Categories
Uncategorized

ഉറച്ച ചുവടുവെപ്പുകളോടെ അവൻ മടങ്ങുമ്പോൾ സ്നേഹത്തോടെ ഏട്ടാന്ന് വിളിച്ച് സംസാരിക്കുന്ന ഒരു പാവം പെണ്ണിന്റെ മുഖം മാത്രമായിരുന്നു അവന്റെ മനസ്സിൽ നിറഞ്ഞു നിന്നത്..

✍ദുർഗ ലക്ഷ്മി

“ഡാ മോനേ നമ്മുടെ പ്രിയ വീട്ടീന്ന് ഇറങ്ങിപ്പോയെന്ന്.. ഈശ്വരാ എങ്ങട്ടാ ഈ കുട്ടി പോയത് ആവോ?”

ഓടിപ്പിടഞ്ഞ് വന്ന് അമ്മ പറഞ്ഞത് കേട്ട് ഉറക്കത്തിലായിരുന്ന അജയൻ ഞെട്ടിപ്പിടഞ്ഞെണീറ്റു.. അഴിഞ്ഞു വീണ മുണ്ടെടുത്ത് വാരിച്ചുറ്റി പകപ്പോടെ അമ്മയെ നോക്കി അവൻ കണ്ണു തിരുമ്മി..

“എന്തൊക്കെയാ അമ്മ ഈ പറയുന്നെ? അവളെവിടെ പോയീന്നാ വെറുതെ രാവിലെ ഓരോന്ന് പറയല്ലേ..”

“ഞാൻ പറഞ്ഞതല്ല മോനേ അപ്പുറത്തെ സുമതി പറഞ്ഞതാ.. ഞാനാദ്യം വിശ്വസിച്ചില്ല പക്ഷേ നമ്മടെ സുനൂട്ടനും അത് തന്നെ പറഞ്ഞൂടാ അവൻ രാവിലെ അത് വഴി പോയപ്പോ അവിടെ ആകെ ബഹളാന്ന്.. വിഷ്ണുന്റെ മാമനാണത്രേ പറഞ്ഞത് കത്തെഴുതി വച്ചിട്ട് അവൾ പോയീന്ന്..

എനിക്കൊരു സമാധാനോം കിട്ടണില്ല. നീയൊന്ന് പോയി നോക്ക്.. എന്റീശ്വരാ വീട്ടീന്ന് ഇറങ്ങിപ്പോവാൻ മാത്രം എന്താ ഈ കുട്ടിക്ക് പറ്റിയത്?” അവർ നെഞ്ചിൽ കൈവച്ചു

“ഞാൻ പോയി നോക്കാം അമ്മേ.. ഒരു ഗ്ലാസ് ചായ താ തല പൊട്ടുന്നു” അസ്വസ്ഥതയോടെ നെറ്റി തിരുമ്മി അജയൻ പറഞ്ഞു..

ടാക്സി ഡ്രൈവറാണ് അജയൻ.. അമ്മ നിർമ്മല.. തൃശൂർക്ക് ഓട്ടം പോയി പുലർച്ചയാണ് അവൻ തിരികെ എത്തിയത്. ഒന്ന് കിടന്നപ്പോഴാണ് അമ്മയുടെ വരവ്.. അജയന്റെ കൂട്ടുകാരനാണ് വിഷ്ണു.. അടുത്തുള്ള ബാങ്കിൽ അക്കൗണ്ടന്റാണ്..

പ്രിയയുമായുള്ള വിഷ്ണുവിന്റെ പ്രണയവും അതിനെത്തുടർന്നുള്ള കല്യാണവും എല്ലാം അജയന്റെ സഹായത്തോടെയാണ് നടന്നത്.. ഇരു വീട്ടുകാർക്കും എതിർപ്പായിരുന്നെങ്കിലും പതിയെ പതിയെ എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തിരുന്നു..

