Categories
Uncategorized

അവന്റെ ചുമലിൽ അമർന്ന അയാളുടെ കൈകൾക്ക് സ്നേഹത്തിന്റെ ഉറപ്പുണ്ടായിരുന്നു…

രചന: Dhanya Shamjith

“അച്ഛനും അമ്മേം ക്ഷമിക്കണം ഇങ്ങനെ ചെയ്യണംന്ന് കരുതീല്ല പക്ഷേ വേണ്ടി വന്നു…. ഞങ്ങളെ അനുഗ്രഹിക്കണം.”

കാൽക്കൽ തൊട്ടു നിൽക്കുന്ന മകനേയും പെൺകുട്ടിയേയും കണ്ട് സ്തബ്ധരായി നിൽക്കുകയായിരുന്നു രഘുവും, സുമിത്രയും.

നിത്യക്ക് പെട്ടന്നൊരു ആലോചന വന്നു, മുടക്കാനുള്ള പണിയെല്ലാം ചീറ്റിപ്പോയി, കല്യാണം നടന്നാ ആത്മഹത്യ ചെയ്യൂന്നും പറഞ്ഞ് ഫോൺ വിളിച്ചൊരേ കരച്ചിലായിരുന്നു. വേറൊന്നും അപ്പോ തോന്നിയില്ല നേരെ ഇവളേം കൂട്ടി ഇങ്ങോട്ട് പോന്നു. അച്ഛനെന്നോട്…. തല താഴ്ത്തി പറഞ്ഞൊപ്പിക്കുകയായിരുന്നു സുധി.

നീയിതെന്താ ചെയ്തേ സുധ്യേ, കുടുംബത്തിന്റെ അന്തസ്സ് കളഞ്ഞു കുളിച്ചൂലോ നാളെയിനി എങ്ങനാ നാട്ടാര് ടെ മോത്ത് നോക്കാ…. സുമിത്രയുടെ പതം പറച്ചിൽ ഉച്ചത്തിലായി.

രഘുവിന് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. അയാൾ കാണുകയായിരുന്നു അർദ്ധരാത്രി മകനേയും, അവനോടൊപ്പം ഇറങ്ങി വന്ന പെൺകുട്ടിയേയും.

കഷ്ടിച്ച് ഇരുപത് വയസ്സു മാത്രം പ്രായം തോന്നിക്കുന്ന ചെറിയൊരു പെൺകുട്ടി, പേടി കൊണ്ട് വിളറി വെളുത്തിട്ടുണ്ട് എങ്കിലും ഓമനത്വം നിറഞ്ഞ മുഖം. അവളെ നോക്കും തോറും അയാളുടെ നെഞ്ചിലെ പാരവശ്യം കുറഞ്ഞു കുറഞ്ഞു വന്നു.

മോള് വന്നേ….. അയാൾ ഒരു പുഞ്ചിരിയോടെ അവളെ വിളിച്ചു.

നിത്യ, സുധിയെ നോക്കി. ചെല്ല്…. അവൻ തലയാട്ടി.
ഉള്ളിലൊളിപ്പിച്ച ഭയത്തോടെ അവൾ രഘുവിനരികിലേക്ക് ചെന്നു.

മോളിവിടെ ഇരിക്ക്, പേടിക്കൊന്നും വേണ്ട, എനിക്ക് മോളെ ഇഷ്ടായി, എന്റെ മോന് കിട്ടാനുള്ളതിലും വച്ച് നല്ലൊരു കുട്ടിയെ തന്നെയാ കിട്ടിയിരിക്കണേ….

ഒരു ആശ്വാസഭാവമുണ്ടായി നിത്യയിലും.

മോള് ഇവന്റൊപ്പം പോന്നത് മോൾടെ വീട്ടുകാർക്കറിയോ?

ഇല്ലെന്ന് അവൾ തലയാട്ടി.

