Categories
Uncategorized

അവളെ നോക്കി അഖിൽ പറഞ്ഞതും ചെറു ചിരിയാലെ അവൾ സമ്മതം അറിയിച്ചു… മെല്ലെ അവളുടെ കയ്യിൽ കൈ കോർത്തു കൊണ്ടവൻ മറ്റുള്ളവരുടെ അടുത്തേക്ക് പോയി ഇരുവരുടെയും വരവ് കണ്ട് എല്ലാവരും പരസ്പരം നോക്കി..

✍️തൻസീഹ്‌ വയനാട്

മീന മാസത്തിലെ മേനി പൊള്ളിക്കും ചൂടിൽ അഖിൽ തന്റെ ക്യാമ്പസിന് മുന്നിലെ ചീമ മരത്തിന് കീഴെ ഇരുന്നു… എന്തിനോ വേണ്ടി അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി… മൂന്ന് കൊല്ലത്തിന് മുൻപ് ഇതേ സമയം താൻ പടിയിറങ്ങിയ ആ നിമിഷം അവന്റെ മനസ്സിലൂടെ കടന്നു പോയി……….

പ്രൗഢി വിളിച്ചോതുന്ന നാട്ടിലെ വലിയ ക്യാമ്പസ്… അവിടെ തന്നെ ഡിഗ്രി പഠിക്കണമെന്ന് അഖിലിന് വാശി ആയിരുന്നു… അല്പം കുസൃതിത്തരങ്ങൾ കയ്യിലുള്ള അഖിൽ ഈ ക്യാമ്പസിൽ കാലു കുത്തിയതോടെ മൂന്നു കൊല്ലം കൊണ്ട് ക്യാമ്പസിൽ എല്ലാവരും അറിയപ്പെടുന്ന ഒരു സ്റ്റുഡന്റ് ആയി മാറി…..

“അഖിലേ.. നീ വരുന്നില്ലേ.. എല്ലാവരും എത്തി ”

ചുമലിൽ കൈ വെച്ച് തന്നെ ഉണർത്തിയ ഉറ്റ സുഹൃത്തിനെ നോക്കി അഖിൽ തലയാട്ടി.. ഡിഗ്രി പഠനം കഴിഞ്ഞ് ഏവരും പടിയിറങ്ങുന്ന നിമിഷത്തിലെ യാത്രയയപ്പിന്റെ നിറവിൽ നിൽക്കുന്ന ക്യാമ്പസിനെ ഓർത്ത്‌ അഖിൽ വീണ്ടും കഴിഞ്ഞു പോയ നിമിഷങ്ങളെ അയവിറക്കി . അഖിലിന് വരാൻ ഉള്ള ഭാവം ഇല്ലെന്ന് മനസ്സിലാക്കിയ സുഹൃത്ത് കാർത്തിക് ബെഞ്ചിൽ അവന്റെ അടുത്തിരുന്നു..

“എത്ര പെട്ടന്നാണല്ലേ മൂന്നു വർഷം കൊഴിഞ്ഞു പോയത്… നമ്മുടേതെന്ന് പറഞ്ഞ് അഹങ്കരിച്ച് നടന്ന ഈ ക്യാമ്പസിലെ ഓരോ മൂലയും ഇനി മണിക്കൂറുകൾ മാത്രം നമുക്ക് സ്വന്തം.. അത് കഴിഞ്ഞാൽ നമ്മൾ മറ്റൊരു പേരിൽ അല്ലേ ഈ ക്യാമ്പസിൽ വന്നു കയറുക.. പൂർവ്വവിദ്യാർത്ഥികൾ.. ”

ചങ്കിൽ നിന്നടർന്നു വീണ വേദനയിലും ചിരിച്ചു കൊണ്ട് അഖിൽ തങ്ങളുടെ ക്ലാസ്സ്‌ റൂമൊന്നാകെ തന്റെ മിഴികൾ പായിച്ചു..

“ഏയ്‌.. എന്തായിത് അഖിലേ..അതിന് നമ്മളാരും വേർപിരിഞ്ഞു പോകുന്നില്ലല്ലോ. വാട്സ്ആപ്പ് ഗ്രുപ്പും മീറ്റ് അപ്പുമായി നമ്മുടെ സൗഹൃദം എന്നെന്നും നിലനിർത്തണം..”

കാർത്തിക്കിന്റെ വാക്കുകൾ കേട്ട് അഖിൽ മെല്ലെ ചിരിച്ചു..

