Categories
Uncategorized

എടാ നീയെന്തോക്കയാടാ ഈ പറയുന്നത് ? നാളെ എന്റെ കല്യാണമാണ് ! എന്നിട്ടും നാളെ നീ വരുന്നില്ലാന്നു പറഞ്ഞാൽ പിന്നെ എന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റും എല്ലാം വിശ്വസിച്ചേൽപ്പിക്കാൻ നിന്നെ പോലെ വേറൊരുത്തൻ എനിക്കില്ലെടാ,

രചന : – Pratheesh

എടാ നീയെന്തോക്കയാടാ ഈ പറയുന്നത് ? നാളെ എന്റെ കല്യാണമാണ് !

എന്നിട്ടും നാളെ നീ വരുന്നില്ലാന്നു പറഞ്ഞാൽ പിന്നെ എന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റും എല്ലാം വിശ്വസിച്ചേൽപ്പിക്കാൻ നിന്നെ പോലെ വേറൊരുത്തൻ എനിക്കില്ലെടാ,

കരീമേ നീ വന്നേ പറ്റൂ ഒഴിവുകഴിവൊന്നും പറഞ്ഞിട്ടു കാര്യമില്ല നീ വേണം എല്ലാറ്റിനും ഇവിടെ ഒാടി നടന്നു ശരിയാക്കാൻ

അനിവ് പറഞ്ഞതൊന്നും പക്ഷേ കരീം ചെവി കൊണ്ടില്ല തുടർന്ന് അനിവിനെ നോക്കി ഒന്നു ചിരിച്ച് “നിനക്കൊരു ബുദ്ധിമുട്ടും വരാത്ത രീതിയിൽ എല്ലാം ഞാൻ ശരിയാക്കി വെച്ചിട്ടുണ്ടെടാ നീയൊന്നു കൊണ്ടും പേടിക്കണ്ട ” എന്നും പറഞ്ഞ് ആ കല്യാണതലേരാത്രി കരീം അവനെ മറികടന്നു മുന്നോട്ടിറങ്ങി നടന്നു !

പിന്നാലെ വന്ന കരീമിന്റെ ഭാര്യ മുംതസിനോട് അനിവ് ഇതെല്ലാം പറഞ്ഞപ്പോൾ “പേടിക്കണ്ട ഇക്കാനേ പറഞ്ഞു സമ്മതിപ്പിച്ച് ഞാൻ നാളെ കല്യാണത്തിനു കൊണ്ടു വരാം” എന്നു പറഞ്ഞു കൊണ്ട് മുംതസും കരീമിനു പിന്നാലെ പോയെങ്കിലും അനിവിന് അതും അത്ര വിശ്വാസം പോരായിരുന്നു,

കരീം പക്ഷേ എന്തെങ്കിലും പറഞ്ഞാൽ പിന്നെ അതിൽ നിന്നു പിന്മാറുന്ന ഒരാളല്ലായെന്നും അവനെന്തോ ഒരു ഇഷ്ടക്കേട് ഈ വിവാഹത്തിൽ തോന്നിയിട്ടുണ്ടാവാമെന്നും അനിവിനു അപ്പോൾ തോന്നി,

എന്നാൽ അനിവ് ഇപ്പോൾ വിവാഹം കഴിക്കാൻ പോകുന്ന സംസ്കൃതിയേ പെണ്ണുകാണാൻ പോകുമ്പോൾ കൂടെ വന്നതും എങ്ങിനെയുണ്ടെന്നു ചോദിച്ചപ്പോൾ ഒരു കുറവുമില്ല എന്നു പറഞ്ഞതും ഈ കല്യാണം ഇതുവരെ എത്തിക്കാൻ എല്ലാ തരത്തിലും രാപകലില്ലാതെ ഒാടി നടന്നതും ഒക്കെ കരീം തന്നെയായിരുന്നു,

എന്നിട്ടാണിപ്പോൾ നാളെ കല്യാണത്തിന് അവൻ വരുന്നില്ലാന്നു പറയുന്നത് ! അനിവിന് എത്ര ആലോജിച്ചിട്ടും അതെന്തു കൊണ്ടാണെന്നു മനസിലായില്ല,

ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും സാരമില്ല എല്ലാം ശരിയാവും എന്നു പറഞ്ഞു കൂടെ നിന്നവൻ ഇപ്പോൾ ജീവിതത്തിലെ ഏറ്റവും നല്ലൊരു ദിവസം വരുന്നില്ലെന്നു പറഞ്ഞപ്പോൾ എവിടയോ ഉള്ളിൽ അനിവിനു ഒരു നീറ്റൽ അനുഭവപ്പെട്ടു,

അനിവ് കരീമിൽ നിന്ന് അത്തരമൊരു കാര്യം ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല, എന്നാലും കരീം വെറുതെ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യില്ലെന്നും അനിവിനറിയാമായിരുന്നു !

