അടച്ചിരിപ്പ് കാലത്ത് സുബൈദയെ പൂട്ടിയിട്ട ആ ഇരുണ്ട ഒറ്റമുറിയുടെ വാതിൽ ആരോ തുറന്നിട്ടത് പോലെയും അവിടമാകെ പുതുവെളിച്ചം നിറയുന്നതായും അവൾക്ക് തോന്നി .

Uncategorized

© വിനൂജ സുകേഷ്

മക്കൾ രണ്ട്പേരെയും സിബിഎസ്ഇ സ്കൂളിൽ നിന്നും സർക്കാർ സ്കൂളിലേക്ക് മാറ്റിച്ചേർത്ത് വീട്ടിലേക്ക് നടന്നു വരികയായിരുന്നു സുബൈദ . അല്ലെങ്കിലും ജീവിതം വഴിമുട്ടിയ അവസ്ഥയിൽ പണക്കാരുടെ സ്കൂളിലെ ഫീസ് താങ്ങാനാവാതെ എന്ത് ചെയ്യണമെന്ന് വിചാരിച്ചിരിക്കുമ്പോഴായിരുന്നു, ഓൺലൈൻ ക്ലാസ്സിൽ നിന്ന് ഫീസ് അടക്കാത്തവരെ പുറത്താക്കുന്നെന്ന് മൂത്ത മോൻ അബ്ദു വന്നു പറഞ്ഞത് . അപ്പോൾ പിന്നെ തീരുമാനമെടുക്കാൻ അധികം ചിന്തിക്കേണ്ടി വന്നില്ലവൾക്ക്. ഇനിയങ്ങോട്ട് ഒറ്റക്ക് നടക്കേണ്ടവളാണ് താനെന്ന് മനസ്സിനെ ഒന്നുകൂടി ബോധ്യപ്പെടുത്തിക്കൊണ്ടവൾ ആ പൊള്ളുന്ന ഉച്ചവെയിലിനെ വകവയ്ക്കാതെ നടന്നു .

കഴിഞ്ഞ വർഷമാണ് സുബൈദയുടെ ഭർത്താവ് നിസാർ ഫേസ്ബുക്കിൽ വച്ചു പരിചയപ്പെട്ട മലപ്പുറംകാരിയായ അയാളേക്കാൾ പ്രായം ചെന്ന ഒരു സ്ത്രീയുമായിട്ടുള്ള ബന്ധം തുടങ്ങിയത് . അന്നത് കണ്ട് പിടിച്ചപ്പോൾ പൊട്ടിപ്പെണ്ണേ സുബൈദാ എന്നും പറഞ്ഞ് ലാഘവത്തോടെ ആ വിഷയത്തെ അവളിൽ നിന്നും ഒരു അപ്പൂപ്പൻ താടി കണക്കെ കാറ്റിൽ പറത്തിവിട്ടു . അന്നതൊക്കെ വിശ്വസിക്കാനേ അവൾക്കായുള്ളൂ , കാരണം അയാളോടുള്ള പ്രണയവും വിശ്വാസവും ഒരുപാടായിരുന്നു.

അഞ്ചാറ് മാസം മുൻപേ സുബൈദയേയും മക്കളെയും വിട്ടിട്ട് പോയതായിരുന്നു നിസാർ . കഴിഞ്ഞാഴ്ചയായിരുന്നു ആ സ്ത്രീയെ ഉപേക്ഷിച്ചു വരാൻ പറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞത് . ആ രാത്രിയിൽ അയലത്തെ ആൾതാമസമില്ലാത്ത വീടിന്റെ പൊട്ടക്കിണറിൽ ചാടി മരിക്കാൻ നിശ്ചയിച്ച അവളുടെ മനസ്സിൽ നാളെ അനാഥരാകുന്ന ഒന്നുമറിയാതെ വീട്ടിൽ ഉറങ്ങുന്ന തന്റെ പൊന്നോമനകളുടെ മുഖം തെളിഞ്ഞുവന്നു . അവരുടെ ആശ്രയം തന്നിൽ മാത്രമാണ് . താങ്ങാൻ ആളില്ലാത്തവൾക്ക് എന്ത് തളർച്ച എന്നുംപറഞ്ഞ് ബാക്കി വന്ന കണ്ണീരിനെ തട്ടത്തിന്റെ അറ്റം കൊണ്ടമർത്തി തുടച്ചുകൊണ്ടവാൾ ഇരുട്ടിനെ കീറിമുറിച്ചു നടന്നു.

