Categories
Uncategorized

”അമ്മുക്കുട്യേ…… മോളേ..അമ്മുക്കുട്യേ…..” മുകളിലെ ഇരുണ്ടമുറിയിലെ കരച്ചിലിന്‍റെ ശക്തി കുറഞ്ഞു വന്നു….. ഭ്രാന്തമായ തിരമാല പോലെ അലറി കരഞ്ഞുകൊണ്ടിരുന്ന ഗൗരിയുടെ ശബ്ദം അലസമായ തിരമാല പോലെ നേര്‍ത്തു നേര്‍ത്തു അവസാനം ചെറുമൂളലില്‍ ഒതുങ്ങി…….

രചന: ദീപ്തിപ്രവീണ്‍

”അമ്മുക്കുട്യേ…… മോളേ..അമ്മുക്കുട്യേ…..” മുകളിലെ ഇരുണ്ടമുറിയിലെ കരച്ചിലിന്‍റെ ശക്തി കുറഞ്ഞു വന്നു….. ഭ്രാന്തമായ തിരമാല പോലെ അലറി കരഞ്ഞുകൊണ്ടിരുന്ന ഗൗരിയുടെ ശബ്ദം അലസമായ തിരമാല പോലെ നേര്‍ത്തു നേര്‍ത്തു അവസാനം ചെറുമൂളലില്‍ ഒതുങ്ങി……. ഭാനുമതിയമ്മ ശബ്ദമുണ്ടാക്കാതെ മുകളിലേക്കുള്ള മരംകൊണ്ടുള്ള പടികള്‍ കയറാന്‍ തുടങ്ങി…. എത്രയൊക്കെ ശ്രദ്ധിച്ചിട്ടും കാലത്തിന്‍റെ കളിയാക്കലു പോലെ മരപലകകള്‍ മൂളികൊണ്ടിരുന്നു……

തലമുറകള്‍ക്ക് മുന്‍പ് ഉണ്ടാക്കിയ വീടാണ്…….ഗൗരിയുടെ അച്ഛന്‍ അത് വര്‍ഷാവര്‍ഷം ചെറിയതോതില്‍ മിനുക്കും എന്നല്ലാതെ അതില്‍ കൂടുതല്‍ പണികള്‍ക്ക് പോയിട്ടില്ല…… തറവാട് വക പാടം നോക്കി നടത്തി എന്ത് കിട്ടാനാണ്…… ചെലവും പണിക്കൂലിയും കൊടുത്തു കഴിഞ്ഞാല്‍ മിച്ചമൊന്നും ഇല്ലാന്ന പരാതിയാണ് ബാക്കി……. ഉണ്ടായിരുന്ന നിലം വിറ്റിട്ടാണ് അടുത്ത കാലത്ത് ഒരു പലചരക്കു കട തുടങ്ങീത്‌….അതും അവസാന ശ്രമം എന്ന രീതിയില്‍ ….. ഗൗരിയുടെ ചികിത്സയ്ക്കായി ഉണ്ടായിരുന്നതില്‍ പകുതിയും മുന്‍പേ വിറ്റിരുന്നു…..ഓര്‍മ്മകള്‍ നെടുവീര്‍പ്പായി ഉയര്‍ന്നപ്പോഴേക്കും ഭാനുമതിയമ്മ ഗൗരിയുടെ മുറിയുടെ വാതിലില്‍ എത്തിയിരുന്നൂ…… അകത്തു നിന്നും അനക്കമൊന്നും കേള്‍ക്കുന്നില്ല….അവര്‍ മുറിയിലേക്ക് കയറി……….

