Categories
Uncategorized

ആളുകൾക്കു പറയാൻ…. കളിയാക്കാൻ പലതുമുണ്ടാകും…. പക്ഷെ തനിക്ക് ഇനിയെങ്കിലും താനായി ജീവിക്കണം….. അവഗണിക്കപ്പെടാതെ….

രചന : Rinila Abhilash

“…. ഇനിയെങ്കിലും എന്റെ മകന്റെ ജീവിതത്തിൽ നിന്നും പൊയ്ക്കൂടേ നിനക്ക്… അവനായിട്ട് അത് നിന്നോട് പറയണമെന്നില്ല പക്ഷെ നിനക്കത് കണ്ടറിഞ്ഞു ചെയ്യരുതോ….”
ശാരദയുടെ വാക്കുകൾ…. മരുമകളായ മധുമിതയോടാണ്…. എത്രയോ വട്ടം ഇക്കാര്യം പറഞ്ഞിരിക്കുന്നു…

മനുവേട്ടന് നല്ലൊരു ജോലി ലഭിച്ചപ്പോൾ മുതലാണ് തന്നോടും മകളോടുമുള്ള ഈ പെരുമാറ്റം….. ആദ്യമൊക്കെ കുത്തുവാക്കുകൾ പറയാറുണ്ടെങ്കിലും മനുവേട്ടന്റെ ആശ്വാസ വാക്കുകൾ അതെല്ലാം മായ്ക്കാറുണ്ടായിരുന്നു… പക്ഷെ ഈയിടെ തനിക് വീട്ടുകാർ നൽകിയ സ്ത്രീധനം കുറഞ്ഞത് പോലും അമ്മ പറയുമ്പോൾ എല്ലാം വിധിയല്ലേ അമ്മേ…. എന്നുള്ള മനുവേട്ടന്റെ വാക്കുകൾ മധുവിനെ വല്ലാതെ നോവിച്ചു….

ഡിഗ്രി വരെ നന്നായി പഠിച്ചിരുന്ന തന്നെ ജാതകദോഷം പറഞ്ഞു പെട്ടെന്ന് കല്യാണം കഴിപ്പിക്കാൻ വീട്ടുകാർ കാണിച്ച തിരക്കുകളുടെ നൂറിൽ ഒരംശം ഇപ്പോൾ തന്നോട് അവർ കാണിക്കുന്നില്ലല്ലോ എന്നോർത്തു മധുവിനു നെഞ്ച് പൊട്ടി…… തന്റെ ഇഷ്ടത്തിന് ഇറങ്ങി പോന്നതൊന്നുമല്ല…. നിർബന്ധം കാരണം പഠനം പോലും ഒഴിവാക്കേണ്ടി വന്നു…. കാണുന്നവർക്ക്‌ ഞാൻ എന്തൊരു ഭാഗ്യവതിയാണ്….

ഈയിടെയായി പ്രശ്നം അധികമായപ്പോൾ സഹിക്കാൻ വയ്യാതെ വീട്ടിൽ വന്നു നിന്നപ്പോളാണ് ഒരു കാര്യം മനസ്സിലായത്….

ഇതിപ്പോ തന്റെ വീടല്ല……… ജനിച്ചുവളർന്നത് ഇവിടെ ആണെന്ന് മാത്രം

പണ്ടത്തെ എന്റെ ഏട്ടനല്ല ഇപ്പോൾ….. അവർക്കൊരു കുടുംബം ആയാൽ പിന്നെ നമ്മുടെ ആകുലതകളും പ്രശ്നങ്ങളും അവരോടുപോലും പറയാൻ പറ്റുന്നില്ലല്ലോ……

അമ്മയോട് പറഞ്ഞാൽ താനും അച്ഛനും പ്രായമായി… ഇനി എങ്ങനെയെങ്കിലും മക്കൾ സഹിച്ചു നിൽക്കൂ എന്നുള്ള മറുപടി……

ഏറെക്കുറെ എല്ലാ പെൺകുട്ടികൾക്കും ഇതേ അവസ്ഥ തന്നെയെന്നറിയാം… എങ്കിലും….

