അവളുടെ പ്രണയം നഷ്ടപെടാതിരിക്കാൻ ശ്രെമിക്കുകയല്ലേ അവൾ ചെയ്തത്…. തന്റെ പ്രണയം അനുകൂല സാഹചര്യമുണ്ടായിട്ടും തുറന്ന് പറയാൻ തനിക്കൊട്ട് ധൈര്യവും ഉണ്ടായില്ല….

Uncategorized

രചന : കീർത്തി പ്രമോദ്

ഭദ്രെ….

തൊടിയിലേക്ക് കാലെടുത്തു വെച്ചതും ആ വിളി ചെവിയിൽ മുഴങ്ങി പോയത് പോലെ തോന്നി ഭദ്രക്ക് … എത്രയോ നാളുകൾക്കു ശേഷമുള്ള തിരിച്ചു വരവ്.. വീടും തൊടിയും ഒക്കെ മാറി പോയത് പോലെ അവൾക് തോന്നി… താൻ എന്നായിരുന്നു അവസാനം ഈ വീട്ടിലേക്ക് വന്നത്.. ഭദ്ര വെറുതെ ഓർക്കാൻ ശ്രെമിച്ചു…

“വീടും സ്ഥലവും വിൽക്കാൻ ഭദ്രെച്ചി വരണം.. ചേച്ചിക്ക് കാശിന്റെ ആവശ്യം ഇല്ല എന്നറിയാം പക്ഷെ ഞങ്ങളുടെ കാര്യം അങ്ങനെ അല്ല.. അഞ്ചു പ്ലസ് ടു കഴിഞ്ഞു ഇനി ഇപ്പൊ ഏത് കോഴ്സിന് ചേർക്കണം എങ്കിലും കാശ് വേണം… ഇതിങ്ങനെ ഇവിടെ കിടക്കുമ്പോ ലോൺ ഒക്കെ എടുക്കുന്നെ എന്തിനാ… ചേച്ചി വിചാരിക്കണ പോലെ അല്ല മാസത്തിൽ ഒരിക്കൽ എങ്കിലും എറണാകുളത്ത് നിന്നും ഇത്രടം വന്ന് അടിച്ചു തൂത്തിടണം… ഏട്ടന് ആകെ അവധി ഉള്ളെ ഞായറാഴ്ച ഒരു ദിവസാ.. അന്ന് ഒന്നു ഇങ്ങട് വരാന്ന് പറഞ്ഞാ ആൾക്ക് മുഷിച്ചിലാ… കാര്യം ഏട്ടന്റെ കൂടെ ഗ്രാമം ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല.. ആൾക്ക് ഇങ്ങട് വരണേ ഇഷ്ടല്ല… ഇപ്പൊ എല്ലാത്തിനും എറണാകുളം മാത്രം മതീന്ന ഭാവാ… ഭാമ പറഞ്ഞു നിർത്തുമ്പോൾ ഫോണിന്റെ അങ്ങേ തലക്കൽ ഭദ്ര ഒന്നും മിണ്ടാതെ നിന്നും.. പണ്ടും അങ്ങനെ ആയിരുന്നു.. താൻ ആവശ്യത്തിനും സംസാരിച്ചിട്ടില്ല… അത്കൊണ്ട് ജീവിതത്തിൽ തനിക്കുണ്ടായ നഷ്ടങ്ങൾ ഒരുപാടായിരുന്നു…. അന്ന് രാത്രിയും ഒരുപാട് ആലോചിച്ചു… ഒടുവിൽ ഭാമയെ വിളിച്ച്.. വീടിന്റെ വില എത്രയാന്ന് തിരക്കി നിന്റെ ഷെയർ എത്ര ആണെന്ന് വെച്ച പറഞ്ഞോളൂ… അത് ഞാൻ തരാം..

അത് മറ്റൊരാൾക്ക്‌ വിൽക്കണ്ട… അച്ഛനും അമ്മേം ഉറങ്ങണ മണ്ണല്ലേ… നമ്മൾ പിച്ച വെച്ച് വളർന്ന മണ്ണ്… ഭദ്രയുടെ കണ്ണുകൾ ഈറൻ അണിഞ്ഞു…

അല്ലേലും ഈ ഭദ്രേച്ചി ഒരു സെന്റിമെന്റൽ ഫൂൾ ആണ്…പിന്നെ അവിവിവാഹിതയായ ഒരു കോളേജ് അധ്യാപികക്ക് സമ്പാദ്യം മാത്രല്ലേ കാണു… അത്കൊണ്ട് ചേച്ചിക്ക് ആഗ്രഹിക്കുന്നതെന്തും വാങ്ങാല്ലോ…

പിറകെ അവളുടെ പൊട്ടിച്ചിരിയും ഭദ്ര കേട്ടു..