അവിടെ തടിക്കട്ടിലിലെ പായയും പുതപ്പും തറയില്‍ വലിച്ചെറിഞ്ഞു കട്ടിലിലെ തടിയിലേക്ക് തളര്‍ന്നു മയങ്ങുന്ന ഗൗരിയില്‍ അപ്പോള്‍ പണ്ടത്തെ നിഷ്കളങ്കത അവര്‍ കണ്ടു…… കട്ടിലിന്‍റെ കാലില്‍ ബന്ധിച്ചിരുന്ന ചങ്ങലയുടെ മറ്റേ അറ്റം ഗൗരിയുടെ മൃദുവായ പാദങ്ങളില്‍ ഉരഞ്ഞു മുറിവുകള്‍ ഉണ്ടാക്കിയിരിക്കുന്നൂ……… പനങ്കുല പോലെ വിടര്‍ന്നു കിടന്നിരുന്ന മുടി എണ്ണമയമില്ലാതെ ജഡപിടിച്ചു ചിതറി കിടന്നു……പല പ്രാവശ്യം മുടി വെട്ടികളയാന്‍ ശ്രമിച്ചെങ്കിലും അപ്പോഴൊക്കേ പ്രകോപിതയായി ഗൗരി അതിനെ തടഞ്ഞു……… ഭാനുമതിയമ്മയുടെ മിഴികള്‍ നിറഞ്ഞൊഴുകി…… ഒരേയൊരു മകളാണ്….. എവിടെയാ തങ്ങള്‍ക്ക് പിഴച്ചു പോയത്…… തങ്ങള്‍ക്കോ അതോ ദൈവത്തിനോ…….

മരുന്നിന്‍റെ ശക്തിയാല്‍ തളര്‍ന്നു മയങ്ങുന്ന ഗൗരിയെ താഴെ കിടന്ന പുതപ്പെടുത്തു മൂടികിടത്തി ഭാനുമതി മുറിയുടെ പുറത്തേക്കിറങ്ങി കതക് ചാരിയിട്ടു………

ഏറെ നേര്‍ച്ചയും കാഴ്ചയും വെച്ചു ഈശ്വരന്‍ അനുഗ്രഹിച്ചു നല്‍കിയ മോളായിരുന്നു ഗൗരി…. വൈകി ഉണ്ടായ കുട്ടിയായത് കൊണ്ട് വേണ്ടതില്‍ കൂടുതല്‍ ലാളിച്ചാണ് ഗൗരിയെ വളര്‍ത്തിയത്…… അച്ചടക്കവും ലാളിത്യവും ഗൗരിയെ കണ്ടു പഠിക്കണം എന്നു മറ്റുള്ളവര്‍ പറയുമ്പോള്‍ അഭിമാനം തോന്നിയിട്ടുണ്ട് …. വിടര്‍ന്ന കണ്ണുകളും നീണ്ട നാസികയും ചിരിക്കുമ്പോള്‍ തെളിയുന്ന നുണക്കുഴിയും നല്ല ചന്ദനത്തിന്‍റെ നിറവും പനങ്കുല പോലെയുള്ള മുടിയും എല്ലാം ഗൗരിയിലെ സൗന്ദര്യത്തെ വിളിച്ചു പറയുമ്പോള്‍ ഭയമായിരുന്നു…….

ഒരു നിഴല് പോലെ കൂടെ നടന്നു…. ഒന്നിനോടും വാശിയില്ലാതെ ,അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ചാണ് അവളും വളര്‍ന്നത്‌…..പത്താം തരം നല്ല മാര്‍ക്കോടു കൂടി പാസായപ്പോള്‍ പ്ലസ് ടൂവിന് അയച്ചത്….. അവളെ നന്നായി പഠിപ്പിക്കണം എന്നായിരുന്നു ഗൗരിയുടെ അച്ഛന്‍റെയും ആഗ്രഹം…….. അച്ഛന്‍റെയുംഅമ്മയുടെയും ആഗ്രഹം പോലെ പ്ലസ്ടൂവിനും നല്ല മാര്‍ക്കു വാങ്ങിയപ്പോള്‍ മനസ്സില്ലാ മനസ്സോടെയാണ് അദ്ദേഹം അവളെ അടുത്തുള്ള ടൗണിലെ കോളേജില്‍ പഠിക്കാനയച്ചത്‌….. തള്ളക്കോഴിയെ പോലെ ചിറകില്‍ ഒതുക്കി വളര്‍ത്തിയ മോളെ ദൂരേയ്ക്ക് അയയ്ക്കാന്‍ ഭയം ഉണ്ടായിരുന്നെങ്കിലും അവളുടെ സന്തോഷം കണ്ടപ്പോള്‍ തടയാന്‍ തോന്നീല…… രാവിലെ കവല വരെ അച്ഛന്‍ കൊണ്ടു പോയി ബസ് കയറ്റി വിടും…. സൂര്യന്‍ പടിഞ്ഞാറോട്ട് യാത്ര തുടങ്ങുമ്പോള്‍ മുതല്‍ കയറുന്ന ആധി അച്ഛന്‍റെയും മോളുടെയു നിഴല്‍ മുറ്റത്ത് കാണും വരെ ഉണ്ടാകും…….. ” ടൗണില്‍ പഠിക്കാന്‍ പോയെങ്കിലും അതിന്‍റെ യാതൊരു പത്രാസും നമ്മുടെ ഗൗരി കുഞ്ഞില്‍ കാണാനില്ല കേട്ടോ ഭാനുവേട്ടത്തിയേ….”