മടക്കത്തിൽ വീടെത്തും വരെ മുംതസ് കരീമിനോട് അതേ കുറിച്ചൊന്നും സംസാരിച്ചതുമില്ല, വീടെത്തി അവളുടെതുമാത്രമായി അവനെ കിട്ടിയ നേരത്തവൾ അവനോടു ചോദിച്ചു,

ഇതെന്താ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം ?

അനിവ് മറ്റാരേക്കാളും നിങ്ങളെയായിരിക്കും നാളെ അവിടെ പ്രതീക്ഷിക്കുക എന്നിരിക്കെ ഈയൊരു തീരുമാനം ഉചിതമായി തോന്നുന്നുണ്ടോ നിങ്ങൾക്ക് ?

എന്നാലവളുടെ ചോദ്യങ്ങൾക്ക് ഉത്തരമെന്നോണം കരീം അവളെ നോക്കി ഒന്നു പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്,

അതു കണ്ടതും അവൾ പറഞ്ഞു, എനിക്കു നിങ്ങളുടെ പുഞ്ചിരിയല്ല കാണേണ്ടത്, നിങ്ങൾ വരുന്നില്ലെന്നു പറഞ്ഞതിന്റെ കാരണമാണ് അറിയേണ്ടത് !

എന്നാൽ അതിനും മറുപടി പറയാതെ അവൻ പുഞ്ചിരിച്ചതോടെ ഒന്നും പറയാതെയുള്ള അന്നേരത്തെ അവന്റെ പുഞ്ചിരി അവളെ ശരിക്കും ദേഷ്യം പിടിപ്പിക്കുകയാണ് ചെയ്തത് !

” നിങ്ങൾ പറയുന്നുണ്ടോ ? ഇല്ലയോ ? ”

അവളുടെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു, ” ദേ നിങ്ങളോടാണ് ചോദിക്കുന്നത് ഞാൻ ചോദിച്ചതിന് നിങ്ങൾ മറുപടി പറയുന്നുണ്ടോ ? ഇല്ലയോ ?

അതിനും അവൻ പുഞ്ചിരിച്ചതോടെ അതിൽ ദേഷ്യം പൂണ്ട അവൾ പിന്നെയും അവനെ നോക്കി,

” മലയാളത്തിലല്ലെ ഞാൻ പറയുന്നത് ?ഞാൻ ചോദിക്കുന്നത് നിങ്ങൾക്ക് മനസിലാകുന്നില്ലേ ?

“അതോ ഞാനിനി ഇംഗ്ലീഷിൽ ചോദിക്കണോ ?”

” ആ ചോദിക്ക് !” അതിനുള്ള കരീമിന്റെ മറുപടി വളരെ പെട്ടന്നായിരുന്നു, അതു കേട്ടതും അവൾക്കു മനസിലായി കരീം അവളെ കളിയാക്കിയതാണെന്ന് അതോടെ അവനൊന്നും വിട്ടു പറയില്ലെന്നു മനസിലാക്കിയ അവൾ അവനെ നോക്കി ദേഷ്യത്തോടെ തന്നെ പറഞ്ഞു,

അതേ എനിക്ക് നാളെ രാവിലെ കല്യാണം കെട്ടാൻ പോകാനുള്ളതാ നിങ്ങളോടു സംസാരിച്ചിരുന്നാല് വെറുതെ സമയം കളയാമെന്നല്ലാതെ ഒരു കാര്യവുമില്ല അതോണ്ട് ഞാൻ കിടന്നുറങ്ങാൻ പോകാ, നിങ്ങള് നിങ്ങളുടെ ഉള്ളിലുള്ള വിചാരങ്ങളെയും കെട്ടി പിടിച്ച് ഇവിടെ തന്നെ കുത്തിയിരുന്നോ,

