Categories
Uncategorized

അവളുടെ മുടിയിഴയിലൂടെ മഴത്തുള്ളികൾ താളം തുള്ളി അവളുടെ കഴുത്തിലൂടെ ഇറങ്ങുന്നുണ്ടായിരുന്നു.

രചന: Sarath maramkode

കാർമേഘങ്ങൾ ഇരുണ്ടു നിന്നിരുന്നൊരു വൈകുന്നേരം വർഷങ്ങൾക്കു മുൻപ് കോളേജിന്റെ ഗേറ്റ് കടന്ന് കോരിച്ചൊരിയുന്ന മഴയത്തു അച്ഛന്റെ കുടയിൽ ഇളം പച്ച ചുരിദാർ ഇട്ടു വരുന്ന അവളെ ഞാൻ ശ്രദ്ധിച്ചിരുന്നു.. അഡ്മിഷൻ എടുക്കാൻ മലയാള ഡിപ്പാർട്മെന്റ് കാണിച്ചു കൊടുക്കാൻ പോയപ്പോ ഞാൻ അവളുടെ പേര് ചോദിച്ചു.. അവളുടെ മുടിയിഴയിലൂടെ മഴത്തുള്ളികൾ താളം തുള്ളി അവളുടെ കഴുത്തിലൂടെ ഇറങ്ങുന്നുണ്ടായിരുന്നു. കണ്ണുകൾ മെല്ലെ ഉയർത്തി പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു എന്റെ പേര് ആശ എന്നാണെന്നു..

അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് പിരികന്റെ അവിടെ കറുത്ത ഒരു വര മാത്രം ഉള്ള കുട്ടി… അത് എന്നെ ആകർഷിച്ചു.. മലയാള ഡിപ്പാർട്ട്മെന്റ് കാണിച്ചു കൊടുത്ത് ഞാൻ യൂണിയൻ റൂമിലേക്ക് ലക്ഷ്യം വെച്ച് നീങ്ങി.. ഫസ്റ്റ് years ക്ലാസ്സ്‌ തുടങ്ങുന്നതിന്റെ മുന്നൊരുക്കങ്ങൾ വളരെ ഭംഗിയായി മുന്നേറുന്ന സമയത്ത് പെട്ടെന്ന് അവളുടെ കണ്ണുകൾ മനസ്സിലേക്ക് വന്നു..

അവളുടെ പിരികൻ എന്നെ വല്ലാതെ ശല്യം ചെയ്തിരുന്നു.. .. നാളെ ക്ലാസ്സ്‌ തുറക്കുമ്പോ അവളെ കാണാൻ എന്റെ മനസ്സ് അറിയാതെ തന്നെ തുടിക്കുന്നുണ്ടായിരുന്നു.

അമ്മ തേച്ചു വെച്ച കറുത്ത മുണ്ടും വെള്ള ഷർട്ടും ധരിച്ചു കൂട്ടുകാരന്റെ പഴയ സ്‌പ്ലെൻഡർ എടുത്തു കോളേജിലേക്ക് വെച്ച് പിടിച്ചു.. പല നിറത്തിൽ ഉള്ള അരങ്ങുകളും കാവിയും നീലയും പിന്നെ മ്മടെ വെള്ള കൊടിയും ഉയർന്നു പറക്കുന്നുണ്ടായിരുന്നു… വണ്ടി പാർക്ക്‌ ചെയ്തു നേരെ സുഭാഷിന്റ അടുത്തേക്ക് പോയി tag വാങ്ങി കഴുത്തിൽ ഇട്ടു. ഫസ്റ്റ് ഇയർ പിള്ളേരെ വരവേൽക്കാൻ മുൻപിലത്തെ കവാടത്തിന്റ പരിസരത്തു നില ഉറപ്പിച്ചു.. വ്യത്യസ്തമായ നിറങ്ങളിൽ ഡ്രസ്സ്‌ ഇട്ടു വരുന്നവരുടെ മുഖത്തു നല്ല പ്രകാശം ഉണ്ടായിരുന്നു. പക്ഷെ എന്റെ കണ്ണുകൾ തേടിയത് ആ പിരികൻ ഇല്ലാത്ത കുട്ടിയെ ആണ്.. സമയം 9 30 കഴിഞ്ഞു അവളെ കാണുന്നില്ല. ചിലപ്പോ നേരത്തെ എങ്ങാനും ക്ലാസ്സിൽ കയറി പോയിട്ടുണ്ടാവുമോ എന്ന സംശയം ബാക്കിയാക്കി മലയാളം ഫസ്റ്റ് ഇയർ ക്ലാസ്സിലേക്ക് നടന്നു നീങ്ങി…പിള്ളേരുടെ ഇടയിലേക്ക് എന്റെ കണ്ണുകൾ പാഞ്ഞു. ഇല്ല അവൾ വന്നിട്ടില്ല…

