Categories
Uncategorized

“”എന്തിനാ വേണുവേട്ടാ എന്നെ ഇങ്ങനെ കൊല്ലാതെ കൊല്ലുന്നതു… എനിക്കിഷ്ട്ടല്ല.. എന്നെ വെറുതെ വിടാൻ പറഞ്ഞേക്ക് അവളോട്‌… “”

✍️ശാലിനി ഇ എ

“”എന്തിനാ വേണുവേട്ടാ എന്നെ ഇങ്ങനെ കൊല്ലാതെ കൊല്ലുന്നതു… എനിക്കിഷ്ട്ടല്ല.. എന്നെ വെറുതെ വിടാൻ പറഞ്ഞേക്ക് അവളോട്‌… “”

കടയിലെ കട്ടിങ് ടേബിളിൽ വിരിച്ചിട്ട തുണിയിൽ അളവ് ബ്ലൗസിന്റെ കഴുത്തളവ് അളന്നു വരക്കുകയായിരുന്നു യദു എന്ന് എല്ലാവരും വിളിക്കുന്ന യദു കൃഷ്ണൻ.

“”എന്നായാലും നിനക്ക് ഒരു കൂട്ട് വേണ്ടേ.. അത് നിന്നെ ഇഷ്ടപെടുന്ന ഒരു കുട്ടിയാവുമ്പോൾ അതല്ലേ മോനെ നല്ലത്. “”

“”വേണുവേട്ടാ… ഇന്ന് ഡെലിവറി ചെയ്യേണ്ട ചുരിദാർ ആണത്.. കളിക്കാൻ നിൽക്കാതെ വേഗം തൈച്ചേ… കല്യാണക്കാര്യം അത് കഴിഞ്ഞ് സംസാരിക്കാം “”

യദു ഇപ്പൊ വച്ച് അങ്ങനെയാണ് കല്യാണക്കാര്യം പറഞ്ഞാൽ ഉടനെ തൈക്കാൻ പറഞ്ഞ് തിരക്ക് കൂട്ടും.

സിറ്റിയിലെ ടോപ് ടൈലറിംഗ് കടയാണ് യദുവിന്റെ. ‘ഇതൾ ‘

കോളേജിന്റെ മുന്നിൽ ആയതു കൊണ്ടും.. കാണാൻ നല്ല സുന്ദരനായത് കൊണ്ടും കോളേജ് കുട്ടികളുടെ തിരക്ക് ആണ് കടയിൽ.

പ്ലസ് ടു വരെ യദു പഠിക്കാൻ പോയീട്ടുള്ളൂ.. അച്ഛൻ മരിച്ചതിൽ പിന്നെ അമ്മയുടെ അദ്ധ്വാനം ഒന്നിനും തികയാതെ വന്നപ്പോൾ അടുത്തുള്ള മാധവേട്ടന്റെ തയ്യൽ കടയിൽ കൊണ്ട് നിർത്തി അമ്മ യശോദ.

ഒന്നേ പറഞ്ഞുള്ളു.. “”ആണായീട്ടും പെണ്ണായീട്ടും എനിക്കിവനേ ഒള്ളു… ഒരു ചീത്ത സ്വഭാവത്തിലും പെടാതെ നല്ലവനാക്കി തരണം..

“”ഇവന്റെ കാര്യത്തിൽ യശോദ ഒന്നോണ്ടും പേടിക്കണ്ട… നല്ലൊരു മകനായി നിന്റെ കയ്യിലേക്ക് വച്ചു തരും ഞാൻ “”

.അത് വളരെ ശരിയായിരുന്നു ഒരു മകനോടെന്ന പോലെ കരുതലോടെ വളർത്തി..

ഇന്ന് ഇത്രയും ഉയർച്ച അവനുണ്ടായീട്ടുണ്ടെങ്കിൽ അത് മാധവേട്ടന്റെ കഴിവാണ്..