പ്രിയയുടെ സ്നേഹപൂർണ്ണമായ പെരുമാറ്റം കാരണം വിഷ്ണുവിന്റെ വീട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം അവൾ പ്രിയങ്കരിയായി മാറി.. അജയന് പ്രിയ അവന്റെ കുഞ്ഞു പെങ്ങൾ തന്നെ ആയിരുന്നു. കുറുമ്പും സ്നേഹവും ചാലിച്ച് അവൾ ഏട്ടാന്ന് വിളിക്കുമ്പോൾ ഒരു പെങ്ങളില്ലാത്ത ദുഃഖം അവന് തോന്നാറില്ലായിരുന്നു..

പെൺകുട്ടികളെ ഒരു പാടിഷ്ടമുള്ള നിർമ്മലക്കും പ്രിയയെ ജീവനായിരുന്നു.. അതു കൊണ്ട് തന്നെ അവളെ കാണാനില്ലെന്ന് കേട്ടപ്പോൾ മുതൽ അവർക്കും ആധിയായി..

ചായ കുടിച്ച് കുളിച്ച് വസ്ത്രം മാറി അജയൻ വിഷ്ണുവിന്റെ വീട്ടിലേക്ക് നടന്നു.. രണ്ട് വീടുകൾക്കപ്പുറമാണ് അവന്റെ വീടും.. മരണവീടുപോലെയായിരുന്നു അവിടം.. അയൽക്കാരും ബന്ധുക്കളും അവിടെയും ഇവിടെയും നിന്ന് പിറുപിറുക്കുന്നുണ്ട്..

അകത്തേക്ക് ചെന്നപ്പോൾ തളർന്നിരിക്കുന്ന വിഷ്ണുവിന്റെ അമ്മ ദയനീയമായി അവനെ ഒന്ന് നോക്കി.. അവൻ ഒന്നും മിണ്ടാതെ വിഷ്ണുവിന്റെ മുറിയുടെ വാതില്ക്കൽ മുട്ടി.. കതക് അകത്തു നിന്നും പൂട്ടിയിരുന്നു.. കുറച്ച് നേരത്തിന് ശേഷം കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ വിഷ്ണു വന്ന് വാതിൽ തുറന്ന ശേഷം മിണ്ടാതെ കട്ടിലിൽ ചെന്നിരുന്നു

“ഡാ എന്താടാ ഉണ്ടായത് എനിക്കൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല നിങ്ങൾക്കിടയിൽ എന്തേലും പ്രശ്നം ഉണ്ടായോ?”

അജയൻ ചോദിച്ചത് കേട്ട് വിഷ്ണു ഒന്നും മിണ്ടാതെ ഒരു പേപ്പറെടുത്ത് അവന് നേരെ നീട്ടി.. സംശയത്തോടെ അവനത് വാങ്ങി വായിക്കാൻ തുടങ്ങി..

വിഷ്ണുവേട്ടന്,

ഞാനൊരിക്കലും ഏട്ടന് ചേർന്നവളല്ല.. ഒരു പാട് കാര്യങ്ങൾ ഞാൻ ഏട്ടനിൽ നിന്നും മറച്ചുവെച്ചു.. ഇനിയും ഇങ്ങനെ ജീവിക്കാൻ എനിക്ക് താല്പര്യമില്ല.. അതുകൊണ്ട് എന്റേതായ ലോകത്തേക്ക് ഞാൻ പോവുന്നു.. ഒരിക്കലും എന്നെ അന്വേഷിച്ച് വരരുത്.. അങ്ങനെ വന്നാൽ ആ നിമിഷം ഞാനെന്റെ ജീവൻ അവസാനിപ്പിക്കും.. പിന്നെ താലി ഞാൻ അഴിച്ചു വെച്ചിട്ടുണ്ട്.. അതെനിക്കൊരു ഭാരമാണ്

പ്രിയ

കത്ത് വായിച്ച് തീർന്നശേഷം വിശ്വസിക്കാൻ പറ്റാത്തതു പോലെ അജയൻ വിഷ്ണുവിനെ ഒന്ന് നോക്കി.. പാവം തലക്ക് കൈയും കൊടുത്ത് മുഖം കുനിച്ചിരിപ്പാണ്.. കരയുകയാണെന്ന് വ്യക്തം..

