Categories
Uncategorized

അതും എടുത്ത്‌ ഒന്ന് ചുംബിച്ചു അവിടെ തന്നെ വെച്ചു പുറത്തേക്ക് നടക്കുമ്പോൾ…

രചന: മഹാദേവൻ

മരിക്കാനുള്ള മോഹം കൊണ്ട് ഇന്നലെ അതങ്ങട്ട് ചെയ്തു. രാവിലെ വന്നു നോക്കിയവർ മൂക്കത്തു വിരൽ വെച്ച് കെട്ടിയ കയർ വെട്ടിയിറക്കുമ്പോൾ തട്ടുമ്പുറത്തിരിക്കുന്ന ഒരു ജവാൻ ഫുൾ എന്നെ നോക്കി കൊ-ഞ്ഞനം കുത്തുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ ” ഛെ, എടുത്തു ചാടി കെ-ട്ടിത്തൂ-ങ്ങണ്ടായിരുന്നു ” എന്നൊരു തോന്നൽ. വേറൊന്നും കൊണ്ടല്ല , കൂട്ടുകാര് തെണ്ടികളോട് കുപ്പി വെച്ച സ്ഥലം ഇന്നലെ പറഞ്ഞ് കൊടുത്തതാണ്. ഇനി ഞാൻ ചത്തതിന്റ സങ്കടന്നും പറഞ്ഞ് ഞാൻ കാശ് കൊടുത്തു വാങ്ങിയ സാധനം എനിക്ക് ഒരു തുള്ളി തരാതെ അടിക്കുമല്ലോ എന്നോർക്കുമ്പോൾ എന്തോ ഒരിത്.

അങ്ങനെ വെട്ടിയിറക്കി നിലത്തേക്ക് കിടത്തുമ്പോൾ വീട് നിറയെ ആളുകൾ കൂടിയിരുന്നു.

ഇന്നലെ കൂടി ലബ്യു എന്ന് പറഞ്ഞതിന് പോടാ പട്ടി എന്ന് പറഞ്ഞ പാക്കരേട്ടന്റെ മൂത്ത മോള് ചന്ദ്രികയെ കണ്ടപ്പോൾ ഇച്ചിരി ദേഷ്യമൊക്കെ തോന്നി. അവൾ കാണട്ടെ ന്റെ ശവം, ഈ അവസ്ഥയിൽ എന്നെ കാണുമ്പോൾ ഇന്നലെ അങ്ങനെ ഒന്നും പറയണ്ടായിരുന്നു എന്നോർത്തു അവൾ ദുഃഖിക്കും എന്നൊക്കെ ചിന്തിക്കുമ്പോൾ ഒരു മനസ്സുഖം.

അതിനിടയിലേക്ക് വന്നു നിന്ന ഓട്ടോയിൽ നിന്ന് പെങ്ങൾ പറന്നിറങ്ങി എന്റെ അരികിലേക്ക് ഓടി വരുമ്പോൾ ഞാൻ ശ്രദ്ധിച്ചത് അളിയനെ ആയിരുന്നു . തെണ്ടി കഴിഞ്ഞ ആഴ്ച അടിച്ചതിന്റെ കട്ട കാശ് ഇതുവരെ തന്നിട്ടില്ല. പോരാത്തതിന് പെങ്ങളോട് അളിയൻ നിർബന്ധിച്ചു കുടിപ്പിച്ചതാണെന്ന് കള്ളവും പറഞ്ഞ് ഇവളുടെ വായിലെ ഭരണിപ്പാട് മുഴുവൻ കേൾപ്പിച്ച സാമദ്രോഹി .

