Categories
Uncategorized

ഈ സ്നേഹതീരത്ത്… എല്ലാം മനസ്സിലായ മട്ടിൽ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി ഒന്നൂടെ ആ നെഞ്ചോട് ചേർന്ന് നിന്നു.. അത് കണ്ട് മക്കളും ഓടി വന്ന് രണ്ടു പേരെയും കെട്ടിപ്പിടിച്ചു…

✍ദുർഗ ലക്ഷ്മി

രാത്രി പണികളെല്ലാം കഴിഞ്ഞ് കുട്ടികളെയും ഉറക്കി ഉറങ്ങാൻ കിടക്കുമ്പോൾ പതിവില്ലാതെ മനസ്സിനകത്ത് എന്തോ ഒരു ഭാരം വന്ന് നിറയുന്നുണ്ടായിരുന്നു.. അരികിൽ യാതൊരു അസ്വാരസ്യങ്ങളുമില്ലാതെ കൂർക്കം വലിച്ചുറങ്ങുന്ന കെട്ടിയോനെ കണ്ട് അസൂയ തോന്നിപ്പോയി..

കുറച്ച് നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി ഒരു രക്ഷയുമില്ല.. ചങ്കിനകത്തെ ഭാരം കൂടുന്ന പോലെ.. ഇത്രമാത്രം അവനെന്റെ ജീവിതത്തെ സ്വാധീനിച്ചിരുന്നോ?ഭർത്താവും കുട്ടികളും പോയ്ക്കഴിഞ്ഞാൽ തനിച്ചാവുന്ന എനിക്കരികിൽ അവൻ എപ്പോഴും ഒരു സാന്ത്വനമായി ഉണ്ടാവാറുണ്ടായിരുന്നു..

ചിലപ്പോഴെല്ലാം കഥ പറഞ്ഞു തന്നും പാട്ട് പാടിത്തന്നും മനോഹരമായ ചിത്രങ്ങൾ കാണിച്ചു തന്നും എന്നും എന്റെ ഒറ്റപ്പെടലിന്റെ നിമിഷങ്ങളെ എന്നിൽ നിന്നകറ്റിയവൻ.. രണ്ട് വർഷങ്ങൾക്കു മുന്നേ പിറന്നാൾ സമ്മാനമായി ചേട്ടൻ അവനെയെന്റെ കൈകളിലേക്ക് വെച്ച് തരുമ്പോൾ അത്ഭുതമായിരുന്നു.. എത്രയോ ദിവസമെടുത്താണ് ഒരു ഫോട്ടോ പോലും ശരിക്കും എടുക്കാൻ പഠിച്ചത്…പക്ഷേ കുറച്ച് കാലം കൊണ്ട് എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമായി മാറിക്കഴിഞ്ഞു.. ഓരോന്നോർത്ത് കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി..

രാവിലെ ഉണർന്നപ്പോൾ കൈകൾ നീണ്ടത് മേശപ്പുറത്തേക്കാണ്… പക്ഷേ അവനവിടെയില്ല എന്ന സത്യം പിന്നെയും മനസിനകത്ത് നീറ്റലായി.. എന്നും രാവിലെ എന്നെ വിളിച്ചുണർത്തി എന്റെ കൂടെ അടുക്കളയിൽ വന്നിരുന്ന് ഭക്തിഗാനങ്ങൾ പാടിത്തന്ന് എന്റെ മനസിനും ശരീരത്തിനും ഉൻമേഷം പകർന്ന് തരുന്ന എന്റെ പ്രിയപ്പെട്ട ഫോൺ…

എന്റെ എത്രയെത്ര ചിത്രങ്ങളാണ് അവനിൽ പതിപ്പിച്ചിട്ടുള്ളതെന്നറിയോ.. ഒരിക്കലും ഭർത്താവോ കുട്ടികളോ കാണാത്ത പല ഭാവത്തിലും വേഷത്തിലുമുള്ള മനോഹര നിമിഷങ്ങൾ അവൻ ഒപ്പിയെടുക്കാറുണ്ടായിരുന്നു..