“വിഷ്ണു ഇങ്ങനെ സങ്കടപ്പെടല്ലേടാ നമുക്ക് കണ്ടു പിടിക്കാം അവളെ.. അവള് ചുമ്മാ നമ്മളെ പറ്റിക്കാൻ വേണ്ടി ചെയ്തതാവും” ശബ്ദം ഇടറുന്നത് വിഷ്ണു തിരിച്ചറിയാതിരിക്കാൻ പരിശ്രമിച്ചു കൊണ്ട് അജയൻ പറഞ്ഞു..

“നീ കണ്ടില്ലേടാ അവളെഴുതി വച്ചത്? അന്വേഷിച്ച് ചെന്നാൽ ജീവൻ കളയുംന്ന്.. വേണ്ട അവൾ എവിടെയാണെങ്കിലും നന്നായിരിക്കട്ടെ എനിക്കത് മതി..”

“ഇല്ല വിഷ്ണു അവളെ നമ്മൾ കണ്ടു പിടിക്കും എന്തിനാ ഇങ്ങനെ ചെയ്തതെന്ന് അവൾ നമ്മളോട് പറയും നോക്കിക്കോ”

“എനിക്കറിയില്ലെടാ ഞാനെന്ത് തെറ്റാ അവളോട് ചെയ്തത്.. പ്രാണനെപ്പോലെ സ്നേഹിച്ചതോ? എന്തിനാ അവളിങ്ങനെ എന്നോട്” തന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന വിഷ്ണുവിനെ കണ്ട് അജയന് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു..

വിവരമറിഞ്ഞ് പ്രിയയുടെ വീട്ടുകാരും അവിടെയെത്തിച്ചേർന്നു.. അവളെന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ആർക്കും മനസിലാക്കാനായില്ല.. വിഷ്ണുവിന്റെ അവസ്ഥ കണ്ട് എല്ലാവരും പ്രിയയെ വെറുത്തു പോയി..

ദിവസങ്ങളും മാസങ്ങളും നീണ്ട അന്വേഷണത്തിനൊടുവിൽ ഒരു വിവരവും കിട്ടാതായപ്പോൾ പോലീസ് അവരുടെ അന്വേഷണം നിർത്തിവെച്ചു.. പതിയെപ്പതിയെ ആരും അവളെപ്പറ്റി ഓർക്കാതായി.. അജയൻ മാത്രം വണ്ടിയുമായി പോകുന്നിടത്തെല്ലാം പ്രിയയെ അന്വേഷിച്ചു കൊണ്ടിരുന്നു.. പക്ഷേ എത്രയൊക്കെ പരിശ്രമിച്ചിട്ടും ഒരു ചെറിയ സൂചന പോലും കിട്ടിയില്ല..

ഇനി ഒരിക്കലും അവൾ മടങ്ങി വരില്ലെന്ന നിഗമനത്തിലെത്തിച്ചേർന്നു എല്ലാവരും.. അജയനും നിർമ്മലക്കും അവളെന്നും ഒരു വേദനയായി.. എവിടെയായാലും സന്തോഷമായിട്ടിരിക്കണേ എന്ന് മാത്രം അവർ പ്രാർത്ഥിച്ചു

വിഷ്ണു ജോലിക്ക് പോയിത്തുടങ്ങിയിരുന്നു. പഴയ ജീവിതത്തിലേക്ക് അവനെ തിരിച്ചു കൊണ്ടുവരാൻ എല്ലാവരും ശ്രമിക്കുന്നുണ്ടായിരുന്നു. അജയൻ അവന് താങ്ങായി എപ്പോഴും കൂടെ നിന്നിരുന്നു.. എന്നാലും ഇടക്കൊക്കെ പ്രിയയെക്കുറിച്ച് പറഞ്ഞ് അവൻ വിഷമിക്കുന്നുണ്ടായിരുന്നു..