തിരക്കുണ്ട് മോളെ ചേച്ചി വിളിക്കാം .. എന്ന് പറഞ്ഞു ആ സംഭാഷണം അന്ന് അവസാനിപ്പിച്ചു…

പിന്നീട് രെജിസ്ട്രേഷന് വന്നിരുന്നു… അതിനു ശേഷം ഇപ്പോഴാണ് ഇങ്ങോട്ട്…

ഈ ട്രാൻസ്ഫർ വളരെ ബുദ്ധിമുട്ടി സംഘടിപ്പിച്ചതാണ്…..

പക്ഷെ ഇതല്പം വൈകി പോയില്ലേ എന്നാണ് സംശയം… അച്ഛനും അമ്മയും ജീവിച്ചിരുന്ന കാലത്ത് ആയിരുന്നു ഈ തിരിച്ചറിവ് എങ്കിൽ ഈ മടങ്ങി വരവ് എത്രമേൽ മനോഹരമായേനെ

ഭദ്ര താക്കോൽ ബാഗിൽ നിന്ന് എടുത്ത് തുറന്ന് പതിയെ വാതിൽ തള്ളി തുറന്നു…

ഭദ്രേ… ഭാമേ ഓടല്ലേ….

നിക്കുട്ടോ രണ്ടും… ദേ കൈയിൽ കിട്ടിയ ഇന്ന് നല്ല പെട കിട്ടും എന്റെ കൈയിന്ന്…

“അമ്മ ”

ഭദ്രയുടെ മനസ്സ് പതിയെ പഴേ കാലത്തിലേക്ക് പോയി…

നീലാംബരി എന്ന ആ വീട്ടിൽ.. അച്യുതൻ എന്ന സ്കൂൾ മാഷും സുഭദ്ര എന്ന ടീച്ചറും… അവരുടെ രണ്ട് പോന്നോമനകളും താമസിച്ചിരുന്ന പഴയ കാലത്തിലേക്ക്..

സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിച്ചിരുന്ന നാളുകൾ… അന്ന് താൻ അറിഞ്ഞിരുന്നോ തന്റെ ജീവിതം ഇത്രമേൽ മാറി മറിയുമെന്ന്….

ഭദ്രേ…. ആരുടെയോ നീട്ടിയുള്ള വിളി ഭദ്രയെ ഓർമകളിൽ നിന്നും തിരിച്ചു വിളിച്ചു…. മുറ്റത്തേക്ക് ചെന്നപ്പോൾ മീനു ആണ് മീനാക്ഷി പഴയ കളിക്കൂട്ടുകാരി…

ഓടി ചെന്ന് ചേർത്ത് പിടിച്ചപ്പോൾ അവൾ പരിഭവിച്ചു… വെല്ലോപ്പോഴും എങ്കിലും നിനക്കൊന്ന് വിളിച്ചു കൂടെടി എന്ന്.. പരിഭവവും പരാതിയും പറയുമെങ്കിലും ഇന്നോളം തന്നെ ചേർത്ത് പിടിച്ചിട്ടുല്ല ഒരേ ഒരു സുഹൃത്ത് അവൾ മാത്രമാണ്.. ഭദ്ര ഓർത്തു…

എന്താടി പെണ്ണെ ചിന്തിക്കണേ പറ നിന്റെ വിശേഷങ്ങൾ… മീനാക്ഷി ചോദ്യങ്ങൾ തുടങ്ങി… എനിക്കെന്ത് വിശേഷം… നിനക്കല്ലേ വിശേഷങ്ങൾ.. മക്കളൊക്കെ എന്ന പറയുന്നു മീനൂട്ടി… ഭദ്ര ആകാംഷയോടെ ചോദിച്ചു….

അയ്യടാ ഇപ്പോ എങ്കിലും എന്റെ മക്കളെ തിരക്കാൻ സമയം കിട്ടിയല്ലോ എന്റെ പ്രിയ സഖിക്ക്.. അവരൊക്കെ സുഖമായി ഇരിക്കുന്നു… എത്ര വർഷം ആയെടി മോളെ.. നിനക്കും ഇനി ഒരു ജീവിതം ഒക്കെ. വേണ്ടേ ഭദ്രേ…

മീനുവിന്റെ ആ ചോദ്യത്തിന് എന്ത് ഉത്തരം നൽകണമെന്ന് ഭദ്രക്ക് അറിയില്ലായിരുന്നു.. എന്നാലും ഒന്നു മാത്രം അവൾക് ഉറപ്പായിരുന്നു… ഇനി ഈ ജീവിതത്തിൽ ഒരാൾക്കും സ്ഥാനമില്ല എന്ന്….

