“ഇത് മതി ഇനി ഒന്നും നോക്കണ്ട ഇത് നടത്താം “മീര വാശി പിടിക്കാൻ തുടങ്ങി.

Uncategorized

രചന: Ammu Santhosh

കൂട്ട്…

“എന്റെമ്മ മീര ഒരു സിംഗിൾ പേരന്റ് ആണ് .അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോകകയായിരുന്നു .ഇപ്പോൾ അദ്ദേഹം എവിടെയാണെന്ന് ഞങ്ങൾക്കറിയുകയുമില്ല . ഞങ്ങൾ അന്വേഷിച്ചില്ല എന്നതാണ് കൂടുതൽ ശരി .മറ്റൊരു കുടുംബത്തിനൊപ്പം എവിടെങ്കിലും ഉണ്ടാകും ..അന്ന് നട്ടുച്ചക്ക് സൂര്യൻ അസ്തമിച്ച പോലെ തോന്നി എന്നാണ് അമ്മ അതിനെnകുറിച്ചു പറയാറ് ..അമ്മയുടെ സകലസമ്പാദ്യങ്ങളും എടുത്തു കൊണ്ടാണ് അച്ഛൻ പോയത്..” പല്ലവി ഓറഞ്ച് ജ്യൂസ് അല്പം കുടിച്ചു ..അനുപമയുടെ മുഖത്തേക്ക് നോക്കി

‘എന്റെ ‘അമ്മ പിന്നേ നടന്നു തീർത്തതൊക്കെ പറയാൻ ഒരു ജന്മം പോരാ ..അത്രയ്ക്ക് കഷ്ടപ്പാടുകൾ. ഊഹിക്കാമല്ലോ ഇരുപതു വയസുള്ള ഒരു പെൺകുട്ടി ഒരു വയസ്സുള്ള മകളെയും കൊണ്ട് ഒറ്റയ്ക്ക് ഉള്ള അവസ്ഥ .അമ്മയുടെ വീട്ടിൽ അകെ ഒരേട്ടൻ മാത്രമേയുള്ളു അദ്ദേഹത്തിനും നല്ല കഷ്ടപ്പാടാണ് അവരെ ബുദ്ധിമുട്ടിക്കാൻ വയ്യാതെ ‘അമ്മ തനിച്ചു ജീവിച്ചു തുടങ്ങി ..വീട് ജോലികൾ ,കടകളിൽ നിരവധി ജോലികൾ ,ഇപ്പൊ ദേ അംഗന വാടിയിലെ ജോലി ..സാധാരണ മനുഷ്യർ പകലൊക്കെ ജോലി ചെയ്തു തളർന്നു രാത്രി ഉറങ്ങാറില്ലേ പതിവ്? എന്റെ അമ്മയ്ക്ക് തളർച്ച ഇല്ല. പകലൊക്കെ ജോലി കഴിഞ്ഞാൽ രാത്രി മുഴുവനും മറ്റൊരു യന്ത്രം പോലെ തയ്യൽ യന്ത്രത്തിന്റെ മുന്നിൽ…ഞാൻ നന്നായി തന്നെപഠിച്ചു .ഇപ്പൊ ജോലി ആയി ..എന്നാലും ‘അമ്മ ജോലി ചെയ്യുന്നുണ്ട് കേട്ടോ ജോലി കിട്ടിയപ്പോൾ മുതൽ ആലോചനകൾ വരുന്നുണ്ട് …വിവേകിന്,അമ്മയുടെ മോന് എന്നെ ഇഷ്ടമാണെന്ന് എനിക്ക് മനസ്സിലായിരുന്നു ..അമ്മയെന്ന് വിളിച്ചോട്ടെ ?” അനുപമ ഒരു ചിരിയോടെ തലയാട്ടി

“ഞാൻ ഇപ്പോൾ ഒരു കല്യാണത്തിന് ഒട്ടും തയ്യാർ അല്ല …എനിക്കൊത്തിരി സ്വപ്‌നങ്ങൾ ഉണ്ട് അമ്മെ …അതിലൊന്ന് ..എന്റെ ‘അമ്മ ഒന്നുറങ്ങുന്നതു കാണണം എന്നുള്ളതാണ്. എന്റെയമ്മ ഉറങ്ങുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല “അവളുടെ ശബ്ദം ഇടറി

“സോറി “അവൾ കണ്ണ് നിറഞ്ഞതു തുടച്ചു.