അവനെ പൂർണ്ണമായും മാറ്റാൻ മറ്റൊരു വിവാഹം എന്ന പോംവഴിയാണ് എല്ലാവർക്കും മുന്നിൽ ഉണ്ടായിരുന്നത്.. വിഷ്ണുവിനെ സമ്മതിപ്പിക്കാൻ അജയനെ തന്നെ അവർ ഏർപ്പാടാക്കി.. അവന്റെ സ്നേഹപൂർണ്ണമായ നിർബന്ധവും വീട്ടുകാരുടെ ശകാരവും ഭീഷണിയുമെല്ലാം കൂടി ആയപ്പോൾ വിഷ്ണു വിവഹത്തിന് സമ്മതം അറിയിച്ചു

ആയിടക്കാണ് വിഷ്ണുവിന്റെ കൂടെ ജോലി ചെയ്യുന്ന മായയുടെ ആലോചനയുമായി ഒരു ബ്രോക്കർ വന്നത്.. അവനെപ്പറ്റി എല്ലാം അറിഞ്ഞു കൊണ്ട് വന്ന ബന്ധമായതു കൊണ്ട് എല്ലാവർക്കും അതിന് താല്പര്യമായി.. വീട്ടുകാർക്കെല്ലാം പരസ്പരം ബോധിച്ചതുകൊണ്ട് അധികം വെച്ചു താമസിപ്പിക്കാതെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി..

ലളിതമായ രീതിയിൽ വിവാഹം നടത്താൻ തീരുമാനിച്ചു.. നല്ലൊരു ദിവസം നോക്കി അമ്പലത്തിൽ വെച്ച് താലികെട്ടിനുള്ള മുഹൂർത്തവും കുറിച്ചു..

കല്യാണ തലേന്ന് വിഷ്ണു ആകെ അസ്വസ്ഥനായിരുന്നു.. പ്രിയയുടെ ഫോട്ടോയിൽ നോക്കി ഒരേ ഇരുപ്പിരുന്ന അവനെ കണ്ട് അജയന് വല്ലായ്മ തോന്നി.. അവന്റെ കൈയിൽ നിന്നും ആ ഫോട്ടോ പിടിച്ചു വാങ്ങി മാറ്റിവെച്ചു..

“എനിക്ക് വയ്യെടാ നാളെ പ്രിയയുടെ സ്ഥാനത്ത് മറ്റൊരുവൾ എനിക്കത് ആലോചിക്കാൻ പറ്റുന്നില്ല.. നമുക്കിത് ഇവിടെ വെച്ച് നിർത്താം അജയാ..മായയെ വിളിച്ച് പറയാം ഞാൻ ഇത് നടക്കില്ലാന്ന് ”

“നിനക്ക് ഭ്രാന്താണോ വിഷ്ണു.. കല്യാണം നിർത്തണം പോലും.. അതിനാണേൽ എന്തിനാ നീ സമ്മതിച്ചത്.. നിന്റെ കാര്യം വിട് നിന്നെയും സ്വപ്നം കണ്ട് നിന്റെ താലിക്കായി കാത്തിരിക്കുന്ന ആ പെണ്ണിനെ ചതിക്കല്ലേ നീ.. മര്യാദക്ക് കിടന്നുറങ്ങിക്കോ ഞാൻ രാവിലെ നേരത്തെ വരാം ” ഉന്തിത്തള്ളി വിഷ്ണുവിനെ ഉറങ്ങാൻ വിട്ടിട്ട് അജയൻ അമ്മയെയും കൊണ്ട് വീട്ടിലേക്ക് പോയി..

