Categories
Uncategorized

അതേ എനിക്കും ജീവിക്കണം .. സല്ലപിച്ച് .. കലഹിച്ച് പിന്നെ ആ പ്രണയ മഴയിൽ നനഞ്ഞ് .. അങ്ങനെ അങ്ങനെ ഒരുപാടു കാലം ..ഞാനാ കൈകളിലേക്ക് എന്റെ വലം കൈ ചേർത്തു വെച്ചു

രചന : Seema Binu

“എന്റെ കൊച്ചേ നീയീ കുന്ത്രാണ്ടം ഊരിക്കളഞ്ഞിട്ട് ഒരു സാരി എടുത്തുടുത്തേ . ഒരു ബഹുമാനം ഒക്കെ വേണ്ടേ ? അല്ലേൽ അവരെന്നാ വിചാരിക്കും ?”

ഞാൻ അമ്മയേ കനപ്പിച്ചൊരു നോട്ടം നോക്കി .

“ഓ സാരിയിടുക്കുന്നത് ബഹുമാനം കാണിക്കാനാ? അതൊരു പുതിയ അറിവാണല്ലോ ?അങ്ങനാണേൽ അത്യാവശ്യം ബഹുമാനത്തിനുള്ള ഒരു സാരി അമ്മ ഉടുത്തിട്ടുണ്ടല്ലോ ?അതു തന്നെ ധാരാളം . എന്നേ ഈ ചുരിദാറിൽ കാണാൻ പറ്റുന്നൊരു കണ്ടാൽ മതിയെന്നേ .”

എനിക്കു ശരിക്കും ദേഷ്യം വന്നു . എന്റെ കുഞ്ഞേ ഞങ്ങടെ കാലം കഴിഞ്ഞാൽ നിനക്കാരുണ്ട് എന്നും പറഞ്ഞ് അമ്മ തുടങ്ങിയിട്ട് കുറച്ചു നാളായി .എന്റെ താളത്തിനൊപ്പിച്ചു തുള്ളാനിരിക്കുന്ന ആളെന്ന അമ്മയുടെ പഴി നിത്യേന കേൾക്കുന്ന അച്ഛനും കൂടി കണ്ണു നിറച്ചപ്പോൾ പിന്നൊന്നും നോക്കിയില്ല. ആരെയാണെന്നു വച്ചാൽ കണ്ടു പിടിച്ചോ ഞാൻ കേട്ടിക്കോളാമെന്ന് ഒന്നു പറഞ്ഞു പോയി .അതിന്റെ കോലാഹലമാ ഇപ്പോൾ കാണുന്നത് . എന്നതാണേലും അമ്മ പറഞ്ഞതല്ലേ ? കുറച്ചു ബഹുമാനം ഒക്കെ ആവാം . എന്നാലും സാരി വേണ്ട .ഈ പച്ച ചുരിദാർ തന്നെ ആയിക്കോട്ടെ പച്ചയോടുള്ള ഇഷ്ടം ഇന്നും ഇന്നലെയൊന്നും തുടങ്ങിയതല്ല കേട്ടോ . കസിൻസ് പിള്ളേരൊക്കെ ചോദിക്കാറുണ്ട് , ചേച്ചിക്ക് പച്ചയിൽ ആരെങ്കിലും കൈവിഷം തന്നിട്ടുണ്ടോ എന്ന് . അതേ മക്കളേ കൈവിഷം തന്നു എന്നിട്ട് ആളു പൊടീം തട്ടി സ്‌ഥലം വിട്ടെന്ന് ഞാനും പറയും എന്നോടു തന്നെ .

