രണ്ടു ഭര്‍ത്താക്കന്‍മാര്‍…
രചന: ദീപ്തി പ്രവീൺ
” ദേ…പോണ് ഒരുത്തി… ഇവിടൊരോരുത്തർക്ക് ഒന്നിനെ കൊണ്ട് പറ്റുന്നില്ല..അപ്പഴാ അവള് രണ്ടെണ്ണത്തിനെ കൊണ്ടു നടക്കുന്നത്…ഇങ്ങനെയും കുറേയവളുമാര്… ഇതിനെയൊക്കെ എന്തു ചെയ്യാനാ…..”’
പിന്നിൽ നിന്നും പാഞ്ഞടുക്കുന്ന വാക്കുകൾക്ക് ഹൃദയത്തെ പി ളർത്താനുള്ള ശക്തിയുണ്ട്…പിന്നിൽ നിന്നും വീണ്ടും ഉയർന്ന പിറുപിറുക്കലുകളും കമൻ്റടികളും ചൂളംവിളികളും അടക്കിപിടിച്ച ചിരികളിൽ നിന്നും എല്ലാം ഓടിയൊളിക്കാൻ മനസ്സ് വെമ്പി…….
സാരിയുടെ തലപ്പ് ഒന്നു കൂടി പിടിച്ചിട്ടു റോഡിൻ്റെ ഓരത്തുടെ വേഗം നടന്നു…. വെയില് താഴ്ന്നു തുടങ്ങിയിരിക്കുന്നു…ചക്കിമോളെ ഉറക്കി കിടത്തിയിട്ടാണ് പോന്നത്….മോൾക്ക് മരുന്നു വാങ്ങേണ്ടത് കൊണ്ട് മാത്രമാണ് പുറത്തേക്ക് ഇറങ്ങിയത് …. അല്ലെങ്കിൽ പുറത്തേക്ക് വരവ് അധികമില്ല…
വടക്കേ പറമ്പിലെ ആശ്വതിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം രാത്രിയിൽ ആരെയോ പിടിച്ചൂന്ന് തെക്കേലേ ലതചേച്ചീ അമ്മയോട് പറയുന്നത് കേട്ടു… അവരെയും ഇവര് ഇങ്ങനെ പരിഹസിക്കുമോ…അതോ തന്നോട് മാത്രമാണോ… ഓർക്കും തോറും സങ്കടം കണ്ണുകളിലൂടെ പൊഴിഞ്ഞു….
” അല്ലാ ചാരൂ കുഞ്ഞ് എവിടെ പോയി വരുവാ… അതും ഈ കത്തിക്കാളുന്ന വെയിലത്ത് …”
വലതു കൈയ്യിൽ പിടിച്ചിരുന്ന സാരിത്തലപ്പാലെ കണ്ണു തുടയ്ക്കുമ്പോഴാണ് എതിർ വശത്തു നിന്നുംചോദ്യം വന്നത്…
പറമ്പിൽ ജോലിക്ക് വരുന്ന ചെല്ലനാണ്……
” അത് … ചെല്ലാ ഞാൻ മോൾക്ക് മരുന്നു വാങ്ങാൻ ഇറങ്ങീതാ…. ..”
മുഖത്തൊരു പുഞ്ചിരി വരുത്തിയാണ് അത് പറഞ്ഞത്…
” കുഞ്ഞിന് എന്നോടൊരു വാക്ക് പറഞ്ഞാ മതിയാരുന്നൂലോ…… ഞാൻ വാങ്ങി കൊണ്ടു തന്നേനേയായിരുന്നൂ…”’ വാക്കുകളിൽ ചെറിയ പരിഭവമുണ്ട്.. പറമ്പിലെ പണിക്ക് വരുമ്പോൾ അമ്മ കൊടുക്കുന്നത് കൂടാതേ അരിയും തേങ്ങയും മറ്റും കൊടുക്കാറുണ്ട് … അതിൻ്റെ നന്ദിയും സ്നേഹവും ചെല്ലന് എപ്പോഴും ഉണ്ട്…
”അതൊന്നും സാരമില്ല ചെല്ലാ…ഉച്ചയായപ്പോൾ ലേശം പനി കൂടി.. കിച്ചുവേട്ടൻ സ്ഥലത്തും ഇല്ലല്ലോ..അതാണ് മരുന്ന് വാങ്ങി വെയ്ക്കാന്നു കരുതീത്…ഞാനങ്ങോട്ട് പോട്ടെട്ടോ… മോളെ ഉറക്കി കിടത്തിയിട്ടാണ് പോന്നത്.. അമ്മയും അവിടില്ല. ” യാത്ര പറയുന്നതിനൊപ്പം നടക്കുക കൂടി ചെയ്തു….