🥀🥀

രാവിലെ നിർത്താതെ ഫോൺ റിംഗ് ചെയ്തപ്പോഴാണ് അവൻ കണ്ണു തുറന്നത്.. കൈയ്യെത്തിച്ച് ഫോണെടുത്ത് ചെവിയിലേക്ക് വെച്ചു.. മറുവശത്തു നിന്നുള്ള വാർത്ത കേട്ട് ഫോണും ബെഡിലേക്കിട്ട് കൈയ്യിൽ കിട്ടിയ ഷർട്ടും എടുത്തിട്ട് അവൻ ധൃതിയിൽ ഇറങ്ങിപ്പോയി..

ഒരക്ഷരം പോലും മിണ്ടാതെയുള്ള മകന്റെ പോക്ക് കണ്ട് നിർമ്മല ഒന്ന് അന്ധാളിച്ചു.അപ്പോഴാണ് ഓടിക്കിതച്ച് സുമതിയുടെ വരവ്.

“ നിർമ്മലേച്ചി അറിഞ്ഞില്ലേ ആ ചെക്കൻ ഇന്നലെ രാത്രി വിഷം കുടിച്ചൂന്ന്… അവിടെ ആകെ പോലീസും ബഹളവുമാ.. പാവം ആ കൊച്ചിന്റെ അവസ്ഥയേ.. കല്യാണത്തിന്റന്ന് ചെക്കൻ ആത്മഹത്യ ചെയ്യാന്നൊക്കെ പറഞ്ഞാല് പാവം ” ശ്വാസം പോലും വിടാതെ സുമതി പറഞ്ഞത് കേട്ട് നിർമ്മല പകച്ചു പോയി.. നെഞ്ചു തിരുമ്മിക്കൊണ്ട് അവർ അവിടെ തളർന്നിരുന്നു..

അജയൻ എത്തുമ്പോൾ അവിടെയാകെ കൂട്ട നിലവിളി ആയിരുന്നു.. പോസ്റ്റുമോർട്ടത്തിനായി വിഷ്ണുവിന്റെ ശരീരം കൊണ്ടു പോയിരുന്നു.. മേശപ്പുറത്തു നിന്നും ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു..

തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും പ്രിയയെ കൂടാതെ ജീവിക്കാൻ കഴിയാത്തതുമൂലം ആർക്കും ശല്യമില്ലാതെ പോവുകയാണെന്നുമായിരുന്നു ആ കുറിപ്പിൽ ഉണ്ടായിരുന്നത്..

വിഷം കഴിച്ചതു മൂലമാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടും കിട്ടിയതോടെ എത്രയും പെട്ടെന്ന് തന്നെ മരണാനന്തരചടങ്ങുകൾ ചെയ്യാൻ നിശ്ചയിച്ചു.. വീടിന്റെ തെക്കേ മൂലയിൽ അവന്റെ ചിത ഒരുങ്ങുമ്പോൾ ഒരക്ഷരം പോലും പറയാതെ മൗനമായി വിഷ്ണുവിന്റെ മുറിയിൽ തന്നെ ഇരിക്കുകയായിരുന്നു അജയൻ.. അവന്റെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ പോലും വീണില്ല..

പ്രതിമയെപ്പോലെയുള്ള അവന്റെ ഇരുപ്പ് കണ്ട് എല്ലാർക്കും സഹതാപം തോന്നി.. എറ്റവും അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ട അവന്റെ അവസ്ഥ അവർക്കെല്ലാം ഊഹിക്കാമായിരുന്നു.. നാട്ടുകാരും ബന്ധുക്കളുമെല്ലാം പിരിഞ്ഞ് പോയിട്ടും അവൻ അതേ ഇരിപ്പായിരുന്നു.. ആരും അവനെ ശല്യം ചെയ്യാനും പോയില്ല..

