✍️ ഐശ്വര്യ സോഹൻ
അടുക്കളയിൽ പാത്രങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദംകേട്ടാണ് ജയദീപ് ഉണർന്നത്. ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ പതിയെ നേരെ കിടത്തി,ഒരു തലയണയെടുത്ത് മറുവശത്തായി വച്ചശേഷം അയാൾ അടുക്കളയിലേക്ക് നടന്നു. തിരക്കുപിടിച്ച ജോലിയിലാണ് രേഖ.
ജയദീപ് പിന്നിൽനിന്നവളെ ചേർത്തുപിടിച്ചു. പ്രതീക്ഷിച്ചതായതുകൊണ്ടുതന്നെ രേഖയ്ക്ക് വലിയ ഞെട്ടലൊന്നും ഉണ്ടായിരുന്നില്ല.
ദേ ജയേട്ടാ..അങ്ങോട്ട് മാറിക്കേ.. ഇപ്പൊ തന്നെ വൈകി.ഇനി മോളെ സ്കൂളിലാക്കിയിട്ട് ബസ്സുപിടിച്ച് ഹോസ്പിറ്റലിലെത്തുമ്പോൾ സൂപ്രണ്ടിന്റെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കേണ്ടിവരും. അതിനിടയിലാ മനുഷ്യന്റെയൊരു..
അതിന്റെ ദേഷ്യമാണോ എന്റെ ശ്രീമതി ഈ പാത്രങ്ങളോട് തീർക്കുന്നത്…
അയ്യടാ..ഇന്നലെ പൊന്നുമോൻ എന്നോടെന്താ പറഞ്ഞിരുന്നത്. നടുവേദനയും വച്ച് നീ രാവിലെ എഴുന്നേൽക്കണ്ട..ഞാനെല്ലാം ചെയ്തോളാമെന്ന് അല്ലേ… എന്നിട്ട് പോത്തുപോലെ കിടന്നുറങ്ങി.
കണ്ണുരുട്ടിക്കൊണ്ടുള്ള രേഖയുടെ ചോദ്യംകേട്ട് ജയദീപ് ഒരു വളിച്ചചിരിയോടെ അവളെ നോക്കി
അത് പിന്നെ ക്ഷീണം കാരണം…
അയ്യട…ജയേട്ടനു മാത്രല്ലേ ക്ഷീണമൊക്കെ ഉള്ളു…
ഹാ… പിണങ്ങാതെടോ ഭാര്യേ… ഇപ്പൊ എന്താ പ്രശ്നം.. തനിക്ക് ലേറ്റ് ആകും.അത്രല്ലേ ഉള്ളു.?. ഇന്ന് നിങ്ങൾ രണ്ടുപേരേയും ഞാൻ കൊണ്ടാക്കാം.എന്നിട്ടേ കോളേജിൽ പോകുന്നുള്ളൂ.അത് പോരേ.?.
ഇതൊക്കെ ഞാൻ കുറേ കേട്ടതാ… ഒടുക്കം ഒരുങ്ങിക്കെട്ടി വരുമ്പോൾ എന്തേലും അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് ജയേട്ടനങ്ങ് മുങ്ങും
ഹാ ഇല്ലടോ..ഇത്തവണ എന്തായാലും നിങ്ങളെ കൊണ്ടാക്കിയിട്ടേ ബാക്കി കാര്യമുള്ളൂ.വാക്ക്
ജയ്ദീപ് പറയുന്നത് കേട്ടവൾ സമാധാനത്തോടെ ജോലികൾ തീർത്ത് കുഞ്ഞിനെയുണർത്താനായി റൂമിലേക്ക് നടന്നു.പോകുന്നവഴിക്ക് ജയദീപിന്റെ കവിളിൽ അമർത്തിയൊരു ചുംബനം നൽകാനും മറന്നില്ല.അവളെ തന്നിലേക്ക് ചേർക്കാൻ തുനിഞ്ഞ അയാളെ കുസൃതിയിൽ തള്ളിമാറ്റിയവൾ മുറിയിലേക്കോടി. അതുനോക്കി ഒരു ചെറുപുഞ്ചിരിയോടെ അയാൾ പുറത്തേക്കിറങ്ങി
ജയദീപ് ടി കെ എം എഞ്ചിനീയറിംഗ് കോളേജിൽ അദ്ധ്യാപകനാണ്.ഭാര്യ രേഖ കൊല്ലത്തെ ബിഷപ് ബെൻസിഗർ ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്യുന്നു.മകൾ നക്ഷത്ര ബാലികാ മറിയും എൽ പി സ്കൂളിൽ എൽ കെ ജി വിദ്യാർത്ഥിനിയാണ് രേഖയേയും മോളേയും കൊണ്ടാക്കി തിരികെ വരുന്ന വഴിയിലാണ്,
ഇരുകൈയിലും നിറയെ സാധനങ്ങളുമായി നടന്നുപോകുന്ന ഒരു സ്ത്രീയിൽ ജയദീപിന്റെ കണ്ണുകളുടക്കിയത്. അതെ…അവർ തന്നെയാണ്… ജീവിതത്തിൽ ഒരിക്കൽകൂടി തന്റെ മുന്നിലെത്തിക്കണേ എന്ന് താൻ ദിവസവും പ്രാർത്ഥിക്കുന്ന അതേ വ്യക്തി. മുന്നത്തേതിനിന്ന് ഒരുപാട് മാറ്റം വന്നിട്ടുണ്ട്.പക്ഷെ ആ മുഖത്തെ ഐശ്വര്യത്തിനുമാത്രം ഒരു മങ്ങലും ഏറ്റിട്ടില്ല.
കാർ വേഗം തന്നെ വഴിയരികിലേക്കൊതുക്കി ജയദീപ് തിടുക്കത്തിൽ പുറത്തിറങ്ങി.
ലതികാമ്മേ…
തന്റെ പേരുവിളിച്ച് തനിക്കുനേരെ ഓടിവരുന്ന ചെറുപ്പക്കാരനെയവർക്ക് മനസ്സിലായില്ല.
അമ്മയ്ക്കെന്നെ മനസ്സിലായില്ലേ.?. എങ്ങനെ മനസ്സിലാവാനാ.. എന്നെയന്നമ്മ കണ്ടിരുന്നില്ലല്ലോ… പക്ഷെ..ഈ ജീവിതത്തിൽ എനിക്കൊരിക്കലും മറക്കാൻ കഴിയാത്ത മുഖമാണ് അമ്മയുടേത്.
ജയദീപ് എന്താ പറയുന്നതെന്ന് മനസ്സിലാകാതെ അവർ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി.
6 വർഷങ്ങൾക്ക് മുൻപ്.., ആക്സിഡന്റായി ആരോരും തിരിഞ്ഞുനോക്കാതെ രക്തത്തിൽ കുളിച്ചുകിടന്ന ഒരു ചെറുപ്പക്കാരനെ ഹോസ്പിറ്റലിൽ എത്തിച്ചത് അമ്മ ഓർക്കുന്നുണ്ടോ.?.
ഹോസ്പിറ്റലിൽ എത്തിക്കുക മാത്രമല്ല അയാൾക്ക് രക്തവും നൽകി.. അയാളുടെ സുഹൃത്ത് വരുന്നതുവരെ ഐ സി യു വിന്റെ പുറത്ത് കാവലിരുന്നു..സുഹൃത്ത് വന്നതിന് ശേഷം അയാളുടെ സർജറിക്കാവശ്യമായ പണവും ഹോസ്പിറ്റലിൽ അടച്ചിട്ടാണ് അമ്മ അവിടെനിന്ന് മടങ്ങിയത്.