എന്ത് ചെയ്യും…… ഒരു നല്ല കൂട്ടുകാരി പോലുമില്ലല്ലോ മനസ്സൊന്നു തണുപ്പിക്കാൻ……

കുഞ്ഞാറ്റക്കിപ്പോൾ വയസ്സ് 5 ആയി…… ഇതുവരെയുള്ള വർഷങ്ങളിൽ താൻ മനസ്സിലാക്കിയ സത്യങ്ങളിൽ നിന്ന് എന്ത് ചെയ്യാം എന്നാലോചിച്ചപ്പോൾ തല പെരുക്കാൻ തുടങ്ങി….
ആത്മഹത്യ…. ഏയ്‌…. അങ്ങനെ ചെയ്യാനും മാത്രമുള്ള വിഡ്ഢിയാകാൻ ഒരുക്കമല്ല….താൻ ഇല്ലാതായാൽ ഈ ലോകത്ത് തന്റെ മകൾ ഒറ്റപ്പെടും….

ഏട്ടന്റെ മക്കൾ ഒരുമിച്ച് കളിക്കുന്നത് കാണുമ്പോൾ… കുഞ്ഞാറ്റ അടുത്തേക്ക് പോയാൽ ആട്ടിയകറ്റപ്പെടുന്നുണ്ട്…… അവളുടെ കുഞ്ഞു മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ട്..മനുവേട്ടന്റെ ചേച്ചിയുടെ മക്കളും ഇതുപോലെതന്നെ….

എന്തുചെയ്യും താൻ എന്നാലോചിച്ചിട്ട് അവൾക് ഉറക്കമേ വന്നില്ല….

രാത്രി വൈകിയും ഉറങ്ങാതെ കിടന്നപ്പോൾ മുറിയിൽ വെളിച്ചം കണ്ടിട്ടാകണം,ഏട്ടൻ മുറിയിലേക്ക് കടന്നു വന്നത്.

“… മധൂ…. നീ ഉറങ്ങിയില്ലേ….?

…”ഇല്ലേട്ടാ…… കിടന്നിട്ട് ഉറക്കം വരുന്നില്ല….

“…നീ തിരിച്ചു പോകുന്നുണ്ടോ..?

“… സ്നേഹിക്കുന്നവർ നൽകുന്ന അവഗണനയും സഹിച്ച് കുത്തുവാക്കുകൾ കേട്ട് ഞാൻ എങ്ങനെ അവിടെ കഴിയും ഏട്ടാ…. മനുവേട്ടൻ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ ഞാൻ……അവൾ വിതുമ്പിപ്പോയിരുന്നു…

ഏട്ടന്റെ തോളിൽ ചാരി അവൾ കരഞ്ഞുകൊണ്ടിരുന്നു…
. നമുക്ക് വഴിയുണ്ടാക്കാം… ഞാൻ അവനോട് ഒന്ന് സംസാരിക്കട്ടെ.

“….മോൾടെ വിഷമങ്ങൾ ഏട്ടനറിയാം… പക്ഷെ… ഒരേട്ടൻ എന്ന നിലയിൽ നിന്നേം മകളെയും കൂടെ സംരക്ഷിക്കാനുള്ള വരുമാനം ഏട്ടനില്ല….

