Categories
Uncategorized

ഈ അമ്പതാമത്തെ വയസ്സിൽ ആണോ ചുരിദാർ ഒക്കെ വാങ്ങി ഇടന്നത്…

രചന: Nithinlal Nithi

“അമ്മയ്ക്ക് ഞാനൊരു ചുരിദാർ വാങ്ങിയിട്ടുണ്ട്… അതൊന്ന് ഇട്ടിട്ടൊന്നു വന്നേ…”

കൈയ്യിലിരിക്കുന്ന പൊതി അമ്മയ്ക്ക് നീട്ടി സുധി ഒന്നു ചിരിച്ചു…

“എന്തുട്ടാ നീ പറഞ്ഞത്… ചുരിദാറോ… ഈ അമ്പതാമത്തെ വയസ്സിൽ ആണോ ചുരിദാർ ഒക്കെ വാങ്ങി ഇടന്നത്… ഇത് നീ രേഷ്മക്ക് തന്നെ കൊടുത്താ മതി… അവൾ ഓഫീസിൽ നിന്ന് വരട്ടെ ” അമ്മ തിരിഞ്ഞു നടക്കുന്നതിനിടയിൽ പറഞ്ഞു… കയ്യിൽ ഒരു ചട്ടുകവും ഒരു ഓറഞ്ച് നൈറ്റിയും ഇട്ടാണ് നടപ്പ്… അച്ഛൻ മരിച്ച് പോയതിൽ പിന്നെ ഈ ഓറഞ്ച് കളറിൽ നിന്ന് നീലയും മഞ്ഞയും പച്ചയുമൊക്കെ ആയിട്ടുണ്ടെന്നല്ലാതെ വേറെ വേഷത്തിലൊന്നും ആരും അമ്മയെ കണ്ടിട്ടുണ്ടാവില്ല… ഇടയിലെപ്പോഴോ അഞ്ജുവിന്റെയും മഞ്ജുവിന്റെയും ( കസിൻ ) കല്യാണത്തിന് രേഷ്മയുടെ സാരി വാങ്ങി ഉടുത്തിട്ടുള്ളത് ഓർമ്മവന്നു….

“ഡാ നിനക്ക് ചോറ് വേണ്ടേ… ഈ പൊതിയും കയ്യിൽ പിടിച്ച് നിക്കണ്ട വന്ന് ഊൺ കഴിക്ക്…”

കയ്യിലുള്ള കവർ മേശപ്പുറത്ത് അരികിലായി വച്ച് സുധി കോണിപ്പടികൾ കയറി മുകളിലെത്തി… പത്ത് വർഷം കഴിഞ്ഞിരിക്കുന്നു അച്ഛൻ മരിച്ചിട്ട്… അന്ന് തൊട്ട് ഇന്നോളം ഒരു സന്തോഷം അമ്മയിൽ കണ്ടിട്ടില്ല…ഇടയ്ക്ക് അച്ഛന്റെ ഫോട്ടോ എടുത്ത് ഓരോന്ന് പറയുന്നത് കേൾക്കാം… സങ്കട പെയ്ത്തായിരിക്കും എന്നറിയാവുന്നത് കൊണ്ട് ആ വഴിക്ക് പോവാതിരിക്കാറാണ് പതിവ്…. കഴിഞ്ഞ ദിവസം വെള്ളം കുടിക്കാൻ അടുക്കളയിലേക്ക് പോയപ്പോൾ വീണ്ടും ഒരു തേങ്ങൽ കേട്ടപ്പോൾ പിറകിലേക്ക് നോക്കിയതാണ്… അപ്പോഴും അമ്മ തനിച്ചിരുന്ന് പറയുന്നുണ്ട് ഫോട്ടോയിൽ നോക്കി