ചിരിച്ചുകൊണ്ടുള്ള ജയദീപിന്റെ മറുപടിയിൽ അവർ അത്ഭുതത്തോടെ അയാളെ നോക്കി.ആശ്ചര്യം നിറഞ്ഞുനിന്ന കണ്ണിൽ പതിയെ വാത്സല്യം വന്നുനിറഞ്ഞു.
അന്ന് പാതി ബോധത്തിൽ ഞാൻ കണ്ടതാ ഈ മുഖം.എന്നെ രക്ഷിച്ച മാലാഖയുടെ മുഖം… പിന്നീടിങ്ങോട്ടുള്ള എന്റെ ജീവിതത്തിൽ ഓരോ ആൾക്കൂട്ടത്തിലും ഞാൻ അത്രധികം പ്രതീക്ഷയോടെ തിരയാറുള്ള മുഖമാണ് അമ്മയുടേത്.
ജയദീപ് പറയുന്നത് കേട്ട് ആ അമ്മ സ്നേഹത്തോടെ അയാളെ നോക്കി.
അമ്മ എവിടെ പോകുന്നു.?. ഓ..സാധനങ്ങൾ വാങ്ങി വരുന്ന വഴിയാണല്ലേ.?. വീട്ടിലേക്ക് ഇവിടെ നിന്ന് ഒരുപാട് ദൂരമുണ്ടോ.?. ഈ വെയിലത്ത് ഈക്കണ്ട സാധനങ്ങളുമായി ഇങ്ങനെ നടക്കാനോ.. വാ അമ്മേ ഞാൻ കൊണ്ടാക്കാം…
ഒറ്റ ശ്വാസത്തിൽ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്ന ജയദീപിനെ ആ അമ്മ കൗതുകത്തോടെ നോക്കി.കളഞ്ഞു പോയതെന്തോ തിരിച്ചുകിട്ടിയെ ഒരു കൊച്ചുകുട്ടിയുടെ ആവേഷമായിരുന്നു അയാളുടെ മുഖത്തപ്പോൾ.
വേണ്ട മോനെ…ഇവിടുന്ന് കുറച്ചേ ഉള്ളു. ഞാൻ നടന്നു പൊയ്ക്കോളാം…
നന്നായി തളർന്നിരുന്നെങ്കിലും, ജയദീപിന്റെ ക്ഷണം അവർ സ്നേഹത്തോടെ നിരസിച്ചു. ജയദീപിനൊപ്പം വീട്ടിൽ ചെന്നിറങ്ങിയാലുണ്ടാവുന്ന ഭവിഷ്യത്ത് അവർക്ക് ഊഹിക്കാമായിരുന്നു.
ശരിയമ്മേ..ഞാനൊരിക്കൽ വരാം… അമ്മയുടെ വീട്ടിലുള്ളവരേയും പരിചയപ്പെടാലോ…
ജയദീപ് പറഞ്ഞത് കേട്ട് ലതികാമ്മയുടെ കണ്ണുകളിൽ ഭയം നിഴലിച്ചു. ജയദീപത് വ്യക്തമായി കണ്ടു.എന്നാലും അത് അറിഞ്ഞതായി ഭാവിക്കാതെ അയാൾ അവരോട് യാത്ര പറഞ്ഞു.കൂടെ അയാളുടെ വിസിറ്റിംഗ് കാർഡ് നൽകാനും മറന്നില്ല.
തിരികെയുള്ള യാത്രയിൽ അയാളുടെ മനസ്സ് നിറയെ ലതികാമ്മയുടെ മുഖത്ത് കണ്ട ഭയമായിരുന്നു.അതയാളെ വല്ലാതെ അസ്വസ്ഥനാക്കി… രാത്രി ഭക്ഷണം കഴിക്കുമ്പോൾ പതിവില്ലാതെ നിശബ്ദനായിരിക്കുന്ന ജയദീപിനെ കണ്ട് രേഖ കാര്യമന്വേഷിച്ചപ്പോൾ നടന്നതെല്ലാം അയാൾ അവളോട് പറഞ്ഞു.ഒപ്പം അവരുടെ കണ്ണുകളിൽ തെളിഞ്ഞുകണ്ട ഭയത്തേക്കുറിച്ചും…
നമ്മൾ അവരുടെ വീട്ടിൽ ചെല്ലുന്നതിന് ലതികാമ്മ എന്തിനാ പേടിക്കുന്നെ.?. ജയേട്ടന് വെറുതേ തോന്നിയതാവും…
ചിലപ്പൊ ആയിരിക്കും…
ഒരൊഴുക്കൻ മട്ടിൽ അത് പറഞ്ഞവസാനിപ്പിച്ചയാൾ എഴുന്നേറ്റു.
കുറച്ചു മാസങ്ങൾക്ക് ശേഷം ഒരു ഞായറാഴ്ച്ച ദിവസം.ഫോണിലേക്ക് വന്ന പരിചയമില്ലാത്ത നമ്പർ കണ്ട് ജയദീപ് കോളെടുത്തു.
ഹലോ..മോനെ ഇത് ഞാനാണ് ലതിക…
ആ അമ്മേ…എന്തുണ്ടമ്മേ വിശേഷം? അന്ന് കണ്ടതിൽ പിന്നെ അമ്മയെക്കുറിച്ചൊരു വിവരവുമില്ലല്ലോ. അമ്മയ്ക്ക് സുഖമല്ലേ..
മോനേ…എനിക്ക് മോനെയൊന്ന് നേരിൽ കാണണം.ഞാൻ പറയുന്നിടത്ത് മോനൊന്ന് വരാൻ പറ്റുമോ.
എന്താ അമ്മേ… എന്തുപറ്റി… എന്തെങ്കിലും പ്രശ്നമുണ്ടോ.?.
എനിക്ക് മോനോടൊരു കാര്യം പറയാനുണ്ട്… തിരക്കൊന്നുമില്ലെങ്കിൽ ഒന്ന് വരുമോ.?.
അതിനെന്താമ്മേ ഞാൻ വരാം…
ശരി മോനെ എല്ലാം നേരിൽ കാണുമ്പോൾ പറയാം…
ജയദീപ് ലതികാമ്മ കാണണമെന്ന് പറഞ്ഞകാര്യം രേഖയോട് പറഞ്ഞു.
എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു രേഖേ…
എന്തായാലും പോയി നോക്ക് ജയേട്ടാ. ആ അമ്മയ്ക്ക് എന്തെങ്കിലും സഹായം വേണമെങ്കിലത് ചെയ്തുകൊടുക്കണം. എന്റെ ജയേട്ടന്റെ ജീവൻ രക്ഷിച്ചവരല്ലേ. അത്രയും കടപ്പാടുണ്ട് നമുക്ക്.
ജയദീപ് അതെ എന്ന രീതിയിൽ തലയാട്ടി. വൈകിട്ട് കൃത്യം 5 മണിക്ക് ജയദീപ് ബീച്ച് റോഡിന്റെ അങ്ങേയറ്റത്തുള്ള റെസ്റ്റൊറന്റിൽ അവർക്കായി വെയിറ്റ് ചെയ്തു.കുറച്ചു കഴിഞ്ഞപ്പോൾ അവിടേക്ക് ലതികാമ്മയും ഒപ്പം നാലോ അഞ്ചോ വയസ്സ് പ്രായമുള്ളൊരു ആൺകുട്ടിയും വന്നു.