നാളെയെ കുറിച്ചാലോചിച്ചാൽ സുബൈദക്ക് താൻ ഇടക്ക് സ്വപ്നം കാണാറുള്ള കടൽ തീരത്തെ വെളുത്ത പൂഴിമണ്ണിലൂടെ എത്രവേഗത്തിൽ ഓടിയാലും എത്താത്ത അവസ്ഥപോലെയാണ് . വിദ്യാഭ്യാസമില്ല, ജോലി ഒന്നുമറിയില്ല, സമൂഹത്തിൽ എങ്ങനെ ജീവിക്കണം എന്ന്തന്നെ അറിയില്ല . സുബൈദയുടെ ഉമ്മ കിടപ്പിലായതിൽ പിന്നെ പത്താം ക്ലാസ്സ്‌ പരീക്ഷ പോലും എഴുതാനാവാതെ പഠിപ്പ് നിർത്തേണ്ടി വന്നതായിരുന്നു . മൂന്നു വർഷം കഴിഞ്ഞു ഉമ്മ പോയതിൽ പിന്നെയാണ് നിസാർ ആയിട്ടുള്ള കല്യാണം . ചോദിക്കാനും പറയാനും ആരുമില്ലാത്ത തന്നെപ്പോലുള്ളവൾ സഹിച്ചു ജീവിക്കുക എന്ന യാഥാർഥ്യം അവൾ പോകെ പോകെ മനസിലാക്കി . എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിരുന്നെങ്കിലും അയാൾടെ താല്പര്യത്തിനനുസരിച്ചുള്ള ഒരു യന്ത്രപ്പാവ കണക്കെയുള്ള ജീവിതമായിരുന്നു അവളുടേത്. ഒപ്പം അവളുടെ സ്വാതന്ത്ര്യത്തെയും കുഴിച്ചു മൂടപ്പെട്ടിരുന്നു .

മുൻപ് ആ നാട്ടിലെ ഇടവഴികൾ തന്നെ അവൾക്ക് അപരിചിതമായിരുന്നു . നിസാർന്റെ കാറിലായിരുന്നു എപ്പോഴും യാത്ര . ഓരോ ദിവസവും മതിമറന്നു ജീവിക്കുക എന്ന കാഴ്ചപ്പാടായിരുന്നു അയാൾക്ക് . സ്വന്തമായി വീടില്ല . അതൊരു വാടകവീടായിരുന്നു . പുറമെ കാണുന്നവർക്ക് എല്ലാം കൊണ്ടും പണക്കാർ ആണെന്ന് തോന്നിക്കണം എന്ന നിർബന്ധം അയാൾക്കുണ്ടായിരുന്നു . കൂടുതൽ പണവും സൗന്ദര്യവും കാട്ടി ആരോ വിളിച്ചപ്പോൾ എല്ലാം ഇട്ടെറിഞ്ഞു അയാൾ പോയി .

മക്കളായ അബ്ദുവിനെയും മൊയ്ദുവിനെയും വീട്ടിലാക്കിയാണ് രാവിലെ സുബൈദ സ്കൂളിലേക്ക് പോയത് . ഇനി ട്ടൈയ്യും കോട്ടും ഷൂസും ഒന്നും ഇടാത്ത സ്കൂളിലാണോ നമ്മൾ പോകേണ്ടത് എന്ന മൂന്നാം ക്ലാസ്സ്‌കാരൻ മൊയ്‌ദുവിന്റെ ചോദ്യം കേട്ട് അവളുടെ നെഞ്ചിൽ ഒരു പിടച്ചിലുണ്ടായി . അതും നല്ല സ്കൂൾ ആണെടാ എന്നും പറഞ്ഞു മൂത്തവൻ അബ്ദു ആശ്വസിപ്പിക്കുന്നത് കേട്ട് വിഷമവും തോന്നിയിരുന്നു. ഒക്കെ ആലോചിച്ചു നടന്നു ക്ഷീണം തോന്നിയപ്പോൾ അവിടെ കണ്ട കല്ലത്താണിയിലിരുന്നു അവൾ വീണ്ടും പഴയ ഓർമ്മകളിലേക്ക് പോയി .

