രചന: Akhilesh Reshja
“എനിക്ക് ഡിവോഴ്‌സ് വേണം”
“നീ ഓൺലൈൻ വഴി നോക്ക് ക്വാറന്റൈൻ അല്ലേ പുറത്തു പോകാൻ പറ്റില്ലല്ലോ ”
“എന്ത്?”
“നിനക്കെന്തോ വേണം എന്ന് പറഞ്ഞില്ലേ… നീ ഓൺലൈൻ വഴി വാങ്ങിച്ചോ…ഞാൻ സെലക്ട് ചെയ്താൽ നിനക്കിഷ്‌ട്ടപ്പെടില്ല പിന്നെ അതിന്റെ പേരിൽ വഴക്കാവും ”
“ഞാൻ ഡിവോഴ്സ് വേണമെന്ന പറഞ്ഞത്.”
“ഓ അത്രേള്ളു ”
“നിങ്ങൾക്ക് എന്താ അത് കേട്ടിട്ട് ഒരു കുലുക്കവും ഇല്ലാത്തത്?…”
“ഹോ…അത് നല്ല കാര്യം അല്ലേ…അതിനിത്ര കുലുങ്ങാൻ എന്തിരിക്കുന്നു…അല്ല എന്തിനാണാവോ ഇപ്പൊ ഒരു ഡിവോഴ്‌സ്…വേറെ ആരെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടോ കെട്ടാൻ?”
“ഹും… മിസ്റ്റർ ഭർത്താവെ നിങ്ങള് ഈ ലോകത്ത് ഒന്നും അല്ലേ…നിങ്ങള് കാരണമാ ഞാൻ ഇങ്ങനെ ഒന്നും ആകാതെ ഇരിക്കണേ…നിങ്ങൾ ആ ടീവി ഒന്ന് വെച്ച് നോക്കിയേ…എന്തോരം സീരിയലുകളാ…അതിൽ എല്ലാത്തിലും നായികയെ നായകൻ ഉപേക്ഷിച്ചു പോകുന്നു അതിന് ശേഷം നായികയ്ക്ക് വെച്ചടി വെച്ചടി കയറ്റമാ…സീരിയലുകൾ മാത്രമോ വാട്ട്‌സ്ആപ്പും ഫേസ്ബുക്കും നോക്കിയേ എന്തോരം പോസ്റ്റ് കാണാം… എനിക്കും അങ്ങനെ ഒന്ന് തിളങ്ങണം. തോറ്റു പോയിടത്തു നിന്നും വിജയിച്ചു കാണിക്കണം എനിക്ക്.”
“ഹാ ബെസ്റ്റ്…ഞാൻ നിന്നെ പിരിഞ്ഞാൽ ഉടനെ നീ തോറ്റു പോകും അല്ലേ…”
“അത് അങ്ങനെയല്ല… ”
“മണ്ണാങ്കട്ട…തോറ്റു പോകും പോലും ജീവിതത്തിൽ എന്തെങ്കിലും ഒരു തിരിച്ചറിവ് ഉണ്ടായി ഉചിതമായ തീരുമാനം എടുക്കുന്നത് എങ്ങനെയാടി മണ്ടി തോൽവി ആകുന്നത്…
നിനക്കിതൊക്കെ എവിടുന്നു കിട്ടുന്നു?”
“ഞാൻ ഒരു ഫേസ് ബുക്ക് പോസ്റ്റിൽ കണ്ടതാ…ഒരു കമന്റ് ആയിരുന്നു…തോറ്റു പോയവരുടെ ജീവിതത്തിന് വല്ലാത്തൊരു തിളക്കം ആണെന്ന്.”
“തോന്നി…എന്നും ഓരോ മണ്ടത്തരങ്ങൾ കൊണ്ടു വന്നോളും. ജീവനായി സ്നേഹിക്കുന്നവരെ മനസ്സിലാക്കാൻ കഴിയാത്തവർ മാത്രമേ അത്തരത്തിൽ തോറ്റു പോയെന്ന് പറയാൻ പറ്റുകയുള്ളു…നേരെ തിരിച്ചാണെങ്കിൽ അത് ഒരിക്കലും തോൽവിയല്ല… മേലാൽ ഇത്തരം പൊട്ടത്തരം കൊണ്ട് വന്നേക്കരുത് കേട്ടോ ഭാര്യേ…”
‘”വന്നാൽ…?”
” ‘അവളുടെ കുറവുകളെ പ്രണയിക്കുന്ന രാജകുമാരനെന്ന് ‘ ക്യാപ്ഷൻ ഇട്ട് എന്റെ ഫോട്ടോ നാട്ടുകാർ സ്റ്റാറ്റസ് ഇടും ”
ഭാര്യയ്ക്ക് രണ്ടു നിമിഷത്തെ ആലോചനയ്ക്ക് ശേഷം മാത്രമാണ് ഭർത്താവിന്റെ വാക്കുകളിലെ പൊരുൾ മനസ്സിലായത്.
ജീവിതത്തിലെ ചില അവസ്ഥകളെ കാവ്യാത്മകമായി പറയുമ്പോൾ പരോക്ഷമായി വിരൽ ചൂണ്ടുന്നത് ചില നൂനതകളിലേക്കാണെന്ന് അവൾ ഓർത്തു.