ഇത് എന്റെ മകൾടെ മകനാ.. ആരവ്.. ഞങ്ങൾ ആരൂട്ടൻന്ന് വിളിക്കും.
ലതികാമ്മ പറഞ്ഞത് കേട്ട് ജയദീപ് ആ കുഞ്ഞു മുഖത്തേക്ക് വാത്സല്യത്തോടെ നോക്കി.അവൻ അയാൾക്ക് നിഷ്കളങ്കമായൊരു പുഞ്ചിരി പകരം നൽകി
അമ്മയ്ക്കെന്താ ഓർഡർ ചെയ്യേണ്ടത്.?.
ഒന്നും വേണ്ട മോനെ വീട്ടിൽ ആരുമില്ലാത്ത നേരം നോക്കി വന്നതാ.പെട്ടന്ന് തിരിച്ചു പോണം.
എന്നാ മോനൊരു ഐസ്ക്രീം പറയാം..
ജയദീപ് കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി. ഐസ്ക്രീമെന്ന് കേട്ടപ്പോൾ ആ കുഞ്ഞ് കണ്ണുകൾ തിളങ്ങി.
അമ്മയ്ക്കെന്താ പറയാനുണ്ടെന്ന് പറഞ്ഞത്.?.
ജയദീപിന്റെ ചോദ്യം കേട്ട് ചിരിച്ചുകൊണ്ടിരുന്ന ലതികാമ്മയുടെ മുഖം പെട്ടന്ന് മ്ലാനമായി.
പറയാനല്ല മോനെ..മോനോട് ഒരു കാര്യം ആവശ്യപ്പെടാനാണ് അമ്മ വന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അപേക്ഷിക്കാൻ…
അപേക്ഷിക്കാനോ.?. എനിക്കൊന്നും മനസ്സിലാവുന്നില്ല…
പറയാം..അമ്മയെല്ലാം മോനോട് പറയാം…
എന്റെ ഭർത്താവ് ഒരു പ്രവാസിയായിരുന്നു.അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ ആ മരുഭൂമിയിൽ ചോര നീരാക്കിയുണ്ടാക്കിയതാണ് നാട്ടിലുള്ള വീടും സ്ഥലവുമെല്ലാം. ഞങ്ങൾക്ക് രണ്ട് മക്കളാണ്.
അനൂപും,അവന്തികയും… എട്ട് വർഷങ്ങൾക്ക് മുൻപാണ് അദ്ദേഹം അവിടെനിന്ന് മതിയാക്കി വന്നത്.നാട്ടിൽ എന്തെങ്കിലും ബിസിനസ്സ് തുടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.അങ്ങനെയാണ് ഒരു ടെക്സ്റ്റൈൽ ഷോപ്പ് തുടങ്ങിയത്. ആദ്യമൊന്നും പറയത്തക്ക ലാഭമൊന്നുമില്ലായിരുന്നെങ്കിലും പതിയെ അത് അത്യാവശ്യം നല്ലരീതിയിൽ മുന്നോട്ട് പോകാനാരംഭിച്ചു.പിന്നീട് രണ്ടുമൂന്ന് ബ്രാഞ്ചുകൾ കൂടി തുടങ്ങി,ബിസിനസ്സ് വിപുലീകരിച്ചു. അവന്തികയുടെ വിവാഹവും അദ്ദേഹം നടത്തി.ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു പയ്യന് ജോലി. കിരൺ…
അവനെന്റെ മരുമകനല്ല മകനാണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. അത്രയ്ക്ക് സ്നേഹമായിരുന്നു അവന് ഞങ്ങളോട്. രണ്ടുവർഷങ്ങൾക്ക് ശേഷം അദ്ദേഹവും കിരണും ചേർന്ന് അനൂപിനുവേണ്ടി ഒരു പെൺകുട്ടിയെ കണ്ടുപിടിച്ചു കൃഷ്ണവേണി.പെട്ടന്ന് തന്നെ വിവാഹവും നടത്തി.ഇതിനിടയിൽ അവന്തിക ഗർഭിണിയായി. സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു അന്നൊക്കെ.കിരണിന് ലീവ് വളരെ
കുറവായിരുന്നു.അവന്തികയെ ആ അവസ്ഥയിലധികം യാത്ര ചെയ്യിക്കേണ്ടെന്ന് കരുതി അവളെ ഞങ്ങളോടൊപ്പം നിർത്തി കിരൺ മടങ്ങിപ്പോയി.അവന്തികയുടെ ഡേറ്റ് അടുക്കാറാകുമ്പോൾ കുറച്ചധികദിവസത്തേക്ക് ലീവെടുത്ത് വരാനിരുന്നതാണവൻ. പക്ഷെ പ്രതീക്ഷിച്ചതിലും ഒരാഴ്ച നേരത്തേയാണ് അവന്തികയ്ക്ക് പെയിൻ തുടങ്ങിയത്.ആ കാര്യമറിഞ്ഞ് ഉടനേ എത്താമെന്നുപറഞ്ഞ് ഫോൺ വച്ച കിരണിനെക്കുറിച്ച് പിന്നെ യാതൊരു വിവരവും ഉണ്ടായിരുന്നില്ല.
അവന്തിക ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ കാര്യമറിയിക്കാൻ അദ്ദേഹം അവനെ ഒരുപാട് വിളിച്ചുനോക്കി പക്ഷെ കിട്ടിയില്ല. പിന്നീടറിയുന്നത്,കിരൺ സഞ്ചരിച്ചിരുന്ന കാറ് നിയന്ത്രണം വിട്ടുവന്നൊരു ലോറിയിലിടിച്ച്..അവൻ… ആദ്യമൊന്നും ഹോസ്പിറ്റലിലായിരുന്ന അവന്തികയെ ഞങ്ങളൊന്നും അറിയിച്ചിരുന്നില്ല. പക്ഷെ എത്രനാൾ ഞങ്ങൾക്ക് പിടിച്ചുനിൽക്കാൻ പറ്റും…
തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ടവർ തുടർന്നു.
അവന്തികയുടെ ജാതകദോഷം കൊണ്ടാണ് അവരുടെ മകൻ മരിച്ചതെന്ന് പറഞ്ഞ് കിരണിന്റെ വീട്ടുകാർ അവളെ കൈയൊഴിഞ്ഞു. അവരുടെ മകന്റെ കുഞ്ഞിനെ കാണാൻ പോലും അവർ തയാറായില്ല… ഒളിഞ്ഞും തെളിഞ്ഞുമുള്ള വേണിയുടെ കുറ്റപ്പെടുത്തലുകൾ വേറെ. എന്റെമോൾക്കതെല്ലാം താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. കുഞ്ഞിനെ ഞങ്ങൾ നോക്കണമെന്നും കിരണിന്റെ അടുത്തേക്ക് പോകുകയാണെന്നുമൊരു കത്തെഴുതിവച്ച് ഒരുമുഴം കയറിൽ എന്റെ മോള്…
തന്റെ മുന്നിലിരുന്ന് പൊട്ടിക്കരയുന്ന ആ അമ്മയെ ജയദീപ് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.പക്ഷെ എന്ത് പറഞ്ഞാലാണ് അവരുടെ ദുഃഖം മാറുന്നത്…
അവന്തികയുടെ മരണശേഷം അദ്ദേഹം പാടേ തകർന്നു. ടെക്സ്റ്റയിൽസിലേക്കൊന്നും പോകാതെയായി.അവിടുത്തെ കാര്യങ്ങളൊക്കെ നോക്കിനടത്തിയത് അനൂപും വേണിയുടെ സഹോദരനും ചേർന്നാണ്.
