Categories
Uncategorized

ഇന്ന് ഒരു വിവാഹ ക്ഷണമുണ്ട്. അത് മറ്റാരുടെയും അല്ല എന്റെ പ്രണയിനിയുടേതാണ്. ഒരിക്കൽ എന്റെ പ്രാണനായിരുന്നവളെ കല്യാണപുടവയിൽ കാണുവാൻ മറ്റാരേക്കാളും കാമുകനായിരുന്ന എനിക്ക് ആഗ്രഹം ഉണ്ടാകുമല്ലോ…

രചന : – സുധിൻ സദാനന്ദൻ

ഇന്ന് ഒരു വിവാഹ ക്ഷണമുണ്ട്. അത് മറ്റാരുടെയും അല്ല എന്റെ പ്രണയിനിയുടേതാണ്. ഒരിക്കൽ എന്റെ പ്രാണനായിരുന്നവളെ കല്യാണപുടവയിൽ കാണുവാൻ മറ്റാരേക്കാളും കാമുകനായിരുന്ന എനിക്ക് ആഗ്രഹം ഉണ്ടാകുമല്ലോ…

അഞ്ച് വർഷക്കാലം അരങ്ങിൽ നിറഞ്ഞാടിയ പ്രണയത്തിന് ഇന്ന് തിരശീല വീഴുകയാണ്.

ഇപ്പോഴും എന്റെ മുഖത്ത് നിറഞ്ഞ് നില്ക്കുന്ന ചിരിയുടെ നിഗൂഡത തേടി, എന്നോടൊപ്പം നിഴൽ പോലെ നടക്കുകയാണ് എന്റെ സുഹൃത്തുക്കൾ , ഒരു പക്ഷേ പ്രണയ നൈരാശ്യം മൂലം ഞാൻ ആത്മഹത്യ ചെയ്യുമോ എന്നവർ ഭയക്കുന്നുണ്ടാവും..

എന്റെ കൈയ്യിൽ കരുതിയ പേപ്പർ ബാഗിനെ അവളുടെ കൂട്ടുകാരികൾ ഭീതിയോടെ ഒളികണ്ണിട്ട് നോക്കികൊണ്ട് അടക്കം പറയുന്നുണ്ട്.

എന്റെ കൈവശം അവളുടെ മനോഹരമായ മുഖം വികൃതമാക്കുവാൻ കെൽപ്പുള്ള ആസിഡ് നിറച്ച കുപ്പിയാവാം, അതും അല്ലെങ്കിൽ അവളെ കുത്തി കൊന്ന് സ്വയം കഴുത്തറുത്ത് മരിക്കുവാൻ പാകത്തിലുള്ള മൂർച്ചയേറിയ കത്തിയും ആവാം എന്നാവും അവർ ചിന്തിക്കുന്നുണ്ടാവുക.

അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, നമ്മൾ ദിവസേന കാണുന്ന ഫോർവേർഡ് മെസ്സേജുകൾ അത്തരത്തിലുള്ളതാണല്ലോ,..

പൂർവ്വ കാമുകിയുടെ കല്യാണത്തിന് ഒരു ബാഗുമായി എത്തുന്ന കാമുകനെ കുറിച്ച് ചിന്തകൾ ആ രീതിയിലേ പോവുകയുള്ളൂ,..

ചുറ്റിലും പരിഹാസം നിറഞ്ഞ മുഖങ്ങൾക്കിടയിലൂടെ ഒരു അപരാധിയെ പോലെ ഞാൻ നടന്നു നീങ്ങി, സ്റ്റേജിന്റെ ഇടത് വശത്തുള്ള മേക്കപ്പ് മുറിയിൽ അവൾ ഉണ്ടെന്നുള്ള അറിവോടെ തന്നെ. മുഷ്ഠി ചുരുട്ടി അടഞ്ഞ് കിടക്കുന്ന വാതിലിൽ രണ്ട് പ്രാവിശ്യം മുട്ടിയതിന് ശേഷം കൈയ്യുള്ള കവർ ഞാൻ ചേർത്തു പിടിച്ചു.

വാതിൽ അല്പം മാത്രം തുറന്ന് ഒരു പെൺക്കുട്ടി എന്താ,..? എന്ന ചോദ്യഭാവത്തിൽ എനിക്ക് നേരെ നിന്നു.

“”എനിക്ക് അച്ചുവിനെ,… അല്ല,, അശ്വതിയെ ഒന്നു കാണണം, മനു വന്നിട്ടുണ്ടെന്ന് ഒന്ന് പറയുമോ,..””