അൽപസമയം കഴിഞ്ഞ് അവൻ എണീറ്റ് വിഷ്ണുവിന്റെ അമ്മ കിടക്കുന്ന മുറിയിലെത്തി.. അവനെ കണ്ടപ്പോൾ അവിടെയിരുന്ന സ്ത്രീകൾ എഴുന്നേറ്റ് പോയി..കരഞ്ഞു തളർന്നു കിടക്കുന്ന അവർക്കരികിൽ ഇരുന്ന് ആ കൈയെടുത്ത് തന്റെ കൈകളാൽ കൂട്ടിപ്പിടിച്ചു… ഒന്നും മിണ്ടാതെ കുറച്ച് നേരം അങ്ങനെ ഇരുന്നു പോവാനായി എണീറ്റപ്പോൾ അവർ അവന്റെ കൈകളിൽ മുറുകെ പിടിച്ചു

അജയൻ അവരെ നോക്കാനാവാതെ മുഖം താഴ്ത്തി..

“അവനുള്ള ശിക്ഷ മോൻ തന്നെ കൊടുത്തു അല്ലേ? ”

വേദന നിറഞ്ഞ സ്വരത്തിൽ അവർ ചോദിച്ചതു കേട്ട് അജയൻ ഞെട്ടിത്തരിച്ചു പോയി..

“അമ്മേ അത് ഞാൻ” അവൻ വിക്കി

“വേണ്ട മോനേ ഒന്നും പറയേണ്ട.. പെറ്റ വയറിന്റെ ദണ്ണം ഉണ്ട്.. ഇനിയുള്ള കാലം ഇങ്ങനെ വേദന തിന്ന് ഒടുങ്ങിത്തീരാനാവും ഈ അമ്മയുടെ വിധി.. എന്നാലും മോനെ അമ്മ കുറ്റപ്പെടുത്തില്ല.. അവനെ ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല അറിയാം.. അത്രക്ക് ക്രൂരതയാണ് ഒരു പാവം പെണ്ണിനോടവൻ ചെയ്തത്”

“പൊറുക്കമ്മേ എന്നോട്.. അത്രയെങ്കിലും അവൾക്കു വേണ്ടി ചെയ്യണമെന്ന് മാത്രമായിരുന്നു മനസ്സിൽ” അവൻ അവരുടെ കാൽച്ചുവട്ടിൽ വീണു.

“എനിക്ക് മനസ്സിലാവും മോന്റെ മനസ്സ്.. ഞാനായിരുന്നു അത് ചെയ്യേണ്ടിയിരുന്നത്.. പക്ഷേ ഞാൻ ഒരു അമ്മയായിപ്പോയില്ലേ മോൻ പോയ്ക്കോ ആരും ഒന്നും അറിയണ്ട” കരഞ്ഞുകൊണ്ട് അവർ അവനെ മുറിക്ക് പുറത്താക്കി വാതിൽ അടച്ചു..

അടഞ്ഞ വാതിലിലേക്ക് നോക്കി കുറച്ച് നേരം നിന്നശേഷം അജയൻ പതിയെ നടന്നു.. നടത്തം അവസാനിച്ചത് കത്തിത്തീരാറായ ചിതക്കു മുന്നിലാണ്.. അതിലേക്ക് തന്നെ നോക്കി നിൽക്കെ തലേന്ന് രാത്രിയിലെ സംഭവം അവന്റെ മനസ്സിലേക്ക് ഓടിയെത്തി..

രാത്രി വീട്ടിൽ തിരിച്ചെത്തി വാതിലും തുറന്ന് കയറിയപ്പോഴാണ് നിർമ്മലക്ക് തന്റെ ഫോൺ വിഷ്ണുവിന്റെ വീട്ടിൽ മറന്നു വെച്ച കാര്യം ഓർമ്മ വന്നത്.. അജയനോടത് പറഞ്ഞപ്പോൾ താൻ എടുത്തിട്ട് വരാമെന്നും പറഞ്ഞ് അവൻ തിരിച്ചു പോയി..

