രചന:-മുഹമ്മദ് ഫൈസൽ ആനമങ്ങാട്
എനിക്ക് കിട്ടിയ ചുമ്പനം
“”സേട്ടാ… എത്തറ പൈസ ആയി””.. ആ ഹിന്ദിക്കാരൻ എന്നോട് ചോദിച്ചു.ചോദിച്ചു. ഞാൻ ചിരിച്ചു.
“ഹിന്ദിക്കാരൻ ഇവിടെ കൊറേ വർഷങ്ങൾ ആയി എന്ന് തോന്നുന്നു. കുഴപ്പമില്ലാതെ മലയാളം പറയുന്നുണ്ട്. മാത്രമല്ല.സ്ഥിരം കസ്റ്റമറാണ് “. ഞാൻ മനസ്സിൽ പറഞ്ഞു. വൈകുന്നേരം ആണ് സമയം. നല്ല മഴയും പെയ്യുന്നുണ്ട്. ഉപ്പ മഗ്‌രിബ് നിസ്കരിക്കാൻ പോയിട്ട് തിരിച്ചു വരാൻ പറ്റാതെ പള്ളിയിൽ കുടുങ്ങിയിരിക്കുകയാണ്.
ബംഗാളി ചെറുക്കൻ രണ്ട് ജീൻസ് പാന്റ്, രണ്ട് ഷർട്ട്, രണ്ട് ടി ഷർട്ട് എല്ലാം എടുത്തു വെച്ചിട്ടുണ്ട്.
“”നിക്ക് ബായ്.. ബില്ലടിക്കട്ടെ””.. ഞാൻ പറഞ്ഞു. ഞാൻ ഓരോന്നായി എടുത്ത് ബില്ലടിച്ചു. “”രണ്ടായിരത്തി തൊള്ളായിരം ഉറുപ്പ്യ ആയി ബായ്. ഇഞ്ഞി എന്തേലും വാണോ?””.. ഞാൻ ചോദിച്ചു.
“”വേന്റ ബായ്.. ബിള്ള് താ””.. അവൻ പറഞ്ഞു. ഞാൻ ബില്ല് കൊടുത്തു. അവൻ പേഴ്സെടുത്തു പൈസ എണ്ണി നോക്കി. ആ സമയം ഞാൻ സാധനങ്ങൾ കവറിലാക്കി മേശയിൽ വെച്ചു. എന്നിട്ട് അവനെ നോക്കി കൊണ്ട് ക്യാഷ് കൗണ്ടറിൽ ഇരുന്നു. തിരിച്ചും മറിച്ചും അവൻ പൈസ എണ്ണുകയാണ്. ഞാൻ കൗതുകത്തോടെ വായും പൊളിച്ചു അത് നോക്കി നിന്നു.
അവൻ എന്റെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി. ഞാൻ ആശങ്കയോടെയും അവനെ നോക്കി..
“”ബായ്.. പൈസ കൊരച്ചു കൊരവുണ്ട്. ആയിറത്തി അഞ്ചൂറുണ്ട്..ബാക്കി?”” അവൻ നിരാശയോടെ എന്നെ നോക്കി.
ഞാൻ ചിരിച്ചു. “”എന്നാ കൊറച്ചു സാധനം ഇവടെ വെച്ചോ. ഞാൻ മാറ്റി വെക്കാം ബായി.നാളെ പൈസ കൊട്ന്ന് തന്ന്ട്ട് കൊണ്ടോയ്ക്കോ””.. ഞാൻ പറഞ്ഞു.
“”ബായ്.. ഒരു പാന്റും സറട്ടും മേരാ ബായ്ക്ക് ആവസ്യണ്ട്. ബാക്കി പൈസ ഞാളെ തരാം””.. അവൻ പറഞ്ഞു.
ഞാൻ അത്ഭുതം കൂറി അവന്റെ മുഖത്തേക്ക് വിടർന്ന കണ്ണുകളാൽ നോക്കി. ഒരു ഇളം പുഞ്ചിരിയുമായി എന്റെ കനിവ് കാത്ത് അവൻ നിൽക്കുന്നു. ഒരു ഹിന്ദിക്കാരൻ ആദ്യമായി കടം ചോദിക്കുന്നു. കുറേ സ്ഥിരം കസ്റ്റമർ ഹിന്ദിക്കാരായി ഉണ്ടെങ്കിലും ആരും ഇതു വരെ കടം ചോദിച്ചിട്ടില്ല. പൈസ ഇല്ലെങ്കിൽ മാറ്റി വെക്കാൻ പറയും. പിന്നെ എപ്പോഴെങ്കിലും വന്ന് കൊണ്ടു പോകും…ഇതിപ്പോ… എന്ത് ചെയ്യും…ഞാൻ വീണ്ടും അവനെ നോക്കി. അവൻ എന്നെ തന്നേ നോക്കി നിൽക്കുകയാണ്. നീട്ടി വളർത്തിയ മുടി. വെളുത്ത നിറം. നല്ല ഉയരത്തിൽ ഒരു സുന്ദരൻ..ഇവിടെ വാർക്ക പണിക്ക് പോവുന്ന ഒരു ലക്ഷണവും കണ്ടാൽ പറയില്ല..
