രചന : Prabha Narayan
“ഹരി എടാ ഹരീ”
അമ്മയുടെ വിളി കേട്ടാണ്ഞെട്ടിയുണർന്നത് . രാത്രി വളരെ ഏറെ വൈകി ആണ് ഉറങ്ങിയത്. ഇന്ന് തൻറെ വിവാഹമാണ് . സുന്ദരിയും സമ്പന്നയും ആയ സോന ആണ് വധു. വരാനിരിക്കുന്ന ദിവസങ്ങളിൽ അവളുമൊത്തുള്ള സുന്ദര നിമിഷങ്ങൾ ആണ് മനസ്സുനിറയെ. വേഗം കുളിച്ചു വരന്റെ വേഷം ധരിച്ചു. അമ്മ മുറിയിലേക്ക് വന്നു .
“ഹരീ . മുഹൂർത്തത്തിന് ഒരു മണിക്കൂർ മുൻപ് അവിടെ എത്തണം എന്ന് സോനയുടെ അച്ഛൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. അവർക്ക് എന്തോ ചടങ്ങ് ഉണ്ടെന്ന് “..
°ശരി അമ്മേ°
ഞാൻ റെഡിയായി ഇറങ്ങി. പുറത്തു കിടക്കുന്ന വാഹനങ്ങൾ ഓരോന്നായി പുറപ്പെട്ടു . ഞാൻ ഫ്രണ്ട്സിന്റെ കൂടെ അവരുടെ കാറിൽ കയറി .
പോകുന്ന വഴിക്ക് അവരുടെ കളിയാക്കലുകൾ .നാണവും സന്തോഷവും കൊണ്ട് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല രണ്ടുമണിക്കൂർ യാത്ര . എത്രയും വേഗം എത്താൻ മനസ്സ് കൊതിക്കുന്നു. പെണ്ണുകാണലിനും അതിനുശേഷം ഇടയ്ക്ക് ഫോണിലൂടെയും സംസാരിച്ചിട്ടുണ്ട് .കുറച്ചു ഗൗരവക്കാരി ആണെന്ന് തോന്നി. ഇനി അടുത്ത ലീവിന് വരുമ്പോൾ അവളെയും കൂടെ കൊണ്ടുപോകണം. ചിന്തകളിൽ മുഴുകി മണ്ഡപത്തിൽ എത്തിയത് അറിഞ്ഞില്ല .
സോനയുടെ അച്ഛനും അമ്മാവനും സ്വീകരിക്കാൻ ഉണ്ടായിരുന്നു. ബന്ധുമിത്രാദികളുടെ കൂടെ അകത്തേക്ക് നടന്നു നിമിഷങ്ങൾ യുഗങ്ങൾ പോലെ തോന്നി.
അല്പസമയത്തിനുശേഷം ലളിതമായി ഒരുങ്ങി വധു എത്തി . സാധാരണ സർവ്വാഭരണ വിഭൂഷിതയായി കാണുന്ന പെണ്ണിനേക്കാൾ ഇതാണ് കൂടുതൽ ഭംഗി നമ്രമുഖിയായി വരുമെന്നാണ് കരുതിയത് .പക്ഷേ അവൾ മുഖം ഉയർത്തിപ്പിടിച്ചു തന്നെയാണ് അരികിൽ വന്നു നിന്നത്.താലികെട്ടും മുൻപുതന്നെ വിറയൽ തുടങ്ങിയോ എന്ന് സംശയം. പെട്ടെന്നാണ് അവളുടെ ചോദ്യം
“താൻ എന്താണ് ഇവിടെ നിൽക്കുന്നത് .എൻറെ ഭർത്താവ് ആകാൻ പോകുന്ന ആളല്ലേ ഇവിടെ വേണ്ടത് “..
ഞാൻ ഞെട്ടലോടെ അറിയാതെ നീങ്ങി നിന്നു.
“ഇവൾക്ക് എന്താ പറ്റിയത്. എന്തെങ്കിലും മാനസിക പ്രശ്നം ആയിരിക്കുമോ. ഈ സമയത്ത് ഒരു പെണ്ണും ഇങ്ങനെ തമാശ പറയില്ലല്ലോ”..