ഞാൻ എന്നെ തന്നെ സമാധാനിപ്പിച്ചു… ഫ്രണ്ട്സിന്റെ കൂടെ ക്യാന്റീനിൽ പോയി ഒരു സുലൈമാനിയും പരിപ്പ് വടയും കഴിച്ച് .. നേരെ യൂണിയൻ റൂമിന്റെ മുന്നിലെ വരാന്തയിൽ ചെന്ന് ഇരുന്നു… വൈകുന്നേരം ആയിട്ടും എന്റെ മനസ്സ് അവളുടെ പിരികൻ തേടിയുള്ള യാത്രയിൽ ആയിരുന്നു..

പിറ്റേന്ന് രാവിലെ കോളേജിൽ വന്നു അവളെ കണ്ടു സംസാരിച്ചു. എന്താണ് ഇന്നലെ വരാഞ്ഞേ എന്ന് ചോദിച്ചു. എന്തോ കാരണം പറഞ്ഞു അവൾ പോയി..

പിന്നെ കോളേജിൽ പലയിടത്തും വെച്ച് അവളെ കാണുന്നത് പതിവായി.. ആദ്യമൊക്കെ മിണ്ടാൻ ഒരു മടി ആയിരുന്നു. പിന്നെ പിന്നെ ആ മടി മാറി.

പിന്നെ പിന്നെ വീട്ടിലെ കുളത്തിൽ ഉള്ള മീനുകളെ കുറച്ചു വരെ അവൾ സംസാരിക്കാൻ തുടങ്ങി.. മകരമാസം ആയാൽ വീട്ടിലെ അമ്മാമയും അച്ചാച്ചനും ചേട്ടനും അച്ഛനും മലക്ക് പോവുന്നതും രാത്രി ഒറ്റക്ക് കിടക്കാൻ പേടിയാണെന്നും മരിച്ചു കഴിഞ്ഞാൽ മണ്ണിൽ കുഴിച്ചിടരുത് ശ്വാസം മുട്ടും എന്ന് പറഞ്ഞതും വളരെ കൗതുകത്തോടെ ഞാൻ കേട്ടിരുന്നു…

ഒരുപാട് കഥകൾ പറയാൻ ഉണ്ടായിരുന്നു അവൾക്ക്. ഞാൻ അതൊക്കെ നല്ലോണം ആസ്വദിക്കുന്നുണ്ടായിരുന്നു.. പിന്നെ പിന്നെ അവളുടെ കഥകൾ കേൾക്കാൻ വേണ്ടി മാത്രം കോളേജിൽ പോവാൻ തുടങ്ങി. അപ്പോഴും വില്ലനായി ശനിയും ഞായറും കടന്നു വരും ….

പയ്യെ പയ്യെ ഞങ്ങൾ പിരിയാത്ത വിധം അടുക്കുകയാണെന്ന് മനസ്സിലായത് ഓണാവധി വന്നപ്പോ ആണ്… അവളുടെ കഥകൾ കേൾക്കാൻ പറ്റാതെ,,, അവളുടെ വരച്ചുവെച്ച പിരികൻ കാണാൻ പറ്റാതെ,,, മനസ്സിൽ എന്തോ വിഷമം ആയിരുന്നു..

അവൾക്കും അങ്ങനെ തന്നെ ആയിരുന്നുവെന്ന് മനസ്സിലാക്കാൻ പോസ്റ്റുമാൻ വീട്ടിൽ വന്നു ഒരു കത്തെടുത്തു കൈയ്യിൽ തരണ വരെ എനിക്ക് അറിയില്ലായിരുന്നു..ആ കത്തിൽ അവൾ എന്നെ എത്ര ഏറെ മിസ്സ്‌ ചെയുന്നു എന്ന് അവളുടെ ഓരോ വരികളിലൂടെ അവൾ പറയാതെ പറഞ്ഞു തന്നിരുന്നു…

ഓ എൻ വി യുടെ കവിത ആണ് എന്റെ മനസ്സിൽ പെട്ടന്ന് വന്നത്

അരുകിൽ നീ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒരു മാത്ര വെറുതെ നിനച്ചുപോയി

അങ്ങനെ അവധി കഴിഞ്ഞു ക്ലാസ്സ്‌ തുറന്നു ഞാൻ കോളേജ് എത്തിയപ്പോ എന്നെ കാത്തു ഒരാൾ ഇരിക്കുനുണ്ടായിരുന്നു

കാത്തിരിപ്പിന്റ സുഖം എത്ര മനോഹരമാണെന്ന് മനസ്സിലാക്കിയ നിമിഷം ആയിരുന്നു അത്..