തന്നെ കാണുമ്പോൾ ചിരിക്കുകയോ അടക്കം പറയുകയോ ചെയ്യാത്ത അപൂർവ്വം ചിലരിൽ ഒരാളാണ് ചെല്ലനും…. വെയിലേറ്റ് വാടി തളർന്നു വീടിൻ്റെ ഗെയിറ്റ് കടക്കുമ്പോൾ തന്നെ കണ്ടു വരാന്തയിൽ ചക്കിയൊടൊപ്പം കളിക്കുന്ന ദാസേട്ടനെ.. . എന്നെ കണ്ടതു കൊണ്ടാണെന്നു തോന്നുന്നു തളർന്ന ഒരു ചിരി സമ്മാനിച്ച് ദാസേട്ടൻ അകത്തേക്ക് കയറി പോയി….
”അമ്മേടെ വാവ എഴുന്നേറ്റായിരുന്നോ…” മരുന്ന് പൊതിയും പേഴ്സും വരാന്തയിൽ വെച്ചിട്ട് ചക്കിയേ വാരിയെടുത്ത് മാറോട് ചേർത്തു…
” വാവച്ചി എപ്പോഴേ എണീച്ചല്ലോ….വാവച്ചി നോക്കീട്ട് അമ്മേനേ കണ്ടില്ലല്ലോ…അപ്പോ വാവച്ചി കരഞ്ഞു..അതാ ദാച്ചച്ഛൻ വാവച്ചീനെ കളിപ്പിച്ചെ” മൂന്നൂ വയസ്സാണ് മോൾക്ക് …കൊഞ്ചി കൊഞ്ചി അവളുടെ കാര്യം പറച്ചിൽ കേൾക്കുന്നത് തന്നെ മനസ്സിന് കുളിരാണ്….
” അമ്മ വാവച്ചിക്ക് മരുന്നു വാങ്ങാൻ പോയതല്ലേ…’ചേർത്തു പിടിച്ചു ആശ്വസിപ്പിക്കുന്നത് പോല് പറഞ്ഞു വരാന്തയിലിരുന്ന മരുന്നുപൊതിയും പേഴ്സും എടുത്ത് അകത്തേക്ക് പോയി…
അടുക്കളയിലെ പണികളൊതുക്കി മോളെയും എടുത്തു വരാന്തയിലിരുന്നു കളിപ്പിക്കുമ്പോഴാണ് അമ്മ വരുന്നത് കണ്ടത്.. അമ്പലങ്ങളിൽ പോയി വരുന്ന വഴിയാണ്…
” ദാസനെവിടെ മോളേ… ” വരാന്തയിൽ എൻ്റെ അടുത്തുള്ള കസേരയിലേക്ക് അമർന്നുകൊണ്ടാണ് ചോദിച്ചത്… ”ദാസേട്ടൻ മുറിയിലുണ്ടമ്മേ…. വിളിക്കണോ…”
വാവച്ചിയെ താഴെ വെച്ചിട്ട് അമ്മയ്ക്ക് കുടിക്കാൻ വെള്ളം എടുക്കാൻ അകത്തേക്ക് പോകും വഴി തിരിഞ്ഞു നിന്നു ചോദിച്ചു…
” വേണ്ട മോളേ…ൻ്റെ കുട്ടി കിടക്കുകയാണെങ്കിൽ കിടന്നോട്ടെ… ”’ നിറഞ്ഞു വന്ന കണ്ണൂനീർ നേര്യതിൻ്റെ തുമ്പാൽ തുടച്ചു കൊണ്ടാണ് പറഞ്ഞത്…..
