Categories
Uncategorized

അയാൾക്ക് തോന്നുമ്പൊഴൊക്കെയും കിടന്നു കൊടുക്കണമെന്നും,ഇല്ലെങ്കിൽ കൊന്നു കുഴിച്ചു മൂടുമെന്നുമാണു അയാളന്ന് പറഞ്ഞത്..

രചന: സോളോ-മാൻ

a ആണൊരുത്തൻ…

“ഇന്നാർക്ക് കിടന്നു കൊടുക്കാനാണെടി മൂധേവീ നീ പോണത്.”

ഒരുങ്ങി ഇറങ്ങാൻ തുടങ്ങിയതും പതിവു പോലെ അമ്മയുടെ പ്രാക്കാണു .

“ഞാനെനിക്ക് ഇഷ്ടമുള്ളവരോടൊപ്പം കിടക്കും,നിങ്ങൾക്കെന്താ തള്ളെ.”

അതും പറഞ്ഞ് ഞാനവരെ രൂക്ഷമായൊന്ന് നോക്കി..അവർ നിന്ന് കിതക്കുകയായിരുന്നു അപ്പോൾ.

അമ്മയാണെങ്കിലും എനിക്കിപ്പോൾ അവരെ തീരെ ഇഷ്ടമല്ലാതായിരിക്കുന്നു.

എല്ലാം അറിഞ്ഞു കൊണ്ടും ചില സമയത്തെ അവരുടെ വെറുപ്പ് നിറഞ്ഞ ശാപ വാക്കുകൾ.

ഇനിയും അവിടെ നിന്നാൽ തള്ളയുടെ വായിൽ നിന്നും പലതും കേൾക്കേണ്ടി വരും എന്നതിനാൽ ഞാനിറങ്ങി നടന്നു.

“സ്വന്തം തന്തയെ വെട്ടിയരിഞ്ഞു കൊന്ന നീ ഒരിക്കലും ഗതി പിടിക്കില്ലെടി..”

അവരാ പറഞ്ഞ വാക്കുകൾ എന്റെ ഹൃദയത്തെയൊന്ന് പിടിച്ചു കുലുക്കി.

പലപ്പൊഴും പലരിൽ നിന്നും കേൾക്കുന്നതാണു,തന്തയെ കൊന്നവളെന്ന ഒരിക്കലും മാഞ്ഞു പോകാത്ത വിളിപ്പേരു..

അയാളെന്റെ അച്ഛനല്ല,,എന്റച്ഛന്റെ മരണ ശേഷം അമ്മയ്ക്ക് കിട്ടിയ കൂട്ട്..

പക്ഷെ,ഞാനയാളെ സ്വന്തം അച്ഛനെ പോലെ തന്നെയാണു കണ്ടിരുന്നതും..

അന്നൊരു ദിവസം അമ്മയില്ലാത്ത നേരത്ത് ഉറങ്ങിക്കിടന്ന എനിക്കൊപ്പം അയാൾ കയറിക്കിടക്കുന്നത് വരെ..

ഒന്നു കുതറാൻ പോലുമാവാതെ അയാളുടെ കരുത്തിനു മുന്നിൽ ഒരു പതിനെട്ടുകാരിയുടെ എല്ലാം നഷ്ടമാകുന്നത് വരെ..

ഇനിയെന്നും അയാൾക്ക് തോന്നുമ്പൊഴൊക്കെയും കിടന്നു കൊടുക്കണമെന്നും,ഇല്ലെങ്കിൽ എന്നെയും,അമ്മയെയും കൊന്നു കുഴിച്ചു മൂടുമെന്നുമാണു അയാളന്ന് പറഞ്ഞത്.

അതിനു ശേഷവും അമ്മയ്ക്കു മുന്നിൽ അയാളെനിക്ക് കരുതലുള്ള അച്ഛനായി അഭിനയിച്ചു.