“…….. ഈ നരയൊക്കെ ഇപ്പോ വന്നതാണ് കേട്ടോ… ആകെ കൂടി പത്തിരുപത് മുടി മാത്രേ നരച്ചിട്ടുള്ളൂ…നാരായണേട്ടൻ പോയതിൽ പിന്നെ ശ്രദ്ധ ഒന്നിലും ഇല്ലാണ്ടായില്ലേ… അല്ലെങ്കിൽ ഓർക്കണില്ലേ… കഞ്ഞുണ്ണി ഇട്ട് ഉണ്ടാക്കി വച്ച വെളിച്ചെണ്ണ നമ്മൾ എത്രവർത്തി മണത്ത് നോക്കിയിരുന്നു… നിങ്ങടെ കഷണ്ടി തലയിൽ ഇത് തേച്ചിട്ടെന്താ എന്നൊക്കെ ചോദിച്ച് വഴക്കിടുന്നത്…. അപ്പോ എന്നെ പിച്ചിയ പാടുകൾ ഇപ്പോഴും എന്റെ കൈയ്യിലുണ്ട്……..” കൈ പൊക്കി പിടിച്ച് ഫോട്ടോയിൽ കാണിക്കുന്നത് കണ്ട് തന്റെ കണ്ണുകൾ ഈറ നണിയുന്നത് സുധി അറിഞ്ഞു…

” ….. അമ്പത് വർഷമെങ്കിലും ഒരുമിച്ച് താമസിക്കണമെന്ന് എത്ര ആഗ്രഹിച്ചതാ നമ്മൾ… നിങ്ങടെ അറുപതാം പിറന്നാളിന്റെ അന്ന് എന്നെ വീണ്ടും അന്നത്തെ ചെറിയ കുട്ടിയെ പോലെ ചുരിദാറൊക്കെ ഇട്ട് കാണണമെന്ന് ആഗ്രഹം പറഞ്ഞിരുന്നില്ലേ…എന്നിട്ടെന്തേ പോയ് കളഞ്ഞത് വേഗം….സാരമില്ല…ഇനിയിപ്പോ നാരയണേട്ടന് എന്നെ ഈ കോലത്തിൽ കണ്ടാൽ ഇഷ്ടാവില്ലല്ലേ…. കുറേകൂടി മെലിഞ്ഞിരിക്കുന്നു ഞാൻ… അഞ്ച് ദിവസം കഴിഞ്ഞാൽ 60 മത്തെ പിറന്നാളാവരുന്നത്….നാരായണേട്ടൻ വരില്ലേ അന്ന് എന്റെ അടുത്തേക്ക്…. നമുക്ക് പായസവും ചേട്ടന് ഇഷ്ടമുള്ള ചേമ്പ് പുഴുങ്ങിയതൊക്കെ ഉണ്ടാക്കി വയ്ക്കാം കേട്ടോ….”

സുധി മെല്ലെ താഴേക്ക് നടന്നു… ഇനിയും കേട്ട് നിന്നാൽ ഞാൻ കരയുന്നത് അമ്മ അറിയുമെന്ന് അവന് തോന്നി…

ഇന്നലെ തോന്നിയതാണ് അമ്മയ്ക്ക് ചുരിദാർ വാങ്ങണമെന്ന്… ഇന്ന് അച്ഛന്റെ പിറന്നാളാണ്… രാവിലെ രേഷ്മയും ഞാനും ചേർന്ന് അമ്പലത്തിലൊക്കെ പോയതാണ്… അമ്മയെ നിർബന്ധിച്ചിട്ട് കാര്യമിലെന്ന് അറിയാവുന്നത് കൊണ്ട് ഒന്നും പറഞ്ഞില്ല… അവൾ അത് കഴിഞ്ഞ് കൃഷിഭവനിലേക്ക് പോയതാണ്… ഇന്ന് നേരത്തെ വരാമെന്ന് പറഞ്ഞാണ് പോയത്… അവൾ വന്നിട്ട് അമ്മയെ നിർബന്ധിച്ച് ചുരിദാർ ഇടീക്കണം…എന്നിട്ട് ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കണം… കയ്യിൽ കിട്ടിയതോർത്ത് എടുത്ത് കുളിമുറിയിലേക്ക് നടക്കുമ്പോൾ സുധി ഓർത്തു….

