രചന: ജോളി ഷാജി
“ദേവേട്ടാ, വൈകിട്ട് എന്താണ് പരിപാടി… തിരക്ക് വല്ലതും…”
“അതുകൊള്ളാം രണ്ടുദിവസം കൂടിയേ കല്യാണത്തിന് ഇനിയൊള്ളു അപ്പൊ പിന്നേ തിരക്ക് ഉണ്ടാവില്ലേ…”
“എനിക്ക് ദേവട്ടനെ ഒന്നു കാണാൻ തോന്നുവാണ് ഇപ്പൊ…”
“കുട്ട്യേ നീയെന്താ കൊച്ചുകുട്ടികളെപ്പോലെ ഈ പറയുന്നത്… രണ്ടുദിവസം കാത്തിരുന്നാൽ പോരെ പിന്നേ എപ്പോഴും നിന്റെ കൂടെ ഞാനുണ്ടാവില്ലേ….”
“ആ രണ്ടുദിവസത്തെ കാത്തിരിപ്പ് എനിക്ക് രണ്ടുയുഗങ്ങൾ പോലെ തോന്നുവാണ്… എന്തോ മനസ്സ് വല്ലാതെ കൊതിക്കുന്നു ഒന്നു കാണുവാൻ…”
“ഞാൻ നോക്കട്ടെ പറ്റുമോ എന്ന്… വീട്ടിലേക്കു വരില്ലട്ടോ … ജംഗ്ഷനിൽ വരാം…ഞാൻ വിളിക്കുമ്പോൾ നീ വന്നാൽ മതി…”
“ദേവേട്ടാ ഞാനാ കടപ്പുറത്തു വരാം വൈകുന്നേരം….”
“എടാ കുട്ട്യേ ഒന്നാമത് നല്ല മഴയാണ് വൈകിട്ട്… നനഞ്ഞു വല്ല പനിയും പിടിച്ചാൽ കല്യാണത്തിന് പണി കിട്ടും…”
“ഇല്ല ദേവേട്ടാ മഴയത്തു നമുക്ക് അവിടെങ്ങാനും കേറിനിൽക്കാം…”
“പെണ്ണിന്റെ ഒരു വാശി… ആ ഞാൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ വിളിക്കാം… ജംഗ്ഷനിൽ നിന്നാൽ മതി ഒരുമിച്ച് പോകാം…”
നീരജ കാത്തിരുന്നു ദേവന്റെ വിളിക്കായി…. പാവം ദേവേട്ടൻ എത്രമാത്രം തന്നെ സ്നേഹിക്കുന്നു.. താൻ എന്തുപറഞ്ഞാലും അതേ പോലെ ചെയ്യും…
നാലുമണി കഴിഞ്ഞപ്പോൾ ദേവന്റെ കാൾ വന്നു… നീരജ അമ്മയോട് അത്യാവശ്യം കുറച്ച് സാധനങ്ങൾ വാങ്ങി വരാമെന്നു പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി…
അവൾ ചെല്ലുമ്പോൾ ജംങ്ഷനിൽ ദേവൻ ബുള്ളറ്റ് ആയി വന്നിട്ടുണ്ട്… അവൾ ദേവന്റെ പിന്നിൽ കയറി ഇരുന്നു…. മുൻപും ദേവന്റെ കൂടെ ബുള്ളറ്റിൽ യാത്ര ചെയ്തിട്ടുണ്ട് പക്ഷെ അന്നൊക്കെ അല്പം അകലമിട്ടെ അവൾ ഇരിക്കാറുള്ളു… അവൾ ദേവന്റെ അരയിലൂടെ കൈ ഇട്ട് അവനെ മുറുകെ പിടിച്ച് മുഖം അവന്റെ ചുമലിലേക്ക് ചായ്ച്ച് ഇരുന്നു…
ദേവനിൽ ഒരു പുഞ്ചിരി ഉണ്ടായി… ആദ്യമാണ് അവൾ തന്റെ ദേഹത്തോട് ഇത്രയും മുട്ടി ഇരിക്കുന്നത്…
“കുട്ട്യേ… എന്താടോ ഇപ്പൊ തനിക്കു എന്നെ കാണണം എന്ന് തോന്നിയത്..”
