Categories
Uncategorized

അവരുടെ ആ കൊച്ചു വീട് അപ്പോള്‍ ഒരു സ്വര്‍ഗമായി മാറുകയായിരുന്നു…

രചന: വേദവതി

കോളേജ്‌ അലുമ്നിക്കു വന്നവര്‍ എല്ലാവരും കുടുംബസമേതം പഴയ കളിയും ചിരിയുമായി ഇരുന്നപ്പോഴാണ് ആ റിസോർട്ടിന്റെ വേദിയിലേക്ക് അവളും അവനും ഒരു താര ജോഡികളെ പോലെ കടന്നു വന്നത്…..ഒരു നിമിഷം എല്ലാവരുടേം ശ്രദ്ധ അവരിലേക്കായി…. വേദിയാകേ നിശ്ശബ്ദം….

അവള്‍ ടീന…. സ്വര്‍ണ്ണ ബോര്‍ഡറോടു കൂടിയ കറുത്ത നിറത്തിലുള്ള സാരിയില്‍ അവളുടെ ശരീര വടിവ് വരച്ചെടുത്തിരിക്കുന്നു…. അതിന് യോജിച്ച സ്വര്‍ണ്ണ നിറത്തിലുള്ള മേല്‍ക്കുപ്പായം….മുടി സ്ട്രെയിറ്റ് ചെയ്തിരിക്കുന്നു…ഇണങ്ങുന്ന ആഭരണങ്ങളിലും ആ മേക്കപ്പിലും അവള്‍ അതീവസുന്ദരിയായിരുന്നു…..

അവളുടെ പ്രൌഢിക്കൊപ്പം ചേരുന്ന ഭര്‍ത്താവ്……അവരുടെ രണ്ടു പേരുടേം ആഡംബരത്തില്‍ അവിടെയുള്ളവര്‍ ഒരു നിമിഷം മുഴുകി……

ടീനയെ കണ്ടു കഴിഞ്ഞപ്പോള്‍, മൃദുലക്ക് എത്രയും പെട്ടെന്നു അവിടെ നിന്നു പോയാല്‍ മതി എന്നായി…. കുഞ്ഞിനും ഭര്‍ത്താവിനും ഒപ്പം വന്ന മൃദുല, ഒരു പേറു കഴിഞ്ഞതാണ് എന്നു വിളിച്ചോതുന്ന പോലെ ശരീരം കൊഴുത്തിരുന്നു….. ആഡംബരത്തില്‍ ലവലേശം താത്പര്യം ഇല്ലാത്ത ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥനായ ഭര്‍ത്താവു സന്തോഷ്……..ഇടത്തരം കുടുംബത്തില്‍ ജനിച്ച അവള്‍ക്ക് വിദ്യാഭ്യാസം കൊണ്ട് അത്ര മോശമില്ലാത്ത ഒരു ജോലി ഉണ്ട്… കുഞ്ഞ് ജനിച്ചു കഴിഞ്ഞു കുറച്ചു നാള്‍ വീണ്ടും ജോലിക്കു പോയി….പക്ഷേ രാത്രിയിലെ ഉറക്കമില്ലായ്മയും ജോലിയിലെ തിരക്കും കാരണം തത്കാലത്തേക്ക് നിര്‍ത്തിക്കൂടേ എന്നു ഭര്‍ത്താവ് പറഞ്ഞപ്പോള്‍ അവള്‍ക്കത് ആശ്വാസമായിരുന്നു…. ദുസ്സൊഭാവങ്ങളൊന്നുമില്ലാത്ത ഒരാള്‍ ആണ് സന്തോഷ് .. അത് കൊണ്ട് തന്നെ കിട്ടുന്ന ശമ്പളം കൊണ്ട് ജീവിതം നന്നായി മുന്നോട്ട് പോകുന്നു….