“കാർത്തി, എന്തൊക്കെ ഗ്രൂപ്പ്‌ ഉണ്ടാക്കിയാലും ദിവസവും നാം കണ്ട് മുട്ടിയാലും അതൊന്നും നമ്മുടെ ക്യാമ്പസിലെ സന്തോഷകരമായ മുഹൂർത്തങ്ങളുടെ അടുത്ത് പോലും വരില്ല… ക്ലാസ്സ്‌ കട്ട് ചെയ്യലും.. ഇലക്ഷന്റെ പേരിലുള്ള അടിയും ആർട്ട്സും വായിനോട്ടവും ആ ക്യാന്റീനും.. എല്ലാം.. എല്ലാം നമുക്ക് ആസ്വദിക്കണമെങ്കിൽ ഈ ക്യാമ്പസ് തന്നെ വേണ്ടേ.. ”

“നീ പറയുന്നതൊക്കെ ശെരിയാ. പക്ഷെ.. ഒന്നും നമുക്ക് സ്വന്തമല്ലല്ലോ.. ഒരിക്കെ വിട്ട് പോകുമെന്നറിഞ്ഞിട്ട് തന്നെയല്ലേ നമ്മൾ ഇവിടേക്ക് വരുന്നത്.. നീ അതൊക്കെ വിട്.. അവസാന നിമിഷങ്ങൾ ആണ് ഈ കലാലയത്തിൽ.. നമുക്ക് അടിച്ചു പൊളിക്കണം.. ടീച്ചേഴ്സും എല്ലാവരും ഹാളിൽ എത്തിയിട്ടുണ്ട്.. ഇനി നിന്റെ പാട്ടോടെ തുടങ്ങണം.. വന്നേ.. ”

കാർത്തിക് അഖിലിനെയും വിളിച്ച് ഹാളിലേക്ക് നടന്നു… എല്ലാവരെയും ഒരുമിച്ച് കണ്ടതും അവന്റെ കണ്ണുകൾ തേടിയത് അവളെയാണ്.. മൂന്ന് കൊല്ലം മുൻപ് ഇങ്ങനെയൊരു ഒത്തു കൂടലിൽ ആണ് അവൻ ആദ്യമായ് അവളെ കണ്ടത്… “പാർവതി… ”

ഫ്രഷേഴ്‌സ് ഡേ നടക്കുന്ന സമയം സീനിയേഴ്സ് കുസൃതി ഒപ്പിച്ചപ്പോൾ കരഞ്ഞു കലങ്ങിയ മിഴികളാൽ തന്നെ നോക്കിയ പാവം പെണ്ണ്.. അപരിചിതരായി വന്ന് ഏറ്റവും അടുത്ത സുഹൃത്തുക്കളായവർ.. ഒരേ ക്ലാസ്സിൽ പഠിക്കുന്ന ഏത് സമയവും കൂടെ ഉണ്ടാവുന്ന ഉറ്റ ചങ്ങാതിമാർ.. പലരും അസൂയയോടെ പലതും അടക്കം പറയുമ്പോഴും അതിനെയെല്ലാം അവഗണിച്ച് കോളേജിൽ പാറി പറന്നു നടക്കുന്നവർ…. തങ്ങളിൽ പരസ്പരം ഉള്ള സ്വാർത്ഥത മറ്റെന്തോ ബന്ധത്തിലേക്ക് അവരെ നയിക്കുന്നുണ്ടെന്ന സുഹൃത്തുക്കളുടെ വാക്കുകൾ സ്നേഹത്തോടെ തന്നെ അവർ തള്ളി …… എന്നാൽ.. പിരിഞ്ഞു പോകാനുള്ള വേള അടുക്കും തോറും ഇരുവരുടെയും പഴയ ഉത്സാഹവും ഉന്മേഷവും കുറഞ്ഞു വന്നു.. എപ്പോഴും ഒരുമിച്ച് നടക്കുമെങ്കിൽ കൂടി വാക്കുകൾക്കായി അവർ ഇരുവരും തപ്പി കളിച്ചു…

