രചന : -Savitha Sunil
എന്താടി രമണി പലഹാരപൊതിയുമായി.
ഇന്ന് ഒരു കൂട്ടർ വരുന്നുണ്ട് ചേച്ചി.
ഓ…. ഇതെങ്കിലും നടക്കുമോ.
അവൾ തല താഴ്ത്തി.ഈറനണിഞ്ഞ മിഴികൾ ആരും കാണാതിരിക്കാൻ അവൾ വേഗത്തിൽ നടന്നു.
എന്റെ കാവിലമ്മേ ഇതെങ്കിലും ഒന്നു നടക്കണേ… അവൾ ഉള്ളുരുകി വിളിച്ചു.
ദേ ചെറുക്കനും കൂട്ടരും എത്തീട്ടോ. എന്റെ മോള് ചെന്ന് ഒരുങ്ങിയിട്ട് വാ..
എനിക്ക് വയ്യ അമ്മേ ഇവരുടെ മുമ്പിലും നാണം കെടാൻ.
എന്റെ മോള് ഇപ്പോ അമ്മ പറയുന്നത് കേൾക്ക്.അവൾ മുറിയിൽ കയറി വാതിലടച്ചു.
ഉടുത്തിരുന്ന ചുരിദാറിന്റെ ഷാൾ അഴിച്ചു മാറ്റി.വലിയ കറുത്ത ചരടിൽ മാറിനോട് ചേർന്നു കിടക്കുന്ന താക്കോൽ കൂട്ടത്തിലേക്ക് അവൾ നോക്കി.മിഴികളിൽ നിന്നും നീർക്കണങ്ങൾ കവിളിലൂടെ ഒഴുകിയിറങ്ങി.
അവൾ ചെന്ന് കട്ടിലിൽ ഇരുന്നു.തന്റെ നശിച്ച ജീവിതത്തെ അവൾ ശപിച്ചു. കുഞ്ഞുന്നാളിൽ പനിച്ചു വിറച്ചു കിടന്ന എന്നിലേക്ക് അനുവാദമില്ലാതെ കയറി വന്ന ചുഴലി. പിന്നീട് പലപ്പോഴും ചുഴലിയെന്ന കരിനിഴൽ തന്റെ സന്തോഷങ്ങളെ തല്ലി. സമപ്രായക്കാർ കുളത്തിലും തോട്ടിലും മുങ്ങി നീന്തി തിമിർക്കുമ്പോൾ കുളത്തിലേക്ക് ഒന്ന് ഇറങ്ങാൻ പോലും അനുവാദമില്ലാതെ ഞാൻ അവയെല്ലാം കണ്ടാസ്വദിച്ചു. ആദ്യമെല്ലാം എല്ലാവർക്കും എന്നോട് ഒരു തരം സഹതാപമായിരുന്നു.
പക്ഷേ പിന്നീട് വളരും തോറും താനൊരു പരിഹാസപാത്രമായി മാറാൻ തുടങ്ങി.കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും അശ്രീകരവും രാശിയില്ലാത്തവളും അങ്ങനെ ഒരുപാട് പേരുകൾ തന്റെ അനുവാദമില്ലാതെ തനിക്ക് ചാർത്തി തന്നു.വെള്ളവും തീയും ഞാനും ശത്രുക്കളായി.ചുഴലി വന്ന് പിടയുമ്പോൾ എന്റെ കൈകളിലേക്ക് ഒരു പിടി താക്കോൽ കൂട്ടം വെച്ചു തരും.
അങ്ങനെ ഒരു മഴ കാലത്ത് തിമിർത്തു പെയ്യുന്ന മഴയെ ഒന്ന് പുണരാൻ ഞാൻ വല്ലാതെ കൊതിച്ചു .ദാഹ ജലത്തിനായി കേഴുന്ന വേഴാമ്പലായ് ഞാൻ മാറിയിരുന്നു..യന്ത്രികമായ് ഞാൻ മുറ്റത്തേക്ക് ഇറങ്ങി ചെന്നു. എന്നിലേക്ക് പടർന്നു കയറിയ മഴയെ ഞാൻ ആസ്വദിച്ചു. പ്രണയം പൂത്തുലഞ്ഞ എന്നിലെ ഓരോ അണുവിലേക്കും ഞാൻ മഴയെ വരവേറ്റു.
എന്നിൽ ഇക്കിളി ഉണ്ടാക്കി എന്നിലേക്ക് പടർന്നു കയറിയ മഴയെ തട്ടി തെറിപ്പിച്ചു കൊണ്ട് ഞാൻ മണ്ണിലേക്ക് വീണു.ഞങ്ങളുടെ കൂടിച്ചേരൽ ഇഷ്ട്ടപ്പെടാതെ ആ ചുഴലിയെന്ന കറുത്ത സർപ്പം എന്നെ ചുറ്റി വരിഞ്ഞു.ഒരു താക്കോൽ കൂട്ടം കിട്ടാതെ ഞാൻ ആ മണ്ണിലേക്ക് കൂടുതൽ ഇഴകി ചേർന്നു.
