രചന: Saji Manathavady
പെണ്ണുകാണൽ
മരം കോച്ചുന്ന തണുപ്പത്ത് പുതച്ചുമൂടി കിടക്കുമ്പോഴാണ് അമ്മയുടെ നീട്ടി വിളിച്ചത് :
“മോനെ മനു വേഗം എണിറ്റ് റെഡിയാവാൻ നോക്ക് ജെയിംസ് ഇപ്പോവരും . അവൻ വിളിച്ചിട്ടുണ്ടായിരുന്നു ”
വേണ്ടായിരുന്നു സുഖമായി കിടന്നുറങ്ങിയാൽ മതിയായിരുന്നു. മനസ്സില്ലാമനസ്സോടെ ഞാൻ ദിനചര്യകളിലേക്ക് കടന്നപ്പോഴേക്കും കൂട്ടുകാരനായ ജെയിംസ് അവൻ്റെ പുതിയ ബൈക്കിൽ എത്തിയിരുന്നു. അവൻ ഗൾഫിൽ ഐടി എൻജിനിയറാണ്.സുമുഖൻ ,സുന്ദരൻ സർവോപരി നാലു പുത്തനുള്ളവൻ. പുതിയ ബൈക്ക് സർവീസ് ചെയ്യാൻ അവൻ കോഴിക്കോട് പോകുന്നുണ്ട്. അതുകൊണ്ട് ആ വഴി പോകുമ്പോൾ എന്നെ താമരശ്ശേരിയിൽ പെണ്ണു കാണിക്കാൻ കൊണ്ടുപോകാമെന്ന് ഏറ്റിട്ടുണ്ട് .അവൻ തിരക്കുകൂട്ടുകയാണ്. അവൻ്റെ തിരക്കുകണ്ടാൽ തോന്നും അവനാണ് പെണ്ണുകാണാൻ പോകുന്നതെന്ന്.
കുതിരപ്പുറത്ത് ഇരിക്കുന്നതുപോലെ അവൻ്റെ “അപ്പാച്ചി “ക്ക് പിന്നിൽ ഞാൻ അള്ളിപ്പിടിച്ചിരുന്നു. തണുത്ത കാറ്റും മഞ്ഞും ചെവിയിൽ ആഞ്ഞടിച്ചപ്പോൾ ആ പോക്ക് തന്നെ വേണ്ട എന്ന് തോന്നിപ്പോയിരുന്നു. ഓൺലൈനിൽ ഓൺലൈനായി പെണ്ണ് കാണിക്കുന്ന മാട്രിമോണിയൽ സൈറ്റുകൾ ഇഷ്ടം പോലെയുള്ളപ്പോൾ ഇപ്പോൾ ഇത്തരം ചടങ്ങുകൾ അനാവശ്യവും ധൂർത്തുമാണെന്ന് എന്നിലെ എക്കണോമിസ്റ്റ് പറഞ്ഞു.
പതിനൊന്ന് മണിയായപ്പോൾ ചുരമിറങ്ങി . പതിന്നൊന്നരയോടെ പെണ്ണ് വീട്ടിലെത്തി . അവിടെ ബ്രോക്കർ കാദർക്ക ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു . പെണ്ണിന്റെ വീട് ഒരു കൊട്ടാരമായിരുന്നു.അതെന്നെ എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു .ഇത്തരമൊരു പാർട്ടിയാണെന്നു അറിഞ്ഞിരുന്നെങ്കിൽ ഇതങ്ങ് വേണ്ടന്ന് വെക്കാമായിരുന്നു ഞാൻ മനസ്സിൽ പറഞ്ഞു . യുദ്ധം ചെയ്യാനിറങ്ങുമ്പോൾ എതിരാളിയെ നോക്കണമല്ലോ. ” മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെ പോലെ നിൻ മുഖം “എന്നത് പറഞ്ഞതു പോല വിടർന്ന മുഖത്തോടെ ജെയിംസ് എന്നോട് പറഞ്ഞു
“ഇത് പൊളിച്ചു ”
” എല്ലാത്തിനുമൊരു സമയമുണ്ട് ദാസാ!” ഞാൻ സിനിമ ഡയലോഗ് കാച്ചി .