പതിയെ എല്ലാം നേരെയാകാൻ തുടങ്ങി.അല്ല…ഞങ്ങളങ്ങനെ വിശ്വസിച്ചു.അപ്പോഴാണ് ഇടിത്തീപോലെ ആ വാർത്ത ഞങ്ങളെ തേടിയെത്തിയത്… അനൂപ് ടെക്സ്റ്റയിൽസ് വിറ്റുവെന്ന്… എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്കൊരു രൂപവുമില്ല.
അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന ടെക്സ്റ്റയിൽസ് എങ്ങനെയാണ് അനൂപിന് വിൽക്കാൻ സാധിച്ചതെന്ന് മനസ്സിലായില്ല. അദ്ദേഹത്തിന്റെ മാനേജർ വഴിയാണ് അനൂപ് കാട്ടിക്കൂട്ടിയ തിരിമറികളെ കുറിച്ചൊക്കെ ഞങ്ങൾക്ക് വിവരം ലഭിച്ചത്.അവൻ പലപ്പോഴായി അദ്ദേഹത്തിന്റെ കൈയിൽ നിന്ന് പല പേപ്പറുകളും ഒപ്പിട്ട് മേടിച്ചിട്ടുണ്ട്. അതുവഴി എല്ലാ സ്വത്തുക്കളും അവന്റെ പേരിലേക്ക് മാറ്റി.ഇപ്പോഴിതാ ഓരോന്നായി വിറ്റു തുലയ്ക്കാൻ തുടങ്ങിയിരിക്കുന്നു…
അന്നതിന്റെ പേരിൽ അച്ഛനും മകനും തമ്മിൽ വാക്കുതർക്കമായി.ഒടുവിൽ അവൻ അദ്ദേഹത്തിന്റെ മുഖത്തടിച്ചു. ഒരായുഷ്കാലം അവന് വേണ്ടി കഷ്ടപ്പെട്ട അച്ഛന് അവൻ കൊടുത്ത സമ്മാനം…
ലതികാമ്മയുടെ മുഖത്ത് വേദനയും പുച്ഛവും കലർന്നൊരു ഭാവമായിരുന്നപ്പോൾ.
അങ്ങനെയൊന്ന് അദ്ദേഹത്തിന് സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല ഒരു അറ്റാക്കിന്റെ രൂപത്തിൽ അദ്ദേഹവും എന്നേയും ഈ കുഞ്ഞിനേയും തനിച്ചാക്കി പോയി.
അദ്ദേഹം കഷ്ടപ്പെട്ടുണ്ടാക്കിയ ആ വീട്ടിൽ..അന്ത്യവിശ്രമത്തിനുള്ള അവകാശം പോലും അദ്ദേഹത്തിനവൻ കൊടുത്തില്ല.എല്ലാവരുമുണ്ടായിട്ടും ആരോരുമില്ലാത്തൊരാളെപ്പോലെ പൊതുശ്മശാനത്തിൽ എരിഞ്ഞടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ വിധി.അല്ല… അതങ്ങനെയാക്കിതീർത്തു., ഞങ്ങളുടെ മകൻ…
അത് പറയുമ്പോൾ ആ അമ്മയുടെ കണ്ണുകളിലൂടെ ഒഴുകുന്നത് കണ്ണുനീരല്ല രക്തമാണെന്ന് തോന്നി ജയദീപിന്
ഞാനും ഈ കുഞ്ഞും അഗതികളെപ്പോലെയാണാവീട്ടിൽ കഴിയുന്നത്.മറ്റൊരു രീതിയിൽ പറഞ്ഞാൽ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന രണ്ട് അടിമകൾ… നേരത്തിന് ഭക്ഷണം പോലും തരില്ല. എന്റെ കാര്യം പോട്ടെ..ഈ കുഞ്ഞോ… അവനെ പട്ടിണിക്കിട്ട് അവന്റെ മുന്നിൽവച്ച് അവരുടെ മക്കൾക്ക് ആഹാരം വിളമ്പുമ്പോൾ സഹിക്കാൻ കഴിയില്ല മോനെ. എന്റെ കുഞ്ഞ് എന്ത് ദ്രോഹം ചെയ്തു.?.
മോൻ ഈ കുഞ്ഞിന്റെ ദേഹം ഒന്ന് നോക്ക്.,അടികിട്ടാത്തതായി ഒരു സ്ഥലവും ബാക്കിയില്ല. അവർക്കെന്തെങ്കിലും ദേഷ്യമുണ്ടെങ്കിൽ അത് തീർക്കുന്നത് ഈ കുഞ്ഞിനെ തല്ലിയാണ്.. ഞാനെന്തെങ്കിലും പറഞ്ഞുപോയാൽ അതിനും ശിക്ഷയനുഭവിക്കേണ്ടി വരുന്നത് എന്റെ കുഞ്ഞാണ്… ഇവന്റെ അമ്മയ്ക്കുകൂടി അവകാശപ്പെട്ട വീട്ടിൽ അവൻ സഹിക്കുന്ന ദുരിതങ്ങൾ ഇനിയുമെനിക്ക് കണ്ടുനിൽക്കാൻ കഴിയില്ല.എനിക്കുമെന്റെ കുഞ്ഞിനും ഒന്നും വേണ്ട മോനെ..എല്ലാം അവനും അവളും കൊണ്ടുപോയ് തിന്നട്ടെ.എന്റെ കുഞ്ഞിനെ ആ നരകത്തിൽ നിന്ന് രക്ഷിച്ചാൽ മാത്രം മതി.ഞാൻ എവിടെയെങ്കിലും ജോലിയെടുത്തിട്ടായാലും എന്റെ കുഞ്ഞിനെ വളർത്തിക്കോളാം.. ഇപ്പൊ തന്നെ അവനും അവളും വീട്ടിലില്ലാത്ത സമയം നോക്കിയാ ഞാനിങ്ങോട്ടേക്ക് വന്നത്. അവരുണ്ടെങ്കിൽ വീടിന് പുറത്തുപോലും ഇറങ്ങാൻ സാധിക്കില്ലായിരുന്നു.
ഇങ്ങനെയൊന്ന് എന്റെ വയറ്റിൽ തന്നെ വന്നുപിറന്നല്ലോ.
ആ അമ്മ പറയുന്നതെല്ലാം കേട്ടിരുന്ന ജയദീപ് ആരൂട്ടന്റെ മുഖത്തേക്ക് നോക്കി.ആ കുഞ്ഞിന്റെ അവസ്ഥയോർത്ത് അയാളുടെ മനസ്സിൽ വേദനയും ഒപ്പം തന്നെ അനൂപിനോടും വേണിയോടും അതിയായ അമർഷവും തോന്നി.
അമ്മ വരൂ… കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞുകൊണ്ട് നമുക്ക് പോലീസ് സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുക്കാം. സ്വന്തം അച്ഛനമ്മമാരോടും ഇത്തിരിയില്ലാത്ത ഒരു കുഞ്ഞിനോടും അവൻ കാണിച്ചുകൂട്ടിയ ക്രൂരതകൾക്ക് അവനെ അഴിയെണ്ണിക്കണം.