ഇന്നലെ പെട്ടെന്ന് എന്താണ് സംഭവിച്ചത് എന്നറിയില്ല.. കൈയിൽ നിന്ന് വഴുതി നിലത്തേക്ക് വീണ് ചിതറിത്തെറിക്കുന്നത് കണ്ട് ഹൃദയം പൊട്ടുന്ന വേദനയോടെ നിശ്ചലമായി നിന്നു പോയി.. ഇനിയുള്ള ദിവസങ്ങൾ ഞാനെങ്ങനെ കഴിച്ചു കൂട്ടും എന്നറിയില്ല.. ചിലപ്പോൾ ഭ്രാന്തിയെപ്പോലെ പെരുമാറിയേക്കാം. കുട്ടികൾ പേടിയോടെയാവും എന്നിലെ മാറ്റങ്ങളെ കാണുന്നത്.. ഭർത്താവ് വല്ല ഭ്രാന്താശുപത്രിയിലും കൊണ്ടോവാൻ സാധ്യതയുണ്ടോ? ഏയ് അതൊരിക്കലും ഉണ്ടാവില്ല.. നാണക്കേടല്ലേ അദ്ദേഹത്തിന് ഭാര്യ മനോരോഗിയാണെന്ന് സമൂഹം അറിഞ്ഞാൽ…

ചിന്തകൾക്കൊടുവിൽ അടുക്കളയിലെത്തി.. പണികളൊന്നും വേഗത്തിൽ ആവുന്നില്ലല്ലോ.. എന്തോ ഒരു തടസം പോലെ.. അദ്ദേഹത്തിനും കുട്ടികൾക്കും പോവണമല്ലോ എന്ന ഓർമ്മ വന്നപ്പോൾ ഒരു വിധം എല്ലാം ശരിയാക്കി..

അപ്പോഴേക്കും അവരെല്ലാവരും ഉണർന്നു വന്നു. കുട്ടികളുടെ കുളിയും പല്ലുതേപ്പും ബഹളവുമായപ്പോൾ അൽപസമയം അവനെ ഓർത്തില്ല.. പക്ഷേ ഭർത്താവും കുട്ടികളും പോയിക്കഴിഞ്ഞപ്പോൾ പിന്നെയും ഏകാന്തത കാർന്ന് തിന്നാൻ തുടങ്ങി..

ചായ കുടിക്കാൻ ഇരുന്നപ്പോഴും ഒന്നും തൊണ്ടയിൽ നിന്ന് ഇറങ്ങിയില്ല.. ഈ നേരത്ത് അവനോടൊപ്പം ചേർന്ന് വീട്ടിലേക്ക് ഒരു വിളി പതിവായിരുന്നു.. അമ്മ ഇപ്പോൾ വിഷമിക്കുന്നുണ്ടാവും.. പാവം ഹാ സാരമില്ല ഇനിയിപ്പോ ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ…

ഭക്ഷണം കഴിച്ചെഴുന്നേറ്റ് പാത്രമെല്ലാം കഴുകി വെച്ച് ടി വി യും തുറന്ന് സോഫയിൽ കിടന്നു.. ചാനലുകൾ മാറ്റി മാറ്റി നോക്കിയെങ്കിലും ഒന്നും കാണാൻ തോന്നിയില്ല.. അവസാനം അത് ഓഫാക്കി അങ്ങനെ കിടന്നുറങ്ങി.. ഉണർന്നത് ഉച്ചക്കാണ്.. വല്ലാത്ത ക്ഷീണം തോന്നിയതു കാരണം എണീക്കാതെ വീണ്ടും അവിടെത്തന്നെ കിടന്നു… വിശപ്പ് തീരെ തോന്നിയില്ല..