“”ബായ്.. എന്നെ വിസ്വസിക്ക്.. നാൻ ഇവടെ പാഞ്ച് കൊള്ളമായി ഇണ്ട്. പലസരക്ക് കടയിൽ കടമുണ്ട്. ഹോട്ടേലിൽ കടമുണ്ട്. ആള്കൾക്ക് എന്നെ അരിയും. ബായ്ക്കും അരിയില്ലേ. പൈസാ തന്ന് നാൻ കൊന്റു പോയിറ്റില്ലേ””.. അവൻ പറഞ്ഞു..
“”അതൊക്കെ ശര്യാണ് ബായ്.. ന്നാലും””..ഞാൻ ആലോചിച്ചു. എഴുന്നേറ്റ് പുറത്തേക്ക് ഉപ്പ വരുന്നുണ്ടോ എന്ന് നോക്കി. നല്ല മഴയാണ്. മൂപ്പര് വരുന്ന ലക്ഷണം കാണുന്നില്ല. ഉപ്പ വന്നിട്ടാണെങ്കിൽ കുഴപ്പമില്ല. പറ്റില്ല എന്ന് പറഞ്ഞാൽ സംഗതി കഴിഞ്ഞു.ഇതിപ്പോ ഇവന്റെ മുഖത്ത് നോക്കി പറ്റില്ല എന്നും പറയാൻ പറ്റില്ല. പറ്റും എന്നും പറയാൻ പറ്റില്ല. ഹിന്ദിക്കാരൻ അല്ലേ. അവർ എപ്പോഴാണ് നാട്ടിലേക്ക് മടങ്ങുക എന്നൊന്നും പറയാൻ ആവില്ല. പിന്നെ.. ആരോട് ചോദിക്കും..എവിടെ അന്വേഷിക്കും. ഉപ്പ ചൂടായി തല കൊത്തി പറിക്കും.. ഞാൻ ഇങ്ങനെ ധർമ സങ്കടത്തിലായി.
“”ബായി.. നാൻ കോയ ഹാജി ല്ലേ. ആ ബിൽഡിംങ്കിൽ താമസിക്കുന്നു. നാളെ ജോലി കളിഞ്ഞു വന്നാ ബായിടെ പൈസ നാൻ തറും. ദൈപം സത്യം ബായ്. ഇന്റെ ബായി ഇന്ന് വന്നു. ബേറെ പാന്റ് സറട്ട് ഇല്ല. പിലീസ് ബായ്””.. അവൻ താഴ്ന്നു കൂഴ്ന്നു പറയുകയാണ്. എനിക്കും ചെറിയ സങ്കടമായി. മറു നാട്ടിൽ നിന്ന് അന്നം തേടി വരുന്നതല്ലേ. അത്രക്കും അത്യാവശ്യം ഉള്ളതോണ്ടല്ലേ ഇങ്ങനെ കെഞ്ചുന്നത്. ആയിരത്തിയഞ്ഞൂറ് ഉറുപ്പിയല്ലേ..പോവാണെങ്കി അങ്ങ് പോട്ടെ..ഞാൻ മനസ്സിൽ പറഞ്ഞു.
“”ബായ്.. ബായിടെ പേരും ഫോൺ നമ്പറും താ.. എന്നിട്ട് കൊണ്ടോയ്ക്കോ””.. ഞാൻ പറഞ്ഞു.. ഇത് കേട്ട അവൻ വെളുക്കെ ചിരിച്ചു. അവൻ പേരും ഫോൺ നമ്പറും തന്നു. ആ നമ്പറിലേക്ക് വിളിച്ചു അവന്റെ നമ്പർ തന്നെയാണെന്ന് ഉറപ്പ് വരുത്തി. ആ നമ്പർ മൊബൈലിൽ സേവ് ചെയ്തു.””വിനയ് കുമാർ -1500 എന്ന് ബിൽ ബുക്കിന്റെ ചട്ട പുറത്തും എഴുതി വെച്ചു. അവൻ നന്ദി പറഞ്ഞു കൊണ്ടു ഐഡി കാർഡ് നീട്ടി. “”വേണ്ട ബായ്.. നമ്പർ ഉണ്ടല്ലോ””.. ഞാൻ പറഞ്ഞു. അവൻ ചിരിച്ചു കൊണ്ടു കവർ എടുത്തു കൊണ്ടു പോയി.