എല്ലാം അമ്മയോട് തുറന്നു പറയാൻ ശ്രമിക്കുമ്പൊഴൊക്കെയും എന്റെ വാക്കുകൾ കേൾക്കാൻ നിൽക്കാതെ അമ്മ അയാളിൽ കൂടുതൽ വിശ്വാസമർപ്പിച്ചു.

ആരോരുമില്ലാത്ത അമ്മയ്ക്ക് ജീവിതത്തോടുള്ള അടങ്ങാത്ത സ്വാർത്ഥത കൊണ്ടായിരിക്കാം..

എനിക്കു മുന്നിൽ അയാൾ അഭിനയിക്കുമ്പൊഴൊക്കെയും എനിക്കയാളോടുള്ള കോപം കൂടിക്കൂടി വന്നു.

ഒരു ദിനം അയാൾ വീണ്ടുമെന്നെ സമീപിച്ചു,

അന്ന് ഞാനയാൾക്കൊരു സമ്മാനം നൽകി,കയ്യിൽ കിട്ടിയ വെട്ടു കത്തിയാൽ ഞാനയാളെ തുരുതുരാ വെട്ടി..

പിന്നീട് കുറച്ചു മാസങ്ങൾ ജയിലിലായിരുന്നു.

എന്റെ ഭാഗത്താണു ശരിയെന്നും,നിരന്തരം പീഡിപ്പിച്ചിരുന്ന രണ്ടാനച്ഛനെ ആത്മരക്ഷാർത്ഥം കൊല്ലേണ്ടി വന്നതാണെന്നുമുള്ള കാരണത്താൽ പെട്ടെന്ന് തന്നെ ഞാൻ മോചിതയായി.

ഈ സമയങ്ങളിലൊന്നും അമ്മ എന്നോടൊപ്പമില്ലായിരുന്നു.

എല്ലാം അറിഞ്ഞിട്ടും,പറഞ്ഞിട്ടും വീട്ടിലേയ്ക്ക് തിരിച്ചെത്തിയ എന്നോട് ഒരു ശത്രുവിനോടെന്ന പോലെയാണു അമ്മ പെരുമാറിയത്..

അന്നു തൊട്ട് ഇന്നു വരെ ഒരു വീട്ടിൽ ശത്രുക്കളെ പോലെ ഞങ്ങൾ താമസിച്ചു പോരുന്നു.

അവഗണനകളും,പരിഹാസങ്ങളുമായിരുന്നു ചുറ്റിലും.

എവിടെ ചെന്നാലും പിഴച്ചു പോയവളെന്നും,കൊലപാതകിയെന്നുമുള്ള വിളികൾ.

എത്ര മാന്യമായി ജീവിക്കാനുറച്ചാലും ഇനിയൊരിക്കലും തന്നിൽ ചാർത്തപ്പെട്ട കളങ്കം മാറില്ല എന്ന് മനസ്സിലായതും ഉണ്ടായിരുന്ന ഒരു ചെറിയ ജോലി കളഞ്ഞ് ഞാൻ സ്വയം ജീവിക്കാനുറച്ചു..

ആ സമയത്താണു എല്ലാം മനസ്സിലാക്കി ഒരാളെന്നെ ജീവിതത്തിലേയ്ക്ക് ക്ഷണിച്ചത്.

അതുവരെ ആരിൽ നിന്നും തനിക്ക് കിട്ടാതിരുന്ന സംരക്ഷണവും,സ്നേഹവും അയാളെനിക്ക് വെച്ചു നീട്ടിയപ്പോൾ മറ്റൊന്നും ചിന്തിക്കാതെ ഞാനയാൾക്കൊപ്പം വീടു വിട്ടിറങ്ങി..

ഒരു ചെറിയ വീട്ടിലേയ്ക്കാണു അയാളെന്നെ കൊണ്ടു പോയത്.

കൊട്ടും കുരവയുമില്ലാതെ ഞാനയാളിലേയ്ക്ക് ചേർന്നു,,ഒരു താലിച്ചരടിന്റെ ബലം പോലുമില്ലാതെ ഞാനയാളെ വിശ്വസിച്ചു.