വേണ്ട മോനെ…ഒന്നും വേണ്ട. അതിനല്ല ഞാൻ മോനെ കാണാൻ വന്നത്. ഞങ്ങൾക്കൊന്നും വേണ്ട.
എല്ലാമവരെടുത്തോട്ടെ.. എനിക്കെന്റെ കുഞ്ഞിനേയും കൊണ്ടവിടുന്ന് രക്ഷപെട്ടാൽ മാത്രം മതി… ഒന്നുമല്ലെങ്കിലും ഞാനവന്റെയമ്മയല്ലേ.. ആ ചിന്ത അവനില്ലെങ്കിലും എനിക്കത് മറക്കാൻ കഴിയില്ലല്ലോ… എന്നായാലും ചെയ്തുകൂട്ടിയ പാപങ്ങൾക്കുള്ള തിരിച്ചടി ദൈവമവന് കൊടുത്തോളും. എന്റെ കുഞ്ഞിനെയാ നരകത്തീന്നുരക്ഷിക്കാൻ മോനെക്കൊണ്ട് പറ്റുമോ.?.
അമ്മയ്ക്ക് സഹായം ചോദിക്കാൻ മോനല്ലാതെയിപ്പോൾ മറ്റാരുമില്ല.സ്വന്തം അമ്മയെപ്പോലെ കരുതി എന്റെ ഈ അപേക്ഷ മോൻ കേൾക്കണം.
തന്റെമുന്നിൽ കൈകൂപ്പിനിൽക്കുന്ന ലതികാമ്മയെ കണ്ടപ്പോൾ ജയദീപിന്റെ കണ്ണുകൾ നിറഞ്ഞു.
കുട്ടിക്കാലത്തേ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടതാണ് ജയദീപിന്.ബന്ധുക്കളാരുമവനെ സഹായിക്കാനുണ്ടായിരുന്നില്ല. ആരുടെയൊക്കെയോ കാരുണ്യത്തിലാണവൻ വളർന്നതും പഠിച്ച് ഇന്നീനിലയിലെത്തിയതും. അതുകൊണ്ടുതന്നെ അവൻ വിവാഹം കഴിച്ചതും,ഒരനാഥപെൺകുട്ടിയെയാണ്.
തന്റെ ശമ്പളത്തിന്റെ മുക്കാൽ ഭാഗവും ആരോരുമില്ലാത്തവർക്ക് വേണ്ടി ചിലവാക്കിയിരുന്ന ജയദീപിനോട് അനാഥാലയത്തിലെ മദറാണ് രേഖയെക്കുറിച്ച് പറയുന്നത്.പഠിക്കാൻ മിടുക്കിയായിരുന്നിട്ടും പഠനം തുടരാൻ കഴിയാതെ വിഷമിച്ച അവളുടെ പഠനച്ചിലവ്, ജയദീപേറ്റെടുക്കുകയായിരുന്നു.പഠനം പൂർത്തിയാക്കി അവൾ ഹോസ്പിറ്റലിൽ ജോലിക്ക് കയറിയപ്പോൾ മദർ തന്നെയാണ് വിവാഹക്കാര്യം ജയദീപിനോട് സംസാരിച്ചതും.
രേഖയ്ക്കും പൂർണസമ്മതമാണെന്ന് അറിഞ്ഞതിനുശേഷം ജയദീപവളെ തന്റെ ജീവിതസഖിയാക്കുകയായിരുന്നു. അച്ഛനമ്മമാരുടെ വാത്സല്യവും സ്നേഹവുമൊന്നും അറിഞ്ഞിട്ടില്ലാത്തതുകൊണ്ടുതന്നെ പരസ്പരം അവർ അത്രമേൽ സ്നേഹിച്ചു.അവരുടെ ജീവിതത്തിലേക്ക് ഇരട്ടിസന്തോഷമായി നക്ഷത്ര എന്ന നച്ചൂട്ടിയും കടന്നുവന്നു. ഇപ്പോഴിതാ തന്റെ മുന്നിൽ നിൽക്കുന്ന ഈ അമ്മ,അവരോടത്രയും ദ്രോഹം ചെയ്ത മകനെതിരെ ചെറുവിരൽ പോലും ചലിപ്പിക്കാൻ തുനിയാതെ, അവന്റെ തെറ്റുകളെ ദൈവത്തിന്റെ വിധിക്കുമാത്രമായി വിട്ടുനൽകി, കൊച്ചുമകന്റെ ജീവിതം രക്ഷിക്കാൻ തന്നോടപേക്ഷിക്കുന്നു…
അവർ യാത്രപറഞ്ഞു പോയിട്ടും അയാൾ ആലോചനയിലായിരുന്നു… ഇക്കാര്യത്തിൽ തനിക്കെന്താണ് ചെയ്യാൻ കഴിയുകയെന്ന് അയാൾക്കൊരു രൂപവും ഉണ്ടായിരുന്നില്ല… തിരിച്ചുവന്ന ജയദീപിനോട് രേഖ ആകാംഷയോടെ കാര്യങ്ങളെല്ലാം തിരക്കി.എല്ലാമറിഞ്ഞപ്പോൾ രേഖയ്ക്കും വിഷമം തോന്നി.
പാവം ആ കുഞ്ഞിന് നമ്മുടെ മോളെക്കാൾ ഒരു വയസ്സ് കൂടുതലുണ്ടാവും.,ഈ പ്രായത്തിൽ അതെന്തൊക്കെ സഹിച്ചു… അച്ഛനും അമ്മയുമില്ല..അച്ഛന്റെ വീട്ടുകാർക്കവനെ വേണ്ട..അമ്മയുടെ സഹോദരനാണെങ്കിൽ ഉപദ്രവവും… കഷ്ടമാണ് അതിന്റെ അവസ്ഥ.
രാത്രിയിൽ ജയദീപിന്റെ നെഞ്ചിൽ കിടന്നുകൊണ്ട് അയാൾ പറയുന്നത് കേൾക്കുകയായിരുന്നു രേഖ.
നമുക്കവരേയും ഇങ്ങോട്ട് കൊണ്ടുവന്നാലോ ജയേട്ടാ.?.
ഞാനും അതിനെപ്പറ്റിയാണ് രേഖേ ചിന്തിച്ചത്. പക്ഷെ…
എന്താ ഒരു പക്ഷെ.?.
ഏതാനും ദിവസങ്ങളുടെ മാത്രം പരിചയമുള്ള നമ്മുടെ വീട്ടിലേക്കവർ വരുമോ.?