കുറച്ചു കഴിഞ്ഞ് ഉപ്പ വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു. ഉപ്പാന്റെ മുഖം വിവർണ്ണമായി.””അനക്ക് പിരാന്ത്ണ്ടോ ചെങ്ങായി.. ബംഗാളിയേൾക്കൊക്കെ കടം കൊട്ക്കാൻ. ആ കായ് ഇഞ്ഞി കിട്ടുംന്ന് അനക്ക് തോന്ന്ണുണ്ടോ””.. ഉപ്പ ദേഷ്യം പിടിച്ചു കൊണ്ട് പറഞ്ഞു..
“”അതൊക്കെ കിട്ടും. ഓന് കോയ ഹാജിടെ റൂമിലാ താമസം. നാളെ കണ്ടില്ലെങ്കി അവടെ പോയി ഞാൻ ചോയിച്ചോളാം. ആ ചെങ്ങായിന്റെ അനിയൻ നാട്ട്ന്ന് ഇന്ന് ഓന്റെ കൂടെ വന്ന്ട്ടൊള്ളൂ ത്രേ. ഓന്ക്ക് ഇടാൻ ഒന്നൂല്ലന്നൊക്കെ പറഞ്ഞപ്പൊ””… ഞാൻ പറഞ്ഞു..
“”മ്മ്.. ഒലക്ക ക്ട്ടും..കിട്ട്യാ കാണാം..മിക്കവാറും ആ കായ് പോവും. അപ്പൊ അനക്ക് ഇന്റേക്കെന്ന് നല്ല കിട്ടല് കിട്ടും..അന്തല്ലാത്ത ഓരോ പണീം കാട്ടി കൂട്ടീട്ട്””… ഉപ്പ വീണ്ടും ചൂടായി. ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല. നാളെ പൈസ അവൻ കൊണ്ടു വന്നു തരുമല്ലോ.. അപ്പൊ മൂപ്പർക്ക് മനസ്സിലാവും ഹിന്ദിക്കാരിലും നല്ലവർ ഉണ്ടെന്ന്. ഞാൻ മനസ്സിൽ പറഞ്ഞു.
പിറ്റേന്ന് വൈകുന്നേരമായി. അവൻ പൈസയുമായി വരാമെന്ന് പറഞ്ഞ സമയം കഴിഞ്ഞു. അവനെ കാണാനില്ല. “”എവിടെടാ അന്റെ ഹിന്ദിക്കാരൻ””.. ഉപ്പ ചോദിച്ചു. ഞാൻ നിന്ന് പരുങ്ങി. ഞാൻ വേഗം അവന്റെ നമ്പറിൽ വിളിച്ചു നോക്കി. ഫോൺ സ്വിച്ച് ഓഫ്..”കുടുങ്ങിയല്ലോ റബ്ബേ..ആ പന്നി മുങ്ങ്യോ”.. ഞാൻ മനസ്സിൽ പറഞ്ഞു. ഉപ്പ എന്നെ തന്നെ കണ്ണും തുറുപ്പിച്ചു നോക്കി നിൽക്കുന്നു. ആ നോട്ടം കണ്ട എന്റെ മുഖം ഇളിഞ്ഞു. “”എന്താടാ.. വുളിച്ചിട്ടു കിട്ട്ണില്ലല്ലേ.. ഓന് പോയി. നാട്ട്ക്ക് പോയി. അനക്ക് അയിന് ബോധല്ലല്ലോ പോത്തേ””.. ഉപ്പ ഒച്ചയിട്ടു.