എല്ലാവരും ഒത്തൊരുമിച്ച ഹാളിൽ എത്തിയ അഖിൽ മിഴികൾ നിറച്ചു കൊണ്ട് തന്നെ നോക്കുന്ന പാർവതിയെ കണ്ടു… മൂന്ന് കൊല്ലം മുൻപ് കണ്ട അതേ അവസ്ഥയിൽ തന്നെ… തിരിച്ചുമവൻ നിസ്സഹായതയോടെ നോക്കി… പാട്ടും കൂത്തും ചിരിയും കളിയും ഒടുവിൽ ഉയർന്നു പൊങ്ങിയ നിശ്വാസങ്ങളുമായി ഓരോരുത്തരും ക്യാമ്പസിൽ നിന്നും പടിയിറങ്ങാനായി ഒരുങ്ങി… പാർവതിയുടെ കയ്യിൽ പിടിച്ചു കൊണ്ട് അഖിൽ വരാന്തയിലൂടെ നടന്നു… അടി പിടി കൂടിയ ക്ലാസ്സ്‌ മുറികളിലെ ബെഞ്ചിൽ തലോടി തങ്ങളുടേതെന്ന അഹങ്കാരത്തിന്റെ അവസാന വാക്കെന്നോണം അവർ രണ്ടു പേരും ബെഞ്ചിൽ ഇരുന്നു.. ഇനിയൊരിക്കലും ഇവ തങ്ങളുടെ സ്വന്തമല്ലെന്ന യാഥാർഥ്യം ഇരുവരുടെയും കണ്ണുകളെ നനയിച്ചു… ബർത്ഡേ ആഘോഷവും ഒഴിവ് സമയങ്ങളിലെ പാട്ട് മേളവും ഇലക്ഷൻ സമയത്തെ ചൂട് പിടിച്ച ചർച്ചകളും അവരുടെ കണ്ണിൽ തെളിഞ്ഞു വന്നു… കൈ കോർത്തു പിടിച്ചു തന്നെ രണ്ട് പേരും ആ ക്ലാസ്സ്‌ മുറിയിൽ നിന്നുമിറങ്ങി…. പണ്ട് ഇരട്ട പേര് വിളിച്ചു കളിയാക്കിയതും കലപില സംസാരങ്ങളും മിസ്സിന്റെ ദേഷ്യപ്പെടലും അവരുടെ മുന്നോട്ടുള്ള കാൽവെപ്പിൽ മാഞ്ഞു പോകാൻ തുടങ്ങി.. ക്ലാസ്സ്‌ കട്ട് ചെയ്ത് വന്നിരിക്കാറുള്ള ക്യാന്റീനിൽ മുഖാമുഖം ഇരിക്കുമ്പോഴും ഇരുവരും മൗനികളായിരുന്നു.. വാ തോരാതെ സംസാരിച്ചിരുന്ന അവർക്കിടയിൽ അന്നൊരു വാക്കിനും പ്രസക്തിയില്ലായിരുന്നു…

ഒടുവിൽ പോകാനുള്ള സമയം ആയതും കോളേജ് ഗേറ്റിന് മുന്നിൽ അവർ രണ്ടു പേരും നിന്നു..ചുറ്റും തങ്ങളുടെ സഹപാഠികൾ യാത്ര പറഞ്ഞ് വിഷമം പങ്ക് വെക്കുന്നതെല്ലാം കണ്ട് കോർത്തു പിടിച്ച കൈ അയക്കാതെ അവർ വേദന നിറഞ്ഞ പുഞ്ചിരി ഏവർക്കും നൽകി..

“പാർവതീ.. ഇനി നിന്നെ കാണാൻ കിട്ടില്ലല്ലോ അല്ലേ.. ഇടക്ക് മെസ്സേജ് അയക്കണേ ”

തുടർ പഠനത്തിനായി വിദേശത്ത് പോകാൻ നിൽക്കുന്ന പാർവതിയെ വാരി പുണർന്ന് കൂട്ടുകാരികൾ യാത്ര പറഞ്ഞു . അപ്പോഴും അവളുടെ മിഴികൾ അഖിലിൽ മാത്രമായിരുന്നു.. യാതൊരു ഭാവവും ഇല്ലാതെ അവളെ നോക്കാതെ അവൻ തന്റെ ക്യാമ്പസിനെ നോക്കി.. തന്നോട് ഒരു വാക്ക് പോലും മിണ്ടാതെ നിൽക്കുന്ന അഖിലിനെ നോക്കി അവൾ കണ്ണുകൾ തുടച്ചു .