“മോളേ നന്ദേ ഇറങ്ങി വാ ദേ അച്ഛൻ വിളിക്കുന്നു ” ങേ മൂത്ത അമ്മായി ?ഇവരെല്ലാം കൂടി വരനെന്താ ഇന്നു കെട്ടൊന്നുമല്ലല്ലോ ? വെറുമൊരു പെണ്ണു കാണൽ അതും ഈ ഇരുപത്തേഴാം വയസിൽ !!അതിനിത്രേം ആർഭാടത്തിന്റെ കാര്യമുണ്ടോ ? മുറി തുറന്നു ഇറങ്ങി വന്ന എന്നേ എല്ലാവരും അടിമുടി ഒന്നു നോക്കി . അത്ര പോരാ എന്നാണെന്ന് തോന്നുന്നു പല മുഖങ്ങളിലും . ഇനിയിപ്പം എന്നതേലും ആകട്ടേ എന്നുള്ള ഭാവവുമായി മറ്റു ചില മുഖങ്ങൾ .ഇതൊന്നും എന്നേ ബാധിക്കുന്ന വിഷയം അല്ലെന്ന ഭാവത്തിൽ ഞാൻ മെല്ലെ പൂമുഖത്തേയ്ക്ക് നടന്നു .

അവിടെത്തിയിട്ടും ഞാനാരേയും നോക്കാൻ പോയില്ല . എനിക്കല്ലല്ലോ എന്നെയല്ലേ കാണേണ്ടത് . കാണട്ടെ കൺകുളിർക്കെ കാണട്ടെ .

വയസിത്രേം ആയെങ്കിലും ഇതു് ജീവിതത്തിൽ ആദ്യത്തെ അനുഭവമാണല്ലോ .അതുകൊണ്ടു തന്നെ കാര്യങ്ങൾ ഒന്നും വല്യ പിടിയില്ല .സാധാരണ പറഞ്ഞുകേട്ടിരിക്കുന്ന ക്ളീഷേ ചോദ്യങ്ങളൊന്നുമില്ല .അതു മാത്രമോ ഒരെണ്ണം മിണ്ടുന്നുമില്ല .സൂര്യനു താഴെയുള്ള എന്തിനെ കുറിച്ചും വാചാലനാകുന്ന എന്റെ അച്ഛനും മിണ്ടാവ്രതമോ ?ഇതെന്താ ഊമകളുടെ സംസ്ഥാന സമ്മേളനമോ !!

മുഖമുയർത്തി എല്ലാവരെയും ഒരു റൗണ്ട് നോക്കിയ ഞാൻ തളർന്നു പോയി . ഇനി ഒരിക്കലും തമ്മിൽ കാണില്ലെന്നു കരുതിയ ആൾ കണ്മുന്നിൽ !! തൊട്ടടുത്തിരിക്കുന്ന ആളിന് ഈ ആളിന്റെ അതേ രൂപം അതേ ഭാവം .. ഓ അപ്പോൾ സഹോദരനെ കൊണ്ട് എന്നേ കെട്ടിക്കാനുള്ള പരിപാടിയുമായിട്ട് ഇറങ്ങിയേക്കുവാ .കാണിച്ചു കൊടുക്കാം ഞാൻ .എനിക്ക് സങ്കടം ദേഷ്യം ഒക്കെ കൂടി ഒരുമിച്ചു കേറിവന്നു .

“ഇനി പെണ്ണിനും ചെക്കനും പരസ്പരം എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം . അതാണല്ലോ ഇപ്പോഴത്തെ നാട്ടുനടപ്പ് . ” അവരുടെ കൂടെ വന്ന തല മൂത്ത ഏതോ കാർന്നോരാണെന്നു തോന്നുന്നു .

“ഏയ് വേണമെന്നില്ല .”. മണവാളൻ എന്നേ നോക്കി ഒരു വളിച്ച ചിരി .

“എനിക്കു സംസാരിക്കണം ” ഞാനാ കണ്ണിലേക്ക് നോക്കി .

“എന്നോടോ ?”അത്ഭുതം വാരി വിതറി കൊണ്ടാണ് ചോദ്യം . “അതേ “. ഉറച്ച ശബ്ദത്തിൽ പറഞ്ഞു ഞാൻ എന്റെ റൂമിലേയ്ക്ക് നടന്നു . നിമിഷങ്ങൾക്കകം ആളു പിന്നാലെ എത്തി .

“എന്നോടെന്താ നന്ദയ്ക്ക് പറയാനുള്ളത് ?”