“കയ്യിൽ കാശില്ലാതെ ഈ പത്രാസ്സല്ലാം കാട്ടി ആരെ കാണിക്കാനാ പഠിക്കണ്ട കുട്ട്യോള് എവ്ടെയായാലും പഠിക്കും . സാധാരണ ഉസ്കൂളിൽ ചേർത്താ പോരേ?” എന്നവൾ അന്ന് നിസ്സാർനോട്‌ പറഞ്ഞപ്പോൾ തന്റെ മക്കൾ ഇംഗ്ലീഷ് സ്ക്കൂളിൽ പഠിച്ചു നല്ല നിലയിൽ എത്തണം എന്നൊക്കെയുള്ള അയാൾടെ വീമ്പു പറച്ചിലും ഇപ്പോഴുള്ള അവരുടെ അവസ്ഥയും അവളോർത്തു .

ക്ഷീണം മാറിയപ്പോൾ ചെറിയ കുന്നിറങ്ങി ഇടവഴിയിലൂടെ ഉച്ചവെയിൽ മരച്ചില്ലകളിൽ തട്ടി നിലത്ത് മഞ്ഞക്കളം തീർത്തത് നോക്കി അവൾ അങ്ങനെ നടന്നു . തനിക്കെതിരെ വരുന്ന ചിലർ അവളെ നോക്കുന്നുണ്ടായിരുന്നു . ആൾക്കാർക്ക് സഹതാപമാണോ അതോ പരിഹാസമാണോ എന്നൊന്നും ഇപ്പൊൾ അറിയാനും പറ്റുന്നില്ല . എല്ലാവരും മുഖാവരണം ധരിച്ചത് ഒരുവകയ്ക്ക് ഈ അവസ്ഥയിൽ നല്ല ആശ്വാസവുമാണ് . അധികം ആരെയും കാണണ്ടല്ലോ. വെറുതെ ഓരോന്നും ചിന്തിച്ചു നടന്നപ്പോൾ വീട് എത്തിയിരുന്നു .

“ഉമ്മാ എങ്ങനിണ്ട് പുദ്യ സ്കൂൾ ?” ഇളയ മകൻ മൊയ്ദു ഓടി വന്നു ചോദിച്ചു .

“നല്ലതാ ന്റെ പൊന്നേ..!”

“ഉമ്മ എന്തെലും തിന്നാൻ വാങ്ങിട്ട്ണ്ടോ ?”

“ഇല്ലന്റെ പൊന്നുമോനെ. ”

“വിശക്കുന്നു ഉമ്മാ എന്തെങ്കിലും താ .. പൊറോട്ടയും ബീഫും കയ്ചിട്ടന്നെ എത്രയായി.” അങ്ങനെ പറയുന്ന കുഞ്ഞിന്റെ മുഖമൊന്നു അവൾ വല്ലാത്ത അവസ്ഥയിൽ നോക്കി നിന്നു . പണ്ട് വലിയ റെസ്റ്റോറന്റിൽ പോയി കഴിക്കുന്നതും അവനെയപ്പോൾ കഴിപ്പിക്കാൻ പെടുന്ന പാടും ഒക്കെ ആലോചിച്ചു . ഇന്നവൻ എന്തെങ്കിലും കഴിക്കാൻ ആഗ്രഹിക്കുന്നു .

“ന്റെ റബ്ബേ…! ” അവൾ വിളിച്ചു .

“പുറത്ത്ന്ന് ഉമ്മ കേറിയതല്ലേ ഉള്ളൂ മൊയ്തു ..ഉമ്മ കുളിച്ചിട്ട് വരട്ട്.” അബ്ദു അവനോട്‌ പറഞ്ഞു .

കുളി കഴിഞ്ഞു തല തുവർത്തിക്കൊണ്ട് വെറുതെ കണ്ണാടിയിൽ നോക്കിപ്പോയ തന്റെ മുഖം വളരെ ഇരുണ്ടതായി തോന്നി . ഈ ഒരുവർഷ കാലയളവിൽ അവളുടെ കോലം തന്നെ കെട്ടിരുന്നു . മനഃസുഖം ഒരു സ്ത്രീയുടെ ബാഹ്യസൗന്ദര്യവുമായി നല്ല ബന്ധം തീർക്കുന്നുണ്ടെന്ന് അവൾക്ക് ബോധ്യമായി . തലയിൽ തോർത്ത്‌ ചുറ്റിക്കെട്ടി അവൾ അടുക്കളയിലേക്ക് നടന്നു .

വാടകവീടായാലും അവിടെത്തെ പ്ലാവിലെ ചക്ക പറിക്കാനൊന്നും വീട്ടുടമ വരാറില്ല. അവസാനം ബാക്കിയായ ചക്ക കൊണ്ടുണ്ടാക്കിയ ചക്ക പുഴുക്ക് രണ്ട് പ്ലേറ്റിൽ വിളമ്പി .