എന്തുകൊണ്ട് വരില്ല… നമ്മൾ ലതികാമ്മയെ നമ്മുടെ അമ്മയായല്ലേ വിളിക്കുന്നത്.അരൂട്ടനെ നമ്മുടെ മകനായും…
ഒരമ്മയുടെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ലഭിക്കാത്ത നമുക്ക് ദൈവമായിട്ട് കാണിച്ചുതന്നതാണ് ജയേട്ടാ ലതികാമ്മയെ… നമ്മുടെ മോൾക്ക് ഇതിലും നല്ലൊരു മുത്തശ്ശിയെ ലഭിക്കുമെന്ന് ജയേട്ടന് തോന്നുന്നുണ്ടോ.?. പിന്നെ ആരൂട്ടൻ..അവനെ നമുക്ക് സ്വന്തമായി കാണാൻ കഴിയില്ലേ ജയേട്ടാ നമ്മുടെ മകനായി വളർത്താൻ കഴിയില്ലേ…
ജയേട്ടനൊന്ന് ഓർത്തുനോക്കിയേ… ഈ വീട്ടിൽ നമ്മളും,നമ്മുടെയമ്മയായി ലതികാമ്മയും പിന്നെ നമ്മുടെ മക്കളും… സ്വർഗ്ഗമായിരിക്കും നമ്മുടെവീട്…
രേഖ പറയുന്നത് കേട്ടപ്പോൾ ജയദീപിന് അത് സത്യമായിരുന്നെങ്കിലെന്ന് അത്രമേലാഗ്രഹം തോന്നി. പക്ഷെ അപ്പോഴും തങ്ങൾ വിളിച്ചാൽ അവർ വരുമോ എന്നതായിരുന്നു അയാളുടെ മനസ്സിലെ ആശങ്ക.
പക്ഷെ രേഖേ…എങ്ങനെയെങ്കിലും അവിടെനിന്ന് രക്ഷപെടണമെന്നേ ലതികാമ്മയ്ക്കുള്ളു… എന്തുജോലി ചെയ്തും ആരൂട്ടനെ ഒറ്റയ്ക്കുവളത്തുമെന്നാണ് ലതികാമ്മ അന്നെന്നോട് പറഞ്ഞത്… അങ്ങനെയുള്ളപ്പോൾ അവർ നമുക്കൊപ്പം വരുമോ.?.
വിളിച്ചുനോക്കിയാലല്ലേ ജയേട്ടാ അതറിയാൻ കഴിയൂ… എനിക്കുറപ്പുണ്ട് ലതികാമ്മയും ആരൂട്ടനും വരും.നമ്മുടെ സ്നേഹം അവർക്ക് കണ്ടില്ലെന്നുനടിക്കാനാവില്ല.
രേഖയുടെ വാക്കുകൾ ജയദീപിലും ചെറിയൊരു പ്രതീക്ഷനൽകി.. നാളെത്തന്നെ ഇതിനെക്കുറിച്ച് ലതികാമ്മയോട് സംസാരിക്കണമെന്ന് മനസ്സിൽ കണക്കുകൂട്ടി അയാൾ ഉറക്കത്തിലേക്ക് വഴുതിവീണു. പിറ്റേ ദിവസം അന്ന് ലതികാമ്മ വിളിച്ച നമ്പറിലേക്ക് ജയദീപ് കുറേ വിളിച്ചുനോക്കിയെങ്കിലും ആ നമ്പറിലേക്കുള്ള സേവനം താൽക്കാലികമായി നിർത്തിവച്ചു എന്ന മറുപടിയാണയാൾക്ക് ലഭിച്ചത്.
പക്ഷെ മനസ്സിലുള്ള കാര്യം ഇനിയും വച്ചുനീട്ടാതെ ലതികാമ്മയോട് അവതരിപ്പിക്കണമെന്ന തീരുമാനത്തിൽ ജയദീപ് അവരുടെ വീട്ടിലേക്ക് തിരിച്ചു. മുൻപവർ പറഞ്ഞ വഴികളിലൂടെ ചോദിച്ചും പറഞ്ഞും ഒടുവിലയാൾ വീട് കണ്ടുപിടിച്ചു.
ഗേറ്റ് തുറന്നകത്തേക്ക് കയറിയപ്പോൾ തന്നെ വീടിനുമുന്നിലായി മുറ്റമടിക്കുന്ന ലതികാമ്മയെ അയാൾ കണ്ടു.കുറച്ചു തൂക്കുമ്പോൾ തന്നെ അവർ വല്ലാതെ കിതയ്ക്കുന്നുണ്ട്.ഏണിന് കൈകൊടുത്തുനിന്ന് ശ്വാസം ആഞ്ഞുവലിച്ചവർ വീണ്ടും മുറ്റമടിക്കാൻ തുടങ്ങി.ചാവടിയിലായി ഫോണും നോക്കി ഒരു സ്ത്രീയിരിപ്പുണ്ട്.
അഹങ്കാരം വിളിച്ചോതുന്ന മുഖഭാവത്തോടെയിരിക്കുന്ന അവരാണ് വേണി എന്ന് ജയദീപിന് ഒറ്റ നോട്ടത്തിൽ മനസ്സിലായി. അയാൾ പതിയെ ലതികാമ്മയുടെ അടുത്തേക്ക് നടന്നു.
അമ്മേ…
അയാളുടെ ശബ്ദം കേട്ട് ലതികാമ്മയും ഫോണിൽ മുഖംപൂഴ്ത്തിയിരുന്നിരുന്ന വേണിയും അയാളെ നോക്കി. ജയദീപിനെക്കണ്ട് ലതികാമ്മയിൽ ഒരു ഞെട്ടലുണ്ടായി. വേണി പുറത്തേക്കിറങ്ങി വന്നു.
ആരാ… എന്ത് വേണം.?.
ലതികാമ്മയെയൊന്ന് തറപ്പിച്ചുനോക്കി വേണി അയാളോടായി ചോദിച്ചു.
ഞാൻ അമ്മയെ കാണാൻ വന്നതാ.
എന്താ കാര്യം.?.
അത് ഞാൻ അമ്മയോട് പറഞ്ഞോളാം..
അധികാരം നിറഞ്ഞ സ്വരത്തിലുള്ള അവളുടെ ചോദ്യത്തിന്,ഒട്ടും വിട്ടുകൊടുക്കാതെ അയാളും മറുപടി പറഞ്ഞു.രണ്ടുപേരേയും മാറിമാറി ദേഷ്യത്തോടെ നോക്കിയിട്ട് വേണി അകത്തേക്ക് കയറിപ്പോയി.
മോനെന്തിനാ ഇപ്പൊ ഇങ്ങോട്ടേക്ക് വന്നത്.ഫോൺ വിളിച്ചിരുന്നെങ്കിൽ മറ്റെവിടെയെങ്കിലും വച്ച് നമുക്ക് കാണാമായിരുന്നല്ലോ..
കുറേ വിളിച്ചുനോക്കിയമ്മേ കിട്ടിയില്ല… പിന്നെ ഞാൻ പറയാൻ വന്ന കാര്യവും കുറച്ചു ഗൗരവമുള്ളതായതുകൊണ്ട് നേരിട്ടിങ്ങുപോന്നു…
അതിനവർ മറുപടി പറയാൻ തുടങ്ങുമ്പോഴാണ് അനൂപും വേണിയും അങ്ങോട്ടേക്ക് വന്നത്.
ഓഹോ… അപ്പൊ തള്ള ഇവനെ രഹസ്യമായി കാണാൻ പോകാറുണ്ടല്ലേ… അങ്ങനെ കാണാൻ പോകാൻ..നിങ്ങളും ഇവനും തമ്മിലെന്താ ബന്ധം… ഇനിയിവൻ നിങ്ങളുടെ രഹസ്യക്കാരനോ മറ്റോ ആണോ..