അന്നത്തെ രാത്രി അയാളെന്നെ ചുംബനങ്ങളാൽ വീർപ്പു മുട്ടിച്ചു,അയാളുടെ ചുടു നിശ്വാസത്താൽ ഞാൻ മയങ്ങി.

പുലർച്ചെ എഴുന്നേറ്റു നോക്കിയപ്പോൾ എവിടെയും അയാളെ കണ്ടില്ല,

പകരം മുറിയിലെ മേശമേൽ ചുളിഞ്ഞ ഒരു അഞ്ഞൂറു രൂപാ നോട്ട് എന്നെ ദയനീയമായ് നോക്കി.

അന്നെന്റെ കണ്ണിൽ നിന്നും അടർന്നു വീണ കണ്ണുനീർ കണങ്ങൾ ആ അഞ്ഞൂറിന്റെ നോട്ടിൽ അലിഞ്ഞു ചേർന്നു.

ഒരു രാത്രിയിലെ തന്റെ ശരീരത്തിന്റെ വിലയെന്തെന്ന് എനിക്ക് മനസ്സിലാക്കിത്തന്ന അയാളോടെനിക്ക് അപ്പോൾ വെറുപ്പ് തോന്നിയില്ല..

അയാൾ നൽകിയ ആ അഞ്ഞൂറിന്റെ നോട്ട് ഞാനെന്റെ ഇടുപ്പിലേയ്ക്ക് തിരുകി..

വീണ്ടും വീട്ടിലേയ്ക്ക് കയറിച്ചെന്നപ്പോൾ അമ്മയുടെ പരിഹാസം,ശാപ വാക്കുകൾ..

ഞാനുറപ്പിക്കുകയായിരുന്നു എന്റെ വഴി.

എന്റെ സുന്ദരമായ മാംസത്തിനു ആവശ്യക്കാർ ഏറെയായിരുന്നു.

ഇന്നു ഞാൻ അറിഞ്ഞു കൊണ്ട് ആദ്യമായ് എന്റെ ശരീരം വിൽക്കാനിറങ്ങിയതാണു.

എനിക്ക് വന്ന ഒരു ഫോൺ കാൾ,അയാൾ പറഞ്ഞ ഇടത്തേയ്ക്കുള്ള യാത്രയാണു.

അയാളിലേയ്ക്ക് നടന്നടുക്കുമ്പൊഴും എനിക്കൊരു കുറ്റബോധവും തോന്നിയില്ല.

ഇതുവരെയും എന്റെ മാംസം കടിച്ചു പറിച്ചവരേക്കാൾ മാന്യൻ,എന്നോട് അനുവാദം ചോദിച്ച്,എന്റെ വിയർപ്പിനു വില നിശ്ചയിച്ച് എന്നെ ആസ്വദിക്കാൻ കൊതിക്കുന്നൊരാൾ..

അയാൾ പറഞ്ഞ ലോഡ്ജ് മുറിയിലെത്തി കോളിങ് ബെൽ അമർത്തി.

വാതിൽ തുറന്നതും സുന്ദരനായൊരു ചെറുപ്പക്കാരൻ.കാഴ്ചയിൽ ഏതാണ്ട് സമപ്രായക്കാരൻ.

പുഞ്ചിരിയാൽ എന്നെ സ്വീകരിച്ച ശേഷം അയാൾ കതകടച്ചു.

എന്തോ,എനിക്കയാളുടെ മുഖത്തേയ്ക്ക് നോക്കാനായില്ല,

ഇത്തിരി നേരത്തെ നിശബ്ദതയ്ക്ക് ശേഷം അയാൾ ചോദിച്ചു.

“ഇന്ദുവിനു എന്നെ മനസ്സിലായൊ,?.”

തികച്ചും അപ്രതീക്ഷിതമായ ആ ചോദ്യം കേട്ടതും ഞാനൊന്ന് പകച്ചു.