മനു എന്ന പേര് കേൾക്കവെ ആ പെൺകുട്ടിയുടെ മുഖത്തെ ചിരി മായുന്നത് ഞാൻ ശ്രദ്ധിച്ചു.

“” എന്നോട് ഇവിടെ തന്നെ നില്ക്കുവാൻ ആവശ്യപ്പെട്ട്, എനിക്ക് മുന്പിൽ ആ വാതിൽ വീണ്ടും അടഞ്ഞു.””

ആ സമയം, പഞ്ചസാര തരിയിൽ ഉറുമ്പ് പൊതിയുന്ന കണക്കെ എനിക്ക് ചുറ്റും അവുടെ സുഹൃത്തുക്കൾ നിറഞ്ഞു,..

“”മനൂ,.. നീ എന്തിനുള്ള പുറപ്പാടാണ്…? നീ ഇന്നിവിടെ വരാൻ പാടില്ലായിരുന്നു., അതിനു പുറമെ അവളെ കാണാൻ ശ്രമിക്കുന്നത് അതിനേക്കാൾ വലിയ തെറ്റ്,..””

“”തെറ്റും ശരിയും പഠിക്കാൻ എനിക്കിപ്പോൾ ഒട്ടും സമയമില്ല വിവേക്,… ഞാനിപ്പോൾ എന്ത് ചെയ്യുന്നുവോ, അതാണ് എന്റെ ശരി,..””

“”മനൂ ഇവിടെ, വെറുതെ ഒരു സീൻ ഉണ്ടാക്കരുത്,..””

“””എന്റെ അറിവിൽ അവളുടെ തന്തയ്ക്ക് മക്കളായി രണ്ട് പെൺക്കുട്ടികളാണ്. ഇത്രയധികം ആങ്ങളമാർഉള്ള കാര്യം പ്രേമിക്കുന്ന കാലത്ത് അവളും പറഞ്ഞിട്ടില്ല…

മോനെ വിനോദേ,… അവൾ വച്ചു നീട്ടിയ കുപ്പിയുടെ നന്ദി കാട്ടേണ്ടിടത്ത് കൃത്യമായി കാട്ടിയാൽ മതി. എൻ്റെ മുന്നിൽ അത് വേണ്ട,.. അവളെ കാണാൻ വന്നിട്ടുണ്ടെങ്കിൽ ഞാൻ കണ്ടിട്ടേ പോവൂ,

ഇനി അതല്ലാ,… ഒരു ഷോ ഓഫാണ് ഉദ്ദേശമെങ്കിൽ, പിന്നാമ്പുറത്ത് വലിയ കുഴിയൊന്ന് കുത്തേണ്ടി വരും, പപ്പടം പായസ മടക്കം സദ്യവട്ടം അടപടലം വെട്ടി മൂടാൻ,..””

പെട്ടെന്നുണ്ടായ എന്നിലെ ഭാവമാറ്റം അവരിൽ ആശ്ചര്യം ഉണ്ടാക്കിയിരുന്നു.

ആ സമയം വീണ്ടും എനിക്കായി ആ വാതിൽ തുറക്കപ്പെട്ടു.

“” അകത്തേയ്ക്ക് ചെന്നോളൂ അച്ചു അവിടെയുണ്ട്”” എന്ന് പറയുന്നതിനോടൊപ്പം ആ മുറിൽ അച്ചു ഒഴികെ ബാക്കി എല്ലാ പെൺക്കുട്ടികളും മുറിയിൽ നിന്നിറങ്ങി പുറത്തു നിന്നിരുന്നു.

സ്വർണ്ണാഭരണ വിഭൂഷിതയായി പട്ട് സാരിയുടുത്ത് കണ്ണാടിയുടെ മുന്നിൽ ഭംഗി നോക്കി നില്ക്കുന്ന അവളെ നോക്കവെ, ഓർമ്മ താളുകൾ ഒരുപാട് പുറകിലേയ്ക്ക് മറഞ്ഞു,.

“”മനുവേട്ടൻ എൻ്റെ കഴുത്തിൽ താലി ചാർത്തുന്ന നിമിഷത്തിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. മനുവേട്ടൻ്റെ ബുള്ളറ്റിൻ്റെ പുറകിൽ ഇരുന്ന് ഈ ലോകം മുഴുവൻ പോവണം എനിയ്ക്ക്. മനു ഏട്ടനില്ലാതെ എനിയ്ക്ക് ഒരു ജീവിതമില്ല. വേറെ ആരെങ്കിലും എന്നെ കെട്ടാൻ വന്നാൽ അവർ എൻ്റെ ശവത്തിലായിരിക്കും താലി കെട്ടുക,…””

മനൂ,….

