ഉണ്ണ്യേട്ടൻ..
“” ആരോടു ചോദിച്ചിട്ടാ എന്റെ മുറിയിൽ കയറീത്….. എനിക്കത് ഇഷ്ടല്യാന്നറിഞ്ഞൂടെ കുട്ടിക്ക് ?? “”
നിരഞ്ജന്റെ ദേഷ്യം കലർന്ന വാക്കുകൾ കേട്ട്, ആ മുഖത്തെ നേരിടാൻ കെൽപ്പില്ലാതെ എന്റെ മിഴികൾ തറയിൽ തന്നെ ഉറച്ചു നിന്നു……
“”” അമ്മ…. അമ്മയാ പറഞ്ഞേ വീടൊക്കെ വൃത്തിയാക്കാൻ “”” ചുണ്ടുകൾ വിറയാർന്ന സ്വരത്തിൽ മന്ത്രിച്ചു…..
“”” ഓഹ് ഞാനതു മറന്നു കുട്ട്യോട് പറയാൻ…. ഞാനോ ഇവനോ അല്ലാതെ ഇവന്റെ മുറീല് മറ്റാരും കേറണത് ഇവന് ഇഷ്ടല്യ….. “”” എന്നു പറഞ്ഞ് അമ്മ അടുത്തേക്ക് വന്നപ്പോഴും ഞാൻ തല താഴ്ത്തി തന്നെ നിന്നു….
“”” സാരല്യ, മോള് ചെന്ന് ബാക്കിള്ളോടൊക്കെ വൃത്തിയാക്ക്….. “”” അവർ വാത്സല്യത്തോടെ തഴുകിയപ്പോൾ ,, ചൂലുമെടുത്ത് ഞാൻ പുറത്തേക്കിറങ്ങി…..
“”” എന്തൊരു സ്വഭാവാ ഉണ്ണീ ഇത്….. പാവം! അത് നന്നായി പേടിച്ചൂന്ന് തോന്നണു…. നീയൊരു മനുഷ്യൻ തന്നാണോന്ന് സംശയിച്ചിട്ടൂണ്ടാവും ആ കുട്ടി….. “”” അമ്മ ശകാരിച്ചു.
“”” എന്റെ മനുഷ്യത്വം അതിനെ ബോധിപ്പിച്ചിട്ട് എനിക്കൊന്നും നേടാനില്ലല്ലോ….. ഞാൻ പോണു… “””
മേശമേൽ കൊണ്ടുവച്ച ചോറ്റുപാത്രം ധൃതിയിൽ ബാഗിലാക്കി കടന്നു പോകുന്ന അയാളെ , ഒളികണ്ണാലെ നോക്കിക്കൊണ്ട് ഞാൻ പിറുപിറുത്തു “”” ഇങ്ങനുണ്ടോ മനുഷ്യര്…. തനി വെട്ടുപോത്ത് ! “””
“”” അവന് അവന്റെ അച്ഛന്റെ സ്വഭാവാ….. സ്നേഹം പ്രകടിപ്പിക്കാനറിയില്ല , ഒക്കെ ഉള്ളില് പൂട്ടിവെക്കണ പ്രകൃതാ…… അതോണ്ട് അവനെന്തു പറഞ്ഞാലും മോളതൊന്നും കാര്യാക്കണ്ടാട്ടോ….. “”” പുഞ്ചിരിയോടെ അമ്മ അരികിലേക്ക് വന്നു പറഞ്ഞപ്പോൾ, ഞാൻ പറഞ്ഞത് അമ്മ കേട്ടു കാണുമോ എന്ന പേടിയായിരുന്നു എന്റെയുള്ളില്…… അത് പുറത്തു കാട്ടാതെ ഞാനും ചിരിച്ചോണ്ട് പതിയെ തലയാട്ടി….. “” അമ്മമ്മയെ കൂടാണ്ട് വേറെ ആരൊക്കെ ഉണ്ട് കൺമണീടെ വീട്ടില് ?? “””
“”” വേറെ ആരൂല്യ…. അച്ഛൻ , അമ്മയെന്നെ ഗർഭിണിയായ സമയത്ത് ഞങ്ങളെ ഇട്ടേച്ചു പോയതാത്രേ…. നിക്ക് പത്തു വയസ്സുള്ളപ്പോ അമ്മേം മരിച്ചു… പിന്നെ ഇതുവരെ അമ്മമ്മയാ ന്നെ വളർത്തീതും പഠിപ്പിച്ചതും എല്ലാം….. ഇപ്പോ അതിനും വയ്യാതായി…. അതോണ്ടാ പണിക്ക് വിളിച്ചപ്പോ അമ്മമ്മയ്ക്ക് പകരം ഞാൻതന്നെ പോന്നത്…. ഇപ്പഴാണേല് വെക്കേഷനല്ലേ ക്ലാസില്ലല്ലോ….. “””
ഒരു ചോദ്യത്തിനുള്ള ,എന്റെ ഒന്നിലധികം ഉത്തരങ്ങൾ കേട്ട് അവർ അലിവോടെ എന്നെ നോക്കുന്നതും ആ കണ്ണുകൾ നിറയുന്നതും കാൺകെ ഞാൻ വേഗം വിഷയം മാറ്റി……
“”” ഉച്ചയ്ക്ക് ഊണിന് കൂട്ടാനെന്താ വെക്കണ്ടേ ?? പാചകൊന്നും ഇക്കത്ര വശല്യാട്ടോ…. “””
“”” അതൊക്കെ ഞാൻ ചെയ്തോളാം…. എല്ലാം കൂടി നീയൊറ്റയ്ക്ക് ചൊമക്കണ്ട…. ഭാരം താങ്ങി തളരാന്ള്ള പ്രായല്ല നെനക്കിപ്പോ….. “””
ആയമ്മേടെ വാക്കുകൾ എന്റെ കണ്ണും മനസ്സും ഒരുപോലെ നിറയിച്ചു….. ഇന്നലെ , ഈ പടി കടന്നു വരുമ്പോൾ ഉള്ളു നിറയെ ആധിയായിരുന്നു….. ആദ്യായിട്ടാണ് മറ്റൊരാളുടെ അടുക്കളപ്പണിക്ക് പോകുന്നത്….. അതും കണ്ടു പരിചയം പോലുമില്ലാത്ത , ഈ നാട്ടില് പുതുതായി വന്ന ആൾക്കാർ….. എന്ത് ,എങ്ങനെ എന്നൊന്നും അറിയാതെ നെഞ്ചിടിപ്പോടെയാണ് ആദ്യ ദിവസം കടന്നു പോയത്….. പക്ഷേ ,, പ്രതീക്ഷകൾക്കപ്പുറമായിരുന്നു ഇവിടത്തെ സുഭദ്രാമ്മ….. പെറ്റമ്മയെ പോലെ സ്നേഹവും കരുതലും നൽകുന്നൊരമ്മ…..! പിന്നെ ആകെക്കൂടിയുള്ളത് അമ്മേടെ മോനാണ്….. നിരഞ്ജൻ ….. അമ്മയ്ക്കയാൾ ഉണ്ണിയാണ്….. അയാളെപ്പറ്റി കൂടുതലൊന്നും അറിയില്ല….. ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇന്നു നടന്നത്.. ഇനി അറിയാതെ പോലും ആ കൺവെട്ടത്ത് ചെല്ലാതെ നോക്കുന്നതാ നല്ലത്….. വെറുതെയെന്തിനാ വഴിയേ പോകുന്നത് ഇരന്നു വാങ്ങണത്……
“”” ഉണ്ണീടെ ഒന്നു രണ്ട് മുഷിഞ്ഞത് കെടപ്പുണ്ട് മോള് പോയി അതൊന്ന് കഴുകിയിട്ടേക്ക്….””” അമ്മേടെ ശബ്ദമാണ് ചിന്തകളിൽ നിന്നുണർത്തിയത്…… തലയാട്ടിക്കൊണ്ട് തിരിഞ്ഞു നടന്നെങ്കിലും എന്നിൽ സംശയം മുളപൊട്ടി…..