“വിജനതയിൽ പാതി വഴി തേടുന്നു…

” തനനാ…താനനന.. താനാനാ…” വായിൽ വന്ന പാട് ഉറക്കെ പാടുന്നതിനിടയിൽ രേഷ്മയുടെ ശബ്ദം

” എന്തേ ചേട്ടാ വീണ്ടും ഇപ്പോ ഒരു കുളി ”

” ആഹാ നീ വന്നാരുന്നോ ”

” ആന്നേയ്… റീനേച്ചി കൂടെ ഉണ്ടായിരുന്നു.. അതോണ്ട് സ്കൂട്ടിക്ക് പോന്നു ”

” നന്നായി… ഡീ… ഒരു കാര്യമുണ്ട്.. ഞാൻ ഇറങ്ങിയിട്ട് പറയാം..”

“എന്തേ ചേട്ടായീ ”

” അതൊക്കെയുണ്ട്”

കുളി കുറച്ച് സ്പീഡിൽ കുളിച്ച് തോർത്ത് അരയിൽ ചുറ്റി പുറത്തേക്കിറങ്ങി…

“ചേട്ടായീ… വയറൊക്കെ കൂടി ണ്ട് ട്ടാ…” എന്ന് പറഞ്ഞ് ഒരു കുത്ത് കൂടി വയറിന് കിട്ടി…

” ഒന്നു പോടീ… ഇത് സിക്സ് േപക്കാ ണ് ”

“എന്താ പറയാനുള്ളത് ?? ”

” അച്ഛന്റെ 60 ആംപിറന്നാളല്ലേ… ഈ ദിവസം അമ്മയെ ചുരിദാരൊക്കെ ഇട്ട് കല്യാണ സമയങളിൽ കണ്ട പോലെ കാണണമെന്ന് അപ് ഛന്റെ ആഗ്രഹമായിരുന്നു… ഞാൻ താഴെ മേശപ്പുറത്ത് ഒരു ചുരിദാർ വച്ചിട്ടുണ്ട്… അതൊന്ന് അമ്മയേ കൊണ്ട് ഇടീക്കണം ”

” ഇതൊക്കെ ചേട്ടായിക്ക് എങ്ങനെ അറിയാം ആഗ്രഹമൊക്കെ”

“അതൊക്കെ ഉണ്ട്… നീ ചെല്ല്… ”

കോണിപ്പടികൾ ഇറങ്ങി രേഷ്മ താഴേക്ക് പോയി…

“ചേട്ടായീ………”

……. ഈ മേശപ്പുറത്തൊന്നും ഒന്നും കാണാനില്ലല്ലോ…

“ഇല്ലേ…”

” ഇല്ലെന്നേ””

ഇനിയിപ്പോ അമ്മ എവിടെ എങ്കിലും മാറ്റി വച്ചോ എന്നാലോചിച്ച് കൊണ്ട് താഴേക്കിറങ്ങി…

“രേഷ്മക്ക് തരാമെന്നാ അമ്മ പറഞ്ഞത്.. അമ്മയോട് ചോദിക്കാം ” അവളുടെ പിറകേ അമ്മയുടെ മുറിയിലേക്ക് സുധിയും നടന്നും… മുറിയിലാകെ പായസത്തിന്റെ മണം… ഒരു ഇലയിൽ നിറയെ ചേമ്പ് പുഴുങ്ങിയത്

കട്ടിലിൽ താൻ വാങ്ങിക്കൊടുത്ത ചുരിദാറുമിട്ട് അമ്മ കിടക്കുന്നു… ഓടി അമ്മയുടെ അടുത്തെത്തി കട്ടിലിൽ ഇരുന്നു… രേഷ്മയും കട്ടിലിൽ ഇരുന്നു

“അമ്മേ…”

“അമ്മേ…….”

ചെവിയിൽ കൂടി ശക്തമായി എന്തോ കൊട്ടിയടച് പോലെ അവനു തോന്നി… രേഷ്മ അലമുറയിട്ട് കരയുന്നുണ്ട്… തന്റെ കണ്ണുകളിൽ കൂടെ ആ ചുവപ്പ് ചുരിദാരിൽ സുന്ദരിയായി അമ്മ മയക്കുന്നത് അവനറിഞ്ഞു തന്റെ അച്ഛനൊപ്പം…

ശുഭം

രചന: Nithinlal Nithi

Leave a Reply

Your email address will not be published. Required fields are marked *