ചില സന്ദർഭങ്ങളിൽ വാക്കുകളേക്കാൾ പ്രാധാന്യം മൗനത്തിനാണെന്ന തിരിച്ചറിവിൽ പതിയെ തിരിഞ്ഞു നടന്നു……
സന്ധ്യയ്ക്ക് അമ്മയോടൊപ്പം ചക്കിയെ ഏൽപ്പിച്ചിട്ടു കുളിച്ചു വന്നു വസ്ത്രം മാറിയിട്ടു നോക്കുമ്പോഴാണ് കിച്ചുവേട്ടൻ്റെ മിസ്കോൾ കണ്ടത്…. മൂന്ന് മിസ്കോൾ…
വേഗം നമ്പർ ഡയല് ചെയ്തു ചെവിയോടമർത്തിയപ്പോൾ തന്നെ അവിടെ നിന്നും ശബ്ദം ഒഴുകി എത്തിയിരുന്നു…
”നീ എവിടെ പോയി കിടക്കുകയായിരുന്നൂ ചാരൂ… ഞാൻ എത്ര തവണ വിളിച്ചൂ…” ”കിച്ചുവേട്ടാ ഞാൻ കുളിക്കാൻ പോയതാണ്… വാവച്ചിക്ക് നല്ല പനിയായിരുന്നു..പകലൊന്നും താഴോട്ട് തൊട്ടിട്ടില്ല..ഇടയ്ക്ക് ഒന്ന് ഉറങ്ങിയ സമയത്ത് പോയി മരുന്ന് വാങ്ങി…അമ്മ വൈകിട്ടാണ് വന്നത്..ഇപ്പോ അമ്മയെ ഏൽപ്പിച്ചിട്ടാണ് കുളിച്ചത്..” വീട്ടിലെ ഓരോ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ കിച്ചുവേട്ടന് അറിയണം…അതുകൊണ്ട് തന്നെ വിശദീകരിച്ചിട്ടെ എന്തും പറയാറുള്ളൂ… ”ഉം… ശരി…അവിടെ ഫോണെടുക്കാൻ വൈകുന്ന ഓരോ നിമിഷവും എനിക്ക് ചങ്കിടിപ്പ് കൂടുമെന്ന് നിനക്കറീലേ ചാരൂ… അതോണ്ട് ചോദിച്ചതാ…പിന്നെ…എനിക്ക് ഈ ആഴ്ചയും വരാൻ പറ്റില്ലാട്ടോ….അത് പറയാൻ വിളിച്ചതാണ്…”
” അതെന്തേ കിച്ചുവേട്ടാ ..” രണ്ടാഴ്ചയായി കിച്ചുവേട്ടൻ വീട്ടിലെത്തിയിട്ട്… ചിലപ്പോൾ അങ്ങനെയാണ് …. ” അത് ചാരൂ…. ഇവിടെ ഓഡിറ്റിംഗും കാര്യങ്ങളും നടക്കുകയല്ലേ…അതുകൊണ്ട് തിരക്കാണ്..” ഒന്നും പറയാൻ തോന്നീല…. പരിഹാസങ്ങളെ ഭയന്നാകും കിച്ചുവേട്ടനും മാറി നിൽക്കുന്നത്… കുഞ്ഞു കരയുന്നത് കേട്ടു കൊണ്ടാണ് ഫോൺ കട്ട് ചെയ്തത്….പനിയുടെ അസ്വസ്ഥത കൂടിയുള്ളതു കൊണ്ട് മോള് മൂശാട്ടയാണ്… ഇനി ഉറങ്ങുന്നത് വരെ വഴക്കാണ്… അമ്മയ്ക്കും ദാസേട്ടനും കഴിക്കാനുള്ളത് എടുത്തു വെച്ചിട്ടാണ് മോളേ ഉറക്കാൻ പോയത്….
