Categories
Uncategorized

അമ്മായി വന്ന് പോയെ പിന്നെയാണ് ഭാര്യക്കെന്നോടുള്ള പെരുമാറ്റത്തിൽ കാര്യവായ മാറ്റവുണ്ടായെന്ന് തോന്നിയെ. അമ്മായി പഴയതെങ്ങാണ്ട് എരിവും പുളിയും ചേർത്ത് വിളമ്പിക്കാണും. അതല്ലായോ പതിവ്.

രചന : – Adam John

അമ്മായി വന്ന് പോയെ പിന്നെയാണ് ഭാര്യക്കെന്നോടുള്ള പെരുമാറ്റത്തിൽ കാര്യവായ മാറ്റവുണ്ടായെന്ന് തോന്നിയെ. അമ്മായി പഴയതെങ്ങാണ്ട് എരിവും പുളിയും ചേർത്ത് വിളമ്പിക്കാണും. അതല്ലായോ പതിവ്.

ഒരിക്കൽ വല്യപ്പച്ചന്റെ കാലേൽ കാര മുള്ളെങ്ങാനും കൊണ്ട് പോറിയതിന് അമ്മായി പറഞ്ഞുണ്ടാക്കിയത് വിഷപ്പാമ്പ് കടിച്ചൂന്നാ. അന്നുണ്ടായ പുകില് മറക്കാൻ ഒക്കുവോ.

പറഞ്ഞു വന്നത് ഭാര്യയുടെ പതിവ് രീതികളിൽ വല്യ വ്യത്യാസവൊന്നും ഇല്ലേലും എവിടോ ഒരു കുഴപ്പവുണ്ടെന്നൊരു തോന്നൽ. ആദ്യവൊക്കെ അതെന്റെ തോന്നൽ മാത്രവാ എന്നോർത്ത് സമാധാനിച്ചാരുന്നേ. പക്ഷെ അത് വെറും തോന്നൽ അല്ലെന്ന് മനസ്സിലായത് അയൽപക്കത്തെ ചേച്ചിയോട് പതിവ് പോലെ മിണ്ടാൻ ചെന്നപ്പഴാ. ആദ്യവൊക്കെ ചേച്ചിയോട് മിണ്ടുന്നതും ചിരിക്കുന്നതുവൊക്കെ കണ്ടാലും അവൾക്ക് ഒന്നും തോന്നത്തില്ലായിരുന്നു. ആർക്കും തോന്നുകേലല്ലോ.

രണ്ട് വീടാന്നേലും ഒരു മനം പോലെ കഴിയുന്നവരല്ലായോ. പക്ഷെ ഇത്തവണ മിണ്ടാൻ ചെന്നപ്പോ അവള് ചോദിക്കുവാ എന്തുവാ അവരോടിത്ര കുനു കുനാന്ന് മിണ്ടാനെന്നൊക്കെ. കാര്യവൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ടെന്നുള്ള മട്ടിൽ അർത്ഥം വെച്ചൊരു നോട്ടവും. അർജന്റീന സൗദിയോട് തോറ്റ കാര്യവും അടുത്ത മത്സരങ്ങളിൽ ടീം തിരിച്ചു വരെണ്ടുന്നതിനെ പറ്റിയുവോക്കെ ചുമ്മാ പറഞ്ഞോണ്ടിരുന്നതാന്നെ. അല്ലാതെ ഞങ്ങളെന്തുവാ മിണ്ടണ്ടേ.

എന്താന്നേലും അവളുടെ ഉള്ളിൽ വീണ കരട് എടുത്ത് കളയണ്ടായോ. അല്ലേൽ കുടുമ്മത്തിൽ സമാധാനം കിട്ടുകേല. അപ്പഴാ ഒരു കാര്യവോർത്തെ. കല്യാണിയുടെ ഒരു പരസ്യവില്ലായോ. ചായയുടെയോ കാപ്പിയുടെയോ എങ്ങാണ്ട്.

അതിൽ കല്യാണിയുടെ കഥാപാത്രം ചോദിക്കുന്നൊരു ചോദ്യവുണ്ട്. ഞാൻ പറയാതെ എനിക്ക് വേണ്ടി എന്തേലും ചെയ്തിട്ടുണ്ടോന്ന്. അതീ കേറി പിടിച്ചാലോ. അവൾക്കായി എന്തേലും ചെയ്ത് കൊടുത്ത് സന്തോഷിപ്പിച്ചേക്കാം. ഉള്ളിൽ എന്തേലും കരടുണ്ടേൽ അത് മാറുവല്ലോ. അങ്ങനിരിക്കെ ഒരു ദിവസം.

