Categories
Uncategorized

അപ്പോ മുതൽ എൻ്റെ ചുണ്ട് എന്തിനോ വേണ്ടി കൂർക്കപ്പെട്ടു.. തിരിച്ച് വണ്ടിയിൽ കേറിയിട്ടും ഞാൻ മാത്രം ഒന്നും മിണ്ടിയില്ല…

രചന : – Shabnashamsu

കഴിഞ്ഞ ആഴ്ച വീട്ടിലേക്കുള്ള സാധനങ്ങള് വാങ്ങാൻ വേണ്ടി ഞാനും ഇക്കയും അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ പോയി… എല്ലാം വാങ്ങി തിരിച്ച് വണ്ടിയിൽ കേറാൻ നേരം ഒരു ബ്ലാക്ക് കളർ താർ ജീപ്പ് വന്ന് ഞങ്ങൾടെ വണ്ടിക്കരികെ നിർത്തി..

ഇക്കാൻ്റെ ഫ്രണ്ട് അൻസാറിൻ്റെ ഭാര്യയാണ്… ഡ്രൈവിംഗ് സീറ്റിന്നിറങ്ങി കൂളിംഗ് ഗ്ലാസെടുത്ത് തലക്ക് മീതെ വെച്ച് ഞങ്ങൾടെ അടുത്തെത്തി…

നീല ജീൻസും മഞ്ഞ കോട്ടൺ കുർത്തയുമാണ് വേഷം.. പിങ്ക് നിറത്തിലൊരു ഷാൾ കഴുത്തിൽ ചുറ്റിയിട്ടുണ്ട്.. വെള്ളക്കല്ലിൻ്റെ മൂക്കുത്തി… ചെവി നിറയെ കമ്മല്.. നീട്ടി വളർത്തിയ നഖത്തിൽ ഇളം റോസ് നിറത്തിൽ ക്യൂട്ടക്സ്… തോളൊപ്പം മുറിച്ച മുടിയിൽ അങ്ങിങ്ങായി ഗോൾഡൺ നിറത്തിൽ കളറ് ചെയ്തിട്ടുണ്ട്…

മത്തി മുറിച്ച കൈ മണക്കാതിരിക്കാൻ കുട്ടിക്കൂറ പൗഡറിട്ട എൻ്റെ കൈ രണ്ടും ചുരുട്ടി പിടിച്ച് പെർഫ്യൂമിൻ്റെ ഗന്ധം ആവാഹിച്ച് സൗന്ദര്യം ആസ്വദിച്ച് ഞാൻ നിവർന്ന് നിന്നു..

കുശലാന്വേഷണങ്ങൾക്ക് ശേഷം

” എന്താണ് ഷംസോ…. ഞ്ഞി ഓൾക്കൊന്നും തിന്നാൻ കൊടുക്കലില്ലേ… ആകെ ശോഷിച്ചിരിപ്പാണല്ലോ…”

ഞാനന്നേരം ഉണങ്ങിയ പുളി വെള്ളത്തിലിട്ട പോലെ നനഞ്ഞ് കുതിർന്ന് ഒന്നു ചിരിച്ചു.. ഇക്ക സൂപ്പർ മാർക്കറ്റിലെ ബില്ല് മുറുക്കനെ പിടിച്ചു.. ആറ് നേരം വെട്ടി വിഴുങ്ങുന്ന പ്രിയതമക്കിനി എന്ത് നൽകുമെന്നോർത്ത് വേവലാതിപ്പെട്ടു…

അപ്പോ മുതൽ എൻ്റെ ചുണ്ട് എന്തിനോ വേണ്ടി കൂർക്കപ്പെട്ടു.. തിരിച്ച് വണ്ടിയിൽ കേറിയിട്ടും ഞാൻ മാത്രം ഒന്നും മിണ്ടിയില്ല…

“കണ്ടോ… അങ്ങനാണ് പെണ്ണ്ങ്ങള്… അൻസാറിനെ ബുദ്ധിമുട്ടിക്കാണ്ട് ഒറ്റക്ക് വണ്ടി ഓടിച്ച് വന്ന് സാധനങ്ങള് വാങ്ങി പോണത് കണ്ടോ… അനക്കൊരു സ്കൂട്ടർ വാങ്ങി തന്നിട്ട് താക്കോല് വാങ്ങുന്ന ഫോട്ടോ സ്റ്റാറ്റസ് ഇട്ടത് കൂടാണ്ട് അതൊന്ന് പഠിച്ചെടുക്കാൻ ഇത് വരെ നോക്കീറ്റില്ല… ന്നിട്ട് ഇങ്ങനെയുള്ള പെണ്ണുങ്ങളെ കാണുമ്പോ ചുണ്ടും കൂർപ്പിച്ചിരുന്നോ…”

ഓളെ മുടി നരച്ചിട്ടാണ് കളറ് ചെയ്തതെന്നും മൂക്കുത്തിയുടെ തിരികാണി കണ്ടാ മൂക്കട്ടയാണെന്ന് തോന്നുമെന്നും ക്യൂട്ടക്സ് ഇട്ടതോണ്ട് വുളു എടക്കുമ്പോ നഖത്തില് വെള്ളം കയറി ഇറങ്ങൂലാന്നും ഓളെ വലത് കയ്യിലെ ചൂണ്ട് വിരലിൻ്റെ അറ്റത്ത് അരിമ്പാറ കരിയിച്ചതിൻ്റെ കറുത്ത പാടുണ്ടെന്നും പറഞ്ഞ് ഞാനും ശക്തമായി പ്രതിഷേധിച്ചു…

അങ്ങനെ വീടെത്തി എന്നെ ഇറക്കി ഇക്ക ഷോപ്പിലേക്കും പോയി…

അന്ന് രാത്രി പത്ത് മണി കഴിഞ്ഞിട്ടും ഇക്കാനെ കാണുന്നില്ല’..