അവിടെയെത്തി ഫോണും എടുത്ത് ഇറങ്ങാൻ നേരമാണ് പുറത്തെ ബാത്റൂമിനരികിൽ ആരുടെയോ നിഴൽ കണ്ടത്.. വല്ല കള്ളന്മാരും ആണെങ്കിലോ എന്ന് കരുതി ശബ്ദമുണ്ടാക്കാതെ അങ്ങോട്ട് പോയി നോക്കി.. വിഷ്ണു ആരോടോ ഫോണിൽ സംസാരിക്കാണെന്ന് മനസ്സിലായപ്പോൾ തിരികെ പോരാൻ ഒരുങ്ങിയതാണ്. പക്ഷേ അപ്രതീക്ഷിതമായി കേട്ട ചില സംഭാഷണ ശകലങ്ങൾ അവന്റെ കാലുകളെ അവിടെ നിന്ന് അനങ്ങാൻ സമ്മതിച്ചില്ല..

“എന്തിനാ മുത്തേ ടെൻഷൻ.ആർക്കും ഒരു സംശയവും ഇല്ലാതെ ഇത്രയും ചെയ്തില്ലേ നമ്മൾ. ഇനിയും ഒരു പ്രശ്നവും ഉണ്ടാവില്ല. നമ്മുടെ സ്വപ്നം നാളെ പൂർത്തിയാവാൻ പോവല്ലേ..

ഹാ ഒന്നും ഇല്ല മായേ ഒരിക്കലും ആരും ഒന്നും അറിയാൻ പോണില്ല.. ഒരു തുമ്പും കിട്ടില്ല അവളെ പറ്റി..പല്ലോ നഖമോ കൂടെ ബാക്കി വെക്കാതെ വല്ല പുലിയോ കടുവയോ തിന്നു തീർത്തു കാണും ആ നശൂലത്തെ

അവൻ ആ അജയൻ എങ്ങാനും കണ്ടു പിടിക്കോന്ന് ഒരു പേടിയുണ്ടായിരുന്നു എനിക്ക്.. പെങ്ങളാണെന്നും പറഞ്ഞ് കൊണ്ട് നടന്നതല്ലേ അവളെ അവൻ.. ഇനിയിപ്പോ വേറെ വല്ലതും ഉണ്ടായിരുന്നോന്ന് ആർക്കറിയാം.. ഏതായാലും എന്റെ കരച്ചിലിൽ അവനും വീണു.. ദാ കുറച്ച് മുന്നേക്കൂടി ചെറുതായി ഒന്ന് അഭിനയിച്ചതേയുള്ളൂ ഞാൻ.. ഒറ്റയടിക്ക് അവളെ മറന്നുന്ന് ആർക്കും തോന്നരുതല്ലോ.

നമ്മൾ തമ്മിലുള്ള ആ ചാറ്റ് അവൾ കണ്ടതാ പ്രശ്നമായത്..അവൾക്കത് എല്ലാരേം അറിയിച്ചേ പറ്റൂന്ന്.. നാശം മര്യാദക്ക് പറഞ്ഞതാ ഞാനവളോട് അപ്പോ അവൾക്ക് അനുസരിക്കാൻ വയ്യ..

അതോണ്ടാ ഒന്ന് കൊടുത്തത് അപ്പഴേക്കും ചത്തു തുലയും ന്ന് ആരറിഞ്ഞു..അതേതായാലും നന്നായീന്ന് തോന്നുന്നു… അതു കൊണ്ടല്ലേ ഒരു തടസ്സവും ഇല്ലാതെ ഇപ്പോ നമുക്ക് ഒന്നിക്കാൻ സാധിച്ചത്

നീയൊന്നു കൊണ്ടും പേടിക്കണ്ട അവളുടെ ഇഷ്ടത്തിന് ഇറങ്ങിപ്പോയതാണെന്ന് തെളിവുണ്ടല്ലോ നമ്മുടെ കൈയിൽ.. എന്തായാലും അവൾ ജീവിച്ചിരിപ്പില്ലെന്ന് ഒരാളും അറിയില്ല

