രചന : – സൗമ്യ.
ഉച്ചമയക്കത്തിലാണ് ഹരിയേട്ടൻ. കുട്ടികൾ ടിവി കാണുന്നു. രാധിക തൻ്റെ ഹരിയേട്ടന് പ്രിയപ്പെട്ട അട പലഹാരം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഒരു പാട് നാളായി ഹരിയേട്ടന് ഇങ്ങനെ ഉറങ്ങാൻ സാധിച്ചത്. ജോലി തിരക്കാണെന്നും. ഇപ്പോൾ ഈ സാഹചര്യത്തിൽ ഹരിയേട്ടൻ വിശ്രമിക്കട്ടെ …. രാധിക മനസ്സിൽ പറഞ്ഞു.
ഉച്ചയുറക്കം കഴിഞ്ഞാലുടൻ ചായ വേണം. അതിന് പലഹാരവും വേണം. ഇന്ന് രാവിലെ തന്നെ ‘ അട’ ഉണ്ടാക്കി കൊടുക്കാമെന്നവൾ പറഞ്ഞിരുന്നു.
തേങ്ങ തിരുമ്മി കൊണ്ടിരുന്നപ്പോഴാണ് മൊബൈലിൽ ബീപ്പ് ശബ്ദം തുടരെ തുടരെ കേൾക്കാൻ തുടങ്ങിയത്. ആരാണാവോ? മെസേജ് അയക്കുന്നത്.?
രാധിക മൊബൈൽ എടുത്ത് നോക്കി.വാഡ് സപ്പിൽ രണ്ടു മൂന്ന് മെസേജ്’. പേര് ഇല്ല. മെസേജ് ഇങ്ങനെയായിരുന്നു.
‘നിനക്ക് സുഖമാണോ? ” നീ എവിടെയാണ്? “നീ എന്നെ മറന്നുവോ?
രാധിക മനസ്സിൽ ചിന്തിച്ചു.ഇതാരാ?
ഓ… ഏതെങ്കിലും പഴയ കൂട്ടുകാരികളാവാം. അവൾ മറുപടി എഴുതി.
ആരാണ്? മറുവശത്ത് നിന്നും എന്തോ ടൈപ്പ് ചെയ്യുന്നു.
“ഞാൻ……
നിൻ്റെ ….
ഇത്രമാത്രം. എഴുതി നിർത്തി.
രാധികക്ക് ദേഷ്യം തോന്നി. കാരണം ജോലി പകുതിയിലാണ്. ഹരിയേട്ടൻ എഴുന്നേൽക്കുപ്പോൾ പലഹാരം ഉണ്ടാക്കണം.
അവൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്യാൻ തുടങ്ങിയപ്പോൾ വീണ്ടും എന്തോ ടൈപ്പ് ചെയ്യുന്നു. എന്നാൽ ശരി. അതും കൂടി കാണാമെന്നവൾ കരുതി.
“ഞാൻ നിൻ്റെ വിനുവേട്ടൻ. നീ അറിയില്ലേ?
രാധികയുടെ ഹൃദയം ഒന്നു പിടച്ചു. വിനുവേട്ടൻ …. അവൾ അറിയാതെ ഉരുവിട്ടു.
ഒരു നിമിഷം അവൾ സ്തംബിച്ചു പോയി. വിറയാർന്ന വിരലുകളോടെ അവൾ എഴുതി.
‘അറിയില്ല’
അവൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു.
കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഒലിച്ചിറങ്ങി. അവൾ തിരികെ തൻ്റെ ജോലിയിലേക്ക് ശ്രദ്ധ തിരിച്ചു.
ഇതിനിടയിൽ ഓർമ്മകൾ പിറകോട്ട് സഞ്ചരിച്ചു.
രാധിക കോളേജിൽ പഠിക്കുന്ന കാലത്ത് അവിടെ തൻ്റെ സീനിയറായിട്ട് പഠിച്ചിരുന്ന ആളാണ് വിനായകൻ.