കല്യാണത്തിൽ പങ്കെടുക്കാൻ വന്നവർ മുഖാമുഖം നോക്കി പിറുപിറുത്തു .
അപ്പോൾ വീണ്ടും അവളുടെ ശബ്ദം. .
“എല്ലാവരും ക്ഷമിക്കണം .കല്യാണ വേഷംകെട്ടി വന്നിരിക്കുന്ന ഇയാൾ ഒരു ചതിയൻ ആണ്. പാവപ്പെട്ട ഒരു സ്ത്രീയെ സ്നേഹം അഭിനയിച്ചു വഞ്ചിച്ചവൻ. രണ്ടു ദിവസം മുൻപാണ് ഞാനും വീട്ടുകാരും ഈ വിവരം അറിഞ്ഞത്. ഇയാൾ ആ സ്ത്രീക്ക് അയച്ച മെസ്സേജുകളും ഫോട്ടോസും എല്ലാം കണ്ടു .ജീവിതത്തിൽ ഒരുപാട് വേദനകൾ അനുഭവിച്ചു ഒരു സ്ത്രീയെ ഈ മനുഷ്യൻ സ്നേഹം വാരിക്കോരി നൽകി പ്രലോഭിപ്പിച്ചു.പക്ഷേ അവർ ഓരോ കാര്യങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.ഇയാൾ പിന്തിരിയാൻ തയ്യാറായില്ല .സ്നേഹം കിട്ടാൻ കൊതിച്ചിരുന്ന അവൾ ഒടുവിൽ ആ അഭിനയത്തിൽ എല്ലാം മറന്നു .നീയില്ലെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ല എന്ന് കേട്ടപ്പോൾ അവൾക്ക് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല .ഏതൊരു പെണ്ണും ആഗ്രഹിക്കുന്നതുപോലെയും വിശ്വസിക്കുന്നത് പോലെയും ഉള്ള മെസ്സേജുകളും സംസാരങ്ങളും ആയിരുന്നു. ഈ ദുഷ്ടന്റെ.. വർഷങ്ങൾ കഴിഞ്ഞപ്പോൾ അവളെ മടുത്ത ഇയാൾ അവോയ്ഡ് ചെയ്തുതുടങ്ങി. അതു മനസ്സിലാക്കിയ അവൾ സ്വയം അകന്നുമാറി ആ അവസരം മുതലാക്കി വേറെ നല്ല ബന്ധം അന്വേഷിച്ചു. കൊണ്ടിരുന്നപ്പോഴാണ് . എന്നെ കുറിച്ച് അറിഞ്ഞത് . മറ്റൊരു പെണ്ണിന്റെ ഭർത്താവാകാൻ പോകുമ്പോഴും ചതിയിൽ പെടുത്തി ജീവിതം നശിപ്പിച്ച അവളെക്കുറിച്ചുള്ള കുറ്റബോധമോ സങ്കടമോ ഇയാളുടെ മുഖത്തില്ല . എന്നെ മടുക്കുമ്പോൾ പുതിയ ആളെ തേടി ഇനിയും പോകാം. അവളുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ സ്ത്രീ എന്നാൽ സ്നേഹിക്കാനും സഹിക്കാനും മാത്രം ഉള്ള കളിപ്പാവ അല്ലെന്ന് മനസ്സിലാക്കിച്ചു കൊടുത്തേനെ”.
.സോന പറഞ്ഞു നിർത്തുമ്പോൾ അവളുടെ കണ്ണുകൾ കനലുകൾ പോലെ എരിയുന്നുണ്ടായിരുന്നു. എല്ലാവരും ഒരു കഥ കേൾക്കുന്ന അമ്പരപ്പിൽ നിർന്നിമേഷരായി നിന്നു.
അടുത്തത് അവളുടെ അച്ഛൻറെ ഊഴമായിരുന്നു.. അയാൾ പറഞ്ഞു.
