Categories
Uncategorized

ഇനി ഒരാളും നിങ്ങളുടെ സ്വപ്‌നങ്ങള്‍ പൂക്കുന്ന വീട്ടിലേയ്ക്ക് നിങ്ങളെ തേടി വരില്ല. വരുന്നുണ്ടെങ്കില്‍ അത് ഞാനായിരിക്കും..

രചന :Ajeesh Kavungal

വഴിയില്‍ കാറിന്‍റെ ഡോര്‍ തുറന്നിട്ട്‌ സ്റ്റിയറിംഗില്‍ തലചായ്ച്ച് കിടക്കുകയായിരുന്നു അപ്പു. അവന്‍റെ മനസ്സില്‍ ഭയത്തിന്‍റെ കടലിരമ്പുന്നുണ്ടായിരുന്നു. ഏതുനിമിഷവും എന്തും സംഭവിക്കാം. അമ്പിളി പിടിക്കപ്പെട്ടാല്‍ എല്ലാം തീര്‍ന്നു. ഒരു കുഴപ്പവും കൂടാതെ അവള്‍ തന്‍റെ അരികിലെത്തണമെന്ന് അവന്‍ സകലദൈവങ്ങളെയും വിളിച്ച് മനസ്സുരുകി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

അവന്‍ വാച്ചില്‍ നോക്കി. സമയം 8.10. എട്ടുമണിയ്ക്ക് വരാമെന്ന് പറഞ്ഞ് ഇപ്പോള്‍ പത്തുമിനിറ്റ് വൈകിയിരിക്കുന്നു. അവന്‍ എഴുന്നേറ്റ് കണ്ണടച്ച്‌ സീറ്റിലേയ്ക്ക് ചാരിക്കിടന്നു. ഏകദേശം അഞ്ചുമിനിറ്റ് കഴിഞ്ഞതും ‘അപ്പേട്ടാ” ന്ന് ഒരു വിളി അവന്‍റെ കാതില്‍ വീണു. അവന്‍ കണ്ണുതുറന്ന് നോക്കി. മൂന്ന് വയസ്സുകാരി ചിന്നുവിനേയും തോളിലിട്ട്‌ മുന്നില്‍ അമ്പിളി. അവളുടെ അപ്പോഴത്തെ കോലം കണ്ടപ്പോള്‍ ശരിക്കും കരച്ചിലാണ് വന്നത്. പാറിപ്പറക്കുന്ന മുടിയും വലിച്ചുവാരി ചുറ്റിയ സാരിയും.. തളര്‍ന്ന് ഉള്ളിലേയ്ക്ക് വലിഞ്ഞ കണ്ണുകള്‍. മുഖത്തെ ശ്രീത്വത്തിന് മാത്രം ഒരു കുറവും വന്നിട്ടില്ല.

പെട്ടെന്ന് എന്തോ ഓര്‍ത്തതുപോലെ അവന്‍ പറഞ്ഞു. “വാ കേറ്.. അധികം സമയമില്ല. 10.30 ന് ഷൌര്‍ണ്ണൂര്‍ എത്തണം. ട്രെയിന്‍ മിസ്സായാല്‍ പിന്നെ നമ്മള്‍ വിചാരിച്ചപോലെ ഒന്നും നടക്കില്ല. നിന്നെ കാണാതായിന്നറിഞ്ഞാ പിന്നെ രാജീവ് എന്താ ചെയ്യാന്നറിയില്ല. ഈ നഗരം മുഴുവന്‍ അവന്‍റെ ആള്‍ക്കാരുണ്ട്.”

അവള്‍ അകത്തുകയറി ഇരുന്നതും അപ്പു വണ്ടി മുന്നോട്ടെടുത്തു. ചെറിയ ചാറ്റല്‍മഴയില്‍ നനഞ്ഞ് അവരുടെ കാര്‍ മുന്നോട്ടു നീങ്ങി. അകത്തെ ഇരുട്ട് കാരണം അവര്‍ക്ക് പരസ്പരം കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. എതിരെ വരുന്ന വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കിട്ടുന്ന പ്രകാശത്തില്‍ അപ്പു അമ്പിളിയെ നോക്കും. അവളുടെ കണ്ണില്‍നിന്ന്‍ കണ്ണീരൊഴുകുന്നുണ്ടായിരുന്നു. കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം അപ്പു ചോദിച്ചു. “അമ്പിളി നിനക്ക് വിഷമം ഉണ്ടോ… ചെയ്തത് തെറ്റാണെന്ന് തോന്നുന്നുണ്ടോ.. ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മുടെ മുന്നില്‍ വേറെ വഴി ഇല്ല. നീ ആത്മഹത്യ ചെയ്ത്, ഞാന്‍ അതോര്‍ത്ത് ജീവിതകാലം മുഴുവന്‍ നരകിക്കുന്നതിലും ഭേദം ഇതല്ലേ… നീ തളര്‍ന്നാല്‍ പിന്നെ ഞാന്‍ ഈ കാണിക്കുന്നതൊക്കെ വെറുതെയാവും.”

