Categories
Uncategorized

അധികം വൈകാതെ തന്നെ മീനുട്ടിയും ദീപക്കും അവർ ആഗ്രഹിച്ചപ്പോലെ തന്നെ സന്തോഷകരമായ ജീവിതത്തിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞു.

രചന : ഷൈജ എം.എസ്സ്

വാ..വാ കേറി വാ..

തുറന്ന് പറയാലോ.. ഞങ്ങൾക്ക് ഈ ബന്ധത്തിന് തീരെ താല്പര്യല്യ. പിന്നെ ന്റെ കുട്ടി ഒരു വേണ്ടാതീനം കാട്ടി. അതോണ്ടാ ഇഷ്ടല്ല്യങ്കിലും മൂളി കൊടുത്തത്. നാട്ടിൽ കൊറേ പുരോഗമനമൊക്കെ വന്നെങ്കിലും ഇവിടെത്തെ വല്യമ്മാമ മരിക്കണവരെ അന്യജാതിക്കാരെ അകത്തേക്ക് കേറ്റില്ലായിരുന്നു. പത്തുകൊല്ലം മുൻപ് ഇങ്ങനൊരെണ്ണം ഇവിടേം സംഭവിച്ചിട്ടുണ്ട്. പക്ഷേ..ഇപ്പോഴും ഈ പടി ചവിട്ടിച്ചിട്ടില്ല.

കേറിവന്നപാടേ പെണ്ണിൻറെ അച്ഛൻ ഇഷ്ടക്കേട് അറിയിച്ചു.

ആട്ടെ..ചെക്കനെത്രവരെ പഠിച്ചു ?

അവൻ പത്ത് വരെ പോയി.. തോറ്റൂ. പിന്നെ പഠിക്കാൻ പോയില്ല.

ചെക്കന്റെ അമ്മാവനാണ് മറുപടി പറഞ്ഞത്.

ഇവിടത്തെ കുട്ടി ബിഎ ക്കാര്യാ.. പറഞ്ഞിട്ടെന്താ കാര്യം, തലേലെഴുത്തില്ല.

ചെക്കനെന്താ ജോലി …?

ജോലി എന്താണെന്ന് അറിയാമെങ്കിലും ഒരു പുച്ഛരസത്തോടെ പെണ്ണിന്റെ ചെറിയമ്മാവൻ ചോദിച്ചു.

മരപ്പണിയാണ്..

ചെക്കനാണ് മറുപടി പറഞ്ഞത്.

കഷ്ടം..ഇവിടാരും ഇന്നേവരെ കൂലിപ്പണിക്ക് പോകേണ്ടി വന്നിട്ടില്ല.

ഞങ്ങക്ക് രണ്ടേക്ര പാടംണ്ട്. തെങ്ങിൻ തോപ്പ്ണ്ട്. മൂന്നാല് ഉരുക്കളും ഉണ്ട്. പിന്നെ ഈ ഭൂസ്വത്തൊക്കെ എട്ട് കുടുംബങ്ങൾക്ക് അവകാശപ്പെട്ടതാ.. വല്യമ്മാമയ്ക്ക് സർക്കാർ ശിപായിയായി ജോലി ഉണ്ടായിരുന്നു. അതിന് ശേഷം ഇവളാണ് ഈ കുടുംബത്ത് ജോലിക്ക് പോകുന്നത്. ഇവൾക്ക് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ കണക്കെഴുതാൻ പണി കിട്ടി. ഞങ്ങൾക്ക് ആർക്കും ഇഷ്ടം ഉണ്ടായില്ല ജോലിക്ക് വിടാൻ. സ്വന്തം ഇഷ്ടത്തിനങ് പോയി. അത് ഈ ഗതിയും വരുത്തി വച്ചു.

ഈ ആശേരി പണിക്ക് പോയാച്ചാ അന്നന്നേക്ക് കഴിയാനുള്ള വകയൊക്കെ കിട്ടോ ..?

ആ.. വല്ല്യ കുഴപ്പമില്ലാതെ പോകുന്നു.

ചെക്കനാണ് മറുപടി പറഞ്ഞത്.

