Categories
Uncategorized

ഈ ഇരിക്കുന്ന സജിയങ്കിള്‍ എങ്ങനെയോ സമയത്ത് അവിടെ എത്തിയത് കൊണ്ട് മനുമാമനെ നമുക്ക് രക്ഷിക്കാന്‍ കഴിഞ്ഞു”

രചന : Saji Pavan

“ഇന്നെന്താ മനുഷ്യാ നേരത്തേ മൊബൈല്‍ ഒക്കെ അങ്ങ് മാറ്റി വച്ചത്,ന്നാ പിന്നെ വൈഫൈ ഓഫ് ചെയ്യട്ടേ., രാത്രിയില്‍ ഇടിയും മഴയുമുണ്ടാവാന്‍ ചാന്‍സ് ഉണ്ടെന്നു തോന്നുന്നു..”

“വേണ്ടെടി ….കുറച്ചു കഴിഞ്ഞു ഞാന്‍ തന്നെ ഓഫ് ചെയ്തുകൊള്ളാം..”

“ഉവ്വാ..നിങ്ങളിനി എഴുന്നേറ്റ് പോയി ഓഫ്‌ ചെയ്തത് തന്നെ..”

“ഹഹ ..ന്നാ പിന്നെ നീ എന്താന്ന് വച്ചാല്‍ ചെയ്യ്‌..എന്നിട്ട് വന്നു കിടക്കാന്‍ നോക്കു…”

തുറന്നിട്ട ജന്നലിന്റെ കര്‍ട്ടന്‍ കുറച്ചു കൂടി ചേര്‍ത്ത് ഇട്ട് അവള്‍ ബാത്ത്റൂമിലേക്ക് കയറി പോയി… നന്നായി കാറ്റ് കിട്ടുന്നതിന് വേണ്ടി അന്നേ ഓരോ റൂമിനും രണ്ടു ജന്നലിനും കൂടി ആറുപാളി വച്ചത് നന്നായി, ഇപ്പോഴത്തേ ഈ ചൂടിലും ഫാന്‍ ഇട്ടില്ല എങ്കില്‍ പോലും ജന്നല്‍ തുറന്നിട്ടാല്‍ സുഖമായി ഉറങ്ങാം… എന്തോ മനസ്സിനെ അലട്ടുന്നത് പോലെ സാധാരണയായി ഇങ്ങനെയുള്ള അലട്ടലുകള്‍ വരാന്‍ പോകുന്ന ഏതോ സംഭവങ്ങളുടെ മുന്നോടിയായിട്ടാണ് ഉണ്ടാകാറ്..ഇതിനി എന്താണോ ആവോ…

ബാത്ത്‌റൂമില്‍ പോയ ബിന്ദു വന്നടുത്തുകിടന്നു, നെഞ്ചത്ത് ഇരുന്ന എന്‍റെ കയ്യെടുത്തു അവളുടെ തലയ്ക്ക് കീഴില്‍ തലയിണയിലേക്ക് ഉയര്‍ത്തി വച്ചു, അവള്‍ അങ്ങനെയാണ് ഞാന്‍ നാട്ടില്‍ ഉണ്ടാകുന്ന ദിവസങ്ങളിലെല്ലാം എന്‍റെ കയ്യില്‍ തലവച്ചേ ഉറങ്ങുകയുള്ളൂ….

