❤️✍SHEROON4S❤️
ദേ വിമൽ … എനിക്ക് ഇത് ഒട്ടും ഇഷ്ടപെടുന്നില്ല !!
കാര്യം വൃന്ദ വിമലിന്റെ അനിയത്തിയാണ് !! വൃന്ദ എന്തിനാണ് നമ്മുടെ സ്വാകാര്യ ജീവിതത്തിൽ കൈ കടത്താൻ വരുന്നത് … ഞാൻ എന്തേലും അനിയത്തിയുടെ കാര്യം പറഞ്ഞാൽ വിമൽ ഉടനെ നാത്തൂൻ പോരാണെന്ന് പറഞ്ഞു കളിയാക്കും …
ഇത് നാത്തൂൻ പോരല്ല വിമൽ !! ഞാൻ വിമലിന്റെ കാമുകി അല്ല … ഭാര്യ ആണ് … ഞാൻ ആരുടെയും അവകാശം ഇവിടെ ചോദ്യം ചെയ്യുവല്ല!!പക്ഷെ എല്ലാത്തിനും ഒരു പരിധി ഉണ്ട് …
((“”രണ്ടു ദിവസത്തേക്ക് മൂന്നാറിലേക്ക് ടൂർ പോകാനുള്ള പ്ലാനിൽ വിമൽ അനിയത്തിയെ കൂടെ ഉൾപെടുത്തിയതിൽ ഉള്ള പിണക്കം ആണ് മീരക്ക് “”))
എനിക്കും ഉണ്ട് വീട്ടിൽ ഒരു ഏട്ടൻ … എല്ലാ സ്വാതന്ത്ര്യത്തോടെയും ആണ് എന്നെയും വളർത്തിയത് … ഏട്ടൻ കല്യാണം കഴിച്ചതിന് ശേഷം ഞാൻ അവരുടെ സ്വകാര്യതയെ മാനിച്ചു ഒഴിഞ്ഞുമാറി …
മീര വിമലിന്റെ മുഖത്തു ഒന്ന് നോക്കി … വിമൽ പ്രതികരിക്കാതെ ഇരുന്നപ്പോൾ മീര തുടർന്നു …
അനിയത്തിയെ ഒഴിവാക്കണം എന്നല്ല പറഞ്ഞത് … നമ്മുടെ ജീവിതത്തിനും അല്പം വില കൽപ്പിക്കണം എന്നേ പറഞ്ഞോളു …
വിവാഹം കഴിഞ്ഞു നമ്മൾ എവിടെയെങ്കിലും ഒറ്റക്ക് പോയിട്ടുണ്ടോ ?? ഒരു സിനിമക്ക് പോയാൽ, റെസ്റ്റാറ്റാന്റിൽ പോയാൽ , ഷോപ്പിംഗിന് പോയാൽ എന്തിന് എന്റെ സ്വന്തം വീട്ടിൽപോലും ഒരുദിവസം നമുക്ക് ഒന്ന് നിൽക്കാമെന്ന് പറഞ്ഞാൽ ഉടനെ അനിയത്തിയേയും കൂടെ കൂട്ടും ..
വിമലിനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് മീര മുറിയിൽ നിന്നു പോകാൻ ഒരുങ്ങി …
നീ ഒന്ന് നിന്നേ !!
എന്റെ അനിയത്തി എപ്പോഴാണ് നമ്മുടെ സ്വാകാര്യ കാര്യങ്ങളിൽ ഇടപെട്ടത് ??
പലപ്പോഴും വൃന്ദ ഒഴിഞ്ഞുമാറാൻ നോക്കുമ്പോഴും നീയല്ലേ മീരാ അവളെ അടുപ്പിച്ചു നിറുത്തിന്നത് ??