ഇക്ക വരുന്ന വണ്ടിയുടെ ഒച്ചയും കാത്ത് മക്കള് മൂന്നും സോഫയിലിരിപ്പുണ്ട്.. വന്ന് കഴിഞ്ഞാ ഒരാള് തലയിലും ഒരാള് തോളത്തും ഒരാളൊക്കത്തും ആണ് പതിവ്.. അന്നും പതിവ് തെറ്റിയില്ല.. പക്ഷ ഇക്കാൻ്റെ മുഖത്ത് എന്തോ ഒരു തെളിച്ചക്കുറവുണ്ട്.. വല്ലപ്പോഴും ചില ദിവസങ്ങളിൽ ഇങ്ങനെ ഉണ്ടാവാറുണ്ട്… ഇക്ക കുളിക്കുമ്പഴേക്കും ഞാൻ ചോറെടുത്ത് വെച്ചു… ഇല്ലാ.. മാറ്റമൊന്നും ഇല്ല… മുഖത്ത് നല്ല വോൾട്ടേജ് കുറവ്.. ഉപ്പയും ഉമ്മയും മക്കളും ഞാനും ഇക്കയും കൂടെ ആണ് കഴിക്കാനിരിക്കുന്നത്.. പതിവ് തമാശകളോ ചിരിയോ ഒന്നും ഇല്ല…

ചോറിൻ്റെ കൂടെ കറിയും ഉപ്പേരിയും കോര മീൻ പൊരിച്ചതും ഉണ്ട്… ഞാനൊരു മീൻ കഴിച്ചു.. ഇക്കാൻ്റെ പ്ലേറ്റിൽ രണ്ടെണ്ണം ഉണ്ട്.. ടെൻഷനോണ്ടാണോ എന്തോ മൂപ്പരത് തിന്നുന്നില്ല… എനിക്കാണേങ്കി മീനില്ലാഞ്ഞിട്ട് ഇറങ്ങുന്നും ഇല്ല.. നല്ല മൂഡിലായിരുന്നേൽ എനിക്കതൂടി തിന്നാമായിരുന്നു..

ഇത്തരം സന്ദർഭങ്ങളിൽ ഞാൻ വല്ലാത്തൊരു സംയമനം പാലിക്കാറുണ്ട്..

ഓരോ വറ്റ് ചോറ് തിന്ന് ഇടക്കിടെ വെള്ളം കുടിച്ച് ഇക്ക എണീച്ചാൽ ആ മീനൂടി തിന്നാമെന്നോർത്ത് ഇരിക്കുമ്പോളാണ് ഇക്കാൻ്റെ ചോദ്യം..

“അനക്ക് മീൻ മാണോ.. ”

“ഇനിക്ക് വാണ്ട ”

“ന്താ മാണ്ടാത്തെ..”

“ങ്ങള് തിന്നോളി.. ”

“മാണെങ്കി എടുത്ത് തിന്നൂടേ… തൊള്ളേല് നോക്കി നിക്കണോ…” എന്നും പറഞ്ഞ് മീനെടുത്തെൻ്റെ പേറ്റിലേക്കിട്ട്..

പിന്നേ… കണ്ണെട്ക്കാണ്ട് നോക്കി നിൽക്കാൻ ങ്ങളെ തൊള്ള നിറച്ചും ഹജ്റുൽ അസ് വദാണല്ലോ.. ഒന്ന് പോയിനെടാ.. എന്ന് മനസിൽ പറഞ്ഞ് കോര മീനെടുത്ത് ഞാൻ വായിലിട്ട്…

അപ്പഴാണ് അത്യന്തം ദു:ഖകരമായ ആ വാർത്ത ഇക്ക പറയുന്നത്.. സൂപ്പർ മാർക്കറ്റീന്ന് പോവുന്ന വഴി അൻസാറിൻ്റെ ഭാര്യയുടെ വണ്ടി ആക്സിഡൻറായീന്നും ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്നും വലത് കയ്യിലെ ചൂണ്ട് വിരലിലെ എല്ല് പൊട്ടീന്നും അതിനിടാനുള്ള ഫിംഗർ സപ്പോർട്ട് ഇക്കാൻ്റെ കടേന്ന് കൊണ്ട് കൊടുക്കാൻ പറഞ്ഞ് അൻസാർ വിളിച്ചൂന്നും അതും കൊണ്ട് പോവുമ്പോ വണ്ടീൻ്റെ പെട്രോള് തീർന്നത്.. നടന്ന് പോയത്.. മഴ കൊണ്ടത്.. അങ്ങനെ ഒരു നൂറ് ദുരിതം താണ്ടിയ കഥ പറഞ്ഞപ്പോ ഞാൻ കണ്ണ് തള്ളി ഇരുന്ന് പോയി. അരിമ്പാറണ്ടായ ചൂണ്ട് വിരലാണോ ഹി ക്കാ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും വായിൽ കിടന്ന് കോരമീൻ്റെ വാലും നടുക്കഷണവും ചേർന്ന് ടെന്നീസ് കളിക്കുന്നോണ്ട് ശബ്ദം പുറത്തെത്തിയില്ല…

അടങ്ങിക്കിടയെട മീനേ എന്നും പറഞ്ഞ് വീണ്ടും ഇക്കാനെ നോക്കി നിക്കുമ്പോ എന്തിനാണോ എന്തോ എനിക്ക് കിലുക്കത്തിലെ രേവതിയേയും അങ്കമാലിയിലെ അമ്മാവനെയും ഓർമ വന്നത്…

രചന : – Shabnashamsu

Leave a Reply

Your email address will not be published. Required fields are marked *