രചന : നവാസ് ആരിഫ മുഹമ്മദ്
പ്രഭാതമാകുവാൻ ഇനിയും സമയം ബാക്കിയാണ്…
അനന്തമായ ആകാശ ചെരുവിൽ നിന്നും മേഘങ്ങൾ താഴേക്കിറങ്ങി വന്നിരുന്നു….
അകലെയുള്ള കുന്നിൻചെരുവിലെ വരണ്ട ഭൂമിയിലെ പച്ചപ്പുകൾക്ക് കരിഞ്ഞ നിറമായിരുന്നു…
ആഞ്ഞുവീശിയ കുളിർകാറ്റിന് വിരഹത്തിൻറെ നനവ് പടർന്ന ഗന്ധമുണ്ടായിരുന്നു…
മുറ്റത്തെ വരണ്ടുണങ്ങിയ മാവിൻ ചില്ലയിൽ നിന്നുമുള്ള ആൺകിളിയുടെ രോദനത്തിന് യാത്രാമൊഴിയുടെ സംഗീതമായിരുന്നു…
മരണത്തിൻറെ അറിയിപ്പുമായി ആയുസ്സിനെ കണക്ക് പുസ്തകവും ചുമന്ന് മാലാഖമാർ , കുന്ന് ഇറങ്ങുന്നത് ഞാൻ കണ്ടു..
ഇറക്കി പൂട്ടിയ കണ്ണുകൾക്കപ്പുറം മരണദൂതൻറെ കാൽ പെരുമാറ്റത്തിൽ ഞാൻ നിസ്സഹായനായി…
ജീവിതത്തിൻറെ ഋതുഭേദങ്ങളിൽ, പൊട്ടിച്ചിതറിയ നിറച്ചാർത്തുകൾ ഒറ്റപ്പെടലിൻറെ ഘനീഭവിക്കുന്ന നിഴൽചിത്രങ്ങൾ ആയി….
എൻറെ ജീവിത യാത്ര ഇവിടെ അവസാനിക്കുകയാണ്…
നട്ടെല്ലിലേക്ക് ആഴ്ന്നിറങ്ങിയ വയറിൽ ആമാശയത്തിലെ എരിച്ചിൽ വിശപ്പു കൊണ്ടാണെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല.
വിറങ്ങലിച്ചു പൊട്ടാൻ നിൽക്കുന്ന ഹൃദയത്തിൻറെ നോവുന്ന മർമ്മരങ്ങൾ നെഞ്ചിൻ കൂടിനെ തകർക്കുന്നത് മാനസിക വേദനയുടെ നോവു കൊണ്ടാണന്നു എനിക്ക് അറിയാമായിരുന്നു…
ഏകാകിയായി പോകുന്നവൻറെ സങ്കടങ്ങളുടെ അവകാശികൾ സ്വന്തം ശരീരവും ആത്മാവും മാത്രം ആയിരിക്കുമല്ലോ…
അതൊരുതരം നിത്യമായ സത്യമാണ്.
കനം തൂങ്ങുന്ന ശ്വാസനിശ്വാസങ്ങൾ നെഞ്ചിൻ കൂടിനുള്ളിൽ ഇരുന്ന് കുറുകുമ്പോൾ ജീവവായു നിശ്ചലമാകും പോലെ…
എൻറെ ഹൃദയമിടിപ്പിൻറെ വേഗതയുടെ തീവ്രത ഉച്ചത്തിലായി…
തൊണ്ടയിൽ കുരുങ്ങിയ ഗദ്ഗദങ്ങൾ കണ്ണുകളിലൂടെ പെയ്തിറങ്ങുന്ന അനുഭവം എനിക്ക് ബോധ്യമായി…
കാൽപാദം മുതൽ വ്യാപിച്ച് മുകളിലേക്ക് അരിച്ചുകയറുന്ന മരവിപ്പ് എൻറെ ശരീരത്തെ തളർച്ചയിലേക്ക് ആനയിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു….
