രചന : സാജുപി കോട്ടയം
മനുഷ്യർക്ക് മണമുണ്ടോ….? മിക്കവാറും സകല ജീവികൾക്കും വൃക്ഷലതാതികൾക്കും പ്രത്യേകം പ്രത്യേകം മണങ്ങളുണ്ട്. അതുപോലെ മനുഷ്യർക്കും ഉണ്ടാവുമല്ലോ മണം…!
കൊറേ നാളുകളായി ഈ സംശയം മനസ്സിൽ കടന്നു കൂടിയിട്ട്…. ഇതെപ്പറ്റി ആരോടാണ് ചോദിക്കുക.
ഇതെങ്ങനെ കണ്ടുപിടിക്കാൻ പറ്റും.. അന്വേഷണത്തിന്റെ ഭാഗമായി പലരുടെയും അടുത്തേക്ക് ചേർന്നു നിന്നു അവരെ അവരറിയാതെ മണത്തു നോക്കി….. പലർക്കും വിവിധ തരങ്ങളിലുള്ള മണമാണ്. അനുഭവപ്പെട്ടത്
കൂടുതൽ അറിയണമെങ്കിൽ കൂടുതൽ ആളുകളുമായി അടുത്തതിടപഴകുന്ന ആരെങ്കിലുമായി ചോദിച്ചറിയണം.
മനസിലൂടെ ബസ് കണ്ടക്ടർ, ഓട്ടോറിക്ഷക്കാർ, ഡോക്ടർമാർ , കടക്കാർ, രാഷ്ട്രീയക്കാർ, അങ്ങനെ പലരും കടന്നു വന്നു ചിലരോടൊക്കെ രഹസ്യമായി ചോദിച്ചപ്പോൾ….. മനുഷ്യർക്ക് മണമോ..?? എന്നുള്ള തിരിച്ചു ചോദ്യവും പരിഹാസവും പുച്ഛവും കലർന്ന ചിരിയുമായിരുന്നു. ചിലർ മെനക്കെടുത്താതെ വിട്ടോളാൻ… പറയാതെ പറഞ്ഞു.
എങ്കിലും ഞാൻ അന്വേഷണം നിറുത്തിയില്ല… അങ്ങനെയാണ് ഞാൻ ജാനകിയെന്ന സ്ത്രീയേ കണ്ടെത്തുന്നത്…. അവളൊരു ലൈഗീക തൊഴിലാളിയാണ്. എന്റെ കാഴ്ചപ്പാടിൽ തന്നിലേക്ക് ഇഴുകിച്ചേരുന്ന മനുഷ്യരുടെ മണങ്ങൾ തിരിച്ചറിയാൻ കഴിയുന്നത് ഒരുപക്ഷെ ഇവർക്കൊക്കെ മാത്രമായിരിക്കുമെന്ന് തോന്നുന്നു..!
എങ്കിലും പെട്ടന്ന് ചെന്ന്. അവരോടു മനുഷ്യർക്ക് മണമുണ്ടോ…? എന്നു ചോദിച്ചാൽ ചിലപ്പോഴവർ ചീത്തപറഞ്ഞു ആട്ടിയോടിച്ചേക്കാം.
നഗരത്തിന്റെ തിരക്കുകൾക്കിടയിൽ തന്നെ തന്നെ ഭംഗിയായി അണിയിച്ചൊരുക്കി കച്ചവടത്തിനായ് വച്ചിരിക്കുന്ന അവൾക്കരികിലേക്ക് ഞാൻ ചെന്നു.
അവനവന്റെ ഇരയെ കാണുമ്പോൾ കണ്ണുകളിൽ ഉണ്ടാവുന്ന തിളക്കം അവളുടെ കണ്ണുകളിൽ മിന്നിമറയുന്നത് ഞാൻ കണ്ടു. വശ്യമായ ചിരിയും.
തൊട്ടടുത്തുനിന്ന് ഞാൻ കാര്യം അവതരിപ്പിക്കും മുൻപേ തന്നെ പതിഞ്ഞ ശബ്ദത്തിൽ അവൾ എന്നോട് ചോദിച്ചു.
ലോഡ്ജിൽ ആണോ..? വീട്ടിലാണോ..?
പെട്ടെന്നൊരു മറുപടി കിട്ടാതെ മനസ്സിൽ പതറി നിൽക്കുമ്പോൾ അടുത്ത ചോദ്യവും വന്നു.