എന്നാൽ മണ്ണിനു വിട്ടുകൊടുക്കാതെ മഴയെന്നെ വീണ്ടും പുൽകി കൊണ്ടിരുന്നു.അവർക്ക് രണ്ടു പേർക്കും വിട്ടുകൊടുക്കാതെ ചുഴലിയും എന്നിൽ വലിഞ്ഞു മുറുകി.
അടുക്കളയിൽ നിന്നും മുറ്റത്തേക് വന്ന മുത്തശ്ശി നിലവിളിയോടെ ഓടിയെത്തി.അന്നു മുതൽ മുത്തശ്ശി കണ്ട ഒരു ഉപയാമാണ് ഈ ചരടിന്റെ അറ്റത്തു കെട്ടിയ താക്കോൽ കൂട്ടം.സത്യത്തിൽ പിന്നീട് പലപ്പോഴും ഈ താക്കോൽ കൂട്ടം എന്റെ ജീവൻ രക്ഷിച്ചു.പക്ഷേ വീണ്ടും എനിക്ക് ഒരു പുതിയ പേര് വീണു താക്കോൽ.
എല്ലാ പരിഹാസങ്ങളെയും ഒരു പുഞ്ചിരിയിൽ ഒതുക്കി മുന്നേറി.പഠനവും പാതി വഴിയിൽ മുടങ്ങി. ദൂരെ കോളേജിൽ പോകാൻ ആര് കൂട്ടു വരും.ചുഴലി വന്ന് എന്തെങ്കിലും സംഭവിച്ചാൽ…..അങ്ങനെ എല്ലാം നിഷേധിക്കപ്പെട്ടവളായി ഞാൻ……..ഇതുവരെ വന്ന എല്ലാ വിവാഹലോചനകളും ചുഴലി കാരണം മുടങ്ങി പോയി.വാതിലിൽ മുട്ടുന്ന ശബ്ദം അവളെ ചിന്തയിൽ നിന്നും ഉണർത്തി…അവൾ പതിയെ പോയി വാതിൽ തുറന്നു.
മോളെ നീ ഇതുവരെ ഒരുങ്ങിയില്ലേ..അവൾ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു.
ഇതാ ഈ ഷാൾ ഇട്.അവൾ ഒന്നും മിണ്ടാതെ ചായയുമായി നടന്നു.നടക്കുമ്പോൾ അവളുടെ താക്കോൽ കൂട്ടം കിന്നാരം പറയുന്നത് കേൾക്കാമായിരുന്നു.ചായ കൊടുത്ത് ഒന്നും മിണ്ടാതെ അവൾ മുറിയിലേക്ക് പോയി.പുറത്തേക്ക് നോക്കി നിറഞ്ഞ കണ്ണുകളെ നിയന്ത്രിക്കാൻ മറന്നു നിന്നു.പിന്നിൽ കാലടി ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ.
ചെറുക്കൻ മുന്നിൽ.
ഇതെന്താ കരയുകയാണോ.
അവൾ അവനെ നോക്കാതെ പറഞ്ഞു തുടങ്ങി.എനിക്ക് ഈ വിവാഹത്തിന് ഇഷ്ട്ടമല്ല.നിങ്ങൾക്ക് പോകാം.
കാരണം…..
അവൾ മൗനം പാലിച്ചു.തോളിൽ ഒരു കൈ പതിഞ്ഞപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു.ഇയാൾക്ക് എന്നെ ഇഷ്ട്ടമല്ലെന്ന് പറഞ്ഞത് നുണയാണെന്ന് എനിക്ക് അറിയാം.മാറിനോട് ചേർന്നു കിടന്ന താക്കോൽ കൂട്ടമെടുത്ത് അവൻ തുടർന്നു.
എനിക്ക് എല്ലാം അറിയാം. ഇതെ പോലൊരു താക്കോൽ കൂട്ടാവുമയാണ് എന്റെ അമ്മയും ജീവിച്ചത്.നിന്നെ കുറിച്ച് ബ്രോക്കർ പറഞ്ഞപ്പോഴേ ഞാൻ തീരുമാനിച്ചതാ ഇനിയങ്ങോട്ട് എന്റെ ജീവിതത്തിൽ നീ മതിയെന്ന്.ഏല്ലാവർക്കും ഈ വിവാഹത്തിന് സമ്മതമാണ്. ഇനി നിനക്ക് തീരുമാനിക്കാം.
അവൾ രണ്ടു കൈ കൊണ്ടും മുഖം പൊത്തി കരഞ്ഞു.അവൻ അവളുടെ കൈകൾ വിടർത്തി.അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.അവന്റെ കരങ്ങൾ അവളെ ഇറുക്കി പുണർന്നു.അവർക്കിടയിൽ ആ താക്കോൽ കൂട്ടവും ഞെരിഞ്ഞമ്മർന്നു…………
രചന : -Savitha Sunil