എന്ത് ആലോചിച്ച് നില്ക്കാ,..?

“”ഏയ് ഞാൻ ശവത്തിൻ്റെ കാര്യം ആലോചിക്കായിരുന്നു””

“”എന്ത്,..,?””

ഒന്നുമില്ലടോ, പറയാതിരിക്കാൻ വയ്യ, തന്നെ കാണാൻ സുന്ദരി ആയിട്ടുണ്ട്,..

””താങ്ക്സ്,. മനുവിന് എന്നോട് ദേഷ്യമൊന്നും ഇല്ലല്ലോ , ഒരു തേപ്പ്ക്കാരിയായി എന്നെ കാണരുത്. ‘പാസ്ററ് ഈസ്‌ പാസ്ററ് ‘. അങ്ങനെ കണ്ടാൽ മതി, കോളേജ് ലൈഫിലെ ഒരു പ്രണയം അതിന് അത്ര ആയുസ്സേ ഉണ്ടായിരുന്നുള്ളൂ, മനുവിൻ്റെ ഫാമിലിയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞുകൊണ്ട്, അച്ഛൻ നമ്മൾ തമ്മിലുള്ള വിവാഹത്തിതിന് സമ്മതിക്കില്ല , അതാ ഞാൻ,…..””

“മതി, അശ്വതി. തൻ്റെ ന്യായീകരണം കേൾക്കാൻ വന്നതല്ല ഞാൻ, അവസാനമായിട്ട് ഒന്ന് കാണണം എന്ന് തോന്നി, പഴയ കാമുകിയെ മറക്കാൻ അവളുടെ വിവാഹം മുൻ നിരയിലിരുന്ന് കാണണം, അത് എന്തിനാണെന്ന് അറിയുമോ, നിന്നെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം എൻ്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഈ കാഴ്ച ആയിരിക്കണം. ഇന്നവൾ മറ്റൊരുത്തൻ്റെ ഭാര്യയാണ് എന്ന് ഒർമപ്പെടുത്താൻ,.”

“”മനുവേട്ടാ ഞാൻ,….””

വേണ്ട, അശ്വതി, മനുവേട്ടനിൽ നിന്ന് മനുവിലേയ്ക്കുള്ള ദൂരം അത് നിൻ്റെ വ്യക്തിത്വത്തെയാണ് സൂചിപ്പിക്കുന്നത്,

ഒരിക്കൽ ക്ഷേത്രനടയിൽ വെച്ച് എൻ്റെ അമ്മയെ നിനക്ക് പരിജയപ്പെടുത്തി തന്നത് നീ ഓർക്കുന്നുണ്ടോ,.

അമ്മ ആ രാത്രി എൻ്റെ അടുത്ത്, അവൾ വേണ്ട കണ്ണാ, നിനക്ക് പറ്റിയ ഒരു കുട്ടി അല്ല എന്ന് പറഞ്ഞു.

എന്താ അങ്ങനെ പറയാനുള്ള കാരണം എന്ന് അമ്മയെ കൊണ്ട് നിർബന്ധിച്ച് പറയപ്പിച്ചപ്പോൾ അമ്മ അന്ന് പറഞ്ഞിരുന്നു.

“”അവൾ സമ്പത്തിന് പുറകെ പോകുന്ന ഒരു പെണ്ണാണെന്ന്. ആദ്യമായി എന്നെ കണ്ടപ്പോൾ എൻ്റെ മുഖത്തായിരുന്നില്ല അവളുടെ ദൃഷ്ടി, മറിച്ച് ഞാൻ അണിഞ്ഞിരുന്ന ആഭരണങ്ങളിലേയ്ക്ക് ആയിരുന്നു. നമ്മൾ അറിയാതെ നമ്മുടെ ആസ്തി അളക്കുകയായിരുന്നു അവൾ. അവളുടെ കണ്ണുകളിൽ കാപട്യം നിറഞ്ഞിരുന്നു…””

പ്രണയത്തിന് കണ്ണും മൂക്കുമില്ല എന്ന്, ആരൊക്കെയോ പണ്ട് പറഞ്ഞത് പോലെ,. പ്രണയിക്കുന്ന കാലത്ത് തൻ്റെ കാമുകിയെ പറ്റി ആര് എന്ത് പറഞ്ഞാലും അതെല്ലാം കാറ്റിൽ പറത്തി കളയുകയേ ചെയ്യൂ ഒരു കാമുകൻ,.. ഞാനും അത്തരത്തിലൊരു കാമുകനായിരുന്നു…

ബിസിനസ്സ് തകർന്ന്, പഴയ പ്രൗഢി ഞങ്ങളിൽ നിന്ന് അകന്ന് പോവുന്നതിനോടൊപ്പം നീയും എന്നിൽ നിന്ന് അകന്നു തുടങ്ങിയിരുന്നു..