🍁🍁 🍁🍁
(നിങ്ങൾ നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീയാണോ എങ്കിൽ നിങ്ങൾ തോറ്റു.വെറും തോൽവിയല്ല ഭൂലോക തോൽവി തന്നെ. നിങ്ങളുടെ ചിരി ഇനിമുതൽ തോറ്റു പോയവളുടെ പുഞ്ചിരിയാണ്. നിങ്ങളുടെ ചുവടു വെയ്പ്പുകൾ തോറ്റു പോയവളുടെ ഉയർത്തെഴുന്നേൽപ്പാണ്. നിങ്ങളുടെ സന്തോഷങ്ങൾ ഇനി മറ്റുള്ളവരുടെ മുൻപിൽ സങ്കടങ്ങൾക്ക് മേലേ അണിഞ്ഞ മുഖം മൂടിയാണ്…
എന്തെല്ലാം വിശേഷണങ്ങൾ ആണെല്ലേ… ജീവിതത്തിൽ ഒരിക്കലും ഒരിക്കലും ഒരുമിച്ചു സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കാൻ കഴിയില്ലെന്ന ബോധ്യത്തോടെ വിവാഹമെന്ന ഉടമ്പടി അവസാനിപ്പിക്കുമ്പോൾ അതിൽ പെണ്ണ് മാത്രം എങ്ങനെ തോറ്റു പോകുന്നവൾ ആകുന്നു? പേരിനു പുറകിൽ പുരുഷന്റെ നാമം ഇല്ലായെങ്കിൽ, അവൾ തോറ്റു പോകുന്നവൾ ആകുന്നതെങ്ങനെ?
പേരിനെകിലും ഒരാൺ തുണ ഉള്ളവർ മാത്രമാണോ ജീവിതത്തിൽ പൂർണ്ണസന്തോഷവതികൾ ആയിട്ടുള്ളത്(ഭർത്താവ് കൂടെയുള്ളവർ എല്ലാവരും സന്തോഷമായിട്ടാണോ ജീവിക്കുന്നത്?) അതുമല്ലെങ്കിൽ സ്ത്രീയുടെ സന്തോഷങ്ങളും വിജയങ്ങളും ഭർത്താവിനെ ചുറ്റിപ്പറ്റി മാത്രമാണോ? (കൂടെ ചേർത്തു നിർത്തി ഞാനില്ലേ കൂടെയെന്ന് ചോദിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അത് സന്തോഷം തന്നെയാണ്.)
സമൂഹത്തിൽ പ്രമുഖർ ആയവരോ സാധാരണക്കാരോ ആകട്ടെ ആർക്കും ആരുടേയും സഹതാപതരംഗങ്ങൾ ആവശ്യമേയില്ല. വിവാഹമോചിതയായ ഒരു സ്ത്രീയുടെ വിജയങ്ങൾക്ക് സമൂഹം വലിയ പരിഗണന കൊടുക്കാറുണ്ട്.നല്ലത് തന്നെ… ഭർത്താവ് കൂടെ ഉണ്ടോ ഇല്ലയോ എന്ന് നോക്കാതെ അവരുടെ വ്യക്തിത്വത്തെ മാത്രം ബഹുമാനിക്കുക,പരിഗണിക്കുക.
ഒരിക്കലും ജീവിതപങ്കാളി ഒപ്പമുണ്ടോ വേ ർപിരിഞ്ഞു പോയോ എന്ന വസ്തുത മാത്രം കണക്കിലെടുത്തുകൊണ്ട് അവരുടെ ചെയ്തികളെ വിലയിരുത്തതിരിക്കുക.
പ്രശംസിക്കുകയാണെന്ന മട്ടിൽ എന്തിന് അവരിൽ തെറ്റായ ചിന്തകൾക്ക് തിരി കൊളുത്തണം?
ചിലർ ഫേസ്ബുക്കിൽ അവരുടെ സന്തോഷനിമിഷങ്ങളെ പങ്കുവെയ്ക്കുമ്പോൾ താഴെ ഒരുപാട് കമന്റ്സ് കാണാറുണ്ട്…പോസറ്റീവ് ആയതും നെഗറ്റീവ് ആയതും ചിലത് പോസറ്റീവ് ആണെന്ന് തോന്നിപ്പിക്കും വിധം പക്ഷേ നിറയെ നെഗറ്റിവിറ്റി.അത്തരം കുറേ അഭിപ്രായങ്ങൾ വായിച്ചു മടുത്തു.
കറുത്ത ഒരാളെ വെളുത്ത ഒരാൾ വിവാഹം ചെയ്ത ഫോട്ടോ കണ്ടാൽ അപ്പോൾ അവിടെ വരുന്ന ചില അഭിപ്രായങ്ങൾ ഉണ്ട്…’കറുപ്പാണെങ്കിലും നല്ല ഭംഗിയാണെന്ന്’…ആ പറച്ചിലിൽ തന്നെ ഇല്ലേ കറുപ്പ് മോശം ആണെന്നുള്ള തെറ്റായ ധ്വനി!
അങ്ങനെ നിറം നോക്കാതെ വിവാഹം കഴിച്ചാൽ നല്ല മനസ്സിനുടമയെന്ന് ചിലർ പറയും. എന്തോ ത്യാ ഗം ചെയ്യുന്നുവെന്ന തോന്നൽ ഉണ്ടാക്കാൻ അത്തരം ഒരു കമന്റ് മതിയാകും.അങ്ങനെ എത്രയെണ്ണം… നമ്മൾ നമുക്ക് കുറവെന്ന് തോന്നുന്നവയിലേക്ക് മാത്രം നോക്കി കൊണ്ട് അവരെ എത്ര തന്നെ അഭിനന്ദിച്ചാലും അത് വലിയ തോൽവി ആയിരിക്കും.
തോറ്റു പോകുന്നത് അവരല്ല…നല്ല മാറ്റങ്ങൾ ആഗ്രഹിക്കുന്ന സമൂഹം ആണെന്ന് മാത്രം.
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…
രചന: Akhilesh Reshja