അവള്‍ക്ക് കോളേജ് കാലം മുതല്‍ തന്നെ ടീനയെ ഇഷ്ടമല്ലായിരുന്നു.. വേറെ ഒന്നും കൊണ്ടല്ല…. ടീനയുടെ ആര്‍ഭാടത്തിനോട് തോന്നിയ അസൂയ…..അത് സഹിച്ചു തീര്‍ത്ത 3 വര്‍ഷങ്ങള്‍, കോളേജ് ദിനങ്ങള്‍….

ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പറം ടീനയെ വീണ്ടും കണ്ടപ്പോള്‍ മൃദുലക്ക് മനസ്സില്‍ കുഴിച്ചിട്ട പല പഴയ ഓര്‍മ്മകളും വീണ്ടും ഉണര്‍ന്നു വന്നു…
ലളിതമായിട്ടുള്ള അവളുടെ ഭര്‍ത്താവിന്‍റെ വേഷവിധാനങ്ങളോട് അവള്‍ക്ക് പുച്ഛം തോന്നി…..

തിരിച്ചു വീട്ടിലെത്തിയപ്പോള്‍, സുഖമില്ല…തലവേദനയാണ് എന്നു പറഞ്ഞു കിടന്നു.. മനസ്സിലെ സങ്കര്‍ഷം ഉള്ളില്‍ കിടന്നു നുരഞ്ഞു പൊങ്ങി…..

പിറ്റേ ദിവസം കാലേ, ഓഫീസില്‍ പോകാനായി തയ്യാറായ ഭര്‍ത്താവ് തനിക്ക് വയ്യെങ്കില്‍ കിടന്നോളൂ…. ഞാന്‍ ഭക്ഷണം ഉണ്ടാക്കി പൊയ്ക്കൊളാം എന്നു പറഞ്ഞത് അവള്‍ ശ്രദ്ധിച്ചില്ല… ചിന്തകള്‍ മുഴുവന്‍ ടീനയുടെ പ്രൌഢിയിലായിരുന്നു…..

ഇളയ മകന്റെ കൂടെ അവരുടെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരത്ത് താമസിക്കുന്ന ഭര്‍ത്താവിന്റെ അമ്മയും അച്ഛനും അവളെയും കുഞ്ഞിനെയും കാണാന്‍ എത്തി…. ഒരു പാട് പലഹാരങ്ങളും പച്ചക്കറികളുമായി എത്തിയ അവരെ അമര്‍ഷത്തോട് നോക്കുവാനെ കല്യാണം കഴിഞ്ഞ സമയത്തും ഇന്നും അവള്‍ക്ക് തോന്നിയിട്ടുള്ളൂ…..

പുറത്തിറങ്ങി ഒന്നു സമാധാനത്തിന് കാറ്റ് കൊള്ളാന്‍ ഇരുന്നപ്പോള്‍ അപ്പുറത്തെവീട്ടിലെ രാധേച്ചി കയ്യാലക്കരുകില്‍ വന്നു നിന്നു സംസാരിക്കാന്‍ തുടങ്ങി …. അവള്‍ക്കാകെ വീര്‍പ്പ് മുട്ടി…. ബാങ്കില്‍ തൂക്കുകയും തുടക്കുകയും ചെയ്യുന്ന രാധേച്ചിയെ അവള്‍ക്ക് അത്ര കാര്യമല്ല…..അന്തസ്സിന്നു ചേരുന്നവര്‍ അല്ലല്ലോ……

ഓഫീസില്‍ നിന്നും എത്തിയ ഭര്‍ത്താവ് കുഞ്ഞിനെയും കളിപ്പിച്ചു കൊണ്ടിരുന്നു അവള്‍ക്കരുകില്‍…. അയാള്‍ തമാശ പറയുന്നതൊന്നും അവള്‍ക്കു അത്ര രസകരമായി തോന്നിയില്ല…

മനസ്സിലൂടെ അപകര്‍ഷതാബോധം കുന്നു കൂടിയിരുന്നു… ടീനയെ കണ്ടപ്പോള്‍ അത് പത്തിരട്ടി കൂടിയെന്ന് പറയാം,….