“””… അന്നേ ഞാൻ പറഞ്ഞതാ പഠിത്തം കഴിഞ്ഞു അവളെ കെട്ടിച്ചാൽ മതിയെന്ന്….. ആര് കേൾക്കാൻ…. അല്ലെങ്കിൽ സ്വന്തം കാലിൽ നില്കാൻ ഒരു ജോലിയെങ്കിലും ആയേനെ…അയാളിൽ നിന്നും ഉയർന്നുവന്ന വാക്കുകളിൽ മധുവിനു അല്പം ആശ്വാസം ലഭിച്ചു….. കൂടെപ്പിറപ്പിനുള്ള സ്നേഹം അവിടെ തെളിഞ്ഞുവന്നു…. തനിക് ആശ്വാസത്തിനെങ്കിലും ഒരു കൂടെപ്പിറപ്പുണ്ട്…

പിറ്റേ ദിവസം രാവിലെ ആയപ്പോളേക്കും അവൾ ഒരു തീരുമാനത്തിലെത്തിയിരുന്നു….. രാവിലെ തന്നെ മാറ്റിയിറങ്ങി നിക്കുന്ന മകളെ കണ്ടപ്പോൾ മധുവിന്റെ മാതാപിതാക്കളിലും ഏട്ടത്തിയുടെ മുഖത്തും വെളിച്ചം വീണിരിക്കുന്നു…

“…. ഇപ്പോളെങ്കിലും നീ നല്ലൊരു തീരുമാനത്തിലെത്തിയല്ലോ…. എന്നുള്ള അമ്മയുടെ വാക്കുകൾ കേട്ട് അവൾ മുഖത്തു ഒരു ചിരി വരുത്തി കുഞ്ഞാറ്റയുടെ കയ്യും പിടിച്ചു ഇറങ്ങി….

“”””…… കേറിക്കോ ഞാൻ കൊണ്ടുവിടാം..” ഏട്ടൻ

ഒന്നും മിണ്ടാതെ ഏട്ടന്റെ വണ്ടിയിൽ കേറി മനുവേട്ടന്റെ വീട്ടിലേക്..

സ്വീകരിക്കാൻ ആരുമുണ്ടാകില്ല….. മകളെയെങ്കിലും ഒന്ന് വിളിച്ചിരുന്നെങ്കിൽ താൻ ഇത്രയും സങ്കടപ്പെടുമായിരുന്നില്ല….

ഏട്ടൻ മുറ്റത്തേക്ക് പോലും കേറിയില്ല… തിരിച്ചു പോകുമ്പോൾ ഒരു പൊതി അവളെ ഏൽപ്പിച്ചാണ് അയാൾ പോയത്….മനുവേട്ടൻ ജോലിക്ക് പോയിരുന്നു… അച്ഛമ്മേ എന്ന് കുഞ്ഞാറ്റ വിളിച്ചപ്പോൾ

“…. അവർക്കും മടുത്തുകാണും അതാണിപ്പോ ഇങ്ങോട്ട് തന്നെ വന്നത്…എന്റെ മോന്റെ കഷ്ടകാലം…
ശാരദ പിന്നെയും പലതും പറഞ്ഞുകൊണ്ടിരുന്നു…..

മുറിയിലെത്തിയപ്പോൾ ഏട്ടൻതന്ന പൊതി അഴിച്ചപ്പോൾ അതിൽ 2 കെട്ട് നോട്ടുകൾ…..അവളുടെ കണ്ണുനീർ ആ നോട്ടുകെട്ടിൽ വീണു കൊണ്ടിരുന്നു….

തന്റെ ഈ വരവിന്റെ ഉദ്ദേശം പെട്ടെന്ന് തന്നെ തുടങ്ങണമെന്ന് അവൾ തീരുമാനിച്ചു… ഒരു ജോലി…. അതിനയുള്ള ശ്രമങ്ങൾ അവൾ തുടങ്ങി… പകൽ സമയങ്ങളിൽ തുടർച്ചയായുള്ള പണികൾ …. മനുവിന്റെ ആവശ്യങ്ങൾ കൃത്യമായി നിറവേറ്റി… ഉറക്കമൊഴിച്ചു പഠിച്ചു…. തീവ്രമായി ആഗ്രഹിച്ചു അതിനു വേണ്ടി പ്രയത്നിച്ചാൽ ഫലം നമ്മെ തേടി വരുമെന്ന് അവൾ ഉറച്ചു വിശ്വസിച്ചു….. എപ്പോളുംപരിഹസിക്കുവാനും കുത്തുവാക്കുകൾ പറയുവാനും അമ്മയും മകനും മത്സരിക്കുകയാണ്…രാത്രിയിൽ തന്റെ അടുത്തുള്ള ഭർത്താവല്ല പകൽ വെളിച്ചതിലെന്നു മനസ്സിലായിതുടങ്ങി…

