Categories
Uncategorized

അവളുടെ പാദസരത്തിന്റെ ശബ്ദം അത് അടുത്ത നിമിഷം തന്നെ ബെഡ്റൂമിലേക്ക് വന്നു

രചന: മണ്ടശിരോമണി മണ്ടൻ

പനി വന്നു കിടക്കുംബോൾ പ്രണയിക്കാൻ നല്ല രസമാണ് .

പണി കഴിഞ്ഞ് വന്ന് വൈകുന്നേരം മുതൽ തന്നെ ഒരു തലവേദന ഉണ്ടായിരുന്നു . വെയിലു കൊണ്ടത് കൊണ്ടാവും എന്നാണ് കരുതിയത് . സാധാരണ ചില ദിവസങ്ങളിൽ അങ്ങനെ തലവേദന വരാറുണ്ട് . ചില ദിവസങ്ങളിൽ കുളിച്ചു കഴിഞ്ഞാൽ മാറും . പക്ഷേ ഇതെന്തോ കുളി കഴിഞ്ഞിട്ടും മാറിയില്ല . അതുകൊണ്ടാണ് ഭക്ഷണം കഴിച്ച് മൊബൈൽ ഒന്നും നോക്കാതെ വേഗം കിടന്നത് .

” അങ്ങനല്ല മോനെ . ഇങ്ങനെ എഴുതണം ..

ഉണ്ണീ നീ കൊഞ്ചാതെ എഴുതിയേ …

നല്ല അടിവെച്ചുതരും കെട്ടോ ”

ഭാര്യ ശരണ്യ മോനെ പഠിപ്പിക്കുന്ന ശബ്ദം മുറിക്കുള്ളിൽ കേൾക്കാം .

” ഞാൻ അടുക്കളേൽ പോയി വരുംബോഴേക്ക് ഇത് എഴുതണം കെട്ടോ ” ഉണ്ണിക്ക് എഴുതാൻ ഉള്ളതും കൊടുത്തിട്ട് അടുക്കളയിലേക്ക് പോകുന്ന അവളുടെ പാദസരത്തിന്റെ ശബ്ദം അത് അടുത്ത നിമിഷം തന്നെ ബെഡ്റൂമിലേക്ക് വന്നു .

” എന്തു പറ്റി മനു ഏട്ടാ ? ” പതിവില്ലാത്ത എന്റെ കിടത്തം കണ്ടിട്ടാവണം അവൾ അടുത്തേക്കു വന്നു .

” ഒന്നൂല ചെറിയൊരു തലവേദന ” ഞാൻ കണ്ണടച്ചു .

” നല്ലോണം ഉണ്ടോ ?” ആ ചോദ്യത്തിനൊപ്പം അവളുടെ കൈ എന്റെ നെറ്റിയിൽ പതിഞ്ഞിരുന്നു .

” ചൂടുണ്ടല്ലോ .” അവൾ ആരോടെന്നില്ലാതെ പറഞ്ഞു . ഞാനൊന്നും മിണ്ടിയില്ല . കുറച്ചു നേരം കഴിഞ്ഞപ്പോൾ പാദസരത്തിന്റെ കിലുക്കം അകന്നകന്നു പോകുന്നതും അടുക്കളയിൽ ” അമ്മേ മനു ഏട്ടനു പനി ഉണ്ട് ” എന്ന് അവളുടെ ശബ്ദമുയർന്നതും ഞാൻ കേട്ടു .

” നല്ലോണം ഉണ്ടോ ?” അമ്മയാണ് .

” ചൂടുണ്ട് . ഞാൻ തൊട്ടു നോക്കി ” അവൾ മറുപടി പറഞ്ഞു . എപ്പൊഴോ ഉറങ്ങി . ഒടുവിൽ പാതിരാത്രി എന്റെ നെറ്റിയിൽ അമർന്ന കൈകൾ എന്റെ ഉറക്കത്തെ ഉണർത്തി . പാവം അവളാണ് . ഇടയ്ക്ക് തൊട്ടു നോക്കിക്കൊണ്ട് പുതപ്പെടുത്തു നേരെ ഇടുന്നുണ്ട് . ഞാൻ വീണ്ടും കണ്ണടച്ചു .