“ഓഹ്…. എന്നും ചക്ക തന്നെ . മദ്യായി ഉമ്മാ” അബ്ദു കൂടി അത് പറഞ്ഞപ്പോൾ മറുപടിയായി നാളെ ഇതും ഇല്ലന്ന് പറയുമ്പോൾ അവളുടെ ഒച്ച നേർത്തിരുന്നു.

അന്ന് രാത്രിയിൽ മക്കളുടെ അടുത്ത് കിടന്നവൾ എണീറ്റു ഭാവി കാര്യത്തെ കുറിച്ച് ചിന്തിച്ചു . മക്കളെ പട്ടിണിക്കിടാൻ വയ്യാ . ഈ അവസ്ഥയിൽ എവിടെ ജോലി കിട്ടാനാണ് തന്നെപ്പോലുള്ള ഗതികേട്ടോൾക്ക് . പഠിപ്പുമില്ല ഒരു കുന്തവുമില്ല .അവൾ സ്വയം കുറ്റപ്പെടുത്തി . ആകെ അറിയാവുന്നത് അടുക്കളയിൽ ഒതുങ്ങി നിൽക്കാനാണ്. എന്നാൽ എന്തുകൊണ്ട് വല്ലതും ഉണ്ടാക്കി വിൽക്കാൻ ഇറങ്ങികൂടാ അവൾ അവളോട് തന്നെ ചോദിച്ചു .തലശ്ശേരിക്കാരിയായ താൻ ഉണ്ടാകുന്ന ബിരിയാണിയുടെ സ്വാദ് കണ്ട് നിസാർന്റെ ചങ്ങാതിമാർ പണ്ട് പറയാറുണ്ട് സുബൈദയെ കൊണ്ട് ബിരിയാണി ഉണ്ടാക്കിച്ചു ഹോട്ടൽ നടത്തിയാലോയെന്ന് . ആ ഇരുട്ടിൽ അവൾടെ മനസ്സിൽ പുതിയ വെളിച്ചം വീണത് പോലെ തോന്നി . അപ്പോൾ തന്നെ മുറിയിലെ ലൈറ്റിട്ടു നുള്ളിപ്പെറുക്കി കാശിട്ടു വെക്കാറുള്ള കുടുക്ക പൊട്ടിച്ചു എണ്ണി തിട്ടപ്പെടുത്തി .

പിറ്റേന്ന് രാവിലെ തന്നെ സുബൈദ കവലയിൽ പോയി ബിരിയാണി ഉണ്ടാക്കാനുള്ള സാധനങ്ങൾ വാങ്ങി വന്നു . അബ്ദുവിനും മൊയ്ദുവിനും സന്തോഷമായി .വെളുത്തുള്ളിയും ഉള്ളിയും തൊലികളഞ്ഞു അവർ ഉത്സാഹിച്ചു ഉമ്മയെ സഹായിച്ചു . അവൾ ഓരോന്നായി ഭംഗിയോടെ പാക്ക് ചെയ്തു വച്ചു . അബ്ദു അതെടുത്തു വലിയ പാത്രത്തിൽ ശ്രദ്ധയോടെ എണ്ണി വച്ചു .

“ഉമ്മാ മൊത്തത്തിൽ നാല്പത്തിരണ്ടെണ്ണം ഉണ്ട് . ”

“നീ ശരിക്കും എണ്ണിയോടാ ?”

“ആ ഉമ്മാ..!”

“രണ്ടെണ്ണം ഇവിടെ വച്ചോളിൻ.”

“വേണ്ട ഉമ്മാ..നമ്മക്ക് ബാക്കിയുണ്ടെങ്കി മാത്രം മതി.”

“വേണ്ട നിക്ക് വേണം..” അത് കേട്ട മൊയ്ദു ഉച്ചത്തിൽ പറഞ്ഞു .

“എന്നാ ഓന് വേണ്ടി ഒന്ന് മാറ്റി വെക്കാം .” എന്നും പറഞ്ഞു അബ്ദു ഒന്നെടുത്ത് മാറ്റിവച്ചു . “എന്നാ നമ്മക്ക് പോയാലോ ഉമ്മാ?” എന്നവൻ ചോദിച്ചു .