തെക്കേതിലെ ശാരദ എപ്പോഴും പറയും…. ഗൗരിയെ കോളേജില്‍ അയയ്ക്കും മുന്‍പ് പാടത്തിനക്കരെയിലെ നാരായണന്‍ നായരുടെ മകള്‍ ടൗണില്‍ പോയി വഴിതെറ്റിയെന്നു തന്നെ പലപ്രാവശ്യം പേടിച്ച ആളാണ് ശാരദയെന്നു അവര്‍ ഓര്‍ത്തു…… മൂന്നു വര്‍ഷത്തെ പഠിപ്പു കഴിഞ്ഞപ്പോഴാണ് ബി എഡിന് പോകുന്നതിനെ പറ്റി പറയുന്നത്…..കുറച്ചു പാടം വിറ്റാണ് അതിന് കാശ് കണ്ടെത്തിയത്…..

ആ ഇടയ്ക്കാണ് ഗൗരിയുടെ സീനിയറായി പഠിച്ച ഒരു പയ്യന്‍ ഗൗരിയെ പെണ്ണു ചോദിച്ചു വീട്ടില്‍ വരുന്നത്……. നല്ല ഉദ്യോഗം ഉണ്ടായിരുന്നെങ്കിലും താഴ്ന്ന ജാതിയിലുള്ള പയ്യനായിരുന്നു….മാതാപിതാക്കള്‍ ചെറുപ്പത്തിലെ നഷ്ടപെട്ട അയാള്‍ക്ക് ഒരു സഹോദരി മാത്രമാണ് ഉണ്ടായിരുന്നത്…..ദേവന്‍ എന്നാണ് പേര് എന്നും പറഞ്ഞൂ…. ആ സമയത്ത് ഗൗരി കോളേജില്‍ പോയിരിക്കുകയായിരുന്നു……..

അയാള്‍ അത്ര ധൈര്യമായി വന്നു ചോദിച്ചപ്പോള്‍ ഗൗരിയുടെ അറിവോടെയാകും ..അതിനാല്‍ വിവരം അറിയിക്കാം എന്നു പറഞ്ഞു അയാളെ യാത്രയാക്കി…..

വൈകുന്നേരം ക്ലാസ് കഴിഞ്ഞു വന്ന ഗൗരിയോട് കാര്യങ്ങള്‍ ചോദിക്കാന്‍ അവളുടെ അച്ഛന്‍ കണ്ണുകാണിച്ചത് അനുസരിച്ചാണ് താന്‍ കാര്യങ്ങള്‍ ചോദിച്ചത്…..