വന്ന പാടെ നെഞ്ചിലിട്ട് ഒരടിയായിരുന്നു പെങ്ങൾ. ചത്തെന്നു കരുതി ഇങ്ങനെ തല്ലാതടി എന്ന് പറഞ്ഞങ്കിലും മ്മള് പറയുന്നതിപ്പോൾ ആർക്കും കേൾക്കില്ലല്ലോ എന്നോർക്കുമ്പോൾ ചാവാൻ തോന്നിയ ആ നശിച്ച നിമിഷത്തെ ശപിച്ചു കിടന്നു. നെഞ്ചത്തടിച്ച വേദനയിലും അനങ്ങാൻ പോലും പറ്റാതെ കിടക്കുമ്പോൾ ശവത്തിന്റെ ക്ഷമയെ പരീക്ഷിക്കാൻ പോലെ ഒന്ന് രണ്ട് ഈച്ചകൾ മൂക്കിലും ചുണ്ടിലുമൊക്ക വന്നിരുന്ന് ക്യാബറെ കളിക്കുന്നുണ്ടായിരുന്നു..

ജീവിച്ച കാലത്ത് ഒരു കാര്യത്തിലും ഒട്ടും ക്ഷമ കാണിച്ചിട്ടില്ല. അല്ലേൽ ഇച്ചിരി ക്ഷമ കാണിച്ചിരുന്നെങ്കിൽ ഇങ്ങനെ വെട്ടിയിട്ട വാഴ പോലെ കിടക്കേണ്ടി വരില്ലായിരുന്നല്ലോ. ഇനിപ്പോ ക്ഷമിച്ചല്ലേ പറ്റൂ… ഈച്ച പോലും ഈ അവസ്ഥയിൽ കിട്ടിയ അവസരം മുതലാക്കുകയാണലോ എന്നോർക്കുമ്പോൾ…..

ഇനിപ്പോ ആരും വരാനില്ലാത്ത സ്ഥിതിക്ക് ബോഡി കുളിപ്പിക്കാൻ തുടങ്ങുകയല്ലേ എന്നാരോ പറയുന്നത് കേട്ടപ്പോൾ ആണ് ആകെ ഒരു പരവേശം ഓടിക്കയറിയത്. കൂട്ടം കൂടി നിൽക്കുന്ന പെണ്ണുങ്ങൾക്കിടയിൽ ഉടുതുണി പോലുമില്ലാതെ… അയ്യേ… കുളിപ്പിക്കുമ്പോൾ ജെട്ടി അഴിക്കല്ലേ എന്ന് പറയണമെന്ന് ഉണ്ടായിരുന്നു. പക്ഷേ, പണ്ട് സലീംകുമാർ പറഞ്ഞപോലെ ഇതുവരെ ഒരു ബോഡിയും ജെട്ടിയിട്ട് പോകാൻ ഞാൻ സമ്മതിച്ചിട്ടില്ല എന്ന ഭാവത്തോടെ ഒരാൾ എന്റെ ജെട്ടിയിൽ പിടുത്തമിട്ടിരുന്നു. ജെട്ടി അഴിക്കുമ്പോൾ അതിലുള്ള തുളകൾ ഈ പെണ്ണുങ്ങൾ ഒക്കെ കാണുമല്ലോ എന്നോർത്ത് അഴിക്കല്ലേ അഴിക്കല്ലേ എന്ന് പറയുമ്പോൾ എന്റെ കണ്ണുകൾ നാലുപാടും നിൽക്കുന്ന പെണ്ണുങ്ങളിൽ ആയിരുന്നു. എല്ലാവരും മൂക്കത് വിരൽ വെച്ച് ഉറ്റുനോക്കുന്നത് കണ്ടപ്പോൾ ആകെ ഒരു ചളിപ്പ്. മനുഷ്യൻ അവസാനമായി പോകുമ്പോൾ അറ്‌ലീസ്റ്റ് ഒരു ജെട്ടി എങ്കിലും തന്നൂടെടാ മൈ….. മക്കളെ എന്ന് ഉറക്കെ പറയണമെന്ന് ഉണ്ട്.. അങ്ങനെ കുളിപ്പിച്ചെടുത്തു വാഴയിലയിലേക്ക് കിടത്തുമ്പോൾ നാണം മറയ്ക്കാൻ ഒരു കോടിമുണ്ട് പുതപ്പിച്ചിരുന്നു.. ഇച്ചിരി ആശ്വാസം.. !