” കുഞ്ഞിനെ എൻ്റെ കൂടെ കിടത്തണോ മോളേ.. ”
മോളെ ഉറക്കി കിടത്തിയ ശേഷം കഴിച്ച പാത്രങ്ങൾ പെറുക്കി വെയ്ക്കുമ്പോഴാണ് പിന്നിൽ നിന്നും അമ്മയുടെ ചോദ്യം… അതൊരു സൂചനയാണ്…. ദാസേട്ടൻ്റെ മുറിയിൽ പോയി കിടക്കാൻ പറയാതെ പറയുന്നത്…ആദ്യമൊക്കെ അതു കേൾക്കുമ്പോൾ വെറുപ്പായിരുന്നു തോന്നിയിരുന്നത്…. മരുമകളെ രണ്ടു മക്കൾക്കും പങ്കു വെച്ചു കൊടുക്കുന്ന ഒരമ്മ….. പുച്ഛത്തോടെ എതിർക്കുമ്പോഴും കിച്ചുവേട്ടൻ്റെ മൗനസമ്മതം തന്നെ തളർത്തിയിരുന്നൂ… അമ്മയുടെ ആഗ്രഹത്തിന് വേണ്ടി മാത്രം കിച്ചുവേട്ടൻ ജോലിയുടെ പേരും പറഞ്ഞു ഒഴിഞ്ഞു മാറിയപ്പോൾ ,പിന്നീട് എതിർക്കാൻ കഴിഞ്ഞില്ലെന്നതാണ് സത്യം…
”വേണ്ടമ്മേ.. ഞാൻ അവളെ കൂടി കൂടെ കിടത്തികൊള്ളാം…” എനിക്കു കഴിക്കാനുള്ള ഭക്ഷണം എടുക്കുന്നതിനിടയ്ക്ക് തിരിഞ്ഞു നിന്നാണ് പറഞ്ഞത്… കൂടുതൽ നിർബന്ധിക്കാതെ അമ്മ പോയി…
ആഹാരം മുന്നിലെടുത്തു വെച്ചെങ്കിലും ഒരു വറ്റു പോലും തൊണ്ടയ്ക്ക് താഴേയ്ക്കിറങ്ങിയില്ല…. എടുത്ത ആഹാരം അതേപടി അടുക്കളയിൽ കൊണ്ടു വേസ്റ്റു പാത്രത്തിൽ തട്ടി പാത്രങ്ങൾ കഴുകി ഒതുക്കി വെച്ചു, മോളെയും എടുത്ത് ദാസേട്ടൻ്റെ മുറിയിൽ ചെന്നപ്പോഴേക്കും ദാസേട്ടൻ ഉറങ്ങാൻ കിടന്നിരുന്നൂ….
” മോൾക്ക് എങ്ങനെയുണ്ട് ചാരൂ..” എന്നെ കണ്ടയുടനെ കിടക്കയിൽ നിന്നും എഴുന്നേറ്റ് ഇരുന്നിട്ടാണ് ചോദ്യം…. ”കുറച്ച് കുറവുണ്ട് ദാസേട്ടാ …. ഇല്ലെങ്കിൽ നാളെ ആശുപത്രിയിൽ കൊണ്ടു പോകാം..” മോളേയും കൊണ്ട് താഴേ കിടക്ക വിരിക്കാൻ ബുദ്ധിമുട്ടുന്ന എന്നെ മാറ്റി നിർത്തി എനിക്കും മോൾക്കും കിടക്കാനുള്ള കിടക്ക ദാസേട്ടൻ വിരിച്ചു തന്നൂ… കിടക്കയുടെ ഒരറ്റത്ത് മോളെ കിടത്തുമ്പോഴേക്കും ദാസേട്ടൻ കിടന്നു കഴിഞ്ഞിരുന്നു… ഞങ്ങൾക്കിടയിൽ മൗനം വല്ലാതെ വേരോടികൊണ്ടിരുന്നു…. രാത്രിയുടെ നിശബ്ദതയ്ക്ക് എവിടെ നിന്നോ തെരുവുനായ്ക്കളുടെ ഓരിയിടൽ വിഘാതം സൃഷ്ടിച്ചു കൊണ്ടിരുന്നു ….