മറ്റൊന്നിനും കഴിയാതെ കോലായിലെ മുഷിഞ്ഞ തുണി വിരിച്ച ചാരുകസേരയിൽ കണ്ണുകളിറുക്കിപൂട്ടി ഞാൻ ചാരിക്കിടന്നു.
ഉറക്കമില്ലാത്ത ദിനരാത്രങ്ങൾ സമ്മാനിച്ച നൊമ്പരങ്ങൾ കൺപോളകൾക്ക് മീതെ നീരു കെട്ടി നിന്നു…
അകത്ത് കിടന്നുറങ്ങുവാൻ കഴിയാത്തതുകൊണ്ടാണ് മുറിവിട്ടിറങ്ങിയത്…
മുറിയിലെ തീഷ്ണമായ നിശബ്ദതയ്ക്ക് ചുടുകാട്ടിലെ ചൂടാണ്….
എങ്ങൊട്ടു തിരിഞ്ഞാലും കത്തിക്കറരിഞ്ഞ ശരീരങ്ങളുടെ ഗന്ധമാണ്…
അവൾ വീടിന്റെ ഓരോ ഭാഗങ്ങളും വൃത്തിയാക്കിക്കൊണ്ടിരുന്നൂ…
അടുക്കും ചിട്ടയും അവളുടെ കൂടെപ്പിറപ്പാണ്…
രണ്ട് മൂന്നു ദിവസമായി അവൾ കൂടുതൽ ജോലിത്തിരക്കിലാണ്…
എല്ലാം ചെയ്തു തീർത്തിട്ട്… പോകണമല്ലോ….
വീട്ടുജോലികൾ ചെയ്ത് തളർന്നു കിടന്നുറങ്ങുമ്പോൾ അവളുടെ അരികിൽ വെറുതെ ഞാൻ നോക്കിനിന്നു…
ജീവിതത്തിൽ ഇത്രയും ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല…
തീരെ നിഷ്കളങ്കമായി പോയ എന്റെ അനുരാഗത്തിന്റെ തിരയിളക്കങ്ങളിൽ അവളുടെ ആത്മാവും മനസ്സും ശരീരവും സമർപ്പിതമായിരുന്നു….
ഒതുങ്ങികൂടിയുള്ള എന്റെ ജീവിതത്തിന്റെ സായാഹ്നത്തിലേക്ക് അനുവാദമില്ലാതെ കടന്നുവന്ന അതിഥിയായിരുന്നു അവൾ…
പരസ്പരം മനസിലാക്കിയുള്ള ജീവിതത്തിൽ പൊരുത്തക്കേടുകൾക്ക് സ്ഥാനമില്ലായിരുന്നു..
ഏത് കാര്യത്തിലും പൊരുത്തങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..
അഞ്ചു വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിലെ വിളക്കിച്ചേർക്കലുകൾക്കായി ഒരു കുരുന്ന് ജീവനെപ്പോലും ദാനമായി നൽകുവാൻ അവൾക്ക് കഴിയുമായിരുന്നില്ല.
സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾ ഗർഭധാരണത്തിനവളെ അശക്തയാക്കി.
എങ്കിലും എനിക്ക് പരാതിയില്ലായിരുന്നു.
” ലിവിംഗ് ടുഗദർ എന്ന് കേട്ടിട്ടുണ്ടോ..” മടിയിൽ ശിരസ്സ് കയറ്റിവെച്ച് കഴുത്തിലേക്ക് ചുറ്റിപ്പിടിച്ച് അവളെൻറെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..
“എന്താണ് … ഇപ്പോൾ ചോദിക്കാൻ കാരണം..?