രാത്രിയില്‍ സ്നേഹത്തോടെ തന്നെ പുണര്‍ന്ന ഭര്‍ത്താവിന്‍റെ കൈകള്‍ അവള്‍ തട്ടി തെറുപ്പിച്ചു…..അയാള്‍ ഒന്നും മിണ്ടാതെ കിടന്നു…..
ദിവസങ്ങള്‍ ഇങ്ങനെ കടന്നു പോയി…. അയാള്‍ക്കു സഹികെട്ടു….

“എന്താണ് നിനക്കു പറ്റിയത്?….. നിനക്കെന്താ ഒരു സന്തോഷമില്ലാത്തത്?….അന്ന് അലുമ്നിക്കു പോയിട്ടു വന്നപ്പോള്‍ മുതല്‍ ഞാന്‍ ശ്രദ്ധിക്കുവാ എന്തുവാണു നിന്റെ പ്രശ്നം?”….

മൃദുലയുടെ മനസ്സില്‍ സങ്കടത്തിന്റെ കടല്‍ ഇരമ്പി…അവള്‍ പ്രകോപിതയായി….. ഭര്‍ത്താവിന്‍റെ വേഷവിധാനത്തെ കുറിച്ചു കുറ്റപ്പെടുത്താന്‍ തുടങ്ങി…. ആഡംബരമില്ലായ്മയില്‍ തനിക്ക് യോജിക്കാനാകുന്നില്ല….നല്ല ഒരു വിലകൂടിയ സാരി പോലും വാങ്ങി തന്നിട്ടു എത്രയെത്ര നാള്‍ ആയിരിക്കുന്നു, അത് തന്നെയുമല്ല ഈ പഴയ കാര്‍ ഒന്നു മാറ്റി പുതിയ ഒരണ്ണം വാങ്ങിച്ചൂടെ, അങ്ങനെ എത്രയോ കാര്യങ്ങള്‍ പഴഞ്ചന്‍ ഇവിടെ…..

അവളുടെ വാക്കുകള്‍ അയാളില്‍ ഒരു കാട്ടുചൂളയിലെ തീയെന്ന പോലെ പടര്‍ന്നു….ആവശ്യത്തിന് ഇത് വരെ അയാള്‍ ഒരു മുടക്കവും വെച്ചിട്ടില്ല… പക്ഷേ അവളുടെ ആഗ്രഹങ്ങള്‍ തന്നെ കൊണ്ട് സാധിക്കുന്നതിനും അപ്പുറമെന്ന് അയാള്‍ തിരിച്ചറിഞ്ഞു…. കണ്‍കോണില്‍ നിന്നും നീര്‍ത്തുള്ളി പുറത്തേക്ക് കുതിക്കാന്‍ വെമ്പുന്നെന്നറിഞ്ഞപ്പോള്‍ അയാള്‍ അവളോടു ഒന്നും പറയാതെ ഓഫീസിലേക്ക് പോയി…..

ഭര്‍ത്താവ് കാലത്ത് അവള്‍ക്കായി ഉണ്ടാക്കിയ ആഹാരം കഴിച്ചപ്പോള്‍ അവളുടെ മനസ്സില്‍ കുറ്റബോധം കുറച്ചു വന്നു..അത്രയും പറയേണ്ടിയിരുന്നില്ല… അവള്‍ ഓരോന്ന് ചിന്തിച്ചിരുന്നു… കുഞ്ഞിനെയും ഉറക്കി അവള്‍ പതിയെ ഉച്ചമയക്കത്തിലാണ്ടു…..

മൊബൈലിന്‍റെ നിര്‍ത്താതെയുള്ള ശബ്ദം കേട്ടു കൊണ്ടാണ് അവള്‍ ഉണര്‍ന്നത്…… നേരം സന്ധ്യ ആയിരിക്കുന്നു…..കാലത്തെ പെരുമാറ്റം കണ്ടിട്ടു പോയ ഭര്‍ത്താവ് ഓഫീസില്‍ നിന്നും ഇത്രേം നേരം ആയിട്ടും തിരിച്ചു എത്തിയിട്ടില്ല……

കോള്‍ എടുത്തപ്പോള്‍ അപ്പുറത്ത് അവളുടെ കൂടെ കോളേജില്‍ പഠിച്ച മീര…..മീരയോട് മാത്രമേ അവള്‍ അങ്ങനെ സൌഹൃദം വെച്ചിരുന്നുള്ളൂ….