ആശ മുൻപത്തെ പോലെ എന്നോട് മിണ്ടാൻ പ്രയാസപ്പെടുന്നത് ഞാൻ കണ്ടു..ഈ അവധികാലം എന്ത് മാറ്റം ആണ് ഞങ്ങളിൽ ഉണ്ടാക്കിയത് എന്ന് അധികം ആലോചിക്കേണ്ടി വന്നില്ല..

ഇതാണോ ജയകൃഷ്ണന് ക്ലാരയോട് തോന്നിയത്.. ഇതാണോ സോളമന് സോഫിയയോട് തോന്നിയത്…. സോളമനും ജയകൃഷ്ണനും തോന്നിയത് തന്നെ അല്ലെ എനിക്ക് അവളോട്‌ തോന്നിയത്… ഞാൻ ജയകൃഷ്ണനോ സോളമനോ അല്ല… മണ്ണാർതൊടി പോലെ വലിയ തറവാടോ വലിയ മുന്തിരി തോട്ടമോ എനിക്ക് ഇല്ല..

അവൾ പതിവിലും സുന്ദരി ആയിരിക്കുന്നു..

പ്രണയത്തിലാവുമ്പോഴാണ് പെണ്ണുങ്ങൾ സുന്ദരികളാവുന്നത് എന്ന് പണ്ടെങ്ങോ വായിച്ചിട്ടുണ്ട്… അവളോട്‌ ഞാൻ പറഞ്ഞു ഇന്ന് ചുന്ദരിയായിട്ടുണ്ടല്ലോ എന്താണ് ആരെങ്കിലും പെണ്ണ് കാണാൻ വന്നിരുന്നോ?? അവൾ ഒന്നും പറയാതെ ചിരിച്ചു.. അങ്ങനെ ഞങ്ങൾ കോളേജിന്റെ വരാന്തയിലൂടെ ചുമ്മാ നടന്നു.. പത്തു ദിവസത്തെ വിശേഷം പറയാൻ ഒന്നും തന്നെ ഞങളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. പത്തു ദിവസം എന്റെ മനസ്സിൽ അവൾ മാത്രം ആയിരുന്നു എന്ന് അവളോട്‌ പറയണോ അത് പൈങ്കിളി ആവോ എന്ന് തോന്നി…അതുകൊണ്ട് പറഞ്ഞില്ല.. അവളോട്‌ ചോദിച്ചു ഓണം ഓക്കേ എങ്ങനെ ഉണ്ടായിരുന്നു വിശേഷം പറ…

അവൾക്ക് ഒന്നും പറയാൻ പറ്റുന്നുണ്ടായില്ല. പത്തു ദിവസം പത്തു വർഷം പോലെ ആണ് കടന്ന് പോയത്.. ആരോടും മിണ്ടാൻ പറ്റണില്ല ഒന്നിലും കോൺസൻട്രേഷൻ കിട്ടണില്ല എനിക്ക് എന്താണ് പറ്റിയത് എന്ന് അറിയില്ല… അവസാനം ചേട്ടന് കത്ത് അയച്ചപ്പോ ആണ് ഒരു സമാധാനം കിട്ടിയത്.. എന്നെ ചതിക്കോ ചേട്ടൻ..

ആ ചോദ്യം എന്നെ വല്ലാതെ വിഷമിപ്പിച്ചു. ആ ചോദ്യത്തിൽ അവളുടെ നിസ്സഹായാവസ്ഥ പ്രകടം ആയിരുന്നു.. ഞാൻ ഒന്നും മിണ്ടാതെ അവളുടെ കവിളത്തു ഒരു ഉമ്മ കൊടുത്തു. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

പിന്നെ കോളേജിൽ എല്ലാവരും അറിഞ്ഞു തുടങ്ങി. അതൊന്നും ഞങ്ങളെ ബാധിച്ചില്ല അങ്ങനെ ഇരിക്കെ ഒരു ദിവസം എനിക്ക് സർപ്രൈസ് തരാൻ ഒരു ഷർട്ട്‌ വാങ്ങി അവൾ ബാഗിൽ വെച്ച് വീട്ടിൽ കൊണ്ട് പോയി.. പതിവില്ലാത്ത അന്ന് അവളുടെ അമ്മ ബാഗ് തുറന്നു നോക്കിയപ്പോ ഷർട്ട്‌ കണ്ടു.. അങ്ങനെ വീട്ടിൽ എല്ലാവരും അറിഞ്ഞു.

എന്നെ അന്വേഷിച്ചു ചേട്ടൻ കോളേജിൽ വന്നു. ഞാനും അവളും സംസാരിച്ചിരിക്കുമ്പോ എന്റെ അടുത്ത് നിന്നും അവളെ പിടിച്ചു വലിച്ചു കൊണ്ടുപോയി..

