Categories
Uncategorized

അവൾക്ക് അടുക്കള അവളുടെ പരീക്ഷണശാലയും ഞാൻ അവളുടെ പരീക്ഷണ വസ്തുവും ആയിരുന്നു…

രചന: ശിവ

അത്യാവശ്യം നന്നായി പാചകം ചെയ്യാൻ അറിയാവുന്ന ഒരു പെണ്ണിനെ ഭാര്യയായി കിട്ടണമെന്ന എന്റെ ആഗ്രഹത്തിന് മേൽ ആണിയടിച്ചു കൊണ്ടായിരുന്നു കുക്കിംഗ്‌ സൈക്കോ ആയ പെണ്ണിനെ എനിക്ക് ഭാര്യയായി കിട്ടിയത് …. അതും പ്രേമിച്ചു കെട്ടിയത്.. ഈ കുക്കിംഗ്‌ സൈക്കോ എന്നുവെച്ചാൽ യൂട്യൂബിൽ കാണുന്ന സകല ഫുഡും ഉണ്ടാക്കി പരീക്ഷണം നടത്തുന്ന ഒരു സാധനം.. അവൾക്ക് അടുക്കള അവളുടെ പരീക്ഷണശാലയും ഞാൻ അവളുടെ പരീക്ഷണ വസ്തുവും ആയിരുന്നു എന്ന് വേണം പറയാൻ ….

യൂട്യൂബിൽ നോക്കി ഓരോന്ന് വെക്കുന്നതിനു എന്താണ് ഇത്ര കുഴപ്പം എന്ന് നിങ്ങൾ ആലോചിക്കും വേറെ ഒന്നുമല്ല കറികൾക്ക് എല്ലാത്തിനും ഉപ്പ് കൂടി പോവും അത്ര തന്നെ….. കാരണം ബാക്കി എല്ലാ ചേരുവകളുടെയും അളവ് കൃത്യമായി പറയുന്ന അവതാരകർ ഉപ്പിന്റെ അളവ് മാത്രം പറയാതെ ആവശ്യത്തിന് എന്നല്ലേ പറയാറുള്ളത്.. അവിടാണ് എന്റെ കെട്ടിയോളുടെ പാചകം പാളി പോവുന്നതും .. പുള്ളിക്കാരി ഒരു കണക്ക് വെച്ചു ഉപ്പ് അങ്ങ് ഇടും.. അതാണെങ്കിൽ ആവശ്യത്തിൽ കൂടുതലും ആവും…. ഇനി അഥവാ കുറച്ചു ഇട്ടാലും പിന്നീട് കുറഞ്ഞു പോയെന്നും പറഞ്ഞു ഒരു ഇടൽ ഉണ്ട് പിന്നെ ആ കറി നോക്കണ്ട….. അങ്ങനെ ഡെയിലി ഓരോരോ വിഭവം ഉണ്ടാക്കി പരീക്ഷണം ആണ് .. ഡെയിലി ഓരോരോ വ്യത്യസ്‌തമായ കറികൾ ആണ് വീട്ടിലെന്ന് കേട്ടിട്ട് കൂട്ടുകാർ പറയാറുണ്ട് അളിയാ നിന്റെയൊക്കെ ഒരു ഭാഗ്യം എന്നും ഓരോരോ കറി കൂട്ടാമല്ലോ എന്ന്….. ആ ഭാഗ്യത്തിന്റെ സുഖം ഒന്നറിയിക്കാൻ അവന്മാരെ വിളിച്ചു ഒരു ദിവസം ഫുഡ്‌ കൊടുക്കണം എന്ന് വിചാരിച്ചിട്ട് അവന്മാർക്ക് ഭാഗ്യം ഉള്ളത് കൊണ്ടാവും ഇതുവരെയും അത് നടന്നിട്ടില്ല …. പിന്നെ വീട്ടിൽ മേടിക്കുന്ന പലചരക്കു സാധനങ്ങൾ ഓരോന്നും ഇങ്ങനെ ഓരോ പരീക്ഷണം നടത്തി കുളമാക്കി തീർക്കുന്നത് കാണുബോൾ ഞാൻ ചോദിക്കാറുണ്ട് എന്തിനാടി ഈ അറിയാൻ മേലാത്ത പണിക്ക് പോവുന്നതെന്ന്……