“എനിക്കു നിങ്ങളേ നേരിട്ടറിയില്ല .അരുൺ സാറിന്റെ സഹോദരനാണെന്ന് തോന്നി . അതുകൊണ്ടു തന്നെയാ സംസാരിക്കണമെന്ന് പറഞ്ഞത് .ഒരു കാലത്ത് മനസറിഞ്ഞു പ്രണയിച്ചവരാണ് ഞാനും അദ്ദേഹവും . അതിൽ ആത്മാർത്ഥത എനിക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന തിരിച്ചറിവ് എനിക്ക് തന്നത് സാറിന്റെ വിവാഹ വാർത്തയായിരുന്നു .ആകെ തകർന്നു പോയ എന്നേ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവരാൻ എന്റെ അച്ഛനും അമ്മയും എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് അറിയോ നിങ്ങൾക്ക്‌ . അതൊക്ക ഓർത്തു മാത്രമാ എല്ലാം മറക്കാൻ ഒരു പാഴ്ശ്രമമെന്ന നിലയ്ക്ക് ഒരു വിവാഹത്തിന് ഞാൻ സമ്മതം മൂളിയത് . അതു പക്ഷേ നിങ്ങളാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇവിടെ വരെ വരുത്തി ബുദ്ധിമുട്ടിക്കില്ലായിരുന്നു ”

അത്രയും പറഞ്ഞപ്പോഴേക്കും ഞാൻ കിതച്ചു പോയിരുന്നു .

“നന്ദ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു ” അയാളും വാക്കുകൾക്കായി പരതി .

“അതേ തെറ്റിധാരണ തന്നെ ആയിരുന്നു .എന്നേ ഇഷ്ടമാണെന്ന് ഒരിക്കലും അദ്ദേഹം പറഞ്ഞിരുന്നില്ല .അതു കൊണ്ടു തന്നെ കുറ്റപ്പെടുത്താൻ ഞാൻ ആളല്ല . അതു പോട്ടെ . പ്രൊപ്പോസലുമായി ഇങ്ങോട്ടു വന്നതായതു കൊണ്ട് ഇവിടെ ഉള്ളവരോട് ഇനി എന്തു പറയുമെന്നോർത്ത് വിഷമിക്കണ്ട . അതു ഞാൻ എന്തെങ്കിലും പറഞ്ഞു മാനേജ് ചെയ്‌തോളാം .എനിക്കൊന്നേ പറയാനുള്ളു എനിക്കു സമ്മതമല്ല അത്ര തന്നെ .”

ഞാൻ ചിരിയുടെ മൂടുപടം അണിഞ്ഞു പറഞ്ഞു നിർത്തി .

“എന്നാൽ ശരി ” ഒരു ചെറു ചിരിയോടെ ആള് മുറിയിൽ നിന്നിറങ്ങി .അപ്പോഴാണ് ഞാൻ ഓർത്തത് എന്നേ ആദ്യമായും ഒരുപക്ഷേ അവസാനമായും പെണ്ണു കാണാൻ വന്ന മഹാനല്ലേ പേരു പോലും അറിയില്ലെന്ന് പറഞ്ഞാൽ മോശമല്ലേ എന്ന് .

“അതേ പേരു പറഞ്ഞില്ലല്ലോ ” ചളിപ്പോടെയുള്ള എന്റെ ചോദ്യത്തിനുള്ള മറുപടിയും അങ്ങനെ തന്നെ .

“ഇനി പേരറിഞ്ഞിട്ടെന്തിനാ ? എന്നാലും പറഞ്ഞേക്കാം . എന്റെ പേര് കിരൺ . ഇനി എനിക്കു പോകാല്ലോ ?” ഞാൻ മെല്ലെ തലയാട്ടി .