ഞാൻ കടയിൽ നിന്നിറങ്ങി കോയ ഹാജിയുടെ ബിൽഡിങ്ങിൽ ഹിന്ദിക്കാർ താമസിക്കുന്ന മുറികളിൽ പോയി നോക്കി. വിനയ് കുമാറും അനിയനും നാട്ടിലേക്ക് പോയി എന്ന് മറ്റുള്ള ഹിന്ദിക്കാർ പറഞ്ഞു. ഞാൻ നടുങ്ങി. അവന്റെ പിതാവിനെ മനസ്സിൽ സ്മരിച്ചു. മാതാവിനെ സ്മരിച്ചു. ആണിന്റെയും പെണ്ണിന്റെയും അരക്ക് താഴെയുള്ള എല്ലാ അവയവങ്ങളും പല്ല് ഞെരിച്ചു കൊണ്ട് സ്മരിച്ചു. തിരിച്ചു കടയിലെത്തിയ ഞാൻ മടിച്ചു മടിച്ചു ഉപ്പാനോട് കാര്യം പറഞ്ഞു..
“”ഇപ്പൊന്തായി.. ആ കായ് പോയി കിട്ടി. അനക്കെന്താ ല്ലേ. മൻസമ്മാരായ കൊറച്ചൊക്കെ അന്തം വാണം. അനക്കത് ഇല്ലല്ലോ. അല്ലെങ്കി ആരേലും ഹിന്ദിക്കാർക്ക് കടം കൊടുക്കോ””..ഉപ്പ ഒരേ ചൂടിൽ പറഞ്ഞു.
ഞാൻ ടൗണിൽ ഉള്ള എല്ലാ പലചരക്കു കടകളിലും ഹോട്ടലുകളിലും അവനെ കുറിച്ച് അന്വേഷിച്ചു. ആരും അവന് കടം കൊടുത്തിട്ടില്ല.””കള്ള പന്നി അപ്പൊ നുണ പറഞ്ഞതാണ്””.. എനിക്ക് ശരിക്കും ദേഷ്യം ഇരച്ചു കയറി. കയ്യിൽ കിട്ടിയാൽ തല്ലി കൊല്ലും ഞാൻ.അവൻ ഇനി നാട്ടിൽ വന്നാൽ കാശും വാങ്ങി രണ്ടെണ്ണം പൊട്ടിക്കണം. ഞാൻ ഓർത്തു.
ദിവസങ്ങൾ കഴിഞ്ഞു. ആഴ്ച്ചകളും മാസങ്ങളും കടന്നു പോയി. വിനയ് കുമാറിനെ ഞാൻ മറന്നു. ആ കാശ് പോയി എന്നും കണക്കു കൂട്ടി..അങ്ങനെയിരിക്കെ ഒരു ദിവസം… രാത്രി എട്ടു മണി ആയി കാണണം. കടയിൽ രണ്ട് മൂന്ന് കസ്റ്റമർ ഉണ്ട്. ഞാനും സ്റ്റാഫുകളും ഉപ്പയും എല്ലാരുമുണ്ട്. “”ഹേയ്.. ഫൈസൽ ബായ്.. ആപ് കൈസാ ഹേ””..ഇങ്ങനെ പുറകിൽ നിന്നൊരു ശബ്ദം.. ഞാൻ തിരിഞ്ഞു നോക്കി..ഒരാൾ ചിരിച്ചു കൊണ്ട് നിൽക്കുന്നു. എനിക്ക് പെട്ടെന്ന് ആളെ മനസ്സിലായില്ല.
“”നാൻ വിനയ് കുമാർ.. മറന്തോ””. അവൻ പറഞ്ഞു.. അവനെ കണ്ട എനിക്ക് ദേഷ്യം ഇരച്ചു കയറി.””ഇന്നെ പറ്റിച്ചു ഇജ്ജ് പോയില്ലേ. ഇന്നോട് എന്തിനാ നുണ പറഞ്ഞത്””.. ഉറക്കെ അലറി കൊണ്ട് ഞാൻ അവന് നേരെ നടന്നു. അടുത്തെത്തിയ അവൻ എന്നെ പെട്ടെന്ന് കെട്ടിപിടിച്ചു കവിളിൽ ഉമ്മ വെച്ചു. എന്താണ് അവൻ ചെയ്യുന്നത് എന്നെനിക്ക് മനസ്സിലായില്ല. ഞാൻ മുഖം വെട്ടിച്ചു കുതറിയതും അവൻ വീണ്ടും ഉമ്മ തരാൻ ചുണ്ട് കൂർപ്പിച്ചു. ഞാൻ മുഖം തിരിച്ചു. അത് ചുണ്ടിലായി. അവൻ കവിളിൽ തരാൻ ഉദ്ദേശിച്ചത് ഞാൻ മുഖം വെട്ടിച്ചപ്പോൾ ശരിക്കും ചുണ്ടിലായി. ചുണ്ടോട് ചുണ്ട് ചേർന്നു. തമ്പാക്കിന്റെയും വേറെ എന്തൊക്കെയോ മണങ്ങൾ മൂക്കിലടിച്ചു. തുപ്പൽ ചുണ്ടിൽ പരന്നതും ഞാൻ കുതറി.”വിട് ചെങ്ങായി.. ഇജ്ജ് എന്താ ഈ കാണിക്കുന്നത്”.ഞാൻ ഒച്ചയിട്ടു .അവൻ പെട്ടെന്ന് വിട്ടു.