ഈ ചാരു ബഞ്ചും കസേരയുമൊക്കെ പണ്ട് കാലം മുതൽക്കേ ഇവിടുള്ളതാ.. നിങ്ങക്ക് മരം കണ്ടാൽ അറിയാമല്ലോ.. നല്ലൊന്നാന്തരം ഇരുമുള്ളും തേക്കും ഈട്ടിയുമൊക്കെയാ..

ചെക്കൻ മറുപടിയൊന്നും പറയാതെ ഒരു ചിരിയിൽ ഒതുക്കി.

പണിയുന്നതല്ലാതെ ഇതൊരെണ്ണം വീട്ടിൽ ഇടാനുള്ള ഭാഗ്യം കിട്ടണ്ടേലേ നിങ്ങക്ക്.

ഉള്ളിൽ ചെറിയ ദേഷ്യം തോന്നിയെങ്കിലും ചെക്കന്റെ അച്ഛൻ കുട്ടനാശാരി ഇതൊന്നും കേട്ട ഭാവം നടിക്കാതെ മുകളിലേക്ക് നോക്കി.

നോക്കണ്ട.. കഴുക്കോലൊക്കെ നല്ല തേക്കിന്റെ ഉരുപ്പടികളാ.. ചെറിയ ചിതല് വന്നാൽ പോലും അവൻ അനങ്ങില്ല. പിന്നെ പുരോഗമനം വന്നപ്പോ മുൻവശമൊന്ന് വാർത്തു ശേലാക്കി. ഒറ്റനോട്ടത്തിൽ വാർക്ക വീടിന്റെ പ്രൗഢി കിട്ടും. പറഞ്ഞിട്ടെന്ത് കാര്യം, അവൾക്ക് ഇവിടെ കിടക്കാൻ യോഗല്ല്യ. മൂത്തത് രണ്ടും കല്യാണം കഴിച്ചു കുടുംബത്തോടെ ഇവിടെത്തന്നെയാ താമസം..

നിർത്താതെയുള്ള പൊങ്ങച്ചം കേട്ട് കുട്ടനാശാരിക്ക് മുഷിപ്പ് തോന്നി.

പെൺകുട്ടിയെ കണ്ടില്ല ..?

അയാൾ പകുതി പറഞ്ഞു നിർത്തി.

സുഭദ്രേ.. മീനമോളെ ഇങ്ങോട്ട് വിളിക്ക്..

പെണ്ണിന്റെ അമ്മ സുഭദ്ര മോളേയും കൂട്ടി വന്നു.

വലിയ ജാള്യതയോ നാണമോ അപരിചിതത്വമോ ഇല്ലാതെ തന്നെ അവൾ എല്ലാവരോടും പുഞ്ചിരിയോടെ സംസാരിച്ചു. വലിയ പരിഷ്കാരിയല്ലെങ്കിലും അത്യാവശ്യം വിവരവും വിദ്യാഭ്യാസവുമുള്ള പക്വതയുള്ള കുട്ടിയെപ്പോലെ എല്ലാവർക്കും തോന്നി. ചെക്കന്റെ അച്ഛന് അതുവരെ അടക്കിവെച്ച വീർപ്പുമുട്ടലുകൾ അവളെ കണ്ടപ്പോൾ അലിഞ്ഞു ഇല്ലാതായി.

വീട്ടുകാർ എങ്ങനെ ആയാലെന്താ..മ്മ്ടെ മോള് മ്മ്‌ടെ കുടുംബത്തിലേക്ക് ചേർന്നവളാ.. അയാൾ മനസ്സിൽ പറഞ്ഞു.

ഇനീപ്പോ അധികം നീട്ടേം പിടിക്കേം ഒന്നും വേണ്ട, അവരങ്ങ് സ്വയം തീരുമാനിച്ചുറപ്പിച്ചതല്ലേ. ഞങ്ങളൊരുവട്ടം അങ്ങോട്ട് വരാം ചടങ്ങിന് അത് മതി.. പിന്നെ ചെറിയ തോതിൽ കല്യാണം. ഈ വീട്ടിൽ ഉള്ളോരു തന്നെ വരാനുള്ളൂ ചടങ്ങിനായാലും കല്യാണത്തിനായാലും. വിളിച്ചാലും വരില്ല. കേട്ടോര് കേട്ടോര് മൂക്കത്ത് വിരൽ വച്ചു. അവരെ കുറ്റം പറയാനും പറ്റില്ല.. പ്രേമം തലയ്ക്ക് പിടിച്ചാൽ പിന്നെ ജാതീം വേണ്ട..ജാതകോം വേണ്ട .. വീട്ടുകാരും വേണ്ട. വിധി.. അല്ലാതെന്താ!