അതും പറഞ്ഞവൾ ബഡ്ഡിൽ തിരിഞ്ഞു കിടന്ന് ഉറങ്ങാനുള്ള ശ്രമം തുടങ്ങി,

അതു കണ്ടതോടെ കരീം ബഡ്ഡിൽ നിന്നിറങ്ങി ജനലിനടുത്തു വന്നു ജനൽപാളി തുറന്ന് കുറച്ചു നേരം പുറത്തേക്കു നോക്കിനിന്നു, പഴയ ഒാർമ്മകൾ എന്തൊക്കയോ ആ സമയം അവനിലൂടെ കടന്നു പോയി,

കുറച്ചു കഴിഞ്ഞ് കരീം തിരിഞ്ഞു നോക്കുമ്പോൾ മുംതസ് ഉറക്കം പിടിച്ചിരുന്നു, അതു കണ്ട അവൻ പതിയെ അവൾ കിടക്കുന്നിടത്തേക്ക് തിരികെ വന്ന് ബഡ്ഡിൽ അവളുടെ കാലിനടുത്തിരുന്ന് അവളുടെ കാൽപാദങ്ങൾ ചേർത്തുവെച്ച് കാലിനടിഭാഗത്ത് പതിയെ ഉമ്മ വെച്ചു,

അതേ തുടർന്നവളുടെ അടുത്ത് കിടന്നതും അവളവനെ ചേർത്തു പിടിച്ച് അവന്റെ കവിളിൽ ഉമ്മവെച്ചു, അതോടെ അവൾ ഉറങ്ങുകയായിരുന്നില്ലെന്ന് അവനും മനസിലായി,

എങ്കിലും അവർ ഒന്നും സംസാരിച്ചില്ല പരസ്പരമുള്ള ആ സ്നേഹസംരക്ഷണത്തിൽ ആലിംഗബന്ധരായി അവർ ഒന്നായുറങ്ങി !

പിറ്റേന്ന് മുംതസ് കല്യാണത്തിനു പോകാൻ നേരം കരീമിനെ ഒന്നു കൂടി വിളിച്ചെങ്കിലും അവൻ അവന്റെ തീരുമാനത്തിൽ ഉറച്ചു നിന്നതോടെ അവൾ ഒറ്റക്കാണു കല്യാണത്തിനു പോയത് !

കല്യാണത്തിനിടയിലും അവളുടെ മനസ് കരീമിൽ തന്നെയായിരുന്നു എന്തു കൊണ്ടാണ് കരീം കല്യാണത്തിനു വരുന്നില്ലെന്നു പറഞ്ഞതെന്ന ചിന്ത അവളെ ആ കല്യാണപന്തലിലും പിൻ തുടർന്നു കൊണ്ടെയിരുന്നു,

അനിവിന്റെ പ്രണയം പരാജയമായപ്പോൾ പോലും ഇടംവലം മാറാതെ കൂടെ നിന്ന കരീം ഈ സമയത്തു ഇങ്ങനെ കാണിക്കുന്നതിൽ അവൾക്ക് അതിന്റെ സത്യാവസ്ഥ മനസിലായതെയില്ല,

കല്യാണം കഴിഞ്ഞതും അവൾ വേഗം തന്നെ വീട്ടിലെത്തി കരീം അപ്പോഴും മുറിയിൽ തന്നെ ഉണ്ടായിരുന്നു, കരീം വരാത്തതു കൊണ്ട് അവനുള്ള ഭക്ഷണം പോലും മറക്കാതെ അനിവ് അവളുടെ കൈയ്യിൽ കൊടുത്തി വിട്ടിരുന്നു, അതു കണ്ട കരീം ഉടൻ തന്നെ ഭക്ഷണം കഴിക്കാൻ തയ്യാറാവുകയും കഴിക്കുകയും ചെയ്തു !

