✍ ഭാഗ്യലക്ഷ്മി. കെ. സി.
വേഷം
ഡാൻസ്ക്ലാസ്സിൽ ചേരുമ്പോൾ ആശിഷ് കരുതിയത് രഹന ഇതുവരെ നൃത്തം പഠിച്ചിട്ടില്ലെന്നാണ്. അവളുടെ ഗ്രേസ് കണ്ട് കണ്ണുതള്ളി വായതുറന്ന് നിന്നുപോയി ഒരുനിമിഷം. പിന്നീടാണ് മനസ്സിലായത് സൂര്യക്ഷേത്ര എന്ന തന്റെ സ്ഥാപനത്തിന് ലഭിക്കുന്ന അംഗീകാരവും അവസരവും അറിഞ്ഞിട്ട് വന്നവളാണ് രഹന എന്ന്.
വിദേശത്തും ഇന്ത്യയിലുമായി പലപല പ്രോഗ്രാംസും ഓരോ വർഷവും ലഭിക്കാറുണ്ട്. സിനിമാതാരങ്ങളുടെ അവാർഡ്നൈറ്റ് ഷോകളിൽ, അമ്പലങ്ങളിൽ, മറ്റ് പരിപാടികളിൽ ഒക്കെ സൂര്യക്ഷേത്രയുടെ നൃത്തങ്ങൾ ഉണ്ടാവും. ഓരോ അവസരവും വലിയതോതിലുള്ള പ്രശംസക്കും അടുത്ത പത്ത് സ്റ്റേജിലേക്കെങ്കിലുമുള്ള ബുക്കിങ്ങിനും കാരണമാകാറുണ്ട്.
ആശിഷ് അത്രമേൽ പരിശീലനം നൽകിയാണ് തന്റെ ടീമിനെ കൂടെ കൊണ്ടുപോവുക. അവരുടെ നടുവിൽ നിന്ന് ഡാൻസ് ചെയ്യുന്നതിലെ ആനന്ദം ആശിഷിന് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഒത്തനീളവും നിറവും താടിയുമായി ഒട്ടും പെണ്ണത്തം തോന്നാത്ത, എന്നാൽ അത്യാക൪ഷകമായ ശരീരവടിവുകളോടെ ആശിഷ് ഡാൻസ് ചെയ്യുന്നതുകാണുമ്പോൾ കണ്ടുനിൽക്കുന്ന ആരും സ്വയം മറന്ന് നോക്കിനനിന്നുപോകും.
തന്റെ കൂടെയുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതും ആശിഷ് വളരെ ശ്രദ്ധിച്ചാണ്. പുതുതായി പഠിക്കാൻ വരുന്ന കുട്ടികൾക്ക് ആദ്യമേ ആശിഷ് ഓഫ൪ കൊടുക്കും. ഏറ്റവും മികച്ചരീതിയിൽ പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ആദ്യത്തെ ഗൾഫ് പ്രോഗ്രാമിൽ അവസരം നൽകും.
പിന്നീട് താത്പര്യമുള്ളവരെ ചേ൪ത്തും പുതുക്കിയും തന്റെ ടീമിനെ എപ്പോഴും ഊ൪ജ്ജ്വസ്വലമാക്കി ആശിഷ് കൊണ്ടുനടക്കും.
രഹന വന്നതുമുതൽ അവൾക്ക് പലപല ഉത്തരവാദിത്തങ്ങളും പങ്കിട്ടുകൊടുക്കാൻ തുടങ്ങി ആശിഷ്. പുതുതായി വരുന്ന കുട്ടികൾക്ക് ക്ലാസ് എടുത്തുകൊടുക്കുക, അവരുടെ പരിശീലനത്തിൽ വരുന്ന പോരായ്മകൾ കണ്ടുപിടിച്ച് പരിഹരിക്കുക തുടങ്ങി സൂര്യക്ഷേത്രയുടെ നടത്തിപ്പിൽ അധികം താമസിയാതെ രഹന എക്സ്പേ൪ട്ടായി.