പെണ്ണിന്റെ അച്ഛൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

ഞങ്ങളും പണ്ടേ തറവാട്ടുകാർ തന്നെയാ.. കുലവും മോശല്ല്യ. പിന്നെ പണിയെടുത്ത് തിന്നുന്നതിൽ അത്രേം വല്യ അഭിമാനക്കുറവും തോന്നിയിട്ടില്ല . ഞങ്ങടെ ചെക്കന് ഇഷ്ടാണെന്ന് പറഞ്ഞാൽ പിന്നെ വേറൊന്നും ഞങ്ങൾക്ക് നോക്കാനില്ല. അവരല്ലേ ഒരുമിച്ചു ജീവിക്കേണ്ടത്.

കുട്ടനാശാരിയുടെ അടക്കി പിടിച്ച അമർഷം പുറത്തേക്ക് വന്നു.

അച്ഛാ.. ഒന്ന് മിണ്ടാതിരി.. ചെക്കൻ കുട്ടനാശാരിയെ നോക്കി കണ്ണുരുട്ടി.

ഞങ്ങളിറങ്ങാ.. അടുത്താഴ്ച്ച വിരോധല്ല്യങ്കിൽ അങ്ങോട്ട് വാ.. മോളേ .. ഞങ്ങളിറങ്ങുകയാട്ടാ..

സഹിക്കെട്ടു കുട്ടനാശാരി അതും പറഞ്ഞ് പെട്ടെന്ന് പുറത്തേക്കിറങ്ങി.

ചായ കുടിച്ചില്ലല്ലോ അച്ഛാ.. അപരിചിതത്വം പുറത്തുകാണിക്കാതെ മീനുക്കുട്ടി പരിഭവത്തോടെ മുഖം ചുളിച്ചു

അതിനിയും ആവാലോ മോളെ..

ചെറുക്കൻ വേഗത്തിൽ ചായ കുടിച്ചു അവളെ നോക്കി ചിരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.

നീയിങ്ങട് വിളിച്ചോണ്ട് വാടാ ചെക്കാ.. കാർന്നോരുടെ വർത്താനം കേട്ടിട്ട് ചൊറിഞ്ഞാ വന്നെനിക്ക്. നല്ല കുലം തന്നെ മ്മ്‌ടെം.. ഇതിപ്പോ ഇതിലും താഴ്ന്നോര് ചെന്നാ അയാള് തെളച്ച വെള്ളം മോന്തയ്ക്ക് ഒഴിച്ചേനേലോ.. ഇങ്ങനെയൊരു മനുഷ്യൻ.. കുഴീല് പോയാലും അങ്ങേര് ആ ജാതി കോലുമ്മേ കുത്തിയുയർത്തി പിടിക്കും.

കുട്ടനാശാരി മുറുമുറുത്തു.

ദേ.. ഒന്ന് മിണ്ടാണ്ട് വരണ് ണ്ടോ .. എന്നെ ദേഷ്യം പിടിപ്പിക്കാണ്ട്.. അവളെയാ ഞാൻ സ്നേഹിച്ചത്. അല്ലാണ്ട് അവരുടെ തറവാടോ ജാതിയോ കണ്ടിട്ടല്ല. നിങ്ങളെയൊക്കെ ബോധിപ്പിക്കാണ്ട് ഞങ്ങക്ക് സ്വന്തം കാര്യം നോക്കാൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ല.. എല്ലാവരും കൂടെ തന്നെ വേണമെന്ന് ആഗ്രഹിച്ചു. എത്ര പക്വത ഉണ്ടായിട്ടെന്താ.. എനിക്ക് വേണ്ടിയാണ് അവൾ ജീവൻ വച്ചു കളിച്ചത്.