“അഖിൽ.. ഞാൻ പോകാ…നാളെയാണ് ഫ്ലൈറ്റ്.. ഞാൻ വിളിക്കാം.. ”

തനിക്ക് പോകാനുള്ള കാർ വന്ന് നിന്നതും ഇനിയും നിന്നാൽ തന്റെ കണ്ണുകളെ നിയന്ത്രിക്കാൻ ആവില്ലെന്ന് അറിയാവുന്നതിനാൽ അവൾ മെല്ലെ അഖിലിന്റെ കൈയിൽ നിന്നും തന്റെ കൈ വേർപ്പെടുത്തി.. ഒന്ന് പുഞ്ചിരി തൂകി എന്നല്ലാതെ മറുത്തൊന്നും അവൻ പറഞ്ഞില്ല..കാറിൽ കയറി പോകാൻ നേരം എന്തിനോ വേണ്ടി അവൾ തിരിഞ്ഞു നോക്കി.. എന്നാൽ പുറം തിരിഞ്ഞു നിൽക്കുന്ന അവനെ കണ്ട് നിരാശയോടെ അവൾ കാറിൽ കയറി.. തന്നിലെ പ്രാണൻ പറിഞ്ഞു പോകുന്ന വേദനയോടെ കോളേജിനെയും കാർ പോകുന്നതും മാറി മാറി നോക്കി അവൻ ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു……

“അഖിൽ… ”

പിന്തിരിഞ്ഞു നിന്ന് ക്യാമ്പസിനെ നോക്കി ഓർമ്മകൾ അയവിറക്കുകയായിരുന്ന അഖിലിനെ തേടി പരിചിത ശബ്ദം വന്നെത്തി… തന്റെ കൂടെ പഠിച്ചവർ തന്റെ മുന്നിൽ അണി നിരന്നതും അവൻ സന്തോഷം കൊണ്ട് കണ്ണുകൾ നിറച്ചു..

“കാർത്തി… ”

ആറു കൊല്ലത്തിന് ശേഷം പൂർവ്വവിദ്യാർത്ഥി നാമത്തോടെ പടി കയറി വന്ന അവർ ഇത്രയും നാളുകൾക്ക് ശേഷം കണ്ടതിന്റെ സന്തോഷം പങ്കിട്ടു…

“വരുൺ.. ദീപ… പ്രിയ.. ബഷി.. ”

ഓർത്തെടുക്കാൻ പ്രയാസമൊട്ടും ഇല്ലാതെ അവൻ ഓരോരുത്തരെ വാരി പുണർന്നു.. അതിനനുസരിച്ച് അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു..

“ആഹാ.. ഞങ്ങളെ മറന്നിട്ടില്ല അല്ലേ. അന്ന് പോയതല്ലേ നീ.. പിന്നെ ഒരു വിവരവും ഇല്ല.. നീയും വിദേശത്ത് പോയി.. കോളേജിലെ പാട്ടുകാരൻ.. അതിൽ ഉപരി പാർട്ടിയുടെ നേതാവ്.. ഈ ഒരു സ്ഥാനമേതെങ്കിലും ആവും ഇപ്പോൾ നിനക്കിപ്പോഴെന്ന് വിചാരിച്ച ഞങ്ങൾ മണ്ടന്മാർ.. നീ ബിസിനസിലേക്ക് ചേക്കേറി അല്ലേ…”

കളിയായി അവർ ഓരോന്ന് പറഞ്ഞു..അതിനിടയിൽ കാർത്തി എല്ലാവരെയും നോക്കി..

“പാർവതി വന്നിട്ടില്ല അല്ലേ.. അവൾ വരില്ലേ..”

പാർവതിയുടെ നാമം കേട്ടതും അഖിലിന്റെ മുഖത്ത് ചെറു പുഞ്ചിരി വിടർന്നു.. കാർത്തി അവന്റെ തോളിൽ കയ്യിട്ട് അവനെ സമാധാനിപ്പിച്ചു..

“അവൾ പോയ വിഷമം നിന്നെ അലട്ടിയിട്ടുണ്ടെന്നെനിക്കറിയാം. എല്ലാവരുടെയും മുന്നിൽ നിങ്ങൾ സുഹൃത്തുക്കളെ പോലെ ആണെങ്കിലും നിങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ പരസ്പരം ഇഷ്ടം ഉണ്ടെന്ന് ഇവിടെ എല്ലാവർക്കും അറിയാം.. ”

“അഖിൽ.. ഇഷ്ടം പറയാതെ മനസ്സിൽ ഒളിപ്പിച്ചു വെച്ചതാണ് നിങ്ങളുടെ തെറ്റ് . ഹാ.. സാരമില്ല.. അതൊക്കെ വിട്.. കുറേ കാലമായില്ലേ നമ്മൾ കണ്ടിട്ട്.. നിന്റെ വിശേഷങ്ങൾ പറ ”