വൈകുന്നേരം കുട്ടികളും അദ്ദേഹവും വരാൻ സമയമായപ്പോൾ എണീറ്റ് ചായ ഉണ്ടാക്കി വെച്ചു. അൽപം അവൽ എടുത്ത് ശർക്കരയും തേങ്ങയും ചേർത്ത് കുഴച്ച് വെച്ച് വെറുതെ മുറ്റത്തേക്കിറങ്ങി.. അന്തരീക്ഷത്തിൽ ചെറിയൊരു മൂടലുണ്ടായിരുന്നു.. മഴ പെയ്യുമോ എന്നൊരു സംശയം തോന്നി.. കുട്ടികൾ കുടയൊന്നും കൊണ്ടുപോയില്ലല്ലോ.. സ്കൂൾ ബസ് ഗെയ്റ്റ് വരെ വരുന്നതുകൊണ്ട് കുഴപ്പമില്ല.. ചേട്ടനാണെങ്കിൽ എവിടെയെങ്കിലും കേറി നിന്ന് മഴ മാറിയിട്ട് വന്നോളും..

പല തരം ചിന്തയോടെ മുറ്റത്തൂടെ നടക്കുമ്പോഴാണ് ശ്രദ്ധ മാവിൻ തുഞ്ചത്തേക്ക് നീണ്ടത്.. ഓലേഞ്ഞാലിയുടെ കൂട് ആണെന്ന് തോന്നുന്നു കാറ്റിൽ ആടിക്കളിക്കുന്നുണ്ട്.. മുട്ടയുണ്ടാവോ ആവോ? അതെങ്ങാനും വീണാലോ എന്നൊരു പേടി തോന്നി.. ഏയ് വീഴില്ല… മനസിൽ പറഞ്ഞ് കൊണ്ട് തിരികെ അകത്തേക്ക് നടക്കാനൊരുങ്ങി..

അപ്പോഴേക്കും കുട്ടികൾ എത്തി.. അവരെ മേല് കഴുകിച്ച് ചായ കൊടുത്തതിന് ശേഷം ഹോം വർക് ചെയ്യാനിരുത്തി.. അത് കഴിഞ്ഞ് കളിക്കാൻ പോട്ടെന്നുള്ള മോന്റെ ചോദ്യം കേട്ടപ്പോൾ പണ്ട് സ്കൂളിൽ പോയി വന്ന് നേരെ കളിക്കാൻ ഓടുന്നത് ഓർമ്മ വന്നു.. ശരിയെന്ന് പറഞ്ഞ് സമ്മതം കൊടുത്തപ്പോൾ രണ്ടു പേരുടെയും മുഖത്തെ സന്തോഷം കാണണമായിരുന്നു..

അവരെ പഠിക്കാൻ വിട്ടിട്ട് ഉമ്മറത്തിണ്ണയിൽ ചെന്നിരുന്നു.. അപ്പോഴേക്ക് മഴ പെയ്തു തുടങ്ങിയിരുന്നു.. വാടിക്കരിഞ്ഞ് നിന്നിരുന്ന ചെടികളിലെല്ലാം മഴവെള്ളം ഒലിച്ചിറങ്ങി പുതുമണ്ണിന്റെ ഗന്ധം അവിടെയെല്ലാം നിറഞ്ഞു.. ഒത്തിരി കാലത്തിന് ശേഷമായിരുന്നു ആ ഗന്ധം അനുഭവിക്കാൻ പറ്റിയത്..

മഴ നനഞ്ഞ് വിറച്ചുകൊണ്ട് വരുന്ന ഭർത്താവിനെ കണ്ടപ്പോൾ നനഞ്ഞ കോഴിയെയാണ് ഓർമ്മ വന്നത്.. അറിയാതെ ചിരിച്ചു പോയി.. ആള് അന്തം വിട്ട് നിപ്പുണ്ട്.. ടർക്കിയെടുത്ത് തല തുടച്ചു കൊടുത്തു.. എന്നിട്ട് ഡ്രസ് മാറാൻ പറഞ്ഞ് ചായയെടുക്കാൻ അടുക്കളയിലേക്ക് നടന്നു..

മക്കളെ നിങ്ങടെ അമ്മക്ക് എന്താ പറ്റിയത്? എന്തോ എവിടെയോ ഒരു തകരാർ ഉള്ളതുപോലെ തോന്നുന്നുണ്ടോ?