മീനു പോയ ശേഷമാണു പഴയ കാര്യങ്ങൾ ഭദ്രയുടെ മനസ്സിൽ എത്തിയത്

അച്ഛനും അമ്മയും ഭാമ മോളും മാത്രം ഉണ്ടായിരുന്ന തന്റെ ജീവിതത്തിൽ എപ്പോഴാണ് രാജീവനും ഒരു സ്ഥാനം ഉണ്ടായത്… അറിയില്ല.. പക്ഷെ തങ്ങളുടെ പ്രിയപ്പെട്ട ശിഷ്യനും അയൽകാരനും എന്നതിൽ ഉപരി ഒരു സ്നേഹവും വാത്സല്യവും ടീച്ചർക്ക്‌ മാഷിനും രാജീവനോട് ഉണ്ടായിരുന്നു… എന്ത് ആവശ്യത്തിനും ഓടിയെത്തുന്ന… ആ ഒമ്പതാം ക്ലാസുകാരൻ പയ്യനോട് തോന്നിയ അടുപ്പം സൗഹൃദം എന്നതിൽ കവിഞ്ഞൊരു അടുപ്പത്തിലേക്ക് പോവുന്നത് പലപ്പോഴും ഭദ്ര തിരിച്ചറിഞ്ഞിരുന്നു… എങ്കിലും അവളത് മനസ്സ് കൊണ്ട് ആസ്വദിക്കുകയും അംഗീകരിക്കുകയും ചെയ്തു… പ്രിയ സുഹൃത്തായ മീനുവിനോട് മാത്രം സൂചിപ്പിച്ചു… ഒരു ഏഴാം ക്ലാസുകാരിയുടെ വിവരകേടായി അവൾക്കും തോന്നിയിരിക്കാം…. പിന്നീട് എപ്പോഴൊക്കെയോ പഠന തിരക്കുകളിൽ ആ സ്നേഹം മനസ്സിൽ ആരും കാണാത്ത കോണിൽ ഒളിപ്പിച്ചു വെച്ചു… സമയമാകുമ്പോൾ എല്ലാവരോടും പറയണം എന്ന തീരുമാനത്തോടെ…

പി ജി കഴിഞ്ഞതും ടീച്ചിങ് തന്നെ പ്രൊഫഷൻ ആകാൻ ആയിരുന്നു ഭദ്രയുടെ ആഗ്രഹം.. അങ്ങനെ അവൾ ആ സ്വപ്നത്തിന്റെ പിന്നാലെ പറന്നു.. താൽക്കാലികം ആയി ഒരു സ്കൂളിൽ പഠിപ്പിക്കാൻ കയറിയപ്പോഴും ഒരു സ്ഥിരം ജോലിക്ക് വേണ്ടിയുള്ള പ്രയത്നം തുടർന്ന് കൊണ്ടേയിരുന്നു…. അതിനു വേണ്ടി സ്കൂളിനടുത്തുള്ള ഒരു ഹോസ്റ്റലിലേക്ക് താമസം മാറി… ഭാമ അപ്പോൾ ഡിഗ്രി കഴിഞ്ഞിരുന്നു…. അതിനിടയിൽ രാജീവന് പഞ്ചായത്ത്‌ ഓഫിസിൽ ക്ലാർക്ക് ആയി ജോലി കിട്ടിയതെല്ലാം അവൾ അറിഞ്ഞു… ആദ്യമായി തന്റെ ജീവിത ലക്ഷ്യം ആയ കോളേജ് അധ്യാപികയുടെ ജോലിക്കുള്ള അപ്പോയിന്മെന്റ് ലെറ്റർ കൈയിൽ കിട്ടിയപ്പോൾ അവൾ സന്തോഷം കൊണ്ട് കരഞ്ഞു പോയി… തന്റെ ജീവിതത്തിലെ ഒരു ലക്ഷ്യം നിറവേറിയിരിക്കുന്നു… ഇതിനിടയിൽ വീട്ടിൽ വിവാഹ കാര്യങ്ങൾ ആലോചിച്ചു തുടങ്ങിയിരുന്നു… വീട്ടിലെത്തി രാജീവിന്റെ കാര്യം പറയാൻ അവൾ കൊതിച്ചു …. ആ ആഴ്ച അവസാനം വീട്ടിലേക്ക് പോവാൻ പ്ലാൻ ചെയ്തിരുന്നപ്പോൾ ആണ് മീനുവിന്റെ കാൾ വന്നത്… അവളാണ് പറഞ്ഞത് ആദ്യം രാജീവിന്റെ മനസ്സിൽ താനുണ്ടോ എന്നറിയാൻ.. ഒന്നാലോചിച്ചപ്പോൾ അത് ശെരിയാണെന്ന് ഭദ്രക്കും തോന്നി… അദ്ദേഹത്തിന് തന്നോട് അങ്ങനൊരു ഇഷ്ടമുണ്ടോ എന്ന് അറിഞ്ഞിട്ട് വീട്ടിൽ പറയുന്നതാവും നല്ലതെന്ന് അവൾക്കും തോന്നി… ഇച്ചിരി ഒന്നു ഇരുട്ടിയാൽ തന്റെ ഒപ്പം വീട് വരെ കൂട്ട് വന്നിരുന്ന… തനിക് വയ്യാതെ കിടപ്പായാൽ ഓടി വന്നു ജനലിലൂടെ വന്നു ഒളിഞ്ഞു നോക്കിയിരുന്ന… തന്നെ ഉന്തി ഇട്ട ചെക്കനെ ഇടിച്ചു നെറ്റി പൊട്ടിച്ച ആ കുസൃതിക്കാരൻ പയ്യന്റെ കണ്ണുകൾ ഓർത്തതും അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു… അതെ രാജീവേട്ടനും എന്നെ ഇഷ്ടമാണ്… അവൾ ആരോടെന്നില്ലാതെ സ്വയം പറഞ്ഞു ഉറങ്ങാൻ കിടന്നു… പിറ്റേന്ന് തന്നെ വീട്ടിലേക്ക് ബസ് പിടിക്കാനും രാജീവിനെ നേരിൽ കാണാനും അവളുടെ ഉള്ളം പിടച്ചു…