” ഞങ്ങൾക്ക് ഇതെല്ലാം അറിഞ്ഞപ്പോൾ വിവാഹം വേണ്ടെന്ന് വെക്കാമായിരുന്നു പക്ഷേ അങ്ങനെയാണെങ്കിൽ ഇവനെ പോലെ ഉള്ളവരെ ആരും അറിയാൻ പോകുന്നില്ല .ഇനി ഒരു പെണ്ണിനേയും ചതിക്കരുത് അതുകൊണ്ടാണ് ഇവിടം വരെ എത്തിച്ചത്”..
അവളുടെ വിവാഹം സഹോദരിയുടെ മകൻ ദേവനുമായി നിശ്ചയിച്ച മുഹൂർത്തത്തിൽ നടക്കും. “എൻറെ മകളെ ദേവന് കൊടുക്കാമോ” എന്ന് സഹോദരി ചോദിച്ചപ്പോൾ ജോലിയും ശമ്പളവും ചെറുതായതിന്റെ പേരിൽ നിരസിക്കുകയാണ് ചെയ്തത്.. അവനേക്കാൾ വരുമാനമുള്ള ഒരു പ്രവാസിയുടെ ആലോചന വന്നപ്പോൾ അത് ഉറപ്പിച്ചു. ചെറുക്കനെ കുറിച്ച് അന്വേഷിച്ചപ്പോൾ മോശം അഭിപ്രായം ആരും പറഞ്ഞില്ല.
“ആത്മാർത്ഥതയും സൽസ്വഭാവവും ഉള്ള തനിതങ്കം കയ്യിൽ ഉണ്ടായിട്ടും ഇവനെ പോലെയുള്ള കാക്ക പൊന്നിനെ തിരഞ്ഞെടുത്തതിൽ ലജ്ജ തോന്നുന്നു”..
അനങ്ങാൻ കഴിയുന്നില്ല. ചുറ്റും തന്നെ അവജ്ഞയോടെ നോക്കുന്ന കണ്ണുകൾ മാത്രം. തൻറെ വീട്ടുകാർ അപമാനഭാരത്താൽ തലകുനിച്ച് ശില പോലെ നിൽക്കുന്നു.
അയാൾ പറഞ്ഞു നിർത്തിയിട്ട് പിന്നിലേക്ക് നോക്കി വിളിച്ചു.
“മോനെ ദേവാ . ഇവിടെ വരൂ”
സുന്ദരനും സുമുഖനുമായ ദേവൻ പതിയെ നടന്നു വന്ന് അവളോട് ചേർന്നു നിന്നു.
ഇതെല്ലാം സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നറിയതെ പകച്ചുനിൽക്കുകയാണ് താൻ.
സോനയുടെ അച്ഛന്റെ ഇടിവെട്ടും പോലെയുള്ള ശബ്ദം കേട്ടപ്പോഴാണ് ബോധം ഉണ്ടായത്.
“എന്ത് കാണാൻ നിൽക്കുവാണെടാ നാണം കെട്ടവനേ. ഇറങ്ങി പോടാ. ഒരു മണിക്കൂർ മുൻപ് നിങ്ങളോട് വരാൻ പറഞ്ഞത് നിൻറെ വീരകഥകൾ പറഞ്ഞു കേൾപ്പിക്കാൻ വേണ്ടിയാണ്. ഇനി ഒരു നിമിഷം ഇവിടെ നിൽക്കരുത് . ഈ ചടങ്ങ് നടക്കുമ്പോൾ നിന്നെപ്പോലെയുള്ളവൻ അപശകുനം ആണ്”..
ഭൂമി പിളർന്നു താഴ്ന്നു പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. തലതാഴ്ത്തി ഇറങ്ങും മുൻപേ കൂടെ വന്നവരെല്ലാം വണ്ടികളിൽ കയറി തുടങ്ങിയിരുന്നു എങ്ങനെയാണ് വീട്ടിലെത്തിയത് എന്ന് അറിഞ്ഞില്ല. പടികയറുമ്പോൾ അമ്മയുടെ വാക്കുകൾ ആണ് കേട്ടത്.