അടക്കിയ ശബ്ദത്തിൽ അദ്ദേഹം പിള്ളേരോട് പറയുന്നത് കേട്ട് ഉളളിൽ ഒരു കുസൃതിച്ചിരി വിരിഞ്ഞു..മക്കൾ വാ പൊത്തി ചിരിയടക്കാൻ ശ്രമിക്കുന്നതു ഇടം കണ്ണിട്ട് കണ്ടു..

സാധാരണ തോർത്ത് വല്ലതും എടുത്ത് കൊടുത്ത് ചായ മേശപ്പുറത്ത് കൊണ്ട് വെച്ച് മിണ്ടാതെ ഫോണിൽ വല്ല സിനിമയും കണ്ടിരിക്കലാണ്.. ഇന്നിപ്പോ പെട്ടെന്ന് ഒരു മാറ്റം കണ്ടതിന്റെ അമ്പരപ്പാണ് അച്ഛനും മക്കൾക്കും..

ചൂടു ചായ രണ്ട് ഗ്ലാസുകളിലാക്കി ഉമ്മറത്തിണ്ണയിൽ കൊണ്ടുവച്ചു കൂടെ അവൽ വിളയിച്ചതും.. മേശപ്പുറത്ത് ചായ കാണാഞ്ഞിട്ട് ആള് അടുക്കളയിലേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു..

അതേയ് ചായ ഇവിടെയുണ്ട്. ഇങ്ങോട്ട് വന്നോളൂ..

അങ്ങേരുടെ രണ്ട് കണ്ണും ഇപ്പോ വീഴും എന്ന മട്ടിൽ ആയിട്ടുണ്ട്.. മിണ്ടാതെ അടുത്ത് വന്നിരുന്ന് ചായയെടുത്ത് ചുണ്ടോട് ചേർത്തു.. മഴ പെയ്യുന്നത് നോക്കി ചൂടു ചായ ഊതിക്കുടിക്കുമ്പോൾ പഴയ കാലത്തേക്ക് മടങ്ങിപ്പോവുന്നത് പോലെ ഒരു തോന്നൽ. അതിനെ ശരിവെക്കും വിധത്തിൽ അദ്ദേഹത്തിന്റെ വിരലുകൾ എന്റെ കൈവിരലുകളിൽ കോർത്തു വച്ചു.. കൈയ്യിലെ രോമങ്ങൾ ഒന്നെഴുന്നേറ്റ് നിന്നു..

കുറെക്കാലത്തിന് ശേഷം മനസ് നിറഞ്ഞ് ആസ്വദിച്ച നിമിഷങ്ങൾ… മഴയത്തിറങ്ങാൻ കൊതി തോന്നിപ്പോയി.. അത് മനസിലാക്കിയിട്ടാവണം പുതുമഴയല്ലേ പെട്ടെന്ന് പനി വരുമെന്ന് പറഞ്ഞു കൊണ്ട് എന്റെ വിരലിൽ ഉള്ള പിടി മുറുക്കി..

കുട്ടികൾ പുസ്തകം മടക്കി വെച്ച് ഒരു ന്യൂസ് പേപ്പറുമായി അടുത്ത് വന്നിരുന്നു.. തോണിയുണ്ടാക്കണം അതാണ് അവരുടെ ആവശ്യം.. രണ്ടു പേരും വാശിയോടെ കളിവഞ്ചിയുണ്ടാക്കി.. അദ്ദേഹവും കൂടെ കൂടി.. അവരത് മഴവെള്ളത്തിൽ ഒഴുക്കിവിടുന്നത് കണ്ടപ്പോൾ അത് പോലെ വീണ്ടും കുട്ടിക്കാലം ആസ്വദിക്കാൻ തോന്നി..

ചേട്ടൻ അപ്പോഴേക്കും അവരുടെ കൂടെ തോണി ഒഴുക്കിവിടാൻ പോയി.. പിന്നൊന്നും ആലോചിച്ചില്ല വേഗം ചെന്ന് അവരോടൊപ്പം കൂടി.. എത്രയോ കാലങ്ങൾക്ക് ശേഷം വീടാകെ പൊട്ടിച്ചിരിയുടെ അലകൾ നിറഞ്ഞു..