സമയം നാലര ആയിട്ടെയുള്ളു….ബിന്ദുവിനെ ഉണര്‍ത്താതെ എഴുന്നേറ്റു…അവള്‍ കുറച്ചു നേരം കൂടി കിടന്നുകൊള്ളട്ടെ …..എങ്കിലും ഞാന്‍ എഴുന്നേറ്റപ്പോള്‍ അവള്‍ ചെറുതായി കണ്ണ് തുറന്നു ഒന്ന് നോക്കി തിരിഞ്ഞു കിടന്നു…അവള്‍ക്ക് ശല്യം ഉണ്ടാകാതെ അപ്പുറത്തെ ബാത്ത്റൂമില്‍ പോയി കുളിച്ചു അലമാര തുറന്നു തേച്ചു വച്ചിരുന്ന മുണ്ട് എടുത്തു ഉടുത്തു, അതിന്‍റെ കരയ്ക്ക് ചേരുന്ന ഒരു ഷര്‍ട്ടും എടുത്തിട്ട്, ഹാളിലെ അലമാരയില്‍ നിന്നും ജീപ്പിന്‍റെ താക്കോല്‍ എടുത്തു, വാതില്‍ വെളിയില്‍ നിന്ന് പൂട്ടി, കാര്‍പോര്‍ച്ചില്‍ നിന്നും വണ്ടി വെളിയിലേക്ക് ഇറക്കി റോഡില്‍ ഇട്ട്, വണ്ടിയില്‍ നിന്ന് ഇറങ്ങി വന്നു ഗേറ്റ് ചാരി തിരികെ വണ്ടിയില്‍ കയറാന്‍ തുടങ്ങുമ്പോള്‍ ജോസേട്ടന്‍ വന്നു. ”സജിയേ രാവിലെ എവിടെക്കോ യാത്ര ആണെന്ന് തോന്നുന്നല്ലോ” “അതേ ജോസേട്ടാ..ഒരു ചെറിയ യാത്ര ..ജോസേട്ടന്‍ നടക്കാനിറങ്ങിയാതാവും ല്ലേ ..”

“മം” ന്നൊരു മൂളല്‍ മൂളി അദ്ദേഹം കൈവീശി നടന്നു പോയി…അദ്ദേഹം രാവിലെ നടക്കാന്‍ ഇറങ്ങിയതാണ് എന്നും ഞാന്‍ എവിടെയോ യാത്ര പോകുകയാണെന്നും അറിയാമെങ്കിലും വെറുതെ ഓരോ ചോദ്യം …പലപ്പോഴും കണ്ടു എന്നറിയിക്കാനോ പരിഗണിച്ചു എന്ന് വരുത്തി തീര്‍ക്കാനോ ഉള്ള ചോദ്യങ്ങള്‍…

കുണ്ടയം പാലം കടന്നപ്പോള്‍ വീണ്ടും അതേ ചോദ്യം മനസ്സില്‍ വന്നു …എന്തിനായിരിക്കും അവള്‍ – അമ്പിളി സ്വപ്നത്തില്‍ വന്നങ്ങനെ പറഞ്ഞത്….അതും ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം,ഇങ്ങനയുള്ള ഒരു കാര്യവും വിശ്വസിക്കാത്ത ഞാനാണ്, പക്ഷേ ഇത് അവഗണിക്കാന്‍ കഴിയുന്നില്ല…അതാണല്ലോ രാവിലെ തന്നെ യാത്ര പുറപ്പെട്ടത്‌… കാര്യറ – പത്തനാപുരം – പുന്നല വഴി പുനലൂര്‍ TN -711, 7.50 നുള്ള ആനവണ്ടിയില്‍ ആയിരുന്നു അന്നൊക്കെ രാവിലത്തെ യാത്ര, വൈകിട്ട് പലപ്പോഴും പള്ളിമുക്കില്‍ ഇറങ്ങി നടന്ന്‍ വരികയായിരുന്നു പതിവ്,കുമ്പനാട്ട് പടിക്കല്‍ നിന്ന് ഞാനും അതിനും മുന്‍പേ കരിമ്പലൂര്‍ നിന്ന് നൗഷാദും അതേ ബസില്‍ കയറും, അതിന് ശേഷം ചാചിപ്പുന്നയില്‍ നിന്ന് പലരും പുന്നലയില്‍ നിന്നും കുറെ അധികം കുട്ടികളും ഉണ്ടാവും ഞങ്ങളുടെ ബസില്‍ പുനലൂരേക്ക്, പുനലൂര്‍ ചെന്നു ബസ്സ്റ്റാന്‍റില്‍ ഇറങ്ങിയ ശേഷം ചെമ്മന്തൂര്‍ സ്റ്റേഡിയം വഴി കോളേജിലേക്കുള്ള യാത്രയിലും ഞങ്ങളില്‍ ഭൂരിപക്ഷവും ഒരുമിച്ചാവും ഉണ്ടാവുക, അങ്ങനെ സ്ഥിരം യാത്രക്കാരായ ഞങ്ങള്‍ നല്ല സുഹൃത്തുക്കളും ആയിരുന്നു , കൂട്ടത്തില്‍ ഒരേ ക്ലാസ്സില്‍ പഠിച്ചിരുന്നത് ഞാനും മനുവും അമ്പിളിയും മാത്രമായിരുന്നു, മനുവും അമ്പിളിയും കടശ്ശേരിയില്‍ നിന്ന് നടന്നു പുന്നല എത്തി അവിടെ നിന്നായിരുന്നു ബസില്‍ കയറിയിരുന്നത്..