“അറിയില്ല ദേവേട്ടാ ഉള്ളിൽ ആരോ വല്ലാതെ പ്രകോപിപ്പിക്കുന്നു ദേവേട്ടനെ കാണു എന്ന് പറഞ്ഞ്.. ദേവേട്ടാ എനിക്ക് ഏട്ടനെ സ്നേഹിച്ച് കൊതി തീരാത്തതുപോലെ…”
“അതിന് നമ്മൾ സ്നേഹിച്ച് തുടങ്ങിയതല്ലേയൊള്ളു കുട്ട്യേ…”
അവർ കടപ്പുറത്തു എത്തുമ്പോൾ അവിടെയിവിടെ ആയി കുറച്ചുപേർ മാത്രമേ ഉണ്ടായിരുന്നുള്ളു… നീരജ ദേവനെ മുറുകെ പിടിച്ചാണ് കടപ്പുറത്തുകൂടെ നടന്നത്… കൊച്ചു കുട്ടിയെപ്പോലെ അവൾ അയാളുടെ തോളിൽ തൂങ്ങിയാണ് നടപ്പ്…
“ദേവേട്ടാ തിരമാലകൾ നിശ്ചമായാൽ കടലിന് ഭംഗിയുണ്ടോ…”
“ഇല്ലെടാ കുട്ട്യേ തിരമാലകൾ ഇല്ലാതയാൽ കടൽ നിശ്ചലം ആകുവല്ലേ…. നിശ്ചലമായ കടലിനു എന്ത് ഭംഗി….”
“ആർത്തിരമ്പി വന്നു കരയെ മുഴുവനായി കവർന്നെടുക്കുമെങ്കിലും കരക്കും പ്രണയംതിരയോട് അല്ലെ…”
“അല്ല എന്റെ കുട്ടിക്ക് ഇപ്പൊ എന്താ ഇത്ര സാഹിത്യമൊക്കെ വന്നത്…”
“വെറുതെ ഓരോ തോന്നലുകൾ ആണ് ഏട്ടാ…”
ദേവനും നീരജയുംകടലിലേക്ക് മെല്ലെ ഇറങ്ങി…. മുട്ടൊപ്പം വെള്ളത്തിൽ നിന്നിട്ടും നീരജക്ക് കടലിലേക്ക് ഇറങ്ങണം എന്ന വാശി ആയിരുന്നു…
“ഇനി ഇറങ്ങേണ്ടടാ നല്ല കടൽ ഷോഭം ഉള്ള സമയം ആണ്, തിരമാലകൾ പാഞ്ഞടുക്കുന്നത് അറിയാൻ പറ്റില്ല..”
ദേവൻ നീരജയുടെ കൈകളിൽ ബലമായി പിടിച്ച് കടൽത്തീരത്തെ പാറക്കെട്ടിലേക്കു കയറി….അവൾ കൊച്ചുകുട്ടികൾ ആദ്യമായി കടൽ കാണും പോലെ സന്തോഷവതി ആയിരുന്നു…. ദേവൻ വലിയൊരു പാറക്കല്ലിൽ അവളെ പിടിച്ചിരുത്തി അവൾക്കരുകിൽ ഇരുന്നു…
“ദേവേട്ടാ, എനിക്ക് കടലിൽ ആ തിരകളോടൊപ്പം തുള്ളിക്കളിക്കാൻ തോന്നുവാണ്…”
“അതേ കുട്ടിക്ക് ഇപ്പൊ അങ്ങനൊക്കെ തോന്നും പ്രായത്തിന്റെയാ…”
“ദേവേട്ടന് ഈ ചൊവ്വദോഷക്കാരിയെ വിവാഹം ചെയ്യാൻ എങ്ങനെ ധൈര്യം വന്നു..”