മാധവേട്ടന്റെ കടയിൽ യദു ചെല്ലുന്ന കാലത്ത് ഉള്ളതാണ് വേണു..

ഒരാഴ്ചയായി യദുവും വേണുവും കൂടി കല്ല്യാണക്കാര്യം പറഞ്ഞ് അടി തുടങ്ങിയീട്ടു. ആകെയുള്ള അമ്മയും പോയപ്പോൾ യദു തീർത്തും അനാഥനായിരുന്നു. എത്ര ഭംഗിയുണ്ടായാലും വിദ്യാഭ്യാസവും അതിനനുസരിച്ചു ജോലിയും ഇല്ലെങ്കിൽ ഇന്നത്തെ കാലത്ത് പെണ്ണ് കിട്ടാൻ വല്ല്യ പാടാ.. അപ്പോ പിന്നെ അനാഥനും കൂടി ആണെങ്കിലോ..

കഴിഞ്ഞ മാസം കോളേജിലേക്ക്‌ സ്ഥലം മാറി വന്ന ടീച്ചറാണ് തുളസി.

പ്രഥമ കാഴ്ചയാൽ യദുവിന് ഇഷ്ടമായതുമാണ്.

നല്ല കുട്ടി ല്ലെ വേണുവേട്ടാന്ന് പറയേം ചെയ്തു.

അപ്പോഴാ ആ കുട്ടി ഇങ്ങോട്ട് വിവാഹാലോചനയും ആയി വരുന്നത്.

അതോടെ യദു ഇടം തിരിഞ്ഞു..

ഇപ്പോഴേ അവളുടെ വാക്കാണ് മുന്നിലെങ്കിൽ കല്യാണം കഴിഞ്ഞാലുള്ള അവസ്ഥ എന്താകും.. അവൾ കൽപിക്കും ഞാൻ അനുസരിക്കണം.. അതും ഒരു ഗവ :കോളേജിലെ ലക്ചറർ.. ഞാനോ വെറും ഏഴാംകൂലി തുന്നൽപണിക്കാരൻ.

അന്ന് വൈകീട്ട് ക്ലാസ്സ്‌ കഴിഞ്ഞ് പോകും വഴി തുളസി ‘ഇതൾ ‘ൽ എത്തി

“”വേണുമാമാ രണ്ടു ചുരിദാർ ഉണ്ട്.. മറ്റന്നാൾ വൈകീട്ട് തന്നാൽ മതി.. “”

വേണുവിന്റെ മിഷ്യൻ ടേബിളിലേക്ക് കവർ വച്ചു കൊണ്ട് തുളസി പറഞ്ഞു.

“”വേണുവേട്ടാ.. മറ്റന്നാൾ ഡെലിവറി കൂടുതലുള്ള ദിവസാ ഓർഡർ എടുക്കാൻ പറ്റില്ല.. “”

“”പറ്റില്ലെങ്കിൽ യദുവേട്ടനു പറ്റുന്ന ദിവസം താ… അല്ലാതെന്തു ചെയ്യും.. “”

“”യദുവേട്ടനോ… ഞാനെന്നാ നിനക്ക് യദുവേട്ടനായത്.. “”

“”ഞങ്ങടെ നാട്ടിലെ വയസിനു മൂത്തവരെ ഏട്ടാ ചേച്ചീന്നാ വിളിക്കാ “”

“”എന്റെ പ്രായം നിന്റെ കയ്യിലല്ലേ… ഒന്ന് പോടീ.. “”

“”പോടീ ന്നോ.. മര്യാദയില്ലാതെ സംസാരിക്കരുത്.. “”

“”ഇതേ എന്റെ കടയാ എനിക്ക് ഇഷ്ട്ടള്ള പോലെ സംസാരിക്കും പറ്റില്ലെങ്കിൽ വരണ്ട.. “”

“”ഒന്ന് നിറുത്തുന്നുണ്ടോ.. “” വേണു ദേഷ്യത്തോടെ കൈ ടേബിളിൽ അടിച്ചു കൊണ്ട് ചോദിച്ചു.