മനസ്സിലായിട്ടും ,അറിവില്ലാത്തത് പോലെ ഞാൻ തിരിച്ചു ചോദിച്ചു…
” ആ സിസ്റ്റം നമുക്കും ഫോളോ ചെയ്താലോ..? ”
” എന്നുവെച്ചാൽ…?” ദേഷ്യത്തോടെ ഞാൻ ചാടി എണീറ്റു…
” ഒച്ചവെച്ചിട്ടോ ദേഷ്യപ്പെട്ടിട്ടോ കാര്യമില്ല…”
ചെറു പുഞ്ചിരിയോടെ സമാധാനത്തോടെ ,സാവധാനത്തിൽ അവൾ വിശദീകരിച്ചു…
” നിയമപരമായ നമ്മൾ , ഭാര്യാഭർത്താക്കന്മാർ അല്ല…”
” ഡിവോഴ്സിന് പോലും സാധ്യതയുമില്ല.. ഗർഭകാലമോ പ്രസവമോ കുഞ്ഞുങ്ങളോ നമുക്കിടയിൽ ഇല്ല…”
” അതുകൊണ്ട് , എന്നെ ഒന്ന് സ്വാതന്ത്രയാക്കിക്കൂടെ…? ”
അവളുടെ ചോദ്യം കേട്ട് നിശ്ചലനായ എന്നെ നോക്കി അവജ്ഞയോടെ അവൾ മുറിവിട്ട് ഇറങ്ങിപ്പോയി…
” ലിവിംഗ് ടുഗതർ ” എന്ന സമ്പ്രദായം വിദേശികൾക്കിടയിൽ സർവ്വസാധാരണം ആണെന്ന് അറിയാം..
നമ്മുടെ രാജ്യത്തും പ്രസിദ്ധരായ പലരും അങ്ങനെ ജീവിക്കുന്നുമുണ്ട്….
കേരളത്തിലും മെട്രോ സിറ്റികൾ കേന്ദ്രീകരിച്ച് ഭാര്യാ ഭർത്താക്കന്മാരെ പോലെ ജീവിക്കുന്നവരും കുറവല്ല.
പക്ഷേ നമ്മളെ പോലെയുള്ള സാധാരണക്കാർക്കിടയിൽ….?
എനിക്ക് അവളോട് അവജ്ഞ തോന്നി…
ഹാളിലെ സോഫയിൽ ഇരുന്നു മൃദുവായ ശബ്ദത്തിൽ അവൾ ഫോണിൽ സംസാരിക്കുന്നത് ഞാൻ കണ്ടു…
ഒരു മാസമായി , അസമയത്ത് പോലും കൊഞ്ചിക്കുഴഞ്ഞുള്ള അവളുടെ സംസാരം , എന്നെ അസ്വസ്ഥനാക്കിയിരുന്നു….
ചോദിക്കുമ്പോൾ അതൊരു ഫ്രണ്ട് ആണെന്ന് അവൾ മറുപടി പറഞ്ഞു…
കൂടുതൽ ചോദിച്ചാൽ ” എനിക്കുമില്ലേ.. സ്വകാര്യത..? ” എന്നാക്രോശിച്ച് കൊണ്ട് അവൾ പൊട്ടിത്തെറിക്കും….
” സ്വാതന്ത്ര്യം വകവെച്ചു കൊടുക്കാൻ ഉള്ളതാണ് …അല്ലാതെ അടിമത്തം അല്ല..” അവളെന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നു….
” ഓക്കേ …. ഞാൻ തോൽവി സമ്മതിച്ചിരിക്കുന്നു..,,”
കൂപ്പുകൈകളോടെ ഞാനത് പറയുമ്പോൾ , വിജയ ഭാവമായിരുന്നു അവൾക്കുണ്ടായിരുന്നത്….
എൻറെ കണക്കുകൂട്ടലുകൾ മുഴുവനും തെറ്റിപ്പോയിരിക്കുന്നു….
എനിക്ക് അവളും അവൾക്ക് ഞാനും… അങ്ങനെ ജീവിക്കാനായിരുന്നു എനിക്കിഷ്ടം…
ഒരു യുഗത്തിൻറെ ഋതുഭേദങ്ങളുടെ അനിവാര്യമായ ആവർത്തനങ്ങളായി അഞ്ചു വർഷങ്ങൾ കടന്നു പോയതറിഞ്ഞില്ല….
