രചന :ആതിര ദാസ് ✍️
കയ്യിലെ പാൽ ഗ്ലാസ്സുമായി ആ റൂമിലേക്ക് കടന്നു ചെന്നപ്പോൾ അവളുടെ മുഖം കുനിഞ്ഞത് നാണത്താൽ ആയിരുന്നില്ല, സാരിത്തലപ്പുകൊണ്ട് മറച്ച് കയ്യിൽ മുറുകെ പിടിച്ചിരുന്ന ആ ചെറിയ കത്തിയിലായിരുന്നു അവളുടെ ശ്രദ്ധ. അടുക്കളയിൽ ചെന്നപ്പോൾ ആരും കാണാതെ എടുത്ത് ഒളിപ്പിച്ചതാണത്.
അവൾ ആ റൂം മുഴുവൻ കണ്ണോടിച്ചു. മനോഹരിയായി അണിഞ്ഞൊരുങ്ങിയിരുക്കുന്ന മണവാട്ടിയെപോലുണ്ട് ആ മണിയറ. ചുവന്ന പനിനീർ പൂവുകൊണ്ടുള്ള വിരിയിൽ മനോഹരമായൊരു ഹൃദയം തീർത്തിരിക്കുന്നു. തന്റെ ശവകുടീരത്തിൽ വച്ചിരിക്കുന്ന പൂക്കളായാണ് അവൾക്ക് അത് കണ്ടപ്പോൾ തോന്നിയത്. പുച്ഛത്തോടെയും ദേഷ്യത്തോടെയും അത് നോക്കി നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളു. മൂക്കിലേക്ക് അടിച്ചു കയറിയ മുല്ലപ്പൂ വാസനയ്ക്ക് അവളെ മത്ത് പിടിപ്പിക്കാൻ കഴിഞ്ഞില്ല. പ്രേമം നിറഞ്ഞു തുളുമ്പേണ്ട കണ്ണുകൾ ഇപ്പോൾ വറ്റിവരണ്ട ജലാശയമായി മാറി കഴിഞ്ഞിരിക്കുന്നു.
അവൾ കട്ടിലിന് അടുത്തിട്ടിരുന്ന മേശമേൽ നോക്കി. തന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷന്റെ മനോഹരമായ ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്നു. അറിഞ്ഞുകൊണ്ട് അദ്ദേഹത്തെ വഞ്ചിച്ചത് എന്തിനായിരുന്നു….. ഒന്നും വേണ്ടായിരുന്നു…. മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്നു ചെന്നിട്ട് അവരുടെ സ്വപ്‌നങ്ങൾ കൂടെ തകർക്കേണ്ടി വന്ന ഒരു പാപിയാണ് താൻ… സങ്കടം വന്ന് നെഞ്ചിൽ തളം കെട്ടി കിടക്കുന്നു. ഒന്ന് ഉറക്കെ പൊട്ടി കരയാൻ കഴിഞ്ഞിരുന്നെങ്കിൽ…
അങ്ങനെ മരവിച്ചു നിൽക്കുമ്പോഴാണ് മേശയുടെ താഴെ ആരോ കൊണ്ടു വച്ചിരുന്ന തന്റെ ബാഗ് അവളുടെ ശ്രദ്ധയിൽ പെട്ടത്. അവൾ ചെന്ന് ബാഗ് തുറന്നു. അതിൽ ഉണ്ടായിരുന്ന തന്റെ ഫോൺ എടുത്ത് നെറ്റ് ഓൺ ചെയ്തു. ബീപ് സൗണ്ടിന്റെ നിലയില്ലാത്ത പ്രവാഹം പോലെ ഒരായിരം വിവാഹആശംസകൾ ഫോണിൽ വന്നുകൊണ്ടിരുന്നു. അതിൽ കണ്ട dp ഇല്ലാത്ത ഒരു അക്കൗണ്ടിൽ നിന്നും വന്ന മെസ്സേജ്…
“വിനുവേട്ടൻ…. ”
അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. കോൺടാക്ട് ആരോ ഡിലീറ്റ് ആക്കിയെങ്കിലും ആ ഫോൺ നമ്പർ അവൾക്ക് മനപാഠം ആയിരുന്നു. അവൾ ആ മെസ്സേജ് ഓപ്പൺ ചെയ്തു