അമ്പിളി… ആദ്യ നാളുകളില്‍ തന്നെ നല്ല അടുപ്പമായിഎനിക്കവളോട്,മനുവുമായുള്ളകൂട്ടും അതിനൊരു കാരണമായിരിക്കാം ഇരുനിറത്തിൽ സുന്ദരിയായിരുന്നു അമ്പിളി,ഞങ്ങള്‍ തമ്മില്‍ വളരെ പെട്ടന്നാണ് അടുത്തത്‌, അന്നൊക്കെ കൂടെ പഠിക്കുന്നവരെ എടൊ,എടെ വിളിയാണ് കൂടുതലും എടെ സജി, എടെ സജി എന്ന് വിളിച്ച് അവള്‍ എപ്പോഴും എന്‍റെ പിന്നാലെ നടക്കും ക്ലാസ്സില്‍ പലരും അതിന് ഞങ്ങളെ കളിയാക്കുകയും ചെയ്തിരുന്നു മനുപോലും.

പ്രീഡിഗ്രി കഴിഞ്ഞു മൂന്നുപേരും ജയിച്ചു ഡിഗ്രിക്കും അവിടെ തന്നെ ചേരാന്‍ തീരുമാനിച്ചു.., അമ്പിളിയെ സാമ്പത്തിക ബാധ്യത മൂലം ഇനി പഠിക്കാന്‍ വിടാന്‍ സാധ്യത ഇല്ല എന്നൊക്കെ മനു സൂചിപ്പിച്ചു എങ്കിലും അവളും ഡിഗ്രിക്ക് ചേര്‍ന്നു..ആദ്യ വര്‍ഷം തീരാറായപ്പോഴാണ് എനിക്ക് നാട്ടില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായി നാട്ടില്‍ നില്‍ക്കാനോ പഠിപ്പ് തുടരാനോ സാധിക്കാത്ത സ്ഥിതി ഉണ്ടാവുന്നത്..ഈ വിവരം ഞാന്‍ അമ്പിളിയോടും മനുവിനോടും സൂചിപ്പിച്ചിരുന്നു എങ്കിലും അത്ര കാര്യമായി രണ്ടു പേരും അതിനെ എടുത്തില്ല, അന്ന് ഞാന്‍ കോളേജ് വിടുന്ന ദിവസം എന്തോ കാരണത്താല്‍ അമ്പിളി എത്തിയിരുന്നില്ല…മനുവിനോട് യാത്ര പറഞ്ഞു പിരിയുമ്പോള്‍ അവന്‍ പ്രത്യേകം പറഞ്ഞു അമ്പിളിക്ക് ഇത് നല്ല വിഷമം ആകുമെന്ന്…എനിക്കും അറിയാമായിരുന്നു അവള്‍ക്ക് എന്‍റെ കൊഴിഞ്ഞു പോക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമാകുമെന്ന് ..ഞാന്‍ ഏട്ടന്റെ കൂടെ രാജസ്ഥാനില്‍ എത്തിയ ശേഷം കത്തയയ്ക്കാം എന്നൊക്കെ പറഞ്ഞുവെങ്കിലും, അതൊന്നും പിന്നീട് നടന്നില്ല…

വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നിപ്പോള്‍ അവരുടെ നാട്ടിലേക്ക് ഒരു യാത്ര, അതും അമ്പിളി പറഞ്ഞിട്ട്…പ്രീഡിഗ്രിയുടെ അവസാന കാലത്ത് അവരുടെ നാട്ടില്‍ പോയിട്ടുള്ളതാണ്, അതിനുശേഷം ഇന്ന് …