വിശദീകരണം ചോദിച്ചു വന്ന വീട്ടുകാരോട് ഒന്നു മാത്രം പറഞ്ഞു ഞാൻ . “ഈ ജന്മം ഇതിങ്ങനെ പോട്ടെ . ഇതു മതി. ഐ ആം റിയലി ഹാപ്പി അച്ഛാ ..” തൽക്കാലം അതങ്ങനെ കഴിഞ്ഞു . കുറച്ചു നാളുകൾക്ക് ശേഷമുള്ള ഒരു മഴപ്പകലിൽ കിരൺ എന്നേ കാണാൻ എന്റെ ഒപിയിൽ എത്തി .പ്രതീക്ഷിക്കാത്ത ആളിനെ കണ്ടു ഞാൻ അറിയാതെ സീറ്റിൽ നിന്നും എഴുനേറ്റു പോയി .

“ഹാ ഇരിക്ക് ഡോക്ടറേ .ഡോക്ടറു പേടിക്കണ്ടാ . ഇഷ്ടമില്ലാത്ത വിവാഹത്തിന് നിർബന്ധിക്കാനൊന്നും വന്നതല്ല കേട്ടോ .ചില കാര്യങ്ങൾ ഇനിയെങ്കിലും പറഞ്ഞില്ലെങ്കിൽ ശരിയാവില്ലെന്നു തോന്നി .അതാ വന്നത് . ഓപി കഴിഞ്ഞല്ലോ അല്ലേ ?നമുക്കു പുറത്തെവിടെ എങ്കിലും ഇരുന്നു സംസാരിച്ചാലോ ?ഇവിടെ അടുത്ത് ഏതെങ്കിലും റെസ്റ്റോറെന്റിലേയ്ക്ക് വിട്ടാലോ ?”

ഇതിപ്പോ എനിക്കു സംസാരിക്കാനൊരു ഗ്യാപ്പില്ലാതെ ഞാനെന്തു പറയാൻ ? എന്റെ മറുപടിക്കു കാക്കാതെ കിരൺ പുറത്തേയ്ക്കിറങ്ങി .

“ഡോക്ടർ എന്റെ കാറിനെ ഫോളോ ചെയ്‌താൽ മതി കേട്ടോ ” തിരിഞ്ഞു നോക്കാതെ തന്നെ കിരൺ പറഞ്ഞതു കേട്ട് ഞാൻ വെറുതെയൊന്നു തലയാട്ടി . എന്റെയൊരു സമാധാനത്തിന് .

കിരണിനേ പിന്തുടരുമ്പോൾ എന്തായിരിക്കും എന്നോട് അയാൾക്ക് പറയാൻ ഉണ്ടാവുക എന്നോർത്ത് എന്റെ മനസ് വേവലാതിപ്പെട്ടു .ഹോട്ടലിന്റെ പാർക്കിംഗ് ഏരിയായിൽ എന്നേയും കാത്തു ആൾ നിൽക്കുന്നുണ്ടായിരുന്നു .

അകത്തു കടന്നിരുന്ന ഞങ്ങളുടെ അടുത്തേയ്ക്ക് ഓർഡർ എടുക്കാൻ വന്ന ആളിനേ ഇപ്പോൾ രണ്ടു് ഗ്ലാസ് തണുത്ത വെള്ളം മാത്രം ബാക്കി പിന്നീട് പറയാം എന്നു പറഞ്ഞു കിരൺ മടക്കി .എന്നിട്ട് എന്റെ നേരേ തിരിഞ്ഞു .

“ഡോക്ടറേ പറയാനുള്ളത് വളച്ചു കെട്ടാതെ നേരേ അങ്ങു പറയാം .അന്നു ഡോക്ടറേ കാണാൻ വന്നത് ഞാനല്ലഎന്റെ ഏട്ടനാ .” കേട്ടത് വിശ്വസിക്കാതെയുള്ള എന്റെ നോട്ടം കണ്ടിട്ടാവും ചിരിയോടെ കിരൺ തുടർന്നു .