ഒറ്റയ്ക്ക് ആണോ? അതോ വേറെ ആളുകളുമുണ്ടോ..?
തനിച്ചാണ്….
ലോഡ്ജിൽ ആണെങ്കിൽ…1500രൂപയാവും രാത്രിയിൽ നില്ക്കില്ല. 500റൂം വാടക വേറെയും കൊടുക്കണം.
ലോഡ്ജിൽ വേണ്ട വീട്ടിൽ മതി. കാശ് പ്രശ്‌നമില്ല.
ഉം…… കാശ് നേരത്തെ തരണം . കാര്യം നടന്നു കഴിഞ്ഞു അവിടെക്കിടന്നു വഴക്കുണ്ടാൻ മേല… അതുകൊണ്ടാണ്. വണ്ടിയുണ്ടോ…? ഇല്ലെങ്കിൽ ഓട്ടോ വിളിക്കാം.
ഓട്ടോ…. വേണ്ട…… കാറുണ്ട് വണ്ടിയിൽ കയറുമ്പോൾ കാശ് തരാം.
കാര്യങ്ങൾ പറഞ്ഞുറപ്പിച്ചതിന് ശേഷം ഞാൻ മുന്നേ കാറിനെ ലക്ഷ്യമാക്കി നടന്നു …. കുറച്ചു അകലമിട്ടു അവളും എന്നെ പിന്തുടർന്നുവന്നു കാറിൽ കയറി.
*** ** ***
എന്റെ പൊന്നു സാറേ….. വല്ലതും ചെയ്യുന്നുണ്ടെല് ചെയ്യ്…. വന്നിട്ട് ഒരു മണിക്കൂറായല്ലോ…?
അവൾ അക്ഷമയോടെ സെറ്റിയിൽ ചാരിക്കിടക്കുന്ന എന്നോട് പറഞ്ഞു..
ഹഹഹ…. ആദ്യം നമ്മുക്കൊന്ന് പരിചയപ്പെടാം അത് കഴിഞ്ഞു പോരേ മറ്റു കാര്യങ്ങളിലേക്ക് കടക്കുന്നത്…?
അതെന്തിനാ സാറേ പരിചയപെടുന്നത് സാറിന് സാറിന്റെ കാര്യം നടന്നാൽ പോരേ…?
ഓ …. അതിലൊരു സുഖമില്ലെടി….. നമ്മുക്ക് പതിയെ പരിചയപ്പെട്ടിട്ട്… തുടങ്ങാം….. ആദ്യം… നിന്റെ സാറേ വിളി ഒന്ന് നിറുത്താൻ പറ്റുവോ…? അതു കേൾക്കുമ്പോ എന്തോ ഒരു അകൽച്ച ഫീല് ചെയ്യുന്നു. ….. ഇനി പറ…. നിന്റെ പേരെന്താണ്??
“ജാനകി ”
നിന്റെ…. വീടെവിടെയാ… ജാനകി?
ഏറ്റുമാനൂർ….
ഏറ്റുമാനൂർ എവിടായിട്ട് വരും…?
തവളകുഴി…. ഷാപ്പിന്റെ അടുത്താണ്.
ആഹാ….. ഞാനൊരുപാട് പ്രാവശ്യം കള്ളുകുടിക്കാൻ അവിടെ വന്നിട്ടുണ്ട്.
അതൊക്കെ പോട്ടെ… നിന്റെ വീട്ടിലാരൊക്കെയുണ്ട്…?
ഒരു തള്ളയുണ്ടായിരുന്നു കൂട്ടിനു അവര് രണ്ടു വർഷം മുൻപ് പനിപിടിച്ചു ചത്തു പോയി……. ഇപ്പൊ തനിച്ചാണ്.
അപ്പൊ…. നീയും എന്നെപ്പോലെ തന്നെയാണ്….. നിന്റെ കല്യാണമൊക്കെ കഴിഞ്ഞതാണോ…?
