രചന: വേദിക കൃഷ്ണ
“എന്ത് കണ്ടിട്ടാ വിശ്വേട്ടാ നിങ്ങൾ മോളേ ആ അനാഥ ചെക്കനെ കൊണ്ട് കെട്ടിക്കാൻ പോണേ… ”
ഉമ്മറത്തെ അര പ്രൈസിൽ ഇരുന്ന് കൈയിലെ ഗ്ലാസിൽ നിന്നും ഒരിറക്ക് ചായ കുടിച്ച ശേഷം അത് ചോദിച്ചു കൊണ്ട് സുധാകരൻ വിശ്വനെ നോക്കി.
“അല്ല സുധാകര അവന് ഒരമ്മയും അനിയത്തിയും ഉണ്ട്….
വിശ്വൻ പറഞ്ഞ മറുപടി കേട്ട് അയാൾ ഗ്ലാസ് താഴെ വച്ചു ചാടി എഴുന്നേറ്റു.
“മ്മ്മ്…. അമ്മയും അനിയത്തിയും പോലും… ആരുടെ അമ്മ ഏത് അനിയത്തി 5 വയസ്സ് മുതൽ 21 വയസ് വരെ അനാഥാലയത്തിൽ കഴിഞ്ഞ ചെക്കന് എവിടുന്നാ ഒരു അമ്മയെയും പെങ്ങളെയും കിട്ടിയത്….
“അവനെ പറ്റി ഒന്നും അന്വേഷിച്ചു നോക്കാതെ ആണോ ഏട്ടൻ അവന് മോളേ കെട്ടിച്ചു കൊടുക്കാൻ പോണേ…. ”
വിശ്വൻ ഒന്നും മിണ്ടാതെ ചാരു കസേരയിൽ ചാരി എല്ലാം കേട്ടിരുന്നു. മറുപടി ഒന്നും വരുന്നില്ല എന്ന് കണ്ടപ്പോൾ സുധാകരൻ അല്പ സമയത്തെ മൌനത്തിന് ശേഷം വീണ്ടും പറഞ്ഞു തുടങ്ങി.
“എവിടുന്നു വന്ന സ്ത്രീ ആണെന്നും എത്തരക്കാരി ആണെന്നും ആർക്കറിയാം… നല്ല കുടുംബത്തിൽപ്പെട്ടത് ഒന്നുമാവില്ല… ആയിരുന്നെങ്കിൽ പ്രായപൂർത്തിയായ ഒരു പെങ്കൊച്ചിനെയും കൊണ്ട് ഒരു അന്യ ചെക്കന്റെ കൂടെ പാർക്കാൻ മുതിരുവോ…
അങ്ങനൊരു കൂട്ടരുമായ് ബന്ധം ഉണ്ടാക്കാന്ന് വെച്ചാ നമ്മുടെ കുടുംബത്തിനാ നാണക്കേട്…
വഴിയിൽ വച്ച് അവനെ കണ്ടപ്പോൾ ഞാൻ അവനോട് അത് ചെറുതായ് സൂചിപ്പിച്ചിട്ടുണ്ട്..
“നന്ദേട്ടനോട് അങ്ങനൊക്കെ പോയി പറയാൻ ആരാ ചെറിയച്ഛനോട് പറഞ്ഞേ… ”
ഉമ്മറത്തിരുന്നുള്ള അവരുടെ സംസാരം കേട്ട് അകത്തേക്ക് കയറിയതും വേദിക പറഞ്ഞു.