“”ഞാൻ പോണു വേണുമാമാ… സെയിം അളവ് ആണ് കറക്റ്റ്നു അടിച്ചോളൂ.. “”

തുളസി പോയതും യദു വേണുവിന്റെ അടുത്ത് പാഞ്ഞു എത്തി..

“”അല്ല അറിയാതെ ചോദിക്കാ.. ഏത് വകേലാ ഇങ്ങള് അവൾക്കു മാമനായത്… അവളുടെ അമ്മ ഇങ്ങടെ പെങ്ങളാണോ .. “”

“”എന്റെ യദു.. അവൾ ബഹുമാനം കൊണ്ട് വിളിച്ചതാകും… “”

“”പിന്നേ… മാമാന്ന് വിളിച്ചു ബഹുമാനം കാണിക്കാൻ അവള് ബാഹുബലിക്ക് പഠിക്ക്യല്ലെ.. “”

“”നിനക്കിപ്പോ എന്താ വേണ്ടത്… എന്നെ മാമാന്ന് വിളിക്കണതാണോ നിന്റെ പ്രശ്നം.. “”

“‘അല്ല എനിക്ക് അവളെ കല്യാണം കഴിക്കാൻ താല്പര്യം ഇല്ല.. അതു തന്നെ പ്രശ്നം.. “”

“”അതിന് ആ കുട്ടി തൈക്കാൻ തരാൻ വന്നതല്ലേ.. കല്യാണ കാര്യം പറയുന്നത് ഞാൻ കേട്ടില്ലല്ലോ.. nനിനക്കു വേണ്ടെങ്കിൽ വിട്ടേക്ക്.. ഇനി ഈ വിഷയത്തെ കുറിച്ച് ഒരു ചർച്ച വേണ്ട.. “” തിങ്കളാഴ്ച വൈകുന്നേരം തുളസി ചുരിദാർ വാങ്ങാൻ വന്നു.

പറ്റില്ലെന്ന് പറഞ്ഞെങ്കിലും ഇസ്തിരിയിട്ട് മടക്കി വച്ചിരുന്നു.

പൈസ കൊടുത്തു അത് വാങ്ങുമ്പോൾ അവൾ യദുവിനെ നോക്കുക പോലും ചെയ്തില്ല.

അവൾ പോയതിനു പിറകെ കടയിലേ സ്ഥിരം കസ്റ്റമറായ ഗോമതി ചേച്ചി കയറി വന്നു

തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി വരുന്ന അവരെ കണ്ട് യദുവും അവർ നോക്കുന്നിടത്തേക്കു എത്തിച്ചു നോക്കി.

“”എന്താ.. “” വേണു അവരോട് ചോദിച്ചു.

“”അല്ല വേണു.. അതു നമ്മടെ മാധവേട്ടന്റെ മോളല്ലേ തുളസി.. “”

പെട്ടെന്ന് വേണുവിന്റെ മുഖത്ത് ഒരു പതർച്ചയുണ്ടായി. “”ഏത് മാധവേട്ടന്റെ… “” ആ പതർച്ചയോടെ തന്നെ വേണു ചോദിച്ചു

“”ദേ വേണു.. നീയെന്താ പൊട്ടൻ കളിക്ക്യാ…. എന്റെ സ്വന്തം വീട് മാധവേട്ടന്റെ തയ്യൽ കടയുടെ അടുത്താണെന്നു നിനക്ക് അറിയുന്നതല്ലേ.. തുളസി കട ഏറ്റെടുത്തതിനു ശേഷം എന്റെ മോൾക്കു വേറെ ആര് തൈച്ചാലും തൃപ്തി ആവില്ലായിരുന്നു.. എന്നാലും പാവായി ആ കൊച്ചിന്റെ കാര്യം.. “”

യദു വേണുവിനെ ഒന്ന് തറപ്പിച്ചു നോക്കി.