അതുവരെയും അയാളുടെ മുഖത്തേയ്ക്ക് നോക്കാതിരുന്ന എന്റെ കണ്ണുകൾ അയാളിലെ പരിചിതത്വം തിരഞ്ഞു.

എവിടെയോ കണ്ടു മറന്ന മുഖം..

പക്ഷെ,എത്ര ചിന്തിച്ചിട്ടും ആരാണെന്ന് മാത്രം എനിക്ക് മനസ്സിലായില്ല.

ഈയിടെയായി എന്റെ ജീവിതത്തിൽ ഒരു മുഖങ്ങൾക്കും പ്രസക്തിയില്ലാത്തത് കൊണ്ടാണോ എന്നറിയില്ല.

“ഇല്ല്യ..എനിക്ക് മനസ്സിലായില്ല..”

ഞാൻ നിരാശയോടെ മറുപടി നൽകി..

അയാൾ തുടർന്നു.

“കുറച്ചേറെ വർഷങ്ങൾക്ക് മുൻപ് ഇതു പോലെ ഇന്ദുവിനെ ആഗ്രഹിച്ച,പിറകെ നടന്ന് ശല്ല്യപ്പെടുത്തിയ ഒരു തെമ്മാടിയെ ഇന്ദു ഓർക്കുന്നില്ലെ?.”

ഒരു നിമിഷം ഞെട്ടലോടെ എന്റെ ഓർമ്മകൾ വർഷങ്ങൾ പിറകോട്ട് ചലിച്ചു.

അധികമായ് ഓർത്തെടുക്കേണ്ടി വന്നില്ല,അത്രയൊന്നുമല്ലെങ്കിലും ഓർത്തെടുക്കാൻ പറ്റുന്ന മുഖം.

“രാജീവ്..”

“അതെ,,അന്നൊരിക്കൽ ഇന്ദുവിന്റെ സ്നേഹത്തിനായ് കെഞ്ചിയവൻ,ഒരു നോട്ടത്തിനായ് കൊതിച്ചവൻ..”

അയാളത് പറഞ്ഞപ്പോൾ എന്തോ,കുറ്റബോധത്താൽ എന്റെ മുഖം കുനിഞ്ഞു.

ആഗ്രഹിച്ച് കിട്ടാതിരുന്ന എന്തൊ വില കൊടുത്ത് വാങ്ങിയവന്റെ വീരവാദം പോലെയും,പ്രതികാരം പോലെയുമാണു എനിക്കപ്പോൾ തോന്നിയത്.

എന്റെ ചിന്തകൾ ഒരു നിമിഷം കുറേയേറെ പിറകോട്ടേയ്ക്ക് ചലിച്ചു.

കോളെജിലേയ്ക്ക് പോകുമ്പൊഴും വരുമ്പൊഴും വഴിയരികിലും,പീടികക്കോലായിലും,ബസ് സ്റ്റോപ്പിലും ബസ്സിലും എന്ന് വേണ്ട,ഞാൻ പോകുന്നിടത്തൊക്കെയും എന്നെ തന്നെ ചൂഴ്ന്ന് നോക്കി പിന്നാലെ നടന്നൊരു വായ് നോക്കി..

അങ്ങനെ മാത്രമായിരുന്നു ഞാൻ അയാളെ കണ്ടത്..

അന്നൊരിക്കൽ ആ നോട്ടം അസഹനീയമെന്ന് തോന്നിയപ്പോൾ ജന മദ്ധ്യത്തിൽ നിന്ന് തന്നെ ഞാനയാളെ ശകാരിച്ചു.

പിന്നെ ഞാൻ അയാളെ കണ്ടതേയില്ലായിരുന്നു.

അത് കൊണ്ടൊക്കെ തന്നെയായിരിക്കാം ഞാനീ മുഖം മറന്നു പോയതും.