പുന്നലയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞു ഏകദേശം ഒരു കിലോമീറ്റര്‍ ചെന്നാല്‍ കനാല്‍, അതും കഴിഞ്ഞാല്‍ വനംവകുപ്പിന്‍റെ യൂക്കാലിപ്റ്റ്സ് തോട്ടം തുടങ്ങുകയാണ്, അവിടെ നിന്നും ഏകദേശം നാല് കിലോമീറ്റര്‍ പോകണം കടശ്ശേരി എന്ന സുന്ദര ഗ്രാമത്തില്‍ എത്താന്‍..പോകുന്ന വഴിയിലോ കടശേരിയിലോ വലിയ മാറ്റങ്ങള്‍ ഒന്നും ഇത്രയും കാലം ആയിട്ടും ഉണ്ടായതായി തോന്നിയില്ല…,കടശ്ശേരി ജംഗ്ഷനില്‍ മാത്രം കുറച്ചു കോണ്ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ന്നിരിക്കുന്നു…

അവിടെ നിന്നും കിഴക്കോട്ടു തിരിഞ്ഞതും വലതു സൈഡില്‍ താഴെയായി വനം വകുപ്പിന്റെ ഓഫീസ് കെട്ടിടവും അതിനോട് ചേര്‍ന്ന് അവരുടെ പ്ലാന്‍റേഷനും. നിരനിരയായി തേക്കിന്‍ തൈകള്‍ നില്‍ക്കുന്നത് കാണാന്‍ തന്നെ എന്ത് ഭംഗിയാണ്, വീണ്ടും ചെറുവനത്തിലൂടെ ഉള്ള യാത്ര..നേരം പുലര്‍ന്നു വരുന്നതേ യുള്ളൂ…മറ്റൊരു അവസരത്തില്‍ ആയിരുന്നുവെങ്കില്‍ നന്നായി ആസ്വദിക്കാവുന്ന ഒരു യാത്ര തന്നെ…ഒരിക്കല്‍ ബിന്ദുവിനേയും കൂട്ടി ഇതുവഴി ഒന്ന് വരണം….കുറച്ചു ദൂരം പോകുമ്പോള്‍ തന്നെ ഇടത്തോട്ടും വലത്തോട്ടും ചെറിയ കാട്ടുവഴികള്‍ കാണാം, അവയൊക്കെ ചെന്ന് എത്തുന്നത് അഞ്ചോ ആറോ കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ചതുപ്പ് നിലത്തിനടുത്തേക്ക് ആകും , പണ്ട് വരുമ്പോള്‍ അവയൊക്കെ ചെറിയ നടപ്പാതകള്‍ മാത്രമായിരുന്നു ഇന്നിപ്പോള്‍ എല്ലാം ഫോര്‍വീലര്‍ പോകുന്ന വഴികളായി ,വണ്ടികള്‍ പോയ പാടുകളും പലതിലും കാണുന്നുണ്ട്, വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാടിനേയും കാട്ടുമൃഗങ്ങളേയും തോല്‍പ്പിച്ചു കൃഷിക്ക് അനുയോജ്യമായ സ്ഥലം തെരഞ്ഞുപിടിച്ച് അവിടെ രണ്ടോ മൂന്നോ കുടുംബങ്ങള്‍ ഒരുമിച്ചു താമസിച്ചിരുന്നയിടങ്ങളാണ് അവ, ഇപ്പോള്‍ ഒരു പക്ഷേ അവരുടെ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടാവും അതാണല്ലോ ഫോര്‍ വീലര്‍ ചെല്ലാന്‍ പാകത്തില്‍ റോഡുണ്ടാവുകയും അതില്‍ വാഹനങ്ങള്‍ പോയ പാടുകളും കണ്ടത്, മനോഹരമായ കാഴ്ചകള്‍ കണ്ടു മുന്നോട്ട്,