“വിഷമം അല്ല അപ്പേട്ടാ.. പേടിയാണെനിക്ക്‌. നാളെ ഈ ലോകം അമ്പിളിയെപ്പറ്റി പറയാന്‍ പോവുന്നത് എന്താന്നറിയാലോ.. എല്ലാം തികഞ്ഞ ഒരു ഭര്‍ത്താവുണ്ടായിട്ടും ജീവിതസൗകര്യങ്ങളുണ്ടായിട്ടും അതെല്ലാം ഉപേക്ഷിച്ച് പൂര്‍വകാമുകന്‍റെ കൂടെ ഒളിച്ചോടിപ്പോയ ഒരു നാലാംകിട പെണ്ണ്. സ്വന്തക്കാരുടെയും നാട്ടുകാരുടെയും നാവിന് ഇനി വിശ്രമമുണ്ടാവില്ല. രാജീവ് എന്ന മാന്യനായ പുരുഷനെ ഉപേക്ഷിച്ചുപോയ എന്നെകുറച്ച് അവരൊക്കെ പിന്നെ എന്തുപറയാന്‍..? എവിടെ പോയാലും അയാള്‍ പുറകെ വരും അപ്പേട്ടാ..” അമ്പിളി വിതുമ്പിക്കരഞ്ഞുകൊണ്ടിരുന്നു.

“ആര് എന്തുവേണമെങ്കിലും പറഞ്ഞോട്ടെ അമ്പിളി. സത്യം എന്താന്ന് എനിക്കും നിനക്കും അറിയാലോ.. പിന്നെ ശ്രീ.. അവനുണ്ടല്ലോ നമ്മുടെ കൂടെ… നടന്നത് എന്താന്ന് അറിയണ്ടവരെ ഒക്കെ അവന്‍ അറിയിച്ചോളും… ആരായിരുന്നു അമ്പിളി നമ്മുക്ക് അവന്‍? നമ്മുടെ ശ്രീ. ഒന്നു നോക്കിയാല്‍ ആരുമല്ലാ.. പക്ഷേ എല്ലാമാണ്.. അവന്‍റെ ചേച്ചി മരിച്ച ദിവസം കണ്ടതാ ഞാനവനെ. അവന് പതിനാല് വയസ്സുള്ളപ്പോള്‍. അതുകഴിഞ്ഞ് പത്തുവര്‍ഷത്തിനു ശേഷം ഗുജറാത്തിലെ എന്‍റെ താമസസ്ഥലം കണ്ടുപിടിച്ച് അവന്‍ വന്നപ്പോള്‍ മാത്രമാണ് നിന്‍റെ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞത്. കേട്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെ ഒക്കെ ചെയ്യാന്‍ പറഞ്ഞതും അവനാണ്. ഇരുപത്തിനാല് വയസ്സേയുള്ളൂ. എങ്കിലും അവന്‍റെ വാക്കുകള്‍ക്ക് ഒരു അമ്പത് വയസ്സുകാരന്‍റെ പക്വത ഉണ്ട്.” അപ്പു പറഞ്ഞുകഴിഞ്ഞ് കുറച്ച് സമയത്തിന് ശേഷം അമ്പിളി പറഞ്ഞു.

“ശരിയാണ് അപ്പേട്ടാ.. അവന് കാര്യങ്ങള്‍ മുഖത്ത് നോക്കി അറിയാനുള്ള കഴിവുണ്ട്. ഒരുപാട് കാലത്തിന് ശേഷം അവന്‍ നാട്ടില്‍ തിരിച്ചു വന്നു എന്നറിഞ്ഞപ്പോള്‍ കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍ അമ്മയെ കാണാന്‍ നാട്ടില്‍പോയപ്പോള്‍ റോഡില്‍ വെച്ച് അവനെ കണ്ടു. തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പക്ഷേ അമ്പിളിചേച്ചീ എന്ന ഒറ്റവിളി മതിയായിരുന്നു അവനെ എനിക്ക് തിരിച്ചറിയാന്‍. അന്ന് അധികമൊന്നും അവന്‍ സംസാരിച്ചില്ല. പറഞ്ഞത് ഇത്രമാത്രം..“സുഖമാണോ എന്നു ഞാന്‍ ചോദിക്കുന്നില്ല. കാരണം അവസ്ഥ എന്താണെന്ന് ചേച്ചിയുടെ മുഖത്തുണ്ട്‌. എന്‍റെ ചേച്ചി മരിച്ച അന്നുതൊട്ട് അവരുടെ സ്ഥാനത്ത് ഞാന്‍ കണ്ടത് അമ്പിളിചേച്ചിയെയാണ്. ചേച്ചി എന്നെ തിരിച്ചും ഒരു അനിയനായി കാണുന്നുണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിക്കണം.” ഒരു കടലാസുതുണ്ട് നീട്ടി അവന്‍ നടന്നകന്നു. അവനെ ഞാന്‍ ഫോണ്‍ വിളിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ജീവനോടെ ഉണ്ടാവില്ലായിരുന്നു അപ്പേട്ടാ…”

