Categories
Uncategorized

അയാളുടെ ഭാര്യ ചിരിച്ചു…മധുരമുള്ള പ്രതീക്ഷയുള്ള സുന്ദരമായൊരു ചിരി… അയാളെവളെ വരിഞ്ഞു പിടിച്ചു… മരുന്നിനേക്കാളും ശക്തിയുള്ള സ്നേഹം കൊണ്ട്…

രചന: ജിഷ്ണു രമേശൻ

“എൻ്റെ ഭാര്യ വെളുപ്പിന് അഞ്ച് മണിക്ക് എണീറ്റു…”

അടുപ്പിലെ തലേന്നത്തെ ചാരം വാരി കളഞ്ഞു…വിറകും ഓലക്കുടിയും വെച്ച് തീ കത്തിച്ചു… അരിക്ക് വെള്ളം വെച്ചു…

ശേഷം കറിക്കുള്ളത് അരിഞ്ഞു പെറുക്കി വെച്ചു… ചീനിച്ചട്ടി കഴുകി രണ്ടാമത്തെ അടുപ്പിൽ ചെറു കൊള്ളി വിറകും ഓലക്കുടിയും കത്തിച്ച് ചട്ടി അടുപ്പത്ത് വെയ്ച്ചു…

വെള്ളം തിളച്ചപ്പോ അരി കഴുകി ഇട്ടു…

ചൂടായ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് മെഴുക്കുപുരട്ടിക്കുള്ളത് പാകമാക്കി… ആവിയിൽ വരട്ടിയ വെണ്ടയ്ക്ക മെഴുക്കുപുരട്ടി വാങ്ങി വെച്ചതിനു ശേഷം, ചായ്പ്പിൽ നിന്ന് വെട്ടുകത്തിയും എടുത്ത് തേങ്ങ പൊതിക്കാൻ പോയി…

ഉടച്ച തേങ്ങയുടെ വെള്ളം വെറും വയറ്റിൽ ഒരു കവിള് മോന്തി… വെന്ത ചോറ് വെള്ളം ഊറ്റി വാർത്ത് എടുത്തു വെച്ചു…

ചിരവയിൽ കുത്തിയിരുന്ന് ഒരു മുറി തേങ്ങ പെടുന്നനെ ചിരകി തീർത്തു…ശേഷം അലക്കു കല്ലിൻ്റെ അരികിലുള്ള കാന്താരിയില് നിന്ന് രണ്ടു നുള്ള് മെളകും, കറി വേപ്പിലയും, ഇഞ്ചിയും, മുളകു പൊടിയും ചേർത്ത് അമ്മിക്കല്ലിൽ തേങ്ങാ ചമ്മന്തി അരച്ചെടുത്തു…

അപ്പോഴേക്കും എണീറ്റു വന്ന മക്കളെ പല്ല് തേയ്ക്കാനും കുളിക്കാനും പറഞ്ഞു വിട്ടിട്ട്, പുട്ടിനുള്ള പൊടി കുഴച്ചു വെച്ചു…

പുള്ളേര് കുളിയും തേവാരവും കഴിഞ്ഞ് വന്നപ്പോഴേക്കും അവിച്ച പുട്ടും തൊടിയിലെ കിളി കൊത്താതെ കിട്ടിയ പൂവൻ പഴവും മേശപ്പുറത്ത് നിരത്തി…

ചോറ്റു പാത്രത്തിൽ ചോറും മെഴുക്കുപുരട്ടിയും തേങ്ങാ ചമ്മന്തിയും നിറച്ച് ബാഗിൽ തിരുകി…പുട്ടും പഴവും കഴിച്ചു എന്ന് വരുത്തിയ മക്കളെ ബാഗും എടുത്ത് സ്കൂൾ ബസിൽ കയറ്റി അയച്ചു…

തിരികെ വീട്ടിലേക്ക് കയറി വന്ന് അകത്ത് ചെറിയഴയിൽ കിടന്ന മുഷിഞ്ഞ തോർത്തെടുത്ത് മുഖത്തെയും കഴുത്തിലെയും വിയർപ്പ് അമർത്തി തൊടച്ചു…

