അവളെ അവളായി കാണാൻ കഴിയുക തന്റെ മാതാപിതാക്കൾ ഒപ്പം ഉള്ളപ്പോഴാണ്…

Uncategorized

രചന: അംബിക ശിവശങ്കരൻ

” അമ്മു ദേ ബാഗിൽ ഈ അച്ചാറിന്റെ കുപ്പിയും കൂടി വെച്ചോ മറക്കണ്ട… നിനക്ക് ഏറ്റവും ഇഷ്ടമുള്ള കടുമാങ്ങ അച്ചാറാ.. ഫോൺ വിളിക്കുമ്പോൾ എപ്പഴും പറയണതല്ലേ അമ്മേടെ കടുമാങ്ങ അച്ചാറ് കൂട്ടി ചോറുണ്ണാൻ കൊതിയാവ്ണൂന്ന്… നീ വരണൂന്ന് പറഞ്ഞപ്പോഴേ ഞാൻ തയ്യാറാക്കിവെച്ചതാ… ദാ എടുത്ത് വയ്ക്ക് രണ്ട് കവറിൽ പൊതിഞ്ഞുട്ടുണ്ട് ബാഗിൽ ഒന്നും എണ്ണ ഒറ്റണ്ട…

അമ്മയുടെ കയ്യിൽ നിന്നും അച്ചാറിന്റെ കുപ്പി വാങ്ങുമ്പോൾ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു. എനിക്ക് ഏറെ പ്രിയപ്പെട്ടത് അച്ചാർ ആയിരുന്നില്ല മറിച്ച് അച്ചാർ കുഴച്ചുരുട്ടി അമ്മ തന്നിരുന്ന ചോറുരുളകൾക്കായിരുന്നെന്ന് അമ്മ മറന്നുവോ???

” നാളെ അരുൺ എപ്പോ വരും മോളെ? ”

” രാവിലെ നേരത്തെ എത്തുമെന്ന് പറഞ്ഞിരുന്നു ”

” ഇനി എന്നാ നീ ഇങ്ങോട്ട്? ”

സാരിത്തലപ്പുകൊണ്ട് കണ്ണീരൊപ്പി എന്റെ അരികിൽ വന്നിരുന്ന അമ്മയുടെ കൈത്തലം മുറുകെ പിടിച്ച് ഞാൻ മൗനമായിരുന്നു.

” നിനക്ക് അവിടെ വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ മോളെ…അരുൺ നിന്നെ നല്ലപോലെ നോക്കുന്നുണ്ടെന്ന് അമ്മയ്ക്കറിയാം.. അതാ എനിക്ക് ഒരു സമാധാനം.അടുത്തൊന്നും അല്ലല്ലോ അമ്മയ്ക്ക് ഇടയ്ക്കിടയ്ക്ക് വന്നു കാണാൻ ”

” അമ്മ എന്തിനാണ് വെറുതെ വിഷമിക്കുന്നത്?ഇതിപ്പോ അങ്ങ് അമേരിക്കയിൽ ഒന്നുമല്ലല്ലോ മൂന്ന് മണിക്കൂർ ബസ് യാത്രയല്ലേ ഉള്ളൂ അമ്മയ്ക്ക് വരാൻ അല്ലേ ബുദ്ധിമുട്ടുള്ളൂ..കാണണമെന്ന് തോന്നുമ്പോളൊക്കെ ഞാൻ ഇങ്കിട് പറന്നെത്തില്ലേ പിന്നെന്താ?? അമ്മയുടെ തോളിൽ ചാരി ഇരുന്നു കൊണ്ട് ഞാൻ ആശ്വസിപ്പിച്ചു.

” ഉവ്വ് കഴിഞ്ഞ വട്ടം ഇതും പറഞ്ഞ് പോയിട്ട് ഇപ്പോ രണ്ടുമാസം കഴിഞ്ഞല്ലേ നീ വന്നത്.. അങ്ങോട്ട് പോയാൽ നിനക്ക് പിന്നെ ഇവിടുത്തെ കുറിച്ച് ഒരു ചിന്തയും ഇല്ല. ” കണ്ണീർ തുടച്ച് അമ്മ അടുക്കളയിലേക്ക് നടന്നു.

” ചിന്ത ഇല്ലാഞ്ഞിട്ടല്ലമ്മേ.. ഒരു ദിവസത്തിൽ അമ്മയെയും ഞാൻ ജനിച്ചു വളർന്ന ഈ വീടിനെയും ഓർക്കാത്ത നിമിഷങ്ങൾ വളരെ കുറച്ചേ ഉള്ളൂ എന്ന് അമ്മയ്ക്ക് അറിയില്ലല്ലോ…

ഒരു ചെറിയ കറിക്കൂട്ട് തയ്യാറാക്കി രുചിച്ചു നോക്കുമ്പോൾ പോലും മറ്റാർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത എന്ത് വിദ്യയാണ് അമ്മ അതിൽ ചേർത്തിരുന്നത് എന്ന് ഓർക്കാറുണ്ട്. അമ്മ പഠിപ്പിച്ചുതന്ന പാചകവിദ്യകൾ പരീക്ഷിച്ചുണ്ടാക്കിയ വിഭവങ്ങൾ കൂട്ടി കഴിക്കുമ്പോഴും അമ്മയുടെ ഒരുരുള ചോറിന് വേണ്ടി കൊതിക്കാറുണ്ട്..