അതൊക്കെ പണ്ടേ കഴിഞ്ഞതാ ചേർത്തലയിലാണ് കെട്ടിയോന്റെ വീട് ഒരു പണിക്കുംപോകാതെ ഏത് നേരവും കെട്ടിയോൾടെ ദേഹത്തു കേറി ഒരു ഭാരമായിട്ട് അങ്ങനെ കിടക്കും…. പിന്നെ നിത്യചെലവിനുപോലും മാർഗ്ഗമില്ലാതെ വന്നാപ്പോ…. അയാള് തന്നെ വിളിച്ചോണ്ട് വരുന്ന പലരുടെയും ഭാരം രാവുംപകളും ചുമക്കേണ്ടതായി വന്നു. മടുത്തിട്ടാണ് അവനെയും കളഞ്ഞിട്ടു തിരിച്ചു പോന്നത്.
ജാനകി.. അത് പറയുമ്പോൾ ഞാൻ അവളെ ശ്രെദ്ധിച്ചു ലോകത്ത് ഏറ്റവും വെറുപ്പുള്ള ഒരാളെക്കുറിച്ചാണ് അവൾ പറയുന്നതെന്ന് തോന്നി അത്രയും വെറുപ്പ് ആ മുഖത്തുണ്ടായിരുന്നു. അല്ലെങ്കിലും ഈ കൂട്ടിക്കൊടുപ്പിനെക്കാൾ വൃത്തികെട്ട പരിപാടി ലോകത്ത് വേറെയില്ലല്ലോ.! അതും സംരക്ഷണം തരേണ്ടവർ തന്നെ അത് ചെയ്യുമ്പോൾ ….. മരണം വരെയും അവരോടു വെറുപ്പ് മാത്രമേ ഉണ്ടാവു. ഇനിയും അതേക്കുറിച്ചെന്തേങ്കിലും ചോദിച്ചാൽ ജാനകി വെറുപ്പുകൊണ്ട് പൊട്ടിത്തെറിച്ചേക്കുമെന്ന് തോന്നിയത് കൊണ്ട് ഞാൻ വിഷയം മാറ്റി
ജാനകിയേ…….. ഞാനവളെ നീട്ടിയൊന്ന് വിളിച്ചു.
എന്താ…. സാറേ..?
സാറ്……. കോപ്പ്….. നീയെന്നെ വേറെന്തെങ്കിലും വിളിക്കെടി…
എന്നാപ്പിന്നെ അച്ചായായെന്നു വിളിക്കാം. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
ആ….. അതാണ് നല്ലത്.
എന്നാ…. പറ അച്ചായോ..
എടി…. നിനക്ക് കഞ്ഞിയും കറിയുമൊക്കെ വയ്ക്കാൻ അറിയാമോ..?
പിന്നെ അറിയാമോന്നോ…. ഞാൻ നല്ല അടിപൊളിയായിട്ടുണ്ടാക്കും പക്ഷെ കൊറേ നാളുകളായി എന്തെങ്കിലുമൊക്കെ ഉണ്ടാക്കാൻ അടുക്കളയിൽ കേറിയിട്ട്
അതെന്നാടി…?
വെച്ചുവിളമ്പി കൊടുക്കാനാരുമില്ലാത്തോണ്ട്… തനിച്ചുണ്ടാക്കി എന്തു കഴിച്ചാലും അതിന്നൊന്നും ഒരു രൂചിയും മണവുമൊന്നും ഉണ്ടാവില്ല…. അച്ചായോ.
അത് നേരാണ് നീ പറഞ്ഞത് ഞാൻ ഇവിടെ എന്തുണ്ടാക്കിയാലും അതിന്നൊന്നും ഒരു രൂചിയും മണവുമില്ല.
ജാനകിയേ………..
പറ….. അച്ചായോ…
എടിയേ….. നീയീ…. വീടുകണ്ടോ…..?
ഉം….കണ്ടു….
ഇതാരുടെ…. വീടാണ്…?
അച്ചായന്റെ വീടല്ലേ….?
അതേ….. ആയിരുന്നു പക്ഷെ ഇപ്പൊ മുതൽ ഇത് നിന്റെ വീടും കൂടെയാണ്.
ങേ…… അതെപ്പോ…?
ആണെന്ന് അങ്ങോട്ട് വിചാരിച്ചേ….. വിചാരിച്ചോ….?
ജാനകിക്ക് ഒന്നും മനസിലായില്ലെങ്കിലും അവൾ വെറുതെ മൂളി.
ഉം…..
നീ….. വേറെ ഡ്രെസ്സ് വല്ലതും കൊണ്ടുവന്നിട്ടുണ്ടോ….?