പുച്ഛഭാവത്തിൽ സ്വന്തം അമ്മയെക്കുറിച്ചുപോലും മോശമായി സംസാരിക്കുന്ന അനൂപിനോട് ജയദീപിനുള്ളിൽ വെറുപ്പ് തോന്നി. ഇതെല്ലാം കേട്ട് വേണി ഒരു പുച്ഛചിരിയോടെ നിൽക്കുന്നുണ്ട്…
ദേ..ആരെക്കുറിച്ചും എന്തും പറയാമെന്ന് കരുതരുത്.ഒന്നുമല്ലെങ്കിൽ നിങ്ങളുടെ അമ്മയല്ലേ ഇവർ.?.
തള്ളേ..നിങ്ങളെ പറഞ്ഞപ്പോൾ ഇവനിത്രയും കൊള്ളാൻ ഇവനാരാ നിങ്ങടെ.?. കെട്ടിയോൻ ചത്തിട്ട് വർഷം രണ്ടായപ്പോഴേക്കും അവരിറങ്ങിയിരിക്കുന്നു.. ചെറുപ്പക്കാരെ വലവീശിപ്പിടി…
പറഞ്ഞു തീർന്നില്ല അതിന് മുന്നേ അനൂപിന്റെ കവിളിൽ ജയദീപിന്റെ കൈ പതിഞ്ഞു.ഒരുനിമിഷം എന്താണ് സംഭവിച്ചതെന്ന് അയാൾക്ക് മനസ്സിലായില്ല.ആകെയൊരു മരവിപ്പ്. അടുത്ത നിമിഷം അവന്റെ മറുകവിളിലുമൊന്ന് പൊട്ടി.ഇതെല്ലാം കണ്ട് പേടിച്ച് നിൽക്കുകയാണ് വേണി.
ഇതിന് നിന്നോട് മറുപടി പറയാൻ..എന്റെ സംസ്കാരം അത്രത്തോളം അധഃപതിച്ചിട്ടില്ല.
അനൂപിനോടത്രയും പറഞ്ഞ് വേണിയെ ഒന്ന് കടുപ്പിച്ചു നോക്കി ജയദീപ് ലതികാമ്മയുടെ നേരെ തിരിഞ്ഞു.
എടുക്കാനുള്ളതൊക്കെ അമ്മ എടുത്തോ..ഈ നിമിഷം അരൂട്ടനേയും കൊണ്ട് അമ്മ എന്റെയൊപ്പം വരണം. ഇനിയീ ക്രൂരജന്തുക്കളോടൊപ്പം ജീവിക്കാനമ്മയെ ഞാൻ സമ്മതിക്കില്ല.
ജയദീപിന്റെ വാക്കുകൾക്ക് മറിച്ചൊന്നും പറയാതെ ലതികാമ്മ അകത്തേയ്ക്ക് കയറി,തിരികെ വരുമ്പോൾ അവരുടെ ഒരുകൈയിൽ അരൂട്ടനും മറുകൈയിൽ തന്റെ ഭർത്താവിന്റെ ഒരു ചില്ലിട്ട ചിത്രവുമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.
അനുവേട്ടാ..അവരെ പോകാനനുവദിച്ചാൽ ഇവിടുത്തെ കാര്യങ്ങളൊക്കെ ആര് നോക്കും.?. ജോലിക്കാരിയെ വച്ചാൽ പൈസ എത്ര കൊടുക്കണമെന്നാ…
അടികൊണ്ട് ആകെ കിളിപോയി നിൽക്കുന്ന അനൂപിന് വേണിയുടെ സംസാരം കേട്ടപ്പോൾ കലിവന്നു. അയാളവളെ തറപ്പിച്ചൊന്ന് നോക്കി. അതോടെ അവളുടെ വായടഞ്ഞു. പുറത്തേക്ക് വന്ന ലതികാമ്മ അനൂപിന് മുന്നിലായി വന്നുനിന്നു..
മോനെ… പ്രസവിച്ചതുകൊണ്ടുമാത്രം ഒരു സ്ത്രീയും അമ്മയാകില്ലെന്ന് പറയാറുണ്ട്…അതുപോലെ തന്നെ.., നല്ലൊരു അച്ഛനും അമ്മയ്ക്കും ജനിച്ചതുകൊണ്ട് മാത്രം ഒരുത്തനും നല്ലൊരു മകനാവില്ല…
അത്രയും പറഞ്ഞവർ അവിടെനിന്നിറങ്ങിയെങ്കിലും,ഭാവി ഇനിയെന്തെന്നുള്ളത് അവർക്കുമുന്നിൽ ഒരു ചോദ്യചിഹ്നമായി നിന്നു. അവരുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകൾ തിരിച്ചറിഞ്ഞപോലെ ജയദീപ് അവരോടായ് പറഞ്ഞു…
അമ്മയേയും അരൂട്ടനേയും ഞാൻ എന്റെ വീട്ടിലേക്കാ കൂട്ടിക്കൊണ്ട് പോകുന്നത്.ഇനി അത് നമ്മുടെ വീടാണ്.
ആശ്ചര്യത്തോടെ ലതികാമ്മ അയാളെ നോക്കി. അവർക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു…
മോനേ… ഞാൻ…
അമ്മയൊന്നും പറയണ്ട.സ്വന്തം അമ്മയായിട്ടാണ് അമ്മയെ ഞങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. അരൂട്ടനെ നച്ചൂട്ടിയെപ്പോലെ ഞങ്ങളുടെ സ്വന്തം മകനായിട്ടും. ഞാനൊരിക്കലും അനൂപാകില്ലമ്മേ..
രേഖ വേണിയും… ഒരമ്മയുടെ സ്നേഹം അനുഭവിയ്ക്കാൻ ഞങ്ങൾക്കിതുവരെ ഭാഗ്യമുണ്ടായിട്ടില്ല. ദൈവമായിട്ടാ അമ്മയെ ഞങ്ങൾക്ക് മുന്നിലെത്തിച്ചത്.ആ അമ്മയും ഞങ്ങളെ കൈയൊഴിയരുത്.
ജയദീപ് പറയുന്നത് കേട്ട് ലതികാമ്മ തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ച്, അരൂട്ടനേയും ചേർത്തുപിടിച്ച് അത്രമേൽ സ്നേഹത്തോടെ അയാളെ നോക്കി.
5 വർഷങ്ങൾക്ക് ശേഷം…
ഇത് കണ്ടോ അമ്മേ..അച്ഛനും മക്കളും കൂടി അടുക്കള കാണിച്ചുവച്ചിരിക്കുന്നത്. ഞായറാഴ്ച്ച അല്ലേ നിങ്ങൾ റസ്റ്റ് എടുത്തോ ഇന്ന് ഫുൾ കുക്കിംഗ് ഞങ്ങളാണെന്ന് പറഞ്ഞ് അച്ഛനും മക്കളുംകൂടി അടുക്കളയിലേക്ക് പോയപ്പോഴേ എനിക്ക് തോന്നിയതാ… ഇതിപ്പോ ഇരട്ടി പണിയായല്ലോ ഈശ്വരാ…
രേഖയുടെ പരിഭവം പറച്ചിൽ കേട്ട് അച്ഛനും മക്കളും വീടിന്റെയുമ്മറത്ത് ഒന്നുമറിയാത്തപോലെയിരിപ്പുണ്ട്. അപ്പോഴാണ് ഗേറ്റുതുറന്നുവരുന്ന വേണിയിൽ ജയദീപിന്റെ കണ്ണുകളുടക്കിയത്. പഴയ വേണിയുടെ നിഴൽ മാത്രമാണോ അതെന്ന് തോന്നിപ്പോയി അയാൾക്ക്. അതൊന്നും മുഖത്തുകാണിക്കാതെ ജയദീപ് അവളോടായി ചോദിച്ചു
ആരാ… എന്ത് വേണം..