“ആഹ് കുട്ടി… മുതിർന്നവർ സംസാരിക്കുന്ന ഇടക്ക് കയറരുത്… നിന്റെ നല്ല ഭാവിക്ക് വേണ്ടിയാ ഞാൻ പറയണേ… ”
“സംസാരം എന്റെ ഭാവിയെ പറ്റി ആയതു കൊണ്ട് അഭിപ്രായം പറയാൻ എനിക്കും സ്വാതന്ത്ര്യണ്ട്…. ”
“മ്മ്… സ്കൂളിൽ കുട്ട്യോളെ പഠിപ്പിക്കണ നീ തന്നെ ഇങ്ങനെ പ്രേമം എന്ന് പറഞ്ഞു നടന്നാലോ… ച്ചേ… ”
“എന്റെ കുട്ടികൾക്ക് ഞാൻ നല്ല കാര്യങ്ങളെ പറഞ്ഞു കൊടുക്കാറ്ള്ളൂ… പിന്നെ വീട്ടുകാരെ നാണം കെടുത്തി മരം ചുറ്റി പ്രേമത്തിനൊന്നും ഞാൻ പോയിട്ടില്ല…
എന്റെ സ്കൂളിൽ തന്നെ പഠിപ്പിക്കണ ആളാ നന്ദേട്ടൻ നല്ല വിദ്യാഭ്യാസവും തൊഴിലും ഉള്ള മാന്യത ഉള്ള ഒരു മനുഷ്യനാണ് അദ്ദേഹം…
“മാന്യത… നമ്മുടെ കുടുംബത്തിന് ചേരുന്ന ബന്ധമാണോ കുട്ടി ഇത്… ഏതോ ഒരു സ്ത്രീ.. ”
“മതി… ”
അയാൾ പറഞ്ഞു തീരും മുൻപേ വേദിക അയാൾക്ക് നേരെ കൈയുയർത്തി കാണിച്ചു.
“ആരും ഇല്ലാത്ത ഒരു അമ്മയെയും മോളെയും സംരക്ഷിക്കുന്നത് അദ്ദേഹത്തിന്റെ വലിയ മനസായാ ഞാൻ കാണുന്നെ….
പിന്നെ കുടുംബം… ബന്ധങ്ങൾ… ഇതൊക്കെ ഞങ്ങൾക്ക് ഉണ്ടായിട്ട് എന്ത് ഗുണം കിട്ടി.
എന്റെ അമ്മക്ക് അസുഖമായി ചികിത്സിക്കേണ്ടി വന്നപ്പോഴും അതിനായ് ഈ വീട് പണയം വെച്ചും കടങ്ങൾ വാങ്ങിയും ഓടി നടന്നത് ഞാനും ന്റെ അച്ഛനും ഒറ്റക്കാ…
ഒരാളും ഒരു സഹായത്തിനോ ആശ്വാസത്തിനോ കൂടെ ഉണ്ടായില്ല…
ദുഃഖങ്ങളിലും ദുരിതങ്ങളിലും കൂടെ നിലക്കാതെ സുഖത്തിലും സ്വകാര്യതയിലും മാത്രം തലയിടാൻ ഒരു ബന്ധുക്കളുടെ ആവശ്യം ഞങ്ങൾക്കില്ല…
അവളുടെ യുടെ സംസാരത്തിൽ അയാൾക്ക് നന്നേ ദേഷ്യവും അപമാനവും തോന്നി. കോപത്തോടെ അയാൾ വിശ്വന് നേരെ പാഞ്ഞടുത്തു.
” അതെ പെൺകുട്ടികളെ അടക്കത്തിലും ഒതുക്കത്തിലും വളർത്തണം… കേട്ടില്ലേ മുതിർന്നവരോട് പറയുന്ന അഹമ്മതി.
ഒരിക്കൽ കൂടി ഞാൻ പറയാം ഇത് നമുക്ക് ചേർന്ന ബന്ധമല്ല…
അതും പറഞ്ഞു ദേഷ്യത്തിൽ പുറത്തേക്ക് ഇറങ്ങിയ സുധാകരനെ വിശ്വൻ തിരിച്ചു വിളിച്ചു.
” സുധാകര…നീ ഒന്ന് കൂടെ വാ ഇപ്പൊ തന്നെ ചെന്ന് ഇതേ പറ്റി നന്ദനോട് സംസാരിക്കണം.”
” അച്ഛാ ഞാൻ… ”
” കുട്ടി ഒന്നും പറയണ്ട അകത്തു പോ… ഇത് മുതിർന്നവർ തീരുമാനിക്കും…. നീ നിൽക്ക് ഞാൻ ഈ വേഷം മാറ്റി വരാം. ”
അയാൾ ചാരു കസേരയിൽ നിന്നും എഴുന്നേറ്റു അകത്തേക്ക് പോയതും സുധാകരൻ വേദികയെ നോക്കി പുച്ഛത്തിൽ ഒന്ന് ചിരിച്ചു അകത്തേക്ക് കയറി.
