Categories
Uncategorized

അവളുടെ വാക്കുകൾ കേട്ടു അവർ മുഖത്തോട് മുഖം നോക്കി…

രചന: റഹീം പുത്തൻചിറ…

ഒരു കുഞ്ഞു വീട്

“ഡാ…. നമ്മൾ ചെയ്യുന്നത് ശരിയാണോ.. എനിക്ക് ആകെ പേടിയാകുന്നു..” ശാലിനി മുകേഷിനോട് ചോദിച്ചു…

“നിനക്ക് പേടിയാണെങ്കിൽ നമുക്ക് പോകാം ”

അതല്ല.. എന്നാലും.. എന്തോ..

“നീ ഇങ്ങനെ ടെൻഷനാകാതെ… ഇതൊക്കെ എല്ലാവരും ചെയ്യുന്നതാ…. പിന്നെ ഇതു നമ്മളെടുത്ത തീരുമാനമല്ലേ…” അതും പറഞ്ഞു മുകേഷ് അവളെ കെട്ടിപ്പിടിച്ചു ബെഡിലേക്ക് ചാഞ്ഞു…

മുകേഷും ശാലിനിനിയും ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ്…രണ്ടാളും സോഫ്റ്റ്‌വെയർ എഞ്ചിനീയെറാണ്… കുറച്ചു നാളായുള്ള പരിചയം… ഗ്രാമത്തിൽ നിന്നും വരുന്ന ശാലിനിക്ക് കൊച്ചി എന്ന നഗരവും അവിടത്തെ രീതികളും പുതിയതാണ്… കൂടെയുള്ള കൂട്ടുകാരികളിൽ നന്ദിനി ഒഴികെ ബാക്കിയുള്ളവർ മോഡേൺ ആണ്… നന്ദിനി കൊച്ചിയിൽ വളർന്നതാണെങ്കിലും അവൾക്കിഷ്ട്ടം ഗ്രാമമാണ്…. അവളുടെ അമ്മ വീട് പുത്തൻചിറ എന്ന ഗ്രാമത്തിലാണ്… ആ വീടും അവിടത്തെ കാഴചകളെയും കുറിച്ച് പറയുമ്പോൾ അവളുടെ വാക്കുകൾ കേട്ടിരിക്കാൻ നല്ല രസമാണ്…

ഇന്നു സെക്കൻ സാറ്റർഡേ ആയായിരുന്നു.. അവൻ നിർബന്ധിച്ചത് കൊണ്ടാണ് നന്ദിനിയോട് പോലും പറയാതെ അവന്റെ കൂടെ ഹോട്ടലിൽ മുറിയെടുത്തത്… വീട്ടിലേക്ക് പോകുന്നു എന്നാണ് നന്ദിനിയോട് പറഞ്ഞിരുന്നത്… അവനു തന്നെ ഇഷ്ട്ടമാണ്…ഒരുപാട് വട്ടം പറഞ്ഞിട്ടുണ്ട്…. എങ്കിലും മനസ്സിലൊരു കുറ്റബോധം….അച്ഛനെയും അമ്മയെയും ഓർമ്മ വന്നപ്പോൾ കണ്ണുകൾ നിറഞ്ഞു… ഉച്ച കഴിഞ്ഞിരിക്കുന്നു….മുകേഷ് നല്ല ഉറക്കത്തിലാണ്… വേഗം എഴുന്നേറ്റു ഡ്രസ്സ്‌ മാറി ബസ്സ്റ്റാൻഡിലേക്ക് നടന്നു…നാട്ടിലേക്കുള്ള ബസ്സിൽ കയറി രണ്ടു നാൾ കഴിഞ്ഞേ വരൂ എന്നു നന്ദിനിയെ വിളിച്ചു പറഞ്ഞു…

വീട്ടിലേക്ക് ചെല്ലുമ്പോൾ അച്ഛൻ തൊടിയിൽ തന്നെയുണ്ട്. നേരം വൈകിയിരുന്നു…പടിപ്പുര കടന്നു ചെല്ലുമ്പോൾ അമ്മ തൊഴുത്തിൽ പശുക്കളോട് സല്ലപിക്കുന്നു…

“നീ ഇന്നു വരില്ലെന്ന് പറഞ്ഞിട്ട്…അമ്മ തൊഴുത്തിൽ നിന്നും വിളിച്ചു ചോദിച്ചു..

“എന്തെ.. ഞാൻ വന്നത് ഇഷ്ട്ടമായില്ലേ..”.