വേണു ആ നോട്ടത്തെ നേരിടാൻ ആകാതെ പുറത്തേക്കു നോക്കി..

“‘അല്ല.. ഗോമതി ചേച്ചി ഇപ്പൊ എന്തിനാ വന്നത്.. മോളുടെ ഡ്രസ് വാങ്ങാനാണെങ്കിൽ.. നാളെയല്ലേ ഡേറ്റ് തന്നിരിക്കുന്നത്.. “”

യദു അവരോട് ചോദിച്ചു..

“”അതെ… നാളത്തെ ദിവസത്തിനു മാറ്റം ഉണ്ടാവരുത്.. അത് ഓർമ്മിപ്പിക്കാൻ വന്നതാ.. “”

“”എങ്കിൽ ചേച്ചി പൊയ്ക്കോളു.. നാളേക്ക് റെഡിയാണ്.. “‘

അവർ പോയതും യദു വേണുവിന്റെ മുഖത്തേക്ക് നോക്കി.

“”വേണുവേട്ടൻ എന്നിൽ നിന്നും എന്തൊക്കെയോ മറയ്ക്കുന്നു.. എന്തിനാ അത്.. “”

‘”ഞാൻ ഇനി ഒന്നും മറയ്ക്കുന്നില്ല.. എല്ലാം പറയാം.. “”

ഒരു നിമിഷം കസേരയിലേക്ക് തല ചായ്ച്ചു വച്ച് വേണു കണ്ണടച്ചിരുന്നു

“”ചെറുപ്പം മുതൽ കൂടിയതാ ഞാൻ മാധവേട്ടന്റെ കൂടെ കൂലി കണക്കാക്കി തരുന്ന ശീലം മാധവേട്ടനില്ല.. എന്തും കണ്ടറിഞ്ഞു തരും ചേച്ചിയും നല്ല സ്ത്രീയായിരുന്നു. ഒറ്റ മോൾ….. തുളസി… അവൾ എന്നെ മാമൻ എന്നാണ് വിളിക്ക്യാ… ഞാൻ അവളുടെ ആരും ആയീട്ടല്ല… ആ കുട്ടി അങ്ങനെ വിളിച്ചു ശീലിച്ചു.

അവൾ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു… നീ അവിടെ പണി പഠിക്കാൻ വരുന്നത്.. “”

യദുവിന്റെ മനസ്സിൽ ഒരു നിമിഷം കുട്ടിയുടുപ്പിട്ട കുസൃതീ കാരിയുടെ മുഖം തെളിഞ്ഞു. ഒരിടത്തും ഒരു മിനിറ്റിൽ കൂടുതൽ ഇരിക്കില്ല.. ഇങ്ങനെ പാറി പറന്നൊണ്ടെ ഇരിക്കും..

“‘ഒരു ദിവസം അവൾ നിന്റടുത്തു പറഞ്ഞു.. നീ ഓർക്കുന്നുണ്ടോന്നറിയില്ല വലുതാവുമ്പോൾ യദുവേട്ടൻ എന്നെ കല്ല്യാണം കഴിക്കോ എന്ന്.. “”

“”ഉവ്വ് ഞാൻ ഓർക്കുന്നുണ്ട്.. എന്തൊക്കെയോ പറയുന്ന കൂട്ടത്തിൽ പറഞ്ഞതാണ്.. പറയുന്നതിന്റെ അർത്ഥം അറിഞ്ജീട്ടൊന്നും അല്ല.. “”