“നിനക്ക് നല്ലൊരു ജീവിതം കിട്ടണം…. അതാണ് എന്റെ ആഗ്രഹം…. അങ്ങനെ ഒരു ജീവിതം എന്നിൽ നിന്നും കിട്ടില്ല എന്ന് നിനക്ക് തോന്നിയത് കൊണ്ടാണ് നീ ഇന്ന് മറ്റൊരാളുടെ ഭാര്യയായിമാറിയത്. എനിക്ക് അതിൽ സങ്കടം ഇല്ലെന്നൊന്നും കള്ളം പറയാൻ ഞാനില്ല. ചങ്ക് പൊട്ടി പോകുവാ…. അത്രക്ക്…. അത്രക്ക് ഞാൻ നിന്നെ സ്നേഹിച്ചിരുന്നു… നീ ഇല്ലാത്തൊരു ജീവിതം ഇപ്പോഴും എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല…. എന്ന് വെച്ച് നീ പേടിക്കണ്ട നന്ദേ…. ഞാൻ മരിക്കാനൊന്നും നിൽക്കത്തില്ല… നിന്നെ ഇനി തേടി വരികയും ഇല്ലാ… എന്നെ ഇട്ടേച്ചു പോയ നിന്നെക്കാളും കൂടുതൽ എന്നെ സ്നേഹിക്കുന്ന…. എനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു കുടുംബം ഉണ്ടെനിക്ക്….. അല്ലെങ്കിലും ഇനി എന്തിനാ ഞാനായിട്ട് മരിക്കണേ…. നീ തന്നെ എന്നെ കൊന്നില്ലേ…. സ്നേഹം കൊണ്ട്. ഇത്ര അധികം സ്നേഹിച്ചിട്ട് ആരെയും ഇങ്ങനെ….. ഇങ്ങനെ കൊല്ലരുത് നന്ദേ…. എന്തായാലും നമ്മൾ സ്വപ്നം കണ്ടതിനേക്കാളും നല്ലൊരു ജീവിതം നിനക്ക് കിട്ടട്ടെ… വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ് നന്ദ 🙂”
ആ മെസ്സേജിലെ ഓരോ വാക്കുകളും അവളുടെ ഹൃദയത്തിലേക്കാണ് തുളച്ചു കയറിയത്… അവളുടെ കണ്ണുകൾ ഇറുകിയടഞ്ഞു. വിനുവേട്ടന്റെ മാത്രം നന്ദയായിരുന്ന തന്നെ വിനുവേട്ടന്റെ ആരും അല്ലാതാക്കിയ ആ ദിവസം..
***************
“അച്ഛാ… എന്നെ ഒന്ന് മനസ്സിലാക്ക്. പ്ലീസ്… ഞാൻ വിനുവേട്ടന്റെ പെണ്ണാ. ഏട്ടനെ അല്ലാതെ മറ്റൊരാളെ എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല അച്ഛാ..”
” മോളെ നന്ദേ… നിന്നെയും നിന്റെ ചേച്ചിയെയും എന്ത് കഷ്ടപ്പെട്ടാ അച്ഛൻ ഇത്രയും വളർത്തി കൊണ്ടുവന്നതെന്ന് എന്റെ മോൾക്ക് നന്നായി അറിയാം. അമ്മ ഇല്ലെന്നുള്ള കുറവ് നിങ്ങളെ അച്ഛൻ അറിയിച്ചിട്ടുണ്ടോ…. പറ മോളേ… ”
“ഇല്ല അച്ഛാ… പക്ഷെ ഈ വിവാഹത്തിന് ഞാൻ ഒരുക്കമല്ല. എനിക്ക് വിനുവേട്ടനെ വേണം… വിനുവേട്ടൻ ഇല്ലാതെ എനിക്ക് പറ്റില്ലാ അച്ഛാ…. പ്ലീസ്…. എന്റെ അച്ഛനല്ലേ.. ഞങ്ങൾ ഒരുമിച്ച് ജീവിച്ചോട്ടെ…”
” മോളേ…നിനക്ക് വന്നതിൽ വെച്ച് ഏറ്റവും നല്ലൊരു ആലോചനയാ ഇത്. നിന്നെ എവിടെയോ വെച്ച് കണ്ട് ഇഷ്ട്ടപെട്ടു വന്ന് ചോദിച്ചതാ അവര്. ചെക്കൻ വലിയൊരു കമ്പനിയിലാ ജോലി ചെയ്യുന്നേ… മാസം അറുപതിനായിരം ശമ്പളം… സ്ത്രീധനമായി അവര് ഒന്നും ചോദിച്ചിട്ടില്ല, സ്വർണം കൊണ്ടിട്ട് കെട്ടികൊണ്ട് പൊയ്ക്കോളാമെന്നാ അവര് പറയുന്നേ.”
“അച്ഛന് ഞാൻ ഒരു ഭാരമായി തോന്നണ്ടോ…. പറ അച്ഛാ…. പണത്തിനു വേണ്ടി… എന്നെ…. എന്നെ എന്തിനാ ഇങ്ങനെ….”