പിന്നെയും മുറിയിലെത്തിയ അവൾ അവനോടു ചോദിച്ചു, സ്വന്തം കൂട്ടുകാരന്റെ എല്ലാ കാര്യത്തിനും കൂടെ നിന്ന് അവസാനം അവന്റെ കല്യാണത്തിനു പോകാതെയിരിക്കുന്ന ആത്മാർത്ഥ സുഹൃത്ത് ഒരു വശത്ത്, എന്നാൽ അതേ കൂട്ടുകാരൻ സ്വന്തം കല്യാണത്തിനു വന്നില്ലെന്നു കണ്ടു ആ കൂട്ടുകാരനോടു അതിന്റെ യാതൊരു പരിഭവവും കാണിക്കാതെ അവനുള്ള ഭക്ഷണം പൊതിഞ്ഞു തന്നു വിടുന്ന സുഹൃത്ത് മറ്റൊരു വശത്ത് !

” ഇക്കാ സത്യത്തിൽ എന്താ ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത് ? എനിക്കൊന്നും മനസിലാകുന്നില്ല എന്താണെന്ന് എന്നോടെങ്കിലും ഒന്നു പറയോ ? ”

അതു കേട്ടതും മുംതസിനെ ഒന്നു നോക്കി അവളെ കരീം അവന്റടുത്തേക്ക് വിളിച്ചിരുത്തി അവളുടെ രണ്ടു കൈയ്യും ചേർത്തു പിടിച്ച് അവൻ പറഞ്ഞു,

ഇതിൽ അത്ര വലിയ പ്രശ്നങ്ങളോന്നുമില്ലെടോ, എന്റെ മനസിൽ എന്നെ കുറച്ചു വേദനിപ്പിച്ച ഒരു ചെറിയ സങ്കടം അത്രയേയുള്ളൂ,

അതു കേട്ട് അവൾക്കൊന്നും മനസിലായില്ല തുടർന്നു അവളവനെ നോക്കിയതും അവൻ പറഞ്ഞു,

അനിവിന്റെ പ്രണയം നഷ്ടമായതു നിനക്കറിയാമല്ലൊ ? അനിവിന് അവന്റെ കാമുകി മായികയെ വലിയ ഇഷ്ടമായിരുന്നു, അവരുടെ അന്നത്തെ എല്ലാ കാര്യങ്ങൾക്കും ഒത്താശ ഞാനായിരുന്നു, അവരുടെ പ്രണയവും പരസ്പരമുള്ള ഇഷ്ടവും കണ്ട് എനിക്കും മായികയെ പോലൊരാളെ പ്രണയിക്കണം എന്നൊക്കെ തോന്നിയിരുന്നു, അത്രക്ക് അവരുടെ ബന്ധത്തെ ഞാനിഷ്ടപ്പെട്ടിരുന്നു, എന്നാൽ ഒരു ദിവസം പെട്ടന്ന് മായിക എല്ലാം വെട്ടിമുറിച്ച് അനിവുമായുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചു പോയി, അവനതു താങ്ങാൻ പറ്റാതെ വല്ലാതെ വിഷമത്തിലായി വളരെ കഷ്ടപ്പെട്ടാണ് എല്ലാവരും ചേർന്നവനെ തിരിച്ചു ജീവിതത്തിലക്ക് കൊണ്ടു വന്നതു തന്നെ, എന്നാൽ അവളല്ലാതെ മറ്റൊരാളെ കുറിച്ച് അനിവിനു ചിന്തിക്കാൻ പോലുമാവില്ലെന്ന് എനിക്കറിയാമായിരുന്നു, അതു കൊണ്ടാണ് അനിവിന്റെ ആ ഒാർമ്മകളിൽ നിന്നു രക്ഷപ്പെടുത്താൻ അവനെ കൊണ്ട് മറ്റൊരു കല്യാണം കഴിപ്പിക്കാനും മറ്റും ഞാൻ തന്നെ മുൻകൈയ്യെടുത്ത് മുന്നിൽ നിന്നതും ഇതെല്ലാം ഇതുവരെ എത്തിച്ചതും !

എന്നാൽ അനിവിനു മാറ്റം സംഭവിച്ചെങ്കിലും എനിക്ക് സ്വയം എന്നിലൊരു മാറ്റം വരുത്താൻ സാധിച്ചില്ല !