“”അതെ… പക്ഷെ അന്ന് മാധവേട്ടൻ പറഞ്ഞു. ന്റെ മോള് വല്ല്യ കുട്ടിയാവുമ്പോൾ അന്നും ഈ ഇഷ്ട്ടം ഉണ്ടെങ്കിൽ അച്ഛൻ നടത്തി തരും എന്ന്. അവൾ വലുതാവുന്നതോടൊപ്പം അവളുടെ ഇഷ്ടവും വളർന്നു. ആരോടും അറിയിക്കാതെ.. ആ സമയത്തു ആണ് അമ്മക്ക് സുഖമില്ലാതെ നീ കടയിൽ നിന്നും പോകുന്നത്..പിന്നെ നിന്നെ കുറിച്ച് ഒരു അറിവും ഇല്ല.. അന്വേഷിക്കാൻ നേരം ഉണ്ടായില്ല എന്നതാണ് സത്യം ഏതാണ്ട് ആ സമയത്തു ആണ് മാധവേട്ടന്റെ ഭാര്യ മരിക്കുന്നതു. പെട്ടെന്ന് കുഴഞ്ഞു വീണ് മരിക്ക്യാരുന്നു. അന്ന് തുളസി മോള് പ്ലസ് ടു വിന് പഠിക്ക്യാ.. പിന്നെ അവരുടെ ജീവിതം കാണുന്നവർക്ക് ഒരു വേദനയായിരുന്നു മകൾക്കു വേണ്ടി ആ മനുഷ്യൻ തളരാതെ നിന്നു. കാലത്ത് അച്ഛനും മോളും കൂടി വീട്ടിലെ ജോലിയെല്ലാം തീർത്തു ഉച്ചക്കുള്ള ഭക്ഷണവുമായി കടയിലെത്തും. കോളേജിൽ പോകുന്നത് വരെ അവൾ അച്ഛനെ സഹായിക്കും. ചെറിയ ചെറിയ ഡ്രസ്സ് ഒക്കെ മാധവേട്ടനോട് ചോദിച്ച് അവൾ തൈക്കാൻ തുടങ്ങി. ഹെമിങ് ചെയ്യാനും ഇസ്തിരിയിടാനും അവളുടെ സഹായം കൂടി ആയപ്പോൾ മാധവേട്ടൻ ഒന്ന് ഉണർന്നു. പതുക്കെ പതുക്കെ അളവ് എടുക്കാനും കട്ട്‌ ചെയ്യാനും അവൾ പഠിച്ചു.. ഒപ്പം പഠന കാര്യത്തിലും അവൾ പിന്നിലല്ലായിരുന്നു.

തുണികൾ കട്ട്‌ ചെയ്യുന്നതിനിടയിൽ പാഠഭാഗങ്ങൾ വായിച്ചു പഠിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി ഇരുന്നീട്ടുണ്ട്. രാത്രി പത്തുമണിയാവും രണ്ടുപേരും വീട്ടിൽ പോകാൻ. രാത്രിയിലേക്ക് ഉള്ള ഭക്ഷണം ഉണ്ടാക്കി ഫ്രിഡ്ജിൽ വച്ചീട്ടാ കാലത്തു വരുന്നത്.. രാത്രി ചെന്നാൽ കുളിക്ക്യാ ഭക്ഷണം ചൂടാക്കി കഴിക്ക്യാ..

അങ്ങനെ ദിവസങ്ങൾ ഓരോന്നും കടന്നു പോകുന്നതിനു ഇടയിലാണ് പെട്ടെന്ന് ഒരു ദിവസം ഒരു വശം തളർന്ന് മാധവേട്ടൻ കിടപ്പിലായതു. തുളസി മോൾക്കു കിട്ടിയ രണ്ടാമത്തെ ഷോക്ക് ആയിരുന്നു അത്.

ചികിത്സ കൊണ്ടൊന്നും ഫലം ഇല്ലെന്നും കിടക്കുന്നിടത്തോളം കിടക്കട്ടെ എന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ ആ വിധിയെയും സന്തോഷത്തോടെ സ്വീകരിച്ചു ആ അച്ഛനും മകളും.

മോളുടെ പി ജി എക്സാം കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു..

തളർന്നു പോയ അച്ഛനെ ഒരു മൂലയ്ക്ക് കിടത്താൻ ആ മകൾ തയ്യാറല്ലായിരുന്നു.