വണ്ടി ജീപ്പ് ആയതിനാല്‍ യാത്ര അത്ര ബുദ്ധിമുട്ട് ഉള്ളതായി തോന്നിയില്ല. വര്‍ഷങ്ങള്‍ ആയി വന്നിട്ടെങ്കിലും വഴി തെറ്റില്ല എന്നൊരു വിശ്വാസത്തില്‍ മുന്നോട്ടു തന്നെ..മുന്നില്‍ വഴി രണ്ടായി പിരിയുന്ന ഇടത്തെ പഴയ നെല്ലി മരവും മരുതിയും അതേപോലെ തന്നെ ഉണ്ട് ഇപ്പോഴും, പണ്ട് ഇവിടെ വരുമ്പോഴെല്ലാം ഈ നെല്ലിയില്‍ കയറി നെല്ലിക്ക പറിച്ച് കൊണ്ട് പോകുന്നത് ശീലമായിരുന്നു…അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു ഏകദേശം ഒരു കിലോമീറ്റര്‍ വനത്തിനേയും കൃഷിയിടത്തെയും വേര്‍തിരിക്കുന്ന വേലി കണ്ടു അതില്‍ പഴയ തുണികളും കനം കുറഞ്ഞ ടിന്‍ഷീറ്റുകളും കെട്ടി നിര്‍ത്തിയിരിക്കുന്നു ഇത് കാട്ടു മൃഗങ്ങള്‍ അവരുടെ കൃഷി നശിപ്പിക്കതെയിരിക്കാന്‍ ചെയ്യുന്നതാണ് .പ്രത്യേകിച്ചും കാട്ടുപന്നികള്‍. കൃഷിയിടത്തിന് അരികിലൂടെ മുന്നോട്ട് പോയി ആദ്യം ഇടതു സൈഡില്‍ താഴെ കാണുന്നതാണ് വീട് …വീട്ടിലേക്ക് വണ്ടി ഇറങ്ങി ചെല്ലുമെങ്കിലും മുകളില്‍ റോഡില്‍ തന്നെ നിര്‍ത്തി നടന്നു തന്നെ താഴേക്ക് ഇറങ്ങി…മുകളില്‍ നിന്ന് തന്നെ വീടിനെ ഒന്ന് നോക്കി…

മേച്ചില്‍ പുല്ലും ഓലയും ആയിരുന്ന പഴയ വീടിന്‍റെ സ്ഥാനത് ഇന്ന് ഓടും കൊണ്ക്രീട്ടും. പറമ്പില്‍ റബ്ബര്‍ തൈകളും അവയ്ക്കിടയില്‍ വാഴയും കൃഷി ചെയ്തിരിക്കുന്നു..ബാക്കി പച്ചക്കറികള്‍ ഒക്കെ അവര്‍ ചതുപ്പിനോട് ചേര്‍ന്നു കൂടുതല്‍ വെള്ളം കിട്ടുന്ന സ്ഥലത്താണ് നടുക,കറന്റ് ഒക്കെ എത്തിയിട്ടുണ്ട്,മുറ്റത്തെ ബള്‍ബ് ഇതുവരെയും ഓഫ് ചെയ്തിട്ടില്ല…ചെറുകെ നടന്നു പൂമുഖത്തേക്ക്‌ കയറിയതും ഞാന്‍ പെട്ടന്ന് നിന്നുപോയി ഒരു മനുഷ്യന്‍ അവിടെ കമഴ്ന്നു കിടക്കുന്നു…, മനസ്സില്‍ പലതരം ചിന്തകള്‍ ഒരേ സമയം കടന്നു പോയി..എന്ത് ചെയ്യണം എന്നറിയാതെ കുറച്ചു നേരം അങ്ങനെ തന്നെ നിന്ന് പോയി പിന്നീട് എന്തും വരട്ടേ എന്ന് ചിന്തിച്ചു അയാളുടെ അടുത്തേക്ക് ചെന്നു..ശ്വാസം എടുക്കുന്നുണ്ടെന്നു മനസ്സിലായപ്പോള്‍ അയാളെ തിരിച്ചു കിടത്തി …ഒരു നിമിഷം ആ മുഖത്തേക്ക് നോക്കി നിന്നുപോയി…. മനു ..

“ ആരാ എന്താ രാവിലെ ..?”