അതിനിടയ്ക്ക് വായ്ക്കറിയിടാൻ വന്നവർ വായിൽ അരിയുംപൂവും കുത്തിക്കേറ്റാൻ പാട് പെടുകയായിരുന്നു. മൂക്കിൽ പഞ്ഞി, വായിൽ അരിയും പൂവും… ഈശ്വരാ.. ഇനി ഒരിക്കൽ കൂടി ശ്വാസം മുട്ടി മരിക്കേണ്ടി വരുമോ എന്നും ചിന്തിച്ചു കിടക്കുമ്പോൾ എന്നെ ഒന്ന് നോക്കി അകത്തേക്ക് പോകുന്ന കൂട്ടുകാരന്റെ മെല് ആയിരുന്നു എന്റെ കണ്ണ്.. ആ തെണ്ടി മാറ്റിവെച്ച ജവാൻ എടുക്കാൻ പോവാണ്. ഞാൻ കാശ് കൊടുത്ത് വാങ്ങിയ സാധനം ദേ, അവന്മാർ കട്ടകാശ് പോലും തരാതെ ഊത്താൻ പോകുന്നു. ജീവിച്ചിരുന്നെങ്കിൽ കാശ് തന്നെ ഒരു തുള്ളി കൊടുക്കുമായിരുന്നുള്ളൂ. ഇതിപ്പോ മ്മക്ക് ഒരു തുള്ളി പോലും തരാതെ…. നക്കടാ നക്ക്..

അപ്പൊ എങ്ങനാ.. അടക്കം ഇവടെ തന്നെ ചെയ്യുവാന്നോ, അതോ ഐവർ മഠത്തിലേക്ക് കൊണ്ട് പോണോ എന്ന് ചോദിച്ചപ്പോൾ പെങ്ങൾ ഒന്ന് നന്നായി മൂക്ക് വലിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു ” ഇവിടെ വേണ്ട, അങ്ങോട്ട് കൊണ്ട് പോകാം. ” എന്ന്.

ഇടയ്ക് കേറി വന്ന അളിയനോട് അവൾ ശബ്ദം താഴ്ത്തി പറയുന്നത് കൂടി കേട്ടപ്പോൾ ഈ ഊളകളേ ഒറ്റ ചവിട്ടിന് ഭിത്തിയിൽ ചേർക്കാനാണ് തോന്നിയത്.

” അതെ മനുഷ്യ, ഇവനെ ഇവടെ അടക്കിയാൽ പിന്നെ ഈ സ്ഥലം ആരും വില കാണില്ല. ഇനി ഞാനാ ഇതിന്റെ അവകാശി. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇവനൊരു ശല്യം ആയിരുന്നു. ഇനി ചത്തിട്ടും ഒരു ശല്യമായി കൂടെ കൂട്ടണ്ട. അവിടെ കൊണ്ടോയി നാല് കൊള്ളി വിറകിൽ കത്തിച്ചാൽ തീർന്നില്ലേ. ”

ഈശ്വരാ.. ഇവൾ ഇത്തരക്കാരി ആയിരുന്നോ എന്ന് ഉള്ള് പിടയ്ക്കുമ്പോൾ ജവാനടിച്ചു പാമ്പായ ഒരു കൂട്ടുകാരൻ മാത്രം ആ തീരുമാനത്തെ എതിർത്തു.

” പറ്റില്ല, ഇവനെ ഇവടെ തന്നെ അടക്കണം. ” എന്ന്.