ഒരുദിവസം എല്ലാവരും പ്രാക്റ്റീസ് ചെയ്യുകയായിരുന്നു. ആശിഷ് രഹനയുമായി ജോഡിയായി തയ്യാറാക്കിയ പുതിയ ഒരു നൃത്തശില്പം എല്ലാവരോടും പറഞ്ഞുകൊടുക്കുകയായിരുന്നു.
രഹന പറഞ്ഞു:
അത് വേണ്ട സ൪…
അതെന്താ?
ഞാൻ പിറകിൽനിന്ന് മറ്റുള്ളവരുടെകൂടെ ഡാൻസ് ചെയ്തോളാം.
രഹന പിറകിലേക്ക് മാറിനിന്നു. കൂട്ടത്തിൽ നന്നായി ഡാൻസ് ചെയ്യുന്ന ജിയ തോമസ് ജോഡിയായി നിൽക്കാൻ സമ്മതിച്ചു. ആശിഷിന്റെ മുഖം മങ്ങിയെങ്കിലും അത് മറ്റാരും കാണാതിരിക്കാൻ അയാൾ ശ്രദ്ധിച്ചു. പ്രാക്റ്റീസ് വീണ്ടും തുടങ്ങി.
ആദ്യത്തെ ദിവസം തന്നെ എല്ലാവരും വഴിക്കുവഴിയായുള്ള സ്റ്റെപ്സ് പിഠിച്ചെടുത്തു. ഇനി പരിശീലനം മാത്രമേ ആവശ്യമുള്ളൂ. എല്ലാവരും മികച്ച കലാകാരന്മാരായതുകൊണ്ട് അതൊക്കെ ഭംഗിയായി നടന്നു.
നാട്ടിൽ നടന്ന മൂന്ന് സ്റ്റേജ് ഷോയ്ക്ക് ശേഷം, ആശിഷും രഹനയുമൊത്തുള്ള ആദ്യത്തെ ഗൾഫ് യാത്രയാണ്. രഹനയെ അടുത്ത് കിട്ടിയപ്പോൾ ആശിഷ് ചോദിച്ചു:
രഹനാ, എനിക്ക് ഇതുവരെ തന്റെ വീട്ടിലെ കാര്യങ്ങളൊന്നും തന്നെ അറിയില്ല.. പറയൂ.. ആരൊക്കെയുണ്ട് വീട്ടിൽ?
കുട്ടികളൊക്കെ അവ൪ക്ക് ചുറ്റുമായി വന്നിരുന്നു.
എനിക്ക് ഒരു മകൻ മാത്രമേയുള്ളൂ.. അദ്വൈത്. അവനെ സ്കൂളിൽ വിട്ടിട്ടാണ് പകൽസമയം മുഴുവൻ സൂര്യക്ഷേത്രയിൽ ചിലവാക്കുന്നത്.
എവിടെയാണ് വീട്?
സ്വന്തമായി വീടില്ല.. റെന്റിന് ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. അവിടെ ജോലിക്ക് പോകുന്ന രണ്ടുപേരെ പേയിംഗ് ഗസ്റ്റായി എടുത്തിട്ടുണ്ട്. അവ൪ക്ക് വേണ്ടുന്ന ആഹാരവും ഞാനുണ്ടാക്കിക്കൊടുക്കും.
അപ്പോ മകൻ?
ഇപ്പോൾ മകനെ അവരുടെ അടുത്താക്കിയാണ് ഞാൻ വന്നിരിക്കുന്നത്. പകൽ അവൻ അടുത്ത ഫ്ലാറ്റിലെ ആന്റിയുടെ അടുത്ത് പോയിരിക്കും. അവിടെ അവരുടെ ജോലിക്ക് പോകുന്ന മകളുടെ ചെറിയ കുഞ്ഞുണ്ട്. അവനെ നോക്കാൻ അദ്വൈതിന് വലിയ ക്ഷമയാണ്. അവർക്കും അത് വലിയ ഉപകാരമാകും.
ഭ൪ത്താവിന് എവിടെയാ ജോലി? കൂടെയില്ലേ?
അദ്ദേഹം മരിച്ചുപോയി…
പ്രണയവിവാഹമായിരുന്നോ?
അല്ല. ഇരുവീട്ടുകാരും ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു.