കാറ്റിലുലയുന്ന ഇലകളുടെ ശബ്ദം ഇടയ്ക്കിടെ കേൾക്കുന്നുണ്ട്… ജനാലയ്ക്ക് അപ്പുറം അങ്ങകലെ തെളിഞ്ഞ നിലാവിൻ്റെ വെളിച്ചം തിളങ്ങുന്നു…. ആ വെളിച്ചം ചെറുതായി മുറിയിലേക്കും കടന്നു വന്നിട്ടുണ്ട്… ഈ ലോകത്തെ ഏതൊരു സ്ഥലത്തേക്കാളും സുരക്ഷിതത്വം ഈ മുറിയിലുണ്ട്… .. പക്ഷേ ഈ മുറിയിൽ കിടക്കുമ്പോൾ പലപ്പോഴും നിദ്രാദേവി തന്നെ അനുഗ്രഹിക്കാറില്ല…. ഓർമ്മകളുടെ ഓളങ്ങളിൽ അടിയുലയുന്ന തോണി പോലെ മനസ്സു തെന്നി കളിച്ചു നടക്കും…..
ദാസേട്ടൻ്റെ ശ്വാസ്വോച്ഛ്വാസം ഒരേ വേഗത്തിലായി… അപൂർവ്വമായി ഉറങ്ങി പോകുന്ന രാവുകളിൽ ഇടയ്ക്ക് ഞെട്ടിയുണർന്ന് ചെവിയോർക്കുന്നത് ഈ ഒരു ശബ്ദത്തിന് വേണ്ടിയാണ്..
ആദ്യമായി ഈ മുറിയിൽ വന്നപ്പോഴുള്ള അവസ്ഥ… ആലോചിക്കാൻ കൂടി കഴിയില്ല…
കിച്ചുവേട്ടൻ്റെ ആലോചന വന്നപ്പോൾ അമ്മ ഒരുപാട് സന്തോഷിച്ചു.. അച്ഛൻ മരിച്ചു പോയ ഞങ്ങൾ മൂന്നു മക്കളെ വളർത്താൻ അമ്മ അത്രത്തോളം കഷ്ടപെട്ടിരുന്നു…. ” ഈ ആലോചന വേണോ സുമതി.. ആ ചെക്കൻ്റെ അമ്മയ്ക്ക് രണ്ട് കെട്ടിയോൻമാരാണേ… ഒന്ന് നാടു വിട്ടു പോയിന്നും ഒന്ന് ചത്തൂന്നാ കേൾക്കുന്നത്…. രണ്ടു മക്കളും രണ്ടു ഭർത്താക്കൻമാരുടെയാണത്രേ…. ഈ ചെക്കൻ്റെ മൂത്ത ചെക്കൻ ആണേല് കെട്ടീട്ടുമില്ല.. ഒന്നൂടി ആലോചിച്ചിട്ടു പോരേ ” അപ്പോഴും വല്യമ്മായി അമ്മയോട് പറഞ്ഞൂ… പക്ഷെ അമ്മയെ സംബന്ധിച്ചിടത്തോളം വല്യ ഭാഗ്യമായിരുന്നു… അങ്ങനെയാ കല്യാണം നടന്നത്.. കിച്ചുവേട്ടനെ കിട്ടുന്നത് തന്റെ ഭാഗ്യം തന്നെയായിരുന്നു…അത്ര നല്ല സ്വഭാവമായിരുന്നു…. പോരാത്തതിന് നല്ല കമ്പനിയിൽ ജോലിയും… വിവാഹം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞപ്പോഴാണ് ദാസേട്ടൻ്റെയും ഭാര്യയായി കഴിയണമെന്ന് അമ്മ ആവശ്യപെട്ടത്…. ആദ്യം വിശ്വസിക്കാനായില്ല…. മരണം കാത്തു കിടക്കുന്ന മൂത്തമകന് വേണ്ടിയുള്ള അമ്മയുടെ കണ്ണീരിന് മുന്നിൽ കിച്ചുവേട്ടനും നിശബ്ദനായപ്പോൾ ഇവിടെ നിന്നും ഓടി രക്ഷപെടാനാണ് തോന്നിയത്…. ദാസേട്ടന് എന്തോ അസൂഖമാണെന്നും കുറേ ചികിത്സ നടത്തിയിട്ടും രക്ഷപെടില്ലാന്നു ഡോക്ടർമാർ വിധിയെഴുതിയതുമൊക്കെ കിച്ചുവേട്ടൻ പറഞ്ഞിരുന്നു…