പീരിയഡ്‌സ് ആയി വേദന സഹിക്കാതെ ഇരിക്കുമ്പോൾ അമ്മയുടെ തലോടൽ ഞാനേറെ ആഗ്രഹിക്കാറുണ്ട്. ഇഷ്ടമുള്ള ആഹാരങ്ങൾ ഉണ്ടാക്കി തരുവാൻ അമ്മയോട് പറയുന്നത്ര അധികാരത്തിൽ മറ്റാരോടാണമ്മേ എനിക്ക് പറയാൻ കഴിയുക? എനിക്കൊന്നു വയ്യാതിരുന്നാൽ ഒരു മടിയും കൂടാതെ, ഒരു ശാപവാക്കുകളും ചൊരിയാതെ എനിക്ക് വേണ്ടി എല്ലാം ചെയ്തു തരുന്നതും എന്റെ അടിവസ്ത്രങ്ങൾ വരെ കഴുകി തരുന്നതും എന്റെ അമ്മ മാത്രമല്ലേ? മതിവരുവോളം ഒന്ന് കിടന്നുറങ്ങാൻ കൊതി തോന്നുമ്പോളൊക്കെയും ഞാൻ എന്റെ വീടിനെയും അമ്മയെയും അല്ലാതെ ആരെയാണ് ഓർക്കേണ്ടത്?? ഒന്നുറങ്ങി പോയതിന്റെ പേരിൽ അമ്മ ഒരിക്കൽ പോലും എന്നെ നിഷേധ ഭാവത്തിൽ നോക്കിയിട്ട് പോലുമില്ലല്ലോ….

“എനിക്ക് എന്റെ അമ്മയെ കാണണം അച്ഛനും അമ്മയുമൊത്ത് മതിവരുവോളം താമസിക്കണം” എന്ന് പല ആവർത്തി ഉറക്കെ വിളിച്ചു പറയണമെന്ന് മനസ്സ് കൊതിക്കാറുണ്ടമ്മേ.. എനിക്ക് ജന്മം നൽകിയവരുടെ കൂടെ താമസിക്കാൻ മറ്റുള്ളവർ അനുവാദം തരുന്ന ഇത്തരം നികൃഷ്ടമായ ചിന്താഗതി ആരാണ് സൃഷ്ടിച്ചെടുത്തത്? ഭർതൃ വീട്ടുകാരുടെ സൗകര്യമനുസരിച്ച് അവർ പറഞ്ഞ കാലയളവ് പ്രകാരം സ്വന്തം വീട്ടിൽ വന്നു താമസിച്ചു പോകാൻ മാത്രം വിധിക്കപ്പെട്ടവർ ആയി മാറിയോ സ്ത്രീകൾ???

എന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അമ്മ അറിഞ്ഞത് പോലെ മറ്റാരും അറിഞ്ഞിട്ടില്ലെമ്മേ… ഇഷ്ടമില്ലാത്ത കറി ഉണ്ടാക്കിയാൽ വഴക്കിട്ടിരുന്ന ഞാൻ ഇന്ന് എന്റെ തായ ഒരു ഇഷ്ടവും അനിഷ്ടവും പ്രകടിപ്പിക്കാറില്ല.

ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സ്വർഗ്ഗം സ്വന്തം വീട് തന്നെയാണ്. അവളെ അവളായി കാണാൻ കഴിയുക തന്റെ മാതാപിതാക്കൾ ഒപ്പം ഉള്ളപ്പോഴാണ്. ഒരു ദിവസം ചെയ്യുന്ന വീട്ടുജോലികളിൽ അല്പം പിഴവുകൾ വന്നാൽ പോലും കുറ്റപ്പെടുത്തുന്നവർക്കൊപ്പം അവൾ സന്തോഷവതിയായിരിക്കും എന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ?? ഓരോ ദിവസങ്ങൾ കഴിയുംതോറും അനുകൂല സാഹചര്യങ്ങൾക്ക് വേണ്ടി വാശി പിടിക്കുകയല്ല മറിച്ച് പ്രതികൂല സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കുകയാണ് ഓരോ പെണ്ണും. ആദ്യമെല്ലാം ഓരോ കുത്തുവാക്കുകൾ കേൾക്കുമ്പോൾ അമ്മയുടെ അടുത്തേക്ക് ഓടി വരാൻ തോന്നും പക്ഷേ എന്റെ സങ്കടം കണ്ടാൽ അമ്മ ഏറെ വേദനിക്കും എന്ന് അറിയാവുന്നത് കൊണ്ട് ഒന്നും പറഞ്ഞില്ല. ഇപ്പോൾ എനിക്ക് എല്ലാം ശീലമാണ് കുറ്റപ്പെടുത്തലുകൾ ഒന്നും എന്നെ തളർത്താറേയില്ല.”

മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്ന വാക്കുകൾ അവസാനിപ്പിച്ചുകൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചവൾ മിണ്ടാതെ കിടന്നു.

” നാളെ ഈ സ്വർഗ്ഗം വിടുകയാണ്.. ഒരു അതിഥിയെ പോലെ ഞാൻ ഇനിയും വരും എനിക്ക് ജന്മം നൽകിയവരെ കാണാൻ.. ”

രചന: അംബിക ശിവശങ്കരൻ

Leave a Reply

Your email address will not be published. Required fields are marked *