ചെക്കൻ ദേഷ്യത്തിൽ ശബ്ദം ഉയർത്തി പറഞ്ഞു. പിന്നങ്ങോട്ട് നിശബ്ദമായിരുന്നു.

വീട്ടിൽ ചെന്ന് കേറിയപ്പോൾ തന്നെ പെണ്ണുങ്ങൾ ഓടി വന്നു ചുറ്റും കൂടി.

എന്തായി …?

അമ്മയാണ് ആദ്യം ചോദിച്ചത്.

മ്മ്. എന്താവാൻ..!

അച്ഛൻ എന്തെങ്കിലും പറഞ്ഞു തുടങ്ങും മുൻപേ മകൻ കണ്ണുരുട്ടി നോക്കി.

ഒന്നമർത്തി മൂളിക്കൊണ്ട് കുട്ടനാശാരി പറഞ്ഞു ” പെൺകുട്ടി നല്ലതാ.അടുത്ത ഞായറാഴ്ച്ച അവരിങ്ങ് വരും.

അതുകഴിഞ്ഞ് ബാക്കി..

അയാൾ പകുതി പറഞ്ഞു നിർത്തി ധൃതിയിൽ അകത്തേക്ക് നടന്നുപോയി.

********** ആ ഞായറാഴ്ച്ച എന്തെന്നില്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു ദീപക്കിന്. എന്നാലും വീട്ടുകാർ ഇനി സമ്മതിച്ചില്ലെങ്കിലും, അവരൊരു ഉറച്ച തീരുമാനം എടുത്തിരുന്നു. രണ്ട് പേരുടെയും ആഗ്രഹമായിരുന്നു വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം നടത്തണമെന്ന്. അതിനു വേണ്ടി ഒരുപാട് നാൾ കാത്തിരിക്കേണ്ടി വന്നു. ഒരുപാട് ത്യാഗങ്ങളും സഹിക്കേണ്ടി വന്നു. അങ്ങനെ ഇതുവരെ കൊണ്ടെത്തിച്ചു. രാത്രി മീനുട്ടിയോട് ഒരുപാട് നേരം സംസാരിച്ചു വെളുക്കാറായപ്പോഴാണ് ഉറങ്ങിയത്. എന്നിട്ടും നേരത്തെ തന്നെ എഴുന്നേറ്റു. ഉറച്ചൊരു തീരുമാനം എടുത്തെങ്കിലും നഷ്ടപ്പെട്ടു പോകുമോ എന്നൊരു പേടിയായിരുന്നു ഉള്ളിൽ.

മുറ്റത്തു കാറിന്റെ മുരൾച്ച കേട്ടാണ് ദീപക് പുറത്തേക്ക് നോക്കിയത്.

അച്ഛാ..ദേ അവര് വന്നു.

പഴമ നിലനിർത്തിക്കൊണ്ടുള്ള ചന്തമുള്ള പടിപ്പുര കണ്ട് പെണ്ണിന്റെ അച്ഛൻ വാ പൊളിച്ചു.

പഴയ തറവാട് ആയിരുന്നപ്പോൾ തനിക്കും നാല് കെട്ടും ഒരു ചെറിയ പടിപ്പുരയും ഉണ്ടായിരുന്നു. പക്ഷെ വർഷം വർഷം തോറുമുള്ള അറ്റകുറ്റപ്പണികൾ നടത്താനുള്ള ചിലവും ബുദ്ധിമുട്ടും കൊണ്ട് പൊളിച്ചു കളയേണ്ടിവന്നു.

വീടിന്റെ പൂമുഖത്തേക്ക് കയറി ചെല്ലുമ്പോൾ തന്നെ നല്ല മരത്തിൽ കടഞ്ഞെടുത്ത ഒരു ആടുന്ന ചാര് ബെഞ്ച്. അതുകണ്ടപ്പോൾ തന്റെ വീട്ടിലെ പഴകി ദ്രവിച്ച ചാരുബെഞ്ചിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ കുട്ടനാശാരിയെ കളിയാക്കിയത് ഓർത്ത് വല്ലാത്ത ജാള്യം തോന്നി. അകത്തേയ്ക്ക് കേറിയപ്പോൾ വിസ്താരമുള്ള വലിയ ഹാളും വൈവിധ്യമാർന്ന കൊത്തുപണികളോടെയുള്ള ഫർണിച്ചറുകളും സോഫാസെറ്റികളും. എല്ലാം നല്ല മരഉരുപ്പടികളും. ഓരോന്നും കുലത്തൊഴിലിന്റെ മഹിമ വിളിച്ചോതിക്കൊണ്ടിരുന്നു.