എങ്ങനെ അറിയാനാ, പകല് മുഴുവൻ ജോലീം കഴിഞ്ഞ് ക്ഷീണിച്ച് കിടന്നുറങ്ങുന്ന അവരിപ്പം ഓരോ സ്വപ്നങ്ങള് കണ്ട് ഉറങ്ങുന്നുണ്ടാവും. അതെല്ലാ അച്ഛനമ്മമാരും അങ്ങനാ, രാത്രി കിടക്കാൻ നേരത്താ ഓരോന്ന് കരുതി കൂട്ടി വയ്ക്കുക.

ഒരു നല്ല വീട്, മക്കൾടെ പഠിത്തം, കല്യാണം… ചെലപ്പം കയ്യിലൊന്നും കാണില്ല’ എന്നാലും അവര്ടെ കൊച്ചു കൊച്ചാവശ്യങ്ങൾക്ക് വേണ്ടി ഉറുമ്പ് അരി മണി കൂട്ടി വയ്ക്കണപോലെ സ്വന്തം കാര്യം പോലും മറന്ന് സൂക്ഷിച്ച് വയ്ക്കും.

പക്ഷേ മക്കൾക്ക് ഈ കഷ്ടപാടൊന്നും അറിയില്ല, അവരെ അറിയിക്കാറില്ല എന്നതാ സത്യം. അയാൾ നെടുവീർപ്പിട്ടു.

മോൾടെ അച്ഛനെന്താ പണി?

ഡ്രൈവറാ ഒരു കമ്പനീല്… അവൾ തല താഴ്ത്തി.

ഉം… രാത്രീം പകലും ഒരേ ഇരുപ്പിന് വളയം പിടിച്ച് തഴമ്പിച്ച കൈയോടെ വീട്ടിൽ വരുമ്പോ എന്നെങ്കിലും മോള് ഒരു പിടി ചോറ് അച്ഛന് വാരി കൊടുത്തിട്ടുണ്ടോ?

അവൾ മിഴികൾ താഴ്ത്തി.

ഉണ്ടാവില്ല, നീറുന്ന ആ കൈ കൊണ്ട് എത്ര വട്ടം അച്ഛൻ മോളെ ഊട്ടിയുറക്കീട്ടുണ്ടാവും.. ചെലപ്പോ ഇന്നും കൂടി മോൾടെ വയറു നിറച്ചിട്ടേ ഉറങ്ങാൻ കിടന്നിട്ടുണ്ടാവൂ അല്ലേ? രഘു അവളെ നോക്കി.

നിത്യയുടെ കണ്ണുകളിൽ നിന്ന് രണ്ടു തുള്ളി കണ്ണീരിറ്റു.

രാവിലെ എണീക്കുമ്പം, തലേന്നും കൂടി ഉമ്മ തന്നുറക്കാൻ കിടത്തിയ മോള് തങ്ങളെ ഉപേക്ഷിച്ച് ഏതോ ഒരുത്തനൊപ്പം ഇറങ്ങിപ്പോയീന്ന് അറിയുമ്പോ ആ പാവങ്ങൾ എങ്ങനെയാ സമാധാനിക്കുക…?

ആ.., ഇതൊക്കെ എല്ലായിടത്തും നടക്കണതല്ലേ… സാരല്ല.. മോള് വിഷമിക്കണ്ട, ഇവന് ഇപ്പോ പണിയൊന്നും ആയിട്ടില്ലെങ്കിലും മോൾക്കിവിടൊരു കൊറവും ഉണ്ടാവില്ല ട്ടോ… അയാൾ സ്നേഹത്തോടെ അവളെ നോക്കി.

സുമീ, മോളെ അകത്തേക്ക് വിളിച്ചോണ്ട് പോയേ…

നിത്യയുടെ കൈയിൽ പിടിച്ചതും സുമിത്രയുടെ നെഞ്ചിൽ വീണവൾതേങ്ങി കരയാൻ തുടങ്ങി.

നിത്യേ…. എന്താ എന്ത് പറ്റി, എന്തിനാ കരയണേ? സുധി വേവലാതിയോടെ അവളുടെ അരികിലെത്തി.