“പട്ടണത്തിൽ പോയതിൽ പിന്നെ ഈ പെണ്ണിനോട് ഒന്നും ചോദിക്കാൻ വയ്യാതായല്ലോ… എന്തു ചോദിച്ചാലും തർക്കുത്തരം മാത്രം… അന്നേ ഞാൻ പറഞ്ഞതാ.. നമ്മുടെ നാട്ടിലുള്ള എന്തേലും ജോലി ചെയ്തു ജീവിച്ചാൽ മതിയെന്ന്… അതെങ്ങനാ അച്ഛനും മോളും അമ്മ പറയുന്നത് കേൾക്കില്ലല്ലോ….”.

അവൾ റൂമിൽ ചെന്ന പാടെ കട്ടിലിൽ കിടന്നു… അപ്പോഴും അമ്മ എന്തൊക്കയോ പറയുന്നുണ്ട്… റൂമിൽ ലൈറ്റ് തെളിഞ്ഞപ്പോഴാണ് അവൾ ചാടി എഴുന്നേറ്റത്…സമയം ഒരുപാട് കഴിഞ്ഞിരുന്നു…

“എന്താ.. വയ്യേ”…അച്ഛൻ ചോദിച്ചു

ഏയ്‌.. ഒന്നുല്ല….

“അമ്മയുടെ വാക്കുകൾ കേട്ടിട്ടാണോ.. നിനക്കറിയാലോ… അവൾക്ക് നിന്നെ പിരിഞ്ഞിരിക്കാൻ ഒട്ടും ഇഷ്ടമല്ല… അതും പട്ടണത്തിൽ… നിന്നെ ഞാൻ പറഞ്ഞയച്ചതാണെന്നും പറഞ്ഞു എന്നെ എപ്പോഴും വഴക്ക് പറയും..പാവം… പട്ടണത്തിലുള്ളവർ മനുഷ്യരല്ലന്നാണ് അവളുടെ വിചാരം…”

“ഏയ്‌.. അതുകൊണ്ടല്ല… അമ്മയെ എനിക്കറിഞ്ഞൂടെ… ആകെ ഒരു ക്ഷീണം ഉറങ്ങിപ്പോയി…

നാളെ വൈകീട്ട് തന്നെ പോകോ..

ഇല്ല…രണ്ടു നാൾ ലീവ് പറഞ്ഞിട്ടുണ്ട്..

അതേതായാലും നന്നായി… കുറച്ചു നാളായില്ലേ നീ ഇവിടെ വന്നു രണ്ടു ദിവസം നിന്നിട്ട്… അവൾക്കിത് കേൾക്കുമ്പോൾ സന്തോഷമാകും…അതും പറഞ്ഞു അയാൾ പുറത്തേക്കു പോയി…

ആ സമയത്താണ് ബാഗിലുള്ള മൊബൈൽ വൈബ്രേറ്റ് ചെയ്തത്.. നോക്കുമ്പോൾ ഇരുപത് മിസ് കാൾ.. അതിൽ കൂടുതൽ മുകേഷ് ആയിരുന്നു…

നീയെന്താ.. പറയാതെ പോയെ… ഞാൻ എത്ര ടെൻഷൻ ആയീന്നറിയോ…

ഏയ്‌ ഒന്നുല്ല… ഞാൻ നാട്ടിലേക്ക് പോന്നു…

അതു ശരി.. നാട്ടിലെത്തിയോ… അപ്പോൾ ഇനിയെന്നാ തിരിച്ചു…

രണ്ടു ദിവസം കഴിഞ്ഞു വരുള്ളൂ..

ഉം..

ഞാൻ അച്ഛനോട് നമ്മുടെ കാര്യം പറയട്ടെ..

എന്തു കാര്യം…

നമ്മുടെ കല്യാണ കാര്യം…

“കല്യാണമോ.. നിനക്ക് വട്ടാണോ… നമ്മൾ ജസ്റ്റ്‌ റിലേഷൻ ആയതേയുളളു ശരിക്കും മനസ്സിലാക്കിയിട്ട് കൂടിയില്ല…. അതിനു മുൻപേ കല്യാണമെന്നൊക്ക പറഞ്ഞാൽ..

“മനസ്സിലാക്കിയില്ലന്നോ.. മുകേഷ് എന്താണ് പറഞ്ഞു വരുന്നത്.. മനസ്സിലാക്കാതെയാണോ കൂടെ കിടന്നത്.”..