അതിനെക്കാളേറെ നല്ല ആതിഥേയ മര്യാദകളോടെ അതിഥികളെ സ്വീകരിക്കാനും അവർ മറന്നില്ല.

മുഖത്ത് ജാള്യമുണ്ടെങ്കിലും അയാൾ അത്ഭുതത്തോടെ വീടിന് ചുറ്റിലും നോക്കി നടന്നു. പുറക് വശത്തായി ഒരു ഓടിട്ട പണിപ്പുരയുണ്ട്. അതിൽ രണ്ടോ മൂന്നോ ഫർണീച്ചർ പണി തീർന്നു കിടക്കുന്നു. ചീകി മിനുക്കിയ പലതരത്തിലുള്ള മരങ്ങൾ. ഒരുപാട് കട്ടളകളും ജനൽ പാളികളും പണിത് വച്ചിട്ടിട്ടുണ്ട്.

നിങ്ങൾ തന്നെയാവുംലെ ഇത് മുഴുവനും പണിത് വച്ചത്..?

പെണ്ണിൻറെ അച്ഛൻ ചോദിച്ചു.

ഞങ്ങൾ മാത്രമല്ല അഞ്ചെട്ട് പണിക്കാരും ഹെൽപ്പറായിട്ട് മൂന്നാല് ഹിന്ദിക്കാരും ഉണ്ട്.

ചെക്കനാണ് മറുപടി പറഞ്ഞത്.

ഇത്രേം ഉണ്ടാക്കി കൂട്ടീട്ട് കാര്യമില്ലല്ലോ. ഇതെല്ലാം വാങ്ങണ്ടേ വല്ലോരും..

പെണ്ണിന്റെ അച്ഛൻ ആശ്ചര്യപ്പെട്ടു.

ഇത് തികയില്ല, ഈയടുത്ത് ഒരു ഫ്ലാറ്റിന്റെ പണി കിട്ടിയിട്ടുണ്ട്. 80 ഡോർ വേണം, അതുപോലെ ജനാലകളും. പഴയമരത്തിൽ പണിതാൽ മതിയെന്ന് മൊതലാളിയ്ക്ക് നിർബന്ധം. പൈസയും കുറവ്, നല്ല ഉറപ്പുള്ള മരവും കിട്ടും. പിന്നെ കുറച്ചു നാട്ടിലെ പണികൾ ഉണ്ട്. ഈ തിരക്ക് കഴിഞ്ഞിട്ട് വേണം അതും നോക്കാൻ..

ചെക്കൻ കൂട്ടിച്ചേർത്തു.

ഇത്രയൊക്കെ ഉണ്ടായിട്ടും സൗമ്യമായ ഓരോ മറുപടിയും പെണ്ണിന്റെ അച്ഛന് വല്ലാത്ത വീർപ്പുമുട്ടലുകൾ ഉണ്ടാക്കി.. ഹാ..ഞാനങ്ങട് നീങ്ങട്ടെ. പൊടീടെ നല്ല അലർജിയുണ്ട്. ശ്വാസംമുട്ട് വരും. രക്ഷപ്പെടാൻ സ്വയം ഒരു മാർഗ്ഗം കണ്ടെത്തി അയാൾ അവിടെനിന്ന് പോകാനൊരുങ്ങി.

അവിടെ ചെന്നിട്ട് ബാക്കി കാര്യങ്ങൾ ഞങ്ങൾ അറിയിക്കാം.

മുണ്ടിന്റെ തലയെടുത്ത് കയ്യിൽ പിടിച്ചു കാലൻ കുട കക്ഷത്തിലും വച്ച് യാത്ര പറഞ്ഞു അയാളും കൂട്ടരും കാറിനടുത്തേക്ക് നടന്ന് നീങ്ങി പെട്ടെന്ന് തന്നെ അവിടം വിട്ടു,

********* ഉച്ചയോടെ അവർ വീട്ടിൽ ചെന്ന് കേറി.

മുറുക്കി നീട്ടി തുപ്പി കോലായിൽ വച്ച വെള്ളമെടുത്ത് കാല് കഴുകി അകത്തേക്ക് കേറാൻ പോയപ്പോഴേക്കും എല്ലാവരും പൂമുഖത്തേക്ക് വന്നു.