അപ്പോൾ അവളുടെ ഒരു മാസ്സ് ഡയലോഗ് ഉണ്ട്.. “അതുപിന്നെ ഇച്ചായ.. ഇതൊക്കെ ചിലോർക്ക് ശെരിയാവും ചിലോർക്ക് ശെരിയാവുല്ല.. എന്റെ ശെരിയായില്ല അതോണ്ട് എനിക്ക് കുഴപ്പോമില്ല എന്നും പറഞ്ഞു ഇളിഞ്ഞ ചിരിയും ചിരിച്ചു കൊണ്ട് അവൾ അടുക്കളയിലേക്ക് പോവും അടുത്ത പരീക്ഷണത്തിനായി….. അവൾ പറഞ്ഞത് ശെരിയാണ് അവൾക്ക് കുഴപ്പമില്ല കാരണം അവൾ ഉണ്ടാക്കുന്ന ഫുഡ് അവൾ കഴിക്കാറില്ല.. എന്നെ കൊണ്ടല്ലേ കഴിപ്പിക്കാറുള്ളത്….. എന്ത് ചെയ്യാനാണ് പ്രേമിച്ചു കെട്ടിപോയത് കൊണ്ടു.. കൊണ്ട് പോയി കിണറ്റിൽ ഇടാനും പറ്റില്ലല്ലോ എന്റെ വിധി അനുഭവിക്കുക തന്നെ..

നമ്മൾ ആഗ്രഹിക്കുന്നതിലും കൂടുതൽ ദൈവം ചിലപ്പോൾ തരുമെന്നൊക്കെ പറയുന്നത് ഇതായിരിക്കും അല്ലേ….. എന്തായാലും അവളുടെ അന്നത്തെ പരീക്ഷണം ഒക്കെ കഴിഞ്ഞല്ലോ എന്ന സന്തോഷത്തിൽ രാത്രി ഫേസ്ബുക്ക് പോസ്റ്റുകൾ നോക്കി ബെഡ് റൂമിൽ ഇരുന്ന എന്റെ അടുത്തേക്ക് അവൾ ഒരു ചെറു പുഞ്ചിരിയോടെ വന്നിരുന്നു….. “ഇച്ചായാ.. ഇച്ചായോ…. “ഓ.. എന്താടി .. പറ “നിങ്ങളാ ഫോണിൽ തോണ്ടി കളിക്കാതെ ഇങ്ങോട്ട് ഒന്ന് നോക്കിക്കേ മനുഷ്യാ …. “ഓ കോപ്പ്.. ഹാ നോക്കി ഇനി പറ എന്താ കാര്യം പറ….. “അല്ല ഇച്ചായാ എനിക്ക് ഒരു സംശയം ഈ പുനർജ്ജന്മം എന്നൊക്കെ പറയുന്നത് ശെരിക്കും ഉള്ളതാണോ….. “ഹാ…..എനിക്കറിയില്ല. എന്താ ഇപ്പോൾ ഇത് ചോദിക്കാൻ കാരണം.. “ഹേ ഒന്നൂല്ല…. “ഹേയ് അങ്ങനെ വരാൻ വഴിയില്ലല്ലോ നീ വെറുതെ ചോദിക്കില്ല അതുകൊണ്ട് കാര്യം പറ…..