അപ്പോൾ അന്ന് തൊട്ടെ അയാളെനിക്ക് പിന്നാലെ തന്നെയുണ്ടായിരുന്നിരിക്കണം..

ഇന്നത്തെ എന്റെ ഗതികേടിനെ മുതലെടുക്കാൻ പ്രതികാര ബുദ്ധിയോടെ എത്തിയതായിരിക്കണം.

ഒക്കെ ആലോചിച്ചു കൂട്ടിയപ്പോൾ എന്നിലാകെയൊരു അസ്വസ്ഥത..ദേഹമാകെയൊരു വിറയൽ..

അയാൾക്ക് മുന്നിൽ നന്നേ ചെറുതായി,അയാൾക്ക് വഴിപ്പെട്ട് കൊടുക്കാൻ പറ്റാത്ത പോലെ,,തോൽക്കാൻ പറ്റാത്ത പോലെ..

ഒന്നും മിണ്ടാതെ ഞാൻ വാതിൽ തുറന്ന് പുറത്തേയ്ക്കിറങ്ങാൻ ശ്രമിച്ചു..

പക്ഷെ അപ്പൊഴേയ്ക്കും അയാളുടെ കൈകൾ എന്നെ പിടിച്ചു നിർത്തി.

“ഇന്ദൂ..ധൃതി പിടിക്കേണ്ട,,എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള സാവകാശം..അത്രയും മതി എനിക്ക്..നീ പറഞ്ഞ കാശ് ഞാൻ തരും,,പകരമായ് നിന്റെ ദേഹം നൽകാതെ തന്നെ..”

അയാളുടെ സൌമ്യതയോടെയുള്ള ആ സംസാരം,അതെന്റെ കാലുകളെ പിടിച്ചു നിർത്തി..

അയാൾ തുടർന്നു..

“ഇന്ദൂ,എനിക്കറിയാം,ഒരിക്കലും നിനക്കെന്നെ ഉൾക്കൊള്ളാൻ പറ്റില്ലെന്ന്,,നിന്റെ മനസ്സിലെ ഇപ്പൊഴുള്ള വികാരം എന്തെന്ന് മനസ്സിലാക്കാൻ എനിക്ക് പറ്റും..

കാരണം നീ അറിയാതെ ഈ നിമിഷം വരെ ഞാൻ നിന്നെ അറിഞ്ഞു കൊണ്ടേയിരുന്നിരുന്നു..

അന്ന് നിന്റെ ശകാരവും കേട്ട് അവിടം വിട്ട് പോയ ഞാൻ പിന്നീട് നിന്നെ ഓർത്തതേ ഇല്ല..

പക്ഷെ,അവിചാരിതമായ് അന്നൊരു പത്ര വാർത്തയിൽ നിന്റെ ചിത്രം കണ്ടതോടെ ഞാൻ വീണ്ടും നിന്നെ തേടിയെത്തി.

ആരോരുമില്ലാതെ ജയിലിലായിരുന്ന നിന്റെ പ്രശ്നങ്ങളിൽ നീ അറിയാതെ ഞാൻ ഇടപെട്ടു..

ഒരിക്കലും നിന്റെ കൺ മുന്നിൽ പെടാതിരിക്കാൻ ഞാൻ അകലം തീർത്തു.

നിനക്ക് മുന്നിലേയ്ക്ക് വരാൻ പേടിയായിരുന്നു എനിക്ക്..

ജയിലീന്ന് പുറത്തിറങ്ങിയ നീ ആളാകെ മാറിയിരുന്നു..

പതിയെ നിന്നിലേയ്ക്കെത്താൻ തുടങ്ങുമ്പൊഴേയ്ക്കും നീ മറ്റൊരാളുമായി അടുത്തു തുടങ്ങിയിരുന്നു..

അന്ന് വീണ്ടും എന്നിലെ മോഹം വീണുടയുകയായിരുന്നു..

അന്ന് തിരിച്ചു പോകാനൊരുങ്ങിയ ഞാൻ വീണ്ടും ചതിക്കപ്പെട്ട നിന്നെയാണു കണ്ടത്..