അവളുടെ ശാന്തമായ ഉറക്കത്തിലും, നിശ്വാസ വായുവിന് വിഷപ്പാമ്പിന്റെ സീൽക്കാരം ഉണ്ടായിരുന്നു…
ശ്വാസഗതിയെ സ്വാധീനിച്ച് കൊണ്ട് ഉയർന്നു താഴുന്ന മാറിടത്തിന്റെ ഉള്ളിലേക്ക് , പിടി വരെ , താഴ്ന്നിറങ്ങുന്ന കഠാര , കുത്തിയിറക്കാൻ മനസ്സ് ആഗ്രഹിച്ചതാണ്.
അവളോട് ഒരിക്കലും അതിന് , കഴിയില്ല എന്നതാണ് സത്യം…
” ദാ… ” കിലുക്കമുള്ള അവളുടെ ശബ്ദം കാതിൽ വന്നലച്ചു. ഞെട്ടി പിടഞ്ഞ് , കണ്ണുകൾ വലിച്ചു തുറന്നു . മുന്നിൽ താക്കോൽ കൂട്ടവുമായി അവൾ.
എല്ലാം ഭദ്രമായി അടച്ച് പൂട്ടി വെച്ചിട്ടുണ്ട്.
“എല്ലാം…?” ഞാനവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.
” അതെ…. ഒന്നും ഞാൻ എടുത്തിട്ടില്ല. ”
ഒന്നും…?”
ചോദ്യഭാവത്തിൽ പ്രതീക്ഷയോടെ ഞാനവളെ നോക്കി.
” ഒന്നും വേണ്ട എനിക്ക്…” മന്ദഹാസത്തോടെ അവൾ പറഞ്ഞു.
” പോട്ടെ ….? ” അവൾ ധൃതി കൂട്ടി.
എൻറെ അടുക്കലേക്ക് നീങ്ങി നിന്ന് താക്കോൽകൂട്ടം അവൾ വീണ്ടും എന്റെ മുമ്പിലേക്ക് നീട്ടി.
താക്കോല്ക്കൂട്ടത്തെയും അവളെയും ഞാൻ മാറി മാറി നോക്കി.
” പോകാതിരുന്ന കൂടെ… ഞാൻ അത്രയ്ക്ക് …?
പ്രതീക്ഷയോടെ ഞാൻ തിരക്കി.
” പോകണം ..പോയേ തീരൂ…. ജീവിതത്തിലെ വെറും യാത്രക്കാരാണ് നമ്മൾ..
ഇടത്താവളങ്ങളിൽ നിന്നും വീണ്ടും യാത്ര തുടരേണ്ടവർ..
ബന്ധിതമായ മോഹങ്ങൾ ഒരിക്കലും പുഷ്പിക്കില്ല…
സ്വതന്ത്രമായ അപ്പൂപ്പൻതാടികൾ കണ്ടിട്ടില്ലേ…?
എത്ര യാത്രതുടർന്നു കഴിഞ്ഞാവും പരാഗണം നടന്നിട്ടുണ്ടാവുക…?
കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ ചെളിയും ദുർഗന്ധവും ഉണ്ടാവും..
ഒഴുകിക്കൊണ്ടിരിക്കുന്ന നീർച്ചാലുകളിൽ മാത്രമേ മണ്ണിൻറെ സ്പർശനവും സുഖവും ഉണ്ടാവുകയുള്ളൂ…
അതുകൊണ്ട് പോയേ തീരൂ… മറ്റൊരു യാത്രക്ക് വേണ്ടി….”
തത്വങ്ങൾ കൊണ്ട് അക്ഷര കസർത്തുകൾ നടത്തുന്ന അവൾക്ക് മുന്നിൽ ഞാൻ നിശബ്ദനായി.
ശരിയാവാം… അവളുടെ ശരികൾ അവൾക്ക് മാത്രമാവാം …
” എവിടേക്കാണ്…? ” ഒരു ശരീരവും ആത്മാവും ആയി കഴിഞ്ഞിട്ടും ഗതികേടുകൊണ്ട് ഞാൻ ചോദിച്ചു പോയി.
