രചന: സൽമാൻ സാലി
“കെട്ടിയോളാണെന്റെ മാലാഖ” എന്ന സിനിമയുടെ കണ്ടു രോമാഞ്ച കുഞ്ചുകനായിരിക്കുമ്പോൾ ആണ് വീട്ടിലെ മാലാഖയെ ഓർമ വന്നത്….
ഇന്നേതായാലും അൽപ്പം റൊമാന്റിക് മൂഡിൽ ആയതുകൊണ്ട് അവൾക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്ന് കരുതി ഫോണെടുത്തു അവളെ വിളിച്ചു….
“ഹലോ…”
എന്നും കേൾക്കുന്ന സ്വരം ആണെങ്കിലും അപ്പൊ അവളുടെ ഹലോയിൽ പോലും പ്രണയം വിരിഞ്ഞതുപോലെ തോന്നി..
“”എടിയേ… നീ എന്നാ എടുക്കുവാ…?
“ഓഹോ… നിങ്ങൾക് അറിയില്ലായിരുന്നോ.. ഞാൻ ഇവിടെ യേശുദസിനു പാടാനുള്ള പാട്ട് എഴുതിക്കൊണ്ടിരിക്കുവാ…
“എന്റെ പൊന്നു മനുഷ്യാ.. ഈ നേരത്ത് അടുക്കളയിൽ ചപ്പാത്തി ചുട്ടോണ്ടിരിക്കുവാണെന്ന് നിങ്ങക്ക് അറിയില്ലേ….
ആദ്യം കേട്ട ഹലോയിൽ വിരിഞ്ഞ പ്രണയം കത്തികരിഞ്ഞതിന്റെ മണം മൂക്കിലാടിച്ചെങ്കിലും വിട്ടുകൊടുക്കാതെ അവളോട് പറഞ്ഞു.. “”എന്നാ നീ റെഡി ആയിക്കോ ഇന്ന് ഭക്ഷണം പുറത്ത് നിന്നും കഴിക്കാം…!!
തിരിച്ചു വീട്ടിലേക് ഡ്രൈവ് ചെയ്യുമ്പോൾ മനസ്സ് നിറയെ ഇനി നടക്കാൻ പോകുന്ന സംഭവങ്ങൾ ആയിരുന്നു…
ടൗണിലെ മുന്തിയ ഹോട്ടലിൽ ഇരുണ്ട മെഴുകുതിരി വെട്ടത്തിൽ അവളേം കൂട്ടി ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ… എന്റെ ഉള്ളിലെ അവളോടുള്ള സ്നേഹം ശരിക്കും അവൾ ഇന്ന് ആസ്വദിക്കണം…
പെട്ടെന്നാണ് മനസ്സിലേക്ക് അവനെ ഓർമ വന്നത്.. നാല് വയസ്സേ ഉള്ളു എങ്കിലും കുരുത്തകേടിന്റെ ആശാൻ ആണ്..വേറെ ആരും അല്ല ന്റെ മോൻ തന്നെ… ഇനി ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോൾ അവനെങ്ങാനും മെഴുകുതിരി അണച്ചുകളയുമോ…?
അവൻ കുരുത്തം കെട്ടവൻ ആണെങ്കിൽ ഞാൻ അവന്റെ തന്തയാണ്.. എന്നും മനസ്സിൽ ആലോചിച്ചു അടുത്തുള്ള പെട്ടിക്കടയിൽ കയറി ഒരു തീ പെട്ടി വാങ്ങി പോക്കറ്റിൽ ഇട്ടു…
വീടിന്റെ ഗേറ്റ് തുറന്നു അകത്തു കയറിയപ്പോൾ ആകെ ഒരു ഇരുട്ട്…
ഈ കുരിപ്പ് ഒരുങ്ങി നിക്കാൻ പറഞ്ഞപ്പോഴേക്കും ലൈറ്റ് ഓഫ് ചെയ്തു ഇറങ്ങിയോ എന്ന് ചിന്തിച്ചു കൊണ്ട് വണ്ടിയിൽ നിന്നിം ഇറങ്ങി അകത്തേക്ക് നടന്നു….
എന്നേ കണ്ടതും അവൾ.അടുത്തേക്ക് വന്നു…
“അവൾ എന്റെ അടുത്തേക് പതിയെ നടന്നു വന്നു എന്റെ കൈകളിൽ പിടിച്ചു…
“കർത്താവേ ഇവൾ ഇനി ആ പടം രണ്ട് വട്ടം കണ്ടോ.. എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് അവൾ എന്റെ കൈ പിടിച്ചു കൊണ്ട് അടുക്കള ഭാഗത്തേക്ക് നടന്നത്….