കടയിലെ ആളുകൾ എന്നെ നോക്കി കൂട്ടച്ചിരി. ഉപ്പ ആദ്യത്തെ പകപ്പ് തീർന്നപ്പോൾ ചിരിച്ചു മറിയുന്നു. സ്റ്റാഫുകൾ ചിരിയോട് ചിരി. ഞാൻ ആകെ വഷളായി. ടി ഷർട്ട് പൊക്കി ചുണ്ട് അമർത്തി തുടച്ചു. എന്തോ ഒരു ചുവ. ഞാൻ അവനെ ദേഷ്യത്തോടെ നോക്കി.
“”ബായ്.. ബായിയോട് നാൻ നുന പറഞ്ഞു. സറട്ടും പാന്റും നാട്ടി പോകാം ആയിരുന്നു. പോയിട്ട് വരാം കയിഞ്ഞില്ല. അവടെ പെറ്റു പോയി. കൊറോണ. ബായി അച്ഛാ ആത്മി. മനസ്സില് എന്തോ പോലെ..ചോറി ബായ്. ചോറി””.. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. പോക്കറ്റിൽ നിന്ന് പൈസ എടുത്തു ഉപ്പാടെ കയ്യിൽ കൊടുത്തു.
അപ്പോഴും ആൾക്കാർ ഓർത്തു ഓർത്തു ചിരിക്കുകയാണ്. എനിക്ക് പാവം തോന്നി. നിഷ്കളങ്കമായ കള്ളം പറഞ്ഞതാണ് ബായി. അങ്ങനെയുള്ള കള്ളങ്ങൾ പറയാത്തത് ആരാണ്.
“”അയിനെന്തിനാണ് ബായ്.. ഇജ്ജ് ഇന്റെ ചുണ്ടീ തന്നെ ഉമ്മ തന്നത്””.. ഞാൻ പറഞ്ഞു. ഇത് കേട്ട ആൾക്കാർ വീണ്ടും ചിരിച്ചു. ഉപ്പയാണെങ്കിൽ പൊട്ടി ചിരിക്കുന്നു.
“”അത് ബായിനോടു ഇസ്‌തം കൊണ്ട് ബായ്. ഖുഷി കൊണ്ടാണ്. നാൻ മുഖോത്ത് തറാന് വന്നു. ബായ് മുഖോം തിറിച്ചു. ചോറി ബായ്””..ബായിയുടെ ഈ സംസാരം വീണ്ടും ചിരിയുടെ ആക്കം കൂട്ടി. ബായി സന്തോഷത്തോടെ പോയി.
“”ഇപ്പൊ എങ്ങനെണ്ട്.. ഞമ്മക് കിട്ടാള്ളതാണെങ്കി കിട്ടും””.. ഞാൻ അഭിമാനത്തോടെ ഉപ്പാന്റെ മുഖത്ത് നോക്കി പറഞ്ഞു..
“”പിന്നെന്താ… അനക്കൊരു ഉമ്മ കിട്ടേണ്ട കൊറവുണ്ടായിന്നു. അത് കിട്ടീലെ.. ഹഹഹ””.. ഉപ്പ പറഞ്ഞു ചിരിച്ചു. വീണ്ടും കൂട്ടച്ചിരി..
ഞാൻ അവിടെ നിന്ന് ഓടി മുകളിൽ കയറി. ബാത്‌റൂമിൽ കയറി ചുണ്ടും മുഖവും കഴുകി..
“ഇല്ല.. ഇനി ഹിന്ദിക്കാരന് കടം കൊടുക്കില്ല. ഉമ്മ കിട്ടുമെങ്കിൽ ഹിന്ദിക്കാരികൾ വല്ലവരും വരട്ടെ.. അങ്ങനെ ആണെങ്കിൽ നോക്കാം””..
….ശുഭം… നന്ദി..
രചന:-മുഹമ്മദ് ഫൈസൽ ആനമങ്ങാട്