എനിക്കെന്റ വീട്ടിൽ പോവണം,, ചിതറിയ വാക്കുകൾ കേട്ട് സുധിയൊന്ന് ഞെട്ടി.

വീട്ടിൽ പോവാനോ, നീയിതെന്തൊക്കെയാ പറയുന്നേ?

എനിക്ക് പോണം സുധിയേട്ടാ, എനിക്കെന്റെ അച്ഛനെ കാണണം. അവൾ വിതുമ്പി കൊണ്ടിരുന്നു.

സുധിയ്ക്ക് ദേഷ്യം ഇരമ്പി വരുന്നുണ്ടായിരുന്നു.

അച്ഛനിപ്പം തൃപ്തിയായല്ലോ, ഇവിടെ താമസിപ്പിക്കാൻ പറ്റില്ലെങ്കി അത് പറഞ്ഞാ പോരേ, ഇതിപ്പോ… അവൻ രോഷത്തോടെ രണ്ട് ചുവടു വച്ചു.

അച്ഛനോട് ദേഷ്യപ്പെടണ്ട സുധിയേട്ടാ, അച്ഛൻ പറഞ്ഞതൊക്കെ സത്യം തന്നെയല്ലേ, സുധിയേട്ടനേം ഇതേ പോലൊക്കെയല്ലേ വളർത്തി വലുതാക്കിയേ… നമ്മള് ചെയ്തത് വല്യ തെറ്റാ..

എന്റെ നിത്യേ, അതൊക്കെ ശരിയാ പക്ഷേ നീ എന്റൊപ്പം ഇറങ്ങിപ്പോന്നത് ഇപ്പോ അവരൊക്കെ അറിഞ്ഞിട്ടുണ്ടാവും.. ഇനി അങ്ങോട്ട് തിരിച്ചു പോയാ ഈ ജന്മം നമ്മളൊന്നിക്കില്ല.

നിത്യ ഒരാശ്രയ ത്തിനെന്ന പോലെ രഘുവിനെ നോക്കി.

മനസ്സിൽ പെയ്ത കുളിർമഴയുടെ തണുപ്പോടെ അയാൾ അവളെ ചേർത്തു പിടിച്ചു..

മോളെ ഞാൻ കൊണ്ടാക്കാം വീട്ടിൽ…

അച്ഛാ… സുധി ശബ്ദമുയർത്തി.

മുഖമടച്ചൊരടിയായിരുന്നു രഘു. ഓർക്കാപ്പുറത്തായതിനാൽ സുധിയും അത് പ്രതീക്ഷിച്ചിരുന്നില്ല.

മിണ്ടരുത് നീ, നാണമില്ലല്ലോടാ പാതിരാത്രി കള്ളനെപ്പോലെ ഒരു പെങ്കൊച്ചിനേം കൊണ്ട് വന്നേക്കുന്നു.

എടാ… നീയൊരാൺകുട്ടിയായിരുന്നെങ്കി ഇവൾടെ വീട്ടുകാരോട് നെഞ്ച് വിരിച്ചു നിന്ന് പറയണമായിരുന്നു.. ഇവൾ എന്റെ പെണ്ണാ മറ്റാർക്കും ഇവളെ ഞാൻ കൊടുക്കില്ല എന്ന്. പകരം നട്ടെല്ലില്ലാതെ….

അയാളുടെ വാക്കുകൾ സുധിയുടെ ഉള്ളിൽ തറച്ചു കൊണ്ടു.

ഇനിയും വൈകിയിട്ടില്ല, ഒരാങ്കുട്ടിയെപ്പോലെഇവളെ തിരികെ കൊണ്ടാക്കിട്ട് വാ,

മോളെ, നീ എന്റെ മോന്റെ പെണ്ണാ അതിനൊരു മാറ്റോം വരില്ല.. സമയമാകുമ്പോ ഈ അച്ഛൻ തന്നെ വന്ന് കൂട്ടികൊണ്ടുവരും. ഇപ്പോ എന്റെ മോള് ചെല്ല്.. അയാൾ വാത്സല്യത്തോടെ അവളുടെ നെറുകിൽ ചുംബിച്ചു.