കടയുടെ ഉള്ളിൽ ഒരു ചെറിയ കട്ടിലിടാൻ പാകത്തിൽ ഒരു മുറി ഒരുക്കി. പുറത്തേക്കു വാതിൽ വെട്ടി ഒരു വാഷ്‌റൂം സെറ്റ് ചെയ്തു.

കാലത്ത് അച്ഛനും മോളും കൂടി ചെയ്തിരുന്ന പണികളെല്ലാം അവൾ ഒറ്റയ്ക്ക് ചെയ്തു. അച്ഛനെ കുളിപ്പിച്ച് ഭക്ഷണം കൊടുത്തു റെഡി ആവുമ്പോഴേക്കും ഞാൻ ഓട്ടോയിൽ ചെല്ലും രണ്ടുപേരും ഓട്ടോക്കാരനും ചേർന്ന് മാധവേട്ടനെ എടുത്ത് ഓട്ടോയിൽ കയറ്റും. പിന്നെ രാത്രി വീട്ടിൽ പോകുന്ന വരെ അതാണ്‌ അവരുടെ ലോകം.

എത്ര കാലം വേണമെങ്കിലും എന്റെ അച്ഛനെ ഞാൻ നോക്കും.. ആയുസ് തന്നാൽ മതി ദൈവം…. അങ്ങനെ എന്റെ കുട്ടി പറയാറ്..

തുളസി മോള് കട ഏറ്റെടുത്തതിന് ശേഷം എന്നും തിരക്കായിരുന്നു.. പോയ പണി ഒരിക്കലും റി സ്റ്റിച്ചിങ്ങിനു വന്നീട്ടില്ല.

തന്റെ മോളുടെ ജീവിതം ഇങ്ങനെ ആയല്ലോ എന്നോർത്ത് മാധവേട്ടന് നല്ല വിഷമം ഉണ്ടായിരുന്നു. പക്ഷെ തുളസി മോളിൽ ഞാൻ ഒരിക്കലും ആ വിഷമം കണ്ടതേയില്ല.

ജോലി തിരക്കിനിടയിലും അവൾ പഠിച്ചു നെറ്റ് എക്സാം പാസ്സായി. പിന്നെ പി എസ് സി എഴുതി എടുക്കാൻ ഉള്ള പരിശ്രമം ആയി.

മോളുടെ കല്യാണം കഴിഞ്ഞ് കാണണം എന്നുള്ള ആഗ്രഹം മാധവേട്ടനിൽ ഉണ്ടാകുന്നത് ആ സമയത്താണ്. അന്വേഷിക്കട്ടെ എന്ന് അവളോട്‌ ചോദിച്ചപ്പോഴാണ് അവൾ നിന്നെ കുറിച്ച് പറയുന്നത്

യദുവേട്ടന്റെ കല്യാണം കഴിഞ്ഞീട്ടില്ലെങ്കിൽ അച്ഛന് സമ്മതമാണെങ്കിൽ എനിക്ക് അതു മതിയച്ചാ.. അവന്റെ കല്യാണം കഴിഞ്ഞതാണെങ്കിലോ.. എന്ന് അദ്ദേഹം ചോദിച്ചപ്പോൾ ഒരു ചിരിയായിരുന്നു അവളുടെ മറുപടി.. ചെറുതിലെ ഇഷ്ട്ടം ന്റെ കുട്ടി ഇപ്പോഴും വിട്ടില്ലല്ലെ.. എന്നു പറഞ്ഞ് അദ്ദേഹവും ചിരിച്ചു.

നിന്നെ കുറിച്ച് അന്വേഷിക്കാൻ എന്നെ ഏല്പിച്ചു. കണ്ണടയുന്നതിനു മുന്നേ നിന്റെ കൈകളിൽ അവളുടെ കൈ ചേർത്ത് വക്കാൻ അദ്ദേഹം ഒരുപാട് കൊതിച്ചു.