“”” മുറീല് കയറാവോ…. നിക്ക് പേടിയാ….””””
“”” കഴുകാനുള്ളത് അവൻ മാറ്റി ഇട്ടിട്ടുണ്ടാവും…. നീയ് ചെന്ന് അതെടുത്തിങ്ങ് പോര്….. അവനിപ്പോ ഇവടില്ലല്ലോ “””” അമ്മ പറഞ്ഞെങ്കിലും മുറിയിലേക്കു കാലെടുത്തു വെക്കുമ്പോ എന്തോ ഒരു ഉൾഭയം വന്നു മൂടും പോലെ….. ഓടിച്ചെന്ന് മാറ്റിയിട്ട തുണികൾ വാരിയെടുത്ത് തിരിഞ്ഞു നടക്കുമ്പോഴാണ് കുസൃതിച്ചിരിയോടെ തന്നെ നോക്കുന്ന ആ ഫോട്ടോയിൽ കണ്ണുകളുടക്കിയത്….. അപ്പോഴാണ് ആ മുഖം ശരിക്കു കാണുന്നത്…
“”” ഇങ്ങനെ കണ്ടാല് ആരേലും പറയോ ആളിത്രയ്ക്ക് ചൂടനാന്ന്…..”””
മനസ്സിൽ ഓർത്തുകൊണ്ട് ഒരുവട്ടം കൂടി ആ ചിരിയ്ക്കുന്ന മുഖത്തേക്ക് നോക്കി…. ഈ ചിരി നേരിൽ കാണാൻ എന്തായാലും ഒക്കില്ലല്ലോ…… ഇങ്ങനേലും മതിയാവോളം കാണട്ടെ…..
പണികളൊക്കെ തീർത്ത് ഇറങ്ങാൻ നേരത്താണ് ഉണ്ണ്യേട്ടൻ കയറി വന്നത്….. ഞാൻ വേഗം വാതിലിനു പിറകിൽ സ്ഥാനം പിടിച്ചു…..
“”” അമ്മേ എന്റെ പാന്റിന്റെ പോക്കറ്റിൽന്ന് ഒരു പേപ്പറ് കിട്ടിയിരുന്നോ….?? “””
വന്നപാടെ മുറി പരിശോധിച്ചു കൊണ്ട് ചോദിച്ചു…..
“”” നീയ് കണ്ടാരുന്നോ മോളേ തുണി അലക്കാനെടുത്തപ്പോ ?? “””
അമ്മ എന്നോടു ചോദിച്ചതും ഉള്ളിലൂടൊരു മിന്നൽപ്പിണർ പാഞ്ഞു പോയി…..
“” ഈശ്വരാ….””” ഞാനറിയാതെ വിളിച്ചു….
ഓടിച്ചെന്ന് അഴയിൽ വിരിച്ച പാന്റിന്റെ പോക്കറ്റിൽ പരതുമ്പോൾ ,, മനസ്സ് പെരുമ്പറ മുഴക്കുന്നുണ്ടായിരുന്നു…… കയ്യിൽ കിട്ടിയ നനഞ്ഞൊട്ടിയ വെള്ളപ്പേപ്പർ എന്റെ ഉള്ളം കയ്യിലിരുന്ന് വിറയൽ കൊണ്ടു….
“”” അലക്കാനെടുക്കുമ്പോ പോക്കറ്റൊക്കെ ചെക്ക് ചെയ്യണംന്ന് അറിയില്ലേ….. അതെങ്ങനാ , എട്ടും പൊട്ടും തിരിയാത്തതിനെയൊക്കെ ജോലിക്ക് നിറുത്തിയാ ഇതല്ല ഇതിനപ്പുറോം സംഭവിക്കും…… ആരോട് പറയാനാ “”””
ഉറക്കെ കണ്ണുപൊട്ടുന്ന ചീത്ത പറഞ്ഞ് കയ്യിലിരുന്ന കുതിർന്ന പേപ്പർ വലിച്ചെടുക്കുമ്പോ ഞാൻ നിശ്ശബ്ദം കരയുകയായിരുന്നു……
“”” ഞാൻ… ഞാനുണക്കിത്തരാം “”” ശബ്ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലും, ‘വേണ്ട’ എന്ന ഉണ്ണ്യേട്ടന്റെ മറുപടി വളരെ ഉച്ചത്തിലായിരുന്നു…..
“”” ഇനിയതിനെ വഴക്ക് പറഞ്ഞിട്ടെന്താ ഉണ്ണീ…. ആ കുട്ടിയത് ശ്രദ്ധിച്ചിട്ട്ണ്ടാവില്യ….. ന്നാലും കീറിപ്പോയിട്ടൊന്നും ഇല്യല്ലോ…. പിന്നെന്താ “”” പറഞ്ഞത് അമ്മയായതു കൊണ്ട് മാത്രമാവണം മറുപടി ഒരു അമർത്തിയുള്ള മൂളലിൽ മാത്രമൊതുക്കി ഉണ്ണ്യേട്ടൻ പൊയ്ക്കളഞ്ഞത്….