“ഞങ്ങളെ കൊല്ലാമായിരുന്നില്ലേ നിനക്ക്. ഇതുപോലൊരു ദുഷ്ടനെ ആണോ മകനാണെന്ന് കരുതിയത്. പെണ്ണിൻറെ ശാപം പേറി ജീവിക്കുന്ന ഈ അസുരവിത്തിനെ ഞങ്ങൾക്ക് ഇനി കാണണ്ട”..
പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മ അകത്തേക്ക് പോയി . അച്ഛനെ അവിടെയൊന്നും കണ്ടില്ല യാന്ത്രികമായി മുറിയിൽ ചെന്ന് കിട്ടിയതൊക്കെ ബാഗിൽ കുത്തിനിറച്ച് വേഗം പുറത്തിറങ്ങി . കൂടപ്പിറപ്പിനെ നോക്കാനുള്ള ശക്തിയില്ലായിരുന്നു .
ഹരി ഓർമകളിൽനിന്ന് തിരിച്ചുവന്നു. അന്ന് വീടുവിട്ടിറങ്ങി. പുതിയൊരു രാജ്യം പുതിയ ജോലി. യാന്ത്രികമായി ജീവിക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷങ്ങൾ .
മീനു ഹരിയുടെ ജീവനായിരുന്നു. തിരിച്ചും അങ്ങനെ തന്നെ. അന്നൊക്കെ എത്ര സന്തോഷത്തോടെയാണ് ജീവിച്ചത്. ഇതിനു വേണ്ടിയാണോ താൻ മീനുവിനെ ഉപേക്ഷിച്ച് മരുപ്പച്ച തേടി പോയത് . കയ്യിലിരുന്നത് നഷ്ടപ്പെടുത്തി പറക്കുന്നതിനെ പിടിക്കാൻ പോയവന്റെ പരാജയം ആണ് ഇപ്പോഴുള്ള അവസ്‌ഥ. സ്നേഹം മാത്രം ആഗ്രഹിച്ച അവളുടെ മനസ്സിലെ വേദനയുടെ ശാപം അനുഭവിച്ചുകൊണ്ടിരിക്കുന്നു .
അവൾ പലപ്പോഴും പറയുമായിരുന്നു . “എന്നെങ്കിലും സ്നേഹം കിട്ടാതെ ഒറ്റപ്പെട്ടു കഴിയുമ്പോൾ ഉള്ള നീറ്റൽ എന്താണെന്ന് അത് അനുഭവിക്കുമ്പോഴേ മനസ്സിലാകൂ ” എന്ന്. അത് കേൾക്കുമ്പോൾ താൻ കളിയാക്കി ചിരിക്കുമായിരുന്നു. അവൾ ഉണ്ടായിരുന്നെങ്കിൽ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കാമായിരുന്നു . എല്ലാം ക്ഷമിച്ച് അവൾ കൂടെ ഉണ്ടാകുമായിരുന്നു .
നാട്ടിലുള്ള ഒരു സുഹൃത്ത് വഴിയാണ് വീട്ടുകാരുടെ വിശേഷങ്ങൾ അറിയുന്നത്. ഇവിടെ വന്ന് കുറച്ചു നാളുകൾക്കുശേഷം സുഹൃത്തിനോട് പറഞ്ഞു അവളെക്കുറിച്ച് അന്വേഷിച്ചിരുന്നു. പക്ഷേ ഒരുപാട് വൈകി . സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിവെച്ചു അവൾ ഈ ലോകത്ത് നിന്ന് യാത്രയായി. അവളുടെ ചിരിയും സ്നേഹവും ഒന്നും ഇനി തിരിച്ചു കിട്ടില്ലെന്ന സത്യം മനസ്സിനെ ചുട്ടുപൊള്ളിക്കുന്നു.
“എനിക്ക് വേറൊന്നും വേണ്ട കുറച്ച് സ്നേഹം തരാമോ ” എന്ന അവളുടെ ചോദ്യം തൻറെ മരണം വരെ വേട്ടയാടി കൊണ്ടിരിക്കും. അതോർത്ത് ഹരി ഇടനെഞ്ചു പൊട്ടി കരയുമ്പോൾ സ്വന്തം മനസ്സാക്ഷി പോലും പുച്ഛിക്കുന്നതായി തോന്നി.
രചന : Prabha Narayan