പിന്നെ നീ വളർന്ന സാഹചര്യത്തിൽ അല്ല എന്റെ വൃന്ദ മോള് ജീവിച്ചത് .. ഓർമ്മ വെക്കുന്നതിന് മുൻപേ അച്ഛനും അമ്മയും നഷ്ടപ്പെട്ടതാണ് എന്റെ വൃന്ദമോൾക്ക് … അവൾക്ക് ഞാൻ ഒരു ഏട്ടൻ മാത്രമല്ല … അച്ഛനും അമ്മയും ആണ് …
നിന്നെ പരിചയപ്പെട്ട കാലം മുതൽക്കേ നിനക്ക് ഈ കാര്യങ്ങൾ ഒക്കെ അറിയാവുന്നതല്ലേ മീരേ ?? ഞാൻ നിന്നോട് ഒന്നും മറച്ചു വെച്ചില്ലലോ …
ഞാൻ നിന്നെ വിവാഹം കഴിച്ചു എന്ന് കരുതി എന്റെ കൂടപ്പിറപ്പിനെ അകറ്റി നിറുത്താനോ , മറക്കാനോ എനിക്ക് കഴിയില്ല !!
എന്റെ വൃന്ദമോളെ ഒരു സ്ഥാനത് ആക്കി അവളെ യോഗ്യനായ ഒരാളുടെ. കൈപിടിച്ചു കൂടുന്ന നാൾ വരെ അവൾ ഇവിടെ ഈ വീട്ടിൽ തന്നെ നമ്മുടെ കൂടെ കാണും … എന്റെ അനിയത്തി എനിക്ക് ഒരു ഭാരമല്ല … അവളെ ഞാൻ അങ്ങനെ ഉപേക്ഷിക്കത്തുമില്ല … അത് ഇനി എന്തിന്റെ പേരിൽ ആണെങ്കിൽ പോലും … അതിന്റെ അർഥം നിന്നെ എനിക്ക് വേണ്ട എന്നല്ല മീരേ …
നീ പറഞ്ഞ സ്വകാര്യ ജീവിതത്തിൽ അവൾ എത്തിനോക്കാനോ ഇടപെടാനോ വന്നിട്ടില്ല … പിന്നെ നമ്മൾ പോകുന്നേടത്തൊക്കെ അവളെയും കൊണ്ടുപോകുന്നത് !!! അത് അവൾ പറഞ്ഞിട്ടല്ല … എന്റെ നിർബന്ധം ആണ് …
അവൾ പക്വത ഉള്ള പെൺകുട്ടിയാണ് എങ്കിലും അവളെ തനിച്ചു വീട്ടിൽ നിറുത്തിയിട്ട് മാറി നിൽക്കാൻ എനിക്ക് ഉള്ളിൽ ഭയമാണ് മീരേ … നമ്മുടെ സമൂഹം അങ്ങനെയാണ് …. ഭയന്നെ പറ്റുവൊള്ളൂ …
നാളെ നമ്മുക്ക് ഒരു മകൾ ഉണ്ടായാൽ നമ്മുടെ മനസ്സിൽ ഉള്ള ആധി എന്താണോ അതാണ് എനിക്ക് എന്റെ വൃന്ദമോളുടെ കാര്യത്തിൽ ഉള്ളത് …
നിനക്ക് എന്നെ മടുത്തെങ്കിൽ !! ഈ ജീവിതം മടുത്തെങ്കിൽ നിനക്ക് ഒരു തീരുമാനം എടുക്കാം … അത് വളരെ എളുപ്പമാണ് മീരേ … പക്ഷെ എത്ര മുറിച്ചു മാറ്റാൻ ശ്രമിച്ചാലും മാറ്റാൻ പറ്റാത്ത ഒന്നാണ് രക്തബന്ധം …
ആ ചിന്ത വിസ്മരിക്കുന്നത് കൊണ്ടാണ് സ്വന്തം അച്ഛനെയും , അമ്മാവനെയും , സഹോദരനെയും ഒക്കെ ഒരു പെൺകുട്ടി പേടിക്കേണ്ടി വരുന്നത് …
നീ നിന്റെ ഏട്ടന്റെ കാര്യം പറഞ്ഞല്ലോ … ചിലപ്പോൾ സത്യമായിരിക്കാം … കാരണം നിനക്ക് നിന്റെ വീട്ടിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നു …. എന്റെ വൃന്ദമോൾക്ക് ഇതെല്ലാം ഞാൻ ആണ് … അവളുടെ മനസ്സ് വിഷമിച്ചാൽ അത് ഒന്ന് തുറന്ന് പറയാൻ ഞാനും നീയും മാത്രമേ ഒള്ളു ..