അയാളുടെ ആ ചോദ്യത്തിൽ വേണിയൊന്ന് പതറി.
അമ്മ.?.
അമ്മയോ.?. നീ നിന്റെ അമ്മയെ ഇവിടെ കൊണ്ടുവന്നേൽപ്പിച്ചിരുന്നോ.?.
വേണിയ്ക്ക് മറുപടിയുണ്ടായിരുന്നില്ല.എങ്കിലുമവൾ അയാളോടായി പറഞ്ഞു.
എന്ത് വേണമെങ്കിലും പറഞ്ഞോളൂ… പക്ഷെ..അമ്മയെ ഒന്ന് കാണാനെന്നെ അനുവദിക്കണം…
അപ്പോഴേക്കും പുറത്താരോ വന്നതറിഞ്ഞ്,ലതികാമ്മയും രേഖയും അങ്ങോട്ടേക്ക് വന്നു. വേണിയെ കണ്ടപ്പോൾ ലതികാമ്മയുടെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു.
അമ്മേ…
വിളിച്ചത് കേൾക്കാത്തപോലെ നിൽക്കുന്ന ലതികാമ്മയോടായി അവൾ പറഞ്ഞുതുടങ്ങി.
ഒരുപാട് ക്രൂരതകൾ ചെയ്തുകൂട്ടിയിട്ടുണ്ട്.ഒരേറ്റുപറച്ചിൽ കൊണ്ട് ക്ഷമിക്കാൻ കഴിയുന്ന തെറ്റുകളല്ലെന്നും അറിയാം. എന്നിരുന്നാലും അമ്മ പൊറുക്കണം
തൊഴുകൈകളോട് ലതികാമ്മയോടായി അത്രയും പറഞ്ഞുനിർത്തിയ വേണിയെ എല്ലാവരും സംശയത്തോടെ നോക്കി.
നിങ്ങളോടൊക്കെ ചെയ്തുകൂട്ടിയ പാപങ്ങൾക്കുള്ള ശിക്ഷ ഞങ്ങളിന്ന് അനുഭവിക്കുകയാണമ്മേ… അന്ന് അച്ഛനെ ചതിച്ച് സ്വത്തുക്കളെല്ലാം കൈവശപ്പെടുത്താൻ അനുവേട്ടനെ ഉപദേശിച്ചത് എന്റെ ഏട്ടനാണ്. അനുവേട്ടനും കിച്ചുവേട്ടനും ചേർന്ന് തുടങ്ങാൻ പോകുന്ന ബിസിനസ്സിന് വേണ്ടിയായിരുന്നു അതെല്ലാം.
അനുവേട്ടൻ നമ്മുടെ ടെക്സ്റ്റയിൽസ് എല്ലാം വിറ്റ് അതിൽ നിന്നൊരു വൻ തുക ബിസിനസിലേക്ക് ഇൻവെസ്റ്റ് ചെയ്തു.ബിസിനസ്സ് നല്ല ലാഭത്തിൽ തന്നെയാണ് പൊയ്ക്കൊണ്ടിരുന്നത് പക്ഷെ… ആറ് മാസങ്ങൾക്കുമുൻപ് അനുവേട്ടനൊരാക്‌സിഡന്റുണ്ടായി. തലയ്ക്ക് സാരമായ പരിക്കേറ്റു.
അവൾ പറഞ്ഞുനിർത്തിയപ്പോൾ ലതികാമ്മയുടെ നെഞ്ചിലൊരു പിടച്ചിലുണ്ടായി.എന്നാൽ അവരത് മുഖത്തുകാണിക്കാതെ മറ്റെവിടെയോ നോക്കിനിന്നു.
തലയ്‌ക്കേറ്റ ക്ഷതംകൊണ്ട് ഏട്ടന്റെ സംസാരശേഷി നഷ്ടപ്പെട്ടു. കൂടാതെ വലതുകാൽ… അത് മുറിച്ചുമാറ്റേണ്ടിവന്നു…
വേണി പറയുന്നത് കേട്ട് ജയദീപ് ഞെട്ടലോടെ ലതികാമ്മയെ നോക്കി.ആ മുഖത്ത് കടുത്ത നിർവികാരത മാത്രമാണ് നിറഞ്ഞു നിൽക്കുന്നത്. വേണി തുടർന്നു.
ചികിത്സയും മരുന്നും മന്ത്രവുമായി കുറേക്കാലം ആശുപത്രിയിൽ തന്നെയായിരുന്നു.അവിടുന്ന് തിരികെയെത്തിയപ്പോഴേക്കും ബിസിനസ്സെല്ലാം തകർന്നടിഞ്ഞിരുന്നു…
ഏട്ടൻ ചതിക്കുവാരുന്നു.. കൂടെനിന്ന് അനുവേട്ടനെ പറ്റിച്ച് പണം മുഴുവൻ ഏട്ടൻ കൈക്കലാക്കി.ചോദിക്കാൻ ചെന്ന എന്നെ അപമാനിച്ചിറക്കിവിട്ടു… അച്ഛനുമമ്മയും പോലുമതിന് കൂട്ടുനിന്നു എല്ലാവരും ചേർന്ന് ഞങ്ങളെ വിഡ്ഢികളാക്കി. ഞങ്ങൾ നിങ്ങളോട് ചെയ്തതെന്താണോ അതവർ ഞങ്ങൾക്ക് നേരേയും പ്രയോഗിച്ചു.
അത്രയും പറഞ്ഞ് വേണി കണ്ണുകൾ തുടച്ചു.അപ്പോഴും ലതികാമ്മ ഒരക്ഷരംമിണ്ടാതെ അവിടെത്തന്നെനിന്നു
അനുവേട്ടൻ പറഞ്ഞുവിട്ടതാണെന്നെ… അമ്മയെയൊന്ന് കാണണമെന്ന്… കാലിൽവീണ് കാട്ടിക്കൂട്ടിയ ക്രൂരതകൾക്ക് മാപ്പിരക്കണമെന്ന്. അമ്മയൊന്നവിടെവരെ…
ഇല്ല…
പറഞ്ഞുമുഴുവിയ്ക്കുന്നതിന് മുന്നേ ലതികാമ്മയുടെ സ്വരമുയർന്നു
ഇനിയെന്തുതന്നെയായാലും ഈജന്മം..ആ വീട്ടിലേക്കോ..അവന്റെ മുന്നിലേക്കോ എനിക്കൊരു മടക്കമില്ല.
അത്രയും പറഞ്ഞുകൊണ്ട് ലതികാമ്മ അകത്തേക്കുപോയി. അവരെ വിഷമത്തോടെയൊന്ന് നോക്കി വേണിയും തിരിഞ്ഞുനടന്നു.
അവനവൻ ചെയ്യുന്ന പ്രവർത്തിക്കുള്ള പ്രതിഫലം കൈപ്പറ്റാതെ, ആർക്കുമെങ്ങോട്ടും രക്ഷപെടാനാവില്ല … വിഷമത്തോടെ തിരികെപ്പോകുന്ന വേണിയെനോക്കി ജയദീപ് മനസ്സിൽ പറഞ്ഞു.
(അവസാനിച്ചു.)
✍️ ഐശ്വര്യ സോഹൻ