കരീം ആ പറഞ്ഞത് മുംതസിനു അത്ര കണ്ട് മനസിലായില്ല, അതു മനസിലാക്കിയ കരീം അവളോടു പറഞ്ഞു,

അനിവിനേക്കാൾ അവൻ മറ്റൊരുത്തിയുടെ കഴുത്തിൽ താലി കെട്ടുന്നതും അനിവിനോടൊത്ത് മറ്റൊരുവൾ ചേർന്നു നിൽക്കുന്നതും കാണാൻ എനിക്കെന്തോ ഇപ്പോഴും സാധിക്കുന്നില്ല,

അനിവിനോടൊപ്പം മായികയേ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കുക എന്റെ മനസിലും പ്രയാസമായിരുന്നു,

അവൻ കുറെയൊക്കെ മാറിയെങ്കിലും എനിക്കെന്തോ അതിന് ഇന്നും കഴിഞ്ഞിട്ടില്ല, അനിവിനില്ലാത്ത വിഷമം എനിക്കെന്തിനാ എന്നു നീ ചേദിച്ചേക്കാം അതിനും എനിക്ക് ഉത്തരമില്ല !

നാളെ എല്ലാം മാറുമെന്നും പതിയെ സംസ്കൃതിയെ ഞാൻ അംഗീകരിച്ചു തുടങ്ങുമെന്നും എനിക്കും അറിയാം,

എന്നാലും അവനെ പോലെ തന്നെ ഞാനും അവർ തമ്മിലുള്ള വിവാഹം ഒരുപാട് ആഗ്രഹിച്ചിരുന്നതുകൊണ്ടാവാം അവൻ മറ്റൊരുത്തിയേ താലി കെട്ടുന്നത് കാണാൻ എന്തോ ഞാൻ ഇഷ്ടപ്പെട്ടില്ല,

അതെല്ലാം കേട്ട് ശരിക്കും വളരെ കൗതുകത്തോടെ മുംതസ് കരീമിനെ നോക്കിയിരിക്കുകയായിരുന്നു,

ഒരു സുഹൃത്തിന് മറ്റൊരു സുഹൃത്തിനോള്ളം അവന്റെ വികാരങ്ങളെ അത്രമേൽ ഉൾക്കൊണ്ട് ഇഷ്ടപ്പെടാൻ സാധിക്കുമോ എന്ന ചിന്തയിലായിരുന്നു അതെല്ലാം കേട്ട് മുംതസ് !

എന്നാലങ്ങിനെ ചിന്തിക്കുന്നതിൽ കഴമ്പില്ലെന്നും അവൾക്കു മനസിലായി കാരണം അതിനു ജീവിച്ചിരിക്കുന്ന ഉദാഹരണമായി സ്വന്തം കെട്ട്യോൻ തന്നെ കൺമുന്നിൽ നിൽക്കുമ്പോൾ ആ ചിന്തക്കു എന്തർത്ഥം !

അതേ സമയം അവൾക്ക് മറ്റൊരു സംഭവം ഒാർമ്മ വന്നു,

ഒരിക്കൽ കരീമിന്റെയും അനിവിന്റെയും സൗഹൃദം കണ്ട് മുംതസ് അനിവിനോടു ചോദിച്ചു നിങ്ങൾ തമ്മിൽ എങ്ങിനാ ഇത്ര അടുപ്പം വന്നതെന്ന് ? അവൾ ചോദിച്ചതിന് അനിവ് പറഞ്ഞു,

ഉറക്കം വല്ലാത്ത പ്രാന്താണ് കരീമിന് അതു പോലെ രാവിലെ നേരത്തെ എഴുന്നേൽക്കുക എന്നതും കരീമിനെ കൊല്ലുന്നതിനു തുല്യമാണ്, അതവൾക്കും അറായാവുന്നതാണ്,

അനിവ് തുടർന്നു, എന്നാൽ മായികയുടെ കല്യാണം കഴിഞ്ഞ അന്ന് രാവിലെ മൂന്നു മണിക്ക് അവൻ വന്നെന്റെ വീട്ടിൽ തട്ടി വിളിച്ചു അവളുടെ നഷ്ടത്തിന്റെ വേദനയിൽ ഞാനെങ്ങാനും വല്ല കടുംകൈയും ചെയ്താലോ എന്നു ഭയന്ന് ഉറക്കമില്ലാതെ ഒാടി വന്നതായിരുന്നു കരീം തുടർന്ന് എന്റെ കൂടെ അന്നു നേരം വെളുക്കും വരെ അവനെനിക്ക് കാവലിരുന്നു, അവനെപോലെ കൂട്ടുകാരുടെ കാര്യത്തിൽ ഇത്ര കണ്ട് സ്വയം വേദനിക്കുന്ന ഒരു സുഹൃത്ത് ഏതൊരാളുടെയും ഭാഗ്യമാണ്, അന്നെനിക്ക് മനസിലായി നമ്മളെ ജീവനേക്കാൾ ഏറെ സ്നേഹിക്കാൻ ഈ ഭൂമിയിൽ അവനെ പോലുള്ളവരും ഉണ്ടെന്ന് !