ജാനകി അവളുടെ ബാഗിലെക്ക് നോക്കി… ഒരു തോർത്ത് ഉണ്ട്. അച്ചായോ…. അല്ലേലും ഞാൻ പോകുന്നയിടത്തൊക്കെ എന്തിനാ തുണി,,,!?
തോർത്ത് ശരിയാവാതില്ല… നീയൊരു കാര്യം ചെയ് അകത്തു അലമാരിയിൽ എന്റെ അമ്മയുടെ ചട്ടയും മുണ്ടുമുണ്ട്….. അത് പോയി ഉടുത്തോണ്ട് വാ.
ജാനകി…. അകത്തേക്ക് പോയി അല്പം കഴിഞ്ഞപ്പോൾ ചട്ടയും മുണ്ടും ധരിച്ചു മുറിയിൽ നിന്നിറങ്ങി വന്നു.
ആഹാ….. ഇപ്പൊ നിന്നെ കാണാൻ എന്റെ അമ്മയെപോലുണ്ട് കഴുത്തിൽ ഒരു കൊന്തയും കൂടെ വേണം .. പിന്നെ തലമുടി അമ്മക്കെട്ടും കെട്ടിക്കോ..
അച്ചായോ…. അച്ചായനിതു… എന്നാ ഇളക്കമാണ്…? എനിക്ക് നാണം വരുന്നുണ്ട് കേട്ടോ..!
നീയിപ്പോ അങ്ങനെ നാണിക്കേണ്ട… നേരെ അടുക്കളയിൽ പോയി നമ്മുക്ക് കഴിക്കാനുള്ള ആഹാരം ഉണ്ടാക്കിക്കേ… വച്ചു വിളമ്പാൻ ആളില്ലാത്തതിന്റെ കുറവ് ഞാൻ മാറ്റിതരാം. അടുക്കളയിൽ എല്ലാ സാധനങ്ങളും ഇരുപ്പുണ്ട് ഞാനും വരാം .
ജാനകി പെട്ടെന്നുതന്നെ ഒരു വീട്ടമ്മയിലേക്ക് കൂടുമാറ്റപ്പെട്ടു…… പാചകം ചെയ്യുന്നതിനോടൊപ്പം തന്നെ പാത്രങ്ങൾ തേച്ചു കഴുകി മുറികൾ അടിച്ചുവാരി… അലക്ഷ്യമായി കിടന്നിരുന്ന ബുക്കുകൾ മേശപ്പുറത്തു അടുക്കിവച്ചു മുഷിഞ്ഞ തുണികളെല്ലാം വാഷിംഗ് മിഷ്യനിൽ ഇട്ടും അങ്ങനെ ഓരോ പണികളും അടുക്കും ചിട്ടയോടും ഒരു വീട്ടമ്മയെപ്പോലെ സന്തോഷത്തോടെ ചെയ്തു.
ജാനകിയേ………
തിരക്കിനിടയിലും അവൾ വിളികേൾക്കും….. എന്തോ……. പറ….. അച്ചായാ
എടിയേ…. സാമ്പാറിൽ. കായം ഇത്തിരി കൂടുതൽ ഇട്ടേക്കണേ…. ഇറച്ചിക്കറിയിൽ തേങ്ങാക്കൊത്ത് വെളിച്ചെണ്ണയിൽ മൂപ്പിച്ചു ഇടണേ…. മസാലയൊക്കെ അവസാനം ചേർത്താൽ മതി…അങ്ങനെയാ അമ്മ പണ്ട് ഉണ്ടാക്കിയിരുന്നത്.
അച്ചായോ….. അവിടിരുന്നു ഓഡറിടാതെ…. ഇങ്ങോട്ട് വന്നേ….
അടുക്കളയിൽ ചെന്നപ്പോൾ വെന്ത ചോറിന്റെയും കറികളുടെയും മണം മൂക്കിനുള്ളിൽ കൂടി കയറി പറഞ്ഞറിയിക്കാൻ പറ്റാത്ത വണ്ണം കൊതിയോടെ ജാനകിയുടെ മുന്നിലേക്ക് കൈ നീട്ടി. …..
ഇത്തിരി ഇങ്ങോട്ട് തന്നെ രുചി നോക്കട്ടെ.