“എനിക്ക് എന്റെ അമ്മയെ കെട്ടിപിടിച്ചു കിടന്നുറങ്ങണം ..പകലൊക്കെ കുറെ നേരം വർത്തമാനം പറഞ്ഞിരിക്കണം ..ഷോപ്പിംഗിനു പോകണം ..കടൽ കാണാൻ പോകണം ..തീയേറ്ററിൽ പോയി സിനിമ കാണണം ..ഒന്നും പറ്റിയിട്ടില്ല ഇത് വരെ. ”

“എന്റെ ‘അമ്മ കഴിക്കുന്നത് ..ഞാൻ വാരി കൊടുത്തിട്ട് ..അതൊക്കെ കാണണം എനിക്ക് “അവൾ വീണ്ടും കണ്ണ് തുടച്ചു

“എന്റെ ‘അമ്മ എണ്ണയിട്ട ഒരു യന്ത്രം കണക്കെ ആയിരുന്നു എപ്പോളും ചലിച്ചു കൊണ്ട് ..ഞാൻ ഇപ്പൊ പോയാൽ ആരുണ്ട് ആ പാവത്തിന് ?അമ്മയ്ക്ക് മനസിലാകുന്നില്ലേ അത് ..വിവേക് ഒറ്റ മകനല്ലേ ?വിവേകിന്റച്ഛൻ മരിച്ചു പോയി എന്നും എനിക്ക് അറിയാം ”

“എന്നായാലും ഒറ്റയ്ക്കാവില്ലേ മോളെ?””എന്നും എല്ലാരും ഒപ്പമുണ്ടാകുമോ ?”അനുപമ ചോദിച്ചു.

“കുറച്ചു നാളെങ്കിലും ഒപ്പമുണ്ടാകണ്ടേ അമ്മെ മക്കൾ ..?പ്രത്യേകിച്ച് പെണ്മക്കൾ ..പഠിക്കുന്ന കാലമത്രയും അവർക്കതു മാത്രം ചിന്ത ..പിന്നെ ജോലി ഉടനെ കല്യാണം ..ഇതിനിടക്ക് അവർക്കു അവരുടെ അച്ഛന്റെയും അമ്മയുടെയും ഒപ്പം കുറച്ചു റിലാക്സ് ആയി നില്ക്കാൻ തോന്നില്ലേ അലസമായിട്ട്.. അവരെ സ്നേഹിച്ചങ്ങനെ ..?

“സമൂഹം സമ്മതിക്കണ്ടേ ?”അനുപമ ചിരിച്ചു പല്ലവിയും

“എനിക്ക് പോകണം അമ്മെ ..വീട്ടിലൊരാൾ ഇപ്പൊ നൂറു വട്ടം റോഡിലിറങ്ങി നോക്കിയിട്ടുണ്ടാകും കക്ഷിക്ക്‌ മൊബൈൽ ഫോൺ ഒന്നുമില്ല കേട്ടോ ..”

“ഞാൻ കൊണ്ടാക്കാം “അനുപമ കാറിന്റെ കീ എടുത്തു.

കാർ പ്രധാന നിരത്തു വിട്ടു ഇടവഴിയിലൂടെ കുറച്ചു ഓടിയപ്പോളേക്കും വീടെത്തി .ചെറുതെങ്കിലും സുന്ദരമായ വീട് പല്ലവിയുടെ അമ്മയെ കണ്ടപ്പോൾ മുൻപെങ്ങോ കണ്ട ഒരാളുടെ മുഖം ഓർമ പോലെ അനുപമയ്‌ക്ക് തോന്നി

“ഇതാണ് എന്റെ ‘അമ്മ മീര ”

“എവിടയെയോ കണ്ടിട്ടുളളത് പോലെ “അനുപമ പറഞ്ഞു

“അതാണ് ഞാനും ഓർക്കുന്നത് എവിടെയോ കണ്ടത് പോലെ ..”മീരയും അത് തന്നെ ആലോചിക്കുകയായിരുന്നു

” ഈ നാട്ടിൽ വന്നിട്ടിപ്പോ ആറുമാസമല്ലേ ആയുള്ളൂ ..?

