രചന: വൈഗ വസുദേവ്
കാത്തിരിപ്പിനൊടുവിൽ…(കഥ)
ഇന്നാണ് മോളെ മാലിനിയുടെ അടുത്ത് കൊണ്ടുചെല്ലാം എന്ന് പറഞ്ഞിരിക്കുന്നത്.അവൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെനേരമായിക്കാണും. കഴിഞ്ഞ തവണ കണ്ടപ്പോൾ മോളെയുംകൂട്ടി ചെല്ലാമെന്ന് വാക്കുകൊടുത്തിട്ടാണ് പോന്നത്. ഉദയ് ബൈക്കിന് സ്പീഡ് കൂട്ടി.
അച്ഛാ ആൻ്റി കാത്തുനിൽപ്പുണ്ടാവുമല്ലേ.മോളെകാണാൻ ആൻ്റിയ്ക്ക് കൊതിയായിട്ടുണ്ടാവും അല്ലേ..എനിക്കും ആൻ്റിയെ കാണാൻ കൊതിയായി. മോൾ പറഞ്ഞു
നമ്മൾ ആൻ്റീടെ അടുത്തോട്ടല്ലേ പോകുന്നെ..മോൾ അച്ചെ നന്നായി പിടിച്ചിരുന്നോ .
ഇറങ്ങിയത് ലേറ്റായതിനാൽ ഉദയ് ബൈക്കിൻ്റെ സ്പീഡ് കൂട്ടി. ഹബ്ബ് ശ്രദ്ധയിൽ പെട്ടില്ല.ഒറ്റക്കുതിപ്പ് ഉദയുടെ കയ്യിൽ നിന്നും വണ്ടി നിയന്ത്രണം വിട്ട് എതിരെവന്ന ടെമ്പോയിൽ ഇടിച്ചു പിറകെ വന്ന ബസിനടിയിലേയ്ക്ക് വീണു. ××××××× മാലിനി ജനലഴിയിൽക്കൂടി പുറത്തേക്ക് നോക്കിയിരുന്നു. വരേണ്ട സമയം കഴിഞ്ഞിട്ടും വരാതിരിക്കില്ല എന്ന പ്രതീക്ഷ മനസ്സിൽ ശക്തമായുണ്ട്.
ഉദയ് തൻെറ ജീവിതത്തിൽ വന്നിട്ട് രണ്ടുവർഷമായി. വീൽചെയർ ആശ്രയിച്ചു കഴിയുന്ന തന്റെ ഏറ്റവും വലിയ സന്തോഷം ഇനിയുള്ള ജീവിതത്തിൽ ഉദയും മോളും കൂടെയുണ്ടാവും എന്നതാണ് . ഭർത്താവിനേയും ഏക മകനെയും നഷ്ടപ്പെട്ട തന്നെ വീൽചെയറിലാക്കിയ ആക്സിഡൻ്റ് കഴിഞ്ഞിട്ട് ഇന്ന് നാലുവർഷം പൂർത്തിയായി.
ഒറ്റപ്പെട്ട ജീവിതത്തിൽ കൂട്ടായത് പത്രവായന മാത്രമായിരുന്നു. സ്കൂട്ടറിൽ യാത്രചെയ്യവെ റോഡിലെ ഗട്ടറിൽ വീണ യുവതി ലോറികയറി മരിച്ചു എന്ന വാർത്ത മനസ്സിൽ നൊമ്പരമായി. മൃതദേഹത്തിനരികിൽ വിങ്ങിപ്പൊട്ടി നിൽക്കുന്ന ഉദയുടെ മുഖം തൻെറ ഉറക്കം കെടുത്തി.
ഫോൺനമ്പർ തേടിപ്പിടിച്ച് താൻ അന്ന് ഉദയെ വിളിച്ച് ആശ്വസിപ്പിച്ചു. ആ പരിചയം എങ്ങനെയോ ഒന്നിച്ചു ജീവിക്കാമെന്ന തീരുമാനത്തിൽ എത്തിച്ചു. ഓരോ ബൈക്കിൻ്റെ ശബ്ദം കേൾക്കുമ്പോഴും പ്രതീക്ഷയോടെ മാലിനി റോഡിലേയ്ക്ക് നോക്കും
വരേണ്ട സമയം കഴിഞ്ഞു.
മനസ്സ് വല്ലാതെ വിറയ്ക്കുന്നു. ഈശ്വരാ നീയെന്തിന് ഇങ്ങനെ പരീക്ഷിക്കുന്നത്. ഉദയും മോളും സേഫല്ലെ. പ്രാർത്ഥനയുടെ ഫലം പോലെ കാത്തിരിപ്പിനു വിരാമംഇട്ടുകൊണ്ട് മാലിനിയുടെ ഫോൺ ശബ്ദിച്ചു. മാലിനി ഫോണെടുത്തു. ഉദയല്ലല്ലോ..നമ്പരാണല്ലോ..
ചെവിയോടുചേർത്തു മാലിനിയല്ലെ. ഞാൻ ഉദയുടെ ഫ്രണ്ടാണ് . ഇന്ന് വരാൻ ആവില്ലെന്ന് പറയാൻ ഉദയ് പറഞ്ഞു. പറഞ്ഞത് കേട്ടതല്ലാതെ ഒരുവാക്കുപോലും പറയാൻ മാലിനിക്കായില്ല. മറുപടിയ്ക്കായി അൽപ്പനിമിഷം കാത്തു. പിന്നീട് കോൾ കട്ട് ചെയ്തു. മരവിച്ച മനസോടെ മാലിനി ഇരുന്നു. ××××××××××××××××
ആറരയുടെ അലാറം അടിച്ചതും മാലിനി കണ്ണുതുറന്നു. ഫോണെടുത്തു നോക്കി ഉദയുടെ കോൾ വന്നോ എന്നുനോക്കി. മിസ്സിട് കോൾ ഒന്നുമില്ല. ഉദയ് ഒരിക്കലും തന്നെ അ-വോയ്ഡ് ചെയ്യില്ല. എന്തെങ്കിലും സീ-രിയസ് കാര്യം ഉണ്ടാവും . ചായയുമായി ഹാളിലെത്തി .ടീപ്പോയിൽ പത്രം മടക്കിയപടി വെച്ചിട്ടുണ്ട്. മാലിനി പത്രം എടുത്ത് നിവർത്തി. ഹെഡ്ലൈൻ മാത്രം നോക്കി . അതാണ് ശീലം .പിന്നീട് പ്രധാനപ്പെട്ട വാർത്തകൾ നോക്കും . ഫസ്റ്റ് പേജിലൂടെ നോക്കവെ ഫോട്ടോയിൽ കണ്ണുടക്കി. ബൈക്ക് യാത്രികനും മോളും ബസിനടിയിൽപ്പെട്ടു മ-രിച്ചു. ഇത് ഉദയുംമോളും അല്ലെ. മാലിനിയുടെ വിറയാർന്ന കൈകളിൽനിന്ന് പത്രംഊ-ർന്ന് താഴെവീ-ണു
രചന: വൈഗ വസുദേവ്