“ദോഷങ്ങൾ ഉണ്ടാക്കുന്ന ദൈവത്തിന് പ്രതിവിധി കാണാനും അറിയാമായിരിക്കുമല്ലോ…അല്ല കുട്ടിക്ക് ഈ കിളവനെ വിവാഹം ചെയ്യാൻ എങ്ങനെ തോന്നി ”
“കിളവനോ… എന്റെ ദേവേട്ടൻ എന്നേക്കാൾ ചെറുപ്പവും ചുറുചുറുക്കും ഉള്ള ആളല്ലേ…”
“എങ്കിലും പ്രായം കൊണ്ട്… തന്നെക്കാൾ പത്തു പതിമൂന്ന് വയസ്സിനു മൂപ്പുള്ള ആളല്ലെടാ ഞാൻ..”
“ദേവേട്ടാ… പതിനെട്ട് വയസ്സിനു മുൻപ് വിവാഹം നടന്നില്ലെങ്കിൽ പിന്നെ മുപ്പതിന് ശേഷം നടക്കു എന്നാണ് എൻറെ ജാതകത്തിൽ…. വീട്ടുകാർ ഒരുപാട് ശ്രമിച്ചു പതിനെട്ടിനു മുൻപ് നടത്താൻ… പക്ഷെ ഞാൻ സമ്മതിച്ചില്ല… എല്ലാരും പറഞ്ഞ് മുപ്പതു കഴിയുമ്പോൾ മിക്കവാറും ഒരു രണ്ടാം കെട്ടുകാരനെ ആവും നീരജക്ക് കിട്ടുക എന്ന്…. പക്ഷെ ഈ ഇരുപതിനാലാം വയസ്സിൽ ജാതകത്തിൽ വിശ്വാസം ഇല്ലാത്ത ഏട്ടൻ എന്നെ വിവാഹം ചെയ്യാൻ തയാറായപ്പോൾ എനിക്ക് ഒരുപാട് അഭിമാനം ആണ് തോന്നിയത്…”
“ഇതൊക്കെ ഒരു നിയോഗം ആണ് കുട്ട്യേ അല്ലെങ്കിൽ ഞാൻ ഇത്രയും നാൾ വിവാഹം കഴിക്കാതെ നിൽക്കുമായിരുന്നോ….”
“ഏട്ടന്റെ സാഹചര്യം കൊണ്ട് സംഭവിച്ചതല്ലേ ഇങ്ങനെയൊക്കെ… അത് ഈശ്വരൻ എനിക്ക് തുണയാക്കി..പക്ഷെ ഈ ജാതകദോഷം നമ്മെ പിരിക്കുമോ ഏട്ടാ..”
“അതേ, പത്തിരുപതു വർഷം ഗൾഫിൽ തീയിൽ ഉരുകി കുടുംബം സുരക്ഷിതമാക്കി… അനിയത്തിമാർക്കും അനിയന്മാർക്കും ജീവിതം ഉണ്ടാക്കി കൊടുത്തു…. അവരൊക്കെ വലിയ നിലയിൽ ആയപ്പോൾ ഞാൻ ഒറ്റപ്പെട്ടു… എനിക്ക് കൂട്ടിന് ദൈവം മാറ്റി വെച്ചതുപോലെ നീയും…നമ്മൾ ഇങ്ങനെ കുറേക്കാലം ഒരുമിച്ചു പ്രണയിച്ചു മക്കളും അവരുടെ മക്കളുമൊക്കെയായി ജീവിക്കും…”
ദേവന്റെ മിഴികൾ അറിയാതെ നിറഞ്ഞു… നീരജ അവന്റെ തോളിലേക്ക് മുഖം ചായിച്ചു…
“ദേവേട്ടാ.. എന്നെ നഷ്ടമായാൽ ഏട്ടൻ വിഷമിക്കുമോ…”
“എന്തിനാ കുട്ട്യേ ഇമ്മാതിരി ചോദ്യങ്ങൾ… വാ നമുക്ക് പോവാം നല്ല മഴ വരുന്നുണ്ട്… വന്നേ ”
ദേവൻ എഴുന്നേറ്റു അവളുടെ കൈകളിൽ പിടിച്ച് എണീപ്പിച്ചു…
“ഈ മഴ നമുക്ക് നനയാം ദേവേട്ടാ..”