അന്ന് രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ പതിവില്ലാതെ പാത്രമെല്ലാം കഴുകി വെക്കാൻ ചേട്ടനും വന്നു.. അത്ഭുതത്തോടെ അത് നോക്കി നിന്നപ്പോൾ പുഞ്ചിരിയോടെ കണ്ണിറുക്കി കാണിച്ചു.. ഏതായാലും വേഗം പണികളെല്ലാം തീർന്നു…കുട്ടികളെ ഉറക്കി കഴിഞ്ഞ് കിടന്നപ്പോൾ അദ്ദേഹത്തിന്റെ കൈ എന്നെ ചുറ്റിപ്പിടിച്ചു..

ഇതെന്താ പതിവില്ലാത്ത പരിപാടികൾ? അല്ലെങ്കിൽ കൂർക്കം വലിച്ചുറങ്ങാറാണല്ലോ പതിവ്.. ഒരു ചെറിയ പരിഭവത്തോടെ ചോദിച്ചു..

അതിന് നീയല്ലേ ഭാര്യേ ഫോണും കെട്ടിപ്പിടിച്ച് നടക്കാറ്… ഏത് സമയത്തും വായനയോ സിനിമ കാണലോ പാട്ട് കേൾക്കലോ ആയി നിനക്കല്ലേ തിരക്ക്.. എല്ലാം കഴിഞ്ഞ് നീ വരുന്നത് എപ്പോഴാ പന്ത്രണ്ട് മണിക്ക്.. അപ്പോഴേക്കും ഞാനുറങ്ങിപ്പോവും.. പിന്നെന്ത് ചെയ്യാനാ.. അടുക്കളയിൽ സഹായിക്കാൻ വരാമെന്ന് കരുതിയാലും നീ പാട്ട് വച്ചോണ്ട് ആവും ജോലി അതു കാരണം ആണ് വരാത്തത്.. ഇന്ന് ആണ് പഴയ എന്റെ പെണ്ണിനെ തിരികെ കിട്ടിയത്… നേർത്ത മന്ദഹാസത്തോടെ അദ്ദേഹം പറഞ്ഞപ്പോഴാണ് ഞാനും അത് ആലോചിച്ചത്.

ശരിയാണ് ആ ഫോൺ കിട്ടിയതിന് ശേഷം ഞാൻ അതിലേക്ക് മാത്രമായി ഒതുങ്ങിപ്പോയിരുന്നു.. ചുറ്റുമുള്ള കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ ഒരു ശല്യമായി തോന്നിത്തുടങ്ങി… കുട്ടികളെ ടിവിക്ക് മുന്നിൽ ഇരുത്തി ശല്യമില്ലാതെ ഫോണിൽ നോക്കലായിരുന്നു എല്ലായ്പ്പോഴും.. എല്ലാം മനസിൽ തികട്ടി വന്നപ്പോൾ കുറ്റബോധം കൊണ്ട് തല താഴ്ന്നു..

നെറുകയിൽ ചുംബിച്ച് കൊണ്ട് സാരമില്ല ഭാര്യേ എന്ന് അദ്ദേഹം പറഞ്ഞത് കേട്ട് ഞാനൊരു പൂച്ചക്കുഞ്ഞിനെപ്പോലെ ആ നെഞ്ചിലെ ചൂടിൽ മുഖമൊളിപ്പിച്ചു.. മഴയുടെ കുളിരിൽ മനസും ശരീരവും പുത്തനുണർവോടെ അദ്ദേഹത്തിൽ അലിഞ്ഞു ചേർന്നു… മാസങ്ങൾക്കു ശേഷം ശാന്തമായൊരു നിദ്ര എന്നെ വന്ന് പുല്കി..