പത്താം ക്ലാസിലെ പരീക്ഷക്കാണ് രാജീവേട്ടൻ തന്നോട് ആ ചോദ്യം ചോദിച്ചത്…

ഭദ്രക്ക് ഏറ്റം ഇഷ്ടം ആരോടാണ്… അവൾക്കത്തിനുള്ള ഉത്തരത്തിന് തെല്ലും ആലോചിക്കേണ്ടി വന്നില്ല…. അച്ഛനും അമ്മേം ഭാമേം…

അതല്ല അവരല്ലാതെ പുറത്ത് നിന്നുള്ള ആരെയാ ഏറ്റോം ഇഷ്ടം… രാജീവൻ ഒരു കുസൃതിയോടെ വീണ്ടും ചോദിച്ചു…

ചെക്കന്റെ മനസിലിരുപ്പ് എനിക്ക് മനസ്സിലാവുന്നുണ്ട് കേട്ടോ എന്ന് മനസ്സിൽ പറഞ്ഞു ഒന്നു ചിരിച്ചു ഭദ്ര.. എന്ന് ചോദിച്ചാ.. മീനുനെ ഒത്തിരി ഇഷ്ടം ആണ് പിന്നെ മായ ടീച്ചറെ… അപ്പുറത്തെ ഭവാനി അമ്മായിനെ … താഴത്തെ കുളത്തിലെ മീനുകളെ അങ്ങനെ എല്ലാവരോടും എനിക്ക് ഇഷ്ടവാ… എന്തെ രാജീവേട്ടാ… കുസൃതി നിറഞ്ഞ കണ്ണുകളോടെയുള്ള ഭദ്രയുടെ നോട്ടം താങ്ങാൻ ആവാതെ രാജീവൻ തന്റെ നോട്ടം മാറ്റി.. അപ്പോ അപ്പൊ ഭദ്രക്ക് എന്നെ ഇഷ്ടവല്ലേ…

ആ ചോദ്യത്തിൽ ഒരു നിരാശ ഉണ്ടായിരുന്നോ… ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ ആണ് ഭദ്രക്ക് അന്നും ഇന്നും ഇഷ്ടം…

അതിനു മറുപടി പറയാതെ അന്ന് ഭദ്ര ഓടി കളഞ്ഞു…

ചിന്തകൾക്കൊടുവിൽ ബസ് സ്റ്റോപ്പിൽ എത്തിയത് പോലും അറിഞ്ഞില്ല.. വീട്ടിലെത്തി അവൾ ആ പഴയ കൊച്ചു ഭദ്ര ആയി മാറി… രാജീവിനെ കാണാൻ പോകുന്നതിന്റെ സന്തോഷം അവളിൽ അലയടിച്ചിരുന്നു അന്ന് വൈകുന്നേരം ഉത്സവം തീരുകയാണ്