മരിക്കുന്നതിന് മുൻപ് ദാസേട്ടൻ്റെ ഒരു കുഞ്ഞിനെ അമ്മയ്ക്ക് വേണം…മരിക്കാൻ പോകുന്ന ഒരാളിന് ആര് പെണ്ണ് കൊടുക്കാൻ… അങ്ങനെയാണ് എന്നെ തിരഞ്ഞു പിടിച്ചു കിച്ചുവേട്ടനെ കൊണ്ട് കല്യാണം നടത്തിയത്…. എൻ്റെ വീട്ടിലെ അവസ്ഥ വെച്ച് ഞാൻ അങ്ങോട്ടു തിരിച്ചു പോകില്ലെന്ന് അമ്മ കണക്കു കൂട്ടി…
നിർബന്ധിച്ചു ദാസേട്ടൻ്റെ മുറിയിലേക്ക് പറഞ്ഞയച്ചൂ… അതുവരെ സഹോദരൻ്റെ സ്ഥാനത്തു കണ്ട ഒരാളിൻ്റെ അടുത്ത് ഭാര്യാ വേഷം കെട്ടി ചെന്നപ്പോൾ എൻ്റെ ചങ്കിടിച്ചു… കൈയ്യും കാലും എല്ലാം വിറച്ചു…അതിലുപരി ദാസേട്ടനോട് വെറുപ്പായിരുന്നൂ… അമ്മയുടെ താളത്തിന് തുള്ളുന്നതിന്….
വാതിൽ തുറന്നു പകച്ചൂ നിൽക്കുന്ന എന്നെ കണ്ട ദാസേട്ടൻ ഒരു പുഞ്ചിരിയോടെ വന്നു കതക് ചേർത്തടച്ചു … ഭയപ്പാടോടെ പിന്നോട്ടു മാറിയ തന്നെ അൽപസമയം നോക്കി നിന്നിട്ട് തിരികെ കിടക്കയിൽ ചെന്നിരുന്നു… ” ചാരു ഇവിടെ വന്നിരുന്നേ..”
എന്തു ചെയ്യണം എന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്ന തന്നെ അടുത്തേക്ക് വിളിച്ചു…
വിറയ്ക്കുന്ന കാലോടെ തന്നെ അടുത്തേക്ക് ചെന്നു… ഇരിക്കാൻ ആംഗ്യം കാട്ടിയെങ്കിലും ഇരുന്നില്ല…
” ചാരു പേടിക്കണ്ടാട്ടോ…ഞാൻ ഒന്നും ചെയ്യില്ല… നീ എനിക്ക് അനുജത്തി കുട്ടിയാണ്…. പിന്നെ അമ്മയുടെ തീരുമാനത്തെ എതിർത്തു പറഞ്ഞില്ലെന്നു മാത്രം… ഭൂമിയിൽ ദിവസങ്ങൾ മാത്രം അവശേഷിക്കുന്ന എനിക്കെന്തിനാ അനന്തരാവകാശി…”’
ദാസേട്ടൻ പറയുന്നത് വിശ്വസിക്കാനാവാതെ നിന്നൂ… എന്തൊക്കെയോ സങ്കൽപിച്ചു കൂട്ടി ആ മനുഷ്യനെ വെറുത്തത് ഓർത്തപ്പോൾ വല്ലാതെ വിഷമമായി…
” എനിക്കൊരു കുട്ടിയെ ഇഷ്ടമായിരുന്നു… എനിക്ക് അസുഖം ആണെന്നറിഞ്ഞിട്ടും എൻ്റെ കൂടെ ജീവിക്കാൻ അവൾക്ക് സമ്മതമായിരുന്നു…പക്ഷേ ഞാൻ സമ്മതിച്ചില്ല.. നമ്മളെ സ്നേഹിക്കുന്നവരുടെ കണ്ണുനീർ വീഴ്ത്തിയല്ല…കണ്ണു കലങ്ങാതെ വേണം അവരെ സ്നേഹിക്കാൻ.. ഞാൻ തന്നെയാ അവളെ ഒഴിവാക്കിയത്…അതിന് വേണ്ടിയാ ജോലി രാജീ വെച്ച് വീട്ടിലിരിപ്പായത്…. ”’
പറഞ്ഞു നിർത്തുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു..