എന്നാല്‍ അയാള് വന്നു ഇഷ്ടമാണെന്നു പറഞ്ഞപ്പോള്‍ അവളാണ് അഡ്രസ് പറഞ്ഞു കൊടുത്ത് അച്ഛനോട് ചോദിക്കാന്‍ പറഞ്ഞത് എന്നു അറിഞ്ഞപ്പോഴാണ് ഞങ്ങളുടെ നെഞ്ചിലെ തീ അണഞ്ഞത്…….. എങ്കിലും ഗൗരിക്ക് ആ ബന്ധത്തിന് താല്‍പര്യകുറവ് ഒന്നും ഇല്ലായിരുന്നു താനും….നല്ല പയ്യനാണ്….പക്ഷേ ജാതി അദ്ദേഹം അതെ നോക്കൂ….എന്താ ചെയ്യുക….. ആ പയ്യനെ കണ്ട് ഇത് നടക്കില്ലാന്ന് ഗൗരിയുടെ അച്ഛന്‍ പറഞ്ഞു …….. പതിവ് പോലെ ദിവസങ്ങള്‍ നീങ്ങിയെങ്കിലും എന്തോ ഒരു ഭയം ഞങ്ങളില്‍ ഉടലെടുത്തു….ഗൗരി സുന്ദരിയാണ്…കല്യാണപ്രായവുമായി…….. അങ്ങനെ ഇരിക്കെയാണ് മനയ്ക്കലെ ജയമോഹന്‍റെ ആലോചന ഗൗരിക്ക് വരുന്നത്….. വലിയ കുടുംബക്കാരാണ്……. പയ്യന് കോളേജ് അധ്യാപകനാണ്…….. സുന്ദരന്‍ ..ഗൗരിക്ക് നന്നായി ചേരും… കുറച്ചു ദൂരെയാണ് എങ്കിലും ഗൗരിയുടെ ഭാഗ്യമായാണ് ഞങ്ങള്‍ കണ്ടത്……. ഗൗരിയെ കണ്ട് ഇഷ്ടപെട്ടതാണ്….. അഞ്ചു മക്കളില്‍ ഇളയ മകന്‍….. അച്ഛന്‍ പഴയ ജന്മിയാണ്……തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കല്യാണം തീരുമാനമായി….. സ്വര്‍ണ്ണം മാത്രം അണിഞ്ഞാല്‍ മതിയെന്നു അവിടുന്നു നിര്‍ദേശം ഉണ്ടായിരുന്നു…. പഴയ സ്വര്‍ണ്ണം കുറച്ചു സൂക്ഷിച്ചു വെച്ചിരുന്നത് ഉണ്ടായിരുന്നൂ….പോരാത്തതിന് പുതിയ ഫാഷന്‍ ആഭരണങ്ങള്‍ അവരും കൊണ്ടു വന്നു…… എല്ലാം കൊണ്ടും സന്തോഷമായി ഇരിക്കുകയായിരുന്നു…. കല്യാണത്തിന് ഒരാഴ്ച ബാക്കിയുള്ളപ്പോഴാണ് ഗൗരിയെ അന്ന് കല്യാണം ആലോചിച്ചു വന്ന ദേവന്‍ വീണ്ടും വീട്ടിലേക്ക് വന്നത്….വരുന്നത് കണ്ട അദ്ദേഹത്തിന് പരിഭ്രമം തോന്നുകയും പറമ്പിലേക്ക് മാറ്റി നിര്‍ത്തി സംസാരിക്കുകയും ചെയ്തു….

” എന്താ കുട്ടി…. കല്യാണത്തിന് താല്‍പര്യമില്ല എന്നു അന്നേ പറഞ്ഞതല്ലേ… വീണ്ടും എന്തിനാ ഇപ്പോ വന്നത്… ഗൗരിയുടെ കല്യാണമാണ്….. ”

”അതേ…അത് അറിഞ്ഞിട്ടാണ് ഞാന്‍ വന്നത്….ജയമോഹന്‍ എന്‍റെ നാട്ടുകാരനാണ്…. നന്നായി അന്വേഷിച്ചിട്ടാണോ ഗൗരിയുടെ അച്ഛന്‍ ഈ കല്യാണം നടത്തുന്നത്….. ജയമോഹനെ കുറിച്ച് എല്ലാം അറിഞ്ഞിട്ടാണോ ഗൗരി കല്യാണത്തിന് സമ്മതിച്ചത്‌..” താഴ്ന്ന സ്വരത്തില്‍ ദേവന്‍ ചോദിച്ചു…. അടുത്തു നിന്ന എന്നെ ഒന്നു നോക്കിയ ശേഷം ” ദേവന്‍ പൊയ്ക്കോളൂ…ഞങ്ങള്‍ എല്ലാം അറിഞ്ഞിട്ടാണ് കല്യാണം നടത്തുന്നത്…. എന്‍റെ കുട്ടിയുടെ ഭാഗ്യമാണ് ഈ ബന്ധം….ദയവ് ചെയ്തു മോന്‍ ഇത് മുടക്കരുത്….” എന്തോ കൂടി പറയാന്‍ വന്ന ദേവന്‍ പെട്ടെന്നു പിന്‍തിരിഞ്ഞു നടന്നൂ……കുറച്ചു നടന്ന ദേവന്‍ ഒന്നു തിരിഞ്ഞു നോക്കി…….. വിലപ്പെട്ടത് എന്തോ നഷ്ടപ്പെട്ട ഭാവം ആ മുഖത്ത് പ്രകടമായിരുന്നൂ…….. ജനാലയിലൂടെ ഗൗരി ഇതൊക്കെ കാണുന്നുണ്ടായിരുന്നു….. ”എന്നാലും ഏട്ടാ ആ കൊച്ചന്‍ പറയാന്‍ വന്നത് അറിഞ്ഞിട്ടു വിട്ടാല്‍ മതിയാരുന്നു….അത് ഒരേ നാട്ടുകാരല്ലേ…..”’ ദേവന്‍ പോയ വഴി നോക്കി കൊണ്ടാ ണ് ഞാന്‍ പറഞ്ഞത്….