അവൾ അയാളെ ദേഷ്യത്തിൽ ഒന്ന് നോക്കി അകത്തേക്ക് പോയി.
വേഷം മാറി ഇറങ്ങിയ അച്ഛനെ നോക്കി അവൾ ഇത്രയും പറഞ്ഞു.
” അച്ഛാ… നന്ദേട്ടൻ നല്ലൊരു മനുഷ്യനാ…. സ്നേഹബന്ധങ്ങളുടെ വിലയറിയുന്നവനാ… ആരോരുമില്ലാത്ത ആ അമ്മയെയും മോളെയും തന്റെ സ്വന്തമായ അദ്ദേഹം കരുതുന്നെ… തെറ്റായ ഒരു കണ്ണിലൂടെ അതിനെ കാണല്ലേ അച്ഛാ… ആ വീട്ടിൽ അവർ അനുഭവിക്കുന്ന സുരക്ഷിതത്വവും സന്തോഷവും കണ്ടാൽ അറിയാം ആ മനുഷ്യന് സ്ത്രീകളോടുള്ള കാഴ്ച്ചപ്പാടും ബഹുമാനവും എങ്ങനെ ആണെന്ന്… അങ്ങനെ ഒരാളുടെ കൈയിൽ ഞാനും സുരക്ഷിതയാവും സന്തോഷവതിയാവും. അവിടെ പോയി അവരെ അപമാനിക്കാൻ തുനിയുന്നതിന് മുൻപ് അച്ഛൻ ഒന്ന് കൂടി ആലോചിക്കണം… ”
അപേക്ഷ സ്വരത്തിൽ അവൾ പറഞ്ഞു നിർത്തി.
വിശ്വൻ സുധാകരനുമായി നന്ദന്റെ വീട്ടിലേക്ക് പുറപ്പെട്ടു.
💠 💠 💠
മുറ്റത്ത് വന്നു നിന്ന ഓട്ടോയിൽ നിന്നും ഇറങ്ങുന്നവരെ കണ്ടു ദേവകിയമ്മ പുറത്തേക്ക് വന്നു. നിറഞ്ഞ പുഞ്ചിരിയോടെ അവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി.
സുധാകരനെ കണ്ട് നന്ദന്റെ മുഖം ഒന്ന് ചുളിഞ്ഞു എങ്കിലും വേദികയുടെ അച്ഛനെ നോക്കി അവൻ ചിരിച്ചു.
” അമ്മേ… ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്ക്… ”
നന്ദൻ അമ്മയോട് പറഞ്ഞതും അവർ അടുക്കളയിലേക്ക് പോയി, ഒപ്പം അവന്റെ സഹോദരി അമ്മുവും അമ്മയെ സഹായിക്കാൻ ചെന്നു.
” നന്ദ… ഞങ്ങൾ വന്നത്… ”
വിശ്വൻ പറഞ്ഞു തുടങ്ങും മുൻപേ അയാളെ തടഞ്ഞു കൊണ്ട് സുധാകരൻ മുന്നോട്ട് വന്നു.
” ഞങ്ങൾ നിന്റെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ല…ഈ ബന്ധത്തിന് താല്പര്യം ഇല്ലാ എന്ന് പറയാൻ വന്നതാ… നിന്നെ പോലൊരു അനാഥ ചെക്കന് ഞങ്ങൾടെ കുട്ടിയെ കൊടുക്കേണ്ട ഗതികേട് ഞങ്ങൾക്കില്ല….