ഒരാട്ടിടയനെ പോലെ അവൾ മുന്നിൽ നടക്കുമ്പോൾ അനുസരണയുള്ള ഒരു കുഞ്ഞാടിനെ പോലെ ഞാൻ അവളെ അനുഗമിച്ചു…
അടുക്കളപ്പുറത് വെളിച്ചം കൂടി വരുന്ന സ്ഥലത്തേക്ക് എന്റെ കണ്ണുകൾ നീണ്ടു…
അടുക്കളയിൽ ഉണ്ടായിരുന്ന ചെറിയ ടേബിൾ മുറ്റത് ഇട്ടിരിക്കുന്നു.. അതിന്റെ മുകളിൽ രണ്ട് വർഷം മുൻപ് ഇൻവേറ്റർ വെച്ചപ്പോൾ തട്ടും പുറത്തേക്ക് കുടിയേറിയ മുട്ട വിളക്ക് കത്തിച്ചു വെച്ചിരിക്കുന്നു…..
“അല്ല.. ഇങ്ങനെ അല്ല ഞാൻ കണ്ട സ്വപ്നം എന്ന് മനസ്സ് മന്ത്രിക്കുന്നുണ്ടെങ്കിലും അവളുടെ സംസാരത്തിൽ ആയിരുന്നു എന്റെ ശ്രദ്ധ…
“അതെ… മനുഷ്യാ.. നിങ്ങൾ ആ ജോണീടെ മെസ്സേജിന് ലൈക് അടിച്ചപ്പോളെ ഞാൻ കരുതിയതാ ഇങ്ങനെ ഒക്കെ നിങ്ങൾ പറയും എന്ന്.. അതുകൊണ്ട് ഞാൻ അങ്ങോട്ട് സർപ്രൈസ് ആക്കി എന്ന് മാത്രം…
അവളുടെ സർപ്രൈസ് കണ്ട് ഞെട്ടിയില്ലെങ്കിലും ജോണീടെ മെസ്സേജ് ലൈക് അടിച്ചത് ഓർത്തു വെച്ച് ഇങ്ങനെ ഒരു സെറ്റപ്പ് ഉണ്ടാക്കിയത് ഓർത്തപ്പോ ശരിക്കും ഞെട്ടി…
രണ്ട് മാസം മുൻപ് ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പിൽ ഭർത്താവ് ഭാര്യയെ പുറത്ത് നിന്ന് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞു ഒരുങ്ങി നിന്ന ഭാര്യയെ വീടിന്റെ പുറത്ത് ഇരുത്തി ഭക്ഷണം കഴിപ്പിക്കുന്ന ഒരു വീഡിയോ കണ്ട് അതിന് ലൈക് അടിച്ചുപോയത് എന്റെ തെറ്റ്….
മുട്ട വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ചപ്പാത്തിയും കടല കറിയും കഴിക്കുമ്പോളും എന്റെ മനസ്സ് ത്രീ star ഹോട്ടലിലെ കാൻഡിൽ ലൈറ്റ് ടേബിളിന് മുന്നിൽ ആയിരുന്നു…
എന്തൊക്കെ ആയിരുന്നു..മെഴുകുതിരി വെട്ടത്തിൽ അവളുടെ മുഖത്തോട് മുഖം നോക്കി ഭക്ഷണം കഴിക്കുന്നു മോൻ മെഴുകുതിരി കെടുത്തുന്നു,പോക്കറ്റിൽ നിന്നും തീപ്പെട്ടി എടുക്കുന്നു,കത്തിക്കുന്നു,അവളെ വീണ്ടും ഞെട്ടിക്കുന്നു… എല്ലാം ഗുദാ ഹവാ…
പൊണ്ടാട്ടി ഉള്ള ഫാമിലി ഗ്രൂപ്പിൽ അറിയാതെ പോലും മറ്റുള്ളവരുടെ ഫോട്ടോക്കോ പോസ്റ്റിനോ ലൈക് കമന്റ് അടിക്കാതിരിക്കുക.. അല്ലെങ്കിൽ മുട്ട വിളക്കിന്റെ വെളിച്ചത്തിൽ ചപ്പാത്തി തിന്നേണ്ടി വരും….
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ…
രചന: സൽമാൻ സാലി