* * * * *

” മരുന്നിന് പോകുന്നില്ലേ?” രാവിലെ എണീറ്റപ്പോഴേ അവളുടെ ചോദ്യമുയർന്നു . അതിന് പോകുന്നില്ലെന്ന് മറുപടി കൊടുത്തു .

” ഈ പനിയും വെച്ച് മരുന്ന് വാങ്ങിക്കതെ പിന്നെ . ഇന്നലെ രാത്രിയൊക്കെ പൊള്ളുന്നത് പോലത്തെ ചൂടുണ്ടായിരുന്നു . പോയി മരുന്ന് വാങ്ങീട്ട് പോരു . രാവിലെ തിരക്കൊന്നും ഉണ്ടാവില്ല ” അവൾ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു . ഞാൻ മറുപടി ഒന്നും പറയാതെ പല്ലു തേച്ചു . ഇടയ്ക്ക് ചുമയും ഉണ്ട് .

” ആ പനിയും വെച്ച് അതാ മഞ്ഞും കൊണ്ട് മുറ്റത്തു നിന്നും പല്ലു തേക്കുന്നു . മരുന്നിനും പോണില്ലാന്നു ” അടുക്കളയിൽ നിന്നും അമ്മയോട് പറയുന്നുണ്ട് പാവം .

“ഒന്നു മരുന്നിന് പോയി വാ മനു ഏട്ടാ ” എന്റെ ഉറക്കെയുള്ള ചുമ കേട്ടതോടെ അപേക്ഷ പോലെ പറഞ്ഞു.

ഞാൻ പോകാം എന്ന അർഥത്തിൽ ഒന്നു മൂളി .

ഏറെ വൈകാതെ പോയി വരികയും ചെയ്തു . അവൾ തന്ന ചൂടുവെള്ളത്തിൽ മരുന്നും കുടിച്ച് കിടക്കുംബോഴും അവളായിരുന്നു മനസിൽ .

ജീവിതത്തിന്റെ ഓരോ നിമിഷത്തിലും അവൾ നിറഞ്ഞു നിൽക്കുന്നു .

ഒന്നുറങ്ങി എണീക്കുംബോഴേക്കും എത്രയോ തവണ അവളുടെ കൈ എന്റെ നെറ്റിയിൽ പതിഞ്ഞിരുന്നു .

” മനു ഏട്ടാ എനിക്ക് തലവേദനിക്കുന്നുണ്ട് . നിങ്ങളു വരുംബോ തലവേദനയുടെ മരുന്നു വാങ്ങിക്കുമോ ?” രണ്ടു ദിവസം മുന്നേയാണ് വീട്ടിൽ നിന്നും ഇറങ്ങുംബോൾ അവൾ ചോദിച്ചത് .

” ഇവിടെ കൊണ്ടു വെച്ച മരുന്ന് മുഴുവൻ നീ കുടിച്ചോ ? ദിവസവും ഓരോ രോഗാണല്ലോ നിനക്ക് . പണിയൊന്നും എടുക്കാതെ സീരിയലും കണ്ടിരിക്കുന്നത് കൊണ്ടാ രോഗം ” ഞാൻ പറഞ്ഞ മറുപടി. അതോടെ അവൾ അകത്തേക്കു നടന്നു . ഞാൻ തിരിച്ചു വരുംബോഴും കിടന്നിട്ടുണ്ടായിരുന്നു പാവം . അടുത്തു തന്നെ ബാമിന്റെ ബോട്ടിൽ ഉണ്ടായിരുന്നു . അടുത്തു തന്നെ ഒരു ഗുളികയുടെ കവറും . അടുത്ത വീട്ടിൽ നിന്നും വാങ്ങിയതാവണം .