” നിങ്ങൾ സംശയിച്ച അയാളുടെ കൂടെ തന്നെ…”
” ഒരു മാസത്തെ പരിചയം മാത്രമുള്ള അയാളെ എങ്ങനെ വിശ്വസിക്കും…? ” ഞാൻ അവളോട് ചോദിച്ചു.
” നാം തമ്മിലും ഒരു മാസത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുവല്ലോ.. എന്നിട്ടും നമ്മൾ അഞ്ച് വർഷം ഒരുമിച്ച് ജീവിച്ചല്ലോ…”
” ബന്ധങ്ങളുടെ ആഴ, പരപ്പുകൾ നിശ്ചയിക്കേണ്ടത് പരിചയപ്പെടലുകളുടെ കാലദൈർഘ്യമല്ല….”
” എങ്കിലും…? ” ആധിയോടെ ഞാൻ അവളെ നോക്കി.
” പ്രാക്ക് അരുത് …ശപിക്കുകയും … ”
എന്നോട് , അവൾ കൂപ്പുകൈകളോടെ പറഞ്ഞു.
” എനിക്കതിന് പറ്റുമോ …? ” ഞാൻ അവളെ സങ്കടത്തോടെ നോക്കി.
” നിങ്ങൾ പറഞ്ഞാൽ അങ്ങനെ തന്നെ സംഭവിക്കും .എനിക്ക് ഉറപ്പാ…”
എന്നോട് അവൾ തർക്കിച്ചു.
” ഓടിയോടി കിതച്ച് തളർന്നു വീഴുമ്പോൾ താങ്ങുവാൻ ഉള്ള ശരീരവുമായി ഞാൻ ഇവിടെ തന്നെ ഉണ്ടാവും … ” ഞാൻ അവളോട് പറഞ്ഞു.
” സന്തോഷമായി …അല്ലെങ്കിലും നിങ്ങൾക്കു സ്നേഹിക്കാൻ മാത്രമേ അറിയൂ…”
എൻറെ സ്നേഹത്തെ കുറിച്ച് അവൾ വാചാലയായി.
” സന്തോഷത്തോടെ പോകട്ടെ…? ”
മറുപടി പറയാനാകാതെ ഞാൻ ശിരസ്സ് നമിച്ചു.
വിറപൂണ്ട ചുണ്ടുകളോടെ ഞാൻ , ” അരുത് ” എന്ന് പറഞ്ഞുവെങ്കിലും ശബ്ദം വെളിയിലേക്ക്ിയിലേക്ക് വന്നില്ല.
വെളുത്ത നിറത്തിലുള്ള ആഡംബര കാറിൻറെ മുരൾച്ച വീടിൻറെ മുന്നിൽ വന്നലച്ചു.
ഡ്രൈവിംഗ് സീറ്റിലിരുന്ന ആൾ എന്നെ കൈപൊക്കി അഭിവാദ്യം ചെയ്തു.
പകയോടെ ഞാൻ അയാളെ നോക്കി.
ഒരുമാസം കൊണ്ട് അവളെ , ഫോൺ ചെയ്തു വലയിലാക്കിയവൻ.
അവൾ യാത്രക്കൊരുങ്ങി കഴിഞ്ഞു.
പടിയിറങ്ങുകയാണ്.
അവൻറെ അരികിൽ മുൻസീറ്റിൽ തന്നെ അവൾ ഇരിപ്പുറപ്പിച്ചു.
ശരവേഗത്തിൽ വാഹനം അകന്നുപോയി.
കൂടെ കൂട്ടും എന്ന് ഞാൻ കരുതിയിരുന്ന, എൻറെ ഓർമ്മ കൂമ്പാരങ്ങൾ ഉമ്മറപ്പടിയിൽ അവൾ ഉപേക്ഷിക്കപെട്ടത് നിറകണ്ണുകളോടെ ഞാൻ നോക്കി കിടന്നു…
മരച്ചില്ലയിലെ ആൺകിളി അപ്പൊഴും കരയുന്നുണ്ടായിരുന്നു…
രചന : നവാസ് ആരിഫ മുഹമ്മദ്