” നീ എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്….ഈ ഒരു ബന്ധം കിട്ടിയതിന് അസൂയക്കാരാണ് ചുറ്റും….. പിന്നെ ഈ കൊച്ചന്‍ ഗൗരിയെ കല്യാണം ആലോചിച്ചു വന്നതുമാണ്…… നീ പോയി വേറേ ജോലി നോക്കിക്കെ…” ധൃതിയില്‍ അദ്ദേഹം തിരിഞ്ഞു നടക്കുമ്പോഴും എന്‍റെയുള്ളില്‍ ഒരു കരട് വീണിരുന്നൂ……….

തടസ്സം കൂടാതെ കല്യാണം ഭംഗിയായി നടന്നു….. ഗൗരി സന്തോഷവതിയായിരുന്നു…ബി എഡ് പഠനം പകുതിക്ക് നിലച്ചതിന്‍റെ ചെറുസങ്കടം ഒഴികെ…..

മോള് പോയ സങ്കടം ഉണ്ടെങ്കിലും ഇടയ്ക്കിടെ അവളെയും കൂട്ടി ജയമോഹന്‍ വരും…. അങ്ങനെ ഒരിക്കല്‍ വന്നപ്പോള്‍ ഗൗരിയുടെ മുഖം വാടിയിരിക്കുന്നത് കണ്ടു… … കാര്യം തിരക്കിയപ്പോള്‍ ഒഴിഞ്ഞു മാറി….. കുറെ നിര്‍ബന്ധിച്ചപ്പോഴാണ് സത്യം പറയുന്നത്…….

ജയമോഹന് ഇടയ്ക്കിടെ മാനസികവിഭ്രാന്തി ഉണ്ടാകുമത്രേ….അപ്പോള്‍ കണ്ണില്‍ കാണുന്നതൊക്കെ വലിച്ചെറിയും….സ്വയം മരിക്കാന്‍ ശ്രമിക്കും എന്ന്….. ഒരുപാട് ആശുപത്രീകളില്‍ കാണിച്ചു….. അവസാന ശ്രമം എന്ന നിലയിലാ കല്യാണം നടത്തിയത്……. പഠിപ്പിക്കുന്ന കോളേജിലെ കുട്ടികളുമായി ടൂറ് പോയപ്പോള്‍ ആക്സിഡന്‍റ് ഉണ്ടാകുകയും കണ്‍മുന്നില്‍ വെച്ച് നിരവധി മരണങ്ങള്‍ കണ്ട ഷോക്കിലാണ് ഇങ്ങനെയായത്…രണ്ടു മൂന്ന് ദിവസമാകും നോര്‍മ്മലാകുവാന്‍……

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവള്‍ പൊട്ടികരഞ്ഞൂ…..എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങള്‍ ഇരുന്നു…..മോളിനി അവിടേയ്ക്ക് പോകേണ്ടെന്നു പറഞ്ഞെങ്കിലും ”എന്‍റെ ഭര്‍ത്താവല്ലേ അമ്മേ അങ്ങനെ ഉപേക്ഷിക്കുവാന്‍ പറ്റുമോ ” എന്നവള്‍ തിരിച്ചു ചോദിച്ചപ്പോള്‍ വാക്കുകളില്ലാതെ നില്‍ക്കുവാനേ കഴിഞ്ഞുള്ളു……