അപ്പുവിന്‍റെയും കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. “എന്‍റെ ഭാഗത്തും തെറ്റുണ്ട് അമ്പിളി. എന്‍റെ അവസ്ഥ നോക്കാതെ അന്ന് ഞാന്‍ നിന്നെ കൂടെ കൂട്ടണമായിരുന്നു. ഒരുപാട് വര്‍ഷം പ്രണയിച്ചവരാണ് നമ്മള്‍. പക്ഷേ ഒരു ദിവസം നിന്‍റെ അച്ഛനുമമ്മയും എന്‍റെ മുന്നില്‍ വന്ന് കരഞ്ഞ് തൊഴുതു നില്‍ക്കുമ്പോള്‍ ഞാന്‍ എന്താ അവരോടു പറയാ..” അമ്പിളിമോള്‍ക്ക്‌ ഒരു വലിയ വീട്ടീന്ന് ആലോചന വന്നിട്ടുണ്ട് അപ്പുവേ.. പൊന്നായിട്ടും പണമായിട്ടും ഒന്നും വേണ്ടാന്നാ അവര് പറയുന്നത്. കുട്ടീനെ മാത്രം മതീന്ന്. നീ ഒന്നു മനസ്സുവെച്ചാ അമ്പിളി മാത്രമല്ല ഞങ്ങള്‍ കുടുംബത്തോടെ രക്ഷപ്പെടുംന്ന് പറഞ്ഞ് നിന്റമ്മ എന്‍റെ കാലില്‍ വീഴുകയായിരുന്നു. അന്ന് പറയാന്‍ പോലും ഒരു ജോലിയില്ലാത്ത ഞാന്‍ എന്താണാവരോട് തിരിച്ചു പറയാ.. അതുകൊണ്ട് മാത്രമാണ് നിന്നെ ഞാന്‍ വിട്ടുപോയത്. കുറച്ചുകാലം വിഷമിച്ചാലും ജീവിതാവസാനം വരെ നീ സന്തോഷമായിരിക്കുംന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ…” അപ്പു ഒന്നു നിര്‍ത്തി പറഞ്ഞു. “ആറുവര്‍ഷം നീ സഹിച്ചില്ലേ എല്ലാം.. ഇനി അതുവേണ്ട.. നമ്മള്‍ മുന്‍പ്‌ കളിയായി പറയുമായിരുന്ന സ്വപ്‌നങ്ങള്‍ പൂക്കുന്ന ആ വീടില്ലേ.. അത് ഇനി ഉണ്ടാക്കിയെടുക്കാം. അപ്പു അമ്പിളിയുടെ തോളില്‍ ചെറുതായി ഒന്നമര്‍ത്തികൊണ്ട് പറഞ്ഞു.

തോളില്‍ അമര്‍ത്തിയതും ‘ആഹ്..’ എന്ന് വേദനകൊണ്ട് പുളയുന്നതുപോലുളള ശബ്ദം അമ്പിളിയില്‍ നിന്നുണ്ടായി.

“എന്താ അമ്പിളി..” അപ്പു ഞെട്ടലോടെ ചോദിച്ചു. “ഒന്നൂല്ല അപ്പേട്ടാ.. അപ്പേട്ടന്‍ വണ്ടി ഓടിക്കൂ…” എന്ന് അവള്‍ മറുപടി പറഞ്ഞെങ്കിലും അപ്പു കാര്‍ റോഡിന്‍റെ സൈഡ് ചേര്‍ത്തു നിര്‍ത്തി. ഉള്ളിലെ ലൈറ്റ് ഇട്ടു.