“മോളേ…. അങ്ങനെ പറയരുത്.. ഒരു അച്ഛനും തന്റെ പെണ്മക്കൾ ഒരിക്കലും ഒരു ഭാരം അല്ല…. എന്നാൽ…. പെൺ മക്കൾ നല്ലൊരു കുടുംബത്തിൽ ചെന്ന് കേറുന്നത് വരെ അച്ഛന്മാരുടെ നെഞ്ചിൽ തീയാണ്… നിന്റെ ചേച്ചിക്കും ഒരു ചെക്കനെ കണ്ടെത്തിക്കോളാനാ അവര് പറയുന്നേ.. ആ വിവാഹവും മോളുടെ വിവാഹത്തിന്റെ ഒപ്പം തന്നെ സ്ത്രീധനം കൊടുത്ത് അവര് തന്നെ നടത്തിക്കോളാമെന്ന്. അത്ര നല്ലവരാ അവര്. അതിന്റെ ഒപ്പം തന്നെ നിന്റെ ചേച്ചിക്ക് ഒരു ജോലിയും നിന്നെ ആലോചിച്ചു വന്ന പയ്യൻ ശരിയാക്കി തരാമെന്ന് പറഞ്ഞു. മോള് ഒന്ന് സമ്മതിച്ചാൽ നമ്മുടെ കുടുംബം തന്നെ രക്ഷപെടും. എന്റെ രണ്ട് പെണ്മക്കൾക്കും നല്ല ജീവിതം കിട്ടണം അതാ അച്ഛന്റെ ആഗ്രഹം. മോള് ഒന്ന് സമ്മതിക്ക്.”
” അച്ഛൻ എന്തു പറഞ്ഞാലും എന്റെ മനസ്സ് മാറില്ല… ഞാൻ ഈ വിവാഹത്തിന് സമ്മതിക്കില്ല. ”
“മോള് ഒന്നോർക്കണം, നിനക്ക് ഇഷ്ട്ടപെട്ട ഒരുവന്റെ കൂടെ ജീവിക്കാൻ വേണ്ടി നിന്റെ ചേച്ചിയുടെ ജീവിതം കൂടെ ഇല്ലാതാക്കണോ മോളേ… ”
“അച്ഛാ….. എനിക്ക്…. എനിക്ക് വിനുവേട്ടനെ വേണം… ഏട്ടൻ ഇല്ലാതെ ഞാൻ ജീവിക്കില്ല.”
“ശരി മോളേ… ഞാൻ എന്തായാലും അവരോട് കല്യാണം ഉറപ്പിച്ചോളാൻ പറയുവാ. മോൾക്ക് സമ്മതം ആണേൽ നമ്മുടെ കുടുംബം രക്ഷപെടും. അതല്ല ഇന്നലെ കണ്ട ഒരുത്തനെയാ മോൾക്ക് വേണ്ടതെങ്കിൽ….. മോള് അവന്റെ ഒപ്പം പൊയ്ക്കോ…. എന്നാൽ അന്ന് ഞാൻ എന്റെ മൂത്ത മോൾക്ക്…. നിന്റെ ചേച്ചിക്ക് വിഷം കൊടുക്കും ഒപ്പം ഞാനും കഴിക്കും…. അതിനു മോള് അവസരം ഒരിക്കില്ലാന്ന് അച്ഛന് അറിയാം. ആലോചിക്ക് മോളേ… നിനക്ക് വേണ്ടി ഇത്രയും കാലം ജീവിച്ച ഈ അച്ഛനും ചേച്ചിയും വേണോ… അതോ….. ഇന്നലെ കണ്ട ഒരുത്തനെ വേണോന്ന്. അവൻ മതിയെങ്കിൽ പിന്നെ ഞങ്ങൾ ജീവനോടെ ഉണ്ടാകില്ല…”
അത് കേട്ട് അവൾ തളർന്നിരുന്നു പോയി. ചങ്ക് പൊട്ടി അവൾ ഉറക്കെ കരഞ്ഞു. ജന്മം തന്ന അച്ഛനും കൂടപ്പിറപ്പും ഒരു വശത്ത്. ജീവനുതുല്യം സ്നേഹിച്ച വിനുവേട്ടൻ മറുവശത്ത്. നിസ്സഹായയായി അവളും. അവൾ വിങ്ങി വിങ്ങി കരഞ്ഞു.