ഭാമയോടൊപ്പം ദീപാരാധന തൊഴാൻ നിക്കുമ്പോൾ കണ്ടു ഉത്സവ കമ്മറ്റി കാര്യങ്ങളുമായി ഓടി നടക്കുന്ന രാജീവേട്ടനെ…

ഭദ്ര എപ്പോഴാ വന്നേ എന്ന് ചോദിച്ചു ഓടി വന്ന അദ്ദേഹത്തെ കണ്ടപ്പോൾ ഭദ്രക്ക് മനസ്സിൽ ഒരു കുളിർ മഴ പെയ്തത് പോലെ തോന്നി..

കൂട്ടുകാരിയെ കണ്ട സന്തോഷത്തിൽ ഭാമ പോയ തക്കത്തിന് ഒറ്റക്ക് നിന്ന തന്റെ അരികിലേക്ക് വന്നു ഭദ്ര സാരിയിൽ സുന്ദരി ആയിട്ടുണ്ട് എന്ന് രാജീവൻ പറഞ്ഞപ്പോൾ അവൾക് സന്തോഷം അടക്കാനായില്ല…

ഭദ്രയോട് എനിക്കൊരു കാര്യം പറയാനുണ്ട് നാളെ ബസ് സ്റ്റോപ്പിൽ ഞാനും ഉണ്ടാകും.. ഭദ്ര സമ്മതം പറഞ്ഞാൽ മാത്രമേ എനിക്ക് അതുമായി മുന്നോട്ട് പോവാൻ കഴിയൂ… തീർച്ചയായും ഞാൻ കാത്തു നില്കും.. എന്ന് പറഞ്ഞു നടന്നു പോകുന്നവനെ നോക്കി നിൽക്കെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നടപ്പാക്കാൻ പോകുന്ന സന്തോഷത്തിലായിരുന്നു ഭദ്ര… പിറ്റേന്ന് ഭദ്ര പതിവിലും സന്തോഷവതി ആയിരുന്നു… വിവാഹത്തെ പറ്റി ചോദിച്ച അച്ഛനോട് ഉടനെ തന്നെ നമുക്ക് തീരുമാനം ഉണ്ടാക്കാം എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് ഇറങ്ങുമ്പോൾ രാജീവിന്റെ കാര്യം അടുത്ത വരവിൽ അച്ഛനോട് പറയണം എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഭാമയും ഉണ്ടായിരുന്നു കൂടെ.. പോകുന്ന വഴിയിൽ ഭാമ ചോദിച്ചു.. ചേച്ചി എനിക്ക് ചേച്ചിയോട് ഒരു കാര്യം പറയാനുണ്ട്… എനിക്കൊരാളെ ഇഷ്ടമാണ്… എനിക്കും ഒരാളെ ഇഷ്ടമാണ് എന്ന ഭദ്രയുടെ മറുപടി ഭാമക്ക് അതിശയമായിരുന്നു… ആട്ടെ ആരാ കക്ഷി എന്ന ചോദ്യത്തിന് ഭദ്രയിൽ നിന്ന് രാജീവൻ എന്നൊരു പേര് അവളോട്ടും പ്രതീക്ഷിച്ചിരുന്നില്ല.. രാജീവേട്ടനും ഞാനും തമ്മിൽ സ്നേഹത്തിലാണ് ചേച്ചി എന്ന അവളുടെ മറുപടിയിൽ ഈ ഭൂമി തന്നെ ഒലിച്ചു പോവുന്നത് പോലെ തോന്നി ഭദ്രക്ക്… ഇനി ഇത് തന്നെ ആയിരിക്കുമോ രാജീവേട്ടൻ ഇന്ന് തന്നോട് പറയാമെന്നു പറഞ്ഞത്..

രാജീവേട്ടന്റെ മനസിലും ഭാമ ആയിരിക്കുമോ.. ഒരായിരം ചോദ്യങ്ങൾ ഭദ്രയുടെ മനസിനെ ചുട്ട് പൊള്ളിച്ചു കൊണ്ടിരുന്നു….

ബസ് സ്റ്റോപ്പിൽ എത്തുമ്പോൾ തന്നെ കണ്ടു രാജീവേട്ടനെ… ആ നോട്ടത്തെ നേരിടാനുള്ള ശക്തി ഇല്ലെന്ന് അവൾക് തോന്നി.. താൻ സ്വയം മറന്ന് കരഞ്ഞു പോയേക്കുമോ എന്നവൾ ഭയന്നു….