“” സാരല്യ… കരയാതെ വീട്ടില് പോകാൻ നോക്ക്…. നേരം ഇരുട്ടണ്ട “””
അമ്മ, വിതുമ്പി നിൽക്കുന്ന എന്നെ നോക്കി ആശ്വസിപ്പിക്കാനെത്തിയപ്പോൾ ,, സകല നിയന്ത്രണവും വിട്ട് ഞാൻ പൊട്ടിക്കരഞ്ഞു….
“”” നോക്കീതാ ഞാൻ…. എല്ലാതും നോക്കീതാ…. പക്ഷേ,, കണ്ടില്ല…. നിക്ക് കിട്ടീല്യ…. അല്ലാതെ ശ്രദ്ധിക്കാഞ്ഞിട്ടല്ല….. ഇഷ്ടല്യാച്ചാ പൊക്കോളാം ഞാൻ…. ഇനി ഇങ്ങട് വരാതിരുന്നോളാം “”” തേങ്ങലടക്കി ഞാൻ പറഞ്ഞു നിറുത്തിയപ്പോഴേക്കും ,,, അമ്മയുടെ കൈകളെന്നെ ചുറ്റിപ്പിടിച്ചിരുന്നു…..
“” അയ്യേ ഇത്രേള്ളൂ കൺമണി…. ഞാൻ കരുതീത് നീയ് വല്യേ വാല്യക്കാരത്തിയാണ്ന്നാ….. ഇതിപ്പോ വെറും തൊട്ടാവാടി….. “”””
താടി പിടിച്ചുയർത്തി സാരിത്തലപ്പുകൊണ്ട് കണ്ണീരൊപ്പിക്കൊണ്ട് എന്നെ നോക്കി ചിരിച്ചു
“”” അവന് ദേഷ്യം വന്നാപ്പിന്നെ കണ്ണൂല്യ മൂക്കൂല്യ…. ദുർവാസാവിനേക്കാളും കഷ്ടാ അവന്റെ കാര്യം…. അതിനൊക്കെ കരയാൻ നിന്നാല് നെനക്കതിനേ നേരം കാണൂ…. മോള് ചെല്ല് “””
ആയമ്മയെ നോക്കി ഒന്നു ചിരിച്ചെന്നു വരുത്തി തിരിഞ്ഞു നടക്കുമ്പോഴും കാതില് മുഴങ്ങിയത് ഉണ്ണ്യേട്ടന്റെ ശബ്ദമായിരുന്നു……
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
“”” അമ്മേ… നാളെ മുതല് ഞാൻ നേരത്തെ പോവൂട്ടോ…. ഇക്ക് ക്ലാസ് തൊടങ്ങി…. പണികളൊക്കെ ഞാൻ നേരത്തെ കഴിച്ചോളാം…. വൈകീട്ടും വന്നോളാം….”””
ഇറങ്ങുന്നേരം ഞാനത് പറഞ്ഞപ്പോ അമ്മയെന്റെ ശിരസ്സിൽ കൈവച്ചു…..
“”” എങ്ങനാന്നു വച്ചാ നെന്റെ ഇഷ്ടം…. പണിണ്ട്ന്ന് വച്ച് പഠിപ്പ് കളയര്ത്ട്ടോ നീയ്…. നന്നായി പഠിക്കണം….. നല്ല ഉദ്യോഗോം വാങ്ങിക്കണം ട്ടോ….. “””
ഒരുനിമിഷം ,, ന്റെ അമ്മ പുനർജനിച്ചു വന്നതാണോന്ന് ചിന്തിച്ചു പോയി ഞാൻ….. ആ കരങ്ങളിൽ പിടിമുറുക്കുമ്പോൾ ,,, അറിയാതെ മിഴികളും നിറഞ്ഞു പോയിരുന്നു…….
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
“”” കൺമണീ , നമ്മടെ കെമിസ്ട്രി സാറ് ലീവിലാത്രേ…. പകരം വന്ന സാറിനെ നീയൊന്നു കാണണം മോളേ….. എന്താ ഗ്ലാമറ് ! “”””
അടുത്തിരിക്കുന്ന സോണിയ സ്വകാര്യം പോലെ പറഞ്ഞതു കേട്ട് ,, പഴയ സാറ് ലീവെടുക്കാനുണ്ടായ കാരണത്തെ പറ്റി കൂലങ്കഷമായ ചിന്തയിലായിരുന്നു ഞാൻ….. അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് പുതിയ സാറ് കേറി വന്നത്…… ആളെ കണ്ടതും , എന്റെ കണ്ണു രണ്ടും പുറത്തേക്കു തള്ളിവന്നു……
“”” ഉണ്ണ്യേട്ടൻ….!””” ഞാൻ മന്ത്രിച്ചു…..
ഉണ്ണ്യേട്ടന്റെ പുഞ്ചിരിയോടെയുള്ള പെരുമാറ്റവും , അതി വിദഗ്ദമായ ക്ലാസെടുക്കലും കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെങ്കിലും ,,, പെട്ടന്നൊന്നും ആ കാഴ്ചയിൽ കുരുങ്ങാതിരിക്കാനായി ഞാൻ കിണഞ്ഞു പരിശ്രമിച്ചു…… ക്ലാസ് കഴിഞ്ഞ് ആള് പുറത്തേക്കിറങ്ങിയതും ദീർഘമായൊരു നിശ്വാസത്തോടെ നിവർന്നിരുന്ന എന്നെ , പുഞ്ചിരിയുടെ പിൻബലമില്ലാത്തൊരു നോട്ടം ജനലഴികൾക്കിടയിലൂടെ തേടിയെത്തിയിരുന്നു…….!!
“”” ന്നാലും ഉണ്ണ്യേട്ടൻ മാഷായിരിക്കുംന്ന് ഞാൻ കരുതീല്യാട്ടോ…… അമ്മ ന്നോട് പറഞ്ഞും ഇല്ല്യാലോ….. “””
വൈകീട്ടു വന്ന മുറ്റം തൂക്കുന്നതിനിടയിലാണ് ഞാനത് അമ്മയോട് ചോദിച്ചത്……
“”” അതിന് അവനെക്കുറിച്ച് എന്തേലും കേൾക്കണതു പോലും നെനക്ക് പേട്യല്ലേ….”” അമ്മ കളിയാക്കി….