“മൃദു നീയറിഞ്ഞോ?…. ടീന….. അവള്‍ ആത്മഹത്യ ചെയ്തു”…. ആ വാര്ത്ത കേട്ടു മൃദുല ഒരു ശില പോലെ തറഞ്ഞിരുന്നു”…..

“എന്താണ് കാര്യമെന്ന് അറിയാമോ”?…..

“അവിടെ സ്റ്റേഷനിലെ പോലീസ് ഓഫീസറായ എന്റെ ഒരു ബന്ധു വഴിയാണ് കുറച്ചൊക്കെ അറിഞ്ഞത്……
അവള്‍ കുറെക്കാലമായി ഭയങ്കര ഡിപ്രെഷനില്‍ ആയിരുന്നു……ആകെ ബന്ധമെന്നും സ്വന്തമെന്നും പറയാനുണ്ടായിരുന്ന ഭര്‍ത്താവ് ജോലി കാരണം ഏത് സമയം യാത്രയില്‍ ആയിരുന്നു…പിന്നെ ഈ അടുത്ത ഇടയിലായി അയാള്‍ക്ക് വേറെ ബന്ധങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു എന്നു അവള്‍ അറിഞ്ഞു……ഡിപ്രെഷന്‍ ബാധിച്ച അവള്‍ക്ക് സംസാരിക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല…..കൂട്ടുകാരായിട്ടും, ബന്ധമായിട്ടും……അല്ലേല്‍ അവളുടെ സ്വഭാവം കാരണം ആരും അടുക്കാറില്ലായിരുന്നു എന്നു ചുരുക്കം….ഇതൊക്കെ ഒരു മാനസികാരോഗ്യമല്ലേ…..അവള്‍ക്കു വേണ്ടപ്പെട്ടവര്‍ ശ്രദ്ധിച്ചുമില്ല….എന്നാലും അവളുടെ രൂപവും ഭാവവും കണ്ടപ്പോള്‍ നമ്മള്‍ ആരെങ്കിലും വിചാരിച്ചോ അവള്‍ക്കിത്രയും പ്രശ്നങ്ങള്‍ ഉണ്ടെന്ന്”……

“അല്ല അപ്പോള്‍ അന്ന് അലുമ്നിക്കു വന്നപ്പോള്‍ അവര്‍ രണ്ടുപേരും ഭയങ്കര സന്തോഷത്തോടെയായിരുന്നല്ലോ”?…….

“അതൊക്കെ അവരുടെ ഷോയായിരുന്നു…. പണ്ട് കോളേജില്‍ അവള്‍ വന്നിരുന്നു ഷോ കാണിച്ചു കൊണ്ടിരുന്നപ്പോള്‍ അവളുടെ അച്ഛനും അമ്മയും തമ്മില്‍ ഡിവോഴ്സ് ആയിട്ട് രണ്ടു പേരും വേറെ കെട്ടിയ സമയം ആയിരുന്നു.. അവള്‍ അന്ന് അങ്ങനെ ഒക്കെ പെരുമാറിക്കൊണ്ടിരുന്നത് കൊണ്ട് അവള്‍ക്കു ആരുടെ അടുത്തൊന്ന് ഉള്ളു തുറന്നു സംസാരിക്കാനും ഇല്ലായിരുന്നു……… ഇത്രേം ഉള്ളൂ മനുഷ്യരുടെ അവസ്ഥ അല്ലേ?… നമ്മള്‍ പുറമെ കാണുന്നത് ഒന്നു….. അകത്തു വേറൊന്ന്… എന്തൊരു പ്രയാസം നിറഞ്ഞ ജീവിതമായിരിന്നിരിക്കും അല്ലേ…..? വിശ്വസിക്കാന്‍ ആവുന്നില്ല അതും ടീന ഇങ്ങനെ ചെയ്തെന്ന്……”