വകേലേതോ ബന്ധുവിന് സുഖവില്ലെന്ന് കേട്ട് അവളങ്ങോട്ടേക്ക് പോയേക്കുവാരുന്നു. ഉച്ചക്ക് കഴിക്കാനുള്ളത് റെഡിയാക്കി വെച്ചേക്കുവാന്നും ദൈവത്തെ ഓർത്ത് പാനിൽ എന്തേലുവോക്കെ ചെയ്തേച്ച് സ്റ്റീൽ തവി ഇട്ടോണ്ട് ഇളക്കി നശിപ്പിക്കരുതെന്നും പറഞ്ഞേൽപ്പിച്ചോണ്ടാ അവള് പോയേക്കുന്നെ.

ഇതൊക്കെ കേക്കുമ്പോ നിങ്ങൾക്ക് തോന്നും ഇയാളെന്തൊരു ദുഷ്ടനാ. ഒരു ദിവസവെങ്കിലും ആ കൊച്ചിനെ കൊണ്ട് ഇങ്ങനെ കഷ്ടപ്പെടുത്താതെ തന്നത്താനേ ഉണ്ടാക്കിക്കൂടാരുന്നൊന്ന്. സത്യം പറയാലോ ഉണ്ടാക്കാൻ ആഗ്രഹവില്ലാഞ്ഞിട്ടോ അറിയാഞ്ഞിട്ടോ അല്ലെന്നേ.

ഞാനുണ്ടാക്കിയാൽ രണ്ട് പേർക്കുള്ള പണി ഉണ്ടാവും വൃത്തിയാക്കാൻ എന്നും പറഞ്ഞോണ്ട് എന്നെ കിച്ചനിലോട്ട് കേറാൻ സമ്മതിക്കുകേല. ഒരിക്കൽ ഓംലെറ്റ് ഉണ്ടാക്കാൻ വേണ്ടി പാൻ എടുത്തതിന് അവളുണ്ടാക്കിയ ബഹളം ദെ ഇപ്പഴും കാതിൽ മുഴങ്ങുന്നുണ്ട്. ചപ്പാത്തി ഉണ്ടാക്കുന്ന പാനിൽ ഓംലെറ്റ് ഉണ്ടാക്കുന്നത് കിച്ചൻ റൂൾസിന് വിരുദ്ധവാണത്രെ. എങ്കിലത് എഴുതി വെക്കാൻ മേലെ. അല്ലപിന്നെ.

എന്താന്നേലും അവള് തിരികെ വരുമ്പോഴേക്കും അവൾക്കായൊരു സ്‌പെഷ്യൽ ചായ ഉണ്ടാക്കി ഞെട്ടിച്ചേക്കാവെന്ന് കരുതി. അതാവുമ്പൊ വല്യ ചിലവില്ലാലോ.

ആശ്ചര്യം കൊണ്ട് വിടർന്ന കണ്ണുകളോടെ എന്റെ നേർക്ക് നോക്കി പുഞ്ചിരിക്കുന്ന ആ മുഖം കണ്ട് ചുമ്മാ സന്തോഷിക്കേം ചെയ്യാം. പുഞ്ചിരിയോടെ അവൾ ചായ വാങ്ങിക്കുന്ന രംഗം മനസ്സിൽ കണ്ടോണ്ട് ചായ ഉണ്ടാക്കി ഫ്ലാസ്കിലോട്ട് ഒഴിക്കാൻ നേരവാണ് ചങ്കിന്റെ വിളി. നാശം പിടിക്കാനായിട്ട് വിളിക്കാൻ കണ്ട നേരം.

അല്ലേലും നല്ലൊരു കാര്യം ചെയ്യാൻ നേരവാരിക്കും ഇത് പോലുള്ളവന്മാർ വിളിച്ചു ശല്യപ്പെടുത്തുന്നെ. ആരോട് പറയാൻ. അവനൊരു വണ്ടി ഒത്ത് കിട്ടീട്ടുണ്ടത്രേ. അതൊന്ന് ചെന്ന് നോക്കണവെന്നും പറഞ്ഞേച്ച് വിളിച്ചതാരുന്നു.

ചങ്കല്ലായോ. പോവാതിരിക്കാവെന്നു വെച്ചാ അത് മതി അവന് പരിഭവിച്ചു നടക്കാൻ. പിഞ്ചു മനസ്സാണെന്നേ.