“മോളേ.. എനിക്ക് അറിയാം മറക്കാൻ പാടാണെന്ന്. പക്ഷെ മറന്നേ പറ്റൂ. ഞങ്ങൾക്ക് വേണ്ടി.. മോള് അവനോട് ഒന്നും പറയണ്ട. ഇനി അവനെ കാണുകേം വേണ്ട. അച്ഛൻ പറഞ്ഞു മനസിലാക്കി കൊള്ളാം. പിന്നെ മോൾക്ക് ഇനി മൊബൈൽ ഫോൺ തൽക്കാലത്തേക്ക് വേണ്ട. ഇത് അച്ഛന്റെ കയ്യിൽ ഇരുന്നോട്ടെ.”
അച്ഛൻ അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങുമ്പോൾ തടുക്കാനുള്ള ശക്തി പോലും അവൾക്കുണ്ടായിരുന്നില്ല. മരവിച്ച അവസ്ഥയിലായിരുന്നു. എങ്കിലും ഒന്ന് അവൾ തീരുമാനിച്ചിരുന്നു. വിനുവേട്ടൻ അല്ലാതെ മറ്റൊരാൾ തന്റെ ശരീരത്തിൽ തൊടില്ലെന്ന്. എന്ന് മറ്റൊരാൾ തന്റെ ഭർത്താവ് ആകുന്നുവോ അന്ന് താൻ ജീവനൊടുക്കുമെന്ന്. അത് വരെ അച്ഛനും കൂടപ്പിറപ്പിനും വേണ്ടി ജീവിക്കാം എന്ന് അവൾ മനസ്സിനെ പറഞ്ഞ് പാകപ്പെടുത്തി. പക്ഷെ വിനുവേട്ടനോട് ഈ ചെയ്യുന്നത് ഒരിക്കലും പൊറുക്കാൻ കഴിയാത്ത തെറ്റാണ്….
പിന്നീടുള്ള ദിവസങ്ങൾ അവൾ വീട്ടിലെ തന്റെ മുറിയിൽ തന്നെയായിരുന്നു. ഭക്ഷണവും വേണ്ട, വെള്ളവും വേണ്ട. ഒരു തരം മരവിച്ച അവസ്ഥ.
മകളുടെ ഇരിപ്പ് കണ്ട് അച്ഛന്റെ മനസ്സ് നൊന്തെങ്കിലും നല്ലൊരു ജീവിതം കിട്ടുമ്പോൾ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ച് ആ അച്ഛൻ മുന്നോട്ട് പോയി. അങ്ങനെ രണ്ട് മക്കളുടെയും വിവാഹം അച്ഛൻ പ്രതീക്ഷിച്ചതിലും ഗംഭീരമായി നടന്നു.
**************
“നന്ദേ… നിനക്ക് എന്താ പറ്റിയെ. വിനീത് എന്നെ വിളിച്ചിരുന്നു. നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞ്. എനിക്ക് നാട്ടിൽ വരാൻ പറ്റാത്ത അവസ്ഥയും ആയി പോയി. നിന്റെ അച്ഛൻ വിനീതിനെ കണ്ടിരുന്നത്രെ. നിനക്ക് വിനീതും ആയിട്ടുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താല്പര്യം ഇല്ലാന്ന്. ചേച്ചിക്ക് ഒരു ജീവിതം കിട്ടാൻ വേണ്ടി നീ വേറെ കല്യാണത്തിന് സമ്മതിച്ചു. ഇനി ശല്യം ചെയ്യരുതെന്ന് പറഞ്ഞുന്ന്. സത്യാണോ മോളേ… ഞാൻ ഒത്തിരി തവണ മോളെ വിളിച്ചു. കിട്ടിയില്ല. ഇന്ന് മോളുടെ കല്യാണം ആണെന്ന് അറിഞ്ഞു. അവൻ എല്ലാം നഷ്ടപ്പെട്ടതുപോലെയാ നടക്കുന്നേ. മോൾക്ക് എന്താ പറ്റിയെ. എന്തായാലും മോള് പേടിക്കണ്ട…. നിന്റെ ജീവിതത്തിൽ ഒരു തടസമായി അവൻ വരില്ല… സ്നേഹിക്കാൻ മാത്രെ അവന് അറിയൂ. ആരേം ദ്രോഹിക്കാൻ അറിയില്ല. നീ പൂർണ്ണ മനസ്സോടെയല്ല ഈ കല്യാണത്തിന് സമ്മതിച്ചത് എന്ന് ചേച്ചിക്ക് അറിയാം. എന്നാലും മോളേ…. അവസാന തീരുമാനം നിന്റേത് മാത്രം ആയിരുന്നില്ലേ. മോളേ നിന്റെ ജീവിതം എങ്ങനെ എന്ന് തീരുമാനിക്കേണ്ടത് നീ ആയിരുന്നു. പക്ഷെ അവിടെ നീ നിശബ്ദ ആയി നിന്നു. നിങ്ങളുടെ ബന്ധം ഒരു തമാശ ആയിരുന്നു എന്ന് ചേച്ചിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഞങ്ങൾ ആരും മോളെ വേറൊരാളായി കണ്ടിട്ടില്ല ഇതുവരെ. മോള് എനിക്ക് എന്റെ അനിയന്റെ പെണ്ണ് മാത്രം ആയിരുന്നില്ല. എന്റെ അനിയത്തി തന്നെ ആയിരുന്നില്ലേടാ. എന്നെ ഒന്ന് വിളിച്ചുടാർന്നോ.. എന്താണേലും നമുക്ക് സംസാരിച്ചു തീരുമാനിക്കാമായിരുന്നില്ലേ..” വിനീത ചേച്ചിയുടെ മെസ്സേജ്
വിനുവേട്ടൻ തന്നെ പരിചയപ്പെടുത്തിയ നാൾ മുതൽ ഒരു കൂടപ്പിറപ്പിനെ പോലെ കൂടെ നിന്നിരുന്നു വിനീതേച്ചി… എല്ലാവരെയും താൻ വഞ്ചിച്ചു… ആ മെസ്സേജിനു ഒരു മറുപടി കൊടുക്കാൻ അവൾക്ക് കഴിഞ്ഞില്ല.