അവർക്ക് വഴികാട്ടിയായി ആദ്യം മൊയ്ദു നടന്നു .പിറകെ രണ്ട് കയ്യിലും പ്ലാസ്റ്റിക് സ്റ്റൂൾ എടുത്ത് കൊണ്ട് അബ്ദുവും പിന്നാലെ ബിരിയാണിയും കൊണ്ട് സുബൈദയും നടന്നു .

റോഡിരികിലായി അതൊക്കെ വച്ചു . വാഹനങ്ങളിൽ പോകുന്നവരെ നോക്കിക്കൊണ്ടവർ നിന്നു . അപ്പോൾ മൊയ്ദു ട്രൗസറിന്റെ പോക്കറ്റിൽ നിന്ന് ചുവപ്പ് ക്രയോൺ കൊണ്ട് ബിരിയാണി എന്നെഴുതിയ പേപ്പർ അബ്ദുവിന് നേരെ നീട്ടി. എങ്ങെനിണ്ട് എന്നർത്ഥത്തിൽ കണ്ണുകൊണ്ടാക്കി .അതിൽ ‘ബിരിയണി’ എന്നായിരുന്നു . അവൻ എഴുതിയത് .

“ബിരിയാണി എന്നെഴുതുമ്പോ, ‘യാ ‘ എന്ന് നീട്ടി എഴുതണ്ടേ ന്റെ മൊയ്ദു ….എന്നാലും നിന്റെ ഐഡിയ കൊള്ളാം ഗുഡ് ബോയ് .” അബ്ദു അവനെ നോക്കി പ്രശംസിച്ചു.

മുന്നിലെ കൊഴിഞ്ഞുപോയ പല്ല്കാട്ടി മൊയ്ദു ചിരിച്ചു . നാളെ നമുക്ക് വലിയ ബോർഡ് ആക്കാം എന്നും പറഞ്ഞവൻ ആ പേപ്പർ നിവർത്തി പിടിച്ചു റോഡിൽ നോക്കി നിന്നു .

എതിർവശത്തുള്ള പെട്രോൾ പമ്പിൽ വന്ന വണ്ടി അവർക്ക് മുന്നിലൂടെ പതിയെ പോയപ്പോൾ അബ്ദു പറഞ്ഞു . “ഉമ്മാ..ഉമ്മ കുറച്ചങ്ങോട്ട് മാറി നിന്നോ . നമ്മളെ രണ്ടാളെയും കണ്ടാൽ ആളുകൾ വെഷമം തോന്നി വാങ്ങും നോക്കിക്കോ …!”

അവന്റെ വർത്തമാനം കേട്ട് സുബൈദ നീറികൊണ്ട് പുഞ്ചിരിച്ചു കുറച്ച് മാറി നിന്നു .

ആളുകൾ വില ചോദിക്കുന്നു ..വാങ്ങുന്നു മൊയ്ദു അവരോടു വിസ്തരിച്ചു എന്തോ പറയുന്നുമുണ്ട് . അതൊക്കെ ദൂരെ നിന്ന് സുബൈദ കണ്ടു . താൻ അവിടെ നിന്ന് വിഷമിക്കുന്നത് കാണുന്നത് കൊണ്ടാവാം അബ്ദു അങ്ങനെ പറഞ്ഞത് . അവന് പത്തു വയസായില്ലേ കഴിഞ്ഞ കാലത്തെ ജീവിതം അവന്റെ മനസ്സിൽ കാണും . അവൾക്ക് തന്റെ മക്കളെയോർത്ത് അഭിമാനം തോന്നി .

ബിരിയാണി ഓരോന്നായി പെട്ടന്ന് തന്നെ തീർന്നു തുടങ്ങി .സമയം രണ്ട് മണി ആയപ്പോൾ അടുത്തുള്ള പെട്ടിക്കട നടത്തുന്ന ആൾ വന്നു അവസാനത്തേതും വാങ്ങിപ്പോയി . അന്ന് കിട്ടിയ കാശും പാത്രങ്ങളും പ്ലാസ്റ്റിക് സ്റ്റൂൾകളും ഒക്കെയായി അവർ വീട്ടിലേക്ക് നടന്നു . ഒരു ബിരിയാണി വീട്ടിൽ മൊയ്ദുവിന് വേണ്ടി മാറ്റി വച്ചത് നന്നായെന്ന് അവളോർത്തു . അവർ രണ്ട് പേരും അത് ആർത്തിയോടെ കഴിച്ചു .