തലകുനിച്ച് ഇരിക്കുകയായിരുന്ന അമ്പിളിയുടെ മുഖം അവന്‍ കൈകൊണ്ട് പിടിച്ചുയര്‍ത്തി, സൂക്ഷിച്ചുനോക്കി. രണ്ടുകവിളിലും മാഞ്ഞു തുടങ്ങിയിരിക്കുന്ന കൈവിരല്‍ പാടുകള്‍.. വിറയ്ക്കുന്ന കൈകള്‍കൊണ്ട് അവന്‍ അമ്പിളിയുടെ മാറത്തുനിന്നും സാരി നീക്കി. അപ്പേട്ടാ ന്ന് വിളിച്ച് അവള്‍ പൊട്ടിക്കരഞ്ഞപ്പോള്‍ കണ്ടു തോളിലും അതിനുതാഴെ വലത്തേ മാറിന് മുകളിലായി രണ്ട് കരിഞ്ഞ പാടുകള്‍. കത്തുന്ന കണ്ണുകളോടെ അപ്പു ചോദിച്ചു.

“എന്താണിത്..?”

“സിഗരറ്റ്… ഇവിടെ മാത്രമല്ല.. വേറെയും ഉണ്ട്” അവള്‍ സ്വരം താഴ്ത്തി മറുപടി പറഞ്ഞു. അപ്പു എങ്ങിക്കരഞ്ഞുകൊണ്ട് അവളെ മാറോട് ചേര്‍ത്തു. കുറച്ചുനേരം മിണ്ടാതിരുന്ന ശേഷം അപ്പു പറഞ്ഞു. “അമ്പിളി നമ്മുക്ക് തിരിച്ചു പോകാം..” ഒരു ഞെട്ടലോടെ അവള്‍ തിരിച്ചു ചോദിച്ചു. “എന്തിന്…?” പല്ലുകടിച്ചുപിടിച്ചുകൊണ്ട് അവന്‍ പറഞ്ഞു. “കൊല്ലണം എനിക്കവനെ.. അവന്‍ ഇനി ജീവിച്ചിരിക്കാന്‍ പാടില്ല..”

“വേണ്ട അപ്പേട്ടാ… ഒരു ഉറുമ്പിനെപ്പോലും കൊല്ലാന്‍ അപ്പേട്ടനാവില്ല. ഇനി തിരിച്ചുപോയാല്‍ നമ്മള്‍ രണ്ടാള്‍ടേം അവസാനമാണ്.. പക്ഷേ, എന്‍റെ കുഞ്ഞ്…” അവള്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ അവളുടെ മടിയില്‍ കിടന്നുറങ്ങുന്ന ചിന്നുമോളെ അവന്‍ അലിവോടെ ഒന്നുനോക്കി. “വയറ്റില്‍ കിടക്കുമ്പോള്‍ തന്നെ ഒരുപാട് ഇടിയും തൊഴിയും കൊണ്ടതാ എന്‍റെ മോള്.. അവള് ഇനിയും അനുഭവിക്കണോ അപ്പേട്ടാ.. അപ്പേട്ടന്‍ പറഞ്ഞപോലെ ആ വീട്ടില്‍ ഒരു ദിവസമെങ്കിലും നമ്മുക്ക് ജീവിക്കണം. അമ്പിളിയ്ക്ക് ആശ അത് ഒന്ന് മാത്രമേയുള്ളൂ ഇപ്പൊ..” അവള്‍ യാചനയോടെ അപ്പുവിനെ നോക്കി.