മീരയുടെ ആ വാക്കുകള്‍ മൃദുലയെ ചുട്ടു പൊള്ളിച്ചു…ഫോണ്‍ വെച്ചു കഴിഞ്ഞപ്പോള്‍ മൃദുല യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു വന്നു… ദൈവമേ സന്തോഷേട്ടന്‍……. എന്തൊക്കെയാ ഞാന്‍ അദ്ദേഹത്തോട് ഇന്ന് രാവിലെ പറഞ്ഞത്….
സമയം രാത്രി എട്ട് മണി കഴിഞ്ഞിരിക്കുന്നു….ഏട്ടന്‍ ആണെങ്കില്‍ എത്തിയിട്ടും ഇല്ലാ.. ഫോണ്‍ വിളിച്ചിട്ടു കിട്ടുന്നില്ല……. മൃദുല വീണ്ടും വീണ്ടും വിളിച്ചു……

ഒടുവില്‍ വീട്ടില്‍ എത്തിയോ എന്നറിയാനായി അവള്‍ ഭര്‍ത്താവിന്റെ അമ്മയെ വിളിച്ചു…..

“എന്താ മോളെ ഈ സമയം”?……
അവരുടെ മോളെ എന്നുള്ള വിളി കേട്ടപ്പോള്‍ പതിവിലും ഒരുപാട് സ്നേഹം അവള്‍ തിരിച്ചറിഞ്ഞു….. സ്വന്തം മകളെ പോലെ സ്നേഹിക്കുന്ന ആ അച്ഛനെയും അമ്മയെയും ഒരിക്കല്‍ പോലും താന്‍ സ്നേഹം തിരിച്ചു കാണിച്ചിട്ടില്ല……
അവരറിയാതെ അവള്‍ ആ ഫോണിന്റെ മറുതലക്കില്‍ കണ്ണുനീര്‍ വാര്‍ത്ത് കൊണ്ടിരുന്നു…..

“ഏട്ടന്‍ അവിടെ വന്നിരുന്നോ”? അവള്‍ ശബ്ദം ഇടറി

“ഇല്ലല്ലോ മോളെ…..
മോള്‍ പേടിക്കാതെ…. അവന്‍ എന്തെങ്കിലും ആവശ്യത്തിനു താമസിക്കുന്നതായിരിക്കും….മണി എട്ടല്ലേ ആയിട്ടുള്ളൂ”….
സന്ധ്യക്ക് മുമ്പേ എന്നും എത്തുന്നയാളാണ്….തന്നെ ആശ്വസിപ്പിക്കാന്‍ പറഞ്ഞതാണെന്ന് അവള്‍ക്കറിയാം, അമ്മയുടെ പരിഭ്രമവും ആ വാക്കുകളില്‍ കൂടി അവള്‍ തിരിച്ചറിഞ്ഞു….

ഫോണ്‍ വെച്ചു കഴിഞ്ഞപ്പോള്‍ അവള്‍ക്ക് ആ വീട്ടില്‍ തന്നെ ഇരിക്കാന്‍ തോന്നിയില്ലാ… ടീനയുടെ ആ ഒരു വാര്‍ത്ത ഞെട്ടിപ്പിക്കുന്നതായിരുന്നു….അവളുടെ അന്ന് കണ്ട ആഡംബരത്തില്‍ ഭ്രമിച്ച താന്‍ എന്തൊരു വിഡ്ഢി…….

കുറെ നേരം ഇരുന്നിട്ടും സമാധാനം ഇല്ലാതെ അവള്‍ കുഞ്ഞിനേം എടുത്തു കൊണ്ട് ആ കയ്യാലക്കല്‍ പോയി.. രാധേച്ചി എന്നു നീട്ടി വിളിച്ചു…..