“അതുപിന്നെ ഈ പുനർജന്മത്തെ കുറിച്ചുള്ള കഥകൾ ഒക്കെ വായിച്ചപ്പോൾ തോന്നി അതൊക്കെ ഉള്ളതാവും എന്ന്….. “ഹഹഹ അതാണോ കാര്യം അതൊക്കെ വെറും കഥകൾ അല്ലേടി അല്ലാതെ അതൊന്നും സത്യം ആവണമെന്നില്ല….. “അല്ല ഇച്ചായാ.. നിങ്ങളുടെ കഥകൾ വായിക്കുമ്പോൾ അതിലെ കാന്താരിപ്പെണ് ഞാൻ ആണെന്ന് എനിക്ക് തോന്നിപ്പോയിട്ടുണ്ട്.. അങ്ങനെ ആണ് റിക്വസ്റ്റ് അയച്ചു നിങ്ങളെ പരിചയപ്പെട്ടതും സംസാരിച്ചു തുടങ്ങിയതും…. അതിനിടയിൽ ആണ് നിങ്ങളാ പുനർജന്മത്തിന്റെ കഥ എഴുതിയത്…. സത്യം പറഞ്ഞാൽ അതു വായിക്കുമ്പോൾ എനിക്കത് നമ്മുടെ കഥയാണെന്ന് തോന്നി പോയിട്ടുണ്ട്…. അതിൽ പിന്നെ നമ്മൾ തമ്മിൽ ഏതോ ഒരു പൂർവ്വജന്മ ബന്ധം ഉള്ളത് പോലൊരു ഫീലും തോന്നി തുടങ്ങി.. അല്ലെങ്കിൽ പിന്നെ മഴ കാത്ത് കിടന്ന വേഴാമ്പലിനെ പോലെ ഞാൻ ഇഷ്ടം തുറന്നു പറഞ്ഞ ഉടനെ തന്നെ നിങ്ങളും തിരിച്ചു ഇഷ്ടം ആണെന്ന് പറയുമോ….. “അതിപ്പോൾ എന്റെ വിധി പറഞ്ഞിട്ട് കാര്യമില്ല.. അന്ന് നോ പറഞ്ഞാൽ മതിയായിരുന്നു.. “തമാശ കള ഇച്ചായാ…. സത്യം പറ നിങ്ങൾക്കും എപ്പോഴെങ്കിലും തോന്നി യിട്ടുണ്ടാവില്ലേ നമ്മൾ തമ്മിൽ എന്തോ ഒരു പൂർവ്വജന്മ ബന്ധം ഉണ്ടെന്ന്…..

“മ്മ്മം.. നീ പറയുന്നതിലും കാര്യമില്ലാതില്ല …. നീ ഉണ്ടാക്കി തരുന്ന ഫുഡ്‌ കഴിക്കുമ്പോൾ പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട് കഴിഞ്ഞ ജന്മത്തിൽ ഞാൻ ചെയ്ത ഏതോ മഹാപാപത്തിന്റെ ഫലമാണ് ഇതൊക്കെ എന്ന് ….. അതുകേട്ടതും അവളുടെ മുഖമാകെ മാറി.. ദേഷ്യം കൊണ്ട് തുറിച്ചെന്നെ ഒരു നോട്ടം നോക്കി.. ഞങ്ങളുടെ ബെഡ്‌റൂം പിന്നെ അങ്ങോട്ട് ഒരു യുദ്ധക്കളം ആയി മാറുകയായിരുന്നു….. അടി, ഇടി, പിച്ച്, കടി തുടങ്ങിയ സകലതും ഏറ്റു വാങ്ങേണ്ടി വന്നു എനിക്ക്.. എന്തായാലും അതോടെ പുനർജന്മ ത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയില്ലെങ്കിലും എന്റെ ഈ ജന്മത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി…..

പ്രണയത്തിനൊപ്പം ഇങ്ങനെ ചില കൊച്ചു കൊച്ചു വഴക്കുകളും തമാശകളും പിന്നെ അവളുടെ പാചക പരീക്ഷണങ്ങളുമായി ഒക്കെയായി ഞങ്ങളുടെ ജീവിതം ഇങ്ങനെ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു ….. (സ്നേഹപൂർവ്വം… 💕ശിവ💕 )

രചന: ശിവ

Leave a Reply

Your email address will not be published. Required fields are marked *