“”” മാഷന്നേണ്… ഇതുവരെ പ്രൈവറ്റ് കോളേജിലാർന്നു…. ഇതിപ്പോ താൽക്കാലികാന്നാ അവൻ പറഞ്ഞേ….. അന്ന് നീയ് നനച്ചത് ഈ ജോലീടെ കടലാസാത്രേ…. കീറിപ്പോയിര്ന്നേല് അവൻ നെന്നെ കൊന്നു തിന്നേനെ….”””
അമ്മ ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും, ഓർമ്മയിലെ ആ നിമിഷം എന്നിൽ ഉൾക്കിടിലമുണ്ടാക്കി…..
“”” അമ്മേ ഞാനൊരു കാര്യം ചോദിച്ചാ അമ്മ സത്യം പറയോ ന്നോട്….?? “”””
“”” ഉം… നീയ് ചോദിക്ക് “”””
“”” ന്നോടെന്താ ഉണ്ണ്യേട്ടനിത്രയ്ക്ക് വിരോധം ?? കോളേജില് വച്ച് കണ്ടിട്ടും പരിചയഭാവം പോലും കാട്ടീല്യ… അതുപോട്ടെ,, ഇത്ര ദിവസായീല്ലേ ഞാനിവടെ വരണു…. ന്ന്ട്ടും ഒരിക്കൽ പോലും ന്നോടൊന്ന് ചിരിക്ക്യ കൂടി ചെയ്തില്യ….. ഒന്നു നോക്കും കൂടി ചെയ്യണില്ല്യ….. ന്നെ ഇഷ്ടായിട്ട്ണ്ടാവില്യാലേ ഉണ്ണ്യേട്ടന്……”””
എന്റെ പരിഭവം കേട്ടിട്ടാണോ എന്തോ , അമ്മേടെ കണ്ണു നിറഞ്ഞു വന്നപ്പോ ഒന്നും പറയേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയെനിക്ക്……
“”” അവന്…. ന്റെ ഉണ്ണിക്ക് ആരേം വെറുക്കാനൊന്നും അറിയില്യ മോളേ….. ഇന്നോളം അവനെല്ലാരേം സ്നേഹിച്ചിട്ടേള്ളൂ.. ന്ന്ട്ടും….. “”””
പാതി മുറിഞ്ഞ വാക്കുകളോടെ ഇറ്റുവീണ അമ്മയുടെ കണ്ണുനീർ തുള്ളികൾ , ഒരു പേമാരി കണക്കെ എന്റെ ഹൃദയത്തിലേക്ക് കുതിച്ചൊഴുകി…… പക്ഷേ ,,, ആ മഴയ്ക്കു പോലും തണുപ്പിക്കാൻ കഴിയാത്ത വിധം ആയമ്മയുടെ മനസ്സ് നീറിപ്പുകയുന്നുണ്ടെന്ന് എന്റെ ഉള്ളിലിരുന്നാരോ മന്ത്രിക്കും പോലെ എനിക്ക് തോന്നി……!
അമ്മയുടെ കണ്ണുകൾ പെയ്തൊഴിയുന്നതും,, ആ മനസ്സ് എനിക്കു മുന്നിൽ തുറക്കുന്നതും നോക്കി ഞാനിരുന്നു….. സ്നേഹവായ്പോടെ ഞാനാ കൈകളിൽ തൊട്ടപ്പോൾ,, അമ്മ കണ്ണും മുഖവും അമർത്തിത്തുടച്ച് വിദൂരതയിലേക്കു നോക്കി ഓർമ്മകളുടെ കെട്ടഴിച്ചു…..
“”” സ്നേഹിക്കാൻ ഒരു കൂടപ്പിറപ്പില്ലെന്ന അവന്റെ പരാതി തീർന്നത് അവളുടെ വരവോടെയായിരുന്നു….. “”””
“”” ആരടെ ?? “”” ഞാൻ ഇടയിൽ കയറി….
“”” മണിക്കുട്ടീന്നാ അവളെ ഞങ്ങളൊക്കെ വിളിച്ചോണ്ടിരുന്നേ….. വേറെ പേരുണ്ടോന്ന് ചോദിച്ചാ നിക്ക് നിശ്ചല്യ….. അവളടെ അമ്മ മരിച്ചപ്പോ , അച്ഛൻ വേറെ കെട്ടി…. അന്നു തൊടങ്ങീതാ അതിന്റെ ദുരിതം….!
നന്നായി പഠിക്കുവാരുന്നു…. ഇടയ്ക്കിടയ്ക്ക് സംശയങ്ങളൊക്കെ ചോദിക്കാൻ അവള് വീട്ടില് വരും….. പിന്നെ പിന്നെ അത് സ്ഥിരായി…… ഉണ്ണീനെ മാഷേന്നാ അവള് വിളിക്യാ…. വല്യേ കാര്യേര്ന്ന്….. അച്ഛൻ കള്ളു കുടിച്ച് വരുമ്പഴും , ചെറിയമ്മ വഴക്കു പറയുമ്പഴും അവളോടി ന്റട്ത്ത് വരും…. കൊറേ പറഞ്ഞ് കരയും….. കൂടെ ഞാനും കരയും !!
പ്ലസ്ടു വിന് നല്ല മാർക്ക്ണ്ടാര്ന്നു…… അവളെ കോളേജില് ചേർക്കാനും പഠിപ്പിക്കാനും ഏറെ ഉത്സാഹിച്ചത് ഉണ്ണ്യേര്ന്ന് ന്റെ കൈകൊണ്ട് എന്തേലും കിട്ടുന്ന ദിവസേ അവള്ടെ വെശപ്പ് തീരാറുള്ളൂ…… ഞങ്ങൾക്കു വേണ്ടിയേ അവളൊന്നു ചിരിച്ചു കാണാറുള്ളൂ….. എന്തിന് ,, അവളൊരു നല്ല പൊട്ടു കുത്തണെങ്കി ന്റെ ഉണ്ണി വാങ്ങിക്കൊടുക്കണം….. അത്രയ്ക്ക് ഇരുട്ടേര്ന്ന് അതിന്റെ ജീവിതത്തില്……!!
ഉണ്ണി , എല്ലാം കണ്ടറിഞ്ഞ് വാങ്ങിക്കൊടുക്കും….. അത്രയ്ക്ക് ഇഷ്ടേര്ന്ന് അവനവളെ….. കൂടപ്പിറക്കാതെ പോയ സ്വന്തം അനിയത്തിക്കുട്ടി…..!
പക്ഷേ ,,, മണിക്കുട്ടീടെ മനസ്സില് മറ്റൊന്നായിരുന്നൂന്ന് ഞാനോ അവനോ അറിഞ്ഞില്ല…..!