“വേണ്ട കുട്ട്യേ നല്ലൊരു ദിവസമാണ് വരാൻ പോകുന്നത് വെറുതെ പനിപിടിപ്പിച്ച് അതിന്റെ ത്രിൽ കളയണോ…”
“ന്റെ ദേവേട്ടാ നമ്മള് മലയാളികൾ ഒരു കുഞ്ഞ് മഴ നനഞ്ഞാൽ എങ്ങനെ പണിക്കുമെന്നാണ് പറയുന്നേ…. മഴ നമ്മുടെ സ്വന്തം അല്ലെ…. ”
അപ്പോഴേക്കും മഴ ഒരുവിധം നന്നായി പെയ്ത് തുടങ്ങി… ദേവൻ ഒരുപാട് ശ്രമിച്ചു നീരജയെ മഴയിൽ നിന്നും കയറ്റികൊണ്ട് പോകുവാൻ… പക്ഷെ അവൾ വല്ലാത്തൊരു ആനന്ദത്തിൽ ആയിരുന്നു… പരിചയപ്പെട്ടിട്ട് മൂന്നാല് പ്രവാശ്യം ഒരുമിച്ചു വെളിയിൽ പോയിട്ടുമുണ്ട്… പക്ഷെ അന്നൊക്കെ എത്ര സൈലന്റ് ആയിരുന്നു ഇവൾ.. ഒരുപക്ഷെ കല്യാണത്തിന് ദിവസം അടുത്തതിന്റെ സന്തോഷം ആകും ..
അവളുടെ സന്തോഷങ്ങൾക്കു കൂട്ടുനിന്നപ്പോളൊക്കെ നീരജയെ തന്റെ മകളെപോലെ തോന്നി ദേവന്.. ചിലപ്പോൾ തന്റെ കുഞ്ഞനുജത്തിയായി തോന്നിച്ചു…
കടപ്പുറത്തുനിന്നും അവളെ ദേവൻ അവളുടെ വീട്ടുപടിക്കൽ വരെ കൊണ്ടാക്കി… അവളോട് യാത്ര പറഞ്ഞ് വണ്ടിയെടുത്ത ദേവൻ തിരിഞ്ഞു നോക്കിയപ്പോളും അവൾ തന്നെ തന്നെ നോക്കി നിൽക്കുന്നതാണ് കണ്ടത്…
അവളുടെ മുഖത്തെ ഇതുവരെയുള്ള സന്തോഷം പെട്ടെന്ന് മാഞ്ഞതുപോലെ ദേവന് തോന്നി…
ദേവൻ രാത്രി കിടക്കാൻ നേരം വിളിച്ചപ്പോൾ നീരജ ഉറങ്ങിയിരുന്നു… അമ്മയാണ് ഫോൺ എടുത്തത്…
“അവൾക്കെന്തോ തലവേദന പോലെ തോന്നുന്നു വല്ലാത്ത അസ്വസ്ഥത എന്ന് പറഞ്ഞ് ഭക്ഷണം പൊലും കഴിക്കാതെ ഉറങ്ങി…ഞാൻ വിളിക്കണോ മോനെ…”
“വേണ്ടമ്മേ ഉറങ്ങിക്കോട്ടെ പാവം..”
പിറ്റേന്ന് ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ദേവൻ ഉണർന്നത്… നീരജയുടെ അച്ഛനാണ്…
“എന്താ അച്ഛാ ഇത്ര രാവിലെ…”
“മോനെ, മോൾക്ക് തീരെ വയ്യ ഞങ്ങൾ അവളെയും കൊണ്ട് ആശുപത്രിയിൽ എത്തി…. കാഷ്വാലിറ്റിയിൽ ആണ് ഇപ്പോൾ…. ”
“ഞാൻ വേഗം എത്താം അച്ഛാ…”
ദേവൻ ചെല്ലുമ്പോഴേക്കും നീരജയെ ഐ സി യു വിലേക്കു കയറ്റിയിരുന്നു… ചില്ലിന് ഇടയിലൂടെ അവളുടെ കൂമ്പിയ കണ്ണുകളും മുഖവും കണ്ട ദേവൻ അടക്കി പിടിച്ച് കരഞ്ഞു… അവൻ മെല്ലെ അച്ഛന്റെ അടുത്തേക്ക് ചെന്നു..