വിദ്യാഭ്യാസവും ജോലിയും ഉണ്ടെന്ന് പറഞ്ഞിട്ടെന്താ…. കുടുംബ മഹിമ എന്നൊന്നില്ലല്ലോ…
ഏതോ ഒരു സ്ത്രീയെയും മോളെയും ഒരുമിച്ച് വച്ചോണ്ടിരിക്കുന്ന നിന്നെ പോലൊരുത്തന്റെ വീട്ടിലേക്ക് ഞങ്ങൾടെ കൊച്ചിനെ എന്ത് വിശ്വസിച്ചു പറഞ്ഞയക്കണം…
അമ്മയെന്നും പെങ്ങളെന്നും പറഞ്ഞു നീ കൊണ്ടു നടക്കുന്ന ഇവരുമായി നിനക്ക് എന്ത് രക്തബന്ധം ആണുള്ളത്…. ഇവളൊക്കെ എങ്ങനെ നടന്നതാണെന്ന് ആർക്കറിയാം… അതിന് നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല നീയും ഏതൊക്കെ അവള്മാർക്ക് എങ്ങനെ ഉണ്ടായത് ആണെന്നും ആർക്കറിയാം. ”
ഒട്ടും ദയയും മര്യാദയും ഇല്ലാതെ അയാള് പറയുന്ന ഓരോ വാചകങ്ങളും നന്ദനിൽ അതിയായ ദേഷ്യം ഉണ്ടാക്കി. പിന്നിൽ ഒരു പാത്രം വീണുടയുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അവൻ കണ്ടത് എല്ലാം കേട്ട് ഹൃദയം നൊന്തു കണ്ണീരോടെ നിൽക്കുന്ന ദേവകിയമ്മയേയും അമ്മുവിനെയുമാണ്.
അത് കണ്ടതും അവന്റെ നെഞ്ചും വിങ്ങി. കോപം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നു. അവൻ സുധാകരനു നേരെ ചെന്നു.
” ഡോ കാർന്നോരെ സൂക്ഷിച്ചും കണ്ടും വർത്താനം പറയണം. താൻ പറഞ്ഞത് ശെരിയാ ഞാൻ ഒരു അനാഥനായിരുന്നു. എനിക്ക് 5 വയസ് ഉള്ളപ്പോഴ എന്റെ അച്ഛനും അമ്മയും ഒരു അപകടത്തിൽ മരിക്കുന്നത്.
അവർ ജീവിച്ചിരിക്കുന്ന കാലത്ത് നിങ്ങൾ പറഞ്ഞ പോലെ രക്ത ബന്ധത്തിൽ സ്വന്തമായും ബന്ധുക്കളായും ആരൊക്കെയോ ഉണ്ടായിരുന്നു എനിക്കും …
പക്ഷെ അന്നെന്നെ ഏറ്റെടുക്കാനോ സംരക്ഷിക്കാനോ ഉള്ള മനസ് അതിൽ ഒരുത്തനും കാണിച്ചില്ല. അത് കാണിച്ചത് ഒരു രക്ത ബന്ധവും ഇല്ലാത്ത ചില നാട്ടുകാരും പിന്നെ എന്റെ ഓർഫനെജിൽ ഉണ്ടായിരുന്ന ചില മനുഷ്യരും ചേർന്നാ.
അവർ രക്ത ബന്ധം നോക്കിയല്ല മനസാക്ഷി കൊണ്ടാ ആളുകളെ നോക്കി കാണുന്നത്. അവരുടെ കാരുണ്യത്തിലാ ഞാൻ പഠിച്ചതും വളർന്നതും നല്ലൊരു ഉദ്യോഗം നേടിയതും.
പിന്നെ 5 കൊല്ലം മുൻപാണ് എനിക്ക് ഈ അമ്മയെ കിട്ടിയത്. റോഡരികിൽ അപകടം പറ്റി ചോര വാർന്നു കിടക്കുന്ന ഈ അമ്മയെ കണ്ടപ്പോ എനിക്ക് എന്റെ അച്ഛനമ്മമാരെ തന്നെയാണ് ഓർമ വന്നത്. എല്ലാവരും നോക്കി നിൽക്കെ ഇവരെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഒന്നെ ചിന്തിച്ചുള്ളൂ എന്നെ പോലെ ഇനിയൊരാൾക്ക് അവരുടെ അമ്മയെ നഷ്ടപ്പെടരുതെന്ന്…
പക്ഷെ ബോധം തെളിഞ്ഞപ്പോൾ അവർ പറഞ്ഞത് അവർക്ക് ഇനി ആകെ ഉള്ളത് 15 വയസ് മാത്രം ഉള്ള ദേ അമ്മുവേ ഉള്ളൂ എന്നാണ്. ചെന്നു കേറാൻ ഒരു കൂര പോലും ഇല്ലാ എന്നാണ്. നിങ്ങൾ കുറച്ചു മുൻപ് പറഞ്ഞ രക്ത ബന്ധം ഈ അമ്മക്കുമുണ്ട് കേട്ടോ….. ചെറിയ ബന്ധം അല്ല അമ്മുവിനെ കൂടാതെ സ്വന്തം ചോരയിൽ ഇവർക്ക് രണ്ട് ആൺമക്കൾ കൂടി ഉണ്ട് . അച്ഛൻ മരിച്ച ശേഷം സ്വത്തുക്കളെല്ലാം എഴുതി മേടിച്ചു അവന്മാർ ഇവരെ പെരുവഴിയിൽ ഇറക്കി വിട്ടു.