“അതല്ല ഇവിടെ വെച്ചല്ല വേറെ എവിടെയോ വെച്ച് കുറെ നാൾ മുൻപ് കണ്ടത് പോലെ “”

“നാട് എവിടെ ആണ്? ” “സ്വന്തം നാട് പട്ടാമ്പി പാലക്കാട് ..ഇവിടെ മോളുടെ അച്ഛന്റെ നാടാണ് “മീര പറഞ്ഞു

“അതാണ്. ഞാനും പട്ടാമ്പിയിലായിലുണ്ടായിരുന്നു കുറച്ചു നാൾ ..ഏഴാം ക്ലാസ് വരെ അവിടെത്തെ ഗവണ്മെന്റ് സ്കൂളിലാണ് പഠിച്ചത് ..”അനുപമ പറഞ്ഞു

“ഈശ്വര ഞാനും ..അനുപമ അനുപമ നങ്യാര് അല്ലെ ?”

“അതെ ”

“കവിത ഒക്കെ ചൊല്ലുന്ന ..പാട്ടൊക്കെ പാടുമായിരുന്നു ..”

“അതെ “അനുപമ ആഹ്ലാദത്തോടെ പറഞ്ഞു

“നമ്മൾ ഒരേ ക്ലാസ്സിൽ ആയിരുന്നു …എനിക്ക് പിന്നെ ഒരു കഴിവുകളും ഇല്ലാത്തതു കൊണ്ട് ആണ് എന്നെ ഓർത്തിരിക്കാൻ വഴിയില്ല “മീര ചിരിച്ചു.

“ആര് പറഞ്ഞു ഈ ഭംഗിയുള്ള ഈ മുഖം ഞാൻ മറന്നില്ലല്ലോ …പല്ലവി അമ്മയെ പോലെ തന്നെ ആണ് കേട്ടോ എന്താ ഭംഗി കാണാൻ ”

പല്ലവി ഒരു ചിരിയോടെ ചായ എടുക്കാൻ പോയി. അനുപമ പോയിട്ടും മീര വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. പെട്ടെന്ന് പൂക്കളും കിളികളും ഒക്കെ ഉള്ള ഒരു പൂന്തോട്ടത്തിൽ ചെന്നെത്തിയത് പോലെ.

“ഇത് മതി ഇനി ഒന്നും നോക്കണ്ട ഇത് നടത്താം “മീര വാശി പിടിക്കാൻ തുടങ്ങി.

“അമ്മയ്ക്കിതെന്താ എനിക്കിപ്പോ വേണ്ടമ്മേ കുറച്ചു നാൾ കഴിയട്ടെ ”

“നോക്ക് ഇത് പോലൊന്ന് ഇനി കിട്ടുമോ ഒരേ സ്ഥലത്തു ജോലി അറിയുന്നവർ ,,നല്ലവർ എന്റെ മോൾ അവിടെ സുരക്ഷിതയായിരിക്കും അമ്മയ്ക്കതു പോരെ ?”

അപ്പോൾ എനിക്കോ അമ്മെ ?അവർ ഈ നാട്ടുകാരല്ല ദൂരെയുള്ളവർ ..അവർ ഇവിടെ നിന്ന് പോകും ..ഞാനും പോകേണ്ടി വരും .’അമ്മ തനിച്ചാകും എനിക്ക് സമാധാനം ഉണ്ടാകുമോ സന്തോഷം ഉണ്ടാകുമോ ?

“ഈ നാട്ടിലുള്ള ഒരാൾ നമുക്കൊപ്പം താമസിക്കാൻ ഇഷ്ടം ഉള്ള ഒരാൾ അങ്ങനെ ഒരാൾ വരില്ലേ അമ്മെ ?”

മീര പല്ലവിയെ ചേർത്ത് പിടിച്ചു . ജീവിതം ഒന്നും തന്നിട്ടില്ലലോ എന്നിടയ്ക്കിടെ ഓർക്കാറുണ്ട് ..വേദനകൾ താങ്ങാനാകാതെ വരുമ്പോൾ ജീവിതം തന്നെ എന്തിനാണ് എന്ന് ഓർത്തിട്ടുണ്ട് ..ഇപ്പോൾ മനസിലാകുന്നു ഇതിനാണ് ഈ മകൾ എന്ന പുണ്യത്തിനാണ് ജീവിതം തന്നെ ബാക്കി വെച്ചത് എന്ന്.