ചോദ്യം കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ താഴെ നിന്നും ഒരു ചെറുപ്പക്കാരന്‍ വീട്ടിലേക്ക് കയറി വരുന്നു.. ജീപ്പ് വന്നു നിന്നത് കണ്ടു വന്നതാവും ഞാന്‍ അയാളെയും താഴെ കിടന്ന മനുവിനെയും മാറി മാറി നോക്കി

“അയ്യോ മനുമാമന് എന്ത് പറ്റി…? നിങ്ങള്‍ ആരാ..?”

“ ഡോ അതൊക്കെ നമുക്ക് പിന്നെ പറയാം താനിത്തിരി വെള്ളം എടുത്തുകൊണ്ടു വന്നേ നമുക്ക് ഇവന്‍റെ മുഖത്ത് തളിച്ച് നോക്കാം, എന്തായാലും മനുവിനെ നമുക്ക് ഉടനെ ആശുപത്രിയില്‍ എത്തിക്കണം..”

ആ ചെറുപ്പക്കാരന്‍ വീടിനു അകത്തേക്ക് ഓടിപ്പോയി ഒരു പാത്രത്തില്‍ വെള്ളവുമായി വന്നു…അത് മുഖത്തു തളിച്ചപ്പോള്‍ മനു ചെറുതായി ഒന്ന് അനങ്ങിയോ എന്നൊരു സംശയം എനിക്കുണ്ടായി .

“ താന്‍ പിടിക്ക് നമുക്ക് വണ്ടിയിലേക്ക് കൊണ്ട് പോകാം”

അങ്ങനെ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് മനുവിനെ വണ്ടിയില്‍ വരെ എത്തിച്ച് ആ ചെറുപ്പക്കാരന്റെ മടിയിലേക്ക് മനുവിനെ കിടത്തി ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു…

അതിവേഗം വണ്ടി ഓടിക്കുന്നതിനിടയില്‍ ഞാന്‍ ആ ചെറുപ്പക്കരനോട് അയാളുടെ പേര് ചോദിച്ചു

സതീഷ്…‌ മനുവിന്റെ വീടിന് എതിര്‍കരയില്‍(വയലിന് അക്കരെ ) താമസിക്കുന്നു, ജീപ്പ് വന്നു നില്‍ക്കുന്ന കണ്ട് രാവിലെ എന്തോ പണിക്കായി വയലിലേക്ക് വന്ന സതീഷ്‌ അങ്ങോട്ട്‌ വരികയായിരുന്നു .

പുനലൂര്‍ ഉള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ മനുവിനെ എത്തിച്ചു, ഉടന്‍ തന്നെ icu വിലേക്ക് മാറ്റി,അറ്റാക്ക് ആണ്, ബ്ലോക്ക് മാറ്റാന്‍ എത്രയും വേഗം ഓപ്പറേഷന്‍ വേണ്ടി വരും..എല്ലാത്തിനും സമ്മതം മൂളി കൂടെ സതീഷും, ഇടയ്ക്ക് സതീഷ്‌ എന്‍റെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി ആരെയൊക്കെയോ വിളിച്ചു വിവരം പറയുന്നുണ്ട്…സമയം പോയ്ക്കൊണ്ടേ ഇരുന്നു..ഇടയ്ക്ക് സതീഷിനു പൈസയും കൊടുത്തു ചായകുടിക്കാന്‍ വിട്ടു..അവന്‍ ഒരുപാട് നിര്‍ബന്ധിച്ചിട്ടും കൂടെ പോകാന്‍ തോന്നിയില്ല..കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഡോക്റ്റര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ നിന്നും വെളിയില്‍ വന്നു

“ ഇനി പേടിക്കാന്‍ ഒന്നുമില്ല…തക്ക സമയത്ത് എത്തിക്കാന്‍ കഴിഞ്ഞതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു” എന്ന് പറഞ്ഞിട്ടു പോയി നടക്കുന്നത് എല്ലാം സ്വപ്നം ആണോ …അല്ല യാഥാര്‍ത്ഥ്യം പെട്ടന്ന് മൊബൈല്‍ ബെല്‍ അടിച്ചു ..ബിന്ദു ആണ്

“ ആ പറയടി”

“ നിങ്ങളിത് എവിടാ മനുഷ്യാ രാവിലെ പറയാതെ ഇറങ്ങി പോയത് ?”