അതില്‍ പിന്നെ ജയമോഹന് അസുഖം ഒന്നും വന്നില്ല….എല്ലാ അമ്പലങ്ങളിലും നേര്‍ച്ച ചെയ്തു ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു….. ഗൗരിക്ക് ഒരു കുഞ്ഞിനെ കൂടി കൊടുത്തു ഈശ്വരന്‍ അനുഗ്രഹിച്ചു….. അമ്മൂട്ടി….ഗൗരിയെ പോലെ തന്നെ ഒരു സുന്ദരി മോള്….. ജയമോഹന്‍ അവളെയും കുഞ്ഞിനെയും പൊന്നുപോലെയാ നോക്കീത്………. ഗൗരിയും അതീവസന്തുഷ്ടയായിരുന്നു……. കുഞ്ഞിന് ഒരു വയസ്സായി ….

ഒരു ദിവസം കുഞ്ഞിനെ ഉറക്കി കിടത്തി കുളിക്കാന്‍ പോയ ഗൗരി കുളിച്ചു വന്നപ്പോള്‍ മോളേ കണ്ടില്ല…… വീട്ടിലുള്ള മറ്റാരുടെയെങ്കിലും കൂടെ കാണും എന്നു കരുതി അവള്‍ ആ വീട് മുഴുവന്‍ നടന്നൂ….. കുഞ്ഞിനെ കണ്ടെത്തിയില്ല…. പരിഭ്രാന്തയായി അവള്‍ നിലവിളിച്ചൂ….. ജയമോഹന്‍റെ അച്ഛനും അമ്മയും സഹോദരങ്ങളും ഓടി കൂടി…. അപ്പോഴാണ് ജയമോഹന്‍റെ കാറ് കിടക്കുന്നത് കണ്ടത്….. കോളേജില്‍ നിന്നും അയാള്‍ വന്നത് ആരും അറിഞ്ഞിരുന്നില്ല….. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ തറവാട്ടിലെ കുളത്തില്‍ നിന്നും ജയമോഹന്‍റെയും അമ്മൂട്ടിയുടെയും മൃതദേഹം കണ്ടെത്തുമ്പോള്‍ ബോധം കെട്ടു വീണതാണ് ഗൗരി…… പിന്നെ ഇത് വരെ എന്‍റെ കുഞ്ഞിനെ സുബോധത്തോടെ കണ്ടിട്ടില്ല……. തോളത്ത് ഒരു കൈ അമര്‍ന്നപ്പോഴാണ് സന്ധ്യയായെന്നും ഗൗരിയുടെ അച്ഛന്‍ വന്നെന്നും മനസ്സിലായത്….. പെട്ടെന്ന് പോയി കൈയ്യും മുഖവും കഴുകി വിളക്ക് വെച്ചു ലൈറ്റുകള്‍ തെളിയിച്ചു…….. ”ഗൗരീ ഉറക്കമാണോ….അനക്കം ഒന്നും കേള്‍ക്കണില്ലല്ലോ…..” അദ്ദേഹം കസേരയിലേക്ക് ചായുമ്പോള്‍ പതിയെ ചോദിച്ചു രണ്ടു വര്‍ഷം കൊണ്ട് ഇരട്ടി പ്രായമായ പോലെയായി ….കുറ്റബോധം നന്നായി ഉണ്ട്…. എല്ലാം കഴിഞ്ഞു പോയില്ലേ എന്നാശ്വസിക്കുമ്പോഴും ഒഴിവാക്കാമായിരുന്ന എന്ന ചിന്ത വേട്ടയാടൂന്നുണ്ട്….. ” മരുന്നിന്‍റെ മയക്കത്തിലാണ്….ഇന്നു കുറച്ചു കൂടുതലായിരുന്നൂ….വല്ലവിധേനയുമാണ് ഞാന്‍ മരുന്നു കൊടുത്തത്….വേറേ ഡോക്ടറെ കാണിച്ചാലോ..”

” ഇനി എവിടെ കാണിക്കാനാ…… ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കാന്‍ വയ്യാത്തത് കൊണ്ടാണ് വീട്ടില്‍ കിടത്തിയിരിക്കുന്നത്….. കുറച്ചു ദൂരെ ഒരു വൈദ്യന്‍ ഉണ്ടെന്നു പറയുന്നു….അവിടെ കൂടി കാണിക്കാം…” നിരാശ നിറഞ്ഞ സ്വരത്തില്‍ പറയുമ്പോള്‍ വെറുതെ മൂളി ….