“അച്ഛാ സത്യത്തിൽ അവൾക്കു എന്താണ് പറ്റിയത്…”
“രാത്രിയിൽ ശർദ്ദിക്കുന്ന ശബ്‍ദം കേട്ടാണ് മാലതി മോൾടെ മുറിയിലേക്ക് ചെന്നത്… കട്ടിലിൽ കിടന്നു താഴേക്ക് ശർദ്ദിക്കുകയായിരുന്നു അവളപ്പോൾ… അവൾ എന്നോട് ഓടിവരാൻ പറഞ്ഞു വിളിച്ചു… ഞാൻ ചെന്ന് മോളെ വിളിച്ചു… പക്ഷെ അപ്പോഴേക്കും അവൾ മയക്കത്തിൽ ആയിരുന്നു… നന്നായി പനിക്കുന്നുമുണ്ടായിരുന്നു…”
“ഞാൻ ഡോക്ടറെ ഒന്നു കണ്ടിട്ടു വരാം അച്ഛാ…”
ദേവൻ ഡോക്ടർ വിനയന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അദ്ദേഹവും ദേവനെ പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു…
“ഡോക്ടർ ഞാൻ ദേവൻ..നീരജയുടെ വിവരങ്ങൾ തിരക്കാൻ വന്നതാണ്… അവൾക്ക് എന്താണ് പ്രശ്നം…”
“ദേവൻ ഞാൻ പറയാൻ പോകുന്നത് വളരെ സീരിയസ് ആയ കാര്യമാണ്… താങ്കൾ അത് മനസ്സിലാക്കേണ്ടത് അത്യാവശ്യം ആണ്…”
“എന്താണ് സാർ അവൾക്കു എന്തെങ്കിലും…”
“നീരജ കഴിഞ്ഞ രണ്ടു മാസമായി ഇവിടെ ചികിത്സയിൽ ആയിരുന്നു… അത് നിങ്ങൾക്ക് അറിയാമായിരുന്നോ…..”
“ഇല്ല ഡോക്ടർ… എന്താണ് അവളുടെ അസുഖം…”
“രോഗം ആ കുട്ടിയുടെ ശരീരത്തിൽ അല്ല ദേവൻ അവളുടെ മനസ്സിൽ ആണ്… അവൾ മെന്റലി ഡിപ്രഷൻ ആണ്…”
“അതിനൊരു കാരണം വേണ്ടേ ഡോക്ടർ…”
“കാരണം ഉണ്ട് അതാണ് ഞാൻ ദേവനോട് പറയാൻ പോകുന്നത്… ആ കുട്ടിയുടെ അച്ഛനോ അമ്മക്കോ ആർക്കും ഇത് അറിഞ്ഞൂടാ… അവളും ആ സാധു കുടുംബവും അമ്പലങ്ങളിലും വിശ്വാസങ്ങളിലും മുഴുകി ജീവിക്കുന്നവർ ആണെന്ന് ദേവന് അറിയാവുന്നതല്ലേ…”
“അതൊക്ക എനിക്കറിയാം ഡോക്ടർ, അവരുടെ വീട്ടുവളപ്പിൽ ചെറിയ ഒരു പ്രതിഷ്ഠയും അതിൽ നിത്യവും വിളക്ക് വെക്കലും ആരാധനയും ഒക്കെ ഉള്ളതാണ്… ശെരി അമ്പലവാസി ആയാണ് നീരജയും വളർന്നു വന്നത്..”