നിങ്ങൾ പറഞ്ഞു വന്ന ഇന്നത്തെ കാലത്തെ രക്ത ബന്ധത്തിന്റെ മഹാത്മ്യം ആണ് ആ കണ്ടത്.
ഞാൻ ഇവരെ ഇങ്ങോട്ട് കൂട്ടി കൊണ്ടു വന്നു. അന്ന് മുതൽ ഞാൻ അനാഥനല്ല എനിക്ക് ഒരമ്മയുണ്ടായി പെങ്ങൾ ഉണ്ടായി.
ജന്മം കൊണ്ടല്ല കർമം കൊണ്ട് ഇവർ എനിക്ക് മാത്രം സ്വന്തമാണിന്ന്. നിങ്ങൾ പറഞ്ഞ പോലെ രക്ത ബന്ധത്തെകാളും മറ്റു സ്വന്ത ബന്ധങ്ങളെക്കാൾ വലുതായി ചിലത് ഉണ്ട് ഈ ലോകത്ത്…..
അത് സ്നേഹവും സഹാനുഭൂതിയും മനുഷ്യത്വവും കൊണ്ട് നാം ഉണ്ടാക്കി എടുക്കുന്ന ഹൃദയ ബന്ധങ്ങളാണ്…. സന്തോഷങ്ങളിലും ആഘോഷങ്ങളിലും മാത്രമല്ല ദുഃഖത്തിലും ദുരിതത്തിലും താങ്ങും തണലുമായി അവർ ഒപ്പമുണ്ടാകും….”
നിറഞ്ഞ മനസോടെ നന്ദൻ അത് പറഞ്ഞു അമ്മയെയും പെങ്ങളെയും ചേർത്തു നിർത്തുമ്പോൾ സന്തോഷം കൊണ്ട് ആ മിഴികൾ നിറഞ്ഞിരുന്നു. അവൻ അത് മെല്ലെ തുടച്ചു കൊടുത്തു.
” വേദികയുടെ അച്ഛനോട് എനിക്ക് ഒന്നെ പറയാനുള്ളു…. അവളെ എന്നെ ഏൽപ്പിച്ചാൽ സ്വർണതളികയിൽ വച്ചു കൊണ്ടു നടക്കാം എന്നൊന്നുമല്ല…. എനിക്ക് ശ്വാസമുള്ള കാലത്തോളം പൊന്നു പോലെ നോക്കി കൊള്ളാം ഞാൻ…. സന്തോഷം കൊണ്ടല്ലാതെ ഒരിക്കൽ പോലും ആ കണ്ണ് നിറയില്ല…. എന്റെ അമ്മയും അവളെ സ്വന്തം മകളായ് നോക്കുമെന്ന് ഉറപ്പ് തരാം ഞാൻ….
എന്നെ കുറിച്ച് എല്ലാം വേദികക്ക് അറിയാം… ഒന്നും മറച്ചു വെച്ചിട്ടില്ല ഞാൻ…
ഇനി എല്ലാം നിങ്ങൾക്ക് തീരുമാനിക്കാം…. ”
” എന്ത് തീരുമാനിക്കാൻ ഞങ്ങളുടെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ല… വാക്ക് സാമർത്ഥ്യം ഉള്ളവനാ നീ എങ്കിലും നീ അതിൽ ഞങ്ങളെ വീഴ്ത്താൻ ശ്രമിക്കണ്ടാ… ”
സുധാകരന്റെ നാവിൽ നിന്നും വീണ്ടും അസഭ്യങ്ങൾ വന്നു.