അവളൊരു തവിയിൽ കുറച്ചു കറി കോരിയെടുത്തു….. ഊതി തണുപ്പിച്ചു…. എന്റെ കയ്യിലെക്കൊഴിച്ചു.
ആഹാ…… ഇതാണോ നീ പറഞ്ഞത് മണവും രുചിയും ഉണ്ടാവില്ലെന്ന് ഭയങ്കര രുചിയാണല്ലോ
അല്ലേലും പെണ്ണുങ്ങള് വയ്ക്കുന്ന ചോറിനും കറികൾക്കുമെല്ലാം പ്രത്യേക രുചിയും മണവുമാണ്.
എന്റെ….. പൊന്നച്ചായാ…. ഇതൊക്കെ ഇങ്ങനെയൊക്കെ ആവുന്നത് സ്നേഹത്തോടെ വച്ചുണ്ടാക്കുമ്പോഴാണ്. അത് ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോഴാണ് ഉണ്ടാക്കുന്ന പെണ്ണുങ്ങൾക്കും മനസ് നിറയുന്നത്.
എടി….. നിന്റെ കൈയ് ഇങ്ങോട്ട് നീട്ടിക്കേ….
ജാനകിയുടെ കൈപിടിച്ച് മൂക്കിനോട് ചേർത്തുപിടിച്ചു മണത്തു….. നിന്റെ കൈക്കും ഇപ്പോഴെന്റെ അമ്മയുടെ മണമാണ്.
ആ….. കൈയ്…. വിടാതെ തന്നെ അവളെയും ചേർത്തുപിടിച്ചു……. എടിയേ……. ഈ…. മനുഷ്യർക്ക് മണമുണ്ടോ…?
ഉം…. ഉണ്ടല്ലോ… അച്ചായാ.
നിനക്കതൊക്കെ തിരിച്ചറിയാൻ കഴിയുമോ….? എല്ലാവർക്കും ഒരേ മണമാണോ? ഒരാളിന്റെ മണം മറ്റൊരാൾക്ക് ഉണ്ടാവില്ല അച്ചായോ…പുറമേ നമ്മൾ തേച്ചു പിടിപ്പിക്കുന്നതല്ല നമ്മുടെ മണങ്ങൾ.
ഒരു കുഞ്ഞു ജനിക്കുമ്പോൾ അമ്മയുടെയും അമ്മിഞ്ഞപാലിന്റെയും മണമാണെങ്കിൽ…… വളർച്ചയുടെ ഓരോ ഘട്ടത്തിലും….. മണങ്ങൾ മാറിമാറി വന്നുകൊണ്ടിരിക്കും. ബേബി സോപ്പിന്റെ പൗഡറിന്റെ…. ലഹരിയുടെ…. തൊഴിലിന്റെ അവസാനം മരുന്നിന്റെ കുഴമ്പിന്റെയും മണമുള്ള മനുഷ്യരുമു ണ്ട് ഇവിടെ എന്നാലും ഇതൊന്നുമല്ല മനുഷ്യന്റെ മണം.
പിന്നെയെന്താണ്…?
മറ്റുള്ളവരോട് വെറുപ്പും പകയും വിദ്വേഷവുമായി നടക്കുന്നവർക്ക് സഹിക്കാൻ പറ്റാത്ത ദുർഗന്ധമാണ്…. അവരുടെ അടുക്കൽ നിൽക്കുമ്പോൾ പോലും നമ്മുക്ക് ശർദ്ധിക്കാൻ തോന്നും….
സ്നേഹം, സഹതാപം, കരുണ ഇവയൊക്കെയുള്ള മനുഷ്യർക്ക് ഒരു പ്രത്യേക സുഗന്ധമാണ് അവരിലേക്ക് അറിയാതെ തന്നെ മറ്റുള്ളവർ ആകർഷിക്കപ്പെടും…. ഒരു പൂവിലേക്ക് പൂമ്പാറ്റ ചെല്ലുന്നത് പോലെ……
ജാനകിയേ…….
പറ…….. അച്ചായോ……
ഇനി….. നീ…. പറ….. എനിക്ക് എന്തു മണമാണ്,?
” എന്റെ അച്ചായന് ആകാശത്തിലെ നക്ഷത്രങ്ങളുടെ മണമാണ് ”
****** ****
രചന : സാജുപി കോട്ടയം