പിന്നെ അവളെ കോളേജിലേക്ക് കണ്ടില്ല.. അവളെ ബന്ധപ്പെടാൻ കൂറേ നോക്കിയെങ്കിലും സാധിച്ചില്ല. അവളെ വീട്ടുകാർ പഠിക്കാൻ വിടാതെ ആയി. പുറത്തേക്ക് ഇറങ്ങാൻ പോലും അവൾക്ക് സ്വാതന്ത്ര്യം ഇല്ലാതായി..

എന്റെ മാനസിക നില ഓരോ ദിവസം കൂടുമ്പോഴും തകിടം മറയുകയായിരുന്നു. പിന്നെ വീട്ടുകാർ നിർബന്ധിച്ചു ഞാൻ കോളേജ് പഠനം മുഴുവൻ ആക്കിയെങ്കിലും.. അവളുടെ കണ്ണുകൾ എന്റെ മനസ്സിൽ നിന്നും മാഞ്ഞില്ല… ജോലിയും കൂലിയും ഇല്ലാത്ത അന്നത്തെ 20 കാരന് വാടക മുറിയിലേക്ക് അവളെ കൊണ്ട് വരാൻ സാധിച്ചില്ല. രണ്ടു പെങ്ങമ്മാരേ കെട്ടിക്കാതെ ഞാൻ അവളെ എങ്ങനെ വാടക വീട്ടിൽ കൊണ്ട് വരും. അതായിരുന്നോ ഞങ്ങൾ കണ്ട സ്വപ്നം…

രണ്ടു ദിവസം മുൻപ് പട്ടണത്തിലേക്ക് ഇറങ്ങിയപ്പോ സുഭാഷിനെ കണ്ടു…അവൻ പറഞ്ഞറിഞ്ഞു,,, അവളുടെ കല്യാണം ആയി എന്ന്… അവളുടെ അമ്മ ആത്മഹത്യാക്ക് ശ്രമിച്ചു അതോണ്ട് കല്യാണത്തിന് സമ്മതിക്കേണ്ടി വന്നു എന്ന്..

ഒരു നിമിഷം ഞാൻ നിശബ്തനായി… കോളേജിന്റെ വരാന്തയിൽ ഇരുന്ന് എന്റെ ചെവിയിൽ പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞത് ഓർത്തുപോയി….

ചേട്ടാ നമ്മുടെ കല്യാണം അമ്പലത്തിലോ പള്ളിയിലോ വെച്ചൊന്നും. വേണ്ട നമ്മുക്ക് നമ്മുടെ ഈ കോളേജ് വരാന്തയിൽ വെച്ച് മതി…

എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു…ഞാൻ അവളുടെ കല്യാണത്തിന് മുൻപേ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി ബാംഗ്ലൂർ ഉള്ള എന്റെ കൂട്ടുകാരന്റ കമ്പനിയിൽ ജോലിക്ക് കയറി.

ഇത്ര ഉള്ളു തന്റെ ലവ് സ്റ്റോറി…?ഓഫീസില്ലെ സ്റ്റാഫ് എന്നോട് ചോദിച്ചു… ആ ഇത്ര ഉള്ളു….. !

ജയകൃഷ്ണനെ പോലും ക്ലാരയെ സ്വന്തമാക്കാൻ പറ്റിയില്ലലോ..?

സോളമന്റെ പോലെ ഒരു മുന്തിരിത്തോട്ടമൊ ടാഗ് ലോറിയോ എനിക്ക് ഇല്ലല്ലോ…?

പിന്നെ അവളെ കണ്ടിട്ടില്ലേ സർ …? ഉവ്വ് കല്യാണം കഴിഞ്ഞു പിറ്റേന്ന് ഞാൻ അവളെ കണ്ടു..അവളുടെ അച്ഛനും അമ്മയും ചേട്ടന്മാരും ഭർത്താവും നോക്കി നിൽക്കേ അവളുടെ നെറുകയിൽ ഞാൻ ഉമ്മ വെച്ചപ്പോ അവർ ഒന്നും പറഞ്ഞില്ല…

അവളുടെ ചേട്ടൻ എന്റെ അടുത്ത് നിന്നും പിടിച്ചു കൊണ്ടോട്ടിയില്ല..

ഭർത്താവിനു നിശബ്തനായി നിൽക്കാനേ പറ്റിയുള്ളൂ

ഞാൻ അവരോട് പറഞ്ഞു, അവളെ കുഴിച്ചിടരുത് അവൾക്ക് ശ്വാസം മുട്ടും അവളെ കത്തിച്ചാൽ മതി അവൾ കാറ്റിൽ പാറി നടന്നോട്ടെ …

കാർമേഘം ഇരുണ്ടു കൂടിയാ വൈകുന്നേരം…

രചന: Sarath maramkode

Leave a Reply

Your email address will not be published. Required fields are marked *