പലയിടത്തും അന്വേഷിച്ചു എങ്കിലും നിന്നെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല.

മോളുടെ കഷ്ടപ്പാടിനു ഫലം കണ്ടു.. കുറച്ച് ദൂരെയുള്ള കോളേജിൽ പി എസ് സി വഴി നിയമനം കിട്ടി.

മാധവേട്ടന് ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നു അത്.

കടയിൽ കട്ടിങ്നും സ്റ്റിച്ചിങ്ങിനും ആയി പുതിയ രണ്ടു പേരെ എടുത്തു. മോള് പോയാൽ പിന്നെ അദ്ദേഹത്തിന്റെ കാര്യങ്ങൾ ഞാൻ തന്നെ ആയിരുന്നു ചെയ്തിരുന്നത്.

ആദ്യത്തെ ശമ്പളം കൊണ്ടു വന്ന് മോൾ മാധവേട്ടന്റെ കയ്യിൽ കൊടുത്തു.

അതും വാങ്ങി കണ്ണിൽ വയ്ക്കുന്ന കണ്ടു. പിന്നെ കാണുന്നത് ആ നോട്ടു കേട്ട് കയ്യിൽ നിന്നും ഊർന്നു താഴെ വീഴുന്നതാ… “”

ഒരു നിമിഷം വേണു കണ്ണുകൾ ഇറുക്കി അടച്ചിരുന്നു. യദുവിന്റെ കണ്ണുകളും പുകയുന്നുണ്ടായിരുന്നു.

“”മാധവേട്ടന്റെ കർമങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ മോൾ എന്നോട് ചോദിച്ചു. വേണുമാമന് കട നടത്താൻ കഴിയുമെങ്കിൽ നടത്തിക്കോ എനിക്കിനി വയ്യെന്ന്..

എനിക്കും വയ്യായിരുന്നു.

കട ഒഴിവാക്കികൊടുത്ത് മോൾ ഹോസ്റ്റലിലേക്ക് താമസം മാറ്റി.

അങ്ങനെ ഫ്രീ ആയപ്പോൾ ഞാൻ നിന്നെ തേടി പിടിച്ചു. അമ്മയുടെ ചികിത്സക്ക് വേണ്ടി അമ്മയോടൊത്തു തിരുവനന്തപുരത്ത് സ്ഥിരമാക്കിയതും.. ഒടുവിൽ അമ്മയെ മരണത്തിനു വിട്ടു കൊടുത്തു തനിയെ മടങ്ങിയതും നിന്റെ അമ്മാവന്റെ സുഹൃത്തു പറഞ്ഞാണ് ഞാൻ അറിയുന്നത്.. ഏകാന്തതയുമായി പൊരുത്തപെട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന നീ ഇവിടെ ഒരു കട ഇട്ടീട്ടുണ്ട് എന്നറിഞ്ഞാണ് ഞാൻ ഇവിടെ എത്തിയത്. ഒന്നും നിന്നെ അറിയിക്കേണ്ട എന്നു മോള് പറഞ്ഞത് കൊണ്ടാ ഞാൻ ഒന്നും പറയാതെ ഇരുന്നത്. “”

യദു മെല്ലെ എണീറ്റ്‌ ഗ്ലാസ് ഡോറിൽ ചാരി പുറത്തേക്കു നോക്കി നിന്നു. പുറത്തപ്പോൾ മഴ കനത്തു പെയ്യുകയായിരുന്നു.. ഉള്ളിൽ വേനലിലെ കൊടിയ തീ കാറ്റും.

തുളസി മിസ്സിന് വിസിറ്റ് ഉണ്ട് എന്ന് കേട്ടാണ് തുളസി വിസിറ്റിംഗ് റൂമിൽ എത്തിയത്. ആളെ കണ്ടപ്പോൾ ഉള്ളിൽ ഒരു ആന്തലായിരുന്നു.