പിറ്റേന്ന് ഉറക്കമുണർന്നത് മനോഹരമായൊരു പുലരിയിലേക്കാണ്… കുളിച്ച് അടുക്കളയിൽ കയറി ഭക്ഷണമുണ്ടാക്കുമ്പോൾ ചുണ്ടിൽ ഒരു മൂളിപ്പാട്ട് വിരിഞ്ഞു…കിളികളുടെ ശബ്ദവും മഴത്തുള്ളികൾ ഇലകളിൽ നിന്നുതിരുമ്പോൾ ഉള്ള ശബ്ദവുമെല്ലാം കാതിന് കുളിർമ്മയായി..

അന്ന് കുട്ടികളും നല്ല ഉത്സാഹത്തിലാണ് എഴുന്നേറ്റ് വന്നത്.. അവരെ ഒരുക്കി ഭക്ഷണവും കൊടുത്ത് പറഞ്ഞയച്ച് ചായയും കുടിച്ച് വേഗം മുറ്റത്തേക്കിറങ്ങി..

ആദ്യം നോക്കിയത് മാവിൻ തുഞ്ചത്തെ കിളിക്കൂടാണ്… ഒരു കുഴപ്പവുമില്ലന്ന് കണ്ടപ്പോൾ ഒരാശ്വാസം..

വെറുതെയിരിക്കാൻ സമയമുണ്ടായിരുന്നില്ല.. ചെടികളെല്ലാം മഴ പെയ്ത് തോർന്നപ്പോൾ ഒന്ന് നിവർന്ന് സൂര്യനെ നോക്കി നിൽപ്പുണ്ടായിരുന്നു.. അവക്കെല്ലാം കുറച്ച് കൂടി മണ്ണിട്ട് കൊടുത്തും ഇടയിലെ ചെറു കളകളെ പറിച്ച് കളഞ്ഞും എല്ലാം ഭംഗിയാക്കിക്കഴിഞ്ഞപ്പോഴേക്കും ഉച്ചയായിരുന്നു..

നല്ല വിശപ്പ് ഉള്ള കാരണം വേഗം ഭക്ഷണം കഴിക്കാൻ ഇരുന്നു.. എന്തോ ഡൈനിംഗ് ഹാളിൽ ഇരിക്കാൻ തോന്നിയില്ല.. നേരെ അടുക്കളപ്പുറത്തെ തിണ്ണയിൽ പോയിരുന്നു.. ഒന്ന് രണ്ട് അണ്ണാറക്കണ്ണന്മാരും കരിയാറ്റക്കിളികളും മുറ്റത്തൂടെ നടക്കുന്നുണ്ടായിരുന്നു.. അൽപ്പം ചോറെടുത്ത് മുറ്റത്തേക്കിട്ടു കൊടുത്തു… കലപില ബഹളമുണ്ടാക്കി അവരത് കൊത്തിപ്പെറുക്കുന്നതും നോക്കി ചോറ് കഴിച്ചു തീർത്തു.. ഇനി നിങ്ങള് കഴിച്ചോന്ന് പറഞ്ഞ് വാതിലടച്ച് പാത്രം കഴുകിക്കമഴ്ത്തി ഹാളിലേക്ക് വന്നു..

ഇനിയിപ്പോ എന്ത് ചെയ്യും എന്നാലോചിച്ചപ്പോഴാണ് മുമ്പെന്നോ വായിക്കാൻ വാങ്ങി വെച്ച ഒരു പുസ്തകം കണ്ണിൽ തടഞ്ഞത്.. അതെടുത്ത് ഉമ്മറത്ത് വന്നിരുന്നു.. കുറച്ച് നേരത്തെ വായനക്ക് ശേഷം പുസ്തകം അടച്ചു വെച്ചു.. മക്കൾ ഇടക്കെപ്പോഴോ ഉണ്ണിയപ്പം ഉണ്ടാക്കിത്തരോന്ന് ചോദിച്ചത് ഓർമ്മ വന്നു.. അരിപ്പൊടിയെടുത്ത് പഴവും ശർക്കരപ്പാവും കൂട്ടി മാവാക്കി വെച്ചു…