ഒരു നാണം കുണുങ്ങിയായിരുന്ന രാധികയുടെ കൂട്ടുകാരിയായിരുന്നു നിമ്മി. അവർ രണ്ടു പേരും ആദ്യമായിട്ട് കോളേജിൽ എത്തിയപ്പോൾ അവിടെ വച്ച് ഉണ്ടായ ഒരു സംഭവത്തിൽ നിന്നുമാണ് വിനായകൻ രാധികയുടെ മനസ്സിൽ കടന്നു കൂടിയത്.
വിനായകൻ്റെ കൂട്ടുകാർ രണ്ടാളെയും തടഞ്ഞു നിർത്തി. എന്തൊക്കെയോ ചോദിച്ചു. നിമ്മി മറുപടി എല്ലാം ഒരു പേടിയും ഇല്ലാതെ പറഞ്ഞു. എന്നാൽ രാധികക്ക് സങ്കടം വന്നു.ഇത് കണ്ട വിനായകൻ മറ്റുള്ളവരെ ശാസിച്ചു. അന്ന് രാധികയുടെ നോട്ടം വിനായകനിൽ പതിഞ്ഞു.
പിന്നീട് രണ്ടു പേരും പലപ്പോഴും പുഞ്ചിരിയിൽ സ്നേഹം പങ്കിട്ടു.
ഒരു ദിവസം നിമ്മി കോളേജിൽ വന്നില്ല. അന്ന് രാധിക കോളേജിൽ എത്തിയപ്പോൾ വിനായകൻ രാധികയുടെ അടുക്കൽ വന്നു.
രാധികക്ക് അതൊരു പുതിയ അനുഭവമായിരുന്നു. അവൾ വിറയ്ക്കാൻ തുടങ്ങി. ഇതു കണ്ട വിനായകൻ പുഞ്ചിരിയോടെ പറഞ്ഞു.
രാധു … നിന്നെ എനിക്ക് ഇഷ്ടമാണ്. അവൾക്കും അതെ അത്രക്ക് ഇഷ്ടമായിരുന്നു.
അന്നു മുതൽ അവർ പരസ്പരം സംസാരിക്കാൻ തുടങ്ങി. വിനായകൻ അവളുടെ വിനുവേട്ടനായി….
മൂന്നാവർഷം പരീക്ഷ കഴിഞ്ഞ ഉടൻ വിനായകൻ അമ്മാവൻ്റെ കൂടെ വിദേശത്ത് പോയി. അവിടെ അമ്മാവൻ്റെ കമ്പനി നോക്കി നടത്താനാണ്.
രാധികയുമായിട്ടുള്ള സ്നേഹം നിലനിർത്തി കൊണ്ടിരുന്നു. രാധികയുടെ പരീക്ഷ കഴിഞ്ഞു. അവൾക്ക് വിവാഹലോചനകൾ വരാൻ തുടങ്ങി.ഒരു സാധാരണ കുടുംബമാണ് രാധികയുടെത്. അവൾക്ക് ഇളയതും ഒരു പെൺകുട്ടിയാണ്. കാർത്തിക..
അതിനാൽ രാധികയുടെ വിവാഹം നടത്താൻ വീട്ടുകാർ തിടുക്കം കാണിച്ചു.ഹരിയുടെ ആലോചന വന്നു. നല്ല പയ്യൻ ഒരു കമ്പനിയിൽ ജോലി. സാധാരണ കുടുംബം. വീട്ടുകാർക്ക് ഇഷ്ടമായി.
എന്നാൽ രാധികയുടെ മനസ്സ് മുഴുവൻ വിനുവിലായിരുന്നു അവൾ അവനെ ഈ വിവരം അറിയിക്കാൻ ശ്രമിച്ചു. എന്നാൽ വിനായകൻ്റ മറുപടി ഒന്നും തന്നെ രാധികക്ക് കിട്ടിയില്ല.