തന്നെ പെണ്ണുകാണാൻ നാളെ ആരോ വര്ന്ന്ണ്ട്ന്ന് പറഞ്ഞാണ് അവളന്നു രാത്രി ഓടിവന്നത്…… “” ന്നെ വിട്ടു കൊടുക്കല്ലേ മാഷേ “””” ന്ന് പറഞ്ഞ് അവളവനെ കെട്ടിപ്പിടിച്ചപ്പഴും ,, തുടർന്നു പഠിക്കാനുള്ള അവളടെ ആഗ്രഹമായേ അതിനെ ഞങ്ങള് കണ്ടുള്ളൂ…… ഉണ്ണിയവളെ വേർപ്പെടുത്താൻ നോക്കുന്തോറും , അവളവനെ ചുറ്റിപ്പിടിച്ചു നിന്നു……
ആ കാഴ്ച കണ്ടാണ് കുടിച്ചു ബോധമില്ലാത്ത അവളുടെ അച്ഛൻ ,,അവളെയന്വേഷിച്ച് വന്നത്…… അപ്പോഴും മണിക്കുട്ടീടെ കൈകൾ ഉണ്ണിയെ ചുറ്റിവരിഞ്ഞിരുന്നു……
“”” ഇക്ക് മാഷിനെ മതി….. വേറാരും ന്നെ കല്യാണം കഴിക്കണ്ട….. ഇക്ക് വേറെ ആരടേം ഭാര്യയാവണ്ട…..! പറയ് മാഷേ…. അച്ഛനോട് പറയ് “”” അവർക്കു നേരെ കയ്യോങ്ങിക്കൊണ്ട് വരുന്ന അച്ഛനെ നോക്കി അവളത് പറഞ്ഞപ്പോ ,, ഞങ്ങള് രണ്ടാളും ഒരുപോലെ ഞെട്ടിത്തരിച്ചു…..
“”” എന്തൊക്കെയാ മണിക്കുട്ടീ നീയീ പറയണത്…… നമ്മള് തമ്മില്….. ഛേ….””” ഉണ്ണി , ഊക്കോടെ അവളെ അടർത്തിമാറ്റി….
“”” അപ്പോ മാഷ്ക്കെന്നോട് സ്നേഹല്യേ….. ന്നോട് ഇഷ്ടല്യേ…… ന്നെ കാണാതിരുന്നാല് സങ്കടാവില്യേ…… ണ്ട്…. ന്നോട് പറഞ്ഞിട്ട്ണ്ട്….. ന്നെ ഇഷ്ടാന്ന് പറഞ്ഞിട്ട്ണ്ട്….. ന്നിട്ട് പറ്റിക്ക്യാ….. ന്നെ പറ്റിക്ക്യാ…. “”” കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി ഓടിയ അവളെ ഞങ്ങളാരും തിരിച്ചു വിളിച്ചില്ല…..
നേരം വെളുക്കേ , അവളെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കിക്കണം എന്ന് മനസ്സിലുറച്ചാണ് അന്ന് രാത്രി ഉറങ്ങാൻ കെടന്നത്……
പക്ഷെ ,,, രാവിലെ കേട്ടത് ഞങ്ങടെ മണിക്കുട്ടീടെ മരണ വർത്തയായിരുന്നു…..! ഒരുമുഴം കയറിൽ അവൾ , അവളുടെ ജീവിതവും സ്വപ്നങ്ങളുമെല്ലാം ഉപേക്ഷിച്ച് യാത്രപറഞ്ഞു പോയി……
വെള്ളത്തുണിയിൽ പൊതിഞ്ഞ അവളുടെ ജീവനറ്റ ശരീരം നോക്കി വിതുമ്പി നിന്ന ആ നിമിഷം ന്റെ മോന്റെ കയ്യിൽ വീണത് വിലങ്ങായിരുന്നു…..!!
മണിക്കുട്ടീടെ ആത്മഹത്യക്ക് കാരണം ന്റെ ഉണ്ണിയാണെന്ന്…….! അവളെ കൊന്നത് ന്റെ കുട്ട്യാണ്ന്ന്…..! ജീവൻ കൊടുത്തും സംരക്ഷിച്ചേന് ന്റെ മോന് പകരം കിട്ടീത് , ‘ കൊലയാളി ‘ ന്ന പേര്…!!”””
അമ്മ കരയുകയായിരുന്നു….. ആ വേദന ഏറ്റുവാങ്ങിക്കൊണ്ട് എന്റെ മിഴികളും ചോരുന്നുണ്ടായിരുന്നു……
“”” ന്റെ പ്രാർത്ഥന കൊണ്ടും , അവന്റെ മനസ്സിന്റെ നന്മ കൊണ്ടും ആയിരിക്കണം അവൻ കുറ്റക്കാരനല്ലെന്ന് കണ്ട് അവനെ വെറുതെ വിട്ടു…… പക്ഷേ ,,, ആളോള്ടെ മുന്നില് ന്റെ കുട്ടി തെറ്റുകാരനായി……! മാനക്കേടു കാരണം ന്റെ കുട്ടി പൊറത്തെറങ്ങാതെ….. ഉണ്ണാതെ….. കുളിക്കാതെ…… എത്ര നാളാന്ന് ഇക്ക് നിശ്ചയല്യ….. ഒക്കെ മറക്കാനും പോറുക്കാനും വേണ്ടീട്ടാ ആ നാടും വീടൊക്കെ ഉപേക്ഷിച്ചു പോന്നത്….
ഞ്ഞി മോള് പറയ്. … ന്റെ ഉണ്ണിക്ക് സ്നേഹിക്കാനറിയില്ല്യേ…… ചിരിക്കാനറിയില്ല്യേ…… “”” കണ്ണു തുടച്ചുകൊണ്ട് അമ്മയത് ചോദിക്കുമ്പോ,, എന്നിൽ ബാക്കിയായത് കുറച്ചധികം കണ്ണുനീരായിരുന്നു……!
●●●●●●●●●●●●●●●●●●●●●●
“”” നേരത്രേയിട്ടും ആ കുട്ട്യേ കണ്ടില്ലല്ലോ… വരണവഴിയെങ്ങാനും നിങ്ങള് കണ്ടോ ദാമോദരാ….. “””
വിവരം തിരക്കിയപ്പോ പാൽക്കാരൻ ദാമോദരനാണ് കാര്യങ്ങളൊക്കെ പറഞ്ഞത്..