” എന്റെ വീട്ടിൽ കയറി വന്ന നിങ്ങളോട് ഞാൻ ഇതുവരെ മര്യാദയുടെ ഭാഷയിൽ ആണ് ഞാൻ സംസാരിച്ചത്…. പ്രായത്തിന് മുതിർന്നതാണെന്ന് കരുതിയ ക്ഷമിക്കുന്നെ എന്നെ കൊണ്ട് നിങ്ങളെ തല്ലി ഒരു മഹാപാപം ചെയ്യിക്കരുത്… ”
ഉള്ളിൽ ഉണ്ടായ കലിയെ കഷ്ടപ്പെട്ടു നിയന്ത്രിച്ചു കൊണ്ട് അവൻ പറഞ്ഞു.
എന്നാൽ സുധാകരൻ വീണ്ടും ഓരോന്ന് പറഞ്ഞു തുടങ്ങവേ അയാളുടെ കവിളിൽ അഞ്ചു വിരലടയാളങ്ങൾ പതിഞ്ഞു.
ഒരു ഞെട്ടലോടെ നോക്കിയ അയാൾ കണ്ടത് തനിക്കു നേരെ ക്രോധത്തോടെ നിൽക്കുന്ന വിശ്വനെ ആണ്. സംഭവിച്ചത് കണ്ട് നന്ദനും സ്തഭിച്ചു നിന്നു.
” നന്ദന് ഇവൻ പ്രായത്തിൽ ഒരുപാട് മൂത്തത് ആണ് , അതുകൊണ്ട് ഇവന് അർഹിക്കുന്നത് കൊടുക്കാതിരിക്കാൻ പാടുണ്ടോ…
എനിക്ക് ആണെങ്കിൽ പ്രായത്തിൽ പ്രശ്നം ഇല്ല. ഞാൻ ഇവന്റെ ചേട്ടനാണ്. അപ്പൊ ഞാൻ തന്നെ അങ്ങ് കൊടുത്തു.
നന്ദൻ ഒരു പുഞ്ചിരിയോടെ വിശ്വനെ നോക്കി.
തിരിച്ചും ഒരു പുഞ്ചിരി നൽകി വിശ്വൻ നന്ദനോടായി പറഞ്ഞു തുടങ്ങി.
” നന്ദ ഞാൻ വന്നത് നിങ്ങളെ ഇങ്ങനെ നോവിക്കണംന്ന് കരുതിയല്ല. വഴിയിൽ വച്ച് ഇവൻ നിന്നോട് മോശമായ് സംസാരിച്ചതിന് ഇവനെ കൊണ്ട് മാപ്പു പറയിക്കാനാണ്…. പക്ഷെ ഇവിടെ വന്നും ഇവൻ അതു തന്നെ ആവർത്തിച്ചു…. നിങ്ങളോട് ക്ഷമ ചോദിക്കാനുള്ള അർഹത പോലും ഇപ്പൊ ഇവനില്ല…. അതുകൊണ്ട് ഇവന് വേണ്ടി ഞാൻ…. ”
വിശ്വൻ അത്രയും പറഞ്ഞതും നന്ദൻ അയാളെ തടഞ്ഞു.
” സുധാകര നീ ഇനിയും ഇരുട്ട് പിടിച്ച ചിന്തകളിൽ ആണ്… പണവും പത്രാസും ശ്രഷ്ടിക്കുന്ന ബന്ധത്തെക്കാൾ മൂല്യമുണ്ട് ഹൃദയങ്ങൾ പരസ്പരം ഉണ്ടാക്കി എടുക്കുന്ന ബന്ധങ്ങൾക്ക്…. മനസ് കൊണ്ട് ഇവൻ ഒത്തിരി സമ്പന്നനാണ്.
നീ പറഞ്ഞ ദുഷിച്ച സദാചാര ചിന്തകൾ കണക്കിലെടുത്ത് നന്ദനെ വേണ്ടെന്നു വെക്കാൻ എനിക്ക് കഴിയില്ല.
വിശ്വൻ പറഞ്ഞുത് കേട്ട് സുധാകരന് അപമാനമാണ് തോന്നിയത്. അയാൾ ദേഷ്യത്തിൽ പുറത്തേക്കിറങ്ങി. വാതിൽക്കൽ എത്തിയതും വേദികയെ കണ്ട് അയാൾ ഒന്ന് നിന്നു. വീട്ടിൽ വച്ച് അയാൾ അവൾക്ക് നൽകിയ പുച്ഛം കലർന്ന ചിരി അവൾ അയാൾക്ക് തന്നെ തിരിച്ചു കൊടുത്തു അകത്തേക്ക് കയറി.