വേണ്ട… എല്ലാവർക്കും ഉള്ള മറുപടി തന്റെ മരണമാണ്…… അവൾ മേശമേൽ ഇരുന്ന കത്തിയിലേക്ക് നോക്കി. അവളുടെ കൈ കത്തിയുടെ നേർക്ക് നീണ്ടു. പെട്ടന്നായിരുന്നു വാതിൽ തുറന്നത്. ഞെട്ടിപ്പോയ അവൾ കത്തിയെടുത്തു പുറകിൽ ഒളിപ്പിച്ചു.
വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ട് മനസ്സൊന്നു വിങ്ങി. ഒരായിരം സ്വപ്നങ്ങളും പ്രതീക്ഷകളുമായി തന്നെ ജീവിതത്തിലേക്ക് കൂട്ടിയ ആൾ. അദ്ദേഹത്തിന്റെ ജീവിതം നശിപ്പിച്ചതിനു പകരമായി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ… കുറ്റബോധത്തോടെ അവളുടെ ശിരസ്സ് കുനിഞ്ഞു. കണ്ണുകൾ നിറഞ്ഞൊഴുകി.
” നന്ദ എന്തിനാ കരയുന്നെ.. അച്ഛനേം ചേച്ചിനേം പിരിഞ്ഞതിന്റെ വിഷമം ആണോ. സാരില്ലെടോ… കുറച്ചു ദിവസം കൊണ്ട് എല്ലാം ശരിയാകുന്നെ. പിന്നെ ഞാൻ തന്നെ ഉപദ്രവിക്കും എന്നുള്ള പേടിയും വേണ്ട കേട്ടോ… ഞാൻ തന്നെ ഒന്നും ചെയ്യില്ല… ”
“അത്…. എനിക്ക്….. എനിക്കൊരു കാര്യം പറയാൻ ഉണ്ട്…”
“താൻ എന്താണ് പറയാൻ വരുന്നത് എന്നെനിക്ക് അറിയാടോ. കല്യാണത്തിന് മുന്നേ തനിക്കൊരു റിലേഷൻ ഉണ്ടായിരുന്നു എന്നല്ലേ… എല്ലാം അച്ഛൻ പറഞ്ഞിട്ടുണ്ട്. താൻ ഒന്നും പറയണ്ട കേട്ടോ…. എനിക്ക് മറ്റൊരു കാര്യം തന്നോട് സീരിയസ് ആയിട്ട് പറയാൻ ഉണ്ട്. നമ്മുടെ കല്യാണം കഴിഞ്ഞുള്ള ജീവിതം താൻ സ്വപ്നം കാണാൻ നിൽക്കണ്ട. തനിക്ക് തന്റെ ഇഷ്ട്ടം പോലെ ജീവിക്കാം… അതിനുള്ള പൈസയും തനിക്ക് മാസം അക്കൗണ്ടിൽ കിട്ടും. എന്റെ ജീവിതത്തിൽ താൻ ഒരിക്കലും ഇടപെടാൻ വരരുത്. ഞാൻ തന്നെ ഒന്ന് തൊടുക പോലും ചെയ്യില്ല. കാരണം എന്റെ സ്വപ്നത്തിൽ ഉള്ളൊരു പെണ്ണല്ല താൻ. എനിക്ക് കുറച്ചു മോഡേൺ ആയ, എന്റെ കൂടെ അടിച്ചു പൊളിക്കാനും എൻജോയ് ചെയ്യാനും താല്പര്യം ഉള്ളൊരു പെണ്ണിനെയാണ് താല്പര്യം. അതിന് പറ്റിയ ഗേൾ ഫ്രണ്ട്‌സ് എനിക്ക് ഉണ്ട്. താൻ ഇപ്പോഴും ജാമ്പവാന്റെ കാലത്തുള്ള ഏതോ പുരാവസ്തു പോലെ.. എന്ത് കോലം ആടോ തന്റെ…” അവളെ അടിമുടി നോക്കി കൊണ്ട് പുച്ഛത്തോടെ അയാൾ പറഞ്ഞു.