ഇതെന്താ കുഞ്ഞേ എന്നും ചോദിച്ചു കൊണ്ട് രാധേച്ചിയും ഭര്‍ത്താവും പുറത്തേക്ക് ഇറങ്ങി വന്നു…

“അല്ല ചേച്ചി ഏട്ടന്‍ വരാന്‍ താമസിക്കുന്നു… എനിക്കു വല്ലാതെ പേടി ആകുന്നു…..ചേച്ചി, ചേച്ചിക്ക് പറ്റുവാണേല്‍ ഒന്നു വീട്ടില്‍ വന്നിരിക്കുമോ”…..

അതിനെന്താ ഞാന്‍ ഇപ്പോള്‍ വരാം എന്നു പറഞ്ഞു രാധേച്ചി ടോര്‍ച്ചും എടുത്തു കൊണ്ട് വീട്ടിലേക്ക് വന്നു……

ഒരിക്കല്‍ പോലും രാധേച്ചിയോട് താന്‍ നല്ല വണ്ണം സംസാരിച്ചിട്ടില്ല…. തന്റെ വീട്ടിലേക്ക് ഒന്നു വിളിച്ചിട്ടില്ലാ…..എന്നിട്ടും അവരുടെ കരുതല്‍ കാണുമ്പോള്‍ ഹൃദയം വിങ്ങുന്നു…… തന്നെ സ്നേഹിക്കുന്ന എത്രയോ പേര്‍ തനിക്ക് ചുറ്റിനും….താന്‍ എത്രയോ സമ്പന്ന……ഏട്ടന്‍ വന്നിട്ട് വേണം ആ കാലില്‍ വീണു ഒന്നു മാപ്പു പറയാന്‍….

കൂട്ട് വന്നിരുന്ന രാധേച്ചി നിര്‍ബന്ധിച്ച് അവളെ ഭക്ഷണം കഴിപ്പിച്ചു…. കരഞ്ഞു തളര്‍ന്ന് കണ്ണുകള്‍ മയക്കത്തിലേക്ക് അടയുമ്പോള്‍, കുഞ്ഞിനെയും ഉറക്കി ഒരു ചേച്ചിയുടെ സ്നേഹത്തോടെ രാധേച്ചി കാവല്‍ ഇരിക്കുന്നത്തു അവള്‍ കണ്ടു….

ഒരു തണുത്ത കരസ്പര്‍ശം അറിഞ്ഞപ്പോള്‍ അവള്‍ കണ്ണു തുറന്നു….സന്തോഷേട്ടന്‍ തന്റെ അരികില്‍..ആദ്യമായി ആ മനുഷ്യനോടു പൂര്‍ണമായിട്ടുള്ള സ്നേഹം തോന്നി….അതും ഈ കല്യാണം കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇതുവരെ അവള്‍ തിരിച്ചറിഞ്ഞിരുന്നില്ല…..

“അപ്പോള്‍ ശരി മോനേ ഞാന്‍ ഇറങ്ങുകയാണ്, മോള്‍ നന്നായി പേടിച്ചു പോയി”….ആദ്യമായി മനസ്സ് തുറന്നുള്ള ചിരിയിലൂടെ അവരോടു അവള്‍ നന്ദി പറഞ്ഞു……..

ഏട്ടാ ഞാന്‍ പറഞ്ഞതിനെല്ലാം മാപ്പ് എന്നവള്‍ പറയുമ്പോള്‍ മിഴികള്‍ നിറഞ്ഞിരുന്നു……

“എന്താ മോളെ, മാപ്പ് ഞാന്‍ അല്ലേ പറയേണ്ടേ ഇത് വരെ മോൾക്കു എന്താണ് വേണ്ടത് എന്നു ഞാന്‍ ചോദിച്ചിട്ടില്ല….എപ്പോഴും അത് നമ്മുടെ ഭാവിക്കായ് സ്വരുക്കൂട്ടിയിരുന്നു…..പക്ഷേ ഇത് നോക്കൂ ഇത് വാങ്ങാന്‍ വേണ്ടി ഞാന്‍ അടുത്ത ടൌണില്‍ പോയ കൊണ്ടാണ് ഇത്രേയും താമസിച്ചത്.”..