ശേഷം നിന്റെ തീരുമാനങ്ങൾക്കായ് ഞാൻ കാത്തിരുന്നു.

എല്ലാം നഷ്ടപ്പെട്ട നീ നിന്നെ തന്നെ വിൽക്കാനുറച്ചപ്പോൾ ആദ്യത്തെ ആവശ്യക്കാരനായ് ഞാൻ നിന്നിലേയ്ക്ക് വീണ്ടുമെത്തി..

നിന്നോടുള്ള എന്റെ സ്നേഹം സത്യമാണു,,നിന്നെ പൂർണ്ണ മനസ്സോടെ സ്വീകരിക്കാൻ എനിക്ക് പറ്റും,

ഇനിയെല്ലാം നിനക്ക് തീരുമാനിക്കാം,ഒന്നുകിൽ ഒരു താലി നൂലിൽ എന്നേക്കുമായ് ഞാൻ നിന്നെ എന്നിലേയ്ക്ക് ചേർത്തു വെയ്ക്കാം,

അതല്ല,ഇനിയും നീ നിന്നെ വിൽക്കാനാണു ആഗ്രഹിക്കുന്നതെങ്കിൽ നീ നിശ്ചയിക്കുന്ന വില നൽകി എന്നും നിന്നെ ഞാൻ വാങ്ങിക്കൊണ്ടേയിരിക്കാം..”

അയാളത് പറഞ്ഞു നിർത്തുമ്പൊ എന്റെ ഹൃദയം വല്ലാതെ പിടയ്ക്കുകയായിരുന്നു.

അയാളിലെ ആണിന്റെ നന്മയും,കരുതലും ആ നിമിഷം ഞാനറിയുകയായിരുന്നു.

നിയന്ത്രിക്കാനാവാതെ കരഞ്ഞു കൊണ്ട് ഞാനാ കാലിലേയ്ക്ക് വീഴുമ്പൊഴേയ്ക്കും അയാളുടെ ബലിഷ്ഠമായ കരങ്ങൾ എനിക്ക് താങ്ങായ് എത്തിയിരുന്നു.

തന്നെ വലിച്ചെടുത്ത് അയാളുടെ മാറിലേയ്ക്ക് ചേർത്ത് പിടിച്ചപ്പോൾ അതുവരെയും ഞാനറിയാത്ത ആണിന്റെ കരുത്തും ചൂടും ഞാനറിയുകയായിരുന്നു..

അന്നയാൾ കയ്യിൽ സൂക്ഷിച്ച കുഞ്ഞു താലിച്ചരടിനാൽ എന്നെ ബന്ധിച്ചു.

അഭിമാനത്തോടെ ഞാൻ പറയുന്നു ഇന്ന് ഞാനൊരു ആണൊരുത്തന്റെ ഭാര്യയാണു,

പെണ്ണിന്റെ മാനത്തെ കവർന്നെടുക്കുന്ന ആണെന്നു പറയുന്ന ചിലർക്കിടയിൽ,പെണ്ണിനെ കരുതലോടെയും,അഭിമാനത്തോടെയും ചേർത്തു പിടിക്കുന്ന ആൺ കരങ്ങൾ ഏറെയുണ്ട്..

അക്ഷരം തെറ്റാതെ നമുക്കവരെ വിളിക്കാം..

ആണൊരുത്തൻ

( കഥകളുടെയും,ജീവിതത്തിന്റേയും അവസാനം സന്തോഷത്തിന്റേതാകുമ്പോൾ,അതറിയുന്നവരുടെയും,വായിക്കുന്നവരുടെയും ഹൃദയവും സന്തോഷത്തിന്റേതാകുന്നു..ആ സന്തോഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളിൽ പ്രതീക്ഷിച്ചു കൊണ്ട്..)

രചന: സോളോ-മാൻ

Leave a Reply

Your email address will not be published. Required fields are marked *