വീണ്ടും കളി ചിരികൾ ഉയർന്നു.. എല്ലാവരും ഒരുമിച്ച് എപ്പോഴും ഒത്തുകൂടാറുള്ള ഹാളിലേക്ക് നടന്നു.. പല മാറ്റങ്ങളും വന്ന തങ്ങളുടെ ക്യാമ്പസിനെ കുറിച്ചുള്ള ചർച്ചകൾ നീണ്ടു… ഹാളിൽ എത്തിയതും ഒഴിഞ്ഞ കസേരകൾക്ക് നടുവിൽ കയ്യിൽ കുഞ്ഞുമായി പാർവതി ഇരിക്കുന്നത് അവരെല്ലാവരും കണ്ടു.. അത്ഭുതത്തോടെ അതിലേറെ സന്തോഷത്തോടെ എല്ലാവരും അവളുടെ അടുത്തേക്കോടി.. തങ്ങളുടെ മക്കളെ പരിജയപ്പെടുത്തലും വിശേഷങ്ങൾ പങ്ക് വെച്ചും അവർ സമയം നീക്കി.. അവളെ കണ്ട പാടെ എല്ലാവരുടെയും കണ്ണുകൾ അഖിലിന് നേരെ തിരിഞ്ഞു.. എന്നാൽ പുഞ്ചിരി കൈ വിടാതെ അവൻ അവർക്കൊപ്പം നിന്നു… പാർവതിയുടെ കണ്ണുകൾ പലപ്പോഴായി അഖിലിനെ തഴുകി എങ്കിലും അവർ പരസ്പരം ഒന്നും മിണ്ടിയില്ല…

പരിപാടി അവസാനിക്കാറായതും പാർവതിയെയും അഖിലിനെയും അല്പം തനിയെ വിട്ട് അവളുടെ കുഞ്ഞുമായി മറ്റുള്ളവരുടെ മാറി നിന്നു… ആറു കൊല്ലം മുൻപ് തങ്ങൾ അവസാനമായി ക്യാമ്പസ് ചുറ്റി കണ്ടത് പോലെ ഒരുമിച്ച് ഒരക്ഷരം മിണ്ടാതെ വരാന്തയിലും ക്ലാസ്സ്‌ റൂമുകളിലും അവരുടെ സാമിപ്യമെത്തി. പല നവീകരണങ്ങളാലും ഉയർന്ന കോളേജിൽ പഴയ ഓർമ്മകളുടെ മണം വേർതിരിച്ചറിയാൻ അവർ പാടു പെട്ടു..

“പോകാം… ”

അവളെ നോക്കി അഖിൽ പറഞ്ഞതും ചെറു ചിരിയാലെ അവൾ സമ്മതം അറിയിച്ചു… മെല്ലെ അവളുടെ കയ്യിൽ കൈ കോർത്തു കൊണ്ടവൻ മറ്റുള്ളവരുടെ അടുത്തേക്ക് പോയി ഇരുവരുടെയും വരവ് കണ്ട് എല്ലാവരും പരസ്പരം നോക്കി.. ആ സമയം കാർത്തികിന്റെ കയ്യിലെ കുഞ്ഞിനെ അഖിൽ വാരിയെടുത്ത് പാർവതിയെ ചേർത്ത് നിർത്തി.. എല്ലാവരും അന്തംവിട്ട് നോക്കിയതും അഖിൽ അവർക്ക് നേരെ കണ്ണിറുക്കി..

“എല്ലാം പെട്ടന്നായിരുന്നു.. ”

പാർവതി പറഞ്ഞതും എല്ലാവരും അത്ഭുതത്തോടെ ഇരുവരെയും നോക്കി.. പിന്നെ അടിയും ഇടിയും ആയി.. അവർ ഒരുമിച്ചത് തങ്ങളോട് പറയാത്തതിന്റെ പരിഭവം എല്ലാവരും പുറത്തെടുത്തു.. എല്ലാം കഴിഞ്ഞ് വീണ്ടുമൊരു വേർപിരിയൽ നിമിഷം അവരുടെ കണ്ണുകളെ നനയിച്ചു… അടിപിടി കൂടി പരസ്പരം ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ നാളുകളെ അയവിറക്കി അവർ ഒരിക്കൽ കൂടി ആ പടികൾ ഇറങ്ങി……

ശുഭം…..

✍️തൻസീഹ്‌ വയനാട്

Leave a Reply

Your email address will not be published. Required fields are marked *