“”” അപ്പോ നിങ്ങളൊന്നും അറിഞ്ഞില്ലേ സുഭദ്രാമ്മേ….. അതിന്റെ ആ മുത്തിത്തള്ള ചത്തു , ഇന്ന് പെലച്ചേ….. രാത്രി ദണ്ണം കൂടിന്നാ കേട്ടത്….. ന്തായാലും ആ പെണ്ണിന്റെ അത്താണി പോയി…. പാവം ! “””
ദാമോദരൻ സൈക്കിളും ചവിട്ടി പോയി…..
“”” പാവം ! ആ കുട്ടിക്കിനി ആരാ ഒരു തുണള്ളത് ന്റെ ഈശ്വരാ….. നമുക്കൊന്ന് അവടം വരെ പോയാലോ ഉണ്ണ്യേ…..”””
“”” എന്തിന് ??? പോകാനും വിവരം തിരക്കാനൊക്കെ ആരാ അവര് നമ്മടെ ? ഇല്ലാത്ത ബന്ധൊന്നും കൂടാൻ നിക്കണ്ട…. കഴിഞ്ഞതൊന്നും മറന്നു പോയിട്ടില്ലല്ലോ അമ്മ ?? “”” ഉണ്ണി ഉയർത്തിയ ചോദ്യത്തിനു മുന്നിൽ സുഭദ്രാമ്മയ്ക്ക് ഉത്തരം മുട്ടി….. ഇനിയെന്ത് പറഞ്ഞിട്ടും ഫലമില്ലെന്നറിയാവുന്നതു കൊണ്ട് അവർ മൗനത്തോടെ പിൻവാങ്ങി……
●●●●●●●●●●●●●●●●●●●●●●●
നാലു ദിവസം കഴിഞ്ഞാണ് ഞാൻ സുഭദ്രാലയത്തിലെത്തിയത്….. എന്നെക്കണ്ടതും , അമ്മ ഓടിവന്ന് കെട്ടിപ്പിടിച്ചു…..
“”” ഒറ്റയ്ക്കായിപ്പോയീലേ ന്റെ കുട്ടി….. വരണംന്നും കാണണംന്നും ണ്ടാര്ന്നു മനസ്സില്…. പക്ഷേ….. കഴിഞ്ഞില്യ….. “””
“”” സാരല്യമ്മേ…. ന്നെ ഒറ്റയ്ക്ക് കാണണതാവും ദൈവത്തിനിഷ്ടം….. തനിച്ചായപ്പോ , അമ്മേടെ അട്ത്ത്ക്ക് ഓടിവരാൻ തോന്നി നിക്ക്….. ഒന്നു കെട്ടിപ്പിടിച്ച് ഉറക്കെ കരയാൻ തോന്നി…. “””
ആ കഴുത്തിലൂടെ കൈകൾ ചുറ്റി മതിയാവോളം കരഞ്ഞു തീർത്തപ്പോ മനസ്സിന്റെ ഭാരം കുറഞ്ഞതു പോലെ….. ഈ ലോകത്ത് ഞാൻ തനിച്ചല്ലെന്നു തോന്നും പോലെ……!
അലക്കുന്നതിനിടയിൽ വെള്ളം കുടിക്കാനായി അകത്തേക്കു വന്നപ്പോഴാണ് ഉണ്ണ്യേട്ടന്റെ ശബ്ദം കേട്ടത്…..
“”” അമ്മയ്ക്ക് കിട്ടീതൊന്നും പോരാന്നുണ്ടോ.. ഇവടെ കേറ്റി പാർപ്പിച്ചിട്ടു വേണം ഇനി അതിനും കൂടി സമാധാനം പറയാൻ….. തണലില്ലാത്തവരും തുണയില്ലാത്തവരും നിരവധിയുണ്ട് ഈ ഭൂമീല്…… അവരും ജീവിക്കണില്ലേ…… ആരൂല്യാത്തോർക്ക് ദൈവം കൂട്ടിനുണ്ടാവും.. അങ്ങനെ വിശ്വസിച്ചോളൂ….”””
അമ്മ , എന്നെപ്പറ്റി പറഞ്ഞിട്ടുണ്ടാവും…. അതാണ് ഇത്രയ്ക്കു ദേഷ്യം….. പരിഭവം തോന്നീട്ടും കാര്യല്യ….. കാരണം ,,, അനുഭവങ്ങളെന്നും ഓരോ പാഠങ്ങളാണ്…. അത് നൽകുന്ന മുറിവിന് ആഴവും വീര്യവും കൂടും…..!
●●●●●●●●●●●●●●●●●●●●●●
ക്ലാസില് ചെന്നപ്പോഴാണ് എക്സാം ഫീസ് അടക്കാനുള്ള തീയതി കഴിയാറായെന്ന് സോണിയ പറഞ്ഞത്…… ശമ്പളം കിട്ടാൻ ദിവസങ്ങൾ ഇനിയുമുണ്ട്….. എന്തു ചെയ്യണം എന്ന കണക്കുകൂട്ടലുകൾക്കിടയിലാണ് നിരഞ്ജൻ സാറ് കയറി വന്നത്…..
ഡസ്കിലാരോ ശക്തിയി അടിക്കുന്നതു കേട്ടു കൊണ്ടാണ് കണ്ണു തുറന്നത്….. പിള്ളാരുടെ ചിരി കേട്ടപ്പോഴാണ് ക്ലാസ് റൂമിലാണെന്ന ബോധം വന്നത്….. എപ്പഴോ ഉറങ്ങിപ്പോയിരിക്കുന്നു……! സാറിന്റെ കലിപ്പ് ഭാവം കണ്ടതും , ഭവ്യതയോടെ എഴുനേറ്റു നിന്നു. …..
“”” കിടന്നുറങ്ങാൻ വീട്ടില് സ്ഥലമില്ലാഞ്ഞിട്ടാണോ ഉടുത്തൊരുങ്ങി ഇങ്ങോട്ടു പുറപ്പെട്ടത് ?? അതോ എന്റെ ക്ലാസ് കേൾക്കുമ്പോ താരാട്ടു പാട്ടാണെന്ന തോന്നലുണ്ടോ?? “””
ഒന്നു ഇളിച്ചു കാട്ടിയതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല…..
“”” കുറച്ചു ദിവസായല്ലോ നിനക്കീ പണി തുടങ്ങീട്ട്….. രാത്രി നീ കക്കാനെങ്ങാനും പോകുന്നുണ്ടോടീ ?? “”” സോണിയയുടെ ചോദ്യത്തിന് കൂർപ്പിച്ചൊരു നോട്ടം കൊടുത്തിട്ട് ഞാൻ നേരെ നോക്കിയിരുന്നു….