അവള്‍ നോക്കിയപ്പോള്‍ കുറെ വിലപിടിപ്പുള്ള സാരിയും മേക്കപ്പ് സാധനങ്ങളും…….

അതും കൂടി കണ്ടപ്പോള്‍ അവള്‍ ഏങ്ങി ഏങ്ങി കരഞ്ഞു…

“ഞാന്‍ ഒരിയ്ക്കലും എട്ടനെ മനസ്സിലാക്കിയിട്ടില്ല…..ഒരു ഭാര്യക്ക് ഏറ്റവു സന്തോഷം തന്നെ ബഹുമാനിക്കുന്ന, സ്നേഹത്തോടെയും കരുതലോടെയും പെരുമാറുന്ന ഒരു ഭര്‍ത്താവിനെ ആണ്……അല്ലാതെ മോടിയോടുള്ള സാധനങ്ങള്‍ക്ക് മനസ്സിന്റെ സന്തോഷം നല്കാന്‍ ആവില്ല….. ഒരു മിഥ്യ ജീവിതത്തില്‍ ആയിരുന്ന ഞാന്‍ ഇതൊക്കെ ഒരിയ്ക്കലും മനസ്സിലാക്കിയില്ല..എന്റെ ജീവിതത്തില്‍ എനിക്കു കിട്ടിയ നിധിയാണ് ഏട്ടന്റെ സ്നേഹം…. അതിനെ അമര്‍ഷത്തോടെ കണ്ട ഞാന്‍ ഒരു പമ്പര വിഡ്ഡി….എനിക്കിപ്പോള്‍ ഈ സമ്മാനങ്ങള്‍ ഒന്നും തന്നെ വേണ്ട… നമ്മുക്ക് പറ്റുവാണേല്‍ നാളെ പോയി ഇത് മടക്കി കൊടുക്കാം…. ചേട്ടന്റെ അച്ഛനും അമ്മയ്ക്കും നല്ല ഒരു ജോഡി വേഷം എടുത്തി കൊണ്ട് പോയി കൊടുക്കാം…. കൂട്ടത്തില്‍ രാധേച്ചിക്കും ഒരു സാരി…..സ്നേഹം ഉള്ള ചേച്ചി ആണ്, ഒരു സ്വന്തം ചേച്ചിയെ പോലെ”…..

ഭാര്യയുടെ ആ തിരിച്ചറിവ് അവനില്‍ അതിശയം ഉണര്‍ത്തി…..സന്തോഷത്തില്‍ ഇരുവരും പുണരുമ്പോള്‍ അവരുടെ കുഞ്ഞ് ഉറക്കത്തില്‍ എന്തോ സ്വപ്നം കണ്ടു പുഞ്ചിരിച്ചു കൊണ്ടിരുന്നു….അവരുടെ ആ കൊച്ചു വീട് അപ്പോള്‍ ഒരു സ്വര്‍ഗമായി മാറുകയായിരുന്നു……

അവള്‍ തിരിച്ചറിയുകയായിരുന്നു അന്ന്…. ബന്ധങ്ങളുടേം കൂട്ടുകാരുടേം സ്നേഹത്തിന്റെ വില…….ആര്‍ഭാടങ്ങള്‍ കൊണ്ട് ബന്ധങ്ങളെ അളക്കുന്നത്‌ അവള്‍ അന്ന് മുതല്‍ നിര്‍ത്തി……
ശുഭം (മറ്റുള്ളവരുടെ ജീവിതവുമായി താരദമ്യപ്പെടുത്തി സങ്കടപ്പെടാതെ, നമ്മളെ ജീവനു തുല്യം സ്നേഹിക്കുന്ന നമ്മുടെ കൂടെയുള്ളവരെ അമൂല്യമായി കാണുക…അവരെ ഒരിക്കലും വേദനിപ്പിക്കാതിരിക്കുക….)

ഇഷ്ടപ്പെട്ടാലും, ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായം പറയുമല്ലോ അല്ലേ…

രചന: വേദവതി

Leave a Reply

Your email address will not be published. Required fields are marked *