അവന്റെ നോട്ടം നേരിടാനാവാതെ അവന്റെ നാവിൽ നിന്ന് ഭാമയെ എനിക്കിഷ്ടമാണ് ഭദ്രേ എന്ന വാക്ക് കേട്ടാൽ തന്റെ ഹൃദയം നിന്ന് പോയേക്കുമെന്ന് അവൾ ഭയപ്പെട്ടു…

ഭാമക്ക് രാജീവേട്ടനെ ഇഷ്ടമാണ്…. രാജീവേട്ടനും എതിർപ്പില്ല എന്നെനിക്കറിയാം… നിങ്ങളുടെ കാര്യം ഞാൻ അച്ഛനോട് പറയാം… എന്ന് പറഞ്ഞു ഓടി ബസിൽ കയറുമ്പോൾ അറിയാതെ ഭദ്രയുടെ കണ്ണ് നിറഞ്ഞിരുന്നു… ബസ് നീങ്ങി തുടങ്ങുമ്പോൾ തന്നെ തന്നെ നോക്കി നിൽക്കുന്ന ഭാമയെയും രാജീവനെയും അവൾ ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കി…. അടക്കാനാവാത്ത സന്തോഷമായിരുന്നു ഭാമയുടെ മുഖത്ത് കണ്ടതെങ്കിൽ രാജീവിന്റെ മുഖഭാവം എന്തായിരുന്നു എന്ന് അവൾക് മനസിലായതേയില്ല….

പിറ്റേന്ന് തന്നെ അച്ഛനെ വിളിച്ചു ഭദ്രയുടെ കാര്യം സംസാരിക്കുമ്പോൾ അച്ഛന് സന്തോഷമായിരിന്നു… എന്റെ മക്കളിൽ നീ അവന്റെ വധു ആകണം എന്നായിരുന്നു ഞാൻ ആഗ്രഹിച്ചത്… ഇതിപ്പോ ഭാമ.. എന്തായാലും എനിക്ക് ദൈവം അവനെ മകനായി തന്നല്ലോ എന്ന സംസാരത്തിൽ നിന്ന് ആ ബന്ധം അച്ഛന് എത്രമാത്രം സന്തോഷം കൊടുത്തു എന്നവൾക് മനസിലായി.. പിന്നെ എല്ലാം പെട്ടെന്നായിരുന്നു… അച്ഛൻ രാജീവിന്റെ വീട്ടുകാരെ പോയി കണ്ടു വിവാഹം ഉറപ്പിച്ചു… അതിനിടയിൽ പലവട്ടം രാജീവിന്റെ കാൾ ഭദ്രയെ തേടിയെത്തി എങ്കിലും അത് എന്തിനാണെന്ന് അറിയാനുള്ള താല്പര്യം അവൾ കാണിച്ചില്ല…

കല്യാണത്തിന്റെ ഒരാഴ്ച മുൻപ് തന്നെ വീട്ടിലേക്ക് പുറപ്പെട്ടു… മൂത്തയാളെ നിർത്തി ഇളയവളെ കെട്ടിക്കുന്നതിനോട് അമ്മക്കും അച്ഛനും എതിർപ്പ് ഉണ്ടായിരുന്നു എങ്കിലും തനിക് ഇപ്പോ ഒരു വിവാഹം വേണ്ട എന്ന ഭദ്രയുടെ വാശിക്ക് മുന്നിൽ അവർ കീഴടങ്ങി…

കല്യാണത്തിന്റെ തലേന്ന് കുടുംബ ക്ഷേത്രത്തിൽ വിളക്ക് വെക്കാൻ പോയപ്പോൾ ആണ് രാജീവേട്ടനെ വീണ്ടും കാണുന്നത്… കല്യാണ പെണ്ണിനെ വന്നവരൊക്കെ തിരക്കുന്നു എന്ന് അമ്മായി വന്നു പറഞ്ഞപ്പോൾ വഴിപാട് ഒക്കെ വാങ്ങേണ്ട ചുമതല എന്നെ ഏല്പിച്ചു ഭാമ വീട്ടിലേക്ക് മടങ്ങി…