“നിങ്ങൾ… നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്. പിന്നെ… പിന്നെ എന്തിനാ നിങ്ങൾ എന്റെ ജീവിതം ഇല്ലാതാക്കിയത്.. എന്തിനാ ഇത്ര വാശിയോടെ എന്നെ കെട്ടിയത്… എന്തിനായിരുന്നു…. എന്തിന് വേണ്ടിയായിരുന്നു ഇതെല്ലാം.” കുറ്റബോധത്തോടെ തല കുനിച്ചു നിന്നിരുന്ന അവൾ ആവേശത്തോടും ദേഷ്യത്തോടും കൂടെ അയാളോട് ചോദിച്ചു.
“നിന്നെ ഞാൻ സ്വന്തമാക്കിയത് എനിക്ക് വേണ്ടിയാണെന്നാണോ….. ഹ.. ഹാ…. ഒരിക്കലും അല്ല മോളെ.. ഞാൻ അല്ല നിന്നെ കണ്ട് ഇഷ്ടപെട്ടത്. എന്റെ സർ ആണ്….”
“വാട്ട്? ”
“യെസ് നന്ദ. ഹി ഈസ് ക്രയ്സി എബൌട്ട് യൂ… അല്ലെങ്കിൽ നിനക്ക് വേണ്ടി ഇത്ര പണം ആരെങ്കിലും ചിലവാക്കുമോ… നിന്നെ കണ്ടപ്പോൾ മുതൽ നിന്നെക്കുറിച്ച് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സംസാരം. പക്ഷെ അദ്ദേഹത്തിന് 45 വയസുണ്ട്. മാത്രമല്ല ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. അതുകൊണ്ടാണ് ഞാൻ തന്റെ അടുത്തേക്ക് വന്നത് ആലോചനയും ആയിട്ട്. സർ പറഞ്ഞിട്ട്. താൻ കാരണം എനിക്ക് എന്തൊക്കെ ബെനഫിറ്റ് ഉണ്ടായെന്നോ… സാലറി ഇൻക്രിമെന്റ്, പുതിയ വീട്… അങ്ങനെ എന്തൊക്കെ… താങ്ക് യു സോ മച്ച് ഡിയർ. അദ്ദേഹത്തിന്റെ ഒപ്പം നിന്നാൽ നമുക്ക് ഒരുമിച്ച് രക്ഷപെടാം.. വേറെ ആരും ഒന്നും അറിയില്ല… താൻ ഒന്ന് കണ്ണടച്ചാൽ മതി. അദ്ദേഹം വീട്ടിൽ നിന്നും പോന്നിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ ഇവിടെ എത്തും. ഇന്ന് നിങ്ങളുടെ ദിവസമാണ്…. ഈ വീട് സർ നമുക്ക് ഗിഫ്റ്റ് തന്നതാ അതുകൊണ്ട് ആരും ഇവിടില്ല… എല്ലാവരും പോയി. അമ്മയും അച്ഛനും എല്ലാം. അതുകൊണ്ട് താൻ പേടിക്കണ്ട. ആരും ഒന്നും അറിയില്ല. താൻ ഒരുങ്ങിയിരിക്ക്… ഞാൻ പുറത്തുണ്ടാകും… ”
അത്രയും പറഞ്ഞിട്ട് അയാൾ റൂമിനു പുറത്തേക്കു നടന്നു. പെട്ടന്ന് തിരിഞ്ഞ് രൂക്ഷമായി അവളെ നോക്കി
“പിന്നെ മോളെ തനിക്ക് ഇവിടുന്ന് രക്ഷപെടാൻ കഴിയും എന്ന് സ്വപ്നത്തിൽ പോലും വിചാരിക്കണ്ട. താൻ ഇപ്പോൾ എന്റെ ഭാര്യയാണ്. ഞാൻ പറഞ്ഞത് കേട്ട് അനുസരിച്ചു ജീവിക്കേണ്ടവൾ. പിന്നെ എന്റെ അടുത്തു നിന്നും ഒരു ഓഫർ ഉണ്ട്. ബോസ്സിന്റെ കാര്യത്തിൽ ഒഴികെ മറ്റൊന്നിലും എന്നെ അനുസരിക്കേണ്ട. ബികോസ്… യു ആർ ജസ്റ്റ് മൈ വൈഫ്, നോട്ട് മൈ ലവ്.. യു ഗോട്ട് ഇറ്റ്.. നന്നായി ആലോചിക്ക്.. എന്നിട്ട് എതിർപ്പൊന്നും കൂടാതെ സാറിനെ സൽക്കരിക്ക്.. ടേക്ക് കെയർ മൈ ഡിയർ പൊണ്ടാട്ടി….” പൈശാച്ഛികമായ ചിരിയോടെ അയാൾ പുറത്തേക്ക് നടന്നു.