”.അമ്മ പറയുമ്പോൾ ചാരു ഇവിടെ വന്നു കിടന്നോളൂ… പേടീക്കണ്ടാട്ടോ… ” എന്നു പറഞ്ഞ് മാറ്റി വെച്ചിരുന്ന കിടക്കയും മറ്റും എടുത്തു തന്നിട്ട് കട്ടിലിൽ കിടന്നു… നടന്നതൊന്നും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല… അതിൽ പിന്നെ അമ്മ പറയുമ്പോൾ എല്ലാം ഇവിടെ വന്നു കിടക്കും… ദാസേട്ടൻ തന്നെ ഡോക്ടറെ കൊണ്ട് അമ്മയോട് ദാസേട്ടന് കുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ലെന്നു പറയിച്ചെങ്കിലും കിടപ്പു മാറ്റാൻ മാത്രം സമ്മതിച്ചില്ല.. മരിക്കുന്നതിന് മുന്‍പ് ചാരുവില്‍ ദാസന്‍റെ ഒരു കുഞ്ഞിനെ കാണണമെന്ന അമ്മയുടെ ആഗ്രഹം പലപ്പോഴായി പലരോടും പങ്കു വെയ്ക്കുന്നത് കേട്ടപ്പോള്‍ നാണക്കേട് കൊണ്ട് മരിച്ചാല്‍ മതീന്നു തോന്നിയിട്ടുണ്ട്
കിച്ചുവേട്ടനുഃ അഴ്ചയിൽ ഒരിക്കലെ വീട്ടിൽ വരാറുളളൂ… ദാസേട്ടൻ തന്നെ കിച്ചുവേട്ടനോട് കാര്യങ്ങൾ പറഞ്ഞിരുന്നൂ.. പക്ഷേ നാട്ടുകാരുടെ മുന്നിൽ താൻ രണ്ടു ഭർത്താക്കൻമാരുടെ ഭാര്യയാണ്…
ഇപ്പോൾ ഇൗ മുറിയിൽ കിടക്കുമ്പോൾ ദാസേട്ടൻ്റെ ആയുസ്സിന് വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്…… ജീവിച്ചു തുടങ്ങിയ ഒരാളേ മരണം മാടി വിളിക്കുന്നത് അതും പതിയെ പതിയെ വല്ലാത്ത ഒരവസ്ഥയാണ്… അടുത്ത നിമിഷം മരണമാണെന്ന് ഉറപ്പിച്ച് ജീവിക്കുക…. ചക്കി മോളെ മാറോട് ചേർക്കുമ്പോഴൊക്കെ ജീവിക്കാനുള്ള ത്വരയും നഷ്ടമായ ജീവിതത്തിൻ്റെ നിരാശയും ആ മുഖത്ത് തെളിഞ്ഞു കാണാറുണ്ട്..
ഈ മുറിയിൽ പലപ്പോഴും മരണത്തിൻ്റെ ഗന്ധം അറിഞ്ഞിട്ടുണ്ട്…കിച്ചുവേട്ടനും പേടിയാണ്…ഓരോ തവണ വിളിക്കുമ്പോഴും മോശം വാർത്തയാണോ വരുന്നത് എന്ന്…. പതിവ് പോലെ നഷ്ടപെട്ട ഉറക്കത്തെയും ചേർത്തു പിടിച്ചാണ് രാവിലെ എഴുന്നേറ്റത്…
”ഇന്നലെ ചാരൂ മരുന്നു വാങ്ങാൻ പോയ വഴിക്ക് ആ പെണ്ണുങ്ങള് ചേർന്നു കളിയാക്കിയെന്നു കേട്ടല്ലോ ചേച്ചീ..”’ ലതചേച്ചീയാണ്….