കടയിൽ നിന്നുള്ള വഴക്ക് പോരാഞ്ഞിട്ട് ഇവിടെയും വഴക്ക് പറയാൻ വന്നതാണോ..

പുറം തിരിഞ്ഞു നിൽക്കുന്ന യദുവേട്ടന്റെ പിന്നിൽ ചെന്ന് മുരടനക്കി.

മെല്ലെ തിരിഞ്ഞ യദുവേട്ടന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് അവളുടെ ഉള്ളിലും ആധിയായി.

“”പറയാരുന്നില്ലേ എന്നോട് എന്റെ മാധവേട്ടന്റെ മോളാണെന്നു.. വേദനിപ്പിക്കില്ലായിരുന്നു ഞാൻ. “”

“”അപ്പോ എന്നോടല്ല എന്റെ അച്ഛനോടാ സ്നേഹം.. “”

“”കല്യാണം എന്ന ആഗ്രഹം ഇല്ലാത്തതു കൊണ്ട് പ്രണയം എന്ന വികാരം തോന്നിയീട്ടില്ല…. പക്ഷെ ഇപ്പോൾ തോന്നുന്നു.. “”

അവൾ ഒന്ന് പുഞ്ചിരിച്ചു.

“”ചെല്ല് നിന്റേതായ എല്ലാം എടുത്തോ.. നമുക്കിറങ്ങാം.. “”

“”എങ്ങോട്ട്.. “”

“”എന്റെ വീട്ടിലേക്കു.. “”

“”ഞാൻ വരില്ല.. “”

“”എന്തെ. .””

“”വരില്ലെന്ന് പറഞ്ഞാൽ വരില്ല.. യദുവേട്ടൻ പൊയ്ക്കോളു.. “” അതും പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു.

ഒരു നിമിഷം പകച്ചു പോയിരുന്നു അവൻ.. കുന്നോളം ആഗ്രഹിച്ചു ഓടിയെത്തിയീട്ടു ഒടുക്കം… അവൻ മെല്ലെ തിരിഞ്ഞു ഇങ്ങനെ പറയുമെന്ന് കരുതിയില്ല.. കൂടെ വരുമെന്ന് കരുതി.. നടക്കുമ്പോൾ അവൻ പിറു പിറുക്കുന്നുണ്ടായിരുന്നു.

“”അതേ ഒന്ന് നിന്നേ.. “”

അവൻ മെല്ലെ തിരിഞ്ഞു. അവൾ ഇങ്ങോട്ട് നടന്നു വരുന്നു.

“”ഇന്നു വരില്ലെന്നാ പറഞ്ഞത്.. നാളെ രാവിലെ വാ.. ഒരു താലിയും കൊണ്ട്.. ഏതെങ്കിലും അമ്പലത്തിൽ വച്ച് അതെന്റെ കഴുത്തിൽ കെട്ടി താ.. ഞാൻ വരും കൂടെ.. ഈ ലോകത്തിന്റെ ഏതറ്റത്തേക്കും.. “”

പിന്നെ അവൻ ഒന്നും നോക്കിയില്ല.. വലിച്ചിടുകയായിരുന്നു അവളെ തന്റെ നെഞ്ചിലേക്ക്..

പെട്ടെന്ന് ഉണ്ടായ നീക്കത്തിൽ മനസ് ഒന്ന് പതറി എങ്കിലും അടുത്ത നിമിഷം അവൾ അവനെ ഗാഢമായി പുണർന്നു കഴിഞ്ഞിരുന്നു..

അവൻ അവളുടെ മുഖം പിടിച്ചുയർത്തി നെറ്റിയിൽ അവന്റെ സ്നേഹത്തിന്റെ പ്രണയത്തിന്റെ ആദ്യ മുദ്ര ചാർത്തി.

പുറത്തു തുലാമാസ പേമാരി തകർത്ത് പെയ്യുകയായിരുന്നു.

✍️ശാലിനി ഇ എ

Leave a Reply

Your email address will not be published. Required fields are marked *