എല്ലാം കേട്ട് മനസ്സ് കല്ലായി പോയ അവസ്ഥ. വിനുവേട്ടന്റെ കണ്ണീരിന്റെ ശാപമാണിത്. വിനുവേട്ടനെ ചതിച്ചതിന് ഇതിലും വലിയ ശിക്ഷ തനിക്ക് കിട്ടാനില്ല. ഇനി സന്തോഷത്തോടെ മരിക്കാം. മറ്റൊരാളുടെ ജീവിതം കൂടെ ഇല്ലാതാക്കി എന്ന കുറ്റബോധം ഇനി വേണ്ട. തന്നെ ഇവർ പച്ചക്ക് വഞ്ചിക്കുകയായിരുന്നു….
അവൾ കത്തിയെടുത്ത് ഇടതു കൈയുടെ ഞരമ്പിലേക്ക് താഴ്ത്തി. കണ്ണുകൾ ഇറുക്കി അടച്ചു. പെട്ടന്ന് കണ്ണുകൾ തുറന്നു.. തന്റെ കഴുത്തിൽ താലികെട്ടിയ ആ പകൽ മാന്യന്റെ ഓരോ വാക്കുകളും അവളുടെ കാതുകളിൽ മുഴങ്ങി. എന്തുകൊണ്ട് മരിക്കുന്നതിന് മുന്നേ ഈ ദുഷ്ട്ട ജന്തുക്കൾക്ക് അവരുടെ ചതിക്കുള്ള ശിക്ഷ കൊടുത്തുകൂടാ… ഒരു പെണ്ണിനെ ചതിച്ചാൽ ഒന്നും സംഭവിക്കില്ല എന്നുള്ള അവരുടെ തെറ്റിധാരണ മാറ്റികൊടുക്കണ്ടേ. തന്നോട് ഇങ്ങനെ പെരുമാറിയ ഇവർ തന്റെ ചേച്ചിയോട് എങ്ങനെ പെരുമാറും. അവരുടെ ഓഫീസിൽ ജോലിക്ക് പോയി തുടങ്ങിയാൽ ചേച്ചിയുടെ ലൈഫ്. ഇല്ലാ…. എന്റെ മരണം കൊണ്ട് ഇപ്പോൾ ഒരു പ്രയോജനവും ഇല്ലാ… ഞാൻ ജീവിച്ചിരിക്കണം.. ഈ സത്യം ലോകം അറിയണം.
അവൾ പെട്ടെന്ന് തന്നെ പോലീസിനെ വിവരം അറിയിച്ചു. പക്ഷെ അതുകൊണ്ട് മാത്രം കാര്യം ഇല്ലാ. കുറ്റവാളികൾ ഉയരങ്ങളിൽ ഉള്ളവർ ആയതുകൊണ്ട് പോലീസ് മാത്രം അറിഞ്ഞാൽ പോരാ ലോകം മുഴുവൻ അറിയണം. അവൾ ഫേസ് ബുക്കിൽ ലൈവ് പോയി. പിന്നെ എല്ലാം പെട്ടന്നായിരുന്നു. നവ വധുവിനു സംഭവിച്ച ചതി ലോകം ഏറ്റെടുത്തു. കൂടെ നിന്നും കുറ്റം പറഞ്ഞും ഒരുപാട് പേർ… എന്തായാലും അവസാനം അവർക്ക് ശിക്ഷ കിട്ടി. ചേച്ചിക്ക് കിട്ടിയ ജീവിതം ഏറ്റവും നല്ലത് തന്നെ ആയിരുന്നു. നല്ലൊരു മനുഷ്യന്റെ ഭാര്യ ആകാൻ അവൾക്ക് കഴിഞ്ഞു.