വീട്ടുകാർ വളരെ മാന്യമായിട്ടാണ് പെരുമാറിയത്. ഞങ്ങളെ സ്വീകരിച്ചത് പെണ്ണിന്റെ അമ്മാവനായിരുന്നു. അവരുടെ സ്വീകരണമുറി അത്യാഡംബര മായിരുന്നു . എന്നെക്കാൾ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയാണ് കൂൾ ഡ്രിങ്കുമായി വന്നത്. അവൾക്ക് പറയത്തക്ക സൗന്ദര്യമോ മേക്കപ്പോ ഉണ്ടായിരുന്നില്ല . അവൾ ഞങ്ങളെ തീരെ ശ്രദ്ധിക്കാത്തത് ഞങ്ങളെ അത്ഭുതപ്പെടുത്തി. അപ്പോഴാണ് പെണ്ണിന്റെ അച്ഛൻ മുകളിലേക്ക് നോക്കി “ഹെലൻ “എന്ന് വിളിച്ചത്. ചായയും കൂൾ ഡ്രിങ്ക്സുo കൊണ്ടുവന്നത് അവിടെത്തെ ഒറിസ വേലക്കാരി ആയിരുന്നു . ഒരു മേക്കപ്പ് മാൻ കൂടെയുളളതു പോലെ നന്നായി പുട്ടിയിട്ട് ഹെലൻ ഭൂമിയിലേക്ക് ഇറങ്ങി വന്ന് ഞങ്ങൾക്ക് ദർശനമരുളി.
മുഖവുരയായി ഞാൻ ചോദിച്ചു ” ഹെലനെന്താ ചെയ്യുന്നത് ?”
മറുപടി ഗൗരവത്തിലാ യിരുന്നു :
“ബാംഗ്ലൂരിൽ MSW പഠിക്കുകയായിരുന്നു.
കോഴ്സ് കഴിഞ്ഞു. ഇനി പുറത്തെവിടെയെങ്കിലും ട്രൈ ചെയ്യണം . ”
തികച്ചും അലക്ഷ്യമായിട്ടാണ് അവൾ എന്നോട് മറുപടി പറഞ്ഞത്. ഈ സമയമത്രയും അവൾ ജെയിംസ് നോക്കികൊണ്ടിരുന്നു. എനിക്കൊരു കാര്യം മനസ്സിലായി അവൾ ചെറുക്കനെന്ന് വിചാരിച്ചത് ജെയിംസിനെയായിരുന്നു.ഇത് മനസ്സിലാക്കിയ വീട്ടുകാർ എന്നെ പരിചയപ്പെടുത്തിയപ്പോൾ അവളുടെ മുഖം വോൾട്ടേജില്ലാത്തപ്പോൾ കത്തുന്ന ബൾബു പോലെയായി . അല്ലെങ്കിലും നമ്മളെക്കാൾ സുന്ദരന്മാരെ ഇത്തരം സന്ദർഭങ്ങളിൽ ഒഴിവാക്കുകയാണ് നല്ലെതെന്ന് എനിക്ക് തോന്നി.അത് കണ്ട കാദർക്ക വീട്ടുകാരോട് പറഞ്ഞു ചെറുക്കന് പെണ്ണിനോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആ ചടങ്ങ് നടക്കട്ടെ .
അവളെന്നെ അവളുടെ റൂമിലേക്ക് കൊണ്ടുപോയി . ശരിക്കും അതും ഒരു ഒരു റോയൽ സ്യൂട്ട് തന്നെയായിരുന്നു . ഒരു ഹെഡ്മാസ്റ്ററെ പോലെയാണവൾ പെരുമാറിയത്.
“മനുവിന് എന്താ ജോലി?”
“യു ഡി ക്ലാർക്ക് ”
“എന്തു കിട്ടും ? ”
“നാല്പതിന് മുകളിൽ ”
” ഇതുകൊണ്ട് ജീവിക്കാൻ പറ്റുമോ ?”
ഞാൻ അത്ഭുതത്തോടെ അവളെ നോക്കിക്കൊണ്ട് ചിന്തിച്ചു ലക്ഷക്കണക്കിന് ആളുകളാണ് പിഎസ്‌സി പരീക്ഷ എഴുതുന്നത് എന്നിട്ടും ജോലി കിട്ടുന്നത് വളരെ കുറച്ചു പേർക്ക് മാത്രം. എനിക്ക് ജോലി കിട്ടിയത് മൂന്ന് കൊല്ലം കഠിനാധ്വാനം ചെയ്തിട്ടാണ്. കാര്യം സർക്കാർ ജോലി ശരിക്കുമൊരു ലോട്ടറിയാണ്.ഇഷ്ടം പോലെ ലീവും മറ്റ് ആനുകൂല്യങ്ങളും . ചിലപ്പോൾ കിമ്പളവും കിട്ടും .അധികം വളച്ചുകെട്ടില്ലാതെ അവൾ പറഞ്ഞു
“മനു സത്യം പറയുകയാണെങ്കിൽ എനിക്കിഷ്ടപ്പെട്ടത് ജയിംസിനെയാണ്.
പോരാത്തതിന് അയാൾക്ക് ഗൾഫിൽ ജോലിയുണ്ട്.
ഞാനാണെങ്കിൽ പുറത്തേക്ക് പോകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്
മനുവിന് വിരോധമില്ലെങ്കിൽ ജയിംസിനെ ഒന്ന് വിളിക്കാമോ ?”
ഏസി യുടെ തണുപ്പിലും ഞാൻ വിയർക്കുന്നുണ്ടായിരുന്നു.സംയമനത്തിന്റെ പൗഡർ പൂശി ഞാൻ ജെയിംസിനെ വിളിച്ചു .