വേദികയെ കണ്ടതും വിശ്വൻ അവളെ ചേർത്തു പിടിച്ചു.
” എന്റെ മോള് ഭയന്നോ ഞാൻ നിന്റെ നന്ദേട്ടനെ അപമാനിക്കുമെന്ന്…. ഇല്ലാട്ടോ മോള് പറഞ്ഞ പോലെ എന്റെ മകൾ ഏറ്റവും സന്തോഷവതിയും സുരക്ഷിതയും ആയിരിക്കും ഇവിടെ… ”
അച്ഛൻ പറഞ്ഞത് കേട്ടതും അവൾ നന്ദനെ നോക്കി.
” ദേവകി….നിങ്ങൾ ഒരുപാട് നന്മയും ഭാഗ്യവും ചെയ്തവരാണ്… അതുകൊണ്ടാ നിങ്ങൾക്ക് നന്ദനെ പോലൊരു മകനെ കിട്ടിയത്….. നഷ്ടപ്പെട്ടത്തിനെക്കാളും ഒത്തിരി നന്മയുള്ള ഒരുവനെയാണ് നിങ്ങൾക്ക് ഭഗവാൻ പകരം നൽകിയത്. ”
അതു കേട്ടപ്പോൾ ആ അമ്മയുടെ മനസ് നിറഞ്ഞു. അതിന്റെ അടയാളമെന്ന പോലെ ആ കണ്ണുകളിൽ അഭിമാനത്തിന്റെ നീർതിളക്കം ഉണ്ടായി.
നന്ദൻ അവരെ ഒന്നൂടെ ചേർത്തണച്ചു.
” അതെ ദേവകിയമ്മേ… ഇനി നിങ്ങളുടെ ആ ഭാഗ്യത്തിന്റെ ഒരംശം എനിക്കും ന്റെ മോൾക്കും കൂടി തരണേന്ന് ഒരു അപേക്ഷ ഉണ്ട്ട്ടോ… ”
വിശ്വന്റെ ആ അപേക്ഷ കേട്ട് എല്ലാവരുടെയും മുഖത്ത് മനസ് നിറഞ്ഞ ഒരു പുഞ്ചിരി ഉദിച്ചു.
അയാൾ വേദികയുടെ കൈകൾ നന്ദനോട് ചേർത്തു വച്ചു.
രക്തബന്ധം കൊണ്ടല്ല… ജന്മം കൊണ്ടുമല്ല കർമം കൊണ്ട് ഒരു പുതിയ കുടുംബം അവിടെ ഉണ്ടായി.
എന്നും അവർ അതെ സന്തോഷത്തോടെ നന്മ നിറഞ്ഞ മനസുമായി ജീവിക്കട്ടെ… ല്ലേ
………………………………………………………………….
NB : മനുഷ്യനെ മതം കൊണ്ടും പണം കൊണ്ടുമൊന്നും അളക്കാതിരിക്കുക. ഹൃദയം കൊണ്ട് ബന്ധങ്ങൾ ശ്രഷ്ടിക്കൂ. കാരണം ഇന്ന് രക്തബന്ധങ്ങൾ പരാജയപ്പെട്ടു തുടങ്ങിയിരിക്കുന്നു. അതിനടയാളമായ് അനാഥാലയങ്ങളുടെയും വൃദ്ധ സദനങ്ങളുടെ എണ്ണവും വർധിക്കുന്നു.
മനസ്സിൽ എന്നും നന്മ സൂക്ഷിക്കുക. അങ്ങനെയെങ്കിൽ നമുക്ക് എല്ലാം സ്വന്തമാണ്….. ഒരു ശ്രമം മാത്രമാണ് ഈ കഥ… മനസിൽ കരുതിയ ആശയം എത്രത്തോളം നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നറിയില്ല…..
തെറ്റുകൾ പറഞ്ഞു തന്നാൽ തീർച്ചയായും അടുത്ത തവണ തിരുത്താൻ ശ്രമിക്കാം… അഭിപ്രായം പറയില്ലേ എല്ലാരും… ലൈക്ക് ഷെയർ ചെയ്യണേ ..
രചന: വേദിക കൃഷ്ണ