“ഡോക്ടർ പറഞ്ഞതു പോലെ എല്ലാം ഒന്നും തെറ്റിധാരണ ആയിരുന്നില്ല കേട്ടോ . തുറന്നു പറഞ്ഞിരുന്നില്ല എങ്കിലും ഏട്ടന് ഇയാളെ ജീവനായിരുന്നു ,എന്നു മാത്രമല്ല ഏട്ടന്റെ ഇഷ്ടം ആദ്യം പറഞ്ഞതും അച്ഛനോടും അമ്മയോടുമായിരുന്നു .ആർക്കും ഒരെതിർപ്പും ഇല്ലായിരുന്നു . പക്ഷേ ഇതറിഞ്ഞ അച്ഛൻ പെങ്ങളുടെ മകൾ മാളവിക കയ്യിലെ വെയിൻ മുറിച്ചു സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു .അതോടെ അച്ഛൻ പ്ലേറ്റ് തിരിച്ചു . ഇഷ്ടമാണെന്ന് ഒന്നു പറഞ്ഞിട്ടു കൂടിയില്ലാത്ത പെണ്ണിനു വേണ്ടി കാത്തിരിക്കണോ അതൊ നിനക്കു വേണ്ടി ജീവൻ കളയാൻ തയ്യാറായ പെണ്ണിനേ കൂടെ കൂട്ടണോ എന്ന് ആലോചിക്ക് എന്ന് അച്ഛൻ . എനിക്കൊരു ജീവിതം ഉണ്ടെങ്കിൽ അതു അരുണേട്ടനോടൊപ്പം അല്ലെങ്കിൽ ഞാൻ മരിച്ചു കളയും എന്നു മാളു .ഒടുവിൽ വേറൊരു മാർഗവും ഇല്ലാതെ ഏട്ടൻ മാളുവുമായുള്ള വിവാഹത്തിന് സമ്മതം മൂളി .പക്ഷേ താലി കെട്ടുന്നതിനു മുൻപ് ഏട്ടൻ എല്ലാവരോടുമായി ഒരു കാര്യം പറഞ്ഞിരുന്നു .മനസിലുള്ളവളേ മറന്നു ജീവിച്ചു തുടങ്ങാൻ കുറച്ചു സമയം വേണം എന്നു പറയുന്നില്ല കാരണം ചിലപ്പോൾ ഒരിക്കലും അതിനു സാധിച്ചില്ലെന്ന് വരും എന്ന് .

അതേ .. അതു സത്യമായിരുന്നു . മാളുവിന് ഒരു കുറവും ഏട്ടൻ വരുത്തിയില്ല. പക്ഷേ അവളേ ഭാര്യ ആയി കാണാൻ മാത്രം ഏട്ടനു കഴിഞ്ഞില്ല . ശ്രമിച്ചിട്ടും ഇല്ല എന്നാ എനിക്ക് തോന്നുന്നത് .ആദ്യത്തെ എടുത്തു ചാട്ടവും പിടിവാശിയും ഒക്കെ കളഞ്ഞു പഠിച്ച പണിയെല്ലാം പയറ്റി നോക്കി മാളു . പക്ഷേ എവിടെ ? നോ രക്ഷ .അവസാനം അവളു തന്നെ സൊല്യൂഷനും കണ്ടെത്തി …മ്യുച്വൽ ഡിവോഴ്സ് ! എട്ടന് ഒന്നിലും ഒരു എതിർപ്പുമില്ല . വിവാഹബന്ധം തുടരണോ അതല്ല ഇനി ഡിവോഴ്സ് വേണോ .. എന്തിനും ആളു റെഡി .” കിരൺ ഒന്നു നിർത്തി ഒരു നെടുവീർപ്പോടെ തുടർന്നു .