സ്കൂൾ വിട്ട് കുട്ടികൾ എത്തിയപ്പോഴേക്ക് ചൂടുള്ള ഉണ്ണിയപ്പം റെഡിയായിരുന്നു.. മുന്നിൽ ഉണ്ണിയപ്പം കണ്ട് രണ്ടാളും ഞെട്ടിയിട്ടുണ്ട്.. എന്തായാലും അവരുടെ സ്നേഹത്തിൽ കുതിർന്ന ഓരോ ഉമ്മയാണ് അതിന് പകരം കിട്ടിയത്.. ചേട്ടൻ വന്നപ്പോഴും അതേ അത്ഭുതം മുഖത്ത് കണ്ടു.. സാധാരണ എന്തെങ്കിലും ബേക്കറി പലഹാരങ്ങൾ വാങ്ങിക്കാൻ പറയാറാണ് പതിവ്.. അതിന് വിപരീതമായി ഓരോന്ന് കാണുന്നതിന്റെ ഞെട്ടലാ..

ഒത്തിരി സന്തോഷത്തോടെയാണ് അന്നും ഭക്ഷണമെല്ലാം ഒരുമിച്ചിരുന്ന് കഴിച്ചത്..കഥകൾ പറഞ്ഞും ചിരിച്ചും മനോഹരമായൊരു രാത്രി കൂടി കടന്നു പോയി..പിറ്റേന്ന് ഞായറാഴ്ചയായിരുന്നു…

രാവിലെ നേരത്തെ എണീക്കാൻ തുടങ്ങിയപ്പോൾ ചേട്ടൻ വിട്ടില്ല…. കുറച്ച് നേരം കൂടെ കഴിഞ്ഞിട്ട് ഒരുമിച്ച് ഭക്ഷണമുണ്ടാക്കാമെന്ന് പറഞ്ഞ് ഒരു കള്ളച്ചിരിയോടെ കെട്ടിപ്പിടിച്ചു… പണ്ട് കല്യാണം കഴിഞ്ഞ കുറച്ച് നാളുകൾ ഇങ്ങനെത്തന്നെയായിരുന്നല്ലോ എന്നോർത്തു.. പിന്നെ പിന്നെ വെറും ഒരു ഓട്ടമായി മാറിപ്പോയി ജീവിതം.. ഇപ്പോളിതാ പഴയ സന്തോഷങ്ങളെല്ലാം തിരികെ കിട്ടുവാൻ തുടങ്ങിയിരിക്കുന്നു..

അന്ന് രണ്ടാളും കൂടിയാണ് ഭക്ഷണമെല്ലാം തയ്യാറാക്കിയത്.. പഴയ കാര്യങ്ങൾ ഓരോന്ന് പറഞ്ഞ് ശുണ്ഠി പിടിപ്പിച്ചും ചിരിപ്പിച്ചും ഈ ദിവസം ഒരാഘോഷമായി മാറ്റി.. വൈകുന്നേരമായപ്പോൾ മക്കളെയും കൂട്ടി അമ്പലത്തിലും പോയി.. വല്ലാത്തൊരു മനശാന്തി കൈവന്ന പോലെ..

ചെടികളോടും കിളികളോടും പൂവിനോടും പൂമ്പാറ്റകളോടും കിന്നാരം പറഞ്ഞും മാവിലെ ഓലേഞ്ഞാലിക്കിളിയോട് സംസാരിച്ചും അണ്ണാൻ കുഞ്ഞുങ്ങളോടും കരിയാറ്റക്കിളികളോടും കലഹിച്ചും പണ്ട് അമ്മ ഉണ്ടാക്കിത്തരാറുള്ള മധുര പലഹാരങ്ങൾ ഓരോന്നായി ഉണ്ടാക്കി മക്കൾക്കും ചേട്ടനും കൊടുത്ത് അവരുടെ മുഖത്തെ സന്തോഷം കണ്ട് മനസ് നിറഞ്ഞും ഓരോ ദിനവും കടന്നു പോയി..