കോളേജീന്ന് മടങ്ങണ വഴിക്ക് പണിക്കര്ടെ ‘സ്വർണ്ണം പണയം’ എന്ന ബോർഡു കണ്ടപ്പോ ഫീസിനുള്ള വഴി കണ്ടത് എന്റെ കുഞ്ഞു മൂക്കുത്തിയിലായിരുന്നു….. അതെന്റെ അമ്മേടെ മൂക്കുത്തിയാണ്….. ഊരിയെടുക്കുമ്പോ ഒത്തിരിയൊന്ന് നൊന്തു.. മൂക്കല്ല….,,, ന്റെ മനസ്സ് !!
വൈകീട്ടത്തെ പണിക്ക് ചെന്നപ്പോ അമ്മ അത് കണ്ടു പിടിക്കേം ചെയ്തു….. കളഞ്ഞു പോയെന്ന് കള്ളം പറഞ്ഞെങ്കിലും,, അമ്മയ്ക്ക് മനസ്സിലായിക്കാണോ എന്തോ….
തിരിച്ച് അവടന്ന് ഇറങ്ങുമ്പഴാണ് നകുലേട്ടന്റെ ബുള്ളറ്റ് ചീറിപ്പാഞ്ഞ് വന്ന് മുന്നിൽ തടസ്സം സൃഷ്ടിച്ചത്…… ന്റെ അമ്മേടെ അകന്ന ബന്ധുവാണ്….. അമ്മമ്മയ്ക്ക് അയാളെ കണ്ടൂടാരുന്നു…. അതോണ്ട് വീട്ടിലേക്കൊന്നും വരവില്ല….. പക്ഷേ ഇപ്പോ ,,, ഒറ്റയ്ക്കായിപ്പോയ എനിക്ക് അന്തിത്തുണ തരാൻ മോഹിച്ച് നടപ്പാണ്…..
“”” ന്താടീ നെന്റെ മുഖത്തിനൊരു തെളിച്ചക്കൊറവ്… ന്നെ കണ്ടോണ്ടാണോ?”””
വായിലിട്ട പാക്ക് ചവച്ചുകൊണ്ടുള്ള ആ നോട്ടം എനിക്ക് പണ്ടേ വെറുപ്പാണ്…..
“”” നകുലേട്ടൻ മാറിക്കേ… നിക്ക് പോണം “”” ഞാൻ പറഞ്ഞു
“”” നീയ് കേറെടീ… നെന്നെ ഞാൻ കൊണ്ടാക്കിത്തരാം….””” എന്റെ കയ്യിൽ പിടുത്തമിട്ടതും ഞാൻ കുതറിമാറാൻ ശ്രമിച്ചു….
“” അടങ്ങി നിക്കെടീ…. നീയിതെങ്ങോട്ടാ ഈ പെടക്കണത്….. കുറച്ചായി നീയെന്നെയിട്ട് കളിപ്പിക്കുന്നു…. ഇന്ന് നിന്നെ എന്റെ വര്തീലാക്കീട്ടേ ഈ നകുലനടങ്ങൂ…. “””
“”” എന്നാ അതൊന്നു കാണണല്ലോ “”””
ഗാംഭീര്യമുള്ള ആ ശബ്ദം കാതിലെത്തിയതും ഞാൻ തിരിഞ്ഞു നോക്കി….. എന്റെ കണ്ണുകൾ വിടർന്നു…..
ഉണ്ണ്യേട്ടൻ…..!!
മുണ്ട് മടക്കിക്കുത്തി , മീശയൊന്ന് തടവി രൗദ്രഭാവത്തിൽ എന്റെ മുന്നിൽ നിൽക്കുന്ന ഉണ്ണ്യേട്ടനെ ഞാൻ ആശ്ചര്യത്തോടെ നോക്കി നിന്നു…..
“”” നീയാരാടാ ഇവള്ടെ കാര്യത്തിലെടപെടാൻ….. വാദ്ധ്യാര് ആ പണി ചെയ്താ മതി…. എന്നോട് മുട്ടാൻ വരണ്ട…. ഈ നകുലൻ ആള് മഹാ പെശകാ….””””
പറഞ്ഞു തീരേണ്ട താമസം , ഉണ്ണ്യേട്ടന്റെ ആദ്യത്തെ അടി നകുലനുമേൽ വീണിരുന്നു….. പിന്നേയും കൊടുത്തു , ഒരഞ്ചെട്ടെണ്ണം ! അവസാനം ഒരു പഞ്ച് ഡയലോഗും ,, “”” തെറ്റു കണ്ടാല് അത് വേണ്ട വിധത്തിൽ തിരുത്തിക്കൊടുക്കലും ഒരു വാദ്ധ്യാരടെ പണി തന്നെയാടോ മാഷേ…. ഇതിനേം അങ്ങനെ കണ്ടാ മതി…. നകുലൻ ചെല്ല്…”””
ഞാനാകെ മരവിച്ചു നിക്കുവാരുന്നു….. അമ്മ അടുത്തേക്കു വന്നപ്പോ ആ തോളിലേക്ക് ചാഞ്ഞതും ,, സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ എന്റെ മിഴികൾ നിറഞ്ഞു വന്നിരുന്നു…..
“”” വീട്ടില് ഉറങ്ങാൻ സ്ഥലല്യാത്തോണ്ടല്ല ,, ഇയാളെ പേടിച്ച് ഒറങ്ങാതിരുന്നോണ്ടാ ക്ലാസിലിരുന്ന് അറിയാതെ ഉറക്കം തൂങ്ങീത്…. ഇനി ണ്ടാവില്യ…. നിക്കിനിമുതല് സ്വസ്ഥായിട്ട് ഒറങ്ങാലോ…. ആരേം പേടിക്കാതെ…. പോട്ടെ അമ്മേ”””
ഒരല്പം പേടിയോടെത്തന്നെയാണ് ഞാനത് പറഞ്ഞതെങ്കിലും,, ആദ്യമായി എനിക്കു നേരെ വിരിഞ്ഞ ഉണ്ണ്യേട്ടന്റെ പുഞ്ചിരി ഞാൻ കാണാതിരുന്നില്ല !!
●●●●●●●●●●●●●●●●●●●●●●●
“”” മാഡം ഫീസ്….””” ഓടിക്കിതച്ച് കൗണ്ടറിനരികെ ചെന്ന് പണം നീട്ടിയപ്പോ ,, അവരെന്നെ സംശയത്തോടെ ഒന്നു നോക്കി….