കാശ് എണ്ണിനോക്കിയപ്പോൾ അന്ന് കിട്ടിയ ലാഭത്തെ കണ്ടവൾ ആശ്വസിച്ചു. അപ്പോഴാണ് ആരോ പുറത്ത് വന്നിട്ടുണ്ടെന്ന് അബ്ദു വന്നുപറഞ്ഞത് .

“ഇത്താ… ഞാൻ രാജേഷ് , ഒരു കിലോമീറ്റർ അപ്പറത്താ വീട് .”

സുബൈദ കാര്യമറിയാതെ അയാളെ നോക്കി.

“ഞാനിന്ന് നിങ്ങളുടെ ബിരിയാണി വാങ്ങിയിരുന്നു . സത്യം പറയാലോ അത്രക്കും…എന്താ പറയാ അപാര ടേസ്റ്റ് ..!”

മറുപടി ആയി അവൾ ചെറുതായി പുഞ്ചിരിച്ചു .

“എന്റെ മോൾടെ ബർത്ത്ഡേ ഈ വരുന്ന സൺ‌ഡേ ആണ് . ഒരു അമ്പത് ആൾടെ പരിപാടി ആണ് . ഓർഡർ തരട്ടെ ബിരിയാണിക്ക് ?” അയാൾ ചോദിച്ചു .

“ആ ഉണ്ടാക്കി തരാം . പക്ഷെ ഡെലിവറിയൊന്നും പറ്റില്ല.. കൊണ്ട് തരാൻ ആളില്ലാ അതാ ..” സുബൈദ പറഞ്ഞു .

“അത് കുഴപ്പമില്ല ഇത്ത , ഞാൻ വണ്ടി എടുത്തു വന്നോളാം.”

നന്നായെന്ന് ആശ്വസിച്ചവൾ തലയാട്ടി .

അയാൾ പോയപ്പോൾ അവൾ നാളെത്തെക്ക് വേണ്ടി സാധനങ്ങൾ വാങ്ങാനുള്ള ലിസ്റ്റ് എഴുതുകയായിരുന്നു . അപ്പഴാണ് നാലഞ്ചുപേര് അവിടേക്ക് വന്നത് . അമ്പരപ്പോടെ അവരെ നോക്കിക്കൊണ്ടവൾ എഴുന്നേറ്റു.

അതിലൊരാൾ പറഞ്ഞു : ” ഞങ്ങള് യുവജന ക്ലബ്ബിൽ നിന്നാ വരുന്നേ . ആദ്യം തന്നെ അഭിനന്ദനമറിയിക്കട്ടെ ഈ കുഞ്ഞുങ്ങളെ. ഇന്നത്തെ ഇവരുടെ ബിരിയാണി കച്ചോടം കണ്ട് . ”

സുബൈദയും മക്കളും ചിരിച്ചു .

അപ്പോൾ അയാൾ : ” നമ്മുടെ ക്ലബ്ബ്ന്റെ വക ബിരിയാണി ചലഞ്ച് നടത്തുന്നു ഈ മാസം ലാസ്റ്റ് . നിങ്ങളുടെ ഇന്നത്തെ ബിരിയാണിയെ പറ്റി നല്ല അഭിപ്രായം കേട്ടു .പിന്നെ ഈ കുഞ്ഞുങ്ങളെ കണ്ടപ്പോൾ..” എന്നും പറഞ്ഞു അയാൾ നിർത്തി .

വേറൊരാൾ പറഞ്ഞു “ആ ഓർഡർ ഒരു ഹോട്ടല്കാർക്ക് കൊടുത്തതാ. പിന്നെ നിങ്ങൾക്ക് തരാമെന്നു കരുതി . ആളുകളുടെ എണ്ണമൊക്ക പിന്നെ തരാം. ഡേറ്റ് ഫിക്സ് ആയില്ല അപ്പോൾ പറയാം.” സുബൈദ ആത്മവിശ്വാസത്തോടെ ആ ഓർഡർ ഏറ്റെടുത്തു .ഓക്കേ സിസ്റ്റർ എന്നും പറഞ്ഞവർ നടന്നു നീങ്ങി.

അടച്ചിരിപ്പ് കാലത്ത് സുബൈദയെ പൂട്ടിയിട്ട ആ ഇരുണ്ട ഒറ്റമുറിയുടെ വാതിൽ ആരോ തുറന്നിട്ടത് പോലെയും അവിടമാകെ പുതുവെളിച്ചം നിറയുന്നതായും അവൾക്ക് തോന്നി .

© വിനൂജ സുകേഷ്

Leave a Reply

Your email address will not be published. Required fields are marked *