✍️ഷെമീർ പൊതിയഞ്ചേരി
അവൾക്ക് വല്ലാത്തൊരു ഭ്രാന്തായിരുന്നു മുല്ലപ്പൂവിനോട്. ഒരുമിച്ചുള്ള യാത്രയിൽ തെരുവോരങ്ങളിൽ വില്പനയ്ക്കായ് വെച്ചിരിക്കുന്ന മുല്ലപ്പൂ കണ്ടാൽ വയസ്സറിയിച്ചു കാലം കുറെ ആയിട്ടുണ്ടെങ്കിലും കൊച്ചു കുട്ടി എന്ന കണക്കിൽ അവൾ വാശി പിടിക്കും..
വാഹന തിരക്കിൽ എങ്ങാനും നിറുത്താതെ പോയാൽ അത് മതി ഒരാഴ്ച എനിക്ക് ശാരീരിക മർദ്ദനമേൽക്കാൻ… ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു അവൾക്ക്.
നമ്മുടെ കല്ല്യാണം അങ്ങിനെ ആവണം ഇങ്ങിനെ ആവണം ആദ്യ രാത്രിയ്ക്ക് ഒരുക്കുന്ന മെത്തയിൽ നിറയെ മുല്ലപ്പൂ വേണം.. മുല്ലപ്പൂ തൈകൾ പൂത്തു നിൽക്കുന്ന ഇടങ്ങളിലേക്ക് യാത്ര പോകണം.. അങ്ങിനെ അങ്ങിനെ ഒരുപാട്..
സ്വപ്നങ്ങൾക്ക് അവധി കൊടുത്ത് അവൾ ഒരു ദിവസം ഒരു വാക്ക് പോലും പറയാതെ അങ്ങ് പോയി.. വെള്ളം അതിനെ വല്ലാത്തൊരു പേടിയായിരുന്നു അവൾക്ക്..
എന്നിട്ടും അവൾ എങ്ങിനെയാണ് ആ പുഴയുടെ ആഴങ്ങളിലേക്ക് പോയത്.. വിവരമറിഞ്ഞു ഞാൻ ഓടിയെത്തുമ്പോൾ ഒരു ഭയവും ഇല്ലാതെ അവൾ മോർച്ചറിയിൽ കിടക്കുന്നു.. രക്തം കണ്ടാൽ തല കറങ്ങുന്ന അവൾ നാളെ മോർച്ചറിക്കരികിലുള്ള പോസ്റ്റുമോർട്ടം ടേബിളിൽ തന്റെ ശരീരം കീറി മുറിക്കുമെന്നറിഞ്ഞിട്ടും ഭയം ഒട്ടും ഇല്ലാതെ കിടക്കാൻ പോകുന്നു..
ഒരു നോട്ടമേ ഞാൻ നോക്കിയുള്ളു.. മുഖം വിളറി വെളുത്ത് ചുവന്നു തുടുത്ത ചുണ്ടുകൾക്ക് ഇളം നീല നിറം.. എനിക്ക് അട്ടഹസിച്ചു കരയണം എന്നുണ്ട്. കഴിയുന്നില്ല..
നെഞ്ചിൽ എന്തോ ഭാരം എന്റെ കരച്ചിൽ എവിടെയോ തങ്ങി നിൽക്കുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.
ഞാൻ അവിടെ കൂടി നിന്നവരോട് സംഭവിച്ചത് എങ്ങിനെയാണെന്ന് തിരക്കി.. എല്ലാവർക്കും ഒരു മറുപടിയേ ഒള്ളൂ..
“അറിയില്ല” അവളെ ആ മോർച്ചറിൽ തനിച്ചു കിടത്താൻ എനിക്ക് മനസ്സ് വന്നില്ല. ആ രാത്രി മോർച്ചറിയ്ക്ക് മുമ്പിൽ ഞാൻ കഴിച്ചു കൂട്ടി.. കാലത്ത് പത്തു മണിയാണ് സമയം.. അവൾക്ക് മുമ്പിൽ ഊഴം കാത്ത് രണ്ടു പേരുണ്ട്..
അവരുടെ കഴിഞ്ഞിട്ട് വേണം അവൾക്ക് പോസ്റ്റ്മോർട്ടം ടേബിളിൽ കയറി കിടക്കാൻ.. അവൾ എണീറ്റ് വരും.. എനിക്കൊന്നും പറ്റിയിട്ടില്ല ഞാൻ നിനക്കൊരു പ്രാങ്ക് തന്നതാ എന്നും പറഞ്ഞു ഒച്ചയ്ക്ക് ചിരിക്കും. ആ സമയം മുല്ലപ്പൂ കൊടുക്കണം..
ഇല്ലേൽ അത് മതി.. എന്റെ ഈ പ്രണയത്തിൽ മുല്ലപ്പൂവിന് വല്ലാത്ത പ്രാധാന്യമുണ്ട്. എഴുന്നേറ്റു നിന്നപ്പോൾ ശരീരം വിറയ്ക്കുന്നു. ബൈക്ക് എടുത്ത് ഞാൻ മുല്ലപ്പൂ തേടിയിറങ്ങി.