“കൂടെ കിടന്നു എന്നും പറഞ്ഞു കല്യാണം കഴിക്കാൻ പറ്റോ…ഓ. നിന്നെ പറഞ്ഞിട്ട് കാര്യമില്ല… കാട്ടുമുക്കിൽ നിന്നും വരുന്ന നിനക്ക് ഇതൊക്കെ പറഞ്ഞാൽ മനസ്സിലാകില്ല…

“എന്തു മനസ്സിലാകില്ലന്നാണ് മുകേഷ് പറയുന്നത്… അതു ചോദിക്കുമ്പോൾ ശാലിനിക്ക് കരച്ചിൽ വന്നിരുന്നു…

Ok.. ഞാൻ പിന്നെ വിളിക്കാം.. നീ വെറുതെ ഇമോഷണൽ ആകേണ്ട…

ഫോൺ കയ്യിൽ പിടിച്ചു അവൾ കരഞ്ഞു… അപ്പോഴാണ് നന്ദിനി വിളിച്ചത്..

“എന്താണ് നാട്ടിലെ വിശേഷങ്ങൾ….നിന്റെയൊക്കെ ഭാഗ്യം… അമ്മയുണ്ടാക്കിയ നല്ല കുത്തരി ചോറും, ചമ്മന്തിയും കൂട്ടി നല്ല തട്ടായിരിക്കും അല്ലേ…”

അതു കേട്ടപ്പോൾ അവൾക്ക് കരച്ചിലടക്കാനായില്ല…

ടീ.. എന്താ പറ്റിയെ.. എന്തിനാ കരയുന്നത്…

അവൾ നടന്ന കാര്യങ്ങളെല്ലാം അവളോട് പറഞ്ഞു..

നീ എന്തു മണ്ടത്തരമാണ് കാണിച്ചത്… ഒരാൾ ഇഷ്ടമാണെന്നു പറഞ്ഞെന്നും പറഞ്ഞു…. നിനക്ക് ഇത്രയും ബുന്ധിയില്ലാതായോ… ഞാൻ വിചാരിച്ചു ഗ്രാമത്തിൽ വളർന്ന ആളായത്കൊണ്ട് എല്ലാം കണ്ടറിഞ്ഞു പ്രവർത്തിക്കുമെന്നാണ്… But നീ…ഈ മുകേഷ് എന്നെയും അവന്റെ കൂടെ കിടക്കാൻ വിളിച്ചിട്ടുണ്ട്… അവൻ അങ്ങിനെയാണ്.. ഒരു റിലേഷൻഷിപ്പും അവൻ അധികനാൾ കൊണ്ടു നടക്കില്ല… പിന്നെ ഇതൊക്കെ ഇവിടെ സർവ സാധാരണമാണ്… അവർ ഇതൊക്കെ ചെറിയ വക്കിൽ ഒതുക്കും.. ഡേറ്റിങ് എന്നും പറഞ്ഞു…

അതു കൂടി കേട്ടപ്പോൾ അവളുടെ കരച്ചിലിന്റെ ശക്തി കൂടി…

“സാരമില്ല… പോട്ടെ… ഇതു ആരോടും പറയാൻ നിൽക്കേണ്ട… രണ്ടു ദിവസം കഴിഞ്ഞു വന്നാൽ മതി.. അപ്പോഴേക്കും എല്ലാം ശരിയാകും…”

ഭക്ഷണം കഴിഞ്ഞു എന്നും ഇരിക്കാറുള്ള മുറ്റത്തെ മാവിൻ ചുവട്ടിലെ ബെഞ്ചിൽ ഇരിക്കുമ്പോൾ അമ്മ വന്നു അവളുടെ മുടിയിൽ തലോടി….അവൾ അമ്മയെ കെട്ടിപ്പിടിച്ചു മുഖം മാറോട് പൂഴ്ത്തി കുറച്ചു നേരം അങ്ങിനെയിരുന്നു…

” എണ്ണ ഇടാതെ മുടിയുടെ കോലം പോയി… അച്ഛൻ പറഞ്ഞത് ശരിയാണോ.. രണ്ടു ദിവസം ഇവിടെയുണ്ടാകോ… അതോ എന്നത്തേയും പോലെ നാളെ കാലത്തു തന്നെ പോകോ..