കാരണങ്ങൾ ഉണ്ടാക്കി വഴക്കു കൂടിയപ്പോഴും, നി ഇത് പോലൊരു തീരുമാനത്തിലെത്തുമെന്ന് ഞാൻ കരുതിയില്ല.. പിന്നീട് ഒന്നും സംഭവിയ്ക്കാതതുപോലെ എന്നെ ഈ വിവാഹത്തിന് ക്ഷണിയ്ക്കുകയും ചെയ്യ്തു.

ഇന്നലെ രാത്രി മുഴുവനും തലയിണയിൽ മുഖമമർത്തി കരയുമ്പോൾ തലമുടിയിൽ തലോടി എൻ്റെ അരികിൽ വന്നിരുന്ന അമ്മ ഒന്നേ പറഞ്ഞുള്ളൂ, ഈ വിവാഹത്തിന് പോകണമെന്ന്. ഒരു ചെറിയ ഗിഫ്റ്റ് അവൾക്കായി നല്കണമെന്നും..

കയ്യില് കരുതിയ പേപ്പർ ബാഗ് അവൾക്ക് നേരെ നീട്ടികൊണ്ട് ഇത് നിനക്കുള്ള എൻ്റെ വിവാഹ സമ്മാനമാണ്, മറ്റൊരു സന്തോഷ വാർത്ത കൂടിയുണ്ട് ‘കേസ് വിധിയായി ‘.ബിസ്സിനസ്സിൽ നഷ്ടപ്പെട്ട പണമെല്ലാം തിരികെ കിട്ടുമെന്ന് സാരം, ഇനി ആ ഗിഫ്റ്റ് തുറന്നു നോക്കിക്കേ,..

ആകാംക്ഷയോടെ തുറന്ന് നോക്കിയതും . ഞാൻ വാങ്ങിയ ഡയമണ്ട് നെക്ലേസ് കണ്ട് അവൾ സ്തംഭിച്ചു നിന്നു പോയി.

ഇത്രനാളും എൻ്റെ കൂടെ നടന്നതിൻ്റെ കൂലി ആയി കണ്ടാൽ മതി ഇതിനെ. നല്ല തന്തയ്ക്ക് പിറന്നതിൻ്റെ ഒരു കുത്തികഴപ്പ് അത്രേ ഉള്ളൂ…

പിന്നെ,.. പഴംപൊരിയ്ക്ക് റബർ ബാൻ്റ് ഇട്ടത് പോലുള്ള നിൻ്റെ ചെക്കൻ കെട്ടാൽ പോവുന്ന താലിയേക്കാൾ വില ഞാൻ നല്കിയ ഡയമണ്ട് നെക്ലേസിനാണെന്ന് കരുതി. പഴയ ഇഷ്ടം പൊടി തട്ടി എടുക്കാൻ നില്ക്കണ്ട. അവിഹിതം എനിയ്ക്ക് പണ്ടേ അലർജിയാണ് . അപ്പൊ ഇനി യാത്രയില്ല. വിഷ് യു ഹാപ്പി മാരീഡ് ലൈഫ്,..

എസിയുടെ തണുപ്പിലും നെറ്റിയിലെ വിയർപ്പ് കണങ്ങളെ ഒപ്പിയെടുക്കുന്ന അവളെ കണ്ണിറുക്കി കാണിച്ചു അഴിച്ചിട്ടിരുന്ന മുണ്ട് മടക്കി കുത്തി നെഞ്ചും വിരിച്ചു മുന്നോട്ട് നടക്കുമ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു അവളുടെ മിഴികൾ എന്നെ പിന്തുടരുന്നത്. തിരിഞ്ഞു നോക്കിയില്ല. കാരണം എന്റെ കണ്ണുനീർ അമ്മയല്ലാതെ മറ്റാരും കാണുന്നത് എനിക്കിഷ്ടമല്ല. . . . .

രചന : – സുധിൻ സദാനന്ദൻ

Leave a Reply

Your email address will not be published. Required fields are marked *