“”” കൺമണി ഫീസടച്ചതാണല്ലോ …””” റെജിസ്റ്ററിൽ നോക്കി അവരു പറഞ്ഞതും ഞാൻ കാര്യമറിയാതെ അന്ധിച്ചു നിന്നു…..
“”” കഴിഞ്ഞ വർഷത്തെ എക്സാം റിസൾട്ട് വന്നിട്ടുണ്ട്…. ആരെങ്കിലും അറിഞ്ഞാരുന്നോ…?? “”” നിരഞ്ജൻ സാറാണ് ക്ലാസിൽ വന്ന് അക്കാര്യം ഞങ്ങളോട് ചോദിച്ചത്…..
“”” അറിഞ്ഞു കാണില്ലെന്നറിയാം….. നിങ്ങളൊക്കെ ക്ലാസിൽ വരുന്നത് സമയം കൊല്ലാനും ഉറക്കക്ഷീണം തീർക്കാനും വേണ്ടീട്ടല്ലേ…”””
ആ പറഞ്ഞത് എനിക്കിട്ടാണെന്ന് മനസ്സിലായെങ്കിലും , ഞാനറിയാത്ത ഭാവം നടിച്ചിരുന്നു…..
“”” എനി വെ ഞാൻ പറഞ്ഞു വന്നത് ,, നിങ്ങളിൽ ഒരാൾ കഴിഞ്ഞ വർഷത്തെ എക്സാമിൽ റാങ്ക് ഹോൾഡറായിട്ടുണ്ട്…. ഈ കോളേജിന്റെ അഭിമാനം വാനോളം ഉയർത്തിപ്പിടിച്ചിട്ടുണ്ട്….”””
ആരാത് ??
ഞങ്ങൾ പരസ്പരം ആകാംക്ഷയോടെ ചോദിച്ചു കൊണ്ടിരിക്കുമ്പോഴാണ് സാറ് എന്റെ പേര് ഉറക്കെ പറഞ്ഞത്….
“”” ദാറ്റ് ഈസ് കൺമണി…! “””
കയ്യടികൾക്കിടയിലും അഭിനന്ദനങ്ങൾക്കിടയിലും എന്റെ മുന്നിൽ തെളിഞ്ഞത് ന്റെ അമ്മമ്മയുടെ മുഖമായിരുന്നു….. എനിക്കു വേണ്ടി രാപ്പകലില്ലാതെ അധ്വാനിച്ച ആ രൂപം എന്റെയുള്ളിൽ ഒരു വിങ്ങലായി മാറുകയായിരുന്നു……!
ഓടിച്ചെന്ന് അമ്മയോട് വിവരം പറയുമ്പോഴും, ആ സ്നേഹം ഏറ്റു വാങ്ങുമ്പോഴും ഉള്ളിലൊരു നോവ്……
‘ഒന്നു അഭിനന്ദിച്ചതു പോലുമില്ല ഉണ്ണ്യേട്ടൻ….!’
“”” ഈ സന്തോഷത്തിന് ന്റെ കുട്ടിക്ക് ഞാനൊരു സമ്മാനം തരട്ടെ ?? “”” അമ്മ ചോദിച്ചപ്പോ ,, ആരും ഒന്നും സമ്മാനിക്കാനില്ലാത്തവളുടെ കണ്ണിലും ഒരു തെളിച്ചം നിറഞ്ഞു വന്നു…..
“”” ഇതാ… തൊറന്നു നോക്ക് “””
അമ്മ നീട്ടിയ പൊതി വാങ്ങി തുറന്നു നോക്കിയതും എന്റെ കണ്ണുകൾ ഈറനണിഞ്ഞു…..
ഞാൻ പണയപ്പെടുത്തിയ മൂക്കുത്തി…. ന്റെ അമ്മേടെ മൂക്കുത്തി !!
“”” ഇത്…ഇതെങ്ങനെ…?? “” വാക്കുകൾ പുറത്തേക്കുവരാൻ മടി കാണിച്ചു….
“”” കള്ളം പറഞ്ഞാ ഞാൻ കണ്ടു പിടിക്കില്യാന്നു കരുത്യോ നീയ്….. ആ മൂക്കുത്ത്യാ നെന്റെ മുഖത്തിന്റെ ഐശ്വര്യം… അതവടെ തന്നെ കെടക്കട്ടെ….””” അമ്മ പറഞ്ഞെങ്കിലും , എന്നിൽ സംശയം പിന്നേയും ബാക്കിയായിരുന്നു…..
“”” അപ്പോ ന്റെ ഫീസ്….??”””
“” ആഹ്…ഇക്കറീല്യ…””” അമ്മ അകത്തേക്കു പോയി….
സംശയത്തോടെ എന്റെ കണ്ണുകൾ ഉണ്ണ്യേട്ടനു വേണ്ടി ചുറ്റിലും പരതി നടന്നു……
” ഒന്നും മിണ്ടീല്യെങ്കിലും പറഞ്ഞില്ലെങ്കിലും നിഴലുപോലെ ന്റെ കൂടെത്തന്നെ ണ്ടാരുന്നൂല്ലേ….. ഞാനതറിഞ്ഞില്ലല്ലോ ഏട്ടാ…..”
ന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….. ചുണ്ടുകൾ വിതുമ്പി നിന്നു……
“”” അയ്യേ പിന്നേം കരയാണോ….തൊട്ടാവാടി “”” പിന്നിൽ നിന്നും കാതോരം ആ ശബ്ദം വന്നു പതിച്ചപ്പോ ,, ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി….
ഉണ്ണ്യേട്ടൻ…..!
അതെ…. ഞാൻ കൊതിച്ച അതേ നോട്ടം….. അതേ പുഞ്ചിരി….. അതേ സ്നേഹം…..
“”” ഏട്ടാ….”””
അരുമയോടെ വിളിച്ചു കൊണ്ട് അരികിലേക്ക് ഓടിച്ചെന്നപ്പോ ,,, അതിലധികം കരുതലോടെ എന്നെ ചേർത്തു പിടിച്ചു ന്റെ ഏട്ടൻ…..!
നിക്ക് കൂടെപ്പിറക്കാതെ പോയ ന്റെ കൂടപ്പിറപ്പ്…!
ന്റെ മാത്രം ഉണ്ണ്യേട്ടൻ….!!
ശുഭം ❤️
(… സിയ യൂസഫ് ✍🏻)