“ചെറുപ്പം മുതലേ ഒരുപാട് വിശ്വാസങ്ങളിൽ ജീവിച്ചു പോന്നിട്ടാവും അവളുടെ ജാതക ദോഷം ആ കുട്ടിയെ ഒരുപാട് അലട്ടുന്നുണ്ടായിരുന്നു… പതിനെട്ടു വയസ്സിനു മുന്പേ കല്യാണം നടത്താൻ അവളുടെ വീട്ടുകാർ ഒരുപാട് ശ്രമിച്ചതുമാണ്…പക്ഷെ അവളിൽ അന്നേ ഒരുപേടിയുണ്ട്…. കല്യാണം കഴിഞ്ഞാൽ ജീവിതം ശാശ്വതമാകുമോ… ദീർഘസുമംഗലി ആയി കഴിയാൻ പറ്റുമോ എന്നൊക്കെ…
അങ്ങനെ ഇരിക്കെയാണ് ദേവന്റെ ആലോചന ആ കുട്ടിക്ക് വരുന്നത്… സത്യത്തിൽ അവർക്കു എതീർപ്പായിരുന്നു പക്ഷെ ആ കുട്ടിയുടെ അമ്മാവന്റെ ഇഷ്ടമായിരുന്നു ഈ വിവാഹത്തിലേക്കു നിങ്ങളെ എത്തിച്ചത് അല്ലെ ദേവൻ…”
“അതേ ഡോക്ടർ ജാതകം നോക്കി പത്തിൽ പത്തും പൊരുത്തം ഉള്ളത് വേർപെട്ടു പോകുന്നില്ലേ… പൊരുത്തം നോക്കാത്തവർ ജീവിക്കുന്നുമില്ലേ…. എനിക്ക് അതിൽ യാതൊരു വിശ്വാസവുമില്ലായിരുന്നു… അപ്പോളാണ് നീരജയുടെ അമ്മാവൻ ഈ കുട്ടിയെക്കുറിച്ച് എന്നോട് പറയുന്നത്…. എന്റെ ഒരു സുഹൃത്തിന്റെ അകന്ന ബന്ധത്തിൽ ഉള്ള ആളായിരുന്നു നീരജയുടെ അമ്മയും അമ്മാവനും…. അദ്ദേഹം എന്നോട് നിനക്ക് ധൈര്യം ഉണ്ടെങ്കിൽ ഈ വിവാഹം നടത്താം എന്ന് പറഞ്ഞു…. അവളെ അദ്ദേഹമാണ് പറഞ്ഞ് സമ്മതിപ്പിച്ചത്….”
“അവൾ സമ്മതിച്ചു എങ്കിലും ഉള്ളിൽ അവൾക്കു ഭയമായിരുന്നു…. അവൾക്കൊരു ജലദോഷം വന്നാൽ പോലും കല്യാണം ആലോചിച്ചതിനാൽ ആണോ താൻ മരിക്കുമോ എന്നൊക്കെ ആ കുട്ടിക്ക് ഭയം ആയിരുന്നു… മറ്റാരോടും തുറന്ന് പറയാനും അവൾ ഭയന്നു…
രണ്ടുമാസം മുന്നേ ആണ് അവളുടെ ബ്രെസ്റ്റിനു മുകളിലായി ചെറിയൊരു സിസ്റ്റ് കാണപ്പെട്ടത് .. സാദാരണ പെൺകുട്ടികളിൽ കാണാറുള്ള ഒരു നോർമൽ കേസ്…. ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന സിസ്റ്റ്… ചിലർക്ക് അത് മെഡിസിനിലൂടെ മാറും… ചുരുക്കം ചിലർക്ക് ചെറിയൊരു സർജ്ജറി വേണ്ടി വരുന്നു…
ഇത് കണ്ടപ്പോൾ മുതൽ ആ കുട്ടി ആകെ ടെൻഷൻ ആയി…. എന്തോ വലിയ രോഗമാണ് തനിക്കെന്നാണ് അവളുടെ ചിന്ത… ഞാൻ കാര്യങ്ങൾ പറഞ്ഞു ടെക്സ്റ്റ് ചെയ്തു റിസൾട്ട് കാണിച്ചു പക്ഷെ അവൾക്കു ഒന്നും വിശ്വാസം ആയില്ല…”
“അവളുടെ വീട്ടുകാരോട് പറഞ്ഞിട്ടില്ലേ ഈ കാര്യം…’
“ഇല്ല ഇടയ്ക്കു അവൾക്കു തലവേദന, പനിയൊക്കെ ഉണ്ടാകാറുണ്ട്… എല്ലാം അവളുടെ മനസ്സിന്റെ തോന്നലുകളിൽ ബോഡി റിയാക്ട് ചെയ്യുന്നതാണ്…. ഇപ്പോളും സംഭവിച്ചത് ഇതൊക്കെ തന്നെ… പിന്നെ ഇന്നലെ നിങ്ങൾ മഴ നനഞ്ഞപ്പോൾ ഉണ്ടായ കോൾഡ്…. ”
“അവൾക്കു ഇപ്പോൾ എങ്ങനെ ഉണ്ട്ഡോക്ടർ…”
“പേടിക്കേണ്ട കാര്യം ഒന്നുമില്ല… ഒമിറ്റ് ചെയ്തതിന്റെ ഷീണം ഉണ്ട്… പനിയും ഉണ്ട്….”