എന്തായി പോയിട്ട്..

സുഭദ്ര ചോദിച്ചു.

ചോദ്യം കേട്ടപ്പോൾ അയാൾക്ക് ദേഷ്യം വന്നു.

സാരല്യാ.. ഇനിയും സമയം വൈകീട്ടില്യ. അവളെ കെട്ടിച്ചില്ലെങ്കിലും ഇവിടെ നിക്കട്ടെ. ഇഷ്ടല്ലാത്തോടത്ത് പറഞ്ഞു വിടണ്ട. നിങ്ങളെ അങ്ങ്ട് വിടാൻ ഇവിടുള്ളോർക്ക് ആർക്കും താല്പര്യല്ല്യാർന്നൂലോ.. അവൾക്കിനി വേറെ ചെക്കൻ വേണ്ടെങ്കി കെട്ടിക്കണ്ട. കുടുംബത്ത് നിന്നോട്ടെ. കഴിഞ്ഞത് കഴിഞ്ഞു.

സുഭദ്ര ഉറപ്പിച്ചു പറഞ്ഞു.

എന്ത് കഴിഞ്ഞത് കഴിഞ്ഞു..?

ദേഷ്യത്തോടെ അയാൾ കണ്ണുരുട്ടി.

സുഭദ്ര കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നശേഷം വീണ്ടും ചോദിച്ചു

എന്താണ്ടായേ അവിടെ..?

എന്ത്ണ്ടാവാൻ.. ഇവിടുള്ളോര് പണിയെടുക്കാതെ തിന്ന് മുടിപ്പിച്ചു കുടുംബം നശിപ്പിക്കും. അവിടുള്ളോരു പണിയെടുത്ത് കുടുംബം പോറ്റും. അത്രന്നെ.. നല്ലോണം ജീവിക്കണമെങ്കിൽ നല്ലോണം അധ്വാനിക്കണം. എന്ത് തൊഴിലായാലും പണിയെടുത്ത് ജീവിക്കുന്നത് ഒരന്തസ്സ് തന്നെയാ.. അതൊക്കെ തന്നെയാ കുടുംബമഹിമയും. നിങ്ങക്കാർക്കും ഇഷ്ടല്ല്യാച്ചാലും എനിക്കൊരു ചുക്കുമില്ല.. ഞാനിതങ്ങട് ഒറപ്പിച്ചു.

വല്ല കൊറച്ചലൊള്ളോര് ഒന്ന് പുറത്തെറങ്ങി നടന്ന് നോക്കിയാൽ മതി. പൊറംലോകം എന്താന്ന് അപ്പറിയാം. അവള് പഠിച്ചു. അതിനുള്ള വിവരോംണ്ട്.. അവക്ക് ഇഷ്ടം ഇതാണെച്ചാ ഇതന്നെ മതി. എനിക്കും ബോധിച്ചു.

ഇനി നാളെ വല്ലതും കഴിക്കണമെങ്കിൽ മേലനങ്ങി എന്തേലും ചെയ്യാ.. അത്രന്നെ..

അത്രയും പറഞ്ഞു വലിയൊരു നെടുവീർപ്പിട്ടു കാലുകൾ ആട്ടിയാട്ടി അയാൾ പുതിയൊരു മുഖവും ചിന്തകളുമായി ഉറച്ച തീരുമാനത്തോടെ കോലായി തിണ്ണയിൽ പുറത്തേക്ക് നോക്കിയിരുന്നു.

അധികം വൈകാതെ തന്നെ മീനുട്ടിയും ദീപക്കും അവർ ആഗ്രഹിച്ചപ്പോലെ തന്നെ സന്തോഷകരമായ ജീവിതത്തിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞു.

രചന : ഷൈജ എം.എസ്സ്

Leave a Reply

Your email address will not be published. Required fields are marked *