ഇതെല്ലാം കഴിഞ്ഞു വേറേ കല്യാണവും കഴിച്ചു രണ്ടു് പിള്ളേരുമായി മാളൂന്റെ ജീവിതം സ്വസ്ഥം സുഖം ..പിന്നെ എട്ടന്റേം മാളൂന്റേം കെട്ടും അഴിക്കലും എല്ലാം പെട്ടെന്നായിരുന്നു . ആ സമയത്ത് ഡോക്ടറുടെ കാര്യം വീട്ടിലൊരു സംസാര വിഷയമായി .എനിക്കു തോന്നുന്നു അന്ന് ഇയാൾ സെക്കന്റ് ഇയറോ മറ്റോ ആയിരുന്നെന്നു .പക്ഷേ ഏട്ടൻ സമ്മതിച്ചില്ല. യോഗ്യയായ ഡോക്ടർക്ക് ഒരു രണ്ടാം കേട്ടു കാരൻ ഒട്ടും മാച്ചാവില്ലെന്ന് .പിന്നീടൊരിക്കൽ മൂത്ത മകന്റെ അവസ്ഥ പറഞ്ഞു കരഞ്ഞ അമ്മയോട് പറഞ്ഞു എന്തിന്റെ പേരിലായാലും തന്നെ ഒഴിവാക്കിയതിന് ഏട്ടൻ ഏട്ടനു തന്നെ കൊടുക്കുന്ന ശിക്ഷയാ ഈ ഒറ്റയ്ക്കുള്ള ജീവിതമെന്ന് . അതൊക്കെ പക്ഷേ പഴയ കഥയാ .പിന്നെ ഇപ്പോൾ വീണ്ടും ഈ പ്രശ്നം തല പൊക്കിയത് ഞാൻ പുര നിറഞ്ഞപ്പോഴാണ് . ഏട്ടന്റെ വിവാഹം ആദ്യം എന്നിട്ടേ ഞാൻ കേട്ടൂ എന്നും പറഞ്ഞ് ഒറ്റക്കാലിൽ നിന്ന എന്നോട് പുള്ളി ഒരു ഡയലോഗ് . എന്റെ പെണ്ണിനേ എന്റെ മുൻപിൽ കൊണ്ടു വന്നു നിർത്താൻ നിനക്കു പറ്റുമോ ?? ഇല്ലല്ലോ .. എന്നാൽ പിന്നെ ഇനി ഈ പ്രായത്തിലൊരു വിവാഹം എന്നും പറഞ്ഞു ഒരുത്തനും വന്നേക്കരുത് എന്ന് . പിന്നെന്തു ചെയ്യാനാ ? ഡോക്ടറേ പറ്റി വെറുതേ ഒന്ന് അന്വേഷിച്ചതാ .ഇനി ഇയാളും ഇതുപോലെ വല്ല ഡിവോഴ്‌സും ഒക്കെ കഴിഞ്ഞു എങ്ങാനും ഫ്രീ ആയി നിൽക്കുന്നുണ്ടെങ്കിലോ ?പ്രതീക്ഷ ഒന്നും ഉണ്ടായിട്ടല്ല . എന്റെ ഒരു സമാധാനത്തിന് .പക്ഷേ ഡോക്ടർ ഇപ്പൊഴും സിംഗിളാണെന്ന് അറിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി കേട്ടോ .എന്താല്ലേ ഈ പ്രണയത്തിന്റെ ഒരു പവർ ? കുറച്ചു നിമിഷങ്ങൾ നിശബ്ദമായി കടന്നു പോയി .

“അകത്തേ തീ ആയിരിക്കും ഈ കണ്ണിൽ നിന്നിങ്ങനെ ഒഴുകുന്നത് അല്ലേ ?ആ തീ അണയ്ക്കാൻ തണുത്ത നാരങ്ങാ വെള്ളം ബെസ്റ്റാ . വിത്ത് സോഡാ . ഒരെണ്ണം പറയട്ടേ ?”

“പിന്നെന്താ … പക്ഷേ വിത്ത് ഔട്ട് സോഡാ മതി ”

കിരണിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞ ആശബ്ദം !! കാലങ്ങൾക്കിപ്പുറം വീണ്ടും കേട്ടപ്പോൾ അറിയാതെ നെഞ്ചൊന്നു വിങ്ങി .തൊണ്ടക്കുഴിയിൽ അറിയാതൊരു കരച്ചിൽ കുറുകി .മുഖം ഉയർത്താൻ കെല്പില്ലാതെ ഞാനിരുന്നു .