അപ്പു വണ്ടി മുന്നോട്ടെടുത്തു. “അറിയില്ല അപ്പേട്ടാ എനിക്ക് ഇപ്പോഴും, ഇഷ്ടമില്ലാതെ അയാള് എന്തിന് എന്നെ കല്യാണം കഴിച്ചൂന്ന്.. അപ്പേട്ടന്‍ പറഞ്ഞപോലെ ഞാന്‍ സഹിച്ചത് മുഴുവന്‍ എന്‍റെ വീട്ടുകാര്‍ക്ക് വേണ്ടിയായിരുന്നു.എന്നെ അങ്ങോട്ട്‌ വിടില്ല. കാണാന്‍ തോന്നുമ്പോള്‍ അവര്‍ ഇങ്ങോട്ടുവരും. അവരുടെ മുന്നില്‍ വെച്ച് ആ വീട്ടിലെ എല്ലാവരും എന്നോട് സ്നേഹമായിട്ട് പെരുമാറും. അച്ഛനുമമ്മയ്ക്കും ഒരു സംശയവും വരാത്തരീതിയില്‍ കാശ് എന്ന സാധനം കൊണ്ട് അയാള്‍ അവരുടെ കണ്ണ് മൂടികെട്ടിയിരുന്നു. അയാള്‍ക്ക് ഭാര്യ എന്ന സാധനം ഈ ജീവിതത്തില്‍ ആവശ്യമില്ലെന്ന് ആദ്യത്തെ ദിവസം തന്നെ എനിക്ക് മനസ്സിലായതാണ്. പക്ഷേ, ആ വീട്ടില്‍ ഒരു പെണ്ണ് വേണമായിരുന്നു. അയാള്‍ക്കും അയാളുടെ വീട്ടുകാര്‍ക്കും വിടുവേല ചെയ്യാന്‍.. ശരിക്കും പറഞ്ഞാ ഒരു ജോലിക്കാരി. അപ്പേട്ടനറിയാലോ ജോലിചെയ്യാന്‍ എനിക്കൊരു മടിയുമില്ല. പക്ഷേ, ശാരീരികവും മാനസികവുമായ പീഡനം അത് എന്തിനായിരുന്നെന്ന് എനിക്കിന്നും മനസ്സിലായിട്ടില്ല. ഒരുപാട് ചീത്തസ്വഭാവങ്ങളും ചീത്തകൂട്ടുകെട്ടുകളും ഉണ്ടെന്നറിഞ്ഞിട്ടും അതിനെപറ്റി ചോദിക്കാന്‍ ഞാന്‍ പോയിട്ടില്ല. ഭാര്യ എന്നുപറഞ്ഞ് ഒരു സ്ഥലത്തും കൂടെപ്പോയിട്ടില്ല. എന്നെ ദ്രോഹിക്കുമ്പോള്‍ അയാള്‍ എന്തോ ഒരു ആനന്ദം കണ്ടെത്തുന്നുണ്ടായിരുന്നു. ഒരു ദിവസം വീട്ടില്‍ വന്ന അയാളുടെ കൂട്ടുകാരികളുടെ മുന്നില്‍വെച്ച്‌ ഒരു പാത്രം എന്‍റെ കൈയ്യില്‍ നിന്നും താഴെ വീണുപൊട്ടിയത് ഞാന്‍ മനപൂര്‍വം ചെയ്തതാണെന്ന് പറഞ്ഞ് ഒരു ദിവസം രാത്രി മുഴുവന്‍ പൂര്‍ണ്ണനഗ്നയാക്കി മാര്‍ബിള്‍തറയില്‍ മുട്ടുകുത്തി നിര്‍ത്തിച്ചിട്ടുണ്ട്. അയാളുടെ ഈ സ്വഭാവം വീട്ടുകാര്‍ക്ക് അറിയാവുന്നതുകൊണ്ടാവണം എന്നെപ്പോലെ ഒരു പെണ്ണിനെ തിരഞ്ഞെടുത്തത്. കല്യാണം കഴിഞ്ഞു മാന്യമായ ഒരു കുടുംബജീവിതം നയിക്കുന്ന ഒരാളാണെന്ന് നാട്ടുകാര്‍ക്ക് തോന്നണം. അതിനുവേണ്ടി മാത്രം. പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്, അയാള്‍ക്ക് എന്തോ മാനസികരോഗം ഉണ്ടെന്ന്..” അവളുടെ സങ്കടങ്ങളെല്ലാം കണ്ണീരില്‍ കുതിര്‍ത്ത് അവള്‍ പറഞ്ഞുകൊണ്ടിരുന്നു. മനസ്സിലുള്ളതെല്ലാം അവള്‍ പറഞ്ഞുതീര്‍ക്കട്ടെന്ന് അപ്പുവും വിചാരിച്ചു. നിറഞ്ഞുനിന്ന കണ്ണുകള്‍ തുടച്ച്‌ അവള്‍ വീണ്ടും പറഞ്ഞുതുടങ്ങി.