കാത്തിരിക്കണമെന്ന് പറയാനുള്ള ആൾ ഇല്ല. ഇനി എന്ത്?
രാധിക മനസ്സില്ലാ മനസോടെ ഹരിയുമായിട്ടുള്ള വിവാഹത്തിന് സമ്മതം പറഞ്ഞു.
ഇന്ന് അവരുടെ ജീവിതം സന്തോഷത്തോടെ പോകുന്നു.രണ്ടു കുട്ടികൾ. രാധിക ഇന്ന് നല്ലൊരു ഭാര്യയും അമ്മയുമാണ്.
കഴിഞ്ഞകാല ഓർമ്മകൾ ഒന്നും അവളെ ശല്യം ചെയ്യുന്നില്ല.
ഇതിനിടയിൽ വിനായകൻ അമ്മാവൻ്റെ മകളെയും വിവാഹം കഴിച്ചുവിദേശത്ത് താമസിക്കുന്നുവെന്ന കാര്യം രാധിക അറിഞ്ഞിരുന്നു.
അവളുടെ മനസ്സിൽ ഒരു ചെറിയ സങ്കടം ഉണ്ടായിരുന്നു. തന്നെ സ്നേഹിച്ച് കടന്നുകളഞ്ഞ വിനുവേട്ടനോട്…..
സാരമില്ല വിധി ഇതാകും എന്നവൾ സമാധാനിച്ചു. ആ സമാധാനം അവളുടെ ജീവിതത്തിലും ഉണ്ടായി.
അട ഇലയിൽ പരത്തി തീർന്നു.ഇനി പാകം ചെയ്യണം. അവൾ അതിലേക്ക് തിരിഞ്ഞു.
എങ്കിലും മനസ്സിൽ ഒരു ചോദ്യം അവശേഷിച്ചു.
എന്തിനാണ് വിനുവേട്ടൻ ഈ വൈകിയ സമയത്ത് തന്നെ തേടി വന്നത്.?
അമ്മാവൻ്റെ മകളുമായിട്ടുള്ള ജീവിതം വിനായകന് സഹിക്കാൻ കഴിയില്ലായിരിക്കാം..
എന്നാൽ അതു തന്നെയായിരുന്നു സത്യവും.
അവൻ്റെ ഒറ്റപ്പെടൽ അവസ്ഥ അവനെ രാധികയിൽ എത്തിച്ചത്.
നല്ല ഒരു കുടുംബ ജീവിതം അല്ലായിരുന്നു വിനായകൻ്റെത്.
ഇപ്പോഴാണ് രാധിക തൻ്റെ എല്ലാമായിരുന്നുവെന്ന ബോധം വിനായകനിൽ എത്തിയത്.
രാധിക ഉറച്ച തീരുമാനമെടുത്തിരുന്നു.
‘ ആരുടെയും ഏകാന്തതയ്ക്ക് കൂട്ട് പോകാൻ ഇനി എനിക്കാവില്ല”
അവൾ പാകമായ അടകൾ ഓരോന്നുംചൂടാറാനായി പുറത്തു വച്ചു. മണം വന്നപ്പോൾ കുട്ടികൾ ഓടിയെത്തി. അവർ ഓരോന്ന് എടുത്തു. രാധിക പുഞ്ചിരിയോടെ നോക്കി നിന്നു….
മതി ഇനി എനിക്ക് മറ്റൊരു സ്നേഹത്തിൻ്റെ ആവശ്യമില്ല…..
ഇതാണ് എൻ്റെ ലോകം. ഇവരാണ് എന്നെ സ്നേഹിക്കുന്നവർ …
ഹരിയേട്ടൻ ഉണർന്നു. ഇനി ചായ ഇടാം. രാധിക മുഖം തുടച്ചു. അവളിലെ സ്നേഹം ഇവർക്ക് മാത്രം അവകാശപ്പെട്ടതാണ് …..
രചന : – സൗമ്യ.