എന്നാൽ താൻ കാരണം നന്ദയുടെ ജീവിതം ഇല്ലാതായതിൽ അച്ഛന്റെ ഹൃദയം വിങ്ങിക്കൊണ്ടിരുന്നു. അവസാനം നന്ദയുടെ വിനുവേട്ടന്റെ അടുത്ത് പോയി ആ അച്ഛൻ ചെയ്തതിനെല്ലാം മാപ്പ് ചോദിച്ചു. എല്ലാത്തിനും കാരണം താൻ ആണെന്ന സത്യം ആണയിട്ട് പറഞ്ഞു. തന്റെ മകളെ ഒന്ന് വന്നു കാണാൻ അപേക്ഷിച്ചു.
***************
“നന്ദ…..”
“വിനുവേട്ടൻ….. വിനുവേട്ടൻ എന്താ ഇവിടെ..”
“നന്ദയുടെ അച്ഛൻ എന്നെ വന്നു കണ്ടിരുന്നു. സംഭവിച്ചത് എല്ലാം പറഞ്ഞു. എല്ലാത്തിനും കാരണം അച്ഛൻ ആണെന്ന് പറഞ്ഞ് ഒത്തിരി കരഞ്ഞു. തന്നെ ഒന്നു വന്ന് കാണാനും പറഞ്ഞു. ”
“മ്മ്… വിനുവേട്ടനോട് ഞാൻ ചെയ്തത് തെറ്റ് തന്നെയാ… ആര് പറഞ്ഞിട്ടാണെങ്കിലും… അതിനെ ന്യായികരിക്കാൻ കഴിയുന്നില്ല. ചെയ്തതിനു മാപ്പ് പറയുക അല്ലാതെ…. വേറൊന്നും….. വേറൊന്നും എനിക്ക് പറ്റില്ലല്ലോ….”
“നന്ദ…. എല്ലാം മറന്ന് നമുക്ക് ഇനി ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റുമോ….?”
“ഇല്ല വിനുവേട്ടാ…. ഞാൻ മറ്റൊരാളുടെ ഭാര്യ ആയിരുന്നു. ആ എനിക്ക് എങ്ങനെയാ വിനുവേട്ടന്റെ പഴയ നന്ദ ആകാൻ കഴിയുന്നെ… അതിന് ഇനി കഴിയുമോ… ഇല്ല… വിനുവേട്ടന് നല്ലൊരാളെ കിട്ടും. ഞാൻ ഇങ്ങനൊക്കെ അങ്ങ് മുന്നോട്ട് പൊയ്ക്കോളാം..”
“ശരി നന്ദ… ഞാൻ ഇറങ്ങട്ടെ…” തിരിഞ്ഞു നോക്കാതെ അവൻ പുറത്തേക്കിറങ്ങി.
“മോനേ… നന്ദ പറഞ്ഞത് എല്ലാം ഞാൻ കേട്ടു….. എല്ലാത്തിനും കാരണം ഈ അച്ഛനാ… നിങ്ങൾക്ക് കിട്ടേണ്ട നല്ലൊരു ജീവിതം ഇല്ലാതാക്കിയത് ഞാനാ..” വിങ്ങി പൊട്ടുകയാണ് ആ അച്ഛൻ.
“ഇനി കരഞ്ഞിട്ട് എന്താ പ്രയോചനം. ഇങ്ങനെ സംഭവിക്കണം എന്നായിരുന്നു വിധി. എന്തായാലും ഞാൻ നന്ദയെ സ്നേഹിച്ചത് ആത്‍മാർത്ഥം ആയിട്ടാണ്. അവൾക്ക് പകരമായി പെട്ടന്ന് മറ്റൊരാളെ കാണാൻ എനിക്ക് കഴിയില്ല. അച്ഛൻ കരയണ്ട… ദൈവം എന്താണോ നിശ്ചയിച്ചിരിക്കുന്നത് അതുപോലെ നടക്കട്ടെ… ഞാൻ ഇറങ്ങുവാ.”
അവൻ പുറത്തേക്കിറങ്ങുമ്പോൾ ആകാശം കാർമേഘത്താൽ മൂടപ്പെട്ടിരുന്നു. എന്തൊക്കെയോ ആഗ്രഹങ്ങളും ആശകളും ആ മേഘങ്ങൾക്ക് പുറകിൽ ആരോ ചങ്ങലകളാൽ ബന്ധിച്ചിരിക്കുന്നു. കാർമേഘം പെയ്തൊഴിയുന്ന നാളിൽ അവ കിളികളെ പോലെ പറന്നുയരുമായിരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം..
രചന :ആതിര ദാസ് ✍️