ശേഷം ഒരു നെടുവീർപ്പോടെ മുറിയിലേക്ക് നോക്കി…എൻ്റെ രാവിലത്തെ ഓട്ടവും വെപ്രാളവും കണ്ടുകൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഒരാളിരിക്കുന്നുണ്ട്… ” എൻ്റെ ഭാര്യ” *** *** ****

കുറച്ച് നാളുകളായി മേലായ്ക വന്ന് വിശ്രമത്തിലായിരുന്നു അയാളുടെ ഭാര്യ…

“എൻ്റെ ഭാര്യ വെളുപ്പിന് അഞ്ച് മണിക്ക് എണീറ്റു” എന്ന് അയാള് പറഞ്ഞത് സത്യമാണ്…അവളുടെ പതിവ് കഷായം കുടിക്കാനായി മാത്രം എണീറ്റതാണ്…

പിന്നീട് അടുക്കള എന്ന ബഹു ലോകത്ത് അയാള് തുല്യതയുടെ കടമ നിറവേറ്റിയതാണ് മുകളിൽ പറഞ്ഞ അടുക്കള ജോലിയും മറ്റും…

ചിലതിലൊക്കെ തുല്യത നല്ലതാണ്…ഒരിക്കൽ തിരിഞ്ഞു നോക്കാതിരുന്ന അടുക്കളയെന്ന സുന്ദരമായ തടാകം ഇന്ന് അയാളും ആസ്വദിച്ചു തുടങ്ങി…

തൻ്റെ ഭാര്യയേക്കാൾ വേഗതയിലും ചിട്ടയിലും എല്ലാ ജോലിയും തനിക്കും ചെയ്യാൻ കഴിയും എന്നത് അയാളവിടെ അനുഭവിച്ചറഞ്ഞു…

“അമ്മിക്കല്ലിൽ അയാള് അരച്ചെടുത്ത തേങ്ങാ ചമ്മന്തിക്ക് രുചി കുറവില്ല…

ചോറ് വാർക്കുമ്പോ കൈതണ്ടയിൽ അങ്ങിങ്ങ് പൊള്ളിയ അയാളുടെ ഭാര്യയുടെ കൈ ഒരിക്കൽ തടവി നോക്കിയിട്ടുണ്ട്…ഇന്നിപ്പോ തഴമ്പിച്ച അയാളുടെ കൈയ്യാൽ ചോറ് വാർക്കുന്നു…

ഉമ്മറത്ത് പത്രം വായിക്കുമ്പോ ഭാര്യയും മക്കളും ആയിട്ടുള്ള രാവിലത്തെ യുദ്ധത്തിൻ്റെ പ്രതിഷേധം അയാളവളെ പല തവണ അറിയിച്ചിട്ടുണ്ട്… ഇന്നിതാ അടുക്കള എന്ന ബഹു ലോകത്തിൽ അയാളും മക്കളുമായി യുദ്ധത്തിൽ ഏർപ്പെടുന്നു…

അടുപ്പിൽ കുഴൽ വെച്ച് ഊതുമ്പോ അവളുടെ കണ്ണ് നീറി വെള്ളം വന്നിരുന്നു… അയാളിലും അതേ പ്രതിഭാസം തന്നെ നടന്നു…

അയാളാ മുറിയിലേക്ക് ചെന്നു…തൻ്റെ ഭാര്യയെ വരിഞ്ഞു പിടിച്ചു… ചില വരിഞ്ഞു മുറുക്കൽ കാമത്തിന് വേണ്ടി മാത്രമുള്ളതല്ല… സുന്ദരമായ ചിരിയോടെ മനസ്സറിഞ്ഞ് ചേർക്കപ്പെടണം…

അയാളുടെ ഭാര്യ ചിരിച്ചു…മധുരമുള്ള പ്രതീക്ഷയുള്ള സുന്ദരമായൊരു ചിരി… അയാളെവളെ വരിഞ്ഞു പിടിച്ചു… മരുന്നിനേക്കാളും ശക്തിയുള്ള സ്നേഹം കൊണ്ട്…

(കഥയായി മാത്രം കാണുക… തെറ്റുകളുണ്ടാവാം ക്ഷമിക്കുക..)

രചന: ജിഷ്ണു രമേശൻ

Leave a Reply

Your email address will not be published. Required fields are marked *