കൊറച്ചു താമസം എടുക്കും കുട്ട്യേ എന്ന തിരുമേനിയുടെ വാക്ക് കേട്ട് ഭദ്ര അമ്പലത്തിലെ ആൽത്തറയിൽ ഇരുന്നു… സന്ധ്യ മയങ്ങിയിരുന്നു … കിളികളെല്ലാം തങ്ങളുടെ കൂട്ടിലേക്ക് മടങ്ങാനുള്ള വെമ്പലിൽ ആയിരുന്നു… തന്റെ ജീവിതത്തിൽ ഉണ്ടായ ഓരോ കാര്യങ്ങളും ഒരു സ്വപ്നമെന്ന പോലെ ഭദ്രയുടെ മനസിലൂടെ കടന്ന് പോയി…

ഭദ്രേ എന്ന വിളിയാണ് അവളെ ഓർമകളിൽ നിന്നും ഉണർത്തിയത്…

രാജീവേട്ടനാണ്…

ഭദ്രയോട് എനിക്കൊരു കാര്യാ പറയാനുണ്ട്… എന്ന മുഖവുരയോടെ തുടങ്ങിയ രാജീവനെ ചോദ്യ ഭാവത്തിൽ അവൾ നോക്കി… അന്ന് ഞാൻ പറയാൻ വന്നതും ഞാൻ സ്നേഹിച്ചതും ഭാമയെ അല്ല ഭദ്രയെ ആണ്… എന്ന രാജീവന്റെ മറുപടിയിൽ ലോകം അവസാനിക്കുന്നത് പോലെ അവൾക് തോന്നി…

എന്നെ മനസിലാക്കാൻ ഒരിക്കലും ഭദ്ര ശ്രമിച്ചിട്ടില്ല.. ഭദ്രക്ക് എന്നെ ഇഷ്ടം അല്ലായിരുന്നിരിക്കാം… ഇപ്പൊ എനിക്കത് മനസിലാക്കാൻ പറ്റുന്നുണ്ട്… പക്ഷെ ഞാൻ അന്നും ഇന്നും ഭദ്രയെ മാത്രമേ സ്നേഹിച്ചിട്ടുള്ളു ഭദ്രയുടെ അനിയത്തി കുട്ടി എന്ന സ്നേഹവും കരുതലും ഞാൻ ഭാമക്ക് എന്നും കൊടുത്തിട്ടുണ്ട്… പലപ്പോഴും ഭദ്രയുടെ നോട്ടത്തിൽ ഞാനും തെറ്റിദ്ധരിച്ചിട്ടുണ്ട് എന്നെ ഇഷ്ടമാണെന്ന്..ഭാമ അവളുടെ പ്രണയം എന്നോട് പറഞ്ഞപ്പോഴും ഞാൻ പറഞ്ഞതാണ് എനിക്ക് ഭദ്രയെ ഇഷ്ടമാണെന്ന് പക്ഷെ അന്ന് ബസ്റ്റോപ്പ് ൽ വെച്ച് യാതൊരു സങ്കോചവുമില്ലാതെ ഭാമയുടെ ഇഷ്ടം എന്നോട് പറഞ്ഞപ്പോൾ എനിക്ക് മനസിലായി തന്റെ മനസ്സിൽ ഞാൻ ഇല്ലായിരുന്നു എന്ന്.. ഭാമയും എന്നോട് പറഞ്ഞു തനിക് എന്നോട് അങ്ങനെ ഒരു താല്പര്യം ഇല്ലായിരുന്നു എന്ന്… എന്റെ ഇഷ്ടം ഇപ്പോ എങ്കിലും ഞാനത് പറയണം ഇപ്പൊ എങ്കിലും അത് പറഞ്ഞില്ലെങ്കിൽ എന്റെ ജീവിതകാലം മുഴുവൻ ഇതെന്നെ നീറ്റി കൊണ്ടിരിക്കും… ഭദ്ര സ്നേഹിക്കുന്ന ഒരാൾ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് വരാൻ ഞാനും പ്രാർത്ഥിക്കാം… ഇത്രയും പറഞ്ഞു നടന്നു നീങ്ങുന്നവനെ തിരിച്ചു വിളിച്ചു തന്റെ ഇഷ്ടം പറയണോ എന്ന് ഭദ്ര ചിന്തിച്ചു… വേണ്ട തന്റെ അനുജത്തിയുടെ ജീവിതമാണ്… നാളെ അവളുടെ വിവാഹമാണ്.. താൻ കാരണം ആരും സങ്കടപെടരുത് തന്റെ ഇഷ്ടം തന്റെ മരണത്തോടൊപ്പം ഈ മണ്ണിൽ തന്നെ അടിയട്ടെ….