തന്റെ കുഞ്ഞാറ്റക്ക് ഒരു കൂടെപ്പിറപ്പ്….
അത് ഉടനെ തന്നെ വേണം…
ഈ രണ്ടു ലക്ഷ്യങ്ങൾമനസ്സിൽ വച്ചുകൊണ്ടാണ് താൻ മടങ്ങി വന്നത്….
പരീക്ഷ എഴുതി… നല്ല മാർക്കുണ്ട്… ജോലി കിട്ടുവാൻ 2 വർഷമെങ്കിലുമെടുക്കും..

ഈ രണ്ടുവർഷങ്ങൾ…….
.അതിനിടയിൽ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു…

പോസ്റ്മാൻ അപ്പോയ്ന്റ്മെന്റ് ഓർഡർ കയ്യിലേക്ക് നൽകിയപ്പോൾഅമ്മയുടെയും മകന്റെയും മുഖത്തു പൂത്തിരി കത്തിയിരിക്കുന്നു… എല്ലാം ഇപ്പോൾ ജനിച്ച കുഞ്ഞിന്റെ ഭാഗ്യം…. എന്നവർ പറഞ്ഞുകൊണ്ടിരുന്നു…തന്റെ പ്രയത്നം അവർ രണ്ടുപേരും കാണാൻ ഇടയില്ലല്ലോ…..

മുന്നേ..തയ്യാറാക്കിവച്ച പെട്ടിയുമെടുത്ത് കുഞ്ഞുങ്ങളെയും കൊണ്ട് അവൾ പടിയിറങ്ങി…

ജോലി കിട്ടിയപ്പോൾ ഉണ്ടായ അഹങ്കാരം കൊണ്ടല്ല… മറിച്ചു അവഗണിക്കപ്പെട്ട്… ചവിട്ടിത്തെക്കപ്പെട്ട ഒരു പെണ്ണിന്റെ പ്രതികാരം മാത്രമാണ്….മുറ്റത്തെ ഏട്ടന്റെ വണ്ടിയിലേക്ക് അവൾ കയറി…ഏട്ടനെപ്പോലെ ഒരേട്ടൻ ഉള്ളതുകൊണ്ട് ഞാൻ പിടിച്ചു നിന്നു. മാനസികമായ പിന്തുണ….. അതുമതിയായിരുന്നു തനിക്ക്….കൂടെപ്പിറപ്പില്ലാതെ തന്റെ മകൾക്കു ഒരു കൂട്ടു വേണം….. തനിക്ക് തന്റെ ഏട്ടനുള്ളത് പോലെ….സങ്കടം വരുമ്പോൾ ഒന്ന് ചേർത്ത് നിർത്താനെങ്കിലും…… അതിനു വേണ്ടി എല്ലാം സഹിച്ചു….

ചെറുതെങ്കിലും വാടകയ്‌ക്കെടുത്ത കൊച്ചുവീട്ടിലേക്ക് തന്നെ താമസം മാറി…..
ആളുകൾക്കു പറയാൻ…. കളിയാക്കാൻ പലതുമുണ്ടാകും…. പക്ഷെ തനിക്ക് ഇനിയെങ്കിലും താനായി ജീവിക്കണം….. അവഗണിക്കപ്പെടാതെ….
കുത്തുവാക്ക് കേൾക്കാതെ…

രചന : Rinila Abhilash

Leave a Reply

Your email address will not be published. Required fields are marked *