വറുത്തതിൽ പുള്ളിക്കാരീടെ പകുതി തന്നു… ടീവി കാണാൻ ഇരുന്നപ്പോ തല മാന്തി തന്നു…
കണ്ടപ്പോ പേടി തോന്നിയെങ്കിലും ഏടത്തിയുടെ നഖങ്ങൾ തല മാന്തുമ്പോ നല്ല സുഖമാ… അങ്ങിനൊക്കെ ഞാൻ ഏടത്തിയിലേക്ക് അറിയാതെ ഒഴുകി ചെന്നുകൊണ്ടിരുന്നു… അല്ല… ഏടത്തി എന്നിലേക്ക് സ്നേഹം ചാലിച്ചു തഴുകാൻ തുടങ്ങിയിരുന്നു… എന്റെ വിശേഷങ്ങൾ തള്ളുകൾ കളിക്കൂട്ടുകാരുടെ കാര്യങ്ങൾ എല്ലാം ഏടത്തി ചോദിച്ചും ചോദിക്കാതെയും എന്നിൽ നിന്നും അടർത്തിയെടുത്തുകൊണ്ടിരുന്നു… എന്റെ ചങ്കായും ചങ്കിലെ ചോരയായും മനസ്സായും എത്രപെട്ടെന്ന് ഏടത്തി മാറി…
അമ്മേം അച്ഛനും തല്ലാൻ വരുമ്പോ എന്നിൽ ഒരു കവചം തീർത്തു എന്റെ ഏടത്തിയമ്മയായി… ഒരൂസം സ്കൂളിൽ കൂട്ടുകാരനുമായി തല്ലുണ്ടാക്കിയത് പ്രശ്നമായി അമ്മേം അച്ഛനും അടിക്കാൻ വന്നപ്പോ ഏടത്തി വട്ടം നിന്നു.. നീ ഒറ്റ ഒരുത്തിയാ അവനെ വഷളാക്കുന്നെന്ന് അച്ചൻ പറഞ്ഞപ്പോ ആദ്യമായി ഏടത്തിയുടെ കണ്ണുകൾ നിറയണതും ദേഷ്യത്തോടെ എന്നെ നോക്കണതും ഞാൻ കണ്ടു… ന്റെ പാവം ഏടത്തി ന്ന് മനസ്സിൽ വിചാരിച്ചു ചിരിച്ചു ഞാൻ…
എന്റെ കയ്യിൽ പിടിച്ചു റൂമിലേക്ക് കൊണ്ടുപോയി നന്നായി ഉപദേശിച്ചു അടിയുണ്ടാക്കാൻ പോകാമോ എന്തെങ്കിലും ഉണ്ടെങ്കി ടീച്ചരോട് പറഞ്ഞപ്പോരെ എന്നൊക്കെ പറഞ്ഞപ്പോ ഞാൻ സങ്കടം കൊണ്ട് കരഞ്ഞുപോയതാന്നാ ആദ്യം വിജാരിച്ചേ… പിന്നെയാ മനസ്സിലായത് എന്റെ തുടയിൽ ഏടത്തിയുടെ നീളൻ നഖം പൂക്കളം ഇടുകയാണ് ന്ന്…
ഒരു കാര്യം അപ്പൊ മനസ്സിലായി തല മാന്തുമ്പോ മാത്രേ നഖത്തിന് ഭംഗിയുള്ളു… നുള്ള് കൊള്ളുമ്പോൾ ഭയങ്കര സുഖമാ… അവസാനം ഒറ്റ ഡയലോഗ് ഉം… എന്റെ വയറ്റിൽ നിന്നും പോന്നിട്ടില്ലാന്നെ ഉള്ളു നീ ന്റെ കുഞ്ഞാണ്… ന്റെ മോനാണ്… ഇനി മേലാൽ നിന്നെ പറ്റി ആരെങ്കിലും മോശം പറഞ്ഞാൽ കൊന്നുകളയും ഞാൻ ന്ന്…