എന്താന്നെലും പോയല്ലേ പറ്റത്തുള്ളൂ. അതോണ്ട് തന്നെ ചായ ഉണ്ടാക്കി വെച്ച കാര്യം അവളറിയാൻ വേണ്ടി ഒരു എഴുത്തെഴുതി വെച്ചേക്കാവെന്ന് കരുതി പേനക്കും പേപ്പറിനും വേണ്ടി തിരയുമ്പോഴാണ് ഞാനാ ഞെട്ടിക്കുന്ന സത്യം തിരിച്ചറിയുന്നേ. ഈ വീട്ടിലൊരു പേന ഇല്ലെന്നുള്ള സത്യം.

വല്ലാത്ത ചതിയായിപ്പോയെന്നേ. ഇനിയെന്നാ ചെയ്യും. വിളിച്ചു പറഞ്ഞാൽ ആ ത്രില്ല് പോയിക്കിട്ടും.

എന്താന്നെലും ചേച്ചിയ കണ്ട് കാര്യം പറയാവെന്നോർത്ത് അങ്ങോട്ടേക്ക് നടന്നു. പേന വാങ്ങിച്ചോണ്ട് വന്ന് എഴുതി തിരികെ കൊണ്ട് കൊടുക്കേണ്ടത്ര സമയം വേണ്ടല്ലോ ചേച്ചിയെ കൊണ്ടെഴുതിക്കാൻ എന്നോർത്ത് ഒരു പേപ്പറും കയ്യിൽ വെച്ചാരുന്നേ.

ഞാൻ ചെല്ലുമ്പോ പുറത്താരുവില്ല. ചേച്ചി തയ്യൽ മെഷീനുവായി മൽപ്പിടുത്തത്തിലാന്ന് മനസ്സിലായി. അകത്തൂന്ന് കട കടാന്ന് ശബ്ദം കേക്കാരുന്നു. വിളിച്ചു ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി നേരെ ജനാലക്കരികിലേക്ക് ചെന്ന് കാര്യം പറഞ്ഞു. കേട്ടപ്പോ ചേച്ചി നിർത്താതെ ചിരിക്കുവാ.

ഭാര്യക്കൊരു സർപ്രൈസ് കൊടുക്കുന്നത് അത്രേം വല്യ കോമെഡിയാന്നോ. ഇവരൊക്കെ എന്താ ഇങ്ങനെ.

എന്താന്നെലും എഴുത്തും വാങ്ങിച്ചേച്ച് തിരികെ നടക്കാൻ നേരവുണ്ട് ഭാര്യ വീട്ടിലോട്ട് വരുന്നു. പേപ്പർ കൈമാറുന്നതും ചേച്ചി ചിരിക്കുന്നതും ഞാൻ പുഞ്ചിരിയോടെ പേപ്പർ തിരികെ വാങ്ങിക്കുന്നതും ഒക്കെ അവള് കണ്ട് കാണണം. എന്താന്നെലും ഇനി എഴുത്തിന്റെ ആവശ്യവില്ലാലോ എന്നോർത്ത് കടലാസ് ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞേച്ച് വീട്ടിലോട്ട് ചെല്ലുമ്പോഴുണ്ട് അവള് നാഗവല്ലിയുടെ കൂട്ട് പടിവാതിൽക്കൽ നിക്കുന്നു.

ഇതെന്നാ പറ്റിയെന്നോർത്ത് ഞാനാ മുഖത്തൊട്ട് നോക്കുമ്പോ അവള് ചോദിക്കുവാ. ആ എഴുത്തെന്തിയെന്ന്. ഓ അതാരുന്നോ കാര്യം.

നീ വരുന്നത് കണ്ട് ഞാനത് ചുരുട്ടി കൂട്ടി എറിഞ്ഞേടീന്ന് നിഷ്കളങ്കവായി പറഞ്ഞതെ ഓർമ്മ ഉണ്ടാരുന്നുള്ളൂ. എന്തോ ഒന്ന് തലക്കരികിലൂടെ പറക്കുന്ന കണ്ടാരുന്നു.

പിന്നെ ഒന്ന് രണ്ട് മണിക്കൂർ കഴിഞ്ഞാ ബോധം തെളിയുന്നെ.

അല്ലേലും ആരേം പറഞ്ഞിട്ട് കാര്യവില്ലെന്നേ.

വാട്സാപ്പും ഇൻസ്റ്റയും ഉള്ള ഈ കാലത്തും ആരേലും കത്തുകൾ പരസ്പരം കൈമാറുവൊന്ന് ചിന്തിക്കാൻ പോലുവുള്ള ബോധവില്ലാത്ത ഒരാൾക്ക് സർപ്രൈസ് കൊടുക്കാൻ പോയ എന്നെ വേണം പറയാൻ.

രചന : – Adam John

Leave a Reply

Your email address will not be published. Required fields are marked *