“നാളെ ഞങ്ങളുടെ കല്യാണം ആയിരുന്നു ഇനി ഇപ്പൊ… ഞാൻ ബന്ധുക്കളെ വിവരം അറിയിക്കട്ടെ… എനിക്ക് അവളെ കാണാൻ പറ്റുമോ…”
“തത്കാലം ദേവൻ അവളെ കാണേണ്ട…. പിന്നെ ഈ കല്യാണം നടക്കണം ദേവാ നിശ്ചയിച്ച മുഹൂർത്തത്തിൽ….വിവാഹം നടക്കാൻ പരദേവതകൾ അനുവദിക്കില്ല എന്ന അവളുടെ മൂഢവിശ്വാസം നമുക്ക് തൂത്തെറിയണം….”
“ഈ അവസ്ഥയിൽ എങ്ങനെ ആണ് ഡോക്ടർ….”
“തത്കാലം ഈ വിവരങ്ങൾ മറ്റാരും അറിയേണ്ട… നാളെ മുഹൂർത്ത സമയത്തു ദേവൻ താലിയുമായി ഇവിടെ ഉണ്ടാവണം…”
പിറ്റേന്ന് രാവിലെ മുതൽ നീരജക്ക് ഇടയ്ക്കിടെ ബോധം പോകുന്നു ബിപി താഴുന്നു… ഐ സി യു വിന് പുറത്ത് അച്ഛനും അമ്മയും അപ്പോളും ദൈവങ്ങളെ വിളിച്ചു പ്രാർത്ഥിക്കുകയായിരുന്നു..
ദേവൻ രാവിലെ അമ്പലത്തിൽ പോയി പൂജിച്ച താലിയുമായി ആശുപത്രിയിൽ എത്തി….
ഡോക്ടർ വിനയൻ നീരജയുടെ ബെഡിന് അടുത്തേക്ക് വരുമ്പോൾ അവൾ അവ്യക്തമായി എന്തൊക്കെയോ പറയുന്നുണ്ട്…
“നീരജ… താൻ എന്താ പറയുന്നേ..”
“എനിക്ക്, എനിക്ക് ദേവേട്ടനെ അവസാനമായി ഒന്നു കാണണം ഡോക്ടർ…. എന്റെ സമയം അടുത്ത് വരുന്നു…”
“അതിനെന്താ ഞാൻ വിളിക്കാം ദേവനെ… സിസ്റ്റർ ദേവനെ വിളിക്കു..”
അകത്തേക്ക് കടന്ന ദേവൻ നീരജയുടെ മുഖഭാവം കണ്ടു ഞെട്ടി… സർപ്പയാട്ടം കഴിഞ്ഞു തളർന്നു വീഴാൻ പോകും പോലെയുള്ള അവസ്ഥ… സത്യത്തിൽ ഇവളിൽ ഒരു നാഗമാണോ കടന്നു കൂടിയത്…. ദേവൻ അതിശയത്തോടെ അവളെ നോക്കി…
“എന്താ കുട്ട്യേ ഇത്… നിനക്ക് നിനക്കെന്തുപറ്റി…”
“ദേവേട്ടാ..ദേവേട്ടന്റെ കുട്ടി പോവാ… നമുക്ക് ഒരുമിക്കാൻ പറ്റില്ല ഏട്ടാ…. ദൈവങ്ങൾ ചിലപ്പോൾ ക്രൂ രത കാണിക്കും എന്ന് പറയില്ലേ അതാണ് നമുക്കിടയിൽ ഉണ്ടായതു… ഏട്ടൻ നല്ലൊരു കുട്ടിയെ വിവാഹം കഴിക്കണം…”
“നീരജ ദേവൻ ഇപ്പോൾ തന്റെ കഴുത്തിൽ താലി കെട്ടാൻ പോകുവാണ്….”