അച്ഛാ….. ഇങ്ങനെയുള്ളപ്പോ എല്ലാവരും തല്ലിയും ഭീഷണിപ്പെടുത്തിയും എതിർക്കാറേ ഉള്ളൂ.. അച്ഛൻ മാത്രം.. അവൾ അയാൾക്ക് നേരെ കൈകൂപ്പി.

അവിടെയാണ് തെറ്റ്, ഭീഷണിയും, തല്ലലുമൊന്നുമല്ല വേണ്ടത് പകരം സ്നേഹത്തോടെ ചേർത്തു നിർത്തി അവരുടെ മനസ്സറിഞ്ഞ് പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്. എത്ര ഉപദേശിച്ചാലും നന്നാവാത്തവരും സ്നേഹത്തിനു മുന്നിൽ വഴങ്ങുക തന്നെ ചെയ്യും… മോള് സന്തോഷായിട്ട് പോ, അച്ഛൻ നാളെ വരുന്നുണ്ട് അങ്ങോട്ട്.

അയാളെ ഒന്ന് നോക്കി സുധി നിത്യയുടെ കൈ പിടിച്ച് ഇരുട്ടിലേക്കിറങ്ങി. മൗനം നിറഞ്ഞ നിമിഷങ്ങൾ പിന്നിട്ട് അവർ നിത്യയുടെ വീടിനു മുന്നിലെത്തി.

പിടയ്ക്കുന്ന ഹൃദയത്തോടെ അവൾ കോളിംഗ് ബെൽ അമർത്തി.

സുധീ, എന്നോട് ദേഷ്യം ഉണ്ടോ?

അവനൊന്ന് ചിരിച്ചു, പിന്നെ മെല്ലെ അവളോടായി പറഞ്ഞു.

“ഞാൻ ഒരാൺകുട്ടി തന്നെയാടീ… സ്വന്തം വിയർപ്പിന്റെ ചങ്കൂറ്റവുമായി ഞാൻ വരും… നീ കാത്തിരുന്നോ…

അവന്റെ വാക്കുകൾ കേട്ടുകൊണ്ടാണാ വാതിൽ തുറക്കപ്പെട്ടത്. ഒന്നും മനസ്സിലാവാതെ അമ്പരന്നു നിന്ന നിത്യയുടെ അച്ഛന്റെ കാൽക്കൽ സുധിയൊന്ന് തൊട്ടു.

ക്ഷമിക്കണം, പ്രായത്തിന്റെ വിവരമില്ലായ്മ കൊണ്ട് ഞാനിവളെ വിളിച്ചിറക്കി കൊണ്ടുപോയതാ നിങ്ങളെയൊരു പാഠം പഠിപ്പിക്കാൻ, പക്ഷേ പഠിച്ചത് ഞാൻ തന്നെയാ… അതിന് എന്റച്ഛൻ വേണ്ടി വന്നു.

ദാ… ഇവൾ, ഇവളെ എനിക്കിഷ്ടമാ എന്റെ ജീവനേക്കാളേറെ.. ഒരു നല്ല ജോലി നേടി ഞാൻ തിരികെ വരും അപ്പോ എനിക്ക് തരണം അച്ഛന്റെയീ പൊന്നുമോളെ…

ഒരു നിമിഷം സ്തബ്ധനായെങ്കിലും അയാൾ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു, അവന്റെ ചുമലിൽ അമർന്ന അയാളുടെ കൈകൾക്ക് സ്നേഹത്തിന്റെ ഉറപ്പുണ്ടായിരുന്നു.

അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ടിറങ്ങുമ്പോൾ സുധിയുടെ മനസ്സിൽ മറ്റൊരു രൂപമായിരുന്നു. അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന അച്ഛന്റെ രൂപം.

രചന: Dhanya Shamjith

Leave a Reply

Your email address will not be published. Required fields are marked *