” എടാ ഹെലൻ ഇഷ്ടപ്പെട്ടത് എന്നെയല്ല നിന്നെയാണ് ”
പെണ്ണിന്റെ വീട്ടുകാർ ശരിക്കും ഞെട്ടി. ഞാനാദ്യം ഒന്ന് ഞെട്ടിയതല്ലേ അവരുമൊന്ന് ഞെട്ടട്ടെയെന്ന് കരുതി.
സങ്കോചം കൂടാതെ അവരെ കാര്യങ്ങൾ ഞാൻ ധരിക്കുമ്പോഴും വീട്ടുകാരുടെ അമ്പരപ്പ് മാറിയിരുന്നില്ല .
കാര്യങ്ങൾ വേഗം തീരുമാനിക്കപ്പെട്ടു. ജെയിംസിന് ലീവ് അധികമില്ലാത്തതിനാൽ അടുത്ത മാസം തന്നെ മനസമ്മതവും കല്യാണവും നടത്താൻ തീരുമാനിച്ചു. ഞാൻ എന്തോ പോയ അണ്ണാനുമായി . അല്ലെങ്കിലും ജീവിതമങ്ങനെയാണല്ലോ നമ്മൾ പലതും സ്വപ്നം കാണും . കാണുന്നത് കിട്ടുകയുമില്ല. എന്ന് കരുതി സ്വപ്‌നം കാണാതിരിമോ? വഴി മോശമാണെങ്കിലും ജീവിത വണ്ടി മുന്നോട്ട് പോയല്ലേ പറ്റു .
ഞാൻ താമരശേരിയിൽ നിന്ന് വയനാട്ടിലേക്ക് പോകാമെന്ന് പറഞ്ഞെങ്കിലും അവൻ സമ്മതിച്ചില്ല. കോഴിക്കോട് കൊണ്ടുപോയി ഹോട്ടലിൽ കയറ്റി ഭക്ഷണം കഴിപ്പിച്ച് ബസ്റ്റാൻഡിൽ വിട്ടു. ബൈക്ക് സർവീസ് ചെയ്യാൻ അവൻ സർവീസ് സെൻറിലേക്ക് പോയി.അവിടെ മാനന്തവാടിക്ക് പോകുന്ന കെഎസ്ആർടിസി ബസ് കിടക്കുന്നുണ്ടായിരുന്നു. ഞാൻ കയറിയപ്പോഴേക്കും ഒരു സീറ്റ് ഒഴിച്ച് മറ്റെല്ലാം ആളുകൾ കയ്യടക്കിയിരുന്നു. ഒഴിഞ്ഞ സീറ്റിൽ ഒരു പെൺകുട്ടിയാണ് ഇരുന്നത് . ദൂരയാത്ര ആയതുകൊണ്ട് അവളുടെ അടുത്ത് അത് ഇരിക്കാൻ തീരുമാനിച്ചു. ഞാൻ ഇരിക്കാൻ തുടങ്ങുമ്പോൾ അവളുടെ മുഖത്തെ പുഞ്ചിരി വിടരുന്നത് കണ്ടു. അത് മറ്റാരുമായിരുന്നില്ല എന്റെ ഓഫീസിലെ ജൂനിയർ ക്ലാർക്ക് മെർലിൻ മാത്യു .
“മനു സാറെന്താ ഇവിടെ ?”
“ഒന്നൂല്ല”
എന്നോട് പറയാൻ വിഷമമാണെങ്കിൽ വേണ്ട ”
“അതു കൊണ്ടല്ല ”
“എങ്കിൽ പറ സാറെ ”
ഞാൻ തത്ത പറയുന്നത് പോലെ കാര്യങ്ങൾ അവളോട് പറഞ്ഞപ്പോൾ അവൾ ചിരിക്കുന്നുണ്ടായിരുന്നു.
” ദുഷ്ട ”
ഞാൻ ദേഷ്യത്തോടെ നോക്കിയപ്പോൾ അവൾ ചിരിച്ചു.
” നന്നായി ” “അതെന്താ ?”
“ഹേയ് ഒന്നുമില്ല. ”
“ഞങ്ങളെ പോലെയുള്ളവർ അടുത്തുളളപ്പോൾ വെറുതെ അങ്ങ് ദൂരെ താമരശ്ശേരി വരെ പോണോ ? ”
എന്റെ മനസ്സിലൂടെ ഒരു കൊള്ളിയാൻ മിന്നി. ലാലേട്ടന്റെ പഞ്ച് ഡയലോഗ് ഓർമ്മ വന്നു. വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പു !
അതോടെ എന്റെ തേടി നടപ്പ് കഴിഞ്ഞു. ഒരു മാസത്തിനുള്ളിൽ സഹയാത്രക്കാരിയെ ജീവിതയാത്രയിൽ ഒപ്പം കൂട്ടി.
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…
രചന: Saji Manathavady