“ആ സമയത്താണ് ശ്രീയുമായി ഫോണില്‍ ബന്ധപ്പെടുന്നത്. വലിയൊരു ആശ്വാസമായിരുന്നു അവന്‍റെ ചേച്ചീ എന്ന വിളി. മെല്ലെമെല്ലെ എന്നില്‍ നിന്നുതന്നെ അവന്‍ എന്‍റെ എല്ലാകാര്യങ്ങളും അറിഞ്ഞു. ‘ആകെ കിട്ടുന്ന ഒരു ജീവിതം ഇങ്ങനെ നശിപ്പിച്ചിട്ട് എന്ത് കിട്ടാനാ ചേച്ചീ’ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് മറുപടി ഉണ്ടായില്ല. ‘അപ്പേട്ടന്‍ വന്നുവിളിച്ചാ കൂടെ പോകുമോ?’ എന്ന് ചോദിച്ചപ്പോള്‍ ഇല്ലാ എന്നാണ് ഞാന്‍ ആദ്യം പറഞ്ഞത്. അതിന് കാരണം എന്‍റെ മോളായിരുന്നു. ഇങ്ങനെ ഒരു സാഹചര്യത്തില്‍ വളരുന്ന കുഞ്ഞിന്‍റെ ഭാവി ചേച്ചി ചിന്തിച്ചിട്ടുണ്ടോ എന്ന് അവന്‍ ചോദിച്ചപ്പോള്‍ മാത്രമാണ് ഞാന്‍ ഒന്ന് മാറ്റി ചിന്തിച്ചത്. പിന്നെ അവന്‍ പറഞ്ഞപോലെയൊക്കെ ഞാന്‍ ചെയ്തു. അപ്പേട്ടന്‍ ഇന്ന് വിളിക്കാന്‍ വരുംന്ന് ഒരാഴ്ച മുന്നേ അവന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയ വിറയലാണ്.. ഇതുവരെ അത് മാറീട്ടില്ല. അപ്പേട്ടനും അമ്പിളിചേച്ചിയ്ക്കും ഇനിയുള്ള കാലം സന്തോഷമായ് ജീവിക്കാനുള്ളതൊക്കെ ഞാന്‍ ചെയ്തോളാംന്ന് അവന്‍ വാക്ക് തന്നിട്ടുണ്ട്. ആരും ഇല്ലാത്ത അവന്‌ എല്ലാമായി ഇനി നമ്മളേ ഉള്ളൂന്ന് കേട്ടപ്പോള്‍ നെഞ്ച് തകര്‍ന്നുപോയി. രക്തബന്ധത്തെക്കാളും കൂടുതല്‍ അടുപ്പമുള്ള ചിലരുണ്ടാകും എല്ലാവരുടെയും ജീവിതത്തില്‍ ഇല്ലേ അപ്പേട്ടാ…” നിയന്ത്രണം വിട്ട് അവള്‍ പൊട്ടിക്കരഞ്ഞു.

ഈ സമയം രാജീവിന്‍റെ വീട്ടില്‍ ചെറിയൊരു ആള്‍ക്കൂട്ടം കൂടിയിരുന്നു. എല്ലാവരുടെയും അഭിപ്രായം ഇത് പുറത്താരും അറിയരുത് എന്നായിരുന്നു. എല്ലാവരെയും നോക്കി ക്രൂരമായ ചിരിയോടെ രാജീവ്‌ പറഞ്ഞു. “എനിക്കറിയാം അവനെ.. അപ്പു.. അവളുടെ പഴയകാമുകന്‍. ഗുജറാത്തില്‍ ആണ് ജോലി. ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു അവനെ ഇല്ലാതാക്കിയിട്ടാണെങ്കിലും ശരി.. അവളെ ഞാന്‍ ഇവിടെ തിരിച്ചുകൊണ്ടുവന്നിരിക്കും. അനുഭവിച്ചതിനേക്കാള്‍ കൂടുതല്‍ അവള്‍ ഇനി അനുഭവിക്കാന്‍ പോവുന്നേ ഉള്ളൂ..” പെട്ടെന്ന് ഒരാള്‍ വന്ന് രാജീവിന്‍റെ ചെവിയില്‍ പറഞ്ഞു. “പുറത്ത് ഒരു പയ്യന്‍ കാണാന്‍ വന്നിട്ടുണ്ട്. അമ്പിളിയുടെ കാര്യം പറയാന്‍ ആണെന്ന് പറഞ്ഞു.” രാജീവിന്‍റെ മുഖത്ത് ഒരു ചിരി ഉണ്ടായി. “ഓഫീസ് റൂമിലേയ്ക്ക് വരാന്‍ പറയൂ.. ഞാന്‍ അവിടെ ഉണ്ടാകും” എന്ന് പറഞ്ഞ് അയാള്‍ റൂമിലേയ്ക്ക് നടന്നു.

അല്‍പസമയം കഴിഞ്ഞപ്പോള്‍ വാതിലില്‍ മുട്ട് കേട്ടപ്പോള്‍ ‘യെസ് കമിന്‍’ എന്ന് രാജീവ് പറഞ്ഞു. വാതില്‍ കടന്നുവന്ന രൂപത്തെ അയാള്‍ സൂക്ഷിച്ചുനോക്കി. എവിടെയൊക്കെയോ വെച്ച് കണ്ട പരിചയം. ജീന്‍സും ടീഷര്‍ട്ടും ധരിച്ച ശാന്തനായ ഒരു ചെറുപ്പക്കാരന്‍. ചുണ്ടില്‍ മായാത്തപുഞ്ചിരി. ഒന്നു നോക്കിയ ശേഷം രാജീവ്‌ പറഞ്ഞു. “കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് താല്പര്യമില്ല. അവളെ നീ എവിടെ കണ്ടു എന്ന് മാത്രം പറയുക. നീ ചോദിക്കുന്ന പൈസ ഞാന്‍ തരും.. വാങ്ങിച്ച് വേഗം പോകാന്‍ നോക്ക്…”

“രാജീവേ… നിന്‍റെ അടുത്ത് ഞാന്‍ വന്നത്, അമ്പിളിചേച്ചി എവിടെ ഉണ്ടെന്ന് പറയാനല്ല. നീ ഒരിക്കലും ഇനി അവരെ അന്വേഷിക്കരുതെന്ന് പറയാനാണ്..” അയാള്‍ ഒരു ഞെട്ടലോടെ അവനെ നോക്കി.