“എന്നാൽ പിന്നെ ഞാൻ അങ്ങോട്ടു വിട്ടാലോ ?ഏട്ടാ ഡോക്ടറിന്റെ ഓ സോറി എട്ടത്തീടെ സങ്കടോം വിശപ്പുമൊക്കെ മാറ്റീ നിങ്ങൾ പതുക്കെ വാ .” കിരൺ യാത്ര പറഞ്ഞു .

“എവിടെ നിന്റെ മൂക്കുത്തി ?” ചോദ്യം കേട്ട് ഞാൻ ആ കണ്ണുകളിലേയ്ക്ക് നോക്കി .കുസൃതിയും പ്രണയവും മാത്രം നിറച്ചു എന്നേ നോക്കിയിരുന്ന ആ കണ്ണുകളിൽ പക്ഷേ ഇന്നുള്ള വികാരം എന്തെന്ന് തിരിച്ചറിയാനാകാതെ കണ്ണും നിറച്ചു ഞാനിരുന്നു .

“അത് .. അതൊക്കെ പോയി ” ഞാൻ നിന്നു വിക്കി . എനിക്കു കിട്ടിയ ഒരേയൊരു പ്രണയ സമ്മാനം .എന്റെ പ്രണയം പോലെ അതും എനിക്കു കൈമോശം വന്നു എന്നെങ്ങനെ പറയും ?

“സാരമില്ല .. ദാ ഇതു് വച്ചോ ഞാൻ നിന്റെ കൈ പിടിക്കുമ്പോൾ ഇതണിഞ്ഞു വേണം വരാൻ .” ഒരു കുഞ്ഞു ബോക്സ് നീട്ടി പിടിച്ചാണ് പറയുന്നത് .അറിയാതെ കൈ നീട്ടി വാങ്ങി മെല്ലെ തുറന്നു . ഒരു കുഞ്ഞു മൂക്കുത്തി .. അതും പച്ചക്കല്ലിൽ .മനോഹരമായ ആ കാഴ്ചയെ മറയ്ക്കാനെന്നോണം എന്റെ കണ്ണുകൾ പെയ്തുകൊണ്ടേയിരുന്നു.

“ഇങ്ങോട്ടു പോരുന്ന വഴിയിൽ നിന്റെ വീട്ടിൽ പോയിരുന്നു .ഒരു മുഹൂർത്തം കുറിപ്പിച്ചു നിന്റെ അച്ഛന്റെ കയ്യിൽ കൊടുത്തിട്ടുണ്ട് .ആ സന്തോഷം കണ്ടു മനസു നിറഞ്ഞു വന്ന എന്നേ കരയിക്കാൻ നോക്കുന്നോ ?” കുറുമ്പൊടെ പറയുന്ന ആളിനെ കണ്ണീരിനിടയിലൂടെ ഞാൻ കണ്ടു .

“ഈ കഴിഞ്ഞ പത്തു വർഷങ്ങളിലും നീയെന്റെ ഒപ്പമുണ്ടായിരുന്നു .. നിന്നോട് സല്ലപിച്ച് കലഹിച്ച് അതിലേറെ പ്രണയിച്ച് ഒക്കെയാണ് എന്റെ ഓരോ ദിനരാത്രങ്ങളും കടന്നു പോയത് .എങ്കിലും ഇനി വയ്യ . കൂടെ കൂട്ടിക്കോട്ടേ ഞാൻ ?”

എന്റെ നേരേ ആ വലതു കൈ നീട്ടി . ഞാൻ ആ കണ്ണിലേക്ക് നോക്കി ..ഇപ്പോൾ അവിടെ നിറയെ കുസൃതിയാണ് …എന്നോടുള്ള അടങ്ങാത്ത പ്രണയമാണ് …

അതേ എനിക്കും ജീവിക്കണം .. സല്ലപിച്ച് .. കലഹിച്ച് പിന്നെ ആ പ്രണയ മഴയിൽ നനഞ്ഞ് .. അങ്ങനെ അങ്ങനെ ഒരുപാടു കാലം ..ഞാനാ കൈകളിലേക്ക് എന്റെ വലം കൈ ചേർത്തു വെച്ചു .

രചന : Seema Binu

Leave a Reply

Your email address will not be published. Required fields are marked *