ജീവിതത്തിൽ ഏറ്റവും സങ്കടം വന്ന ദിവസം അതായിരുന്നു… നുള്ള് കിട്ടിയ വേദനകൊണ്ടല്ല… ഏടത്തിയമ്മയെ സങ്കടപ്പെടുത്തിയല്ലോന്നുള്ള സങ്കടം… ന്തായാലും ഒന്ന് പഠിച്ചു… ഏടത്തിയമ്മ സ്നേഹം കൊണ്ട് മാത്രമല്ല ശിക്ഷിച്ചുകൊണ്ടും എന്നെ ശരിയാക്കുമെന്ന്… വഷളൻ എന്ന് വിളിച്ചതുകൊണ്ടാ ദേഷ്യം വന്നേ ഇനി ആരെക്കൊണ്ടും അങ്ങിനെ പറയിക്കരുതെന്നും പറഞ്ഞു ഏടത്തി എന്നെ കെട്ടിപ്പിടിച്ചു എന്തൊക്കെയോ പറഞ്ഞു അന്ന്…
എന്നെ ഒരു മുടുമിടുക്കൻ ആക്കാൻ ഏടത്തിയുടെ സ്നേഹം ഒരുപാട് പ്രയത്നിച്ചുകൊണ്ടിരുന്നു… ഡിഗ്രി സെക്കന്റ് ഇയർ ആയപ്പോ ഒരു പെങ്കൊച്ചിനോട് ക്രഷ് തോന്നിയത് ആദ്യമായി എനിക്ക്… ഏടത്തിയുടെപോലെ ചുരുണ്ട നീളമുള്ള മുടിയുള്ള ജൂനിയർ പെങ്കൊച്ച്… ഇഷ്ടം പറഞ്ഞൊന്നുമില്ലെങ്കിലും എനിക്കവളെ ഇഷ്ടമായി… രണ്ടാം ദിവസം ഏടത്തി ഒറ്റ ചോദ്യം ആരാടാ ആ പെണ്ണ് ന്ന്… ഏതു പെണ്ണ്… ഏടത്തിയെന്താ പറയണേ.. ഒന്നും മനസ്സിലായില്ല… ചെവിക്കിട്ടൊരു കിഴുക്കായിരുന്നു ആദ്യം… ഇനി പറ ആരാ അവൾ… എടത്തീടെ മുടിപോലെ മുടിയുള്ള ഒരു പെണ്ണാ…
ന്നാലും എങ്ങിനെ കണ്ടുപിടിച്ചു ദുഷ്ടേ ചെവി വിട്… എന്റെ കുഞ്ഞല്ലേടാ നീ… നിന്റെ മനസ്സ് ഇപ്പഴും എന്റെ കയ്യിൽ തന്നെയാ… ഇനി അത് അവൾക്ക് കൊടുക്കണോന്ന് ഞാൻ അവളോട് സംസാരിച്ചിട്ട് പറയാം ന്നും പറഞ്ഞു ഒരു പുഞ്ചിരി…
കഴിഞ്ഞ വർഷം ഇതേപോലൊരു കർക്കിടക മഴയത്തായിരുന്നു അത് സംഭവിച്ചത്…. വീടിനു പുറത്തേക്കിറങ്ങിയ ഏടത്തിയെ ചീറിപ്പാഞ്ഞു വന്ന ഒരു ടിപ്പർ ലോറി…..
അയ്യോ… അങ്ങനിപ്പം എന്റെ ഏടത്തി മരിക്കണ്ട… ടിപ്പർ ഏടത്തിയുടെ മേത്തേക്ക് വെള്ളം തെറിപ്പിച്ചത്…. ദുഷ്ടൻ…
ഞാൻ ഒരു സിഗരറ്റ് വലിച്ചു ന്ന് ഒരു സംശയം ഉള്ളോണ്ട് ഇന്നലെ ന്റെ തുടയിൽ ഏടത്തിയുടെ നീളൻ നഖം ഒരു കുത്തബ് മീനാർ പണിഞ്ഞു… സംശയമായതുകൊണ്ടാ… വലിച്ചെന്നറിഞ്ഞാൽ അത് ഈഫൽ ടവർ ആയേനെ….
ഇന്നലെ ന്റെ പെങ്കൊച്ചിനോട് ഏടത്തി വിളിച്ചിട്ട് പറയുവാ നഖം നീട്ടി വളർത്തണം… അവൻ വഷളൻ ആകരുതെന്ന്… ന്നാലും ന്റെ പുന്നാര എടത്തീ….
രചന : Sanal Ambili