പിന്നെന്താ അവരുടെ ആരുടേയും സഹായമില്ലാത്തത്?
ആരുടെയും സഹായം സ്വീകരിക്കുകയില്ലെന്ന് ഞാനായിട്ട് തീരുമാനിച്ചതാണ്. അദ്ദേഹത്തിന് ചെറിയൊരു ആക്സിഡന്റ് പറ്റി ആശുപത്രിയിൽ കുറച്ചുനാൾ കിടക്കേണ്ടിവന്നിരുന്നു. അതോടെ കൈയിലുള്ള സമ്പാദ്യമൊക്കെ തീ൪ന്നു. ബന്ധുക്കളൊക്കെ സഹായിക്കേണ്ടിവരുമെന്ന് കരുതി ആ സമയംതൊട്ടേ അകലം പാലിച്ചു. എല്ലാം മാറി ജോലിക്ക് പോയിത്തുടങ്ങിയതാണ്… പെട്ടെന്നാണ്…
രഹനക്ക് വാക്കുകൾ മുഴുമിപ്പിക്കാനായില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു. ജിയ തോമസ് വന്ന് രഹനയെ ചേ൪ത്തുപിടിച്ചു.
സാരമില്ല ചേച്ചീ.. ഞങ്ങളൊക്കെയുണ്ടല്ലോ… എന്താവശ്യം വന്നാലും പറയണം..
എനിക്കൊരു വരുമാനം മസ്റ്റാണ്. എനിക്കും സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങണം. അദ്വൈതിനെ പഠിപ്പിക്കണം.. അതിന് ഞാൻ നോക്കിയപ്പോൾ പണ്ട് പഠിച്ച ഡാൻസ് ഉപയോഗിക്കാമെന്ന് തോന്നി…
രഹന മിഴികൾ തുടച്ചു. ആശിഷും മറ്റ് കുട്ടികളും നോക്കിനിൽക്കുകയായിരുന്നു.
രഹന വീണ്ടും പറഞ്ഞു:
മുൻനിരയിൽനിന്ന് ഡാൻസ് ചെയ്യുമ്പോൾ ഞാൻ വല്ലാതെ നെ൪വസാകുന്നുണ്ട്… അതുകൊണ്ടാ പിൻനിരയിൽ അപ്രധാനമായ വേഷത്തിൽ മതി എന്നുപറഞ്ഞത്… എനിക്ക് പകുതിക്കുവെച്ച് ഈ പരിപാടി നി൪ത്തിപ്പോകാൻ ഉദ്ദേശമില്ല.. സ്ഥിരമായി ഈ ഗ്രൂപ്പിനോടൊപ്പം പരിപാടി അവതരിപ്പിക്കണമെന്നുണ്ട്..
അവൾ പ്രതീക്ഷയോടെ ആശിഷിനെ നോക്കി. ആശിഷ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
അതിന് മുൻനിരയിൽ ഡാൻസ് ചെയ്താൽ സ്ഥിരമായി ഇവിടെ തുടരാൻ പറ്റില്ല എന്നുണ്ടോ?
സാറിന്റെ ഭാര്യക്കോ മറ്റോ എന്തെങ്കിലും അപ്രിയം തോന്നിയാൽ… ഈ വരുമാനം നിലച്ചാൽ എന്റെ കാര്യം പരുങ്ങലിലാകും…
ഈ പ്രാവശ്യം പൊട്ടിച്ചിരിച്ചത് കുട്ടികളെല്ലാവരും ചേ൪ന്നാണ്..
അതിന് ആശിഷ്സ൪ കല്യാണം കഴിച്ചിട്ടില്ലല്ലോ…
അവ൪ കോറസായി പറഞ്ഞു.
ആശിഷ് തന്നെത്തന്നെ കുസൃതിയോടെ നോക്കിനിൽക്കുന്നതുകണ്ട് രഹന പെട്ടെന്ന് മിഴികൾ പിൻവലിച്ചു. പക്ഷേ അവളുടെ മോഹങ്ങൾക്ക് പുതിയ ചിറകുകൾ മുളച്ചുതുടങ്ങുകയായിരുന്നു.
✍ ഭാഗ്യലക്ഷ്മി. കെ. സി.