ഒരുപാട് അലഞ്ഞു. ഒടുവിൽ അവൾക്കായ് മേടിച്ച മുല്ലപ്പൂവുമായി അവളുടെ അരികിലേക്ക് തിരിച്ചു… എന്റെ കണ്ണിൽ ഇരുട്ട് കയറുന്നു എനിക്കൊന്നും കാണാൻ കഴിയുന്നില്ല.. എത്ര സമയം എന്റെ കാഴ്ച്ച നഷ്ടപ്പെട്ടു എന്നറിയില്ല. വെളിച്ചം പരന്നപ്പോൾ ഞാനൊരു ഹോസ്പിറ്റലിലാണ്.
ശരീരം മൊത്തം വല്ലാത്ത വേദന.. തലയിൽ എന്തോ ഭാരമുണ്ട്. തല വരിഞ്ഞു കെട്ടിയിരിക്കുന്നു..
അരികിൽ അപരിചിതരായ ആരൊക്കെയോ. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു..
“വേണ്ട… കിടന്നോളു.. തലയ്ക്കു നല്ല പരിക്കുണ്ട്.” അപരിചിതരിൽ ഒരാൾ എന്റെ ഷോൾഡറിൽ കൈ വെച്ചു പറയുന്നു. എനിക്ക് എന്താ പറ്റിയത്..?
ബൈക്ക് മറിഞ്ഞതാണ് എടുത്തു കൊണ്ടു വരുമ്പോൾ ബോധം നഷ്ടമായിരുന്നു.. എനിക്ക് പോകണം.. എന്റെ….. എന്റെ….
വാക്കുകൾ എന്റെ തൊണ്ടയിൽ കുരുങ്ങി. “ആരുടെ എങ്കിലും നമ്പർ തന്നാൽ ഞങ്ങൾ വിളിച്ചു പറയാം.. ” ” വേണ്ട എനിക്ക് ഒരു ഓട്ടോ വിളിച്ചു തന്നാൽ മതി ഞാൻ പൊക്കോളാം.” എന്റെ നിർബന്ധം ഡോക്ടർ ഡിസ്ചാർജ് ചെയ്തു…
“ഓട്ടോ ഒന്നും വിളിക്കണ്ട ഞങ്ങൾ കൊണ്ടു വിടാം.” ആ അപരിചിതർക്കൊപ്പം ഞാൻ ഇറങ്ങി. “ആദ്യം എനിക്ക് അപകടം പറ്റിയ ഇടത്ത് ഒന്ന് പോകണം ”
മറിഞ്ഞു കിടക്കുന്ന ബൈക്കിന്റെ അരികിൽ ഏതോ വാഹങ്ങളുടെ ചക്രങ്ങൾക്കിടയിൽ പെട്ട് ചതഞ്ഞു കിടപ്പുണ്ടായിരുന്നു അവൾക്ക് ഞാൻ കരുതി വെച്ച മുല്ലപ്പൂ..
മോർച്ചറിക്ക് മുന്നിൽ ആൾക്കൂട്ടം ഇല്ല.. അവളുടെ വീട്ടിൽ നിന്ന് ചില തേങ്ങലുകൾ മാത്രം.. അവളെ തിരഞ്ഞുള്ള യാത്ര സ്മശാനത്തിൽ എത്തിയപ്പോൾ അവളോട് യാത്രപറഞ്ഞു എല്ലാവരും പിരിയുകയാണ്… അവളുടെ കുഴിമാടത്തിനരികിൽ ഞാൻ ഇരുന്നു..
” സോറി… നിനക്ക് ഞാൻ കൊണ്ടുവന്ന മുല്ലപ്പൂ വഴിയിൽ ഏതോ വണ്ടികളുടെ ചക്രങ്ങൾക്കടിയിൽ പെട്ടു ചതഞ്ഞരഞ്ഞു ” എന്തോ അവൾക്ക് പരിഭവം ഇല്ല.. പരാതിയില്ല.. ദേഷ്യവും ഇല്ല…
അവളാകെ മാറിയിരിക്കുന്നു.. ഞാനവളോട് എന്തൊക്കെയോ സംസാരിച്ചു..
മാറുപടി ഒന്നും പറയാതെ അവൾ എല്ലാം പുഞ്ചിരിയിൽ ഒതുക്കി.. ഞാനും അവളോട് യാത്ര പറഞ്ഞു..
അവൾ യാത്രയായിട്ട് ഇന്നേക്ക് പതിനാറ് വർഷം കഴിഞ്ഞിരിക്കുന്നു.. ഇന്നും അവളുടെ അരികിൽ ഞാൻ പോയിരുന്നു.
കുഴിമാടം തിരിച്ചറിയാൻ രണ്ടറ്റങ്ങളിലും നാട്ടിയ കല്ലുകൾക്കിടയിൽ സുഗന്ധം പരത്തി പൂത്തു നിൽക്കുന്നുണ്ട് അവളുടെ ഇഷ്ടപ്പെട്ട ഭ്രാന്ത്..
✍️ഷെമീർ പൊതിയഞ്ചേരി