” ഈ കൊച്ചിന് തിരിഞ്ഞൂ നിന്നു നല്ലത് പറഞ്ഞോടുത്തൂടെ …. കേട്ടിട്ട് മിണ്ടാതെ പോരുമ്പോഴാണ് അവളുമാർക്ക് അഹമ്മതി കൂടുന്നത്…” രാവിലെ തന്നെ ലതചേച്ചീ നല്ല ഫോമിലാണ്…
” എന്തു പറയാനാ ലതേ…അവൾ അങ്ങനെയൊരു പാവമാണ്… എന്തു പറഞ്ഞാലും മിണ്ടാതെ നിന്നു കേൾക്കുന്ന ഒരു പൊട്ടി പെണ്ണ്…” അമ്മ പറഞ്ഞു തിരിഞ്ഞു നോക്കിയത് എൻ്റെ മുഖത്തേക്കായിരുന്നു…. അ ” അല്ലാ ആളിവിടെ നിൽക്കുവായിരുന്നോ….. കിച്ചു പിന്നെ വന്നില്ലാലേ……..” ലത ചേച്ചീ അര്‍ത്ഥഗര്‍ഭമായി നോക്കി ചിരിച്ചു.. ഒന്നും മറുപടി കൊടുക്കാൻ തോന്നിയില്ല…മറ്റുള്ളവർ നേരിട്ട് പറയുമ്പോൾ ഇവർ പറയാതെ പറയുന്നു….അത്ര മാത്രം…
വേഗം ചായ ഉണ്ടാക്കാൻ വെള്ളം അടുപ്പിൽ വെച്ചു… ചക്കി ഉണരുന്നതിന് മുൻപ് ജോലി ഒതുക്കണം…
ചായ എടുത്തു ഫ്ലാസ്കിൽ ഒഴിച്ചു വെച്ചു.. ദാസേട്ടൻ എഴുന്നേൽക്കാൻ വൈകും… കഴിക്കുന്ന മരുന്നുകളുടെ ശക്തിയാൽ വല്ലാത്ത മയക്കമാണ്… ജോലി തീർക്കുമ്പോഴേക്കും ചക്കി ഉണർന്നിരുന്നു…
”ഇതെന്തൊരു ഉറക്കമാണ്… പത്തു മണിയായിട്ടും ദാസൻ എഴുന്നേറ്റില്ലല്ലോ മോളേ..” ചക്കീക്ക് ചൂട് കഞ്ഞി ആറ്റി കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് അമ്മ അത് പറഞ്ഞത്.. ശരിയാണ് ഉണരുന്ന സമയം കഴിഞ്ഞിരിക്കുന്നു… അകാരണമായ ഒരു ഭയം മനസ്സിനെ മൂടി…
വിറയ്ക്കുന്ന കാലടികളോടെയാണ് അമ്മയെ പിൻതുടർന്നത്.. അമ്മ മുറിയിലേക്ക് കയറിയപ്പോൾ തന്നെ നീണ്ടു നിവർന്നു കിടക്കുന്ന ദാസേട്ടനെ കണ്ടു…
”മോനേ..ദാസാ…”
രണ്ടുമൂന്ന് തവണ കുലുക്കീ വിളിച്ചൂ….
” എന്നെ കൈ വിട്ടല്ലോ ഈശ്വരൻമാരെ….” എന്നു നിലവിളിച്ചു കൊണ്ട് അമ്മ താഴേയ്ക്കു വീഴുമ്പോഴേക്കും മറു കൈയ്യാൽ ഞാൻ അമ്മയെ താങ്ങിയിരുന്നു…. അപ്പോഴും കിടക്കയിൽ ദാസേട്ടൻ ശാന്തമായി ഉറങ്ങുകയായിരുന്നു…. എത്ര തടഞ്ഞു നിർത്തിയിട്ടും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു…
കാത്തിരിക്കാൻ ആരുമില്ലാത്തതിനാൽ ചടങ്ങുകൾ വെച്ചു താമസിച്ചില്ല… ചടങ്ങുകൾ എല്ലാം കഴിഞ്ഞു ഓരോരുത്തരായി മടങ്ങി…
” ഒന്ന് മരിച്ചാലെന്താ…ഇനിയും ഒരാളുണ്ടെല്ലോ….” ”അതാടീ രണ്ടു ഭർത്താക്കൻമാർ ഉണ്ടായാലുള്ള ഗുണം…”എവിടെയൊക്കെയോ അടക്കി പിടിച്ച ചിരി ഉയർന്നു…
രചന: ദീപ്തി പ്രവീൺ