അവൾ ഒാർമ്മയിൽ നിന്നു തിരിച്ചു വന്നു കൊണ്ട് പിന്നെയും ആലോജിച്ചു,

കൂട്ടുകാരന്റെ ഒരോ വിഷമങ്ങളും അവരേക്കാൾ സ്വന്തം വേദനയായി കാണുന്ന അങ്ങിനെയുള്ള ഒരാൾക്ക് നമ്മൾക്ക് തീരെ ചെറുതെന്നു തോന്നുന്ന ഇത്തരം ഒരോ കാര്യവും വളരെ വലുതായിരിക്കാമെന്ന് !

പലപ്പോഴും ആ കൂട്ടുകാരനോ, കൂട്ടുകാരിയോ ആ വേദന പുറത്തു കാണിക്കാറുമില്ല എന്നാൽ നിഴൽ പോലെ നമുക്കൊപ്പം അവരെപ്പോഴും ഉണ്ടാകുകയും ചെയ്യും !

ജീവിതം വിധിയെ കൂട്ടുപിടിച്ച് നമ്മളെ ഏതു വഴിയിലേക്കു വേർതിരിച്ചു വിട്ടാലും നമ്മുടെ ആഗ്രഹങ്ങളെ നമ്മളെക്കാൾ ആഴത്തിൽ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണവർ !

എല്ലാം മനസിലാക്കിയ മുംതസ് ഒരു നിമിഷം പോലും പാഴാക്കാതെ കരീമിനെ തന്റെ നെഞ്ചോടു ചേർത്തു പിടിച്ച് ഹൃദയത്തിലെ ഏറ്റവും ഊഷ്മളമായ സ്നേഹത്തോടെ ആ സമയം അവനോടൊപ്പം അവനെ കെട്ടിപ്പിടിച്ചു അവിടെ ആ മുറിയിൽ കിടന്നു !

കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് അനിവിനോടും സംസ്കൃതിയോടുമൊപ്പം കരീമും മുംതസും ചേർന്ന് അവരോന്നിച്ചൊരു ടൂർ പോയി ആ യാത്രയിൽ പതിയേ കരീം സംസ്കൃതിയേ ഇഷ്ടപ്പെട്ടു തുടങ്ങുന്നത് മുംതസും കണ്ടു അതോടെ കരീമിൽ നിന്നു ആ പഴയ ഒാർമ്മകൾ പടിയിറങ്ങി തുടങ്ങിയെന്ന് അവൾക്കും മനസിലായി,

തന്റെതെന്നോ മറ്റുള്ളവരുടെതെന്നോ തരം തിരിവില്ലാതെ ഒരാളുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും സ്വന്തം മനസു കൊണ്ട് അംഗീകരിച്ചു ഇഷ്ടപ്പെടുന്ന ചിലരുണ്ട് അതിനെ മാറ്റി ചിന്തിക്കാൻ മറ്റുള്ളവരേക്കാൾ പ്രയാസം ചിലപ്പോൾ അവർക്കായിരിക്കും !

ചില സൗഹൃദങ്ങൾ അങ്ങിനെയാണ് നമ്മളുടെ ഇഷ്ടങ്ങളെ ചിലപ്പോൾ നമ്മളെക്കാൾ കൂടുതലായി അവരാകും ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുക !

ഒരാളുടെ ഹൃദയത്തിൽ അവർക്ക് എങ്ങിനാണോ നമ്മൾ അനുഭവപ്പെടുന്നത് അത്തരത്തിലായിരിക്കും അവർ നമ്മളേയും സ്നേഹിക്കുക !

രചന : – Pratheesh

Leave a Reply

Your email address will not be published. Required fields are marked *