അവന്‍ അയാളുടെ മുഖത്തുനിന്നും കണ്ണെടുക്കാതെ പറഞ്ഞു. “ഞാന്‍ ശ്രീരാഗ്. അമ്പിളിചേച്ചിയോടൊപ്പം ഒരു വയറ്റില്‍ ജനിക്കാതെപോയ അനിയന്‍. ഒരുകാലത്ത് അപ്പുവേട്ടന്‍റെയും അമ്പിളിചേച്ചിയുടെയും പവിത്രമായ പ്രണയത്തിന് സാക്ഷിയായവന്‍. നീയൊരു രോഗിയാണ്‌ രാജീവേ.. മാനസികരോഗി…” ഇത്രയും കേട്ടപ്പോള്‍ തന്നെ രാജീവ്‌ കോപത്തോടെ ചാടിയെഴുന്നേറ്റ് അവന്‍റെ കോളറില്‍ പിടിച്ചു. ചുണ്ടിലെ ചിരി മായാതെ തന്നെ അവന്‍ പറഞ്ഞു. “നിന്‍റെ വീട്ടില്‍, ഇത്രയും ആള്‍ക്കാരുടെ ഇടയില്‍ ഞാന്‍ ഒറ്റയ്ക്കുവന്ന്‍ ഇങ്ങനെ പറയണെങ്കില്‍ അത് ചുമ്മാതെ ആണെന്ന് കരുതുന്നുണ്ടോ?”

അറിയാതെ രാജീവിന്‍റെ കൈയൊന്ന് അയഞ്ഞു. അയാളെ നോക്കി കത്തുന്ന കണ്ണുകളോടെ അവന്‍ തുടര്‍ന്നു.

“നിനക്ക് സ്ത്രീ എന്നുപറഞ്ഞാല്‍ എന്താന്ന് അറിയോ.. ഇല്ല.. നിന്‍റെ പരാക്രമങ്ങള്‍ കാണിക്കാനുള്ള ഒരു ഉപകരണമല്ല അത്. എന്നെപ്പോലെ മനസാക്ഷി ഉള്ളവര്‍ക്ക് സ്ത്രീ, അത് എല്ലാമാണ്. അമ്മ, സഹോദരി, കൂട്ടുകാരി എന്നുവേണ്ട ഈ ഭൂമിയില്‍ സകലസന്തോഷങ്ങളും തരുന്ന ഈശ്വരന്‍റെ സൃഷ്ടി.. അതാണ് പെണ്ണ് എന്നുപറഞ്ഞാല്‍…..”

അവന്‍ പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്ത് ഒരു വീഡിയോ പ്ലേ ചെയ്ത് രാജീവിന്‍റെ നേര്‍ക്ക്‌ നീട്ടി. അതുകണ്ടതും അയാള്‍ പുറകിലെ ചെയറിലേയ്ക്ക് അറിയാതെ വീണുപോയി. അമ്പിളിയുടെ മാറില്‍ സിഗരറ്റ് കൊണ്ട് കുത്തുന്ന ദൃശ്യം. അയാളുടെ മുഖത്തിനടുത്തുവന്ന് അവന്‍ ബാക്കി പറയാന്‍ തുടങ്ങി.