അവളുടെ കൈ എത്താത്ത ഒരിടവും വീട്ടിലില്ലെന്ന് പനിക്കിടക്കയിൽ ആണ് മനസിലായത് . പാവം ഒരു പാട് കഷ്ടപ്പെടുന്നുണ്ട് വീട്ടിൽ . അറിയാതെ നിറഞ്ഞ കണ്ണുകൾ .. .

” എന്തു പറ്റി മനു ഏട്ടാ . തലവേദന കുറവില്ലേ ?” കണ്ണു തുടയ്ക്കുംബോഴേക്കും അവളുടെ ചോദ്യം . ഇതുവരേ അവളോട് ഞാൻ ചോദിക്കാത്തതും ആ ചോദ്യമാണ് . തലവേദന ആണെന്നു പറഞ്ഞാലും “നിനക്കെപ്പൊഴും ഓരോന്നുണ്ടാവുമല്ലോ” എന്ന പുച്ചം മാത്രം . ഒന്നുമില്ല എന്ന അർഥത്തിൽ ഞാൻ ചുമൽ അനക്കിക്കൊണ്ട് അവളെ നോക്കി. കുളി കഴിഞ്ഞ് ഡ്രസ് മാറാനുള്ള പരിപാടിയാണ് . ഉണ്ണിയുടെ സ്കൂളിൽ മീറ്റിങ്ങ് ഉണ്ട്. അതിനു പോവാനുള്ള തയ്യാറെടുപ്പാണ് .

” അമ്മൂ ” ( വീട്ടിൽ അവളെ അങ്ങനെയാണ് വിളിക്കുക)

” ഉം. എന്താ വെള്ളം വേണോ ?” അവൾ തിരിഞ്ഞു .

” ഒരു കാര്യം ചോദിച്ചോട്ടെ ?” എന്റെ പതിവില്ലാത്ത സംസാരം കേട്ടിട്ട് അവൾ എന്നെ നോക്കി .

” നിനക്കെന്നോട് ദേഷ്യം ഉണ്ടോ ?”

” ദേഷ്യമോ ? എന്തിന് ? ” അവൾ മറുചോദ്യത്തോടെ പൗഡർ ബോട്ടിൽ കൈയിലെടുത്തു .

” ഉണ്ടോ ?” ഞാൻ ആവർത്തിച്ചു .

” ആ ഉണ്ട് ” അവൾ ചിരിച്ചു . അതോടെ ഞാൻ ഒന്നും മിണ്ടാതെ കണ്ണടച്ചു .

അടുത്തു വരുന്ന പൗഡറിന്റെ മണം . ..

എന്റെ മുഖം രണ്ടു കൈകളിൽ എടുത്തിട്ടുള്ള അവളുടെ നോട്ടം….

നെറ്റിയിൽ ചേർന്നമർന്ന അവളുടെ ചുണ്ടുകൾ ….

” ബാക്കി ദേഷ്യം പനി മാറീട്ട് തരാട്ടോ ” ചുണ്ടുകൾ പതുക്കെ പറഞ്ഞു . അവൾ പുറത്തേക്ക് നടന്നു . കൂടെ എന്റെ മനസും .

” അമ്മേ 4 മണിക്കാ മനു ഏട്ടന്റെ ഗുളിക കൊടുക്കണ്ടെ . ഞാൻ വരാൻ ലേറ്റായാൽ ചൂടുവെള്ളം എടുത്ത് കൊടുത്തേക്കണേ ” അമ്മയോട് ഓർമ്മിപ്പിക്കുവാണ് അവൾ .

സ്നേഹിക്കാനും ഓർമ്മിപ്പിക്കാനും അവളും ദേഷ്യപ്പെടാനും കുത്തിനോവിക്കാനും ഞാനും ….

രചന: മണ്ടശിരോമണി മണ്ടൻ

Leave a Reply

Your email address will not be published. Required fields are marked *