Categories
Uncategorized

അവൾ ധരിച്ചിരുന്ന വസ്ത്രത്തിന് പോരായ്മയൊന്നും തോന്നിയില്ല…

രചന: Shyni John

കഥ

പാകമല്ലാത്ത ഉടുപ്പ്.

വിവാഹം കഴിഞ്ഞ് ഒരു ദിവസം അവൾ പടി കയറി വരുമ്പോൾ ആ മുഖം വെയിലേറ്റു വാടിയ ഒരു പൂവിനെ അനുസ്മരിപ്പിച്ചു.

അധികമൊന്നും മിണ്ടാതെ അവൾ മുമ്പ് അവളുടെ സാമ്രാജ്യമായിരുന്ന മുറിയിലേക്ക് പോയി. ഇരുന്നിട്ട് ഇരിപ്പുറയ്ക്കാതെയും

കീടന്നിട്ട് കിടപ്പുറയ്ക്കാതെയും അവൾ ചാടിയെഴുന്നേറ്റ് മുറിയിലാകെ തപ്പിത്തിരഞ്ഞു. അവളുടെ പുസ്തകങ്ങളൂം പഴയ ഉടുപ്പുകളുമെല്ലാം സ്റ്റോർ റൂമിലേക്ക് മാറ്റിയിരുന്നു. അവൾ വിവാഹിതയായതിനു ശേഷം ആ മുറി ഉപയോഗിക്കുന്നത് അവളുടെ അനുജനായിരുന്നു. “എനിക്കെൻ്റെ റൂം പോലും നഷ്ടപ്പെട്ടു” എന്ന് അവൾ പിറുപിറുത്തത് അവർ കേട്ടു . ”മോൾക്ക് എന്താണ് വിഷമം പോലെ “?

അവർ മകളുടെ അരികെ ചെന്ന് ചോദിച്ചു.

“നിൻ്റെ മുഖമെന്താണ് ചോരയും നീരും വറ്റി വിളറിയിരിക്കുന്നത് “? ” ഒന്നുമില്ല.” അവൾ പറഞ്ഞു.

” ഞാനൊരു പാകമല്ലാത്ത ഉടുപ്പ് ധരിച്ചതു പോലെ തോന്നുന്നു.” അവർ അവളെ അടിമുടി നോക്കി.

അവൾ ധരിച്ചിരുന്ന വസ്ത്രത്തിന് പോരായ്മയൊന്നും തോന്നിയില്ല. “എനിക്ക് ചേരാത്ത ഒരു ഉടുപ്പ് .. അതിൻ്റെ തൊങ്ങലുകൾ ഉരഞ്ഞ് എൻ്റെ ദേഹത്ത് മുറിവുകൾ ഉണ്ടാകുന്നു. സഹിക്കാൻ വയ്യാത്ത വേദന..

മറ്റുള്ളവർ ഈ ഉടുപ്പ് എനിക്ക് ഏറ്റവും അനുയോജ്യമെന്ന് അഭിപ്രായപ്പെടുന്നു.ഇത് ധരിച്ചതിനാൽ ഞാൻ ശ്രേഷ്ഠയായി തീർന്നുവെന്നും സുരക്ഷിതയായെന്നും എന്നെ ഓർമപ്പെടുത്തുന്നു .. എന്നാൽ ഈ ഉടുപ്പു താങ്ങി ഞാൻ വീണുപോകുമെന്ന് പേടിയാണെനിക്ക്.” അവൾ പറഞ്ഞു. അവർ അവളെ ദയാപൂർവം നോക്കി നിന്നു.

എന്നിട്ടു പറഞ്ഞു “ലോകത്ത് ഒട്ടുമിക്ക സ്ത്രീകളും ധരിച്ചിരിക്കുന്നത് പാകമാകാത്ത ഉടുപ്പുകളാണ് ” അതു പറഞ്ഞ് അവർ ഭാവഭേദങ്ങളൊന്നുമില്ലാതെ അടുക്കളയിലേക്ക് പോയി. മകൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഒരുക്കാൻ തുടങ്ങി.

അന്നു വൈകിട്ട് അവൾ വളരെ ഭാരമുള്ള ഒരു വസ്ത്രത്തിനുള്ളിൽ കുരുങ്ങി വേച്ചു വീഴുമെന്ന ചേഷ്ഠകളോടെ യാത്ര പറഞ്ഞു പോയി.

പിന്നീടൊരിക്കൽ അവൾ വന്നപ്പോൾ അവളുടെ മുഖം അപ്പോൾ വിടർന്ന പനിനീർപ്പൂവിന് സമാനമായിരുന്നു .. ആഹ്ളാദവും നിഗൂഢതയും അവളുടെ ചിരിയെ അലങ്കരിച്ചു. “നീ ആളാകെ മാറിപ്പോയല്ലോ ” എന്ന് അവർ അതിശയിച്ചു.

“എനിക്ക് പാകമായ ഒരു ഉടുപ്പു കിട്ടി “അവൾ പറഞ്ഞു.

“ഓരോ അളവും കൃത്യം .. ലോലമായ ഞൊറികൾ .. മൃദുലമായ ഒരുടുപ്പ് .. ” അവർ മകളെ നോക്കി നിന്നു.

“പക്ഷേ ആ ഉടുപ്പ് മറ്റൊരാളുടേതാണ്.. ” അവൾ പറഞ്ഞു.

– 0 0 0 –

രചന: Shyni John

Leave a Reply

Your email address will not be published. Required fields are marked *