“ഇല്ലമ്മ… ചിലപ്പോൾ കൂടുതൽ ദിവസം ഇവിടെ തന്നെ കാണും… അമ്മ പറഞ്ഞത് പോലെ പട്ടണം അത്ര നല്ല സ്ഥലമല്ല…നമ്മുടെ നാട് പോലെയല്ല… നമ്മൾ ചിന്തിക്കുന്നതും,പ്രവർത്തിക്കുന്നതും പോലെയല്ല അവർ… എല്ലാവരും അഭിനയം മാത്രമാണ്…. ആർക്കും ആരുടെയും വിഷമങ്ങളോ, സങ്കടങ്ങളോ കേൾക്കാൻ നേരമില്ല… “അതും പറഞ്ഞു അവൾ കരഞ്ഞു…

“എന്താ.. ന്റെ മോൾക്ക് പറ്റിയത്..മോളുടെ ഇഷ്ടത്തിനല്ലേ മോള് പോയത്… അച്ഛന് പോലും ഇഷ്ടമില്ല നിന്നെ പിരിഞ്ഞിരിക്കാൻ..രാത്രി എപ്പോഴും വന്നു ഇവിടെ ഇങ്ങനെ ഇരിക്കും… എന്നിട്ട്.. ന്റെ മോള് ഇരിക്കുന്ന സ്ഥലമാ.അതും പറഞ്ഞു ഒരുപാട് എണ്ണിപറക്കും…..എന്നും ആ കണ്ണുകൾ നിറഞ്ഞിട്ടല്ലാതെ കിടക്കുന്നത് ഞാൻ കണ്ടിട്ടില്ല…അവസാനം എന്റെ ചീത്തയും കേട്ടാണ് ഉറങ്ങുന്നത്…മോളുടെ ഇഷ്ട്ടമാണ് ഞങ്ങളുടെ ഇഷ്ട്ടം… മോളെന്തു തീരുമാനിച്ചാലും ഞങ്ങൾ കൂടെയുണ്ട്… പിന്നെ കുറച്ചു സങ്കടം വരുമ്പോൾ ഞങ്ങൾ എന്തേലുമൊക്കെ പറയും… ഞങ്ങൾക്ക് ഞങ്ങളുടെ സങ്കടം ഇങ്ങനയൊക്കെയല്ലേ കാണിക്കാൻ പറ്റു…” അതു പറയുമ്പോൾ അമ്മയും കരയുന്നുണ്ടായിരുന്നു….

രണ്ടാളുടെയും തേങ്ങൽ കേട്ടു കൊണ്ടാണ് അയാൾ അങ്ങോട്ട് വന്നത്…

“അതു ശരി.. അമ്മയും മോളും ഇപ്പോൾ കൂട്ടായോ…”

ഒന്ന് പോ മനുഷ്യ.. ഞങ്ങൾ എപ്പോഴും കൂട്ടു തന്നെയാ.. അല്ലേ മോളെ..

അവൾ കണ്ണുകൾ തുടച്ചു… അച്ഛനു നേരെ കൈ നീട്ടി…അയാൾ വന്നു അവളുടെ അപ്പുറത്തായി ഇരുന്നു…

“ഞാനിനി പോകുന്നില്ലച്ഛാ…”

അവളുടെ വാക്കുകൾ കേട്ടു അവർ മുഖത്തോട് മുഖം നോക്കി…

“മോൾക്ക് എന്തു വേണേലും തീരുമാനിക്കാം… പക്ഷെ നാളുകൾ കഴിയുമ്പോൾ ആ തീരുമാനം ശരിയെന്നു മോൾക്ക് തന്നെ തോന്നണം… പിന്നെ ജോലി പട്ടണത്തിൽ തന്നെ ചെയ്യണമെന്നില്ലല്ലോ…. സ്വന്തമായി മോൾക്ക് എന്തേലും ചെയ്യണമെന്നുണ്ടങ്കിൽ പറഞ്ഞാൽ മതി… അച്ഛന് സാധിക്കുന്നതാണെങ്കിൽ അച്ഛൻ ചെയ്തു തരാം…അതും പറഞ്ഞു അയാൾ അവളെ തന്നിലേക്ക് ചേർത്തു നിർത്തി…

തണുത്ത രാവിൽ ചെറിയ മഞ്ഞു കണങ്ങൾ ആ കുഞ്ഞു വീട്ടിൽ പൊഴിയുന്നുണ്ടായിരുന്നു….

ലൈക്ക് കമന്റ് ചെയ്യണേ…

രചന: റഹീം പുത്തൻചിറ…

Leave a Reply

Your email address will not be published. Required fields are marked *