“ഞാന്‍ പറഞ്ഞിട്ടാണ് അമ്പിളിചേച്ചി ഇതുമുഴുവന്‍ റെക്കോര്‍ഡ്‌ ചെയ്തത്. അതിന് പറ്റിയ ഫോണും ഞാനാണ് കൊടുത്തത്. നീയും നിന്‍റെ വീട്ടുകാരും അവരോടു ചെയ്ത ശാരീരികവും മാനസികവുമായ പീഡനം മാത്രമല്ല. നിന്‍റെ അറപ്പും വെറുപ്പുമുണ്ടാക്കുന്ന രതിവൈകൃതങ്ങള്‍ വരെ ഇതിലുണ്ട്. ഇതിലൊരെണ്ണം പുറത്തുപോയാ ഈ നാട്ടുകാര് നിന്നെ ജീവനോടെ കത്തിക്കും എന്നെനിക്ക് ഉറപ്പുണ്ട്. പക്ഷേ, ഞാന്‍ ചെയ്യില്ല. കാരണം ഇതിന്‍റെ പേരില്‍ അമ്പിളിചേച്ചിയ്ക്ക് ഇനിയൊരു ജീവിതം ഉണ്ടാകാതെ പോകരുത്. പക്ഷേ, പുറത്തുപോകും… അമ്പിളിചേച്ചിയ്ക്കോ അപ്പേട്ടനോ ചിന്നുമോള്‍ക്കോ എനിക്കോ എന്തെങ്കിലും പറ്റിയാല്‍. ഉറപ്പായും ഇത് നാട്ടുകാര് കാണും. ഇതുപോലൊരു അവസ്ഥയില്‍ എന്‍റെ സ്വന്തം ചേച്ചി ഒരു തുണ്ട് കയറില്‍ ജീവിതം അവസാനിപ്പിച്ചപ്പോ ആ വിഷമം താങ്ങാതെ എനിക്ക് ആകെ ഉണ്ടായിരുന്ന അമ്മയും പോയപ്പോള്‍ ഈ ലോകത്ത് തനിച്ചായവനാണ് ഞാന്‍. ഇനി എനിക്ക് ആരെങ്കിലും ഉണ്ടെന്ന് പറയാന്‍ അപ്പേട്ടനും അമ്പിളിചേച്ചിയും . നീയെന്നല്ല ഒരാളെയും, ഞാന്‍ ജീവനോടെ ഇരിക്കുമ്പോ അവരെ ഒന്നും ചെയ്യാന്‍ സമ്മതിക്കില്ല.. ഇനിയും ഇതുപോലെ ഏത് ചേച്ചിമാര് കഷ്ടപ്പെടുന്നുണ്ടെന്ന് അറിഞ്ഞാലും ശ്രീ ഇറങ്ങും രണ്ടും കല്പിച്ച്.. ഇപ്പൊ ഞാന്‍ പോവാണ്.. നീ ഒന്നും ചെയ്യില്ല എന്ന വിശ്വാസത്തോടെ.. നിന്നെ ഒന്നും ചെയ്യാത്തത് എന്താണെന്നുവച്ചാല്‍ നിനക്ക് ഞങ്ങള്‍ ശിക്ഷ വിധിച്ചാല്‍ കുറഞ്ഞുപോകും. നിന്നെപോലുള്ള ഒരു മൃഗത്തെ ശിക്ഷിക്കേണ്ടത് കാലമാണ്. ഒരു പെണ്ണിന്‍റെ കണ്ണീര് വീഴ്ത്തിയിട്ട് ഒരുത്തനും സമാധാനമായി മരിച്ചിട്ടില്ല രാജീവേ.. നിന്‍റെ രക്തത്തിലലിഞ്ഞതാണ് നിന്‍റെ സ്വഭാവം. അതിന് ഒരു മാറ്റവും വരില്ല. അതുകൊണ്ടുതന്നെ നീ അനുഭവിക്കുകയും ചെയ്യും. ഈ ഭൂമിയില്‍ തന്നെ അതിനുള്ള ശിക്ഷ നിനക്ക് ഈശ്വരന്‍ തന്നിരിക്കും..”

ഉറച്ചചുവടുകളോടെ പുറത്തേയ്ക്ക് നടക്കുന്ന ശ്രീയെ നോക്കി വിയര്‍ത്തുകുളിച്ച് ഭയത്തോടെ രാജീവ് ഇരുന്നു.

ഈ സമയം ഷൌര്‍ണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ ചിന്നുവിനെ മടിയിലിരുത്തി തന്‍റെ തോളിലേയ്ക്ക്‌ ചാഞ്ഞുകിടക്കുന്ന അമ്പിളിയേയും നോക്കിയിരിക്കുന്ന അപ്പുവിന്‍റെ പോക്കറ്റില്‍ കിടന്ന മൊബൈലിലേയ്ക്ക് ഒരു മെസ്സേജ് വന്നു.

‘അപ്പേട്ടാ, നിങ്ങള്‍ സുരക്ഷിതരാണ്‌. ഇനി ഒരാളും നിങ്ങളുടെ സ്വപ്‌നങ്ങള്‍ പൂക്കുന്ന വീട്ടിലേയ്ക്ക് നിങ്ങളെ തേടി വരില്ല. വരുന്നുണ്ടെങ്കില്‍ അത് ഞാനായിരിക്കും.. നിങ്ങളുടെ സ്വന്തം ശ്രീ…

രചന :Ajeesh Kavungal

Leave a Reply

Your email address will not be published. Required fields are marked *