” അത് എന്‍റെ ഒരു സുഹൃത്തിന് സുഖമില്ലാതെ പുനലൂര്‍ ആശുപത്രിയില്‍ വരെ കൊണ്ടുവന്നതാണ് “

“ അതേത് സുഹൃത്ത്‌..? ആ നിങ്ങള് വല്ലതും കഴിച്ചോ , ഉച്ചയ്ക്ക് ചോറുണ്ണാനെങ്കിലും വരുമോ..”

അതിന് മറുപടി കൊടുക്കാന്‍ കഴിയുന്നതിനു മുന്‍പേ ആശുപത്രിയുടെ കോറിഡോറിലേക്ക് ശ്രദ്ധപോയി , അറിയാതെ മൊബൈല്‍ കാള്‍ കട്ട് ചെയ്തു, അവിടെയ്ക്ക് നോക്കി നിന്നുപോയി അമ്പിളി…ങേ അമ്പിളിയോ…ഛെ..ഞാന്‍ ഇതെന്താ ഇങ്ങനെ ചിന്തിക്കുന്നത് …അല്ല അതേ രൂപം ഇനി …അല്ല അമ്പിളി തന്നെ…..കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവള്‍ എന്‍റെ അടുത്തേക്ക് വേഗം നടന്നു വരുന്നു….

“സതീഷേ അച്ഛന് എന്ത്പറ്റിയടാ..”

“പൊന്നുചേച്ചി..അത്..ഇപ്പോള്‍ കുഴപ്പം ഒന്നുമില്ല എന്നാണു ഡോക്ടര്‍ പറഞ്ഞത്…പിന്നെ തക്ക സമയത്ത് എത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യം എന്നും പറഞ്ഞു…ഈ ഇരിക്കുന്ന സജിയങ്കിള്‍ എങ്ങനെയോ സമയത്ത് അവിടെ എത്തിയത് കൊണ്ട് മനുമാമനെ നമുക്ക് രക്ഷിക്കാന്‍ കഴിഞ്ഞു”

“സജിയങ്കിള്‍…..”

അവള്‍ നടന്ന് അടുത്തു വന്നു തോളില്‍ കൈവച്ചു വീണ്ടും ചോദിച്ചു

“ സജിയങ്കിള്‍….”

“ അതേ മോളേ …സജിയങ്കിള്‍” അറിയാതെ നാവില്‍ നിന്നും വീണു ആ വാക്കുകള്‍ നിറഞ്ഞ കണ്ണുകളോടെ അവള്‍ എന്‍റെ കൈയ്യില്‍ മുറുകെ പിടിച്ചു…

”എത്രയോ പ്രാവശ്യം അച്ഛനും അമ്മയും പറഞ്ഞു കേട്ട പേരാണ് ഇത്…, അങ്കിള്‍ എങ്ങനെ എത്തിച്ചേര്‍ന്നു ഈ സമയത്ത് എന്‍റെ അച്ഛനെ രക്ഷിക്കാനായി അവിടെ..? , അമ്മ മരിച്ച ശേഷം ഞാനും അനിയത്തിയും എത്രയോ പ്രാവശ്യം അച്ഛനോട് പറഞ്ഞു ഞങ്ങളോടൊപ്പം വന്നു താമസിക്കാന്‍ കേള്‍ക്കില്ല. അമ്മയേ വിട്ടു വരാന്‍ പറ്റില്ല എന്നാണ് എപ്പോഴും പറയുക “

“അതേ മോളേ അവന് അവളെ പിരിഞ്ഞിരിക്കാന്‍ കഴിയില്ല”

നിറഞ്ഞ കണ്ണുകള്‍ ആരും കാണാതെയിരിക്കാന്‍ അവിടെ നിന്നും എഴുന്നേറ്റ് ജനലിലൂടെ വെളിയിലേക്ക് നോക്കി ഞാന്‍ നിന്നു….

രചന : Saji Pavan

Leave a Reply

Your email address will not be published. Required fields are marked *