വിവാഹം മംഗളമായി കഴിഞ്ഞു പിന്നീട് മനഃപൂർവം തന്നെ ആയിരുന്നു ദൂരെ ഒരിടത്തേക്ക് ട്രാൻഫർ വാങ്ങിയത്.. ശെരിക്കും പറഞ്ഞാൽ എല്ലാത്തിൽ നിന്നും ഒരു ഒളിച്ചോട്ടം രാജീവിനെ ഫേസ് ചെയ്യാൻ സാധിച്ചിരുന്നില്ല എന്നതായിരുന്നു പ്രധാന കാരണം….മറ്റൊന്ന് ഭാമ തന്നെ ചതിച്ചു എന്ന തിരിച്ചറിവ്… എന്തും അവൾക് ഇഷ്ടമായത് വിട്ട് കൊടുത്തിട്ടേ ഉള്ളു.. എന്നിട്ടും അവളുടെ മനോഭാവം ഭദ്രക്ക് പൊറുക്കാൻ ആവുന്നത് ആയിരുന്നില്ല… കുറെ നാളുകൾക്കു ശേഷം ഭാമയും രാജീവും എറണാകുളത്തേക്ക് മാറി താമസിച്ചു എന്നത് ഭദ്രയെ സംബന്ധിച്ച് ഒരു നല്ല വാർത്ത ആയിരുന്നു.. അതിൽ പിന്നെയാണ് അച്ഛനെയും അമ്മയെയും കൂടുതലായി വന്നു കാണാൻ കഴിഞ്ഞത് …. ഭാമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിൽ നിന്നും ഒരു ഒളിച്ചോട്ടമായിരുന്നു… നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് വരെ അച്ഛൻ ചോദിച്ചു.. ഒന്നായി നടന്ന കൂടെപ്പിറപ്പുകൾ തമ്മിൽ ഇത്തരമൊരു അകലം ഉണ്ടായത് അച്ഛനെയും അമ്മയെയും മരണം വരെ വേദനിപ്പിച്ചിരുന്നു..

രാജീവേട്ടനെ ഞാൻ അത്രക്ക് സ്നേഹിച്ചിരുന്നു ഭദ്രേച്ചി എന്ന അവളുടെ ഏറ്റുപറച്ചിലിലും കെട്ടിപിടിത്തത്തിലും തനിക്കവളോടുള്ള പിണക്കം മാഞ്ഞു പോയിരുന്നു

പിന്നീട് കാലം കടന്ന് പോയപ്പോഴോ പക്വത കൂടിയപ്പോഴോ തനിക് അവളോട്‌ ക്ഷമിക്കാൻ കഴിഞ്ഞു..

പക്ഷെ മനസ്സിൽ കൊണ്ട് നടന്നവനെ അനിയനായി കാണാൻ സാധിച്ചില്ല.. അത്കൊണ്ട് തന്നെ അയാളോടൊപ്പം ഒരു നിമിഷം പോലും ഒന്നിച്ചു നില്കാൻ കഴിഞ്ഞിട്ടില്ല….

ഒരു തരത്തിൽ ചിന്തിച്ചാൽ അവളുടെ പ്രണയം നഷ്ടപെടാതിരിക്കാൻ ശ്രെമിക്കുകയല്ലേ അവൾ ചെയ്തത്…. തന്റെ പ്രണയം അനുകൂല സാഹചര്യമുണ്ടായിട്ടും തുറന്ന് പറയാൻ തനിക്കൊട്ട് ധൈര്യവും ഉണ്ടായില്ല….

ഈ ജന്മം അവരൊന്നിക്കാൻ ആവും ദൈവനിശ്ചയം… പിന്നീട് എന്തോ ഒരു വിവാഹത്തെ കുറിച് ചിന്തിക്കാൻ മാത്രം സാധിച്ചില്ല…

ഈ ജന്മം ആ ഒരു പ്രണയം മതി…

ഭദ്രയുടെ മനസ്സിൽ മാത്രം കിടക്കുന്ന ഭദ്രക്കും ഭാമക്കും മാത്രം അറിയുന്ന ഒരു നഷ്ടപ്രണയം ❣️

ഇനി ഉള്ള കാലം അച്ഛന്റെയും അമ്മയുടെയും ഓർമകളും പേറി ഈ വീട്ടിൽ സുന്ദരമായ ബാക്കി ജീവിതം ആസ്വദിച്ചു ജീവിക്കണം…

പുതിയ തീരുമാനങ്ങളും തിരിച്ചറിവുകളുമായി ഭദ്ര മുന്നോട്ട് നടക്കുകയാണ്…. ❣️

രചന : കീർത്തി പ്രമോദ്

Leave a Reply

Your email address will not be published. Required fields are marked *