“വേണ്ട, വേണ്ട… ഞാൻ എന്തായാലും മരിക്കും ദേവേട്ടൻ കൂടി…. വേണ്ട ഞാൻ സമ്മതിക്കില്ല…” . “തത്കാലം നീരജയുടെ അനുവാദം ഞങ്ങൾക്ക് വേണ്ട… ദേവാ താലി കെട്ട്..”
ദേവൻ മാതാപിതാക്കളേ മനസ്സിൽ ഓർത്ത് ബെഡിൽ കിടന്ന നീരജയുടെ കഴുത്തിൽ താലി കെട്ടി…. താലി കഴുത്തിൽ വീണ നിമിഷം നീരജ ബോധരഹിത ആയി…
“ഡോക്ടർ നീരജ ദേ..”
“ദേവൻ പുറത്തേക്കു പൊയ്ക്കോളൂ… എന്തായാലും ആ ചടങ്ങ് നടന്നല്ലോ… ബാക്കി ഞാൻ ചെയ്‌തോളാം…”
“ഡോക്ടർ എന്നാലും ഇനി എന്താ…”
“എടോ തനിക്കു തന്റെ കുട്ടിയെ തിരികെ തരും… അന്തവിശ്വാസങ്ങളിൽ മുങ്ങിപ്പോയ അവളുടെ മനസ്സിനെ ഒന്നു ചികിൽസിച്ചു നേരെയാക്കാൻ കുറച്ച് ദിവസം കൂടി എനിക്ക് തരണം…”
************
നീരജയുടെ വീടിനു മുറ്റത്തെ പന്തലിൽ വീട്ടുകാർ എല്ലാവരും കൂടിയിട്ടുണ്ട്… എല്ലാരും അടക്കത്തിൽ എന്തൊക്കെയോ പറയുന്നു… അപ്പോളാണ് ദേവൻ കൈകളിൽ ഒരു കുഞ്ഞിനെയുമായി പുറത്തേക്കു വരുന്നത്….
“ദേവ ചടങ്ങുകൾ ഒന്നും നടത്താതെ നീ കുഞ്ഞിനേയും കൊണ്ട് പോകുവാണോ…”
വീട്ടിലേ മുതിർന്ന കാർന്നവർ ആണ്…
“എന്ത് ചടങ്ങ്…”
“കുഞ്ഞിന്റെ ജാതകം കുറിക്കണം അവൾക്കു നൂലുകെട്ടു നടത്തണം എന്നിട്ടൊക്കെ അല്ലെ കുഞ്ഞിനെ കൊണ്ടുപോകാൻ പറ്റു…”
“എന്റെ മോൾടെ ജാതകം എഴുതുന്നില്ല അമ്മാവാ, അവൾക്കു നൂലിന് പകരം പൊന്നാരഞ്ഞാണം ഇടുവിച്ചു അവളുടെ അച്ഛൻ… അതൊക്കെ മതി…”
കാർന്നവർ തിരിഞ്ഞു നോക്കി നീരജ ആണ്… പട്ടുസാരി ചുറ്റി കയ്യിൽ ഒരു ബാഗുമായി നീരജ…
“ദേവേട്ടാ നമുക്ക് ഇറങ്ങാം…”
“ശെരി കുട്ടി വാ…”
ദേവൻ കുഞ്ഞിനേയും കൊണ്ട് കാറിനടുത്തേക്ക് പോയി… സന്തോഷത്തോടെ കാറിൽ കയറിയ നീരജയുടെ മടിയിലേക്ക് അയാൾ മോളെ വേച്ചു കൊടുത്തു.. ദേവൻ കാർ സ്റ്റാർട്ടാക്കി…
“കലികാലം അല്ലാതെന്താ…”
ഇതൊന്നും ബോധിക്കാത്ത അമ്മാവൻ മുറുമുറുത്തു…. ലൈക്ക് കമന്റ് ചെയ്യണേ…
രചന: ജോളി ഷാജി