“അമ്മയ്ക്ക് ഒരു കൂട്ട് ഉണ്ടായാൽ പോരെ പല്ലവിക്ക് ?’അമ്മ ഒറ്റയ്ക്ക് ആകാതിരുന്നാൽ പോരെ ?ഞങ്ങൾ ഈ നഗരത്തിൽ നിന്ന് പോകാതിരുന്നാൽ പോരെ ?”

പല്ലവിയുടെ കണ്ണുകൾ വിവേകിന്റെ മുഖത്തു സന്ദേഹത്തോടെപതിഞ്ഞു.

“എന്തിനാണ് വിവേക് അതൊക്കെ “അവൾ താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു

“അത്രമേൽ ഇഷ്ടം കൊണ്ടാണെടോ ..അമ്മയെ ഇത്രയധികം സ്നേഹിക്കുന്ന താൻ എന്റെ അമ്മയെയും സ്നേഹിക്കും എന്ന് എനിക്കുറപ്പുളളത് കൊണ്ട് ആണ്. എന്നെക്കാൾ എന്റെ മ്മയ്ക്കാണ് തന്നെ ഇഷ്ടം ..”പല്ലവിയുടെ കണ്ണ് നിറഞ്ഞു തൂവി.

വിവാഹം കഴിഞ്ഞവർ പോയത് പുതിയ ഒരു ഫ്ളാറ്റിലേക്കാണ്

“ഞാൻ വാക്ക് പാലിച്ചു കേട്ടോ പല്ലവി, നമ്മളീ നഗരത്തിൽ നിന്ന് പോവില്ല ..”

“വിവേകിന്റെ അമ്മയെവിടെ ?പഴയ വീട്ടിലാണോ ?അമ്മയെ കൂടെ ഇങ്ങോട് കൊണ്ട് വരാമായിരുന്നു ..അമ്മയവിടെ തനിച്ചു ?”

വിവേക് അവളെ തന്നോട് ചേർത്ത് പിടിച്ചു.

“ഈ കരുതലാണ് എനിക്കി തന്നെ ഇഷ്ടമാകാൻ ഉള്ള കാരണം ..എന്റെ അമ്മയെ പോലും ഒറ്റയ്ക്കാക്കാൻ ഇഷ്ടം അല്ലാത്ത ഈ മനസ്സ് ”

പല്ലവി പുഞ്ചിരിച്ചു

“എന്റെ ‘അമ്മ ഒറ്റയ്ക്കല്ല .തന്റെ അമ്മയും ഒറ്റയ്ക്കല്ല ..ഇനി മുതൽ അവർ ഒന്നിച്ചാണ് എന്നും …”

പല്ലവിയുടെ കണ്ണുകൾ വിടർന്നു

കുറച്ചു ദൂരെ പല്ലവിയുടെ വീട്

‘നമ്മുടെ സ്കൂളിന്റെ പിന്നിൽ ഒരു ബദാം മരമുണ്ടായിരുന്നു ഓർക്കുന്നോ ?”

“പിന്നെ എത്ര കാ പൊട്ടിച്ചു കഴിച്ചിട്ടുണ്ട് ”

അനുപമ ചിരിച്ചു

“എന്ത് രസമായിരുന്നല്ലേ ?”

“ഉം നമ്മുടെ കണക്കു മാഷിനെ ഓർക്കുന്നോ”

“ഈശ്വര മാഷിനെ മറന്നാലും നു ള്ളു മറക്കാൻ പറ്റുമോ ”

അവർ പൊട്ടിച്ചിരിച്ചു ഓർമകളുടെ കൽക്കണ്ട മധുരങ്ങൾ അലിയിച്ചു അവർ അങ്ങനെ ഇരുന്നു. അനുപമയ്ക്കും മീരയും. ഇനിയെന്നും പരസ്പരം കൂട്ടായ്. ഇഷ്ടമായെങ്കിൽ ലൈക്ക് ഷെയർ ചെയ്യണേ…

രചന: Ammu Santhosh

Leave a Reply

Your email address will not be published. Required fields are marked *