അന്നു അത്താഴവും കഴിക്കാതെയാണ് കിടന്നത്….. ആറ്റുനോറ്റു വളര്‍ത്തിയ മോള് ഇങ്ങനെ കിടക്കുമ്പോള്‍ എങ്ങനെ ആഹാരം കഴിക്കും…. അല്ലെങ്കിലും ആ സംഭവത്തില്‍ പിന്നെ ഇങ്ങനെയാണ്… പിറ്റേന്ന് നേരം പുലര്‍ന്നു …..ഗൗരിയുടെ അച്ഛന്‍ എവിടെയോ പോകാന്‍ തയാറെടുക്കുന്നൂ…. ” എങ്ങോട്ടാ ,രാവിലെ തന്നെ…”

ചായയുമായി ചെന്നു തിരക്കി…. ” ഞാനിന്നലെ പറഞ്ഞ ആ വൈദ്യനെ ഒന്നു കണ്ടിട്ട് വരാം….” ” അതിന് നിങ്ങള്‍ക്ക് ആളെ അറിയോ….” ഒന്നും മനസ്സിലാകാതെ ഭാനുമതിയമ്മ ചോദിച്ചു….. ”ആവശ്യക്കാരന് ഔചിത്യമില്ലെന്നല്ലേ….. ഞാന്‍ തിരക്കി കണ്ടുപിടിച്ചോളാം…” ഇത്രയും പറഞ്ഞു കുടയുമായി മുറ്റത്തേക്കിറങ്ങി…..

അപ്പോഴാണ് മുറ്റത്ത് ആരോ നില്‍ക്കുന്നത് പോലെ തോന്നീത്… ആരാ ഇത്ര രാവിലെ എന്ന് ആശ്ചര്യപെട്ടു വരാന്തയില്‍ എത്തിയപ്പോഴാണ് അത് ദേവനാണെന്നു മനസ്സിലായത്,…. .കുറ്റബോധത്താല്‍ തലതാഴ്ത്തി നിന്ന ഗൗരിയുടെ അച്ഛന്‍റെ കൈയ്യില്‍ പിടിച്ചു കൊണ്ട് ദേവന്‍ പറഞ്ഞൂ…. ”ഒരിക്കല്‍ കൂടി ഞാന്‍ അച്ഛനോട് ഗൗരിയെ ചോദിക്കുകയാണ്….. എവിടെ കൊണ്ടുപോയി ചികിത്സിച്ചായാലും ഞാന്‍ ഗൗരിയുടെ അസുഖം മാറ്റി കൊള്ളാം…. ഇത് സഹതാപം ഒന്നും അല്ല…അന്ന് ചോദിച്ച അതെ ഇഷ്ടത്തോടെയാണ്….പിന്നെ ഞാന്‍ അന്നു വന്നു ചോദിച്ചതിനാലാണോ പെട്ടെന്നു ഗൗരിയുടെ ആ കല്യാണം നടത്തിയത് എന്ന കുറ്റബോധവും….. ജാതി ഒരു പ്രശ്നം അല്ലെങ്കില്‍ അച്ഛന്‍ ഇതിന് സമ്മതിക്കണം…..”

തൊഴുത് കൊണ്ടു ദേവനെ ചേര്‍ത്തു നിര്‍ത്തി രണ്ടു തുള്ളി കണ്ണുനീര്‍ ആയിരുന്നു മറുപടി….. പ്രായശ്ചിത്തം പോലെ കണ്ണുനീര്‍ പെയ്തിറങ്ങീ….

അല്ലെങ്കിലും ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ്……. പറയുന്ന വാക്കിനെക്കാളും പുറമെയുള്ള പ്രവൃത്തിയെക്കാളും ഏറെ മനസ്സുകൊണ്ട് സ്നേഹിക്കുന്നവര്‍……….. പോയ ജന്മത്തിലെ സുകൃതം പോലെ………..

രചന: ദീപ്തിപ്രവീണ്‍

Leave a Reply

Your email address will not be published. Required fields are marked *