ഇപ്പോ തല്ക്കാലം എന്റെ മോള് വെച്ചോ ഇങ്ങനെ അധികനേരം ഇവിടെ നിന്നാൽ ആർക്കെങ്കിലും സംശയം തോന്നും.. നാളത്തെ ദിവസം സ്വപ്നം കണ്ട് ഉറങ്ങിക്കോ ലവ് യു സ്വീറ്റി ഉമ്മാഹ്…”

ഒരു വിജയച്ചിരിയോടെ ഫോൺ കട്ട് ചെയ്ത് വിഷ്ണു മുറിയിലേക്ക് നടക്കുമ്പോൾ കേട്ടതൊന്നും വിശ്വസിക്കാനാവാതെ നെഞ്ചു പൊട്ടി കരയുകയായിരുന്നു അജയൻ.. കൂടപ്പിറപ്പിനെ പോലെ കണ്ട കൂട്ടുകാരന്റെ ക്രൂരത നിറഞ്ഞ മുഖം വെളിവായപ്പോൾ അവന്റെ ഹൃദയം ചുട്ടുപൊള്ളി..

ഒരു പാവം പെണ്ണിന്റെ ജീവനെടുത്തവനെ കൊല്ലണം എന്ന ചിന്തയിൽ അവന്റെ കാലുകൾ വിഷ്ണുവിനെ പിന്തുടരുമ്പോൾ സ്വന്തം മകന്റെ ക്രൂരത അറിഞ്ഞ് മനം നൊന്ത് ഒരമ്മയും അവിടെ നിൽപ്പുണ്ടായിരുന്നെന്ന് അവനും അറിഞ്ഞിരുന്നില്ല..

എരിഞ്ഞടങ്ങിയ ചിതയിലേക്ക് നോക്കി നിൽക്കെ മദ്യത്തിൽ വിഷം കലർത്തി നൽകി കൂട്ടുകാരനെ കുടിപ്പിച്ചപ്പോഴും മരണവെപ്രാളത്തിൽ അവൻ കിടന്ന് പിടയുമ്പോഴും ഉണ്ടായ അതേ നിർവികാരത മാത്രമായിരുന്നു അജയന്റെ മിഴികളിൽ തെളിഞ്ഞത്.. മനസ്സാക്ഷിക്കു മുന്നിലും ദൈവത്തിന്റെ കോടതിക്ക് മുന്നിലും താൻ തെറ്റുകാരനല്ലെന്ന് അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു..

ഉറച്ച ചുവടുവെപ്പുകളോടെ അവൻ മടങ്ങുമ്പോൾ സ്നേഹത്തോടെ ഏട്ടാന്ന് വിളിച്ച് സംസാരിക്കുന്ന ഒരു പാവം പെണ്ണിന്റെ മുഖം മാത്രമായിരുന്നു അവന്റെ മനസ്സിൽ നിറഞ്ഞു നിന്നത്..

അതേ സമയം തന്റെ സ്വപ്നങ്ങളും ജീവനും ജീവിതവും ഇല്ലാതാക്കിയവന്റെ മരണം കണ്ട ഒരാത്മാവിന്റെ സന്തോഷക്കണ്ണീർ എന്ന പോലെ വരണ്ടു കിടക്കുന്ന ഭൂമിയാകെ നനച്ച് ഒരു മഴ പെയ്തിറങ്ങാൻ തുടങ്ങിയിരുന്നു..🥀

നിങ്ങളുടെ വിലപ്പെട്ട സമയത്തിൽ ഒരു നിമിഷം കൂടി മാറ്റിവെച്ച് ഒരു ലൈക്കും കമന്റും തരണേ.. നിങ്ങളുടെ അഭിപ്രായം ആണ് ഇനിയും എഴുതാനുള്ള ശക്തി 💞

✍ദുർഗ ലക്ഷ്മി

Leave a Reply

Your email address will not be published. Required fields are marked *