മനസ്സ് വീണ്ടും ചെറുപ്പമായി മാറിയത് വല്ലാതെ അത്ഭുതപ്പെടുത്തി.. എന്റെ മാറ്റത്തിൽ ഒരു പക്ഷേ എന്നേക്കാളേറെ സന്തോഷിച്ചത് ചേട്ടനും കുട്ടികളും ആയിരിക്കും.. ഫോണിലേക്ക് മാത്രം ഒതുങ്ങിപ്പോയവളിൽ നിന്ന് അത്ര മാറ്റം വന്നിരുന്നു ഇപ്പോഴത്തെ എനിക്ക്..

പിറ്റേന്ന് ഓഫീസിൽ നിന്ന് വന്ന ചേട്ടൻ മുഖത്ത് ഒരു കുസൃതിച്ചിരിയുമായി എന്നോട് കണ്ണടയ്ക്കാൻ പറഞ്ഞു… എന്നിട്ട് കൈനീട്ടാനും. ശരിയെന്ന് പറഞ്ഞ് കണ്ണടച്ച് കൈ നീട്ടി.. കൈയിൽ ബോക്സ് പോലെ എന്തോ ആയിരുന്നു.. കണ്ണ് തുറന്ന് നോക്കിയപ്പോൾ കണ്ടത് പുതിയ മോഡൽ ഫോണാണ്.. അത് കണ്ടപ്പോൾ ആദ്യം മുഖം വിടർന്നു.. പക്ഷേ പെട്ടെന്നാണ് ഒരു അസ്വസ്ഥത തോന്നിയത് അത് മുഖത്ത് പ്രകടമാവുകയും ചെയ്തു..

എനിക്ക് വേണ്ട ചേട്ടാ ഇത് എന്നും പറഞ്ഞ് തിരിച്ച് ആ കൈകളിലേക്ക് തന്നെ ഫോൺ വെച്ചു കൊടുത്തു.. ആൾക്ക് കാര്യം മനസിലായെന്ന് തോന്നുന്നു.. ചെറിയൊരു ചിരിയോടെ എന്നെത്തന്നെ നോക്കി നിന്നു.. അത് കണ്ടപ്പോൾ എന്തോ പെട്ടെന്ന് തല താഴ്ന്ന് പോയി..

എല്ലാം ആവശ്യത്തിന് വേണം ഭാര്യേ.. അതിന് ജീവിതത്തിൽ അമിത പ്രാധാന്യം കൊടുക്കരുതെന്നേയുള്ളൂ.. ഇടക്കൊക്കെ വീട്ടുകാരെയും സുഹൃത്തുക്കളെയും വിളിക്കണ്ടേ നിനക്ക്.. പിന്നെ ഇടക്ക് ഈ പാവം ഭർത്താവിനെ വിളിച്ച് ചായ കുടിച്ചോ ചോറുണ്ടോ എന്നെല്ലാം ചോദിക്കാമല്ലോ… നമ്മുടെ ജീവിതമാണ് സന്തോഷവും സമാധാനവും കണ്ടെത്തേണ്ടത് നമ്മള് തന്നെയാ… മനസിലായോ പെണ്ണുമ്പിള്ളേ..താടി പിടിച്ചുയർത്തി കണ്ണുകളിലേക്ക് നോക്കി പകുതി തമാശയായും പകുതി കാര്യമായും അദ്ദേഹം പറഞ്ഞു നിർത്തി..

എല്ലാം മനസ്സിലായ മട്ടിൽ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി ഒന്നൂടെ ആ നെഞ്ചോട് ചേർന്ന് നിന്നു.. അത് കണ്ട് മക്കളും ഓടി വന്ന് രണ്ടു പേരെയും കെട്ടിപ്പിടിച്ചു…

മനോഹരമായൊരു സെൽഫി കൂടെയെടുത്ത് അദ്ദേഹം അത് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു.. അതിന്റെ താഴെ ഒരു ക്യാപ്ഷനും കൊടുത്തു

“ലളിതം സുന്ദരം”

✍ദുർഗ ലക്ഷ്മി

Leave a Reply

Your email address will not be published. Required fields are marked *