എന്നോട് ക്ഷമിക്ക് വിമൽ !!! ഇടക്ക് എന്റെ മനസ്സിൽ ഓരോ അരുതാത്ത ചിന്തയും കയറിക്കൂടും അതാണ് …
ഒന്നുമില്ലടോ … നീ പോയി ചായ എടുക്ക് … മീരയുടെ കവിളിൽ തട്ടികൊണ്ട് വിമൽ പറഞ്ഞു ..
ഏട്ടാ …. എട്ടോയ്യ് … വൃന്ദ നീട്ടിവിളിച്ചുകൊണ്ട് വീടിന്റെ പടി കയറി വന്നു …
വിമലും മീരയും മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി …
ദേ … ഏട്ടത്തി .. ഞാൻ നല്ല ചൂട് പഴംപൊരിയും ഉഴുന്നുവടയും വാങ്ങിയിട്ടുണ്ട് … പിന്നെ എന്റെ ഏടത്തിയുടെ പ്രീയപ്പെട്ട മുളകുബജ്ജിയും …
അടിപൊളി ചായയും കൂടി ആയാൽ സംഗതി ഉഷാർ …
എന്റെ കൂട്ടുകാരി ആ കൊടക്കമ്പി നയന ചോദിക്കുവാ എന്നും ഏട്ടത്തിക്ക് എന്തിനാ സ്പെഷ്യൽ വാങ്ങുന്നതെന്ന് ….
എനിക്ക് ഇതൊക്കെ വാങ്ങിച്ചു കൊടുക്കാൻ എന്റെ ഏട്ടത്തിയല്ലേ ഉള്ളുവെന്ന് പറഞ്ഞപ്പോൾ അവൾ കുറച്ചു കുശുമ്പോടെ എന്നെ നോക്കി …അവളുടെ ഏട്ടന്റെ ഭാര്യയുമായി അവൾ എന്നും ഉടക്കാണ് ..
വൃന്ദ നിഷ്കളങ്കമായി മീരയോട് പറഞ്ഞു …
മീര വിമലിനെ നോക്കി … വിമൽ കണ്ണ് ഇറുക്കി കാണിച്ചു …
ഏട്ടത്തി …ഞാൻ ചായ ഇടാം …ഇനി രണ്ടു ദിവസത്തേക്ക് എവിടെയും പോകേണ്ടല്ലോ …
മീരയുടെ കണ്ണുകൾ നിറഞ്ഞിരുന്നു ….
അയ്യോ !!! മീരേടത്തി ….
എന്താ പറ്റിയത് ?? വൃന്ദ ചോദിച്ചു …
ഒന്നുമില്ല മോളേ … നിനക്ക് എന്നോടുള്ള സ്നേഹം കണ്ടപ്പോൾ ….ഞാൻ ..എനിക്ക് ……മീര വാക്കുകൾക്കായി പരതി …
എന്താ ഏട്ടത്തി ഇത് …. ഇതുപോലെ സ്നേഹമുള്ള ഏട്ടനേയും ഏട്ടത്തിയെയും തന്ന ഈശ്വരനോട് എന്നും ഒരുപാട് നന്ദി പറയുന്നുണ്ട് ഞാൻ …
മീര വൃന്ദയെ ചേർത്ത് പിടിച്ചു ….
വിമൽ കയ്യും കെട്ടി ആ രംഗം കണ്ടു ചിരിച്ചുകൊണ്ട് നിന്നു …. പത്തു മിനിറ്റ് മുൻപ് മുറിക്കുള്ളിൽ വെച്ച് നടന്ന സംഭാഷാണം മറക്കാം … അതാണ് കുടുംബസമാധാനത്തിന് ഉത്തമം ✍✍
❤️✍SHEROON4S❤️