എനിക്ക് അത് കേട്ടപ്പോൾ ആണ് ഒരു aആശ്വാസം തോന്നിയത്.ഞാൻ വാങ്ങിയ കള്ള് മോന്തിയിട്ട് ആണേലും ഒരാൾക്കെങ്കിലും എന്നോട് സ്നേഹം ഉണ്ടല്ലോ എന്നോർത്തപ്പോൾ ഒരു സന്തോഷം. പക്ഷേ, ആ സന്തോഷത്തിന്റെ ആയുസ്സ് അവന് ഉള്ളിൽ പറയുന്ന വാക്കുകൾ കേൾക്കുംവരെ ആയിരുന്നു. ” അങ്ങനെ ഒരു കത്തലിൽ നീ അങ്ങനെ രക്ഷപ്പെടണ്ടടാ തെണ്ടി. നീ ഇവിടെ കുഴിയിൽ കിടന്ന് പുഴവരിച്ചു ചിതൽ കേറി അളിഞ്ഞു പോയാൽ മതി. കഴിഞ്ഞ ആഴ്ച കട്ടയ്ക്ക് ഇട്ടിട്ട് ഞാൻ ഫിറ്റാണെന്നും പറഞ്ഞ് ഒരു തുള്ളി തരാത്ത ദ്രോഹി ”

അവൻ ആലോചിക്കുന്നത് കണ്ടപ്പോൾ അവന്റെ ചെവിക്കല്ല് നോക്കി ഒന്ന് കൊടുക്കാൻ ആണ് തോന്നിയത്. ഒരു തുള്ളി മദ്യത്തിന്റെ പേരിൽ ഇത്രേം പ്രതികാരമോ. അവനെ നശിപ്പിക്കാതിരിക്കാൻ ആ തുള്ളി കൂടി കുടിച്ച് അവന് വേണ്ടി സ്വയം നശിക്കാൻ തയാറായ എന്നോട് തന്നെ..

അപ്പൊ തന്നെ തീരുമാനിച്ചു, ഇനി ഒരു അവസരം കിട്ടിയാ മരിക്കില്ലെന്ന്. ഇതൊക്കെ അല്ലേ ചത്താലുള്ള അവസ്ഥ. പെട്ടന്ന് ആയിരുന്നു ശരീരത്തിൽ ഒരു ചൂട്. ഈശ്വരാ. കത്തിക്കുകയാണോ എന്ന് ചിന്തിച്ചു ചാടി എണീക്കുമ്പോൾ ഉണ്ട് അമ്മ ചട്ടുകവുമായി ഭദ്രകാളിയെ പോലെ നിൽക്കുന്നു. അപ്പോഴാണ് കാര്യം മനസ്സിലായത്. ഇത്രേം നേരം കണ്ടതൊക്കെ സ്വപ്നം ആയിരുന്നു . ചൂട് അടിച്ചത് തീ അല്ല, അമ്മ ചട്ടുകം പഴുപ്പിച്ചു ചന്തിക്ക് വെച്ചതാണെന്നും. ” മൂട്ടിൽ വെയിലടിച്ചാൽ എങ്കിലും ഒന്ന് എണീച്ചു പൊക്കൂടെ കുംഭകർണ്ണാ ” എന്ന് ചോദിച്ചു നിൽക്കുന്ന അമ്മയെ നോക്കി ഒരു വളിച്ച ചിരിയും ചിരിച്ചു പുറത്തേക്ക് ഇറങ്ങുമ്പോൾ ആദ്യം നോക്കിയത് തട്ടിൻപുറത്ത് ആയിരുന്നു.

ഉണ്ട്… ഇന്നലെ വെച്ച ജവാൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് അവിടെ തന്നേ ഉണ്ട്.

അതും എടുത്ത്‌ ഒന്ന് ചുംബിച്ചു അവിടെ തന്നെ വെച്ചു പുറത്തേക്ക് നടക്കുമ്പോൾ സുരാജ് പറഞ്ഞപോലെ ” അമ്മേ പൂമുഖത്തേക്ക് ഒരു ബ്ലാക്ക് ടീ ” എന്ന് പറഞ്ഞതെ ഉളളൂ.. അമ്മ കുളപ്പുള്ളിലീല ആയി ദേ വരുന്നു ” ചായപൊടിന്റ വെള്ളംന്ന് പറയെടാ തെണ്ടി ” എന്നും പറഞ്ഞ്.

രചന: മഹാദേവൻ

Leave a Reply

Your email address will not be published. Required fields are marked *